2020 ജൂലൈ 20, തിങ്കളാഴ്‌ച

കോവളം ബീച്ച് **** ശംഖുമുഖം ബീച്ച്



കോവളം ബീച്ച്  ****     ശംഖുമുഖം ബീച്ച് 


കേരളത്തിന്റെ തലസ്ഥാനമാണ് തിരുവനന്തപുരം. അതുകൊണ്ട് തിരുവനന്തപുരത്തിന് ഒരൽപം ഗമ കൂടുതലുണ്ടെന്നു വെച്ചോളൂ. ഭരണ സിരാകേന്ദ്രത്തിന്റെ തിരക്കുകൾക്കിടയിലും സഞ്ചാരികളെ സംതൃപ്തിപ്പെടുത്തുവാൻ വേണ്ടതെല്ലാം ട്രിവാൻഡ്രം എന്ന് ചുരുക്കി വിളിക്കുന്ന ഈ തിരുവനന്തപുരത്ത് ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ബീച്ചുകൾ. വിദേശികൾ അടക്കമുള്ളവരെ ഇവിടേക്ക് ആകർഷിക്കുന്നതും ഈ ബീച്ചുകൾ തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകൾ ഏതൊക്കെയെന്നു നമുക്കൊന്നു നോക്കാം.
1) കോവളം ബീച്ച് : കേരളത്തിലെന്നല്ല ഇന്ത്യയിലെ മികച്ച ബീച്ചുകളുടെ ശ്രേണിയിൽപ്പെടുത്താം ഇവിടത്തെ കോവളം ബീച്ചിനെ. കടല്‍ത്തീരത്ത് പാറക്കെട്ടുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ അവയ്ക്കിടയില്‍ കടല്‍ സ്‌നാനത്തിന് പറ്റിയ വിധം മനോഹരമായ ഒരു ഉള്‍ക്കടല്‍ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു എന്നതാണ് കോവളം ബീച്ചിന്റെ പ്രത്യേകത. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട് കോവളം ബീച്ചിലേക്ക്. സൂര്യസ്‌നാനം, നീന്തല്‍, ആയുര്‍വേദ മസാജിങ്ങ് തുടങ്ങി വിദേശികൾക്ക് പ്രിയങ്കരമായ എല്ലാ പരിപാടികൾക്കുള്ള സൗകര്യവും ഇവിടെയുണ്ട്. ഒപ്പം ഗോവയിലും ലക്ഷദ്വീപിലുമൊക്കെ മാത്രം കണ്ടിരുന്ന സ്‌കൂബാ ഡൈവിംഗും കോവളത്ത് ലഭ്യമാണ്.
കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേര് . അത് ലോപിച്ച് കോവകുളമായും പിന്നീട് കോവളവുമായി മാറി എന്നാണു ചരിത്രത്തിൽ പറയുന്നത്. രാവിലെയെല്ലാം വളരെ അലസമായിരിക്കുന്ന കോവളം ബീച്ചും പരിസരവും ഉച്ചകഴിയുമ്പോൾ സടകുടഞ്ഞുണരുന്നു. പിന്നെ രാത്രി വൈകുവോളം ഇവിടെ മൊത്തത്തിൽ ഒരു ഉത്സവാന്തരീക്ഷമായിരിക്കും. കച്ചവടക്കാരൊക്കെ നല്ല കത്തി വിലയിലാണ് ഇവിടെ സാധനങ്ങൾ വിൽക്കുന്നത്. ടൂറിസ്റ്റു സീസൺ സമയത്താണെങ്കിൽ ഒട്ടും പറയുകയേ വേണ്ട. കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.
മൂന്നു വ്യത്യസ്‌ത തരത്തിലുള്ള ബീച്ചുകളാണ് കോവളത്ത് ഉള്ളത്. തെക്കേയറ്റത്ത് ലൈറ്റ് ഹൗസ് ബീച്ച്. 30 മീറ്ററോളം ഉയരമുള്ള ലൈറ്റ് ഹൗസ് ആണ് ഇവിടുത്തെ പ്രത്യേകത. ഈ ലൈറ്റ് ഹൗസ് നമ്മുടെ കറൻസിയിൽ വരെ ഇടം പിടിച്ചിട്ടുള്ളത് ചരിത്രം. ലൈറ്റ് ഹൗസ് ബീച്ച് കഴിഞ്ഞാണ് ഹൗവ്വാ ബീച്ച്. വിദേശീയര്‍ക്ക് ഏറെ പ്രിയങ്കരമായ ബീച്ചാണിത്. സണ്‍ ബാത്തിനെത്തുന്നവര്‍ക്കും(സൂര്യ സ്‌നാനം) കടലിൽ കുളിക്കുവാൻ എത്തുന്നവർക്കും ഏറ്റവും ഇഷ്‌ടം ഹൗവ്വാ ബീച്ചാണ്. മൂന്നാമതായി അശോക ബീച്ചാണ്. ഇവയെക്കൂടാതെ വിവിധ റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും സ്വകാര്യബീച്ചുകളും കോവളത്ത് ഉണ്ട്. ഈ ഹോട്ടലുകളിലെ താമസക്കാർക്ക് ഈ സ്വകാര്യ ബീച്ചുകളിൽ ഇറങ്ങുകയും ചെയ്യാം. ധാരാളം സഞ്ചാരികൾ വരുന്ന സ്ഥലമായതിനാൽ കോവളത്തും പരിസരപ്രദേശങ്ങളിലും പല തരത്തിലുള്ള ഹോട്ടലുകളും റിസോർട്ടുകളും സ്ഥിതി ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാൻറായ കിഴക്കേക്കോട്ട ബസ് സ്റ്റാൻറിൽ നിന്നും കോവളത്തേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.

കടപ്പാട് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ