2020 ജൂലൈ 5, ഞായറാഴ്‌ച

ബേക്കൽ കോട്ട






ബേക്കൽ കോട്ട






കേരളത്തിലെ കാസർഗോഡ്   ജില്ലയിലുള്ള  പള്ളിക്കര ഗ്രാമത്തിലാണ് ബേക്കൽ കോട്ട സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് ബേക്കൽ കോട്ട. കാസർഗോഡ് പട്ടണത്തിൽ നിന്നും 14 കി.മീ തെക്കായാണ് ബേക്കൽ സ്ഥിതിചെയ്യുന്നത്. തദ്ദേശീയനായകന്നഡ എഴുത്തുകാരനായ ബേക്കൽ രാമ നായക്കിന്റെ അഭിപ്രായത്തിൽ ബേക്കൽ എന്ന പദം ബല്യ കുളം (വലിയ കുളം) എന്ന പദം ലോപിച്ച് ഉണ്ടായതാണ്. ഈ പേര് ബേക്കുളം എന്നും പിന്നീട് ബേക്കൽ എന്നും രൂപാന്തരപ്പെട്ടു.

കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്.അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ  പണികഴിപ്പിച്ചതാണ്. ഈ  കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ് .ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. സമൂദ്രതീരത്ത് വൻ കോട്ടമതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.

കോട്ടയിൽ നിന്നുള്ള കടൽത്തീരത്തിന്റെ മനോഹരമായ ദൃശ്യവും നയനാനന്ദകരമായ പ്രകൃതി ദൃശ്യങ്ങളും അനേകം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ഇത് ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി ഇന്ന് മാറിയിരിക്കുന്നു.

ചരിത്രം

ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബദിനൂർ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്.1763-നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണപരിധിയിലായി.





കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമർശയോഗ്യമാണ്. 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാർഗ്ഗം, യുദ്ധോപകരണങ്ങൾ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു.





കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി  ടിപ്പു സുൽത്താൻ നിർമ്മിച്ച മുസ്ലിം പള്ളിയും കാണാം.  

ഈ ആരാധനയലങ്ങൾ   പ്രദേശത്തെ  ജനങ്ങളുടെ  ഐക്യത്തിന്റെയും മതസൌഹാർദ്ദത്തിന്റെയും ഉത്തമ ഉദാഹരണം കൂടി ആണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ