കാസർഗോഡ് ജില്ലയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ
കേരളത്തിനുള്ളിൽ ആണെങ്കിലും വടക്കേയറ്റത്തു കിടക്കുന്നതിനാൽ മിക്കയാളുകളും കാസർഗോഡ് ജില്ലയിൽ പോയിട്ടുണ്ടാകാൻ വഴിയില്ല. പിന്നെ അത് വഴി പോകുന്നത് കൊല്ലൂർ – മൂകാംബികയിലേക്കുള്ള തീര്തഥയാത്രയ്ക്കിടെയാണ്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു.
കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന കുസിരകൂട് എന്ന കന്നഡ വാക്കിൽനിന്നാണ് കാസറഗോഡ് എന്ന പേരു ലഭിച്ചതെന്നു കരുതുന്നു.മലയാളികളും അതിനു സമാനമായ കാഞ്ഞിരോട് എന്ന പേരിൽ കാസറഗോഡിനെ വിളിച്ചിരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാം. മറ്റു ജില്ലകളെപ്പോലെ കാസർഗോഡിനും ഉണ്ട് തങ്ങളുടേതായ സംസ്ക്കാരവും പ്രകൃതി ഭംഗിയുമൊക്കെ. ഇനി കാസർഗോഡ് ജില്ലയിൽ വന്നാൽ തീർച്ചയായും സഞ്ചാരപ്രിയർ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ ഏതൊക്കെയെന്നു നോക്കാം.
1) ബേക്കൽ കോട്ട : കാസർഗോഡ് ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഒരു പക്ഷെ നിങ്ങൾക്ക് അറിയാവുന്ന ഒരു സ്ഥലമായിരിക്കും ബേക്കൽ കോട്ട. ബോംബെ എന്ന സിനിമയിലെ ‘ഉയിരേ..ഉയിരേ..” എന്ന പ്രശസ്തമായ ഗാനരംഗം ഷൂട്ട് ചെയ്തത് ബേക്കൽ കോട്ടയിൽ വെച്ചാണ്. ഇപ്പോൾ ഓർമ്മ വരുന്നില്ലേ? കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട കാസർഗോഡ് നിന്നും ഏകദേശം എട്ടു കിലോമീറ്റർ ദൂരത്തായാണ് സ്ഥിതിചെയ്യുന്നത്. അറബിക്കടലിന്റെ തീരത്ത് ഏതാണ്ട് 30-40 ഏക്കര്‍ വിസ്തൃതിയില്‍ വൃത്താകാരത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള കോട്ട ഇന്നും പറയത്തക്ക ബലഹീനതകളൊന്നും കൂടാതെ ചരിത്രകുതുകികളെയും സഞ്ചാരികളെയും ആകര്‍ഷിച്ചു കൊണ്ട് തലഉയര്‍ത്തി നില്‍ക്കുകയാണ്.
300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ബേക്കല്‍കോട്ട കാലാതീതവും വളരെയേറെ ചരിത്ര പ്രാധാന്യവുമുള്ളതാണ്. ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. ബദിന്നൂര്‍ നായക്കന്മാരില്‍പെട്ട ശിവപ്പനായിക് ആണ് ഈ കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. സുൽത്താൻ ഹൈദരാലി പിന്നീട് ഈ കോട്ട പിടിച്ചെടുക്കുകയുണ്ടായി. അങ്ങനെ ഇത് ടിപ്പുസുല്‍ത്താന്റെ കാലത്ത് തുളുനാടിന്റേയും മലബാറിന്റേയും പ്രധാന ഭരണകേന്ദ്രമായി മാറുകയും ചെയ്തു. തെക്കുഭാഗത്തേക്കു തുറക്കുന്ന തുരങ്കം, യുദ്ധോപകരണങ്ങള്‍ സൂക്ഷിയ്‌ക്കാനുള്ള ആയുധശാല, നിരീക്ഷണ ഗോപുരത്തിലേക്കുള്ള വീതിയേറിയ നടപ്പാത എന്നീ അസാധാരണ കാഴ്‌ചകള്‍ ബേക്കല്‍കോട്ടയില്‍ കാണാം. കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്. ബേക്കൽ കോട്ടയിലെ കാഴ്ചകൾ കാണുവാൻ വരുന്നവർക്ക് ഇവിടെ അടുത്തുള്ള ബേക്കൽ ബീച്ച് പാർക്കിലും കൂടി കയറാവുന്നതാണ്. പത്തു രൂപയാണ് ഇവിടെ കയറുവാനുള്ള ഫീസ്. കുട്ടികളുമായി വരുന്നവർക്ക് ഈ പാർക്ക് വളരെ അനുഗ്രഹമായിരിക്കും.നല്ല വാഹന പാർക്കിംഗ് സൗകര്യമുള്ള ഇവിടെ രാവിലെ 7.30 മുതൽ വൈകുന്നേരം 7 മണിവരെ പ്രവേശനമുണ്ട്. കാസർഗോഡ് നഗരത്തിൽ നിന്നും ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ