2020 ജൂൺ 22, തിങ്കളാഴ്‌ച

ഇഷ” വെള്ളിയാങ്കിരി മലനിരകളുടെ മടിത്തട്ടില്‍


ഒരു യാത്ര 

 “ഇഷ” വെള്ളിയാങ്കിരി മലനിരകളുടെ മടിത്തട്ടില്‍

കൊയമ്പത്ത്തൂർ 

പതിവു ഫോണ്‍വിളിക്കിടയില്‍ ഒരുദിവസം ഞാന്‍ മക്കളോടു പറഞ്ഞു അടുത്ത തവണ കോയമ്പത്തൂരില്‍ വരുമ്പോള്‍ നമുക്കൊരിടംവരെ പോകണമെന്ന്. എവിടെയാണമ്മേ? ഉടനെ നിധി ചോദിച്ചു.  ശിഖയ്ക്ക് ജോബ് ഓഫര്‍ വന്ന സ്ഥലമില്ലെ, “ഇഷ”! അവിടെ. ഓ ഇഷയിലോ, നിധി സന്തോഷത്തോടെ ചോദിച്ചു.  ഞങ്ങളും വിചാരിച്ചിരിക്കയാണ് ഒരു ദിവസം അവിടെ പോകണമെന്ന്, എന്‍റെ കൂട്ടുകാരനും വളരെ നല്ല അഭിപ്രായമാണ് ഇഷയേപ്പറ്റി പറഞ്ഞത്.  കുറച്ചു ദൂരെയായിപ്പോയി അല്ലെങ്കില്‍ ശിഖയ്ക്ക് വന്ന ഓഫര്‍ സ്വീകരിക്കമായിരുന്നു, അവന്‍റെ വാക്കുകളില്‍ നിരാശ നിഴലിച്ചിരുന്നതായി എനിക്കു തോന്നി.  അമ്മ ഒന്നു വരൂ, നമുക്കെവിടെ വേണമെങ്കിലും പോകാം, അവന്‍ പറഞ്ഞു നിര്‍ത്തി.  ശിഖ എന്‍റെ മകളും നിധി (നിധീഷ്)  അവളുടെ ഭര്‍ത്താവുമാണ്, നിധി ഐ‌ടി പ്രൊഫെഷനല്‍ ആണ്, കോയമ്പത്തൂരിലാണ് ജോലി.  നിധി എനിക്കു മകളുടെ ഭര്‍ത്താവ് മാത്രമല്ല എന്‍റെ മകനും കൂടിയാണ്.  വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കോയമ്പത്തൂരില്‍ വെച്ചു എനിക്കുനഷ്ട്ടപ്പെട്ട നിധി”, ഇന്നെനിക്ക് മകളുടെ ഭര്‍ത്താവിന്റെ രൂപത്തില്‍ ദൈവം  തിരിച്ചേല്‍പ്പിച്ചിരിക്കുന്നു......വിധിയുടെ വിളയാട്ടം എന്നല്ലാതെ മറ്റെന്ത് പറയാന്‍. അന്നെനിക്ക് തരാതെ പോയ കുരുന്നിനെ ഇന്ന് വളര്‍ത്തി വലുതാക്കി തന്നിരിക്കുന്നു സര്‍വശക്തന്‍................ഞാനെന്ത് പുണ്യം ചെയ്തിട്ടായിരിക്കും? അറിയില്ലെനിക്ക്.  എന്റെ ഭാഗ്യത്തിലെനിക്കൊരുനിമിഷം അഭിമാനം തോന്നി.

യാത്ര എനിക്കേറെയിഷ്ടമാണ്, വായനയില്‍ യാത്രാവിവരണവും.  One of my most respectful friend പറഞ്ഞിട്ടാണ് ഞാന്‍ “ഇഷ”യെക്കുറിച്ചറിയുന്നത്.  അദ്ദേഹം അവിടുത്തെ സ്ഥിരം സന്ദര്‍ശകനാണ്. അഞ്ചു ദിവസത്തെ തുടര്‍ച്ചയായ അവധി വീണു കിട്ടിയപ്പോള്‍ ഞാന്‍ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു.  ഭര്‍ത്താവിന് വരാന്‍ പറ്റിയില്ല, ഒറ്റയ്ക്കായിരുന്നു യാത്ര.  മക്കളോടൊപ്പം താമസിക്കുക, ഒരു ദിവസം ഇഷയില്‍ പോകുക ഇത്രയുമായിരുന്നു മനസ്സില്‍.  ഇന്‍റര്‍സിറ്റിയിലെ ജനാലക്കരികിലെ സീറ്റിലിരുന്നു പതിവുപോലെ പ്രകൃതിയിലേക്ക് കണ്ണും നട്ട് ഞാനെന്‍റെ സ്വപ്നലോകത്തിലേക്ക് പോയി.  എന്നും അങ്ങിനെയാണ്, ഏതെങ്കിലും ഒരു സ്ഥലം കാണണമെന്ന് തോന്നിയാല്‍ ആ സ്ഥലത്തെക്കുറിച്ച് സ്വന്തമായി ഒരു രേഖാചിത്രം ഞാനെന്‍റെ മനസ്സില്‍ കൊണ്ടുനടക്കും.  ചിലപ്പോള്‍ എന്‍റെ മനസ്സിലെ ചിത്രവുമായി ആ സ്ഥലത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ല, മറ്റുചിലപ്പോള്‍ ഏറെ സാമ്യവും കാണും.  ചിന്തകളില്‍ രൂപങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും വന്നുപോയപ്പോള്‍ സ്റ്റേഷനില്‍ എത്തിയത് അറിഞ്ഞതെയില്ല.  മോന്‍ വണ്ടിയുംകൊണ്ടു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഫ്ലാറ്റിലെത്തി അല്‍പസമയത്തിനകം മോളും എത്തി, അവള്‍ അടുത്തുതന്നെയുള്ള ക്ലിനിക്കിലാണ് പ്രാക്ടീസ് ചെയ്യുന്നത്.  ഞാന്‍ പോയതിന്റെ സന്തോഷം രണ്ടുപേരുടെയും മുഖത്ത് കാണാനുണ്ടായിരുന്നു.  ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഞങ്ങള്‍ പിറ്റേദിവസത്തെ ഇഷയിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്തു.  അതുകഴിഞ്ഞു ഞാന്‍ ഡോ. കീര്‍ത്തനയെ വിളിച്ചു.  എന്‍റെ ഓഫ്ഫീസിലെ  Ph.D. Scientist ആണ്, അടുത്തിടെയാണ് ജോയിന്‍ ചെയ്തത്, വീട് കോയമ്പത്തൂരിലാണ്.  നല്ലൊരു കുട്ടി, ശിഖയുടെ അതേ പ്രായം, പക്വതയാര്‍ന്ന പെരുമാറ്റം.  കുറെ കാര്യങ്ങളില്‍ ശിഖയോട് സാമ്യതയുണ്ട്, അതുകൊണ്ടാണോയെന്നറിയില്ല എനിക്കവളോട് അല്പ്പം കൂടുതല്‍ സ്നേഹം തോന്നിയത്.  ഹലോ ആന്‍റി,  how are you, reached in time? അങ്ങേതലക്കല്‍ കീര്‍ത്തന.  ഓഫ്ഫീസില്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ചു മാത്രമേ അവളെന്നെ മാഡം എന്നു വിളിക്കാറുള്ളൂ, അല്ലാത്തപ്പോഴൊക്കെ വളരെ സ്നേഹത്തോടെ ആന്‍റി എന്നാണ് വിളിക്കുക.  അവള്‍ പറഞ്ഞിരുന്നു പറ്റുമെങ്കില്‍ “ഇഷ”യില്‍ പോകുമ്പോള്‍ കൂടെ വരാമെന്ന്.  ഞാനവോളോട് പിറ്റെദിവസത്തെ യാത്രയെക്കുറിച്ച് പറഞ്ഞു.  Sorry aunty, Appa is not doing well, sooo sorry. അവള്‍ വിഷമത്തോടെ പറഞ്ഞു. ഓ കെ, നോ പ്രോബ്ലം ഞങ്ങള്‍ പോയിട്ട് വരാം, പറ്റുമെങ്കില്‍ തിരിച്ചുവരുമ്പോള്‍ കീര്‍ത്തനയുടെ വീട്ടില്‍ കയറാമെന്നും ഞാനവള്‍ക്ക് വാക്ക് കൊടുത്തു.  Good night പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.  അപ്പോഴേക്കും മോള്‍ എന്റെ ബെഡ് റെഡിയാക്കിയിരുന്നു.  മണിക്കൂറുകള്‍ ഇരുന്നു യാത്ര ചെയ്തതു കൊണ്ടുള്ള ക്ഷീണം കൊണ്ടാകാം കിടന്നതെ ഓര്‍മയുള്ളൂ, ഉറക്കത്തിലേക്ക് ഞാന്‍ വഴുതി വീണു.

എഴുന്നേല്‍ക്കാന്‍ അല്പ്പം താമസിച്ചതുകൊണ്ടു ഞങ്ങള്‍ തയ്യാറായി വന്നപ്പോഴേക്കും പത്തു മണി കഴിഞ്ഞിരുന്നു, അപ്പോള്‍ തന്നെ പുറപ്പെട്ടു.  നഗരത്തിന്റെ വീര്‍പ്പുമുട്ടിക്കുന്ന തിരക്കില്‍നിന്നു ഗ്രാമത്തിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞപ്പോള്‍ മഴ പെയ്തൊഴിഞ്ഞ പ്രതീതി.  റോഡിനിരുവശത്തും നിറയെ പൂത്തുനില്‍ക്കുന്ന പേരറിയാത്ത ചെടികള്‍.  നമ്മുടെ കേരളത്തില്‍ ആവ്ശ്യത്തിന് വെള്ളവും വളവും കൊടുത്താലും ഇതിന്റെ പകുതിപ്പോലും പൂക്കള്‍ ഉണ്ടാവാറില്ല, മണിന്റെ ഫലഫൂയിഷ്ടത കൊണ്ടാവാം അവിടെ ഇത്രയധികം പൂകളുണ്ടാകാന്‍ കാരണം.  വളഞ്ഞുപുളഞ്ഞു പൊകുന്ന  റോഡില്‍കൂടിയുള്ള യാത്രയില്‍ അല്പ്പം അസ്വസ്ഥത തോന്നതിരുന്നില്ല, എങ്കിലും ഇടയ്ക്കിടെയുള്ള നിറയെ കായ്ച്ചുനില്‍ക്കുന്ന തെങ്ങിന്റെയും, കവുങ്ങിന്റെയും തോട്ടങ്ങള്‍ കണ്ണിന് കുളിര്‍മനല്‍കിക്കൊണ്ടിരുന്നു. ഇതുവെച്ചു നോക്കുമ്പോള്‍ നമ്മുടെ നാട്ടിലെ തോട്ടങ്ങളൊന്നും ഒന്നുമല്ല.  ട്രഫ്ഫിക്കില്ല, ആള്‍ക്കൂട്ടമില്ല, ചുറ്റും മലനിരകള്‍ നിരന്നു നില്‍ക്കുന്നത് കാണാറായി.  ശാന്തസുന്ദരമായ സ്ഥലം, “ഇഷ” എത്താറായിയെന്ന് വഴിയരികിലെ ബോര്‍ഡുകള്‍ സൂചിപ്പിച്ചുകൊണ്ടിരുന്നു.  വെള്ളിയാങ്കിരി മലനിരകളുടെ താഴ്വരത്തിലേക്കാന് വണ്ടി പൊയ്ക്കൊണ്ടിരിക്കുന്നത്.  പ്രകൃതി സ്വന്തമായി വെട്ടിയൊരുക്കിയ മനോഹരമായ നീണ്ട കമാനം കടന്ന് ഞങ്ങള്‍ വലിയൊരു മതില്‍ക്കെട്ടിന് മുന്നിലെത്തി, വളരെ വ്യത്യസ്തമായൊരു   മതില്‍ക്കെട്ട്. നീളത്തിലും, വീതിയിലും മുറിച്ചെടുത്ത വലിയ കല്ലുകള്‍ ഒന്നിന് മുകളില്‍ ഒന്നായി ചരിച്ചുവെച്ച് പ്രകൃതിക്കനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ച ഒരു കന്‍മതില്‍.  മതിലിനു എതിര്‍വശത്തായി വിശാലമായ പാര്‍ക്കിങ് സൌകര്യവും, വ്യത്യസ്ത രെജിസ്ട്രേഷനിലുള്ള എണ്ണമറ്റ വണ്ടികളും കണ്ടപ്പോള്‍ തന്നെ മനസ്സിലായി അവിടുത്തെ സന്ദര്‍ശകരുടെ ബാഹുല്യം എത്രയാണെന്ന്.  കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ പ്രവേശനകവാടത്തിനരികിലേക്ക് നടന്നു.  ഒട്ടും അലങ്കാരങ്ങളില്ലാത്ത പ്രവേശനകവാടം കടന്നുചെല്ലുന്നത് ഇന്‍ഫര്‍മേഷന്‍ കൌണ്ടറിലേക്ക് ആണ്, അതിന്റെയടുത്തായി ആശ്രമത്തിലെ സന്ദര്‍ശന സ്ഥലങ്ങള്‍ വ്യക്തമാക്കുന്ന വലിയൊരു ലേ ഔട്ട് മാപ്പ് തലയുയര്‍ത്തിനില്‍ക്കുന്നു.  അതിശയിപ്പിക്കുന്ന രീതിയിലുള്ള ഒരു കവുങ്ങിന്‍തോട്ടത്തിനരികിലൂടെ നടന്നു ഞങ്ങള്‍ ഒരു പന്തലിനരികിലെത്തി.  അവിടെ പല സ്ഥലങ്ങളിലായി ബാഗുകള്‍ കൂട്ടിവച്ചിരിക്കുന്നു.  ഞങ്ങള്‍ക്ക് മുന്നിലായി പോയവര്‍ ഓരോ ബാഗെടുക്കുന്നു, കാലിലെ ചപ്പലുകള്‍ ഊരി അതിലിടുന്നു, കൌണ്ടറില്‍ ഏല്‍പ്പിക്കുന്നു.  നിരനിരയായി പാദുകങ്ങളും വഹിച്ചുകൊണ്ടുള്ള ബാഗുകള്‍ ടോക്കണ്‍ സഹിതം തൂങ്ങിക്കിടക്കുന്നത് കാണാന്‍ നല്ല രസം!!! ഞങ്ങളും കൌണ്ടറിലെത്തി പാദരക്ഷകളടങ്ങിയ ബാഗ് കൊടുത്തു.  ക്യാമറ, മൊബൈല്‍ ഇവയുണ്ടെങ്ങില്‍ അതും ഇവിടെ ഏല്‍പ്പികണം, കൌണ്ടറിലെ പെണ്കുട്ടി തമിഴില്‍ പേശി. അതുകേട്ടതും എനിക്കു വളരെയധികം നിരാശ തോന്നി.  കാരണം വളരെ ആകാംഷയോടെയാണ് ഞാനവിടെ എത്തിയിരിക്കുന്നത്, മൊബൈലില്‍ എല്ലാം പകര്‍ത്താമെന്ന വ്യാമോഹം അതോടെ അസ്തമിച്ചു.  എല്ലാം മനസ്സില്‍ സോഫ്ട് കോപ്പിയായി സൂക്ഷിക്കാനേ കഴിയൂ എന്നു മനസ്സിലായി.  പകുതി മനസ്സോടെ മൂന്നുപേരുടെയും മൊബൈല്‍ ഫോണുകള്‍ കൌണ്ടറില്‍ ഏല്‍പ്പിച്ചു പകരം ഒരു ടോക്കണ്‍ കിട്ടി.

ലേ ഔട്ട് മാപ്പില്‍ കണ്ട പ്രകാരം ഞങ്ങള്‍ മുന്നോട്ട് നടന്നു.  ഒരുവശത്ത് കുറെ ചവിട്ടുപടികള്‍ മുകളിലേക്കു കയറാനയുണ്ട്, അതോടൊപ്പം വലതുഭാഗത്തായി വിഃശാലമായ ഹാള്‍, കുറച്ചുപേര്‍ അവിടെയിരുന്നു ടി വി കാണുന്നു.  ആശ്രമത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ടി വി യില്‍ കാണിക്കുന്നത്.  ഹാളിന്റെ ഒരരികിലായി നവരാത്രിമണ്ഡപം ഒരുക്കിയിരിക്കുന്നു.  അവിടെ നില്‍ക്കുമ്പോള്‍ വശ്യമനോഹരമായ ഒരു ശബ്ദം നമ്മളെ വല്ലാതെ ആകര്‍ഷിക്കും.  അതായത് ഒരു കാട്ടുചോലയിലൂടെ ഒഴുകിവരുന്ന വെള്ളം വലിയൊരു കല്ലില്‍ തട്ടി താഴേക്കു പതിക്കുന്ന മനോഹരമായ ശബ്ദം.  ആ ശബ്ദം കേള്‍ക്കുന്നിടത്തേക്ക് നമ്മളറിയാതെ തന്നെ നമ്മുടെ പാദങ്ങള്‍ നമ്മളെ കൊണ്ടുപോയിരിക്കും. കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാഴ്ച! വലിയൊരു തീര്‍ഥക്കുളം, “സൂര്യകുണ്ഡ്”.  ജലത്തില്‍ നിമഗ്നമായി ശിവലിഗങ്ങള്‍!!! ശിവലിഗങ്ങളെ വലംവെച്ചു നീന്തുന്ന ഭക്തര്‍! എത്രയോഅടി ഉയരത്തില്‍നിന്ന് കല്‍ക്കെട്ടിനിടയില്‍കൂടി തീര്‍ഥക്കുളത്തിലേക്ക് പതിക്കുന്ന തെളിനീര്‍, അത് ഏറ്റുവാങ്ങാനായി ഭക്തര്‍ താഴെ!   അവാച്യമായോരനുഭൂതി.......ഒരുനിമിഷം ഞാന്‍ ഋഷികേശിലെയും, ഹരിദ്വാറിലെയും ഗംഗയെക്കുറിച്ചോര്‍ത്തു, അവിടെ മുങ്ങിനിവര്‍ന്നതോര്‍ത്തു......ഒരു വ്യത്യാസം മാത്രം, ഇവിടെ ഗംഗ ഒഴുകുന്നില്ല, ശിവലിഗം വിട്ടുപോകാന്‍ മനസ്സില്ലാത്തതുപോലെ ഗംഗ അവയ്ക്കു ചുറ്റും തളംകെട്ടിക്കിടക്കുന്നു, അതാണ് സത്യം.... ഏറെനേരം അവിടെ നില്‍ക്കുന്നത് അനുവദനീയമല്ല, ഞങ്ങള്‍ പടവുകളിറങ്ങി, വെള്ളത്തിന്റെ തൊട്ട് മുകളിലത്തെ പടവിലായി പ്രതിഷ്ടിച്ചിരിക്കുന്ന നാഗദേവതയെ തൊഴുതു പടികള്‍ തിരുച്ചുകയറി.  തൊട്ടുമുന്നില്‍ അതായത് ഹാളിന് എതിര്‍വശത്തായി വിശാലമായ മൈതാനം അതിന്റെയറ്റത്തു ഭീമാകാരമായ ഒരു ശില, “ആദിയോഗി ശില”.  പ്രപഞ്ചൊല്‍പത്തിയുടെ നിഗൂഡതകള്‍ മുഴുവനും ആ സാലഭഞ്ജികയില്‍ ഒളിഞ്ഞിരിക്കുന്നതായി എനിക്കു തോന്നി.  പുറകോട്ടു നടന്നു തുടക്കത്തില്‍ കണ്ട പടവുകള്‍ കയറി ഞങ്ങള്‍ മുകളിലോട്ടു പോയി.  അവിടെ വിശാലമായൊരു സ്റ്റേജ് പോലെ തോന്നിച്ചു.  കരകൌശല വസ്തുക്കള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നു. അതൊക്കെ നോക്കികണ്ട് ഞങ്ങള്‍ മുന്നോട്ട് നടന്നു.  വീണ്ടും പടവുകള്‍ ഇറങ്ങി എത്തിയത് ഒരു അക്വാറിയത്തിന്  മുന്നിലാണ്, പ്രകൃതിയൊരുക്കിയ സുന്ദരമായൊരു അക്വാറിയം! ഒരുപാട് സ്വര്‍ണമല്‍സ്യങ്ങളും നിറയെ ചെടികളും കൊണ്ട് സമ്പുഷ്ടമാണ് അത്. ഇവിടുത്തെ ഓരോ നിര്‍മിതിയും പ്രകൃതിയോട് ഏറ്റവും ഇണങ്ങിയാണ് ചെയ്തിരിക്കുന്നത്.  അക്വാറിയം മുറിച്ചുകടക്കാനുള്ള പാലത്തില്‍ കൂടി നടന്നു, “നന്ദി”യെ ദര്‍ശിച്ച് ഞങ്ങള്‍ നേരെ ലിങ്കഭൈരവി” ദേവിസന്നിധിയിലേക്ക് നീങ്ങി.  ലിങ്കഭൈരവിയെന്നാല്‍ ദിവ്യമായ സ്ത്രൈണതയുടെ ചൈതന്യവത്തായ ആവിഷ്കാരമത്രേ!!!

ദേവിസന്നിധിയെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരുപാട് കാര്യങ്ങളുണ്ട്, അതില്‍നിന്നെല്ലാം വ്യറ്റ്യസ്ഥമായി “ഈഷ”യില്‍ ശിവാലിങ്കത്തില്‍ ദേവിരൂപം ദര്‍ശിക്കാന്‍ കഴിയുന്നു. ദേവിസന്നിധിയിലേക്ക് പ്രവേശിക്കുന്നതുതന്നെ സാഷ്ടാങ്ഗം പ്രണമിക്കുന്ന ഒരു ശിലയെ വലംവെച്ചുകൊണ്ടാണ്.  കരിങ്കല്‍ കെട്ടിനകത്തേക്കുള്ള പ്രവേശന കവാടത്തില്‍  ചുവപ്പ് നൂലുകളാല്‍ കവചിതമായ വലിയൊരു തൃശൂലം കാണാം.  അഭീഷ്ടകാര്യ സിദ്ധിക്കായി ഭക്തര്‍ സമര്‍പ്പിക്കുന്നതായിരിക്കും ആ ചുവപ്പ് നൂലുകള്‍.  ചുറ്റും നോക്കുന്നതിനിടയില്‍ ഒരു നിമിഷം എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയാത്തതുപോലെ തോന്നി.  അതായത് ഗുഹയെന്ന് തോന്നിക്കുന്ന ആ ഗര്‍ഭഗൃഹത്തിന്റെ മുകള്‍വശം മുഴുവന്‍ പൊന്‍നിറത്തിലുള്ള നെല്‍ക്കതിരുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.  വിളഞ്ഞു പാകമായ ഒരു നെല്‍പ്പാടം തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്നതുപോലെ, ആ അല്‍ഭുത കാഴ്ചയില്‍ മതിമറന്നു ഒരുനിമിഷം ഞാനവിടെ നിന്നുപോയി!! ആ സമയംകൊണ്ടു മോളും, മോനും എനിക്കു മുന്നില്‍ കടന്നുപോയത് ഞാന്‍ അറിഞ്ഞതെയില്ല.  കല്‍പ്പടവുകള്‍ ഇറങ്ങിവേണം ദേവിദര്‍ശനം നടത്താന്‍.  പത്തുപേരോളം വരുന്ന സങ്ഘമായിട്ടാണ് കടത്തിവിടുന്നത്.  എന്റെ ഊഴമായപ്പോള്‍ എന്നോടവിടെ താഴത്തെ പടവില്‍ ഇരിക്കാന്‍ പറഞ്ഞു.  ശബ്ദം അംഗവിക്ഷേപത്തിന് വഴിമാറുന്ന കാഴ്ച ആശ്രമത്തില്‍ എല്ലായിടത്തും കാണാം.  സ്വാഗതം ആശംസിക്കലും, ആനയിക്കലും എല്ലാം അംഗവിക്ഷേപത്തിലൂടെ മാത്രം, ഏറെ ഹൃദ്യവും, ദിവ്യവുമായി തോന്നി, എങ്ങും ശാന്തത മാത്രം.  സേവകരെന്നു തോന്നിപ്പിക്കുന്ന കുറെ ആള്‍ക്കാരാണ് ഇവിടെ എല്ലാം നിയന്ത്രിക്കുന്നതെന്ന് തോന്നുന്നു.  അവരിലൊരാളാണ് എന്നോടു ഇരിക്കാന്‍ പറഞ്ഞത്.  നിമിഷങ്ങള്‍ക്കകം എനിക്കു പിന്നില്‍ ആളുകള്‍ നിറഞ്ഞുകഴിഞ്ഞു.  താമസിയാതെ ദേവിദര്ശനം പ്രാപ്തമായി, ദേവിയെ പ്രണമിച്ചു, ഒപ്പം ഭ്രമ്ഹാണ്ട ശക്തിയെയും.  തിരിച്ചു പടവുകള്‍ കയറുമ്പോള്‍ ഞാന്‍ കുട്ടികളെ അന്വേഷിച്ചു.  ആ സന്നിധിയില്‍ അല്പനേരം ചിലവ്ഴിക്കാന്‍ എന്റെ മനസ്സ് കൊതിച്ചു.  എന്റെ മനസ്സ് വയിച്ചിട്ടെന്നപോലെ കുട്ടികള്‍ അവിടെ ഇരുന്നുകഴിഞ്ഞിരുന്നു.  മോള്‍ വന്ന് അവര്‍ ഇരുന്ന സ്ഥലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.  കുറച്ചു സമയം ഞാന്‍ ധ്യാനനിമഗ്നയാവാന്‍ ശ്രമിച്ചു, അതില്‍ ഞാന്‍ എത്രമാത്രം വിജയിച്ചു എന്നെനിക്കറിയില്ല, കാരണം കണ്ണുകള്‍ ഇറുകെയടച്ചിട്ടും ഞാന്‍ അറിയാതെ എന്റെ മിഴികള്‍ ലിങ്കഭൈരവി ദേവിയെ ദര്‍ശിച്ചുകൊണ്ടേയിരുന്നു.  അല്‍പസമയത്തിന് ശേഷം ഞങ്ങള്‍ ദേവി സന്നിധിയില്‍ നിന്നു പുറത്തേക്കിറങ്ങി.

പുറത്തു പ്രസാദം ലഭ്യമായിരുന്നു.  ഒരു കപ്പ് പായസം കുടിച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ ഊര്‍ജം ലഭിച്ചതുപോലെ തോന്നി.  ഓംകാര്‍ ഇനിഷിയേഷന്‍ ഹാളും കടന്നു ഞങ്ങള്‍ വീണ്ടും മുന്നോട്ട് നടന്നു, വീണ്ടും ചെക്കിങ്.  ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ലായിരുന്നു, കാലില്‍ കൊലുസ്സ് ഉണ്ടോയെന്ന് ചോദിച്ചു, കാണിച്ചപ്പോള്‍ ഓ കെ എന്നു പറഞ്ഞു പോകാന്‍ അനുവദിച്ചു.  ശബ്ദം ഉണ്ടാക്കുന്നതൊന്നും ശരീരത്തില്‍ ഉണ്ടാകാന്‍ പാടില്ല.

ഏറ്റവും ദിവ്യവും, ഉദാത്തവുമായ സ്ഥലത്തേക്കാന് പിന്നീട് ഞങ്ങള്‍ നടന്നത്.  “ധ്യാനലിങ്ക” ദര്‍ശനത്തിനായി ഞങ്ങള്‍ വീണ്ടും ചെറിയ പടികള്‍ കയറി. സേവകര്‍ ഞങ്ങളെ സ്വീകരിച്ച് ഇടതുഭാഗത്തുള്ള നീളന്‍ വരാന്തയില്‍ ഇരുത്തി.  വലിയൊരു ജനക്കൂട്ടം അവിടെ ഇരിക്കുന്നുണ്ടായിരുന്നു.  അല്പ സമയത്തിനകം അകത്തുണ്ടായിരുന്ന ജനക്കൂട്ടം വരിവരിയായി പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങി.  മറുവശത്തുകൂടി ഞങ്ങളെ അകത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് സേവകര്‍ വഴികാട്ടിയായി.  “പതിനഞ്ചു മിനുട്ടാണ് അകത്തു അനുവദിച്ചിരിക്കുന്ന ധ്യാന സമയം, അതുകഴിയുമ്പോള്‍ മണി മുഴങ്ങും, കൂടുതല്‍ സമയം ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടെതന്നെയിരിക്കാം”, ഈ വിവരങള്‍ അടങ്ങിയ പ്ലക്കാര്‍ഡ് പിടിച്ച് ഒരു സേവകന്‍ പ്രധാന കവാടത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു. വലിയൊരു ഗോപുരം ഒറ്റ കല്ലില്‍ തീര്‍ത്തതുപോലെയുണ്ട്.  അകത്തേക്ക് കടക്കുമ്പോള്‍ തന്നെ ഏഴു പടികള്‍ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന കൂറ്റന്‍ ശിവലിംഗത്തെ അതായത് ധ്യാനലിംഗത്തെ ദര്‍ശിക്കാന്‍ കഴിയും.  അകത്തു കയറി, ചുറ്റും നെയ്ത്തിരിയിട്ട കെടാവിളക്കുകളുടെ നേരിയ വെളിച്ചം മാത്രം. എല്ലാവരും ധ്യാനലിംഗത്തിന് ചുറ്റുമായി ധ്യാനനിമഗ്നരായി, ആരും ആരെയും നിയന്ത്രിക്കുന്നില്ല, വഴി കാട്ടാനായി മാത്രം സേവകര്‍.  ഞാനും ആള്‍ക്കൂട്ടത്തില്‍ ഒരാളായി.  കണ്ണുകളടച്ച് മനസ്സില്‍ ഓംകാരം ഉരുവിട്ടപ്പോള്‍ ഞാന്‍ മറ്റേതോ ലോകത്ത്ആണെന്ന് തോന്നിപ്പോയി.  പിന്‍ ഡ്രോപ് സൈലന്‍സ്......ആ ഗര്‍ഭഗൃഹത്തിനകത്ത് ഒരു ഭ്രൂണത്തിന്റെ സുരക്ഷിതത്വം എനിക്കു അരുഭവപ്പെട്ടു.  ഇതുവരെ തോന്നാത്ത വിധത്തിലുള്ള ഒരു പ്രത്യേക സന്തോഷം മനസ്സില്‍ നുരയിടുന്നതായി തോന്നി, ആനന്ദത്തിന്റെ അങ്ങേയറ്റം, പറഞ്ഞറിയിക്കാന്‍ എനിക്കു വാക്കുകളില്ല..............അപ്പോഴേക്കും ചെറിയ ശബ്ദത്തില്‍ മണി കിലുങ്ങി.  പതിനഞ്ചു മിനുട്ട് വെറും പതിനഞ്ചു നിമിഷമായി കുറഞ്ഞതുപോലെ എനിക്കു തോന്നി.  ധ്യാനലിംഗത്തെ വലംവെച്ച് സാഷ്ടാങ്കംപ്രണമിച്ച് ഞാനെന്‍റെ അഹങ്കാരത്തെയും, തിന്‍മകളെയും ആ സന്നിധിയില്‍ ഉപേക്ഷിക്കാനൊരു ശ്രമം നടത്തി അവിടുന്നു തിരിച്ചിറങ്ങി.

പിന്നെ ഞങ്ങള്‍ നേരെ പോയത് ഒരു ബുക്ക് സ്റ്റാളിലേക്കായിരുന്നു. അവിടുന്നു സദ്ഗുരുവിനെക്കുറിച്ചുള്ള ഒന്നുരണ്ട് പുസ്തകങ്ങള്‍ വാങ്ങി.  തൊട്ടടുത്തായുള്ള റെഫ്രെഷ്മെന്‍റ് ഹാളില്‍ കയറി ലഘുഭക്ഷണം കഴിച്ചു, കൂടെ ജൂസും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ രുചി നാവില്‍നിന്നും വിട്ടുമാറാന്‍ കൂട്ടാക്കുന്നില്ല.  ആശ്രമത്തില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത, പ്രകൃതിയെ ഒട്ടും നോവിക്കാതെയാണ് അവിടുത്തെ ഓരോ നിര്‍മിതിയും എന്നതാണു. ചെടികള്‍ക്കും മരങ്ങള്ക്കും വേണ്ടി നിര്‍മിതിയുടെ ഷേപ്പ് തന്നെ ചിലയിടത്ത് മാറ്റിയിരിക്കുന്നു.  റെഫ്രെഷ്മെന്‍റ് ഹാളിലെ വാഷ്ബെസിന് പോലും ആ പ്രത്യേകത കാണാം. എല്ലാം പ്രകൃതിമയം, ശരിക്കും എക്കോ-ഫ്രെണ്ട് ലി.  ഇത്തരമൊരു നിര്‍മാണത്തിന് രൂപം കൊടുത്ത ആര്കിടെക്ടിനോട് അതിയായ ബഹുമാനവും അതിലേറെ ആദരവും തോന്നി.  പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല എന്ന നഗ്ന സത്യം ഉള്‍ക്കൊണ്ട്കൊണ്ടാണ് ആശ്രമത്തിലെ ഓരോ നിര്‍മിതിയും.  കത്തിയെരിയുന്ന സൂര്യ രശ്മിക്കുപോലും തണുപ്പ് തോന്നിക്കുന്ന വിധത്തില്‍ പ്രകൃതി സൌഹൃദം കൊണ്ട് അനുഗ്രഹീതമാണ് “ഇഷ”.  ശാന്തതയും ദൈവീകതയും ലയിച്ചു ചേര്‍ന്ന ആ അന്തരീക്ഷത്തില്‍ അല്പനേരം കൂടി ഞങ്ങള്‍ അതിഥികളായി. ഒരുപാട് കാര്യങ്ങള്‍ അവിടെ ഇനിയും കാണാനുണ്ട്, പക്ഷെ സമയക്കുറവ് കാരണം ഞങ്ങള്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

ഗുരുവിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ചോ കൂടുതലൊന്നും അറിയില്ലെങ്ങിലും “ഇഷ” സ്ഥാപിക്കാനുണ്ടായ അദ്ദേഹത്തിന്റെ മഹത്തായ ദീര്‍ഘവീക്ഷണത്തെ കുറിച്ചോര്‍ത്തപ്പോള്‍ മനസുകൊണ്ടാഗുരുവിനെ നമസ്കരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. “ഇഷ” എന്നാല്‍ “ഭരിക്കപ്പെടുന്നത്” എന്നാണത്രേ!!! അങ്ങിനെയാണെങ്കില്‍ അറിവുകൊണ്ടും, നന്മകള്‍ കൊണ്ടും, സന്തോഷം കൊണ്ടും എല്ലാവരും ഭരിക്കപ്പെടട്ടെ എന്നു മനസ്സില്‍ പ്രാര്‍ഥിച്ചു.  അറിവ് നേടാന്‍ ഗുരുവിനെ അറിയണം, ഗുരുവിനെ അറിയണമെങ്കിലും അറിവ് കൂടിയേ തീരൂ....... ഗുരുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജനിച്ചുവീണത് മുതല്‍ സാവധാനം മരിച്ചുകൊണ്ടിരിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ശരിയാണ്, അറിവെന്ന ഗുരുവിനെ തമസ്കരിച്ചു കൊണ്ട് മറ്റെന്തിനോക്കെയോവേണ്ടി മല്‍സരിക്കുകയാണ് എല്ലാവരും.  ആ മല്‍സരത്തെയല്ലേ നമ്മള്‍ ജീവിതമെന്നു വിളിക്കുന്നത്??? ചിന്തകള്‍ കാട് കയറുന്നതിന് മുമ്പായി മോള്‍ എന്നെ തൊട്ടുവിളിചു, മമ്മീ നമുക്ക് പോകാം, ശരി മോളു, ഞാന്‍ എഴുന്നേറ്റു.

വെള്ളിയാങ്കിരി മലനിരകളുടെ മടിത്തട്ടില്‍ ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്ക്കളങ്കതയോടെ മയങ്ങുന്ന സദ്ഗുരുവിന്‍റെ ആശ്രമത്തെ ഒരിക്കല്‍ കൂടി തിരിഞ്ഞുനോക്കി ഞങ്ങള്‍ “ഇഷ”യോട് തല്‍ക്കാലത്തേക്ക് വിട പറഞ്ഞു, ഇനിയും വരണമെന്ന ആഗ്രഹത്തോടെ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ