2020 ജൂൺ 14, ഞായറാഴ്‌ച

കാരിക്കോട്ടമ്മതൊടുപുഴ കാരിക്കോട് ഭഗവതി


കാരിക്കോട്ടമ്മ തൊടുപുഴ കാരിക്കോട് ഭഗവതി 

ഗീതാദാസ് തടത്തിൽ

വളരെ ചെറുപ്പത്തിലാണ്.എനിക്കന്ന് നാലോ അഞ്ചോ വയസ്സുണ്ടാകും. അമ്മ എന്നെയും കൂട്ടി അതിരാവിലെ ക്ഷേത്ര ദർശനത്തിന് പുറപ്പെട്ടു.തൊടുപുഴ കാരിക്കോട് ഭഗവതി ക്ഷേത്രത്തിലേയ്ക്കാണ് യാത്ര. ഭദ്രകാളിയാണ് അവിടുത്തെ  പ്രതിഷ്ഠ. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട, അതിലുപരിയായി കേരള  ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. ഭക്തജനങ്ങളുടെ പ്രിയപ്പെട്ട കാരിക്കോട്ടമ്മയാണ് ഈ ദേവി പ്രതിഷ്ഠ.

ക്ഷേത്രത്തിലെത്തിയപ്പോൾ ഭക്തി പരവശയായി പ്രാർത്ഥിച്ചു നില്ക്കുന്ന അമ്മയുടെ കൈ വിടുവിച്ച് ഞാനോടി. അമ്പലമായാലും പള്ളിയായാലും കുഞ്ഞുങ്ങൾക്കെന്ത് ഭക്തി. നിഷ്കളങ്കമായ, സ്വാഭാവികമായ അതിലുപരിയായി ദൈവസന്നിധിയിൽ ഭയമില്ലാതെ സ്വാതന്ത്ര്യത്തോടെയുള്ള പെരുമാറ്റമാണ് കുഞ്ഞുങ്ങളുടെ ആരാധനയും ഭക്തിയും.  
അമ്മയുടെ കൈ വിടുവിച്ച് ഓടിയ ഞാൻ ചുറ്റമ്പലത്തിലൂടെ കളിച്ചു നടന്നു. അപ്പോഴാണ് ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾക്കിടയിൽ കൊത്തിവെച്ച ഭദ്രകാളി രൂപം ഞാൻ കണ്ടത്. നാക്കൊക്കെ പുറത്തേക്ക് നീട്ടി തീഷ്ണമായ നോട്ടവുമായി നില്ക്കുന്ന ആ രൂപം കണ്ടപ്പോൾ എനിക്ക് ഭയമൊന്നും തോന്നിയില്ല. പകരം കൗതുകം തോന്നി. ആ നീട്ടിയ നാവിലായിരുന്നു എന്റെ ശ്രദ്ധ. 
ഞാൻ എത്തി വലിഞ്ഞ് ആ നാവിൽ പിടിച്ചു വലിച്ചു. എത്ര ശ്രമിച്ചിട്ടും അത് പുറത്തേക്ക് വന്നില്ല. മടുത്തപ്പോൾ എന്റെ ശ്രദ്ധ അമ്പലം മുറ്റത്ത് നാലു കാലും മടക്കി ഗാംഭീര്യത്തോടെ തലയുയർത്തി കിടക്കുന്ന കാളയുടെ രൂപത്തിലായി. നാവ് ഉപേക്ഷിച്ച് ഓടി  ചെന്ന്  ആ കാളപ്പുറത്ത് കയറിയിരുന്ന് രണ്ട് കൊമ്പിലും പിടിച്ച് വണ്ടി കളിക്കാൻ തുടങ്ങി. കാളപ്പുറത്ത് ഇരുന്ന് കളിക്കാൻ നല്ല രസം.
 തൊഴുതിറങ്ങി വന്ന അമ്മ കണ്ടത്  പരമശിവന്റെ വാഹനമായ നന്തിയുടെ പുറത്തിരുന്ന് വണ്ടിയോടിച്ചു കളിക്കുന്ന എന്നെയാണ്. 
“അയ്യോ കുഞ്ഞേ എന്തായീ കാട്ടണേ…. മഹാപാപം, ദോഷം… എന്റെ ദേവി ക്ഷമിക്കണേ.. .” എന്ന് പറഞ്ഞ് എന്നെ നന്തിയുടെ പുറത്ത് നിന്നും വലിച്ചു പൊക്കി. അമ്മയുടെ മുഖത്തെ ഭയവും പരിഭ്രമവും ദേഷ്യവും കണ്ടപ്പോൾ ചുട്ട അടി തന്നെ ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അടി വീഴുന്നതിന് മുമ്പ് കീഴ് ശാന്തിയായിരുന്ന ഒരു നല്ല മനുഷ്യൻ തടഞ്ഞു. അദ്ദേഹം എന്നെ ശ്രദ്ധിച്ചിരുന്നു
” അരുത്…കുഞ്ഞല്ലേ അമ്മയുടെ തിരുമുറ്റത്ത് വച്ച്  തല്ലരുത്.. അമ്മയ്ക്ക് ഇഷ്ടപ്പെടില്ല….” 
പാർവ്വതി ദേവിയുടെ മറ്റൊരു രൂപമായ ഭദ്രകാളിയുടെ കോപാഗ്നിയിൽ ഈരേഴു ലോകവും നശിക്കുമെന്നായപ്പോൾ പരമശിവൻ കുഞ്ഞായി വന്ന് വിതുമ്പി കരഞ്ഞ് ദേവിയിലെ മാതൃത്വമുണർത്തി ശാന്തമാക്കി . തന്റെ മൂലരൂപമായ പാർവ്വത നന്ദിനിയിലേയ്ക്ക്  ദേവി തിരിച്ചു മടങ്ങി. ആ കഥ പറഞ്ഞു കൊടുത്ത് കുഞ്ഞിനെ കരയിക്കരുതെന്നും കുട്ടികുറുമ്പ് ദേവിക്ക് ഇഷ്ടമാണെന്നും അദ്ദേഹം അമ്മയോട് പറഞ്ഞു. ഭദ്രകാളിയെ ശാന്തമാക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് പരമശിവൻ ഒരു കുഞ്ഞായി മാറി ദേവിയെ ശാന്തമാക്കിയത്. അതാണ് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയുടെ മഹത്വം. 

 ഞാൻ വളർന്നു. കുടുംബമായി കുട്ടികളായി. ഇന്നും  കാരിക്കോട്ടമ്മയുടെ  മുന്നിലൂടെ കടന്ന് പോകുമ്പോഴെല്ലാം അന്നത്തെ കുസൃതി ഞാനോർക്കും. ആ കുസൃതി നിറഞ്ഞ ഓർമ്മയിലാവാം എന്തോ ഒരു ആത്മബന്ധം എനിക്ക് കാരിക്കോട്ടമ്മയോട് തോന്നാറുണ്ട്.
അതിനാൽ ഈ ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ച്  അല്പം പങ്ക് വയ്ക്കാൻ ഞാനിഷ്ടപ്പെടുന്നു. 
ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിനു സമീപം കാരിക്കോട് സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് കാരിക്കോട് ഭഗവതി ക്ഷേത്രം.പ്രധാന പ്രതിഷ്ഠ ഭദ്രകാളിയായ കാരിക്കോട്ടമ്മ. കൂലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ ഭരണസൗകര്യത്തിനായി പല പ്രവിശ്യകളായി വിഭചിച്ചിരുന്നു. വേണാട്, ഓടനാട്, നൻവുഴൈനാട്, മുഞ്ഞുനാട്, വെമ്പൊലിനാട്, കീഴ്മലൈനാട്, എന്നിങ്ങനെയാണു അവ. ഇതിൽ കീഴ്മലൈനാടിൽ ഉൾപെടുന്ന പ്രദേശമാണു തൊടുപുഴ. എ. ഡി 1600 വരെ കീഴ്മലൈനാട് നിലവിലുണ്ടായിരുന്നു. എ. ഡി1600 ൽ വടക്കുംകൂർ യുദ്ധത്തിൽ കീഴ്മലൈനാട് പരാജയപെടുകയും വടക്കുംകൂറിൽ ലയിക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു വടക്കുംകൂർ.  ആ  കാലത്ത് തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത് വടക്കുംകൂർദേശം എന്നായിരുന്നു. തിരുവീത൦കൂറിന്റെ ഭാഗം തന്നെയായിരുന്നു അന്ന് വടക്കുംകൂർ. കീഴ്മലൈ നാടിന്റെ ആസ്ഥാനം കാരിക്കോട് ആയിരുന്നു.
വടക്കുംകൂറിന്റെ ഭാഗമായ കീഴ്മലൈ രാജാവിന്റെ കൊട്ടാരത്തിലെ ഉപസനാമൂർത്തി ആയ ഭഗവതിക്കും മഹാദേവനും രണ്ടു ക്ഷേത്രങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടെ രാജാവ് കാരിക്കോട് മഹാദേവനും,അല്പം മാറി തൊടുപുഴയാറിന് സമീപം ഭഗവതിക്കും രണ്ട് ക്ഷേത്രങ്ങൾ നിർമ്മിക്കുകയുണ്ടായി.ക്ഷേത്രനിർമ്മാണം പൂർത്തിയായ സമയത്തു മഹാദേവൻ രാജാവിന് സ്വപ്നദർശനം നൽകുകയും പരശുരാമനാൽ പ്രതിഷ്ഠിതമായ ഒരു ശിവലിംഗം കാഞ്ഞിരമറ്റത്തിന്‌ സമീപം കിടക്കുന്നതായി അരുൾ ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവലിംഗം ലഭിക്കുകയും കാഞ്ഞിരമറ്റത്ത് ഭഗവതിക്ക് നിർമിച്ച ക്ഷേത്രത്തിൽ കണ്ടെത്തിയ ശിവലിംഗം  പ്രതിഷ്ഠിച്ചു. മഹാദേവന് വേണ്ടി, കാരിക്കോട് നിർമ്മിച്ച ക്ഷേത്രത്തിൽ ദേവിയേയും കുടിയിരുത്തി. .അങ്ങനെ കാരിക്കോട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠിതമായി. 
ഈ ചരിത്രത്തിനു ഉപോത്ബലമായി ചില ദൃഷ്ടാന്തങ്ങൾ ഇപ്പോഴും കാണാവുന്നതാണ്.കാരിക്കോട് ഭഗവതി ക്ഷേത്രത്തിനു മുൻപിൽ സ്ഥിതി ചെയ്യുന്ന നന്തി വിഗ്രഹവും,നൂറ്റെട്ടു ശിവാലയങ്ങളുടെ പട്ടികയിൽ കാരിക്കോട് മഹാദേവൻ എന്ന പ്രയോഗവും ഇതിനു തെളിവാണ്.കുംഭമാസത്തിലെ ഭരണി ക്ഷേത്രത്തിൽ ഉത്സവമായി കൊണ്ടാടി വരുന്നു.ചുറ്റമ്പലത്തോട് കൂടിയ ക്ഷേത്രത്തിനു പുറകിൽ കുളം സ്ഥിതി ചെയ്യുന്നു.ആറടിയോളം ഉയരമുള്ള ദാരു വിഗ്രഹത്തിൽ ഭദ്രകാളി ഭാവത്തിൽ കാരിക്കോട്ടമ്മ സ്ഥിതി ചെയ്യുന്നു.ശിവൻ,ഘണ്ടാകർണൻ,ഗണപതി, ദുർഗാ എന്നിവർ ഉപദേവതമാരാണ്.പുരാവസ്തു വകുപ്പിന് കീഴിലുള്ള ആയിരത്തി എണ്ണൂറോളം വര്ഷം പഴക്കം ഉള്ള അണ്ണാമലനാഥർ ക്ഷേത്രം ഈ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് ക്ഷേത്ര ഭരണം.
(അവലംബം:  ഇന്റർനെറ്റും തൊടുപുഴയുടെ ചരിത്രപുസ്തകം )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ