2021, ഒക്‌ടോബർ 10, ഞായറാഴ്‌ച

പാടം എന്ന കൊച്ചു ഗ്രാമം പത്തനംതിട്ട ജില്ല,സുന്ദര ഗ്രാമം

 

കോന്നി വനമേഖലയോട് അതിർത്തി പങ്കിടുന്ന സുന്ദര ഗ്രാമം. ഗ്രാമത്തിലെ ആരുമറിയാത്ത സ്വപ്ന കാഴ്ചകൾ

  പാടം എന്ന കൊച്ചു ഗ്രാമം

പാടം,   പത്തനംതിട്ട ജില്ല.

=========================


             പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടയും ചുറ്റി അടിവാരം തീര്‍ത്തിരിക്കുന്ന കൊല്ലം,പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് പാടം എന്ന കൊച്ചു ഗ്രാമം.പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അധികമാരും എത്തിപ്പെടാത്ത, സുന്ദര ഇടമാണ്. വന വശ്യത ആസ്വദിച്ചു യാത്ര ചെയ്യാൻ  കിഴക്കേ വെള്ളം തെറ്റിയും, സംരക്ഷിത മുളം തോട്ടങ്ങളാൽ മനോഹരമായ ഇരുട്ടുതറയും, അധികം ദൂരത്തല്ലാതെ റബ്ബർ മരങ്ങൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന വെള്ളച്ചാട്ടങ്ങളും,കോട്ട എന്നറിയപ്പെടുന്ന മലകളും. പിന്നെ സ്നേഹ സമ്പന്നരായ ജനങ്ങളും..........

ഒരു പതിറ്റാണ്ടിനപ്പുറം കണ്ട് മറന്ന വൻ മരങ്ങൾ ആകാശം മറച്ച പാതയാണ് മനസ്സിൽ.മൺ പാതയിലൂടെ തടി കയറ്റി ഓടി വരുന്ന ലോറികൾ മനോഹര കാഴ്ച്ചയായിരുന്നു.ലോറികൾക്ക്  ഇടം നൽകി വണ്ടണി കോട്ട ഓടി മറയുന്ന കെ.എസ്.ആർ.ടി.സി.ബസ്.മലയിറങ്ങി പാടം എത്തുമ്പോഴേക്കും വരുത്തരായ യാത്രക്കാർ ഒരുവിധം ശ ർദ്ധിച്ചിരിക്കും.

സ്ഥലത്തെ പ്രധാന കവലയായ കൊച്ചുതോട് നിന്ന് തെക്കോട്ട് പോയാല്‍ പാടം ഫോറസ്റ്റ് ചെക്ക് പോസറ്റ് കാണാം.റോഡിനു മറുവശം കൊല്ലം ജില്ലയിലായി  യുക്കാലിയും മാഞ്ചിയവും ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് വളർത്തുന്നുണ്ട്.തെക്ക് ഭാഗത്തായി പാതയിൽ തണലൊരുക്കി AVT യുടെ റബ്ബർ മരങ്ങൾ......

പാടത്തിന്റെ_ചരിത്ര_പുസ്തകം തുറക്കുമ്പോൾ...........................

 ചെങ്കോട്ട മുതല്‍ ഇടുക്കിവരെ നീളുന്ന വൻ മരങ്ങള്‍ ഇടതിങ്ങിയ വനമേഖല.ഗിരിവര്‍ഗ്ഗക്കാര്‍ കാട്ടില്‍നിന്നും തേനും നെല്ലിക്കയും ശേഖരിച്ച് ജീവിച്ചിരുന്ന കാലഘട്ടമാണ് പാടത്തിന്റെ ചരിത്ര പുസ്തകം തുറക്കുമ്പോള്‍ ദൃശ്യമാകുന്നത്.

അയ്യപ്പന്റെ പിന്മുറക്കാര്‍ എന്നറിയപ്പെടുന്ന കാടരായിരുന്നു താമസക്കാര്‍.യൂക്കാലി കോര്‍പ്പറേഷന്റെ കടന്ന് വരവും തടിവെട്ടുമായി ഋതുക്കള്‍ പിന്നെയും മുന്നോട്ട് നീങ്ങി.പച്ചപ്പുടുത്ത   നെല്‍പാടങ്ങള്‍ നിറഞ്ഞു കൂടെ പച്ചക്കറി കൃഷിയും ഒപ്പം വന്യ മൃഗങ്ങളുമായി മല്ലിട്ട് അവര്‍ ജീവിച്ചു.ഏകദേശം 100 വര്‍ഷമുമ്പ് എ.വി.ടി റബ്ബര്‍ എസ്റ്റേറ്റിന്റെ കടന്ന് വരവോട് കുടി രാജഗിരി മുതല്‍ കൂടൽ വരെ റബ്ബര്‍ മരങ്ങള്‍ തലപ്പൊക്കി.

കാലം കടന്ന് പോയി. നെല്‍ പാടങ്ങളുടെ പച്ചപ്പ് പേരില്‍ മാത്രം അവശേഷിപ്പിച്ച് പാടങ്ങള്‍ അപ്രത്യക്ഷമായി.ജനങ്ങൾ ജോലി സാദ്ധ്യതകൾക്കായി വിദേശ രാജ്യങ്ങളെ  ആശ്രയിക്കാൻ തുടങ്ങിയതും 

പാടം തെളിയാന്‍ തുടങ്ങി. പുല്ലിനും പച്ച മണ്‍കട്ടക്കും പണിതിരുന്ന വീടുകളുടെ സ്ഥാനത്ത് ആധുനിക ഭവനങ്ങള്‍ ഉയര്‍ന്നു.കൊച്ചു തോട്ടിലെ ഖനി അത്ത അമ്മാവന്റെ പെട്ടികടയുടെ സമീപത്തായി  കൂടുതൽ കടകള്‍ ഉയർന്ന് വന്നു.കോട്ടകളെ കുറി വെച്ച കോറി മുതലാളിമാര്‍ പാടത്തെ സമ്പന്നമാക്കി.പക്ഷെ നന്മയുള്ള പാടത്തുകാർ പാടം എന്ന പേര് അവരുടെ ഹൃദയത്തിൽ പോറി ഇട്ടിരുന്നു.......

പാടത്തിനു ചുറ്റും തെളിയുന്ന വിനോദ സഞ്ചാര കാഴ്ചകൾ വെള്ളച്ചാട്ടങ്ങൾ 

ആനയും, കാട്ടുപോത്തും, മ്ലാവും, പന്നിയും മയിലും വിളയാടുന്ന കാട്. സമീപത്തായുള്ള ചെറിയ ഗ്രാമം.നാടിന്റെ ജീവ നാടിയായി നാട്ടുകാരുടെ നെഞ്ചില്‍ ഇടം പിടിച്ച  വെള്ളചാട്ടങ്ങളുടെ ഇടം കൂടിയാണ് ഇവിടം .കോന്നി വനാന്തരങ്ങളിലൂടെ ഒഴുകി അച്ചന്‍ കോവിലാറ്റില്‍ ഒരുമിക്കുന്നവയാണ് ഇവ.പുറത്തുനിന്ന് അധികം സഞ്ചരികൾ  എത്താത വെള്ളച്ചാട്ടങ്ങള്‍ .

എരപ്പാംച്ചാല_വെള്ളച്ചാട്ടം

-------------------------------------------..

  ടൗ ണില്‍ നിന്ന് പടിഞ്ഞാറ് മാന്‍കോഡ് വഴി വലത്ത് രാജഗിരിയിലേക്ക് സഞ്ചരിച്ചാല്‍ എരപ്പാംഞ്ചാല്‍ വെള്ളച്ചാട്ടത്തിൽ എത്താം.അങ്ങനെയങ്ങ് കാണാനൊന്നും പറ്റില്ല കേട്ടോ.ഉയരത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ  വെട്ടിയ കൊച്ച് പടികൾ താണ്ടി,ചെരിഞ്ഞ  ഇറക്കം ഇറങ്ങി തുടങ്ങുമ്പോഴേ ഇരമ്പല്‍ കേൾക്കാം. വളര്‍ന്ന് കിടക്കുന്ന മരചില്ലകളെ വകഞ് മാറ്റി നോക്കിയാല്‍ കരിമ്പാറകള്‍ക്ക് മുകളിലൂടെ കളകളാരവം തീര്‍ത്ത് ഒഴുകി ഇറങ്ങുന്ന വെള്ളച്ചാട്ടം കാണാം.

ദിശതെറ്റി സന്ദര്‍ഷകനെ വാരി ക്കുഴിയില്‍ വീഴ്ത്താനായി ചിതറി കിടക്കുന്ന വഴുക്കല്‍ മൂടിയ പാറകള്‍ക്കിടയിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അഭിമുഖമായി അല്‍പ്പനേരം നിന്ന് കാഴ്ച്ച ആസ്വ ദിച്ചു.വേനല്‍ ചൂടിനെ വാക്കുകളില്‍ മാത്രമാക്കി നാടിനെ തണുപ്പിച്ച്കൊണ്ട് ഒഴുകുന്നു എരപ്പാംച്ചാല്‍ വെള്ളച്ചാട്ടം.വെള്ളം നാട്ടിലെ പ്രഗല്‍ഭരായ കുട്ടികൂട്ടം അടിച്ച് പറത്തുന്നുണ്ട് .കാണുന്നവനെ കുളിക്കാന്‍ പ്രേരിപ്പിക്കുന്ന അതിമനമോഹര കാഴ്ച.കുട്ടികുറുമ്പന്‍മാരുടെ വെള്ളച്ചാട്ടത്തിലെ മലക്കം മറിച്ചിലില്‍ സന്തോഷം അലയടിച്ചുയർന്നു.കാഴ്ചയുടെ ആവേശം  ഒഴുക്കിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രചോദനമായി.

വള്ളി പടര്‍പ്പുകള്‍ക്കിടയിലൂടെ മുകളിലേക്ക് വലിഞ്ഞു  കയറി.ഉറവിടം അനന്ത തയില്‍ ഒളിപ്പിച്ചു;കാട്-വന്യം വശ്യം

ഒരക്കുഴി_വെള്ളച്ചാട്ടം

--------------------

എ.വി.തോംസണിന്റെ റബ്ബര്‍ എസ്റ്റേറ്റ്, പഴക്കം ചെന്ന ലയങ്ങളും കോട്ടേഴ്സ്സ്‌കളും.റോഡുകള്‍പോലും എസ്റ്റേറ്റിനു ഉള്ളിലൂടെ കടന്ന് പോകുന്നു.എരപ്പാംച്ചാല്‍ വെള്ളച്ചാട്ടം കണ്ട അന്താളിപ്പ് മാറാതെ നിന്ന ഞങ്ങളെ നാട്ട്കാർ   പുതിയൊരു പാതയിലേക്ക് നയിച്ചു.അധികം ആര്‍ക്കും പ്രവേശനമില്ലാത്ത റബ്ബര്‍ എസ്റ്റേറ്റിനകത്തുകൂടെ മുന്നോട്ട്‌.

ഓഫ് റോഡ് എന്ന പ്രയോഗം ഇവിടെ അപ്രാപ്യമാണ് തോട്ടത്തിനിടയിലൂടെ ചെറിയ നടവഴി മാത്രം.ജീവനും കയ്യില്‍ പിടിച്ച്  ലക്ഷ്യം മുന്നോട്ട് നയിച്ചു.രണ്ട് കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയതിന്‌ ശേഷം ചെറിയ പാറ കഷണങ്ങളില്‍ അള്ളിപിടിച്ച് വെള്ളചാട്ടത്തിലേക്ക് ഇറങ്ങി.

വെള്ളച്ചട്ടത്തിന്റെ മുകളിലേക്കാണ് നടന്ന് ഇറങ്ങുന്നത്.തട്ട്തട്ടായി പരന്ന് ഒഴുകിയിറങ്ങുന്ന ജലധാര.ഓരോ തട്ടിലും ആസ്യദിച്ച് കുളിക്കാന്‍ തക്കവണ്ണം വിസ്ത്രിത മാണ്.രണ്ട് തട്ടായുള്ള വെള്ളച്ചാട്ടത്തിൽ താഴ തട്ടില്‍ തണുപ്പ് ആസ്യദിച്ച് നീന്തികുളിക്കാം.ഇരപ്പാംചാല്‍ വെള്ളച്ചാട്ടത്തില്‍നിന്നും ചാല് കീറി കിലോമീറ്ററുകള്‍ ഒഴുകിയാണ് ഒരക്കുഴി വെള്ളച്ചാട്ടം രൂപമെടുക്കുന്നത്.

പാറമടക്കിന് കീഴെ അരയോളം മുങ്ങിയ വെള്ളച്ചാട്ടത്തിൽ നിന്ന് മുകളിലേക്ക് നോക്കി.റബ്ബര്‍ മരങ്ങള്‍ ഒന്നും തന്നെയില്ല.പിന്നിലുള്ള പാറമടക്കിലൂടെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ചെറിയ അരുവിയായി രൂപാന്തരപ്പെട്ട് ഒഴുകി അകലുന്നു വെള്ളച്ചാട്ടം.വെളളച്ചാട്ടത്തിലെ ചെറിയ ഗുഹകളില്‍ കയറിയും, മുകളില്‍ നിന്ന് തലകുത്തി മറിഞും, വഴുക്കലിലൂടെ ഒഴുകി വെള്ളച്ചാട്ടത്തിലേക്ക് പതിച്ചും, കിട്ടിയ നിമിഷ ങ്ങൾ  ആസ്വ 

ദിക്കുന്നു കേട്ടറിഞ് വന്ന സഞ്ചാരികള്‍.................

പത്തായകുഴി_വെള്ളച്ചാട്ടം

------------------------------------------

   പാടം ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും അനുമതി വാങ്ങി ഉള്ളിലേക്ക് പോയാൽ വർഷങ്ങൾക്ക് മുമ്പ് പൊതു വഴിയായി ഉപയോഗിച്ചിരുന്ന ഒരു പാത കാണാം.ആ വഴിയേ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞാൽ സ്വകാര്യ വ്യക്തിയുടെ കൃഷി ഇടമാണ്.വള്ളി പകർപ്പുകൾ വകഞ്ഞു മാറ്റി പറമ്പിലൂടെ വലിഞ്ഞു കയറിയാൽ പത്തായ കുഴി വെള്ളച്ചാട്ടമായി. താരതമ്യേന ചെറുത് എന്ന് തോന്നിപ്പിക്കുന്ന ഈ വെള്ളച്ചാട്ടമാണ് നാട്ടിലെ യൂത്തന്മാരുടെ കുളി സ്ഥലവും രഹസ്യ കേന്ദ്രവും .വഴുക്കൻ പാറയുടെ മുകളിലൂടെ വലിഞ്ഞു കയറി മിടുക്കന്മാർ വെള്ള ചാട്ടത്തിന്റെ അരികിലുള്ള പത്തായ കുഴിയിലേക്ക് ഒറ്റ ചാട്ടമാണ്.ചൂട് സമയത്ത് യുവാക്കൾക്കിടയിൽ അതൊരു മത്സര ഇനമാണ്.

വണ്ടണികോട്ടയും_പൂമലകോട്ടയും

------------------------------------------------------

        വണ്ടണികോട്ടയുടെ മുകളില്‍നിന്ന് പാടത്തേക്ക് നോക്കണം... യൂക്കാലിപ്സു  മരങ്ങള്‍ തണലൊരുക്കിയ പാതകള്‍ നിരനിരയായി വളര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍.പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടക്കും മധ്യേ വെയിലേറ്റ് വാടാതെ സുന്ദരമായ പാടം.പാടത്തിന് കോട്ട തീര്‍ത്ത് അവ തല ഉയര്‍ത്തി നില്‍ക്കുന്നു.

രാവിലെ സൂര്യ ഉദയത്തിന് മുമ്പേ  എണീക്കണം കിഴക്ക് മാങ്കോട് ഭഗത്തേക്ക് പോയാല്‍ കണ്ണെത്താ ഉയരത്തില്‍ വണ്ടണികോട്ട.റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ കയറ്റം കയറി മുപ്പത് മിനിറ്റോളം നടന്നാല്‍ വണ്ടണി മല മുകളിലെത്താം.ചെറിയ പാറകള്‍ക്കും കുറ്റിച്ചെടികളും പിന്നിട്ട് ഇവിടെ എത്തുന്നത് വെറുതേ ആവില്ല.രാത്രിയുടെ തണുപ്പിനെ പ്രതിരോധിച്ച് മഞ്ഞുകണങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ ഉദിച്ച് ഉയരുന്നത് ദ്യശ്യമാകും.പാടത്തിന്റെ മറുവശത്തുള്ള കോന്നി ഫോറസ്റ്റ് റേഞ്ചിന് അകത്തൂടെ വേണം പൂമലകോട്ടയിലെത്താന്‍ സൂര്യാ സ്ഥമനവും ഉദയവും പുതുമ നല്‍കുന്ന കാഴ്ചയാണിവിടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ