2020, നവംബർ 30, തിങ്കളാഴ്‌ച

കുതിരാന്റെ കഥ.

 

കുതിരാന്റെ കഥ.

====================================

“ജനിച്ചു വളർന്ന”, “കളിച്ചു വളർന്ന” എന്ന പ്രയോഗം പോലെ, ഞൻ യാത്ര ചെയ്തു വളർന്ന റോഡാണ്‌ തൃശ്ശൂർ-പാലക്കാട്.

ഈ റൂട്ടിലെ ഏറ്റവും മനോഹരമായ ഭാഗമാണ്‌ കുതിരാൻ മലനിരകൾ. പീച്ചി-വാഴാനി വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ ഈ മലകൾക്ക് രസകരമായ ചരിത്രമുണ്ട്.

എന്റെ മുൻതലമുറ പറഞ്ഞു തന്ന ഒരു കഥയാണ്‌..

പഴയ ആ ഡോക്ടറുടെ കഥ ഇവിടെ കേൾക്കാം, Listen to the story here..

എങ്കിലും കുതിരാൻ വഴിയുള്ള യാത്രയുടെ ഭീതി അക്കാലത്ത് ജനങ്ങളുടെ മനസ്സിൽ നിന്നോഴിഞ്ഞിരുന്നില്ല.
ബസ്സുകൾ നന്നേ കുറവ്. 2 പാലക്കാട് വണ്ടികളും 2 പൊള്ളാച്ചി വണ്ടികളും മാത്രമാണ്‌ അന്ന് തൃശ്ശൂർ നിന്ന് കുതിരാൻ വഴി സർവ്വീസ് നടത്തിയിരുന്നത്. ഈ ബസ്സുകൾ കുതിരാൻ ചുരം കയറുന്ന ശബ്ദം അക്കാലത്ത് മണ്ണുത്തി വരെ കേൾക്കാം എന്ന് പഴമക്കാർ പറയും. അതിൽ ഒരല്പം അതിശയോക്തിയുണ്ടെങ്കിലും അന്നത്തെ പഴയ റോഡ് മലയുടെ മുകൾ ഭാഗം വരെ കയറിയിറങ്ങിയിരുന്നതിനാൽ ഈ കയറ്റം കടന്നു കിട്ടാൻ നന്നേ ബുദ്ധിമുട്ടായിരുന്നു. വണ്ടി കേടാവാനുള്ള സാധ്യത വളരെ അധികമായിരുന്നു അക്കാലത്ത്.

ഈ മലയുടെ ഏറ്റവും മുകളിലാണ്‌ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ വഴി പോകുന്നവർ അവിടെ നാണയത്തുട്ടുകൾ എറിയുന്നത് നിങ്ങളിൽ ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. പണ്ടു കാലത്ത് ഈ വഴി സഞ്ചരിച്ചിരുന്ന യാത്രക്കാരും ബസ്സ് ജീവനക്കാരുമൊക്കെ വണ്ടി കേടാവാതിരിക്കാനും കള്ളന്മാരുടെ ശല്യം ഉണ്ടാവാതിരിക്കാനുമൊക്കെ ഇവിടെ കാണിക്കയിടുമായിരുന്നു. കാലങ്ങൾക്കു ശേഷം റോഡ് ഒക്കെ നന്നാവുകയും ഗതാഗതം ഏറെ വർദ്ധിക്കുകയും ചെയ്തെങ്കിലും ഈ ആചാരം ഇന്നും തുടർന്നു പോരുന്നു..

അന്നൊക്കെ തൃശ്ശൂർ നിന്ന് പാലക്കാട്ടേക്കുള്ള യാത്രക്കാർ കഴിവതും ഷൊറണൂർ വഴിയേ പോകൂ.

ഏതാണ്ട് 1975 ഇനോടടുത്താണ്‌ നമ്മൾ ഇന്നു കാണുന്ന കുതിരാൻ ഹൈവേ പണിതീർത്തത്. ഈ റോഡ് നിലവിൽ വന്നതിനു ശേഷം “കുതിരാൻ ഭീതി” പതുക്കെ ഇല്ലാതായി. ഗതാഗതം വർദ്ധിച്ചു. ഒരു പാട് സ്വകാര്യബസ്സുകൾ ഈ റൂട്ടിൽ സർവ്വീസ് നടത്താൻ തുടങ്ങി.

1990 കാലത്ത് കേരളത്തിലെ ഏറ്റവും മികച്ച റോഡായിരുന്നു കുതിരാൻ വഴി കടന്നു പോയിരുന്ന തൃശ്ശൂർ-പാലക്കാട് ദേശീയപാത.

അന്നൊക്കെ രാവിലെ പാലക്കാട്ടേക്കു പോകുമ്പോൾ, പുലർകാലത്തെ വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന കുതിരാൻ കാണാൻ ബസ്സിന്റെ സൈഡ്സീറ്റില്കാത്തിരിക്കാറുണ്ട്. പീച്ചി ഡാം നിറഞ്ഞ സമയമാണെങ്കിൽ ഇരുമ്പുപാലത്തിന്റെയവിടെ നിറയെ വെള്ളവുമുണ്ടാകും.

ഇന്ന് വീണ്ടും കുതിരാൻ യാത്രക്കാരുടെ പേടിസ്വപ്നമായിത്തീർന്നിരിക്കുന്നു... പണി തീരാത്ത രണ്ടു തുരങ്കങ്ങളും ഗതാഗതക്കുരുക്കും ശാപമോക്ഷം കാത്തു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി..

വിഡിയോയിൽ പറയാൻ വിട്ടു പോയത്:-. ഏറ്റവും മികച്ച ടാറിംഗ് ആയിരുന്നു 1994 ഇൽ ചെയ്ത വാണിയമ്പാറ-പാലിയേക്കര റോഡ്. നല്ല കണ്ണാടി പോലത്തെ റോഡ്. മഴ പെയ്താൽ അന്ന് വളരെ പതുക്കെയാണ്‌ വണ്ടികൾ ഈ റോഡിൽ പോകാറ്‌. തെന്നിപ്പോകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.
അന്നൊക്കെ തൃശ്ശൂർ നിന്ന് പാലക്കാട് പോകുമ്പോൾ ജില്ലാ അതിർത്തി കഴിയുന്നത് കൃത്യമായി അറിയാം. സ്മൂത് റോഡ് പെട്ടെന്ന് കുടുക്കമുള്ള റോഡ് ആയി മാറും.

ഇതിൽ തന്നെ തോട്ടപ്പടി മുതൽ പാലിയേക്കര വരെയുള്ള റോഡ് 1994 മുതൽ 2010 വരെ ഒരു കേടുമില്ലാതെ നില നിന്നു. അത്രയ്ക്ക് മികച്ച ക്വാളിറ്റി ആയിരുന്നു ആ ടാറിംഗ്.




എം.ടി.വാസുദേവൻ നായരുടെ ആത്മകഥാപരമായ നോവൽ ആയ “കാലം”. അതിൽ അദ്ദേഹം കോളേജിൽ പഠിച്ചിരുന്ന 1950 ഉകളിൽ “പൊള്ളാച്ചി നിന്ന് തൃശ്ശൂർക്ക് ബസ്സുണ്ട്” എന്ന് പ്രതിപാദിക്കുന്നുണ്ട്.

2020, നവംബർ 23, തിങ്കളാഴ്‌ച

ചൂട്ടാട് ബീച്ച്.







ചൂട്ടാട് ബീച്ച്.

  പയ്യന്നൂരിനും പഴയങ്ങാടിക്കും ഇടയില്‍ ഏഴിമലയുടെ താഴ്വാരത്താണ് പുതിയങ്ങാടി കടലോരത്തെ ചൂട്ടാട് ബീച്ച്.ഇവിടുത്തെ തിങ്ങിനിറഞ്ഞ കാറ്റാടി മരങ്ങള്‍ ധാരാളം പക്ഷികളുടെ സങ്കേതം കൂടിയാണ്. പക്ഷി നിരീക്ഷണ കേന്ദ്രം, സാന്റ് ബെഡ്, കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രധാന അകര്‍ഷണം വശ്യമായ മരങ്ങളും ബോട്ട്‌സവാരിയും ഏറുമാടങ്ങളും ഒക്കെയാണ്
ചൂട്ടാട് പാര്‍ക്ക് പോലെതന്നെ ചെമ്പല്ലികുണ്ട് വയലപ്ര- പരപ്പ് ടൂറിസം പാര്‍ക്കും വളരെ മനോഹരമാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയുടെയും ഏഴിമലയുടെയും താഴ്വരയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പും തുളിശ്ശേരി പക്ഷി സങ്കേതവും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. കുട്ടികളുടെ പാര്‍ക്ക്, റെയിന്‍ ഷെല്‍ട്ടര്‍, പെഡല്‍ ബോട്ട് സര്‍വീസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. രാമപുരം-വയലപ്ര ബീച്ച്-ചെമ്പല്ലിക്കുണ്ട് വരെ 2.50 കോടി രൂപ ചെലവഴിച്ച് തുറമുഖ വകുപ്പ് നിര്‍മ്മിച്ച റോഡും സോളാര്‍ പാനല്‍ സിസ്റ്റവും ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കുന്നു.കുടുംബത്തോടെ അവധി ദിനങ്ങളും സായാഹ്നങ്ങളും ആഘോഷിക്കാൻ ഉചിതമായ സ്ഥലമാണ് ചൂട്ടാട് ബീച്ച്.

അഭിപ്രായങ്ങള്‍


2020, ഓഗസ്റ്റ് 19, ബുധനാഴ്‌ച

കൊച്ചിരാജ്യചരിത്രം: വില്ലാർവട്ടം രാജവംശം

 

കൊച്ചിരാജ്യചരിത്രം:
(2)വില്ലാർവട്ടം രാജവംശം : കൂടുതൽ തെളിവുകൾ .
കൊച്ചി രാജവംശത്തിന്റെ സാമന്തമായി വില്ലാർവട്ടം എന്നൊരു സ്വരൂപം ഉണ്ടായിരുന്നു എന്നും, അതൊരു ക്രിസ്ത്യൻ രാജവംശ മായിരുന്നു എന്നും കാണിക്കുന്ന വിശ്വസനീയമായ രേഖകളും ശക്തമായ പാരമ്പര്യവുമുണ്ട്. സ്വദേശീയരും വിദേശീയരുമായ പല ചരിത്രകാരന്മാരും ഈ വിഷയം പരാമർശ വിഷയമാക്കുന്നുണ്ട്.
വിദേശ ചരിത്രകാരന്മാരായ അസ്സേമാൻ, ബി.എം. റേ, ഫ്രാൻസിസ് ഡേ, ജോർഡാനൂസ്, ഗുവേയ തുടങ്ങിയവരും കേരളീയ ചരിത്രകാരന്മാരായ കെ.പി .പത്മനാഭ മേനോണ്‍,എം.ശങ്കര മേനോൻ, എൽ.കെ.അനന്തകൃഷ്ണ അയ്യർ, പി. ശങ്കുണ്ണി മേനോൻ, ബർനാർഡു തോമ്മ, പ്ലാസിഡ് പൊടിപാറ, എം .ഒ .ജോസഫ്‌ നെടുങ്കുന്നം, പി. തോമസ്‌ മുതലായവരും, തിരുവിതാംകൂർ, കൊച്ചി എന്നീ സ്റ്റേറ്റ് മാന്വൽ രചിതാക്കളായ മെക്കൻസി, സി. അച്യുത മേനോൻ എന്നിവരും കേരളത്തിലെ ഈ പുരാതന രാജ വംശത്തെപ്പറ്റി, പ്രമാണ സഹിതം, വിവരിക്കുന്നുണ്ട്.
പ്രശസ്തരും ആദ്യകാല കേരളീയ ചരിത്രകാരന്മാരുമായ കെ . പി .പത്മനാഭ മേനോനും സി.അച്യുത മേനോനും, വില്ലാർവട്ടം രാജാവിന്റെ അസ്തിത്വത്തെ പറ്റി അസ്ന്നിഗ്ധമായി സമ്മതിക്കുന്നുണ്ടെങ്കിലും, ആ രാജാവ് ക്രിസ്തു മതാവലംബി അല്ലായിരുന്നു എന്നുള്ള ധ്വനി തങ്ങളുടെ പ്രസ്താവങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ, ആ പുരാതന രാജ വംശം ക്രൈസ്തവമാണെന്നുള്ളതിനു മതിയായ തെളിവുകൾ -- പ്രത്യക്ഷ തെളിവുകളും സാഹചര്യ തെളിവുകളും -- കേരള ചരിത്രത്തിലും നസ്രാണി പാരമ്പര്യത്തിലും കാണാൻ കഴിയും.
1) വാസ്കോ ഡി ഗാമയ്ക്കു കൊടുത്ത നിവേദനം:
പോർച്ചുഗീസ്‌ നാവികനായ വാസ്കോ ഡി ഗാമ, 1502 -ൽ രണ്ടാം പ്രാവശ്യം കൊച്ചിയിൽ വന്നപ്പോൾ, കൊടുങ്ങല്ലൂരിലെ നസ്രാണികൾ, അദേഹത്തെ സന്ദർശിച്ച്, അവരുടെ രാജ്യോൽപ്പത്തി യെയും അധപതനത്തെയും സംബന്ധിച്ചു ചെയ്ത പ്രസ്താവന ഈ സത്യം വെളിപ്പെടുത്തുന്നു.
ഗുണ്ടർട്ടിന്റെ 'കേരളപ്പഴമ'യിലെ വിവരണം ആദ്യം ഉദ്ധരിക്കാം ." ഞങ്ങൾ എല്ലാവരും നിങ്ങളുടെ വരവുകൊണ്ട് വളരെ സന്തോഷിച്ചിരിക്കുന്നു. പണ്ട് ഈ രാജ്യത്തെ ഞങ്ങളുടെ വംശത്തിൽ ഒരു തമ്പുരാൻ ( രാജാവ് ) ഉണ്ടായിരുന്നു.അവനു പുരാണ പെരുമാക്കന്മാർ കൊടുത്ത ചെങ്കോലും രാജ്യ പത്രികയും ഇതാ നിങ്ങൾക്കു തരുന്നു.30,000 പേരോളം ഞങ്ങൾ എല്ലാവരും ഒന്നിച്ചിരിക്കുന്നു.ഇനി പോർത്തുഗൽ രാജാവിന് ഞങ്ങളിൽ മേൽക്കോയ്മ ഉണ്ടായിരിക്കെ, അവന്റെ നാമം ചൊല്ലി അല്ലാതെ ഇനി ഒരു കുറ്റക്കാരനെയും ഞങ്ങൾ വിധിക്കുകയില്ല." എന്നുപറഞ്ഞ് ആധാരവും ആ ദെണ്‍ഡും കൊടുത്തു.അതു ചുവന്നും രണ്ടു വെള്ളിവളകളും, ഒരുവളയിൽ മൂന്നു വെള്ളിമണികളും ഉള്ളതും ആകുന്നു. തോമ്മ ശ്മശാനം ( മൈലാപ്പൂർ ),സിംഹളദ്വീപ്, മുതലായ യാത്രാ സ്ഥലങ്ങളെ കുറിച്ച് വളരെ വിശേഷങ്ങളെ അറിയിച്ചു..... " നിങ്ങളെ സകല ശത്രുക്കളുടെ കയ്യിൽ നിന്നും, വിശേഷാൽ, മുസൽമാൻമാരുടെ കയ്യിൽനിന്നും ഉദ്ധരിക്കേണ്ടതിനു ദൈവം മേലാൽ സംഗതി വരുത്തും ",എന്നരുളി ഗാമ അവർക്കു സമ്മാനങ്ങളെ കൊടുത്തു വിട്ടയയ്ക്കുകയും ചെയ്തു." 23.
ഇംഗ്ലീഷ്ചരിത്രകാരനായ ജെയിംസ്‌ ഹൗഘ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു : " ചെങ്കോലും രാജ പത്രികയും ഞങ്ങളുടെ രാജാവിന് പുരാതന പെരുമാക്കന്മാരാൽ നൽകപ്പെട്ടതാണ്‌ ; ആ രാജാവ് അന്തരിച്ചിട്ട് വളരെ കാലമായിട്ടില്ല.അദ്ദേഹത്തിന്റെ രാജ്യം പെരുമ്പടപ്പ് സ്വരൂപത്തിലേക്ക് ഒതുക്കിയിരിക്കുന്നു........എന്നിങ്ങനെ ഗാമയോട് ഉണർത്തിച്ചു. ഗാമയാകട്ടെ അതുകേട്ടു സന്തോഷിച്ച് , കപ്പലിലെ കൊടികളെല്ലാംഉയർത്തി.പീരങ്കികൾ ധ്വനിപ്പിക്കുകയും കപ്പൽ സന്നാഹത്തിന്റെ അകമ്പടിയോടുകൂടി പോർച്ചുഗൽ രാജാവിന്റെ നാമത്തിൽ അവ സ്വീകരിക്കുകയും ചെയ്തു." 24.പോർച്ചുഗീസ് ഗ്രന്ഥകാരനായ ഗുവേയയും കൊച്ചിരാജ്യത്തിൽ ലയിച്ച ബലിയാർട്ടെ ( വില്ലാർവട്ടം ), എന്ന ക്രിസ്ത്യൻ രാജവംശത്തെപ്പറ്റി, ഏതാണ്ട് ഇതേ തരത്തിലുള്ള വിവരങ്ങലാണ് നല്കുന്നത്.25.
2) ഉദയംപേരൂർ പള്ളിയിലെ ജീവിക്കുന്ന ശിലാ ലിഖിതം
ഈ പരമ്പരയുടെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, വില്ലാർവട്ടം രാജാക്കന്മാർ ക്ഷത്രിയർ ആയിരുന്നെന്നും ഒടുവിലത്തെ രാജാവ് ക്രിസ്തു മതത്തിൽ ചേർന്നതിനാൽ കൊച്ചി രാജാവ് അദ്ദേഹത്തെ സ്ഥാന ഭ്രുഷ്ട്ടനാക്കുകയും, ചേന്നമംഗലത്തെ ഈ രാജാവിന്റെ വകയായിരുന്ന സ്ഥലങ്ങൾ പാലിയത്തുകാർക്ക് ഒതുക്കിയെന്നും, ഭ്റുഷ്ടരാജാവ് ഉദയംപേരൂരിൽ പോയി വില്ലാർവട്ടം പുനസ്ഥാപിച്ചു എന്നും പ്രശസ്ത ചരിത്രകാരന്മാരായ അനന്തകൃഷ്ണ അയ്യർ, പുത്തേഴത്തു രാമ മേനോൻ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്നിവരടക്കമുള്ള പലരും തങ്ങളുടെ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.25.
ഈ ഭാഷ്യങ്ങളോട് കിടപിടിക്കുന്നതാണ് വില്ലാർവട്ടം സ്വരൂപത്തെ കുറിച്ചുള്ള സുറിയാനി ക്രിസ്ത്യാനികളുടെ, തലമുറകളായി കൈമാറുന്ന, വിശ്വാസവും. അതനുസരിച്ച്, ഉദയമ്പേരൂർ (സൂനഹദോസ്) പള്ളി A.D.510 - ൽ വില്ലാർവട്ടം രാജാവ് പണികഴിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ട്ടം ഉദയംപേരൂർ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിനെ ശരിവയ്ക്കുന്ന ഏതാനും ലിഖിതങ്ങൾ ഉദയംപേരൂർ പള്ളിയിലുണ്ട്.
" ചേന്ദോങ്ങലത്തു പാർത്ത വില്ലാർവട്ടം തോമ്മാ രാചാവു നാടു നീങ്ങി 1500 കു ൨ ." എന്നു രേഖപ്പെടുത്തിയിട്ടുള്ള പള്ളിയിലെ സ്മാരക ശില, വില്ലാർവട്ടം തോമ്മാ രാജാവിന്റെതാണെന്നത് സുവിദിതമാണ്. വളരെ ചരിത്ര പ്രാധാന്യമുള്ള ഈ ലിഖിതത്തിലെ വട്ടെഴുത്തു ലിപിക്കും ഭാഷക്കും, ആദ്യകാല രൂപത്തിൽ നിന്നും 17,18, ശതകങ്ങളിൽ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റം സ്പഷ്ട്ടമാണെന്ന് ഡച്ച് ചരിത്രകാരനായ ഗല്ലറ്റീ പ്രസ്താവിക്കുന്നുണ്ട്.26.
3) ക്രൈസ്തവ രാജാവിനെപ്പറ്റി ലോക സഞ്ചാരികളും മറ്റും
ഒമ്പതാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഒരു അറേബ്യൻ ലോക സഞ്ചാരി കൊടുങ്ങല്ലൂരിനടുത്ത് ഒരു ക്രിസ്ത്യൻ രാജാവ് (Christian Emir) ഉള്ളതായി പരാമർശിക്കുന്നുണ്ട്.27.
പാശ്ചാത്യ ലോക സഞ്ചാരികളായ മാർക്കോ പോളോയും ജോർദാനൂസ് എന്ന മെത്രാനും ഈ രാജാവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. 1295 - ൽ മലബാർ സന്ദർശിച്ച മാർക്കോ പോളോ എന്ന വെനീഷ്യൻ സഞ്ചാരി, തന്റെ 'ക്രിസ്ത്യൻ ടോപ്പോഗ്രാഫി' എന്ന ഗ്രന്ഥത്തിൽ ഇവിടത്തെ സിറിയൻ ക്രിസ്ത്യാനികളെയും തോമ്മാ ശ്ലീഹായുടെ ഇന്ത്യയിലെ രക്തസാക്ഷിത്വത്തെ സംബന്ധിച്ച പാരമ്പര്യങ്ങളെ കുറിച്ചും പരാമർശിക്കുന്നുണ്ട്.
"പള്ളികളുടെ ഭരണം നടത്തുന്ന ക്രിസ്ത്യാനികൾക്ക് തങ്ങളുടെ ദൈനംദിന ആവശ്യത്തിനു വേണ്ട വിഭവങ്ങൾ ലഭ്യമാകത്തക്ക വിധം സ്വന്തമായ തോട്ടങ്ങളും വിളകളും ഉണ്ട്. അവയിൽ നിന്നു കിട്ടുന്ന 'അനുഭവങ്ങളിൽ' നിന്ന് പ്രതി മാസവിഹിതം അവരുടെ 'രാജ സഹോദരന്' നികുതിയായി കൊടുക്കുന്നു."28. ഈ പരാമർശങ്ങളിൽ നിന്നും വ്യക്തമാകുന്നത് മാർക്കോ പോളോ ഇന്ത്യയിൽ വന്ന കാലത്ത് ക്രിസ്ത്യാനികൾക്ക് സ്വന്തമായി ഒരു രാജാവുണ്ടായിരുന്നു എന്നും, അദ്ദേഹത്തിന് സമസ്ത ക്രിസ്ത്യാനികളും നികുതി കൊടുത്തിരുന്നു എന്നുമാണ്. രാജ സഹോദരൻ (royal brother) എന്നുപറയുന്നതിന്റെ സാരം, അദ്ദേഹം സ്വന്തം ജാതി യിൽപ്പെട്ട ആളാണെന്നതുമാണ്.

4) പോപ്പിന്റെ സന്ദേശങ്ങൾ :
ഇത്തരത്തിലുള്ള ഒരു രാജവംശം നിലനിൽക്കുന്നു എന്ന ഖ്യാതിയാണ് , പോപ്പ് യുജീൻ നാലാമൻ,1439-ൽ ക്രിസ്ത്യൻ രാജാവിനായി, താഴെപറയുന്ന സന്ദേശം കൊടുത്തയക്കാൻ കാരണമായത്‌ :
" ഭാരതീയരുടെ ചക്രവർത്തിയും മിശിഹായിൽ നമ്മുടെ സ്നിഗ്ദ്ധ പുത്രനുമായ തോമ്മാ രാജാവിന് സ്വസ്തിയും ആശിർവാദവും. നിങ്ങളും നിങ്ങളുടെ രാജ്യത്തെ പ്രജകളും സത്യക്രിസ്ത്യാനികൾ ആണെന്നുള്ള അറിവ് നമ്മുടെ സമക്ഷം എത്തിയിട്ടുണ്ട്” 29.
നസ്രാണി രാജാവിനെ കുറിച്ച് അടുത്ത പരാമർശം നടത്തുന്നത് പറങ്കികൾക്കു മുമ്പ് ഇന്ത്യയിൽവന്ന, ലത്തീൻ (ഡൊമിനിക്കൻ) മിഷനറി ബിഷപ്പായ ജോർഡാനൂസാണ്.പോപ്പ് ജോണ്‍ പന്ത്രണ്ടാമൻ അവിഞ്ഞോണിൽ വച്ച് (അക്കാലത്തു റോമ്മാ സിംഹാസനം, അഭ്യന്തര യുദ്ധം നിമിത്തം, കുറേ വർഷങ്ങൾ, ഫ്രാൻസിലെ അവിഞ്ഞോണിലാണ് പ്രവർത്തിച്ചിരുന്നത്), കൊല്ലത്തെ ലത്തീൻ (കത്തോലിക്ക) രൂപതയുടെ മെത്രാനായി നിയമിച്ച്‌, 1330 - ൽ ഇന്ത്യയിലേക്കയച്ച അദ്ദേഹം, മാർപ്പാപ്പയിൽ നിന്ന് രണ്ടു കത്തുകൾ കൊണ്ടുവന്നിരുന്നു. അവയിലൊന്ന് കൊല്ലത്തെ നസ്രാണി-ക്രിസ്ത്യാനികളുടെ തലവനായ രാജാവിനുള്ളതായിരുന്നു. ആ കത്തിന്റെ ആരംഭം ഇങ്ങനെയാണ്:
"നസ്രാണികളുടെ അധിപതിയായ രാജാവിന്റെയും അദ്ധേഹത്തിന്റെ കീഴിൽ കൊല്ലത്തുള്ള സകല നസ്രാണികളുടെയും സംരക്ഷണത്തിനായി മെത്രാൻ പദവിയിലേക്ക് നമ്മാൽ ഉയരത്തപ്പെട്ടവനും, ഡൊമിനിക്കൻ സന്ന്യാസിയും വന്ദ്യ സഹോദരനും മെത്രാനുമായ ജോർഡാൻ കത്തലാനിയെ നാം ഭരമേൽപ്പിക്കുന്നു." ഇതേപ്പറ്റി പ്രശസ്ത സഭാചരിത്രകാരനായ ബർനാർദ് തോമ്മാ പറയുന്നത് ഇപ്രകാരമാണ് :
പതിനാലാം നൂറ്റാണ്ടിൽ സിംഹാസനാരൂഡനായിരുന്ന ക്രിസ്ത്യൻ രാജാവിനെ ജോർഡാനൂസ് സന്ദർശിക്കുകയും ആ വിവരം പോപ്പ് ജോണ്‍ പന്ത്രണ്ടാമനെ അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു മാർപ്പാപ്പ രാജാവിനു കൈമാറാനായി മേൽപ്പറഞ്ഞ കത്ത് കൊടുത്തയച്ചത്‌. തിരുവെഴുത്തിലെ താൽപ്പര്യ പ്രകാരം രാജാവ് അദ്ദേഹത്തിനു വേണ്ട സഹായം നൽകുകയുണ്ടായി.30.
(ജോർദാനൂസ് കൊല്ലത്തു വരുമ്പോൾ , തോമ്മാ ശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്നതും ബാബിലോണിലെ പൌരസ്ത്യ (കൽദായ സുറിയാനി ) പാത്രിയർക്കേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നതുമായ ക്രിസ്ത്യാനി കളെയാണ് അവിടെ കണ്ടത്. അവർക്ക് റോമൻ സഭയുമായി, നേരിട്ടു ബന്ധമില്ലായിരുന്നു.).
5) സാഹചര്യ തെളിവുകൾ :
രാജവംശം അന്യം നിൽക്കുകയും രാജ്യം പെരുമ്പടപ്പ്‌ സ്വരൂപത്തിൽ ( കൊച്ചി), ഒതുങ്ങുകയും ചെയ്തപ്പോൾ, പെരുമ്പടപ്പു രാജാവ് തന്റെ ശക്തിയിൽ പെട്ടിടത്തോളം അവരുടെ സാമുദായിക - രാജകീയ അവകാശങ്ങളെ ആദരിക്കുകയും അവരെ പരിപാലിക്കുകയും ചെയ്തിരുന്നു.ഇക്കാരണത്താലാണ് അങ്കമാലിയിലെ സുറിയാനി മെത്രാപ്പോലീത്തയായ മാർ അബ്രാഹം, കൊച്ചി രാജാവിനെക്കൊണ്ട്, ഇറ്റാലിയൻ ഭാഷയിൽ, പോപ്പ് ഗ്രിഗരി പതിമൂന്നാമന്, 1576 ജനുവരി- യിൽ താഴെ പറയും വിധം ഒരു കത്തെഴുതിച്ചത്: (കത്തിന്റെ കോപ്പി റോമിലെ ആർക്കൈവ്സിൽ ഉണ്ട്).
ഗോവയിൽ നടക്കുന്ന സിനഡിൽ പങ്കെടുക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള ഗോവാ മെത്രാപ്പോലീത്തായുടെ ക്ഷണക്കത്ത്, മാർത്തോമ്മാ ക്രിസ്ത്യാനികളുടെ തലവനും അങ്കമാലി മെത്രാപ്പോലീത്തായുമായ മാർ അബ്രഹാമിന് ലഭിക്കുകയുണ്ടായി.
ഒരിക്കൽ തനിക്കെതിരെ മോശമായി പെരുമാറുകയും രണ്ടു പ്രാവശ്യം തടവിലാക്കുകയും ചെയ്ത അനുഭവം ഉള്ളതുകൊണ്ട്, ഗോവയിൽ നടക്കുന്ന പ്രസ്തുത സിനഡിൽ പങ്കെടുക്കാനോ, അതിലെ നിശ്ചയങ്ങൾ സ്വീകരിക്കാനോ (മാർ അബ്രഹാമിന്) ബുദ്ധിമുട്ടുണ്ട്. തന്റെ നടപടി തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ളതുകൊണ്ടാണ് അദ്ദേഹം (മാര് അബ്രഹാം) പരിശൂദ്ധപിതാവിനെ ചില കാര്യങ്ങൾ അറിയിക്കാൻ എന്നെ (കൊച്ചി രാജാവിനെ), ചുമതലപ്പെടുത്തിയിരിക്കുന്നത് അദ്ദേഹം എന്നും പരിശുദ്ധ റോമാ സിംഹാസനത്തോട്‌ കൂറുള്ളവാനാണ്. പരിശുദ്ധ പിതാവ് ഇടപെട്ട്, വേണ്ടത്ര സുരക്ഷിതത്വം ഏർപ്പാട്‌ ചെയ്യുന്ന പഷം, സഭയുടെ ഉത്തമ താല്പ്പര്യം പരിഗണിച്ചു, ഗോവയിലെ അധികാരികളുടെ കൂടെ സിനഡിൽ പങ്കെടുക്കാൻ വിരോധമില്ല......ഈ കത്തിന് പരിശുദ്ധ പിതാവിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. (രാജാവിന്റെ ശുപാർശയോടു കൂടിയ ഈ കത്തിന് പോപ്പ്, ഗ്രിഗറി പതിമൂന്നാമാനിൽ നിന്നു അനുകൂല മറുപടി ലഭിക്കുകയുണ്ടായി).
ഉദയമ്പേരൂരിലെ കോലോത്തുംവെളി എന്ന സ്ഥലത്തായിരുന്നു രാജാവിന്റെ കോവിലകം സ്ഥിതി ചെയ്തിരുന്നത്.1012-വരെ കരമൊഴിവായിരുന്ന, ഉദയമ്പേരൂർ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലവും നസ്രാണി രാജാവിന്റെ ദാനമാണത്രെ. പള്ളിനിർമ്മിച്ചതും അദ്ദേഹമാണെന്നാണ് പാരമ്പര്യം.ക്രിസ്തീയ രാജ്യമായ ഉദയമ്പേരൂർ (വില്ലാർ വട്ടം), കൊച്ചി രാജവംശത്തിൽ ലയിക്കുക നിമിത്തമത്രേ, ഗോവ ലത്തീൻ ആർച് ബിഷപ്പ് മെനെസ്സിസ്, താൻ വിളിച്ചുകൂട്ടാനിരിക്കുന്ന സൂനഹദോസ്സിൽ സംബന്ധിക്കുന്നതിനായി സുറിയാനി ക്രിസ്ത്യാനികളെ നിർബന്ധിപ്പിക്കണമെന്ന്, 1599-ൽ കൊച്ചി രാജാവിനെക്കൊണ്ട് ആവശ്യപ്പെട്ടത്.സൂനഹദോസിന്റെ വേദിയായി ഉദയം പേരൂർ തിരഞ്ഞെടുത്തതും ഇക്കാരണം കൊണ്ടു തന്നെ.
ഈ രാജകുടുംബത്തിന്റെ ആദ്യ ആസ്ഥാനം കൊടുങ്ങല്ലൂരിനു തെക്ക് ചേന്ദമംഗലം ആയിരുന്നുവെന്നും, മുസ്ലിങ്ങളുടെ ശല്യം മൂലം ഉദയംപേരൂർക്ക് മാറ്റിയതാണെന്നും സൂചനകളുണ്ട്.ഈ വിഷയത്തെപ്പറ്റിയുള്ള നസ്രാണി പാരമ്പര്യം ഇങ്ങനെയാണ് : ചേര രാജാക്കന്മാരുടെ പതനം വരെ, മാർത്തോമ്മാ ക്രിസ്ത്യാനികൾ ചേര രാജാക്കന്മാരുടെ കീഴിലായിരുന്നു; അതിനു ശേഷം വിവിധ നാട്ടു രാജാക്കളുടെ ഭരണത്തിലും. വില്ലാർ വട്ടം സ്വരൂപം, ഇപ്രകാരം രൂപംകൊണ്ട ഒരു സാമന്ത , സ്വതന്ത്ര രാജവംശം ആയിരുന്നിരിക്കാം. അറബികളുടെ ആക്രമണം മൂലം നസ്രാണികളും ജ്യൂതന്മാരും കൊടുങ്ങല്ലൂർ വിട്ടു മറ്റു പ്രദേശങ്ങളിലേക്ക് മാറി താമസിച്ചു. സ്ത്രീകൾക്കുനേരെ നടന്ന അതിക്രമങ്ങളെ അനുസ്മരിച്, എട്ടുനോമ്പാ ചരണം എന്ന വ്രതം തുടങ്ങിയത് ഇക്കാലത്താണ്. കുടമാളൂർ പള്ളിയിലെ ' മഹാദേവർ പട്ടണം മുത്തൽ' ഈ സംഭവം അടിസ്ഥാന മാക്കിയുള്ള ആചാരമാണത്രേ.31.
സഭാ ചരിത്രകാരനായ ബർണാർഡു തോമ്മ, പറയുന്നത്: " ഒമ്പതാം ശതവൽസരതിൽ യഹൂദന്മാരും മുഹമ്മദീയരും തമ്മിൽ കലഹിക്കുവാൻ സംഗതിയായി.ഈ സന്ദർഭത്തിൽ, ക്രിസ്ത്യാനികൾ യഹൂദരുടെ പക്ഷതുചേർന്നു......യുദ്ധത്തിൽ കൊടുങ്ങല്ലൂരും, ക്രിസ്ത്യാനികളുടെ കേന്ദ്രഭൂമിയായ മഹാദേവർപട്ടണത്തെ വിധ്വംസനം ചെയ്യുകയും ചെയ്തു..... ചിലർ കൊടുങ്ങല്ലൂരിൽത്തന്നെ താമസിച്ചു ...ഭൂരിപക്ഷം ആ സ്ഥലം വിട്ടുപോയി. ആലങ്ങാട്ടു രാജാവിനെ സമാശ്രയിക്കുകയും അങ്കമാലിയിൽ ഒരു പള്ളിയും പട്ടണവും സ്ഥാപിക്കുകയും ചെയ്തു.." 32.
യഹൂദന്മാരുടെ സഹായത്തിനു ചെന്ന ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ വില്ലാർവട്ടം സ്വരൂപത്തിലെ ചില കൊച്ചു തമ്പുരാക്കന്മാരും ഉണ്ടായിരുന്നു.യുദ്ധത്തിൽ അറബികൾ ഇവരിൽ രണ്ടുപേരെ വധിച്ചു. ശവം ദാഹിപ്പിക്കുകയും ചെയ്തു. എന്നുള്ള ഐതിഹ്യത്തിൽ കഴമ്പുന്ടെന്നാണ് പ്രശസ്ത ഗ്രന്ഥ കാരനായ വൈറ്റ് ഹൗസ് , പ്രസ്താവിക്കുന്നത്.33.
ആസ്ഥാനം ഉദയംപേരൂർക്കു മാറ്റിയതു ഈ സാഹചര്യത്തിലാണ്. ഇത്, ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആണെന്നാണ്, ചരിത്രകാരന്മാരുടെ പൊതുവിലുള്ള നിഗമനം.
അടിക്കുറിപ്പുകൾ : Foot Notes :
23. Dr.ഗുണ്ടർട്ട് : കേരളപ്പഴമ ,പു. 28-29.
24. James Hough : History of Christianity in India,p.450.
25. Gouvea : ' Jornada', p.22 -23 .
26. a. L.K.Ananthakrishna Ayyiar : Anthropology of Syrian Christians, p.57.
b. പുത്തേഴത്തു രാമമേനോൻ : ശക്തൻ തമ്പുരാൻ ,പു.662 - 667.
c. കുഞ്ഞിക്കുട്ടൻ തമ്പുരാൻ : 'കോകില സന്ദേശ വ്യാഖ്യാനം : രണ്ടു സന്ദേശ കാവ്യങ്ങൾ' പു. 1087 . ( Qtd. in ' കേരളത്തിലെ സ്ഥല ചരിത്രങ്ങൾ, എറണാകുളം ജില്ല . പു.94.) ( വി.വി.കെ .വലത്ത് ).
27. Gallettee : The Dutch in Malabar, p.174. Qtd. in കേരളത്തിലെ സ്ഥലചരിത്രങ്ങൾ:എറണാകുളംജില്ല.p.110.
28. P.Thomas : Christians & Christianity in India & Pakistan. P.30.
29. Marco Polo : Nestorian Christians in Malabar, qtd. in TSM, II / 144.
30. G.T.Mackenzie : T S M .Vol.II p.147..
31 ബർണാർഡു തോമ്മ : മാർത്തോമ്മാ ക്രിസ്ത്യാനികൾ. p.88.
32. X.Koodapuzha : Tomapedia, p.32.
33. ബർണാർഡു തോമ്മ : മാർത്തോമ്മാ ക്രിസ്ത്യാനികൾ. p.68-69.
34 .Whitehouse : Lingerings of Light in a Dark Land…p.75.
വില്ലാർവട്ടം സ്വരൂപം ഉദയംപേരൂരിൽ :
ചേന്ദമംഗലത്തെ കോട്ടയിൽ കോവിലകം വിട്ട് , വില്ലാർവട്ടം സ്വരൂപം, തൃപ്പൂണിത്തുറക്കടുത്തുള്ള ഉദയംപേരൂരിലേക്ക് ആസ്ഥാനം മാറ്റാനുണ്ടായ സാഹചര്യം കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിക്കുകയുണ്ടായി .എന്നാൽ ഈ സ്ഥാന ചലനത്തെയും പിൽക്കാല ചരിത്രത്തെയും കുറിച്ച് വ്യക്തമായ രേഖകൾ ലഭ്യമല്ല.
ഈ വിഷയത്തെ പരാമർശിക്കുന്ന പ്രശസ്ഥ ചരിത്രകാരനും നരവംശ ശാസ്ത്രജ്ഞനുമായ എൽ.കെ . അനന്തകൃഷ്ണ അയ്യരുടെ വാക്കുകൾ സമകാലീന ശ്രോദസ്സുകളിൽ നിന്നുള്ള വിവരങ്ങളുടെ ആകത്തുകയാണ്.
വില്ലാർവട്ടം സ്വരൂപം, അജ്ഞാത കാരണങ്ങളാൽ ചേന്ദമംഗലം വിട്ടൊഴിഞ്ഞു വാണിജ്യ കേന്ദ്രമായ ഉദയംപേരൂരിൽ വരികയും ആസ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ആ രാജ്യം, പിന്തുടർച്ചാവകാശിയില്ലാതെ, പരമ്പരയിലെ അവസാനത്തെ രാജാവ് നാടുനീങ്ങുന്നതു വരെ നിലനിന്നു.അചിരേണ, രാജ്യം കൊച്ചിരാജ്യത്തിൽ ലയിക്കുകയും ചെയ്തു.

2020, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ഒരു കാരിക്കോട് യാത്ര

  അണ്ണാമല നാഥർ ക്ഷേത്രം

ഒരു കാരിക്കോട് യാത്ര


കരിങ്കല്ലിൽ തീർത്ത മദ്ധ്യകേരളത്തിലെ ഏക ചോള ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് തൊടുപുഴ കാരിക്കോടുള്ള അണ്ണാമല നാഥർ ക്ഷേത്രം കാണാനായി പുറപ്പെട്ടത്. വടക്കുംകൂർ നാട്ടുരാജ്യത്തിൻ്റെ ചരിത്രവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ ശേഖരിക്കുക എന്നതും ലക്ഷ്യമായിരുന്നു.

തൊടുപുഴ, ഉടുമ്പന്നൂർ, മേലുകാവ്, പൂഞ്ഞാർ, കൂട്ടിക്കൽ, ചോറ്റി, മുണ്ടക്കയം, പെരുവന്താനം എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മലയോര മേഖലയിൽ ഓരോ കാലത്തും മാറിമറിഞ്ഞ ഭരണാധികാരങ്ങളും മേൽക്കോയ്മകളും കോയിയൻമാർ, മലയരയന്മാർ, ബാണന്മാർ എന്നിവരുടെ പൂർവ്വചരിത്രവുമൊക്കെ പഠനവഴിയിൽ പ്രതിസന്ധികൾ സൃഷ്ടിച്ച് വ്യക്തതയില്ലാതെ തുടരുന്നതിനിടയ്ക്കാണ് പഴയ തൊടുപുഴയുടെ ആസ്ഥാനമായ കാരിക്കോട്ടേയ്ക്കുള്ള യാത്ര അർത്ഥവത്താകുന്നത്.

ഇന്നത്തെ തൊടുപുഴ നഗരത്തിൻ്റെ കിഴക്കു ഭാഗമാണ് കാരിക്കോട്. കാരിക്കോട് എത്തുമ്പോൾ കവലയിൽ തന്നെ പടിഞ്ഞാറു ദർശനമായ കാരിക്കോട് ഭഗവതി ക്ഷേത്രം കാണാം. വടക്കുംകൂർ രാജവംശത്തിൻ്റെ ഭരദേവതാ സ്ഥാനം. റോഡിന് ഇടതുവശത്തായി ഉയർന്ന ചെറിയൊരു കുന്നിലേയ്ക്കുള്ള പടികൾ കയറി എത്തിയാൽ അടുത്ത കാലത്തായി ചുറ്റമ്പലം പണിതു പരിഷ്കരിച്ച പുരാതനമായ അണ്ണാമലനാഥർ ക്ഷേത്രം. തെക്കോട്ട് ദർശനമുള്ള അപൂർവ്വ ശിവക്ഷേത്രമാണ്.

കേരളത്തിൽ ചോളാധിപത്യം നിലനിന്ന കാലത്താണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടതെന്ന് കരുതാം. തമിഴ്നാട്ടിലെ ആർക്കോട്ട് ജില്ലയിലെ തിരുവണ്ണാമല ക്ഷേത്രത്തിൻ്റെ ഗർഭഗൃഹത്തോട് വളരെ സാമ്യമുള്ളതാണ് ക്ഷേത്രനിർമ്മിതി. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച ക്ഷേത്രത്തിൻ്റെ തൂണുകളിലും പുറംഭിത്തിയുടെ ചുറ്റുപാടും കൊത്തിയുണ്ടാക്കിയ ശില്പങ്ങൾക്ക് പല്ലവകാലഘട്ടത്തിലെ ശില്പങ്ങളോട് സാമ്യം തോന്നുക സ്വാഭാവികം. ഈ ക്ഷേത്രത്തിൻ്റെ ഉത്ഭവത്തെ കുറിച്ച് ചിന്തിക്കുമ്പോൾ വിദൂരമായ ആ ദേശത്തിൻ്റെ ചരിത്രം കൂടി കടന്നുവരും. തിരുവണ്ണാമല അരുണാചലേശ്വരം ക്ഷേത്രത്തിലെ ശില്പനിർമ്മിതികൾ പല്ലവകാലഘട്ടത്തിലേതാണ്.

ഈ ക്ഷേത്രത്തിൽ പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച അറുപത്തിയെട്ടോളം വിവിധ ദേവീദേവന്മാരുടെ പഞ്ചലോഹ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. വർഷങ്ങളോളം തകർന്ന് കാടുകയറി നശിച്ചു കിടന്ന ക്ഷേത്രത്തിൽ നിന്ന് കുറെയെല്ലാം മോഷ്ടിക്കപ്പെട്ടു. അവയിൽ ചിലത് വിദേശങ്ങളിലെ മ്യൂസിയങ്ങളിൽ എത്തിപ്പെട്ടിട്ടുണ്ട്. ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തിൽ അണ്ണാമലനാഥർ ക്ഷേത്രത്തിലുണ്ടായിരുന്ന നടരാജവിഗ്രഹം ചോളശില്പമാതൃകയായി പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീട് അവശേഷിച്ച 29 പഞ്ചലോഹ വിഗ്രഹങ്ങൾ പുരാവസ്തു വകുപ്പിൻ്റെ സംരക്ഷണത്തിൽ കേരളത്തിലെ വിവിധ മ്യൂസിയങ്ങളിൽ കാഴ്ചവസ്തുക്കളായി മാറി.

മുഖ്യപ്രതിഷ്ഠയായിരുന്ന ശിവലിംഗം ഇതിന് മുമ്പുതന്നെ വെള്ളാളരുടെ ചു മതലയിലുള്ള കാരിക്കോട് മുതലിയാർമഠം ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠ നടത്തിയിരുന്നു. ഏറെക്കാലമായി തകർന്നുകിടന്ന ക്ഷേത്രം ഏതാനും വർഷങ്ങൾക്കു മുമ്പ് വെള്ളാളസമുദായം ഏറ്റെടുത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. ക്ഷേത്രത്തിൻ്റെ പുരാതനത്വം നഷ്ടപ്പെടാതെ ഓരോ കല്ലും അഴിച്ച് കേടുപാടുകൾ വന്നത് പരിഹരിച്ച് വീണ്ടും പഴയ രൂപത്തിൽ സംയോജിപ്പിച്ചു. പുരാതന കാലത്ത് വെട്ടുകല്ലിൽ അടിത്തറ തീർത്ത ചുറ്റമ്പലം ഉണ്ടായിരുന്നതായി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിൽ ബോധ്യപ്പെട്ടതിനാൽ അതേ സ്ഥാനത്ത് ചുറ്റമ്പലം പണിത് പരിഷ്കരിച്ചിട്ടുണ്ട്. പഴയകാല നിർമ്മിതിയോട് ഒട്ടൊക്കെ താദാത്മ്യം പ്രാപിക്കുന്ന തരത്തിലാണ് പുതിയ പരിഷ്കാരം എന്നത് ആശ്വാസകരമാണ്. നാലമ്പലത്തിൻ്റെ തൂണുകളിലുള്ള ശില്പവേലകൾ കോൺ ക്രീറ്റിലാണെങ്കിലും പഴയതിനെ അനുകരിക്കുന്ന തരത്തിലാണ്.

ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഒരേ പീഠത്തിൽ പരമശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെ പഞ്ചലോഹവിഗ്രഹങ്ങളാണ് പ്രതിഷ്ഠ.

പൂർവ്വകാലത്ത് നിരവധി ശൈവസന്യാസികളുടെ സങ്കേതമായിരുന്നു ഈ ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിൻ്റെ മുഖത്തളത്തിൽ കല്ലിൽ നേരിയ കുഴിവുകൾ കാണുന്നത് സിദ്ധവൈദ്യൻമാർ കൂടിയായ ശിവയോഗികൾ മരുന്നരച്ച് നൽകിയതിൻ്റെ തെളിവാണത്രേ. ഓരോ തൂണിലും മനോഹരവും വിചിത്രവുമായ ശില്പങ്ങൾ കൊത്തി വച്ചിരിക്കുന്നു. ഒരു തലയും മൂന്നു ശരീരവുമുള്ള മനുഷ്യരൂപം, അഭിമുഖമായി നിൽക്കുന്ന ഒരു തലയുള്ള കാളയും ആനയും, അരയന്നത്തെ പിടിക്കാൻ പതുങ്ങി വരുന്ന ആൾരൂപം, വളയരൂപത്തിൽ പരസ്പരം ബന്ധിച്ച് ചക്രഗതിയിലുള്ള രണ്ടു മനുഷ്യർ എന്നിവ വിചിത്രമായതും ഗൂഢമായ അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്.

ശിവനും പാർവ്വതിയും, ഗണപതി സുബ്രഹ്മണ്യൻ, മുനിമാർ എന്നി ശില്പങ്ങളും തൂണുകളിൽ കാണാം.
വ്യാഘ്രപാദർ, അഗസ്ത്യർ, തിരുമൂലർ എന്നീ ശൈവസിദ്ധന്മാരുടെ രൂപങ്ങൾ തെക്കും വടക്കും കിഴക്കും ഭാഗത്ത് ചുമരിൻ്റെ മേൽഭാഗത്ത് കാണാവുന്നതാണ്. മേൽഭാഗത്ത് ചുറ്റുമുള്ള അലങ്കാരങ്ങളും കല്ലിൽ കൊത്തി പഴുതുകൾ ഉണ്ടാക്കിയ ജാലകങ്ങളും ശില്പവേലയുടെ സമ്പന്നത വിളിച്ചോതുന്നു. എങ്കിലും വാസ്തുനിർമ്മിതിയിലെ ലാളിത്യം ഇവിടെ പാലിക്കപ്പെട്ടിരിക്കുന്നു.

പണ്ടുണ്ടായിരുന്ന നാലമ്പലത്തിൻ്റെ ഭാഗമായിരുന്ന കരിങ്കൽ കവാടങ്ങളുടെ തകർന്ന ഭാഗങ്ങൾ പുറത്ത് ചിലയിടത്ത് സൂക്ഷിച്ചിട്ടുണ്ട്. ഒരു വശത്ത് മനുഷ്യരൂപവും മറുവശത്ത് തമിഴ് ലിഖിതവും കൊത്തിയ ഒരു തൂണിൻ്റെ തകർന്ന ഭാഗം കാണാനായി. കനകൻ പകവതി അമ്മൈ കണപതിയാർ കാടു...... എന്ന് ആ ലിഖിതം പുരാവസ്തു വിദഗ്ധയായ ഡോ.അമ്പിളി പിന്നീട് വായിച്ചെടുത്തു. ശേഷിക്കുന്ന ശിലാഭാഗം കണ്ടെടുക്കാനായില്ല.

ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് താഴെയായി കല്ലു കെട്ടിയ തീർത്ഥക്കുളവും കുളക്കരയിൽ യോഗീശ്വരൻ്റെ പ്രതിഷ്ഠയുമുണ്ട്. ക്ഷേത്രത്തിൻ്റെ ഭരണച്ചുമതലയിലുള്ള സുധാകരൻ ചേട്ടനും അദ്ദേഹത്തിൻ്റെ അനുജൻ സുധീപും ക്ഷേത്രത്തിൻ്റെ കാര്യങ്ങൾ വിശദീകരിച്ചു തന്നു.

പിന്നീട് കാരിക്കോട് ഭഗവതി ക്ഷേത്രത്തിലേയ്ക്കാണ് പോയത്. കാരിക്കോട് ആസ്ഥാനമാക്കി ഒമ്പതാം നൂറ്റാണ്ടു മുതൽ AD 1600 വരെ കീഴ്മലനാട്ട് രാജാക്കന്മാരുടെയും AD 1600 ലെ ദത്തുകയറൽ വഴി വടക്കുംകൂർ രാജവംശത്തിൻ്റെ ഭാഗമായി മാറിയപ്പോഴും ഭരദേവതാസ്ഥാനം കാരിക്കോട് ഭഗവതിക്ഷേത്രമായിരുന്നു. ഉഗ്രഭാവത്തിലുള്ള ഭദ്രകാളിയാണ് പ്രതിഷ്ഠ. താമസഭാവമുള്ള ശാക്തേയ പൂജകൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. ഉത്സവത്തിന് കൊടി കയറ്റുന്നത് തന്ത്രിയല്ല മറിച്ച് വെളിച്ചപ്പാടാണ്. എല്ലാ ദിവസവും കളമെഴുത്തുംപാട്ടും നടത്തി വരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഭരണത്തിലാണ്. ആധുനിക രീതിയിൽ കോൺക്രീറ്റ് സൗധങ്ങളായി പുനർനിർമ്മിച്ചതോടെ ക്ഷേത്രത്തിൻ്റെ പുരാതനത്വവും പാരമ്പര്യഭംഗിയും എന്നെന്നേയ്ക്കുമായി നഷ്ടമായി എന്നത് ഏറെ നിരാശയുണ്ടാക്കുന്നതാണ്.

നന്ദിയുടെ വളരെ വിശേഷപ്പെട്ട രണ്ടു ശിലാവിഗ്രഹങ്ങളും തമിഴ് ലിഖിതങ്ങളോടു കൂടിയ ഒരു ശിലാഫലകവും മാത്രമാണ് പഴയത് എന്ന നിലയിൽ ക്ഷേത്രസങ്കേതത്തിൽ കാണാനായത്.

ഗരുഡൻ തൂക്കം ആടാനായി നിർമ്മിച്ച സ്റ്റേജിലേക്ക് കയറാനായി പിടിച്ചിട്ടിരിക്കുന്ന രണ്ടു കരിങ്കൽ ഫലകങ്ങളിൽ ഒന്നിലാണ് ക്ഷേത്രചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന പ്രസ്തുത തമിഴ് ലിഖിതം കാണപ്പെടുന്നത്. മുൻകാലത്ത് പുരാവസ്തു വിദഗ്ധന്മാരുടെയും ചരിത്രകാരന്മാരുടെയും ശ്രദ്ധ പതിഞ്ഞിട്ടുള്ള വിശേഷപ്പെട്ട പുരാലിഖിതം സ്റ്റേജിലേക്ക് ചവിട്ടിക്കയറാൻ നടക്കല്ലായി ഉപയോഗിക്കുന്നത് കണ്ടപ്പോൾ വളരെ വിഷമം തോന്നി.

இரமாவன்மராயார் கொயில் காரியகரഗன் மலைநிறா இரഗഗിனகிரி பரமெச்செரரியைத்தெ ண்டநமச்கா....

(ഇരാമവന്മാരായർ കൊയിൽ കാരിയകരഗൻ മലൈനിൻറാ ഇരഗ്ഗിനകിരി പരമെച്ചെരിയൈ ത്തണ്ടനമസ്കാ.......)

ഇത്രയും വായിച്ചെടുക്കാനായി.
രാമവന്മരായർ എന്ന കോയിലധികാരി മലയിൽ വാഴുന്ന രത്നഗിരി പരമേശ്വരിയെ ദണ്ഡനമസ്കാരം ചെയ്യുന്നു എന്നാവാമെന്ന് തോന്നുന്നു.

തമിഴ്‌നാട് ജില്ലയിലെ ആർക്കോട്ടുള്ള രത്നഗിരിയിലെ പരമേശ്വരിയെയാണ് ഭഗവതിയായി കരുതുന്നത് എന്ന് ലിഖിതത്തിൽ നിന്ന് കരുതേണ്ടിയിരിക്കുന്നു. കാരിക്കോട് ഭഗവതി ക്ഷേത്രത്തിൻ്റെ പുനർനിർമ്മിതിയുടെ കാലത്ത് നടക്കല്ലിൻ്റെ ഭാഗമായിരുന്ന ഈ ലിഖിതം എടുത്തു മാറ്റിയതാണത്രേ.

അങ്കാളമ്മൻ സങ്കല്പത്തിലുള്ള കാളിയെ പ്രതിഷ്ഠിച്ച മറ്റൊരു ക്ഷേത്രം അല്പം പടിഞ്ഞാറുമാറി കാണാവുന്നതാണ്. തമിഴ് വിശ്വകർമ്മസമൂഹമാണ് അവിടെ ഭരണച്ചുമതല. കാരിക്കോട് ക്ഷേത്രത്തിൻ്റെ മുന്നിൽ തന്നെ മറ്റൊരു ഗണപതിക്ഷേത്രവുമുണ്ട്. കുറച്ച് കിഴക്കു മാറിയാണ് പ്രശസ്തമായ നൈനാർ പള്ളി മസ്ജിദ്. വടക്കുംകൂർ രാജാവിൻ്റെ സൈന്യാധിപൻ കൂടിയായിരുന്ന പറക്ക വെട്ടി റാവുത്തർക്കും അനുയായികൾക്കുമായി പതിനാറാം നൂറ്റാണ്ടിൽ രാജാവ് പണിതു കൊടുത്തതാണത്രെ ഈ മുസ്ലിം ആരാധനാലയം.

വടക്കുംകൂറിൻ്റെ കോട്ടയിരുന്ന സ്ഥാനത്തേയ്ക്കാണ് പിന്നീട് പോയത്. കാരിക്കോട് ക്ഷേത്രത്തിൻ്റെ മുന്നിൽ നിന്ന് തെക്കോട്ട് ഇടവെട്ടി റോഡിൽ നടക്കുമ്പോൾ ഒരു തോടിന് കുറുകെ പാലം. പാലം കടന്ന് ലേശം കൂടി നടന്നാൽ ഇടതു വശത്ത് ഉയർന്ന ഭാഗത്തായി നടകൾ കയറിയെത്തിയാൽ ഒരു കാവ്. വടക്കുംകൂർ രാജാവ് അറയിൽ വച്ച് ആചരിച്ചിരുന്ന ഭഗവതിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. സർപ്പക്കാവിൽ നാഗദേവതാപ്രതിഷ്ഠയുമുണ്ട്. കോട്ടയ്ക്കുള്ളിലെ അവശേഷിക്കുന്ന അരയേക്കറോളം സ്ഥലമാണിത്. ഏറെക്കുറെ കാടുപിടിച്ച് കിടക്കുന്നു. ബാക്കി രണ്ടര ഏക്കറോളം പുരയിടം പല കാലങ്ങളിലായി പലരും കയ്യേറി അന്യാധീനപ്പെട്ടിരിക്കുന്നു. അവിടെയെല്ലാം വീടുകളാണ്. ആ ഭാഗത്തായിരുന്നു കോവിലകക്കെട്ടുകൾ ഉണ്ടായിരുന്നത്.

കോട്ടവാതിലിൻ്റെ ചുവടുപടിയായി ഉപയോഗിച്ചിരുന്ന ഭീമാകാരമായ കരിങ്കൽ കട്ടിള കയ്യാലയുടെ ഭാഗമായി മാറിയിക്കുന്നത് ശ്രദ്ധയിൽ പെട്ടു. കൂടാതെ മറ്റു രണ്ടു ഭീമൻ ശിലാഖണ്ഡങ്ങളുടെ തുമ്പുകൾ കൂടി ഇതിനടുത്ത് കണ്ടു. കോട്ട കെട്ടിയിരുന്ന കരിങ്കൽ കട്ടകളും കയ്യാലയുടെ ഭാഗമായി കാണാനായി. തൊടുപുഴയാറ്റിലേക്ക് ഒഴുകിച്ചേരുന്ന കോട്ടത്തോട് കിടങ്ങു പോലെ മൂന്നു വശങ്ങളിലും കോട്ടയെ ചുറ്റിയാണ് ഒഴുകുന്നത്.

വടക്കുംകൂറിൻ്റെ ഈ കോട്ടയും കോവിലകവും AD 1752 ൽ തിരുവിതാംകൂറിൻ്റെ ആക്രമണകാലത്ത് രാമയ്യൻ ദളവയും സൈന്യവും തകർക്കുകയും കോവിലകം ചുട്ട് ചാമ്പലാക്കുകയും ചെയ്തു. എന്നാൽ വടക്കുംകൂർ രാജാവ് കോട്ടയ്ക്ക് തീയിട്ട ശേഷം ഓടി രക്ഷപ്പെട്ടു എന്നാണ് പിൽക്കാലത്ത് ഭരണാധികാരികളായ തിരുവിതാംകൂർ പ്രതിനിധികൾ പ്രചരിപ്പിച്ചത്. തൊടുപുഴയിലെ ചിലരെങ്കിലും ഈ വിശ്വാസം വച്ചു പുലർത്തുന്നവരുമാണ്. കോട്ട കത്തിച്ചതിൻ്റെ സ്മരണയുണർത്തുന്ന ഒരു പ്രത്യേക ചടങ്ങ് കാരിക്കോട് ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ നടന്നുവരുന്നു. കോട്ടയുടെ മാതൃക തടിയിലുണ്ടാക്കി വച്ച് പ്രത്യേക ചടങ്ങുകളുടെ അകമ്പടിയോടെ കത്തിക്കുന്ന ചടങ്ങാണിത്.

കിഴ്‌മലൈനാടിൻ്റെയും വടക്കുംകൂറിൻ്റെയും സുവർണകാലത്തിൻ്റെ പ്രൗഡി കാരിക്കോട്ടെ ചരിത്ര പൈതൃകസമ്പന്നതയിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. കീഴ്മലനാടും വടക്കുംകൂറും തെക്കുംകൂറും പഴയ വെമ്പലനാട്ടു രാജവംശക്കാരായ മണികണ്ഠന്മാർ തന്നെയായിരുന്നു. ഭരണസൗകര്യത്തിനായി കീഴ്മലനാട് ഒമ്പതാം നൂറ്റാണ്ടിൽ സ്വയം ഭരണാധികാരം നേടി. കാരിക്കോടിന് കിഴക്ക് കൊതകുത്തിയിലായിരുന്നു കീഴ്മലനാട്ടു രാജാവിൻ്റെ കോവിലകം. AD 1252 കീഴ്മലനാടിൻ്റെ കിഴക്കൻ ഭാഗങ്ങൾ ( ഇന്നത്തെ ഇടുക്കി ജില്ലയുടെ വടക്കൻ ഭാഗങ്ങൾ ) പൂഞ്ഞാർ രാജവംശത്തിലെ മാനവിക്രമന്, കീഴ്മലനാട്ടിലെ കോതവർമ്മ രാജാവ് വിറ്റതാണ്. അങ്ങനെയാണ് കണ്ണൻമലയൊക്കെ പൂഞ്ഞാറിൻ്റെ കൈവശമായത്. ഈ കോതവർമ്മയാണ് കോതമംഗലം എന്ന സ്ഥലനാമത്തിന് കാരണക്കാരനായത്. തൊടുപുഴ കൂടാതെ കോതമംഗലത്ത് തൃക്കാരിയൂരും മൂവാറ്റുപുഴയിലും കീഴ്മലനാടിന് ആസ്ഥാനങ്ങളുണ്ടായിരുന്നു.

കിഴ്മലനാട്ടു രാജാവിൻ്റെ കീഴിൽ ഭരണനിർവഹണത്തിനായി തമിഴ് വംശജരായ കോയിയന്മാരും മലയരയന്മാരും ഉണ്ടായിരുന്നുവത്രേ. ഇവർ ചേർന്ന് രാജാവിനെ അട്ടിമറിക്കുമെന്ന് ബോധ്യപ്പെട്ടപ്പോൾ രാജാവ് ഇക്കൂട്ടരെ മലകളിലേക്ക് ആട്ടിപ്പായിച്ചതെന്ന് ചിലർ കരുതുന്നു. ചോറ്റി കേന്ദ്രീകരിച്ച് ആധിപത്യം തുടർന്ന ഇക്കൂട്ടരെ പതിനഞ്ചാം നൂറ്റാണ്ടിൽ തെക്കുംകൂർ രാജാവ് അമ്പഴത്തുങ്കൽ കർത്താക്കൻമാരുടെ സഹായത്തോടെ തെക്കോട്ട് തുരത്തിയോടിച്ചതായും പമ്പാതീരത്ത് അയിരൂരിൽ ശേഷിച്ചവർ വാസമുറപ്പിച്ചതായും വാമൊഴി ചരിത്രങ്ങൾ.

തുടർന്ന് കീഴ്മലനാട്ട് രാജാവ് തെങ്കാശിയിൽനിന്ന് ശൈവ വെള്ളാളരെ ക്ഷണിച്ചുവരുത്തി ഭരണസ്ഥാനങ്ങളിൽ അവരോധിച്ചുവെന്നും ഇതോടെ തൊടുപുഴയിലെ വ്യാപാരരംഗത്ത് വെള്ളാളർ മേൽക്കൈ നേടിയെന്നും അറിയാൻ കഴിയുന്നു. തമിഴ് പാരമ്പര്യം നിലനിർത്തുന്ന അണ്ണാമലനാഥർ ക്ഷേത്രത്തിൻ്റെ ഭരണച്ചുമതല ഇങ്ങനെയാവാം വെള്ളാളരുടെ കൈകളിലെത്തിച്ചേർന്നത്.

കീഴ്മലനാട്ടു രാജാവിനെ പോർച്ചുഗീസ് രേഖകളിൽ തൊടുബുള രാജാവ് (King of Todubule) എന്നാണ് പരാമർശിച്ചിരിക്കുന്നത്. ഏറെ കുരുമുളക് വിളയുന്നതിനാൽ തൊടുപുഴയങ്ങാടിയിലെ വാണിജ്യത്തിൽ പറങ്കികൾക്ക് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. കൊച്ചിയിൽ നിന്ന് മധുരയിലേക്ക് പോകാനായി പറങ്കികൾ ഉപയോഗിച്ചിരുന്ന പരമ്പരാഗതപാത തൊടുപുഴ കടന്നായിരുന്നു. കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, ഉടുമ്പന്നൂർ, കീഴ്പെരിയാർ, വണ്ടിപ്പെരിയാർ, കമ്പം മേട് കടന്ന് മധുരയിലേയ്ക്കുള്ള പാതയും പെരിഞ്ചാങ്കുട്ടിയും കടന്ന് തേവാരത്തേയ്ക്കുള്ള പാതയും അത്തരത്തിൽ വാണിജ്യ പ്രാധാന്യമുള്ളവയായിരുന്നു.

AD 1578 ലാണ് കാരിക്കോട് ക്ഷേത്രം സ്ഥാപിതമായതെന്നു കരുതപ്പെടുന്നു. AD 1548 മുതൽ 1552 വരെ കൊച്ചിയും വടക്കുംകൂറും തമ്മിലുണ്ടായ പ്രസിദ്ധമായ വടുതല (ചേർത്തല) യുദ്ധത്തിൽ വടക്കുംകൂർ രാജകുടുംബത്തിലെ മുഴുവൻ പുരുഷപ്രജകളും കൊല്ലപ്പെട്ടു. പ്രായമായ ഒരു റാണിയാണ് പിന്നീട് ഭരിച്ചത്. AD1600ൽ കീഴ്മലനാട്ടിലെ രാജാവിനെ വടക്കുംകൂറിലേയ്ക്ക് ദത്തെടുത്തു. അതോടെ വടക്കുംകൂറിൻ്റെ പ്രധാന ആസ്ഥാനം കാരിക്കോടായി മാറി. അക്കാലത്താണ് കാരിക്കോട് കോട്ട നിർമ്മിച്ചത് എന്നു കരുതാവുന്നതാണ്.

മാർത്താണ്ഡവർമ്മയുടെ ആക്രമണകാലത്ത് കോഴിക്കോട്ട് അഭയം നേടിയ വടക്കുംകൂർ രാജവംശത്തിലെ കാരിക്കോട് ശാഖക്കാർ പിൽക്കാലത്ത് കടനാട്ടിലും കടുത്തുരുത്തി ശാഖക്കാർ വൈക്കത്തുമാണ് സ്ഥാനമുറപ്പിച്ചത്. അവിടങ്ങളിൽ ഇപ്പോൾ അവരുടെ പിന്മുറക്കാരുമുണ്ട്.

കാരിക്കോട്ടു നിന്ന് തിരിച്ച് തൃക്കാരിയൂർ ശിവക്ഷേത്രം, കല്ലിൽ ഗുഹാക്ഷേത്രം എന്നിവ കൂടി സന്ദർശിച്ചാണ് മടക്കയാത്ര ഉണ്ടായത്.

മടങ്ങുമ്പോഴും പിടികിട്ടാത്ത ചില സമസ്യകൾ ചിന്തയെ അലട്ടിക്കൊണ്ടിരുന്നു. അതു അണ്ണാമലനാഥർ ക്ഷേത്രത്തിൻ്റെ സ്ഥാപനചരിത്രത്തെ ചുറ്റിപ്പറ്റി തന്നെയായിരുന്നു. വ്യക്തത വരുത്തേണ്ട ഊഹാപോഹങ്ങളാണ് അതിൽ പലതും.
സംഘകാലത്തോളം പഴക്കമുള്ള മലയമാൻ രാജവംശത്തിൻ്റെ അധീനതയിലായിരുന്നു തിരുവണ്ണാമലയുൾപ്പെടുന്ന ആർക്കോട് പ്രദേശം. തിരുക്കോയിലൂർ ആയിരുന്നു മലയമാൻ രാജവംശത്തിൻ്റെ ആസ്ഥാനം. ബാണന്മാർ എന്ന പേരിൽ ആന്ധ്ര മുതൽ കേരളം വരെയും പ്രശസ്തരായത് ഇവരാകാം. കോവലർ, കോവലരയർ, മലയരയർ എന്ന അപരനാമങ്ങളിൽ മലയമാൻ രാജാക്കന്മാരുടെ ശിലാശാസനങ്ങൾ ഏറെയുണ്ട്. പല്ലവൻമാരുടെയും പിൽക്കാലത്ത് ചോളന്മാരുടെ മേൽക്കോയ്മ ഇവരുടെ മേലുണ്ടായി.

കേരളത്തിൽ ചോളന്മാർ മേൽക്കോയ്മ സ്ഥാപിച്ചതോടെ ചോള സാമന്തന്മാരായി ഇവർ ഏലം വിളയുന്ന ഈ മലയോരമേഖലയിൽ നിയോഗിക്കപ്പെട്ടിരിക്കാം. കേരളത്തിലെ തദ്ദേശീയ നാട്ടുരാജവംശങ്ങളോട് ഏറ്റുമുട്ടി നൂറ്റാണ്ടുകളോളം ഇവർ ആധിപത്യം നിലനിർത്തിയിരിക്കാം. വടക്കുംകൂർ-തെക്കുംകൂർ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന കോവിലന്മാർ, കോയി യന്മാർ, കോയിക്കന്മാർ എന്നൊക്കെ പരാമർശിക്കുന്ന കഥാപാത്രങ്ങളുടെ വേരുകൾ ഇവരിലേക്ക് നീളുന്നതാണോ എന്നും പരിശോധിക്കേണ്ടതാണ്. എന്തായാലും അധികാരത്തിൽ നിന്ന് ഏതോ കാലത്ത് നിഷ്കാസിതരായ ഒരു ഭരണവർഗ്ഗത്തിൻ്റെയും അവരുടെ കൂടെയെത്തിയ വലിയൊരു ജനവിഭാഗത്തിൻ്റെയും പിൽക്കാല ചരിത്രം ദുരൂഹതകൾ നിറഞ്ഞതാണ്.

കാഞ്ഞിരപ്പള്ളിയിലെ മധുരമീനാക്ഷി ക്ഷേത്രത്തിൽ കാണുന്ന ശിലാലിഖിതത്തിൽ പരാമർശിക്കുന്ന "സമരകോലാഹലൻ മാവേലിവാണാദിരായർ" മധുര സുൽത്താൻമാർക്കു ശേഷം അധികാരം കൈയ്യടക്കുകയും രാമനാട് മുതൽ കേരളത്തിലെ മലനാട് വരെയും സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്ത ഒരു ബാണരാജാവാണ്. വളരെ ഹൃസ്വകാലത്താണ് ഈ ഭരണം നിലനിന്നത്. അതിനാൽ തന്നെ ദക്ഷിണേന്ത്യയുടെ മുഖ്യധാരാ ചരിത്രകാരന്മാരുടെ ശ്രദ്ധയിൽ പെടാതെ പോയ ഒന്നാണ് ഈ കാലഘട്ടം.

പോർച്ചുഗീസ് നിർമ്മിത ഭൂപടങ്ങളിൽ മലീൻസ് എന്ന് അടയാളപ്പെടുത്തിയ ഭൂപ്രദേശമാണ് ഈ അധിനിവേശ രാജ്യമെന്ന് കരുതേണ്ടിയിരിക്കുന്നു. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഗോത്രജനതയായ മലയരയന്മാർ ആചാരനുഷ്ഠാനങ്ങൾ കൊണ്ടും വംശപരമായ തനിമ കൊണ്ടും പ്രോട്ടോ ആസ്ട്രലോയിഡ് / നെഗ്രിറ്റോയ്ഡ് സ്വഭാവങ്ങളുള്ള മറ്റു ആദിവാസികളിൽ വ്യത്യസ്തരാണ്. ദ്രാവിഡ ഗോത്രസംസ്കാരമാണ് വൈദ്യവും മന്ത്രവാദവുമൊക്കെ പരമ്പരാഗതമായി തുടർന്നുവരുന്ന മലയരയന്മാരുടെ പൈതൃകത്തിന് ആധാരമായിട്ടുള്ളത്. അടുത്ത കാലത്ത് കണ്ടെടുത്ത മലയാളത്തിലെ പ്രാചീന കൃതിയായ "തിരുനിഴൽമാല"യിൽ ആറന്മുള ക്ഷേത്രത്തിൽ ബലിയും മറ്റു ചില അനുഷ്ഠാനങ്ങളും നടത്തുന്നത് മലയന്മാരാണ്. ആ ജനവിഭാഗം അതേ പേരിൽ ഇന്ന് വടക്കേ മലബാറിലാണുള്ളത്. മലയരയന്മാരുടെയും മലയന്മാരുടെയും പൂർവ്വ ചരിത്രം ഒരിടത്തേക്ക് എത്തുന്നുണ്ടോ? കോയിൻമാർ ഇവരിൽ നിന്ന് വേറിട്ട് നിന്ന മറ്റൊരു സമൂഹമാണോ? ഇവർക്കൊക്കെയും ബാണന്മാരുമായി എന്താണ് ബന്ധം?

കോയിയന്മാരും മലയരയന്മാരും ഈ മലമേടുകളിൽ മുൻകാലങ്ങളിൽ ഒന്നിച്ച് അധിവസിച്ചിരുന്നു എന്നതിൽനിന്ന് അധികാരസ്ഥാനങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെട്ട ഇവർ സുരക്ഷിതസ്ഥാനങ്ങളായി മലമടക്കുകൾ തെരഞ്ഞെടുത്ത് നൂറ്റാണ്ടുകളോളം ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. കോയിയന്മാരുടെ പിന്മുറക്കാരിൽ ചിലരെങ്കിലും അയിരൂരിൽ ഉണ്ടാവാം. ഒരു പക്ഷേ അവരിൽ നിന്ന് ചരിത്രത്തിലേയ്ക്കുള്ള കണ്ണി കണ്ടെത്താനാവുമായിരിക്കും.

പള്ളിക്കോണം രാജീവ്

കുട്ടിക്കാനം - പേരിന്റെ ചരിത്രം

 


കുട്ടിക്കാനം - പേരിന്റെ ചരിത്രം




ഇടുക്കി ജില്ലയിലെ ഒരു മനോഹരമായ വിനോദസഞ്ചാര കേന്ദ്രം ആണ് കുട്ടിക്കാനം.
എന്നാല് "കുട്ടിക്കാനം" എന്ന പേരിന്റെ അർത്ഥം വളരെ കൗതുകകരമാണ്.
കടലൂർ രാമചന്ദ്ര അയ്യരുടെ മാനുവൽ ഓഫ് മലബാർ ലോ എന്ന ഗ്രന്ഥത്തിൽ പറയുന്നത് പ്രകാരം "കുട്ടിക്കാനം" എന്നാല് പാട്ടക്കാരൻ താൻ പാട്ടം എടുത്തിരിക്കുന്ന വന ഭൂമിയിൽ നിന്ന് മുറിക്കുന്ന ഓരോ മരത്തിനും സ്ഥലം ഉടമയ്ക്ക് - അത് സർക്കാര് ആവാം അല്ലെങ്കിൽ ജന്മി ആകാം - നൽകേണ്ട വിഹിതം ആണ് എന്നാണ്.

പണ്ട് കാലങ്ങളിൽ രാജാക്കന്മാരും ജന്മിമാരുടെ തങ്ങളുടെ കീഴിൽ ഉള്ള നോക്കെത്താ ദൂരത്തോളം ഉള്ള വണ ഭൂമികൾ ബ്രിട്ടീഷ് കമ്പനികൾക്ക് തേയില, കാപ്പി, ഏലം തോട്ടങ്ങൾ നടത്താൻ പാട്ടത്തിന് നൽകുന്ന പതിവ് ഉണ്ടായിരുന്നു. ആ വനഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയാണ് അവർ കൃഷി ഇറക്കുക. ഇങ്ങനെ പാട്ട ക്കാരൻ മരം മുറിച്ച് വിൽക്കുമ്പോൾ മുറിക്കുന്ന ഓരോ മരത്തിനും സ്ഥലം ഉടമയ്ക്ക് കൊടുക്കേണ്ട വിഹിതം ആണ് "കുട്ടിക്കാനം" എന്ന് പറയുന്നത്. 1916 ലേ ലാൻഡ് റവന്യൂ മാനുവലിൽ ഈ പദത്തിന് തത്തുല്യമായ ആംഗലേയ പദമായി ചേർത്തിരിക്കുന്നത് "Seigniorage" എന്നാണ്.

ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു വിലും ഇതേ അർഥം ആണ് കൊടുത്തിരിക്കുന്നത്.

ഇന്നത്തെ കുട്ടിക്കാനം ഉൾപ്പെട്ട പ്രദേശങ്ങൾ തിരുവിതാംകൂർ രാജവംശം ബ്രിട്ടീഷ്കാർക്ക് ഈ വ്യവസ്ഥയിൽ തോട്ടം വ്യവസായത്തിന്റെ വിട്ടു നൽകിയതിനാൽ ആണ് കുട്ടിക്കാനത്തിന് ആ പേര് പതിയാൻ ഇടയായത്. തിരുവിതാംകൂർ ദിവാൻ ആയിരുന്ന കേണൽ മൺറോ ആണ് ഇടുക്കിയിലെ തോട്ടം വ്യവസായത്തിന്റെ ശില്പി. ഇവിടുത്തെ ആദ്യത്തെ എസ്റ്റേറ്റ് ഇന്ന് ബേതെൽ പ്ലാന്റേഷന്‌സ് ആയി മാറിയ പഴയ ഹോപ്പ് പ്ലാന്റേഷൻ ആയിരുന്നു. 1820 കളിൽ ആണ് ഇത് സ്ഥാപിതമായത്.

മൂന്നാര്‍ ആരുടെ ഭൂമിയാണ്?

 


മൂന്നാര്‍ ആരുടെ ഭൂമിയാണ്?

പണ്ടുപണ്ട് ആദിയില്‍, ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും ശേഷം സഹ്യപര്‍വ്വതത്തിലെ ഇടതൂര്‍ന്ന മഴക്കാടുകളില്‍ ഒരു സായിപ്പ് വെടിക്കിറങ്ങി. അക്കാലമവിടെ കാട്ടുമൃഗങ്ങളും മുതുവാന്‍മാരും സൈ്വരമായി പുലര്‍ന്നിരുന്നു. വന്യമൃഗങ്ങളെ വെടിവെച്ചുരസിച്ച് സായിപ്പിന് കാടിന്റെ സമൃദ്ധിയേക്കാള്‍, ഈര്‍പ്പംകിനിയുന്ന കറുത്ത മണ്ണാണ് പിടിച്ചത്. നായാട്ടിനിറങ്ങിയ കേണല്‍ മണ്‍റോ കണ്ണന്‍ ദേവന്‍ മലനിരകളിലെ കൃഷിസാധ്യത കണ്ടെത്തുന്നത് അങ്ങനെയാണ്. അങ്ങനെ വേട്ടക്കാരന്‍ സായിപ്പ് തോട്ടക്കാരനായി മാറി. ഹൈറേഞ്ചിലെ മികച്ച തോട്ടക്കാരനും വേട്ടക്കാരനുമായാണ് ചരിത്രം കേണല്‍ മണ്‍റോയെ രേഖപ്പെടുത്തുന്നത് (Muthiah.1993: 61). സമൃദ്ധമായ വനഭൂമിയുടെ അന്ത്യവും തോട്ടംവിളകളുടെ ആരംഭവുമായിരുന്നു ഡാനിയല്‍ മണ്‍റോയുടെ സംഭാവന. അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിലെ സമൃദ്ധമായിരുന്ന 'മഴക്കാടിന്റെ അന്തകന്‍' എന്ന വിശേഷണവും ഡാനിയേല്‍ മണ്‍റോക്ക് ചേരും.

ഭൂമി വിലക്കുവാങ്ങി പാര്‍പ്പുറപ്പിച്ച ആദ്യകാല കുടിയേറ്റകുടുംബമാണ് പൂഞ്ഞാര്‍ രാജവംശമായിത്തീര്‍ന്നത്.

ആ ഭൂമി അവരുടേതായിരുന്നു
പൂഞ്ഞാര്‍ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ഭൂപ്രദേശമാണ് ഇന്നത്തെ ദേവികുളം താലൂക്കിലെ മൂന്നാര്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശം. ക്രിസ്തുവര്‍ഷം 1160 ല്‍ മാനവിക്രമന്‍ എന്ന പാണ്ഡ്യരാജാവും ചോള രാജാവുമായി മധുരയില്‍വെച്ച് യുദ്ധം നടന്നുവെന്നും യുദ്ധത്തില്‍ പരാജയപ്പെട്ട മാനവിക്രമന്‍ മധുര ഭരണം അനുജന്‍ മാരവര്‍മ്മനെ ഏല്‍പ്പിച്ച് പശ്ചിമഘട്ടം കടന്ന് കുമളിയില്‍ എത്തിയെന്നും തമിഴനാട് കേരള കവാടമായ ഗൂഡല്ലൂരില്‍ ആദ്യം താമസമുറപ്പിച്ച മാനവര്‍മ്മന്‍ തെക്കുംകൂര്‍ രാജാവില്‍നിന്നും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, ഇടുക്കി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 750 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വിലക്കുവാങ്ങിയെന്നും മാനവിക്രമനും കുടുംബവും ഗൂഡല്ലൂരില്‍നിന്നും പൂഞ്ഞാര്‍ പനച്ചിപ്പാറയില്‍ താമസമുറപ്പിച്ചു എന്നുമാണ് ചരിത്രം.

ഭൂമി വിലക്കുവാങ്ങി പാര്‍പ്പുറപ്പിച്ച ആദ്യകാല കുടിയേറ്റകുടുംബമാണ് പൂഞ്ഞാര്‍ രാജവംശമായിത്തീര്‍ന്നത്. കുടിയേറ്റക്കാര്‍ മുന്നൂറ് വര്‍ഷംകൊണ്ട് കൂടുതല്‍ കേരളതമിഴ്‌നാട് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1200 ച കി. മി മേഖല സ്വന്തമാക്കി. എ.ഡി 1189നും 1450നും ഇടയില്‍ ഇന്നത്തെ ഇടുക്കി ജില്ലയുടെ മധ്യഭാഗത്തെ പലപ്രദേശങ്ങളും പൂഞ്ഞാര്‍ രാജവംശം വിലയ്ക്കുവാങ്ങിയതായും രേഖകളുണ്ട്. വിലക്കുവാങ്ങിയും കൈയ്യേറിയും സ്വന്തമാക്കിയ ഭൂമിയാണ് പൂഞ്ഞാര്‍ രാജാവിന്റെ സാമ്രാജ്യമെന്ന് ചുരക്കം. തെക്കുംകൂര്‍ രാജാവില്‍ നിന്ന വിലക്കുവാങ്ങുമ്പോഴോ, പലപ്രദേശങ്ങളും കൈയ്യേറിക്കൂട്ടിച്ചേര്‍ക്കുമ്പോഴോ രാജാക്കന്‍മാര്‍ അറിയാതെപോയ ഒരു കാര്യമുണ്ട്. അക്കാലം ആ മലനിരകളില്‍, കാടകങ്ങളില്‍ മുതുവന്‍, മന്നാന്‍, മലയരയന്‍, പളിയര്‍, ഊരാളി, മന്നാല്‍ അങ്ങനെയങ്ങനെ ഏഴോളം ഗോത്രമനുഷ്യര്‍ അധിവസിച്ചിരുന്നുവെന്ന്.

ആ ഭൂമി അവരുടേതായിരുന്നു. അവര്‍ക്കുമാത്രം അവകാശപ്പെട്ടതായിരുന്നു. മലയരയര്‍ മലനാട് ഭരിച്ചിരുന്നരാണ്. ഊരാളികള്‍ ഊര് വാണിരുന്നവരാണ്. മന്നാന്‍മാര്‍, മലമുടിയിലെ പ്രബല ഗോത്രഭരണരക്കാരായിരുന്നു. കണ്ണന്‍ദേവന്‍ മലനിരകള്‍ ഉള്‍പ്പെടുന്ന മൂന്നാര്‍ മേഖലയില്‍ മുതുവ ഗോത്രക്കാരല്ലാതെ മറ്റൊരു മനുഷ്യരുമുണ്ടായിരുന്നില്ല.

അങ്ങനെ വേട്ടക്കാരന്‍ സായിപ്പ് തോട്ടക്കാരനും ഭരണക്കാരനുമായിമാറി

മലമുകളില്‍ ഒരു ബ്രിട്ടീഷ് സാമ്രാജ്യം.

1793 ആയപ്പോഴേക്കും പൂഞ്ഞാര്‍ കുടിയേറ്റക്കാലം അസ്തമിക്കുന്നു. തിരുവിതാകൂറിന്റെ മേല്‍ക്കോയ്മ അംഗീകരിച്ച് ഭരണമൊഴിയുന്നു. തെക്കുംകൂറിനോട് വിലക്കുവാങ്ങിയ ഉടുമ്പന്‍ചോല, പീരുമേട് പ്രദേശങ്ങള്‍ 1842 ഓടെ തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. അവശേഷിച്ച് ഭൂപ്രദേശമായ കണ്ണന്‍ദേവന്‍ മലനിരകള്‍ അന്നത്തെ പൂഞ്ഞാര്‍ രാജാവ് കേരളവര്‍മ്മ 1877 ജൂലായ് 11ലെ പാട്ടക്കരാര്‍ പ്രകാരം ജോണ്‍ഡാനിയല്‍ മണ്‍റോ എന്ന ബ്രിട്ടീഷുകാരന് കൈമാറി. അങ്ങനെ വേട്ടക്കാരന്‍ സായിപ്പ് തോട്ടക്കാരനും ഭരണക്കാരനുമായിമാറി. മലമുകളില്‍ ഒരു ബ്രിട്ടീഷ് സാമ്രാജ്യം ഉദയംകൊള്ളുകയായിരുന്നു.

പത്തൊമ്പതാം ശതകത്തിന്റെ ആരംഭകാലം വരെ സ്‌റ്റേറ്റും ഗോത്രങ്ങളും തമ്മില്‍ മേലാളകീഴാള ബലതന്ത്രത്തിനുള്ളിലാണെങ്കിലും സ്വച്ഛന്ദമായൊരു ബന്ധം നിലനിന്നിരുന്നു. സ്‌റ്റേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളില്‍ എന്നാല്‍ ഭരണ നിര്‍വഹണത്തിന്റെ കടുംപിടുത്തങ്ങള്‍ക്ക് പുറത്ത്, ഒരുതരം സ്വയംഭരണാവസ്ഥ ഗോത്രങ്ങള്‍ അനുഭവിച്ചിരുന്നു. പതിനെട്ടാം ശതകത്തിലാണ് ഹൈറേഞ്ചിലേക്ക് ഇംഗ്ലീഷ് കാര്‍ഷിക അധിനിവേശം ആരംഭിക്കുന്നത്.

നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് മൂന്നാര്‍ കണ്ണന്‍ ദേവന്‍ മലനിരകളിലേക്ക് കൃഷിക്കായി ഇംഗ്ലീഷുകാര്‍ എത്തിച്ചേരുന്നത്. അക്കാലം അവിടെ കൊടുംകാടായിരുന്നു. ഇടതൂര്‍ന്ന വനങ്ങളും ചെങ്കുത്തായ കയറ്റിറക്കങ്ങളുമുള്ള പ്രദേശത്തൂകൂടെയുള്ള യാത്ര സാഹസികമായിരുന്നു. ദുര്‍ഗ്ഗമങ്ങളായ വനപാതകളെക്കുറിച്ച് മണ്‍റോ വിശദമായിതന്നെ രേഖപ്പെടുത്തുന്നുണ്ട്. (Munro, J. D.1906: 9) 1817ല്‍ ഹൈറേഞ്ച് പ്രദേശം സര്‍വേ ചെയ്യുന്നതിനായി ഇവിടം സന്ദര്‍ശിക്കുകയും പിന്നീട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശല്‍പികളാവുകയും ചെയ്ത വാര്‍ഡും അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന കോര്‍ണറും, പ്രവേശന സാധ്യമല്ലാത്തവിധം ഇടതൂര്‍ന്ന കൊടുംകാടായിരുന്നു ഹൈറേഞ്ചിലെതെന്ന് രേഖപ്പെടുത്തുന്നുണ്ട്.

അക്കാലത്ത് തിരുവിതാകൂറിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തെ സര്‍വേ വഴി കണ്ടെത്തുന്നതോടെയാണ് ബ്രിട്ടീഷുകാരുടെ കൃഷി താല്‍പര്യം ഉണരുന്നത്. പിന്നീട് 1862ല്‍ ഹാമില്‍ട്ടണും സംഘവും ആനമുടി കയറുന്നു. ആനകള്‍ സ്ഥിരമായി ഉപയോഗിച്ച് പതിഞ്ഞ ആനത്താരയിലൂടെയായിരുന്നു യാത്ര. ഈ ആനത്താരകളെ റോഡുകളാക്കി മാറ്റിക്കൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഹൈറേഞ്ചിലേക്കുള്ള വഴികള്‍ തുറന്നത്. ഹൈറേഞ്ചില്‍ റോഡുകള്‍ ഉണ്ടാക്കുന്നതിന് സഹായകരമായത് മുതുവാന്‍മാരുടെ കാടുമായുള്ള ബന്ധമായിരുന്നു. ആനകള്‍ നടന്നു നീങ്ങുന്ന വഴികള്‍ കണ്ടുപിടിച്ച് അവിടെയായിരുന്നു റോഡുകള്‍ വെട്ടിയത്. ആനകള്‍ ഉറച്ച ഭൂമിയിലൂടെ മാത്രമേ യാത്ര ചെയ്യുകയുള്ളൂ എന്നുള്ള പാരിസ്ഥിതിക തത്വം കണക്കിലെടുത്തുകൊണ്ടായിരുന്നു റോഡുനിര്‍മ്മാണം (ദാമു, ടി. 2010 :22). കാടിന്റെയും വന്യജീവികളുടെയും സൈ്വര്യസഞ്ചാരത്തെ, ആവാസവ്യവസ്ഥയെത്തന്നെ താറുമാറാക്കിയാണ് തോട്ടങ്ങളും അനുബന്ധ വികസനങ്ങളും രൂപപ്പെട്ടതെന്നര്‍ത്ഥം.

സ്വന്തം മണ്ണിലെ അഭയാര്‍ത്ഥികള്‍
പിന്നീടെന്തുണ്ടായി? 'ബ്രിട്ടീഷുകാര്‍ കണ്ണന്‍ ദേവന്‍ മലകള്‍ വിലക്കുവാങ്ങി തോട്ടങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമം ആരംഭിച്ചപ്പോള്‍ മുതുവാന്‍മാര്‍ വളരെയേറെ സഹായങ്ങള്‍ ചെയ്തുകൊടുത്തു. കാട്ടിലേക്കുപോയി കൃഷിക്ക് അനുകൂലമായ സ്ഥലങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ അവരുടെ സഹായം ബ്രിട്ടീഷുകാര്‍ക്ക് നിര്‍ലോഭം കിട്ടിയിരുന്നു (ദാമു, ടി. 2010 :22).'

കാട്ടിനുള്ളില്‍ കൃഷിക്ക് അനുയോജ്യമായ ഇടങ്ങള്‍ കണ്ടെത്തുന്നതിന് ഇംഗ്ലീഷുകാരെ സഹായിച്ചത് മുതുവാന്‍മാരാണ്. മൂന്നാറിന്റെ യഥാര്‍ത്ഥ ഉടമകളായിരുന്ന ഈ ആദിമ നിവാസികളെ ബ്രിട്ടീഷുകാര്‍ സമരത്ഥമായി ഒഴിവാക്കി. കാടുകളില്‍ പലഭാഗത്തായി കുടിവെച്ച് പാര്‍ത്തിരുന്നവരെ കുടിയിറക്കി. കോളനികള്‍ നിര്‍മ്മിച്ച് അവിടെ പാര്‍പ്പിച്ചു. പുനരധിവാസം എന്നാണ് കോളനിരേഖകള്‍ ഇതിനെ വിളിച്ചത്!

സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്ന് അടര്‍ന്നുപോയതോടെ ഗോത്രജീവിതം ശിഥിലമായി. കോളനികളില്‍ സ്ഥിരതാമസമാക്കുന്നതോടെ അവരുടെ അധ്വാനത്തെ തോട്ടങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നുവന്നു. ജീവസന്ധാരണത്തിനുള്ള ഗോത്ര മാര്‍ഗങ്ങള്‍ അടയുന്നതോടെ അധിനിവേശ ശക്തികള്‍ക്ക് വിധേയപ്പെടാന്‍ ഇവര്‍ നിര്‍ബന്ധിതരായി. അധികാരവും അറിവും സാങ്കേതികജ്ഞാനവും മാനേജ്‌മെന്റ് വൈദഗ്ധ്യവും അധികാര വ്യാപനത്തിനുള്ള ഉപകരണങ്ങളായി തീരുന്നതോടെ മൂന്നാറിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആദിവാസിക്കോളനികളിലെ ദരിദ്രജനതയായി മാറി.

ഗിരിവര്‍ഗ മനുഷ്യരുടെ ഗോത്ര ഘടനയെ അതേപടി പുനരധിവസിപ്പിക്കുന്നുവെന്ന തോന്നലുണ്ടാക്കികൊണ്ടാണ് കോളനികള്‍ നിര്‍മ്മിക്കപ്പെട്ടത്. അയഞ്ഞതും ശിഥിലവുമായിരുന്ന ജീവിത സംസ്‌കാരത്തെ സംഘടിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമങ്ങളും കോളനികളും സ്ഥാപിച്ചത്. തുറന്നതും വിശാലവുമായ വനസ്ഥലമെന്ന വാസസ്ഥലം മുതുവാന്‍മാര്‍ക്ക് നഷ്ടമായി. 'ആദിവാസിക്കോളനി'കള്‍ക്ക് അഥവാ കോളനി വീടുകള്‍ക്ക് വെളിയിലുള്ള സ്ഥലം തോട്ടങ്ങളാണ് തോട്ടങ്ങള്‍ അതിവിശാലമായ 'സ്വകാര്യ' സ്ഥലമാണ്. അവിടെ ഇറങ്ങാന്‍ മുതുവാന്‍മാര്‍ക്ക് അവകാശമില്ല. അങ്ങനെ കാര്‍ഷിക അധിനിവേശ മുതലാളിത്തം മുതുവാന്‍മാരെ അവരുടെ സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളാക്കിത്തീര്‍ത്തു.

കാര്‍ഷിക അധിനിവേശ മുതലാളിത്തം മുതുവാന്‍മാരെ അവരുടെ സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളാക്കിത്തീര്‍ത്തു.

അടിമജീവിതത്തിന്റെ ആരംഭം
കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്, ഒരു പുതിയ മൂന്നാര്‍ നിര്‍മ്മിക്കുമെന്നാണ് ഭരണകൂടം പറയുന്നത്. കയ്യേറ്റത്തിന്റെ ചരത്രത്തിലേക്ക് പോയാല്‍ തെക്കുംകൂറിനും, പൂഞ്ഞാറിനും, തിരുവിതാകൂറിനും, ബ്രിട്ടീഷ് വേട്ടക്കാര്‍ക്കും തോട്ടക്കാര്‍ക്കും മുമ്പ് മൂന്നാര്‍ ഭൂപ്രദേശത്ത് അധിവസിച്ചിരുന്നവര്‍ മുതുവാന്‍മാര്‍ മാത്രമാണ്. മൂന്നാര്‍ അവരുടെ ഭൂമിയാണ് എന്ന് സമ്മതിക്കേണ്ടിവരും. തോട്ടങ്ങളുടെ പിറവിമുതലുള്ള മൂന്നാറിനെക്കുറിച്ചാണ് വാദമെങ്കില്‍ മൂന്നാറിന്റെ അവകാശികള്‍ തമിഴ് തൊഴിലാളികളാണ്.

മദ്രാസ് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന ഗ്രിബള്‍ ടര്‍ണറും അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരന്‍ എ. ഡബ്യു. ടര്‍ണറും കൂടി മണ്‍റോ വിലക്കുവാങ്ങിയ ഭൂമി സന്ദര്‍ശിക്കുകയും ഇവര്‍ മണ്‍റോയ്ക്ക് ഒപ്പം ചേര്‍ന്ന് നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്റ് പ്ലാന്റ്ിംഗ് ആന്റ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മണ്‍റോ പാട്ടത്തിനുവാങ്ങിയ വനഭൂമി ഈ സൊസൈറ്റിയുടെ പേരിലേക്ക് മാറ്റി. കാര്‍ഷിക തൊഴിലാളി അടിമത്തത്തിന്റെ ആരംഭം ഇവിടെയാണ്. വനപ്രദേശം വെട്ടിത്തെളിച്ച് കൃഷിയിറക്കുന്നതിനാവശ്യമായ തൊഴിലാളികളെ തമിഴ്‌നാടിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്നും കൂട്ടത്തോടെ പശ്ചിമഘട്ടത്തിലേക്കെത്തിച്ചു. മദ്രാസ് അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. എ. ഡബ്യു. ടര്‍ണറുടെ നേതൃത്വത്തിലാണ് തമിഴ് ജനതയെ വനമേഖലയിലേക്ക് ആട്ടിത്തെളിച്ചത്. ബ്രിട്ടീഷ് ഭരണത്തില്‍ ടര്‍ണര്‍ സഹോദരന്‍മാര്‍ക്കുണ്ടായിരുന്ന സ്വാധീനവും ഈ തൊഴില്‍ റിക്രൂട്ട്‌മെന്റിന് സഹായകമായി. ഭൂമിയോ ഭൂമിയിന്‍മേലുളള അവകാശമോ ഈ അടിമത്തൊഴിലാളികള്‍ക്കുണ്ടായിരുന്നില്ല. തമിഴ് കുടിയേറ്റം എന്നുവിളിക്കാവുന്ന തൊഴിലാളികളുടെ ഈ കുടിയേറ്റം യഥാര്‍ത്ഥത്തില്‍ നൂറ്റാണ്ടുകളിലൂടെ ഇന്നും തുടരുന്ന അടിമജീവിതത്തിന്റെ ആരംഭമായിരുന്നു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക നാശവും ഇവിടെ കുറിക്കപ്പെടുന്നു.

പശ്ചിമഘട്ട മലനിരകള്‍ ബ്രിട്ടീഷ് തോട്ടം ഉടമകളുടെ അധീനതയിലായി. വനഭൂമി വെട്ടിത്തെളിച്ച് തോട്ടവിളകള്‍ നട്ടു. തോട്ടമുടമകള്‍ നിര്‍മ്മിച്ച് നല്‍കിയ താല്‍ക്കാലിക വാസസ്ഥലങ്ങളില്‍ കൂട്ടംകൂട്ടമായി തമിഴ് തൊഴിലാളികള്‍ താമസിച്ചു പണിയെടുത്തു. മൂന്നാര്‍ ദേവികുളം താലൂക്കിലെ മൂന്നാര്‍ മലനിരകളിലെ ഇന്നു കാണുന്ന തമിഴ് തൊഴിലാളി ജനത ഇവരുടെ പിന്‍മുറക്കാരാണ്. 1877 മുതല്‍ 1964വരെ പൂര്‍ണമായും 1983വരെ ഭാഗികമായും വൈദേശികാധിപത്യത്തിന്‍ കീഴിലായിരുന്നു കണ്ണന്‍ ദേവന്‍മലനിരകള്‍. 1983ല്‍ വിദേശ കമ്പനികള്‍ പൂര്‍ണ്ണമായും പിന്‍വാങ്ങി. പിന്നീട് കണ്ണന്‍ദേവന്‍ കുന്നുകള്‍ ടാറ്റയുടെ അധീനതയിലായി.

അടിമജീവിതത്തിന്റെ ചരിത്രസ്മാരകങ്ങളാണ് തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങള്‍.

അടിമ ലയങ്ങള്‍
കാട് വെട്ടിത്തെളിച്ച് തോട്ടം നിര്‍മ്മിക്കാന്‍ പശ്ചിമഘട്ടത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട തമിഴ്‌തൊഴിലാളികളാണ് കണ്ണന്‍ദേവന്‍ മലനിരകളെ ജനനിബിഡമാക്കിയത്. ആദ്യം ബ്രിട്ടീഷ് പ്രജകളായും സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് തൊഴിലാളികളായും സാങ്കേതികമായി കേരളത്തിന്റെ പൗരരുമായി അവര്‍ കണക്കാക്കപ്പെട്ടു. ദേശരാഷ്ട്രം രൂപം കൊള്ളുമ്പോള്‍ ഒരേസമയം ബ്രിട്ടീഷ് തോട്ടമുടമകളുടെ പ്രജകളും രാജ്യത്തിന്റെ പൗരന്‍മാരുമെന്ന ഉഭയാവസ്ഥയിലായിരുന്നു തമിഴ് തൊഴിലാളികള്‍. രണ്ട് നൂറ്റാണ്ടിലധികമായി ഒറ്റമുറി ലയങ്ങളില്‍ നാല് തലമുറകള്‍ പിറന്നതും വളര്‍ന്നതും മൃതിപ്പെട്ടതും ഈ ലയങ്ങളിലാണ്. കാര്‍ഷിക മുതലാളിത്തത്തിന്റെ, അടിമജീവിതത്തിന്റെ ചരിത്രസ്മാരകങ്ങളാണ് തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങള്‍.

ഈ ഒറ്റമുറി വീട് തൊഴിലാളിക്ക് സ്വന്തമല്ല. വീട്ടില്‍ നിന്ന് ആരെങ്കിലുമൊരാള്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ കുടുംബത്തിന് ലയത്തില്‍ താമസിക്കാം. അങ്ങനെയാണ് തലമുറകള്‍ പാര്‍ത്തുപോന്നത്. ആരും പുറത്തേക്ക് പോയില്ല, പഠിക്കാനും പോയില്ല. ജനിച്ച് പിച്ചവച്ച നാള്‍മുതല്‍ തോട്ടത്തില്‍ അലഞ്ഞുനടന്നു. പിന്നെ തൊഴിലാളിയായി. ഇപ്പോഴുള്ള തലമുറ കുട്ടികളെ പഠിക്കാനയക്കുന്നുണ്ട്. അവര്‍ പഠിച്ച് മറ്റ് തൊഴിലുകള്‍ തേടിപ്പോവുകയും ഇപ്പോള്‍ തൊഴിലെടുക്കുന്ന മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍ പ്രായം ആവുകയും ചെയ്താല്‍, നൂറ്റാണ്ടുകളായി പല ജനിച്ച തലമുറകള്‍ പെറ്റുവളര്‍ന്ന, മൃതിപ്പെട്ട ഓര്‍മ്മയുടെ വീട് ഒഴിഞ്ഞുപോകണം ഇവര്‍.

തങ്ങള്‍ക്കുമുണ്ട് ചരിത്രമെന്ന് പറയാനുള്ള വെമ്പലുണ്ട് ഈ ചുമര്‍ചിത്രങ്ങള്‍ക്ക്.

എവിടേക്ക് പോകും.?

എവിടേക്ക് പോകും.? ഈ ജനതയുടെ ഗൃഹാതുരത്വം എന്താണ്? മൂന്നാര്‍ ലയങ്ങളിലെ ഒറ്റമുറി വീടുകളിലേക്ക് കയറിച്ചെന്നാല്‍ അവിടെ ഭിത്തിയില്‍ ചില്ലിട്ടുവച്ചിരിക്കുന്ന നിരവധി ചിത്രങ്ങള്‍ കാണാം. കിട്ടാവുന്നതില്‍ ഏറ്റവും പഴയ തലമുറയുടെ ചിത്രങ്ങള്‍ തുടങ്ങി പുതിയ തലമുറവരെ ഫോട്ടോകളായി ഭിത്തിയില്‍ തൂങ്ങുന്നു. തങ്ങളുടെ പൂര്‍വികരിലേക്ക് എത്തിപ്പിടിക്കാന്‍ അതിലൂടെ ഭൂതകാലത്തിലേക്ക് സ്വന്തം അസ്തിത്വങ്ങളെ നീട്ടിയെടുക്കാന്‍, തങ്ങള്‍ക്കുമുണ്ട് ചരിത്രമെന്ന് പറയാനുള്ള വെമ്പലുണ്ട് ഈ ചുമര്‍ചിത്രങ്ങള്‍ക്ക്.

എപ്പോള്‍ വേണമെങ്കിലും ആ ചുമരുകള്‍ അവരുടേതല്ലാതാകാം. ആ വീട്, അതിന്റെ സ്വകാര്യത, അതിന്റെ ഗന്ധം, ഓര്‍മ്മകള്‍ ഒക്കെയും ഒറ്റദിവസംകൊണ്ട് കുടിയൊഴിക്കപ്പെടാം. നമ്മുടെ പൗരസങ്കല്‍പങ്ങള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത തൊഴിലാളികള്‍ മാത്രമായ, ഒരു ജനത. ശ്രീലങ്കന്‍ വംശീയ ഭരണകൂടങ്ങള്‍ തമിഴ് തൊഴിലാളി ജനതയോട് കാണിച്ച വംശവിദ്വേഷത്തില്‍ കുറഞ്ഞതൊന്നുമല്ല, കേരളം ഈ തമിഴ് ജനതയോട് കാട്ടിക്കൊണ്ടിരിക്കുന്നത്.

അതേസമയം കേരളത്തിലെ കമ്യൂണിസ്റ്റ് തൊഴിലാളിവര്‍ഗ ചരിത്രത്തില്‍ ഈ ജനതയുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും സ്ഥാനം വളരെ വലുതാണ്. ഇന്നും ദേവികുളം ചുവന്നുതന്നെ കാണപ്പെടുന്നുവെങ്കില്‍ അത് ഈ തൊഴിലാളികളുടെ പാര്‍ട്ടിക്കൂറിന്റെ അടയാളം കൂടിയാണ്. എന്നിട്ടും മൂന്നാറിലെ തോട്ടം തൊഴിലാളി സഖാക്കള്‍ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി എന്ന ആശയം എവിടെയും ഉയര്‍ന്നുവരാത്തതെന്തുകൊണ്ടാണ്?

മൂന്നാര്‍ കാര്‍ഷിക മുതലാളിത്തത്തിന്റെ ചുരുക്കെഴുത്ത് ഇത്രമാത്രം.

ഒന്ന്: ഭൂമിയുടെ നേരവകാശികളായിരുന്ന മുതുവാന്‍ ഗോത്ര ജനതയെ കോളനികളിലെ ഒറ്റമുറിവീട്ടില്‍ പാര്‍പ്പിച്ച് 'പുനരധിവസിപ്പിച്ചു'.

രണ്ട്: തൊഴിലും ജീവിതവും വാഗ്ദാനംചെയ്ത് കൊണ്ടുവന്ന തമിഴ് തൊഴിലാളി ജനതയെ ഒറ്റമുറി ലയങ്ങളില്‍ ജീവപര്യന്തം അധിവസിപ്പിച്ചു.

രാജാക്കന്‍മാര്‍, ബ്രിട്ടീഷുകാര്‍, തോട്ടമുടമകള്‍, റിസോര്‍ട്ട് ഉടമകള്‍...അങ്ങനെയങ്ങനെ മുറിച്ചുമാറ്റിയും കൂട്ടിച്ചേര്‍ത്തും മൂന്നാറിന്റെ ഭൂപടം നിരന്തരം മാറ്റിവരയ്ക്കുമ്പോള്‍ ഈ മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളുടെ സ്ഥാനം എവിടെയാണ്?

2020, ഓഗസ്റ്റ് 9, ഞായറാഴ്‌ച

കാരാപ്പുഴ ഡാം

 

കാരാപ്പുഴ ഡാം


കേരളത്തിൽ എനിക്കേറ്റവും ഇഷ്ടമുള്ള ജില്ല ഏതാണെന്ന് എത്ര വലിയ ഉറക്കത്തിൽ നിന്ന് എഴുന്നേൽ‌പ്പിച്ച് ചോദിച്ചാലും വയനാട് എന്ന ഉത്തരമേ കിട്ടൂ. കണ്ണൂരിൽ പഠിക്കാനെത്തിയ നാൾ മുതൽക്കുള്ള പ്രേമമാണ് വയനാടിനോട്. വയനാട്ടിൽ എവിടെയെങ്കിലും സ്ഥിരതാമസമാക്കണമെന്ന ആഗ്രഹത്തിന്റെ പുറത്ത്, സ്വന്തമായി സമ്പാദ്യമായപ്പോൾ അതിൽ നിന്ന് മിച്ചം പിടിച്ച് അവിടെ അൽ‌പ്പം സ്ഥലം വാങ്ങിയിട്ടിട്ടുമുണ്ട്. പക്ഷേ, ആഗ്രഹിച്ചത് പോലെ അതൊന്നും നടക്കില്ലെന്ന് പിന്നീട് മനസ്സിലാക്കാനായി.

എട്ടാം ദിവസം രാത്രി തങ്ങിയത് നിലമ്പൂരിലെ റോസ് ഇന്റർ‌നാഷണൽ ഹോട്ടലിലാണ്. നിലമ്പൂര് നിന്ന് നാടുകാണി ചുരം വഴി വയനാട്ടിലേക്കാണ് ഒൻപതാം ദിവസത്തെ യാത്ര. ഹെയർ പിൻ ബെൻഡുകൾ കാര്യമായിട്ടില്ലെങ്കിലും, മലകളെ 260 ഡിഗ്രിയെങ്കിലും ചുറ്റിത്തിരിയുന്ന റോഡുകളാണ് ഈ വഴിയിൽ പലയിടത്തുമുള്ളത്. അതീവ ശ്രദ്ധയോടെ വാഹനമോടിക്കേണ്ട ഒരു ചുരമാണിത്. മറുവശത്തുനിന്ന് വാഹനങ്ങൾ വരുന്നുണ്ടോ എന്നറിയാൻ സ്വന്തം വാഹനത്തിന്റെ മുൻ‌വശത്തുകൂടെ മാത്രമല്ല വശങ്ങളിലെ ചില്ലുകളിലൂടെയും നോക്കേണ്ടിവരും.

ഈ വഴിയിലുള്ള നാടുകാണി, ദേവാല, പന്തലൂർ, ചേരമ്പാടി എന്നീ ഇടങ്ങൾ തമിഴ്നാട് സംസ്ഥാനത്താണ്. ചേരമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ വീണ്ടും കേരളത്തിലേക്ക് കടന്ന് അമ്പലവയൽ വഴി കാരാപ്പുഴയാണ് ഞങ്ങളുടെ ലക്ഷ്യം.

നാടുകാണിയിലെ തമിഴ്‌നാട് ചെക്ക് പോസ്റ്റിൽ കാര്യമായ വാഹനപരിശോധനയും പോലീസിന്റെ ചോദ്യം ചെയ്യലുമൊക്കെ സ്ഥിരം സംഭവങ്ങളാണ്. ‘എവിടന്ന് വരുന്നു, എങ്ങോട്ട് പോകുന്നു‘ എന്നിങ്ങനെ തുടരെ തുടരെ ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കും. ഈ പാതയിൽ ഉടനീളം പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെയുള്ള തമിഴ് ബോർഡുകൾ ധാരാളമായി കാണാം. ബോർഡിൽ എഴുതിയിരിക്കുന്നത് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും അത് പ്ലാസ്റ്റിക്കിന് എതിരെയുള്ളതാണെന്ന് ഊഹിക്കാനാവും. പക്ഷെ നാടുകാണി ചെക്ക് പോസ്റ്റിൽ ഒരു ചെറിയ പ്രശ്നം പതിയിരുപ്പുണ്ട്. നമ്മുടെ വാഹനത്തിൽ പ്ലാസ്റ്റിക്ക് കുപ്പികളോ പ്ലാസ്റ്റിക്ക് ബാഗുകളോ കടലാസുകളോ ഉണ്ടെങ്കിൽ അതിനെല്ലാം 25 രൂപ വീതം അവർ പിഴയീടാക്കും. ഞങ്ങളുടെ ചില ഉപകരണങ്ങൾ പ്ലാസ്റ്റിക്ക് സഞ്ചികളിലായിരുന്നു. അതിനവർ 50 രൂപ പിഴയീടാക്കി. ‘പ്ലാസ്റ്റിക്ക് ഫ്രീ നീലഗിരി’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് തമിഴ്‌നാട് നടത്തുന്നത് പിടിച്ചുപറിയാണെന്ന് പറയാതെ വയ്യ. നമ്മൾ വാഹനത്തിൽ നിന്ന് പുറത്ത് കളയാൻ ഉദ്ദേശിക്കാത്ത നമുക്കാവശ്യമുള്ള പ്ലാസ്റ്റിക്കുകൾക്ക് അവരെന്തിന് പിഴയീടാക്കണം. നമ്മൾ കാട്ടിലേക്ക് പ്ലാസ്റ്റിക്ക് കളയുന്നുണ്ടെങ്കിൽ അതല്ലേ കണ്ടുപിടിച്ച് ശിക്ഷാർഹമാക്കേണ്ടത് ? അതേ സമയം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെ കാട്ടിലേക്ക് കടക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ കേരളത്തിന് ഈ വക ബേജാറുകൾ ഒന്നുമില്ലതാനും. ആയതിനാൽ നാടുവാണി വഴി കടന്നുപോകുന്നവർ ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിൽ നിന്ന് തന്നെ പ്ലാസ്റ്റിക്ക് തുടച്ചുനീക്കിക്കൊണ്ടുള്ള നടപടിയാണ് തമിഴ്നാട് സ്വീകരിച്ചിരിക്കുന്നത്.

90 കിലോമീറ്റർ താണ്ടി കാരാപ്പുഴ ഡാമിന് മുന്നിലെത്തി. കാരാപ്പുഴ ഡാമിന്റെ കാച്ച്മെന്റ് പരിസരത്ത് രാത്രി ടെന്റടിച്ച് കൂടാനാണ് തീരുമാനിച്ചിരിക്കുന്നത്. ആ ഭാഗത്ത് താമസസൌകര്യമൊന്നും കിട്ടാത്തതുകൊണ്ടല്ല ടെന്റിൽ കിടക്കാൻ പോകുന്നത്. ജീ(Great Indian Expedition) പരീക്ഷണ യാത്രയ്ക്കിടയിൽ ടെന്റിലെ കിടപ്പ് ഇതുവരെ പരീക്ഷിച്ചിട്ടില്ല എന്നതാണ് കാരണം.

008
                                        കാരാപ്പുഴ ഡാമിന്റെ കവാടം

അതിന് മുൻപ് കാരാപ്പുഴ ഡാമും പരിസരവും കാണാനുള്ള സമയമുണ്ട്. ടൂറിസവുമായി ബന്ധപ്പെടുത്തി വലിയ പദ്ധതികൾ കാരാപ്പുഴ ഡാമിന്റെ പരിസരത്തുണ്ട്. മെഗാ ടൂറിസം എന്നാണ് എഴുതി വെച്ചിരിക്കുന്നത്. 30 രൂപ പ്രവേശന ടിക്കറ്റ് നിരക്കാണെങ്കിൽ, വീഡിയോ ക്യാമറ നിരക്ക് 200 രൂപയാണ്. കല്യാണ വീഡിയോ ഷൂട്ട് ചെയ്യാനാണെങ്കിൽ 500 രൂപയുടെ ക്യാമറാ ടിക്കറ്റെടുക്കണം. ഞങ്ങൾ 200 രൂപയുടെ വീഡിയോ ക്യാമറ ടിക്കറ്റെടുത്ത് മെഗാ ടൂറിസം പദ്ധതി കാണാൻ അകത്തേക്ക് കടന്നു.

014
                                                     ഡാമിന്റെ ഒരു ദൃശ്യം
006
              പൂന്തോട്ടത്തിൽ നിന്ന് ഡാമിന്റെ സംഭരണിയുടെ ദൃശ്യം

പുതിയ പദ്ധതികൾ പരിചയപ്പെടുത്തുന്നതിന് മുൻപ് കാരാപ്പുഴ ഡാമിന്റെ ചരിത്രമെന്താണെന്ന് നോക്കാം. കബനീനദിയുടെ ഒരു ശാഖയായ കാരാപ്പുഴ നദിക്ക് കുറുകെയാണ് ഈ ഡാം നിലകൊള്ളുന്നത്. 1977ൽ നിർമ്മാണം ആരംഭിച്ച ഈ എർത്ത് ഡാം പണി തീരുന്നത് നീണ്ട 27 വർഷങ്ങൾക്ക് ശേഷം 2004ൽ ആണ്. ജലസേചനമാണ് കാരാപ്പുഴ ഡാമിന്റെ മുഖ്യലക്ഷ്യം. എർത്ത് ഡാമുകൾ കണ്ടാൽ മനസ്സിലാക്കാൻ എളുപ്പമാണ്. കല്ലും മണ്ണുമൊക്കെ ഇട്ട് ഒരു നദിക്ക് കുറുകെ കെട്ടിപ്പൊക്കുന്ന അണയുടെ എല്ലാ ഭാവങ്ങളും ഒരു എർത്ത് ഡാമിൽ കാണാനാകും. വളരെ പരന്ന അടിഭാഗത്തുനിന്ന് മെല്ലെ മെല്ലെ സ്ലോപ്പ് കുറഞ്ഞ് മുകളിലേക്ക് വരുന്ന കെട്ട് നിരീക്ഷിച്ചാൽ എർത്ത് ഡാം എളുപ്പം തിരിച്ചറിയാൻ കഴിയും.

009
                                           എർത്ത് ഡാമിന്റെ  ഉൾവശത്തെ കെട്ട്

ഡാമിൽ വെള്ളം താരത‌മ്യേന കുറവാണ്. ജലാശയത്തിന്റെ നടുക്കായി ധാരാളം തുരുത്തുകളുണ്ട്. ചിലത് വലിയ മലകൾ തന്നെയാണ്. പദ്ധതി പ്രദേശത്ത് നല്ലൊരു പൂന്തോട്ടം ഉയർന്നുവരുന്നുണ്ട്. കൂടുതൽ പൂന്തോട്ടത്തിന്റെ ജോലികൾ നടക്കുന്നുമുണ്ട്. കൂടാതെ കുട്ടികൾക്ക് കളിക്കാനുള്ള സംവിധാനങ്ങളും പൂന്തോട്ടത്തിനുള്ളിൽ പ്രവർത്തനക്ഷമമാണ്. ഭാവിയിൽ റസ്റ്റോറന്റ് അടക്കമുള്ള കാര്യങ്ങൾക്കായുള്ള കെട്ടിടങ്ങളും ഒരു ആംഫി തീയറ്ററും ഇവിടെയുണ്ട്. വൈകുന്നേരങ്ങളിൽ സ്ഥിരമായി കലാ സാംസ്ക്കാരിക പരിപാടികൾ കൂടെ സംഘടിപ്പിക്കപ്പെടാൻ തുടങ്ങിയാൽ കാരാപ്പുഴ ഡാം വയനാട്ടിലെ പ്രധാനപ്പെട്ട ഒരു ഡെസ്ന്റിനേഷനായി മാറുക തന്നെ ചെയ്യും.

IMG_20190602_100416
                                                                ആംഫി  തീയറ്റർ

പണി തീരാത്തതായി മനസ്സിലാക്കാനായത് വെള്ളം തുറന്ന് വിടാനുള്ള കനാലുകളാണ്. ഡാമിന്റെ ഇരുവശത്തും കേബിൾ സഞ്ചാരത്തിനുള്ള ടവറുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. അതടക്കം, മറ്റ് പല സാഹസിക വിനോദങ്ങൾക്കും താമസിയാതെ കാരാപ്പുഴ വേദിയാകും.

015
                                           ജലസംഭരണി മറ്റൊരു ദൃശ്യം

കർണ്ണാടകയിൽ നിന്നുള്ള സഞ്ചാരികൾ ധാരാളമായി ഡാമിലേക്കെത്തുന്നുണ്ട്. സത്യത്തിൽ മൈസൂർ, ബാംഗ്ലൂർ, കുടക് ഭാഗങ്ങളിൽ നിന്നുള്ള കർണ്ണാടകക്കാർക്ക് അവരുടെ സംസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന വലിയൊരു ടൂറിസ്റ്റ് ജില്ലയാണ് വയനാട്.

010
                            പൂന്തോട്ടവും ഡാമിന്റെ താഴ്‌വരയും

പക്ഷേ പദ്ധതികളൊക്കെ തുടങ്ങുന്നതിന് മുന്നേ പരിസരമാകെ പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ട് നിറച്ചിരിക്കുന്നു വന്നുപോകുന്നവർ. ഡാമിന്റെ കെട്ടിനോട് ചേർന്നുള്ള ഭാഗത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ധാരാളമായി കാണാം. ഇക്കണക്കിനാണെങ്കിൽ പദ്ധതി ആരംഭിച്ചുകഴിഞ്ഞാൽ എന്താകും അവസ്ഥ ?! ക്യാമറക്കണ്ണുകൾ വഴി പിടികൂടി പിഴയടിക്കാനുള്ള ഏർപ്പാട് കൂടെ ചെയ്തില്ലെങ്കിൽ അധികം വൈകാതെ കാരാപ്പുഴ ഡാമും മറ്റൊരു മാലിന്യക്കൂമ്പാരമായി മാറും. ചെമ്പ്രയിലും ഗവിയിലുമൊക്കെ ചെയ്യുന്നത് പോലെ പ്ലാസ്റ്റിക്ക് കുപ്പിയടക്കമുള്ള സാധനങ്ങളുടെ കണക്കെടുത്ത്, അത്രയും സാധനങ്ങൾ തിരികെ കൊണ്ടുപോയില്ലെങ്കിൽ പിഴയീടാക്കേണ്ടതാണ്.

IMG_20190602_101916
                  പ്ലാസ്റ്റിക്ക് മാലിന്യം ഇവിടെയും ഒഴിവാകുന്നില്ല

ഇരുട്ട് വീഴുന്നതിന് മുൻപേ ടെന്റടിക്കാനുള്ള ഏർപ്പാട് നോക്കണം. അത് ഷൂട്ട് ചെയ്യാനുള്ള വെളിച്ചവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഞങ്ങൾ നോട്ടമിട്ട് വെച്ചിരിക്കുന്നത് ഡാമിന്റെ ജലസംഭരണ പ്രദേശം തന്നെയാണ്. മൂന്ന് കിലോമീറ്ററോളം അകലെ ബൈജു എന്ന സുഹൃത്തിന്റെ വീടിനോട് ചേർന്നുള്ള ഒരിടമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അവിടെ ചെന്നപ്പോൾ ആ പ്രദേശത്താകെ ചേന നട്ടിരിക്കുന്നു. കുറേക്കൂടെ ഭേദപ്പെട്ട മറ്റൊരു സ്ഥലമുണ്ടെന്ന് ബൈജു പറഞ്ഞതനുസരിച്ച് ക്യാച്ച്മെന്റിന്റെ മറ്റൊരു ഭാഗത്തേക്ക് ചെന്നു. ആ ഭാഗത്ത് ചില ആദിവാസികൾ താമസമുണ്ട്.

011
                                         ടെന്റടിക്കാനുള്ള ഇടം തയ്യാർ

അങ്ങോട്ടുള്ള ഇടവഴി അൽ‌പ്പം വീതികുറഞ്ഞതാണ്. മഴ പെയ്ത് ചെളിയായിക്കിടക്കുന്നതുകൊണ്ട് രണ്ടിടത്ത് വാഹനം ചെറുതായൊന്ന് പാളി. ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ സിനിമയിലും മറ്റും കാണുന്നതുപോലുള്ള ലൊക്കേഷൻ. റോഡിന്റെ ഒരു വശത്തെ ചെരുവിൽ വേനലിലും പച്ചപിടിച്ച് കിടക്കുന്ന പുല്ല്. ചെരിവ് അവസാനിക്കുന്നിടത്ത് ക്യാറ്റ്മെന്റിന്റെ തടാകം. അതിൽ നിറയെ ആമ്പലും താമരയും വാട്ടർ ലില്ലിയും . തടാകത്തിനപ്പുറം തുരുത്തുകളും മലനിരകളും. ഞാനാ തുരുത്തിൽ ഒന്നിലേക്ക് ചങ്ങാടത്തിൽക്കയറി പോയിട്ടുണ്ട് മുൻപൊരിക്കൽ. നാട്ടുകാർ ഈ തുരുത്തുകളിൽ പശുക്കളെ മേയാൻ കൊണ്ടുപോയി വിടുന്നതും പതിവാണ്. ഞങ്ങൾ ടെന്റടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് രണ്ട് മാവും ഒരു പ്ലാവും ഒരു കശൂമ്മാവും ഒരു വീട്ടിയും തണൽ വിരിച്ചിരിക്കുന്നു. മാവിലൊരെണ്ണം കായ്ച്ചാണ് കിടക്കുന്നത്. ഇത് സർക്കാർ പുറമ്പോക്ക് ഇടമായതുകൊണ്ട് മാങ്ങ പറിച്ചുതിന്നണമെങ്കിൽ അങ്ങനെയുമാകാം.

005
                                               ടെന്റിൽ നിന്നുള്ള ഒരു ദൃശ്യം

ബൈജുവിന്റെ സുഹൃത്തും സമീപത്ത് താമസിക്കുന്ന ആദിവാസിയുമായ അപ്പുക്കുട്ടൻ ഞങ്ങൾക്ക് വേണ്ട സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്തു. റോഡിന്റെ മറുവശത്താണ് അപ്പുക്കുട്ടന്റെ കുടിൽ. തൊട്ടടുത്ത് തന്നെ അപ്പുക്കുട്ടന്റെ സഹോദരിയുടെ വീടുമുണ്ട്. പ്രകാശം പോകുന്നതിന് മുൻപ് ടെന്റടിക്കാനുള്ള തിരക്കിലായി ഞങ്ങൾ. കഷ്ടി ഇരുപത് മിനിറ്റുകൊണ്ട് ടെന്റ് ഉയർന്നു. മടക്കാൻ പറ്റുന്ന രണ്ട് കസേരകളും ഒരു മേശയും നിരത്തിയതോടെ ക്യാമ്പിങ്ങ് സൌകര്യങ്ങൾ പൂർത്തിയായി. പലയിടങ്ങളിലായി ക്യാമറകൾ സ്ഥാപിച്ച് ജോഹർ ആ രംഗങ്ങളെല്ലാം ഒപ്പിയെടുത്തു.

IMG_20190601_180841
              അടുപ്പ് തയ്യാറാക്കുന്ന അപ്പുക്കുട്ടൻ. സമീപം ബൈജു.

ആ സമയത്താണ് സഹോദരന്റെ ഒന്നരവയസ്സുള്ള മകനുമായി സിസ്റ്റർ ഷാലി മാത്യു ആ വഴി വന്നത്. സിസ്റ്ററിന്റെ വീട് തൊട്ടപ്പുറത്താ‍ണ്. ഉത്തരാഖണ്ഡിലെ സെന്റ് മേരീസ് സെക്കന്ററി സ്ക്കൂളിലെ പ്രിൻസിപ്പളാണ് സിസ്റ്റർ. ഒരാഴ്ച്ച അവധിക്കായി വീട്ടിൽ വന്നിരിക്കുകയാണ്. അൽ‌പ്പനേരം സിസ്റ്ററുമായി സംസാരിച്ച് നിന്നു. ഈ ഭാഗത്തെ കുറേയേറെ സ്ഥലം സിസ്റ്ററിന്റെ കുടുംബത്തിന്റേതായിരുന്നു. ഡാമിന് വേണ്ടി അതിൽ കുറേ സ്ഥലം സർക്കാർ ഏറ്റെടുത്തു. ഡാമിലെ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗമൊക്കെ വയലുകളായിരുന്നത്രേ! അന്ന് കുട്ടികൾ അവിടെ കളിക്കുകയും അപ്പുറത്തെ കുന്നുകളിലേക്ക് നടന്ന് പോകുകയും പതിവായിരുന്നു. മലകൾക്കപ്പുറത്തെ ദൃശ്യം  ഇപ്പുറത്തേക്കാൾ മനോഹരമാണെന്നാണ് സിസ്റ്റർ പറയുന്നത്. ജീ (GIE) ഉത്തരാഖണ്ഡിലെത്തുമ്പോൾ തീർച്ചയായും കാണണമെന്നും ഇന്ന് ഇപ്പോൾ എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കേണ്ടെന്നും പറഞ്ഞ് സിസ്റ്റർ മടങ്ങി.

001
                                                  യാത്രികർ ക്യാമ്പിന് മുന്നിൽ

ഇനി പരീക്ഷിക്കാനുള്ളത് ഭക്ഷണം ഉണ്ടാക്കിക്കഴിക്കാൻ ഞങ്ങൾക്കാകുമോ എന്ന് മാത്രമാണ്. കല്ലടുപ്പ് കൂട്ടാതെ ഭൂമിയിൽ കുഴിയെടുത്ത് ചെറിയൊരു സംവിധാനം നിമിഷനേരം കൊണ്ട് അപ്പുക്കുട്ടൻ ചെയ്തുതന്നു. തീ കത്തിക്കാനുള്ള വിറകും അപ്പുക്കുട്ടൻ കൊണ്ടുത്തന്നു. ഇത്തരം സഹായങ്ങൾ ചെല്ലുന്നയിടത്തെല്ലാം കിട്ടുമെന്ന് പ്രതീക്ഷിക്കാൻ പാടില്ലെന്നറിയാം.

012
                                                      കുഴിയെടുത്ത് ഒരു അടുപ്പ്

കൂടുതൽ സഹായങ്ങൾ ചെയ്യാൻ പാടില്ലെന്നും വിറക് കത്തിച്ച് ഭക്ഷണം ഉണ്ടാക്കേണ്ടത് ഞങ്ങളുടെ ജോലിയാണെന്നും പറഞ്ഞതനുസരിച്ച് അപ്പുക്കുട്ടനും ബൈജുവും അവരവരുടെ വീടുകളിലേക്ക് മടങ്ങി. ബ്രഡ്ഡ് കൈയിലുണ്ട്. ഒരു പരിപ്പ് കറിയും കട്ടൻ ചായയും ഉണ്ടാക്കാനാണ് പദ്ധതി. ഞാൻ പാത്രം അടുപ്പിൽ വെച്ച് തീ കത്തിക്കാൻ തുടങ്ങി.

ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കില്ലെന്ന് അതോടെ മനസ്സിലാകുകയായിരുന്നു. കാറ്റ് കാരണം തീ കത്തിക്കാനേ പറ്റുന്നില്ല. മറപിടിച്ച് പല പ്രാവശ്യം ശ്രമിച്ചു നോക്കി. പക്ഷേ, കാറ്റ് വിടുന്നില്ല. അൽ‌പ്പനേരം കഴിഞ്ഞ് ശ്രമിക്കാമെന്നുറച്ച് ഞങ്ങൾ മാറിനിന്നു. മരങ്ങൾക്ക് താഴെ കാറ്റ് കുറവാണ്. പക്ഷേ അടുപ്പ് കൂട്ടിയിരിക്കുന്ന സ്ഥലത്ത് മരങ്ങളില്ലാത്തതുകൊണ്ട് അവിടെ കാറ്റ് ഒഴിവാകുന്നില്ല. ഇരുട്ട് നന്നായി വീണുകഴിഞ്ഞിരിക്കുന്നു. അടുപ്പ് കത്തിച്ച് ഭക്ഷണമുണ്ടാക്കൽ നടക്കില്ലെന്ന് ഏതാണ് ഉറപ്പായി. ഗ്യാസ് സ്റ്റൌ പോലൊന്ന് ഉണ്ടായാലും ആ കാറ്റത്ത് കെടാതെ നിൽക്കില്ലെന്ന് ഉറപ്പാണ്.

രണ്ട് തരത്തിൽ ഈ പ്രതിസന്ധി തരണം ചെയ്യാം. ഒന്നുകിൽ അൽ‌പ്പം മാറി ഏതെങ്കിലും കവല വരെ പോയി ഭക്ഷണം കഴിഞ്ഞ് വരാം. അല്ലെങ്കിൽ കൈയിലുള്ള ബ്രഡ്ഡ് മാത്രം തിന്ന് കിടന്നുറങ്ങാം. വടക്കേ ഇന്ത്യയിലേക്കും മറ്റും ചെന്നാൽ ഭക്ഷണവും താമസവും ഇല്ലാത്ത ഇടങ്ങളിൽ എങ്ങനെ പിടിച്ചുനിൽക്കും എന്നാണല്ലോ പരീക്ഷിക്കുന്നത്. രണ്ടാമത്തെ മാർഗ്ഗമാണ് അതിനോട് ചേർന്ന് നിൽക്കുന്നത്. ഒരു രാത്രി ഒന്നും കഴിച്ചില്ലെന്ന് വെച്ച് എന്ത് സംഭവിക്കാനാണ് ? ഞങ്ങൾ അത്താഴം ബ്രെഡ്ഡും പച്ചവെള്ളവുമായി ഒതുക്കി.

013
                                                            ക്യാമ്പ് – മറ്റൊരു ദൃശ്യം

വൈദ്യുതി ഇല്ലാത്തതുകൊണ്ട് യാത്രാവിവരണം എഴുതാനും എഡിറ്റ് ചെയ്യാനും മെനക്കെടേണ്ടതില്ല. ഈയൊരു വൈകുന്നേരം സ്വസ്ഥമായി സുഖമായി പ്രകൃതിയോട് ചേർന്നിരിക്കാൻ കിട്ടുന്ന അവസരം കൂടെയാണ്. പത്തര മണിവരെ ഞങ്ങളാ ഇരുട്ടത്ത് കൂടി. ഇരുൾ വീഴും മുന്നേ, ചുറ്റുമുള്ള മരങ്ങളിൽ ചേക്കേറിയ പക്ഷികളിൽ ചിലത് ഉച്ചത്തിൽ ഞങ്ങൾക്കപരിചിതമായ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്. താഴെ കൂടിയിരിക്കുന്ന അപകടകാരികളാകാൻ സാദ്ധ്യതയുള്ള അജ്ഞാതരായ ഞങ്ങളെപ്പറ്റി മറ്റ് പക്ഷികൾക്കുള്ള മുന്നറിയിപ്പാകാം ആ ശബ്ദങ്ങൾ.

002
                                                      ടെന്റിനകത്ത് ലേഖകൻ

ജലജീവികൾ കരയ്ക്ക് കയറി വന്നെന്നിരിക്കാം. അതല്ലാതെയും ഇഴജന്തുക്കൾ ഉണ്ടാകാം എന്നീ കാരണങ്ങളാൽ ടെന്റിൽ ഉറങ്ങാൻ ജോഹറിനത്ര താൽ‌പ്പര്യമില്ല. ജോഹർ കാറിൽത്തന്നെ ഉറങ്ങാൻ തീരുമാനിച്ചു. സിപ്പ് ഇട്ടുകഴിഞ്ഞാൽ ഒരീച്ചയ്ക്ക് പോലും ടെന്റിൽ കയറാനാവില്ല. പുറത്തെ കാലാവസ്ഥയാണെങ്കിൽ അതീവ സുന്ദരം. ഞാൻ ടെന്റിനകത്ത് കയറി സിപ്പിട്ടു. ഇതുപോലുള്ള അനുഭവവും ഉറക്കവും എന്നും കിട്ടണമെന്നില്ല. ഉറക്കം പിടിക്കാൻ അൽ‌പ്പം  സമയമെടുത്തു. പുറത്ത് കാടിന്റെ ചില അപരിചിത ശബ്ദങ്ങൾ ഇപ്പോഴും പതിഞ്ഞ സ്വരത്തിൽ കേൾക്കാം. ഞാനതിന്റെ ശ്രുതിയിൽ അലിഞ്ഞ് മെല്ലെ ഉറക്കത്തിലേക്ക്…