2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ലോകത്തെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളിലൊന്ന് ശിവാനസമുദ്രം

 






ലോകത്തെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളിലൊന്ന് ശിവാനസമുദ്രം

===========================================================


കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ശിവാനസമുദ്രമെന്നും ശിവസമുദ്രമെന്നും അറിയപ്പെടുന്ന പ്രശസ്ത പിക്‌നിക് സ്‌പോട്ട്. പുണ്യനദിയായ കാവേരിയിലാണ് ശിവന്റെ കടല്‍ എന്നര്‍ത്ഥം വരുന്ന ശിവാനസമുദ്രമെന്ന സുന്ദരദ്വീപ് നിലകൊള്ളുന്നത്. ദ്വീപുകള്‍, വെള്ളച്ചാട്ടങ്ങള്‍ ലോകത്തെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ശിവാനസമുദ്രത്തിലെ പ്രധാന ആകര്‍ഷണവും മനോഹരമായ ഈ വെള്ളച്ചാട്ടം തന്നെയാണ്. ശിവസമുദ്രദ്വീപിന് അഞ്ചുകിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമുണ്ട്. ദ്വീപിന്റെ അവസാനതീരത്ത് കാവേരിയുടെ രണ്ടു കൈവഴികളും ഇരുനൂറടി താഴേക്കു വീണു ഒന്നിച്ചുചേരുന്നു. മലയിടുക്കുകളിലൂടെ പോകുന്ന കാവേരി നദിയുടെ ശക്തി വളരെയധികം വര്‍ദ്ധിക്കുകയും പിന്നീട് ഊക്കോടെ പാറയില്‍ വന്നിടിക്കുന്ന നദി വളരെ ഉയരത്തിലേയ്ക്ക് പൊങ്ങുകയും ചെയ്യുന്നു. ഈ ജലപാതങ്ങളിലൊന്നിന് ഗഗന ചുക്കി എന്നും മറ്റേതിന് ഭരചുക്കി എന്നുമാണ് പേര്. മനോഹരമായ വെള്ളച്ചാട്ടമാണ് ഇത്. ഇവിടെ പടിഞ്ഞാറുള്ള നദിയെ ഗഗനചുക്കി എന്നും കിഴക്ക് പല പിരിവുകളുള്ള ഭാഗത്തെ ഭരചുക്കി എന്നും എന്നും വിളിക്കുന്നു. ശിവാനസമുദ്രം വാച്ച് ടവറിനുമുകളില്‍ നിന്നോ അല്ലെങ്കില്‍ ദര്‍ഗ ഹസ്രത്ത് മര്‍ദെയ്ന്‍ ഗെയ്ബിലെ വ്യൂപോയിന്റില്‍ നിന്നോ ഗഗനചുക്കി വെള്ളച്ചാട്ടത്തിന്റെ വിശാലമായ ഒരു ദൃശ്യം കാണാവുന്നതാണ്. ഗഗനചുക്കി വെള്ളച്ചാട്ടത്തില്‍നിന്നും ഒരുകിലോമീറ്റര്‍ ദൂരത്തായാണ് ഭരചുക്കി വെള്ളച്ചാട്ടം. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ എന്ന ഖ്യാതി കൂടിയുണ്ട് പുണ്യ നഗരമായ ശിവാനസമുദ്രത്തിന്. പുരാതന ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട ശിവാനസമുദ്രത്തിലെ വൈദ്യുതനിലയം കോലാറിലെ സ്വര്‍ണഘനികളിലെ വൈദ്യുതാവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിയാണ് നിര്‍മിക്കപ്പെട്ടത്.  ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുളള മാസങ്ങളാണ് ശിവാനസമുദ്രം സന്ദര്‍ശിക്കാന്‍ മികച്ച സമയം. ബാംഗ്ലൂരടക്കമുള്ള നഗരങ്ങളില്‍ നിന്നും യാത്രാസൗകര്യങ്ങളും വേണ്ടുവോളമുണ്ട് ശിവാനസമുദ്രത്തിലേക്ക്.


കാവേരി കാഴ്ചകളുമായി മുത്തത്തി ബാംഗ്ലൂർ

 

ബാംഗ്ലൂർ 

കാവേരി കാഴ്ചകളുമായി മുത്തത്തി 

===================================================================





ബാഗ്ലൂരില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രചെയ്താല്‍ മുത്തത്തിയിലെത്താം. മാണ്ഡ്യ ജില്ലയിലെ മനോഹരമായ ഒരു വനപ്രദേശമാണിത്. രാമായണത്തില്‍ ഈ സ്ഥലത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹനുമാന്‍ സ്വാമിയുടെ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട് ഇവിടെ. ഹനുമന്തരായ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കാവേരിനദിയൊഴുകിയെത്തുന്ന നിബിഢവനപ്രദേശമാണ് മുത്തത്തി. ചുറ്റും നിറയെ കുന്നുകളുള്ള ഈ വനപ്രദേശം പ്രകൃതിസ്‌നേഹികളുടെ സ്വര്‍ഗമാണ്. കാവേരിനദിയിലെ ബോട്ടിംഗിനും ചങ്ങാടയാത്രയ്ക്കും ഏറെ പ്രശസ്തമാണ് മുത്തത്തി. കാവേരി വന്യജീവി സങ്കേതത്തിന് അരികിലായാണ് മുത്തത്തി ഫോറസ്റ്റ് റേഞ്ച്. സാഹസികതയ്ക്കും, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വിനോദങ്ങള്‍ക്കും പേരുകേട്ടതാണ് ഈ സ്ഥലം.  വന്യജീവികളെയും കാട്ടിലെ മറ്റ് അന്തേവാസികളെയും അടുത്തുകണ്ടുകൊണ്ട് ഒരു യാത്രയ്ക്കും സാധ്യത നല്‍കുന്നതാണ് മുത്തത്തി. വിവിധതരം മാനുകള്‍, കുറുനരി, കാട്ടുപന്നി, പുള്ളിപ്പുലി എന്നിവയെ ഇവിടെ കാണാം. മുതലകളെയും നാനാജാതി പക്ഷികളെയും എന്നിവയെയും മുത്തത്തിയില്‍ കാണാം. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭീമേശ്വരി മുത്തത്തിക്ക് സമീപത്താണ്. വീക്കെന്‍ഡിലെ അവധിദനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ഭീമേശ്വരി. ഭീമേശ്വരയിലും സംഗമയിലും ട്രക്കിംഗിന് അവസരം നല്‍കുന്ന കുത്തനെയുള്ള പര്‍വ്വതനിരകളുണ്ട്. നിബിഢവനത്തില്‍ നിരവധി നടപ്പാതകളും തെളിഞ്ഞുകാണാന്‍ സാധിക്കും. സമുദ്രനിരപ്പില്‍ നിന്നും 1125 മീറ്റര്‍ ഉയരത്തില്‍ നിന്നുകൊണ്ട് സമീപത്തെ പ്രകൃതിദൃശ്യങ്ങള്‍ നോക്കിക്കാണുക എന്നത് ഏറെ മനോഹരമായ ഒരു അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല. ട്രക്കിംഗിനും ബോട്ടിംഗിനും പേരുകേട്ട മുത്തത്തി കര്‍ണാടകത്തിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ബാംഗ്ലൂരില്‍ നിന്നും കേവലം രണ്ട് മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തിച്ചേരാന്‍ സാധിക്കും.



                                                        ചുഞ്ചി വെള്ളച്ചാട്ടം 


തെന്‍മല ഇക്കോ ടൂറിസം പദ്ധതി

 
















തെന്‍മല  ഇക്കോ ടൂറിസം പദ്ധതി

==============================================================



ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയാണ് തെന്‍മലയിലേത്. ഇവിടുത്തെ ജൈവവൈവിധ്യവും ടൂറിസം സാധ്യതകളുമാണ് ഇത്തരത്തിലൊരു പ്രൊജക്ടിന് പിന്നിലെ പ്രജോദനം. പ്രൊജക്ടിന്റെ ഭാഗമായി തെന്‍മലയെ അഞ്ച് മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയും ഓരോ തരത്തില്‍ വ്യത്യസ്തവും മനോഹരവുമാണ്. ചില മേഖലകള്‍ പ്രകൃതിസൗന്ദര്യത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്നതാണ്, എന്നാല്‍ ചിലത് വനവിഭവസംരക്ഷണത്തിനും മറ്റുചിലത് സാഹസിക വിനോദങ്ങള്‍ക്കുമായി തയ്യാറാക്കിയിരിക്കുന്നതാണ്. ഇവിടുത്തെ സാംസ്‌കാരിക മേഖലയില്‍ ഒരു ആംഫി തീയേറ്ററും ്‌സ്ത്രീകള്‍ നടത്തുന്ന വിവിധ ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകളുമുണ്ട്. പിന്നെയൊരു സംഗീതജലധാരയും. സാഹസിക വിനോദങ്ങള്‍ക്കുള്ള മേഘലയില്‍ കാലത്ത് 9മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഇവിടെ പ്രവേശനം. ട്രക്കിങ്ങിനായുള്ള പ്രകൃതിദത്ത ട്രെയിലുകളും നടപ്പാതകളും, താമരക്കുളവും, ബൈക്കിങ്ങിനും റിവര്‍ ക്രോസിങിനും റോക്ക് ക്ലൈമ്പിങ്ങിനുമെല്ലാമുള്ള സൗകര്യവും ഇവിടെയുണ്ട്.  മനോഹരമായ ശില്‍പങ്ങള്‍ ഒരുക്കിവച്ചിരിക്കുന്ന ഒരു ഭാഗവും സ്വെ ബ്രിഡ്ജും ഇവിടെയുണ്ട്. മറ്റൊരു മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ മാന്‍ പാര്‍ക്ക്. പുള്ളിമാനുകളും കലമാനുകളുമുള്‍പ്പെടെയുള്ള വിവിധ തരത്തില്‍പ്പെട്ട മാനുകളെ പുനരധിവസിപ്പിക്കുന്ന സ്ഥലമാണിത്. ഇതിനടുത്തുതന്നെ കുട്ടികള്‍ക്കായുള്ള ഒരു ഇക്കോ പാര്‍ക്കുമുണ്ട്. പാര്‍ക്ക് കാണിയ്ക്കാന്‍ ഇവിടെ ജീവനക്കാരുണ്ട്, എല്ലാകാര്യങ്ങളും അവര്‍ പറഞ്ഞുതരും. പാര്‍ക്ക് ചുറ്റിക്കാണുകയെന്നത് മനോഹരമായ അനുഭവം തന്നെയാണ്.


പീരുമേട്.ഇടുക്കി ജില്ല

 



പീരുമേട്.ഇടുക്കി ജില്ല

==============================================




ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമാണ്പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ടമലനിരകളിലാണ് പീരുമേട് സ്ഥിതിചെയ്യുന്നത്, ഇതുതന്നെയാണ് പീരുമേടിന്റെ മനോഹരമായ കാലാവസ്ഥയ്ക്ക് കാരണം. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. രാജകുടുംബാംഗങ്ങള്‍ വേനല്‍ക്കാലവസതിയായി ഉപയോഗിച്ചിരുന്ന കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ഇതൊരു സര്‍ക്കാര്‍ അതിഥി മന്ദിരമാണ്. തേയില, ഏലം, റബ്ബര്‍ തുടങ്ങിയ വിളകളെല്ലാം ഇവിടെ കൃഷിചെയ്യു്‌നനുണ്ട്. പെരിയാര്‍ കടുവസങ്കേതവും വെള്ളച്ചാട്ടങ്ങളും, ട്രക്കിങ്ങുമാണ് പീരുമേട്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉയരത്തിലേയ്ക്ക് പോകുന്തോറും കുളിർ  കൂടുകയാണ് ചെയ്യുന്നത്. നിബിഢമായ പൈന്‍ കാടുകളും, പുല്‍മേടുകളും, മനോഹരമായ വെള്ളച്ചാട്ടങ്ങളും വന്യമൃഗങ്ങളുമെല്ലാം ചേര്‍ന്ന് പീരുമേടിനെ അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റുകയാണ്. മഴക്കാലത്ത് പീരുമേടിന് വല്ലാത്തൊരു സൗന്ദര്യം കൈവരും. മഴപെയ്യുമ്പോള്‍ പ്രകൃതിയുടെ പച്ചപ്പ് കൂടുന്നു. ഒട്ടേറെ ആയുര്‍വേദ റിസോര്‍ട്ടുകളുണ്ട് പീരുമേട്ടില്‍, മഴക്കാലത്ത് സുഖചികിത്സയ്ക്കും മറ്റുമായി ഒട്ടേറെപ്പേര്‍ ഇവിടെയെത്താറുണ്ട്. കൂടാതെ രുചിയേറിയ തേയില, ഗുണമേന്മയേറിയ തേയില തുടങ്ങിയവയ്‌ക്കെല്ലാം പ്രശസ്തമാണ് പീരുമേട്.


തേവള്ളി കൊട്ടാരം ,കൊല്ലം


 






തേവള്ളി കൊട്ടാരം ,കൊല്ലം 

===========================================================


തേവള്ളിഅഷ്ടമുടിക്കായലിന്റെ ഓളപരപ്പിലൂടെ ബോട്ടിൽ യാത്ര ചെയ്ത് വേണം കൊല്ലത്തെ രാജകീയ സൗധമായ തേവള്ളി കൊട്ടാരത്തിൽ എത്തിച്ചേരാൻ. കൊല്ലം ടൗണിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ പ്രശസ്തമായ കൊട്ടാരങ്ങളിൽ ഒന്നാണ് ഇതു. തിരുവിതാംകൂർ രാജക്കന്മാരുടെ വസതിയായിരുന്ന ഈ കൊട്ടാരം നിർമ്മിക്കപ്പെട്ടത്, 1811നും 1819നും ഇടയിലാണ്.


ഗൗരി പാർവതി ഭായ്  തമ്പുരാട്ടിയുടെ ഭരണകാലത്താണ് ഇതു നിർമ്മിക്കപ്പെട്ടത്. തിരുവിതാംകൂർ രാജക്കന്മാർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് ഈ കൊട്ടാരത്തിൽ വച്ചായിരുന്നു. കൊട്ടാരത്തിനു ചുറ്റുമുള്ള പച്ചപടർപ്പും മുൻവശത്തെ അഷ്ടമുടി കായലുമൊക്കെ കൊട്ടാരത്തിനു കൂടുതൽ ഭംഗി  നൽകുന്നു. ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ് നിർമ്മാണ ശൈലികൾ സമന്വയിപ്പിച്ചാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ചുണ്ണാമ്പുകല്ലും ചെങ്കല്ലും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കൊട്ടാരത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.


കൊട്ടാരത്തിന് മുന്നിലായി ഒരു ശാസ്താ ക്ഷേത്രമുണ്ട്. ഒരു നായയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ചെറിയ ഒരു സ്മാരകം കൊട്ടാര പരിസരത്ത് കാണം. കൊട്ടരത്തിൽ താമസിച്ചിരുന്ന ഒരു സായിപ്പും അഷ്ടമുടി കായലിന് അപ്പുറത്ത് താമസിച്ചിരുന്ന ഒരു മലയാളി പെൺകുട്ടിയും തമ്മിലുള്ള പ്രണയകഥയിലെ ഒരു കഥാപാത്രമാണ് ഈ നായ. ഇവർ തമ്മിലുള്ള പ്രണയ ലേഖനങ്ങൾ കൈമാറിയിരുന്നത് ഈ നായായിരുന്നു. ഒരു ദിവസം ഈ നായയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. നായ ചാകാനുള്ള കാരണം എന്താണെന്ന് ആർക്കും അറിയില്ല. വിശ്വസ്തനായ ഈ നായയുടെ ഓർമ്മയ്ക് ഇവിടെ സ്മാരകം നിർമ്മിച്ചിരിക്കുന്നത്.

2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഹരിഹര്‍ ഫോര്‍ട്ട് അഥവാ കല്ലില്‍ കൊത്തിയെടുത്ത കോട്ട ,മഹാരാഷ്ട്രയിലെ നാസിക്ക് ജില്ല

 







ഹരിഹര്‍ ഫോര്‍ട്ട് അഥവാ കല്ലില്‍ കൊത്തിയെടുത്ത കോട്ട

=========================================================

മഹാരാഷ്ട്രയിലെ നാസിക്ക് ജില്ല


ആകാശത്തെ തൊട്ട് മേഘങ്ങളെ തലോടി നില്‍ക്കുന്ന ഒരു കുന്നിനെ. കുറച്ചു കൂടി അടുത്തെത്തിയാല്‍ മനസ്സിലാകും കുന്ന് മാത്രമല്ല അവിടെയുള്ളത്, .ഒരു കോട്ട കൂടിയുണ്ടെന്ന്.. ...എന്നാല്‍ ആ കോട്ടയില്‍ ഒന്നു കയറാം .. ഇത്തിരി പാടുപെടും..അങ്ങനെ ആര്‍ക്കും അത്രപെട്ടന്നൊന്നും കയറാന്‍ പറ്റിയ ഒരിടമേ അല്ല ഈ കോട്ട. സാഹസികരെ മാത്രം കാത്തിരിക്കുന്ന ഈ കോട്ടയെക്കുറിച്ചറിയാം...


ഹരിഹര്‍ ഫോര്‍ട്ട് മഹാരാഷ്ട്രയിലെ നാസിക്കിനു സമീപമുള്ള തൃമ്പകേശ്വറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഭീകരനായ കോട്ടയാണ് ഹരിഹര്‍ ഫോര്‍ട്ട്. കുത്തനെയുള്ള കല്‍പ്പടവുകള്‍ കയറി എത്തുന്ന ഈ കോട്ട സഞ്ചാരികളുടെ ആകര്‍ഷണമാണ്.. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.


അല്പം ചരിത്രം ഹരിഹര്‍ കോട്ടയുടെ നിര്‍മ്മാണത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. യാദവ വംശത്തിന്റെ കാലത്താണ് ഇത് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നു. 1636 ല്‍ ഷാഹാരി രാജ ഭാസാലെ ഈ കോട്ട കീഴടക്കി എന്നു പറയപ്പെടുന്നു


ചെങ്കുത്തായ ഭീമന്‍ പാറക്കെട്ട്.. മുന്‍പ് പറഞ്ഞതുപോലെ സാഹസികര്‍ക്കും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്കും വേണ്ടി മാത്രമുള്ളതാണ്ഹരിഹര്‍ ഫോര്‍ട്ട്. ഉയരത്തെ ഭയക്കുന്നവരും നല്ല കായികശേഷി ഇല്ലാത്തവരും ഈ കോട്ടയും യാത്രയും സ്വപ്നത്തില്‍ പോലും കാണേണ്ടതില്ല.


കാട്ടിലൂടെ കോട്ടയിലേക്ക് അല്പം ദുര്‍ഘടം പിടിച്ചതാണ് കോട്ടയിലേക്കുള്ള യാത്ര.  തുടങ്ങുമ്പോള്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല. പുല്ലുകള്‍ വകഞ്ഞുമാറ്റി വഴിയുണ്ടാക്കി വേണം പോകാന്‍... പടികള്‍ കാണുന്നതുവരെയുള്ള യാത്ര വളരെ എളുപ്പമാണ്


പടികള്‍ കണ്ടാല്‍... കല്ലില്‍ കൊത്തിയ പടികള്‍ ആദ്യ കാഴ്ചയില്‍ തന്നെ ഒന്നു പേടിപ്പിക്കും. ഇത് കയറി ജീവനോടെ മുകളില്‍ എത്തുമോ എന്ന സംശയം ഉറപ്പായും ഉണ്ടാകും..കുത്തനെയാണ് പടികളാണുള്ളത്. ഇരുന്നും കിടന്നും നടന്നുമെല്ലാം പടികള്‍ കയറേണ്ടി വരും.. ആദ്യസെറ്റ് പടികള്‍ കയറിയാല്‍ പിന്നെ ഒരു കവാടം കാണാം

കവാടം കടന്നാല്‍...  ഇതുവരെ നടന്നതിലും കുറച്ചു കൂടി ഭീകരമായ പടികളാണുള്ളത്. അതുംകൂടി കടന്നാല്‍ മുകളിലെത്താം.. അവിടെ സാഹസികരെ കാത്തിരിക്കുന്നത് വിശാലമായ ഒരു കുന്നിന്‍പുറവും പാറയില്‍ കൊത്തിയ കുളങ്ങളുമാണ്. 360 ഡിഗ്രി വ്യൂവിലാണ് കാഴ്ചകള്‍. അങ്ങകലെ മുംബൈ നഗരത്തിന്റെയും വനങ്ങളുടെയുമെല്ലാം കാഴ്ച മനസ്സിനെ കുളിര്‍പ്പിക്കും..

117  പടികള്‍ കയറിയാണ് ഇവിടെയത്തുന്നത്. കല്ലില്‍ കൊത്തിയും തുരന്നും നിര്‍മ്മിച്ചിരിക്കുന്ന ഈ പടികള്‍ അപകടകാരികളാണ്. പ്രത്യേകിച്ചും മഴക്കാലങ്ങളില്‍. കുന്നിന്റെ മുകളില്‍ നിന്നുള്ള വെള്ളം താഴേക്ക് പടികള്‍ വഴി ഒലിച്ചിറങ്ങുന്നതിവാല്‍ മിക്കപ്പോവും ഇവിടെ വഴുക്കലാണ്. അതിനാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ കയറാവൂ..

തിരിച്ചിറങ്ങുമ്പോള്‍ എത്രമാത്രം സൂക്ഷിച്ചാണോ കയറിയത് അത്രയും സൂക്ഷിച്ചുതന്നെ ഇറങ്ങാനും ശ്രദ്ധിക്കണം. വളരെ കുന്നനെയുള്ള പടികള്‍ ചിലയിടങ്ങളില്‍ തീരെ ഇടുങ്ങിയതാണ്.


സൂക്ഷിക്കാന്‍ *കൃത്യമായ തയ്യാറെടുപ്പുകളോടെ മാത്രം യാത്രയ്‌ക്കൊരുങ്ങുക *ഒറ്റയ്ക്ക് പോകാതിരിക്കുക *പടികളില്‍ വഴുക്കലുള്ളതിനാല്‍ മഴക്കാലത്തെ യാത്ര ഒഴിവാക്കുക. ഗ്രിപ്പുള്ള ചെരിപ്പുകളും കുത്തിക്കയറാന്‍ വടിയും കരുതുക * വലിയ ലഗേജ് ഉപേക്ഷിക്കുക. അത്യാവശ്യം വേണ്ടുന്ന വെള്ളവും സ്‌നാക്‌സും മാത്രം കരുതുക


എത്തിച്ചേരാന്‍ മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലാണ് ഹരിഹര്‍ ഫോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നാസിക്കിലെ ഇഗ്താപുരി എന്ന സ്ഥലത്തു നിന്നും 48 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താന്‍.


2021, ഒക്‌ടോബർ 10, ഞായറാഴ്‌ച

പാടം എന്ന കൊച്ചു ഗ്രാമം പത്തനംതിട്ട ജില്ല,സുന്ദര ഗ്രാമം

 

കോന്നി വനമേഖലയോട് അതിർത്തി പങ്കിടുന്ന സുന്ദര ഗ്രാമം. ഗ്രാമത്തിലെ ആരുമറിയാത്ത സ്വപ്ന കാഴ്ചകൾ

  പാടം എന്ന കൊച്ചു ഗ്രാമം

പാടം,   പത്തനംതിട്ട ജില്ല.

=========================


             പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടയും ചുറ്റി അടിവാരം തീര്‍ത്തിരിക്കുന്ന കൊല്ലം,പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് പാടം എന്ന കൊച്ചു ഗ്രാമം.പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അധികമാരും എത്തിപ്പെടാത്ത, സുന്ദര ഇടമാണ്. വന വശ്യത ആസ്വദിച്ചു യാത്ര ചെയ്യാൻ  കിഴക്കേ വെള്ളം തെറ്റിയും, സംരക്ഷിത മുളം തോട്ടങ്ങളാൽ മനോഹരമായ ഇരുട്ടുതറയും, അധികം ദൂരത്തല്ലാതെ റബ്ബർ മരങ്ങൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന വെള്ളച്ചാട്ടങ്ങളും,കോട്ട എന്നറിയപ്പെടുന്ന മലകളും. പിന്നെ സ്നേഹ സമ്പന്നരായ ജനങ്ങളും..........

ഒരു പതിറ്റാണ്ടിനപ്പുറം കണ്ട് മറന്ന വൻ മരങ്ങൾ ആകാശം മറച്ച പാതയാണ് മനസ്സിൽ.മൺ പാതയിലൂടെ തടി കയറ്റി ഓടി വരുന്ന ലോറികൾ മനോഹര കാഴ്ച്ചയായിരുന്നു.ലോറികൾക്ക്  ഇടം നൽകി വണ്ടണി കോട്ട ഓടി മറയുന്ന കെ.എസ്.ആർ.ടി.സി.ബസ്.മലയിറങ്ങി പാടം എത്തുമ്പോഴേക്കും വരുത്തരായ യാത്രക്കാർ ഒരുവിധം ശ ർദ്ധിച്ചിരിക്കും.

സ്ഥലത്തെ പ്രധാന കവലയായ കൊച്ചുതോട് നിന്ന് തെക്കോട്ട് പോയാല്‍ പാടം ഫോറസ്റ്റ് ചെക്ക് പോസറ്റ് കാണാം.റോഡിനു മറുവശം കൊല്ലം ജില്ലയിലായി  യുക്കാലിയും മാഞ്ചിയവും ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് വളർത്തുന്നുണ്ട്.തെക്ക് ഭാഗത്തായി പാതയിൽ തണലൊരുക്കി AVT യുടെ റബ്ബർ മരങ്ങൾ......

പാടത്തിന്റെ_ചരിത്ര_പുസ്തകം തുറക്കുമ്പോൾ...........................

 ചെങ്കോട്ട മുതല്‍ ഇടുക്കിവരെ നീളുന്ന വൻ മരങ്ങള്‍ ഇടതിങ്ങിയ വനമേഖല.ഗിരിവര്‍ഗ്ഗക്കാര്‍ കാട്ടില്‍നിന്നും തേനും നെല്ലിക്കയും ശേഖരിച്ച് ജീവിച്ചിരുന്ന കാലഘട്ടമാണ് പാടത്തിന്റെ ചരിത്ര പുസ്തകം തുറക്കുമ്പോള്‍ ദൃശ്യമാകുന്നത്.

അയ്യപ്പന്റെ പിന്മുറക്കാര്‍ എന്നറിയപ്പെടുന്ന കാടരായിരുന്നു താമസക്കാര്‍.യൂക്കാലി കോര്‍പ്പറേഷന്റെ കടന്ന് വരവും തടിവെട്ടുമായി ഋതുക്കള്‍ പിന്നെയും മുന്നോട്ട് നീങ്ങി.പച്ചപ്പുടുത്ത   നെല്‍പാടങ്ങള്‍ നിറഞ്ഞു കൂടെ പച്ചക്കറി കൃഷിയും ഒപ്പം വന്യ മൃഗങ്ങളുമായി മല്ലിട്ട് അവര്‍ ജീവിച്ചു.ഏകദേശം 100 വര്‍ഷമുമ്പ് എ.വി.ടി റബ്ബര്‍ എസ്റ്റേറ്റിന്റെ കടന്ന് വരവോട് കുടി രാജഗിരി മുതല്‍ കൂടൽ വരെ റബ്ബര്‍ മരങ്ങള്‍ തലപ്പൊക്കി.

കാലം കടന്ന് പോയി. നെല്‍ പാടങ്ങളുടെ പച്ചപ്പ് പേരില്‍ മാത്രം അവശേഷിപ്പിച്ച് പാടങ്ങള്‍ അപ്രത്യക്ഷമായി.ജനങ്ങൾ ജോലി സാദ്ധ്യതകൾക്കായി വിദേശ രാജ്യങ്ങളെ  ആശ്രയിക്കാൻ തുടങ്ങിയതും 

പാടം തെളിയാന്‍ തുടങ്ങി. പുല്ലിനും പച്ച മണ്‍കട്ടക്കും പണിതിരുന്ന വീടുകളുടെ സ്ഥാനത്ത് ആധുനിക ഭവനങ്ങള്‍ ഉയര്‍ന്നു.കൊച്ചു തോട്ടിലെ ഖനി അത്ത അമ്മാവന്റെ പെട്ടികടയുടെ സമീപത്തായി  കൂടുതൽ കടകള്‍ ഉയർന്ന് വന്നു.കോട്ടകളെ കുറി വെച്ച കോറി മുതലാളിമാര്‍ പാടത്തെ സമ്പന്നമാക്കി.പക്ഷെ നന്മയുള്ള പാടത്തുകാർ പാടം എന്ന പേര് അവരുടെ ഹൃദയത്തിൽ പോറി ഇട്ടിരുന്നു.......

പാടത്തിനു ചുറ്റും തെളിയുന്ന വിനോദ സഞ്ചാര കാഴ്ചകൾ വെള്ളച്ചാട്ടങ്ങൾ 

ആനയും, കാട്ടുപോത്തും, മ്ലാവും, പന്നിയും മയിലും വിളയാടുന്ന കാട്. സമീപത്തായുള്ള ചെറിയ ഗ്രാമം.നാടിന്റെ ജീവ നാടിയായി നാട്ടുകാരുടെ നെഞ്ചില്‍ ഇടം പിടിച്ച  വെള്ളചാട്ടങ്ങളുടെ ഇടം കൂടിയാണ് ഇവിടം .കോന്നി വനാന്തരങ്ങളിലൂടെ ഒഴുകി അച്ചന്‍ കോവിലാറ്റില്‍ ഒരുമിക്കുന്നവയാണ് ഇവ.പുറത്തുനിന്ന് അധികം സഞ്ചരികൾ  എത്താത വെള്ളച്ചാട്ടങ്ങള്‍ .

എരപ്പാംച്ചാല_വെള്ളച്ചാട്ടം

-------------------------------------------..

  ടൗ ണില്‍ നിന്ന് പടിഞ്ഞാറ് മാന്‍കോഡ് വഴി വലത്ത് രാജഗിരിയിലേക്ക് സഞ്ചരിച്ചാല്‍ എരപ്പാംഞ്ചാല്‍ വെള്ളച്ചാട്ടത്തിൽ എത്താം.അങ്ങനെയങ്ങ് കാണാനൊന്നും പറ്റില്ല കേട്ടോ.ഉയരത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ  വെട്ടിയ കൊച്ച് പടികൾ താണ്ടി,ചെരിഞ്ഞ  ഇറക്കം ഇറങ്ങി തുടങ്ങുമ്പോഴേ ഇരമ്പല്‍ കേൾക്കാം. വളര്‍ന്ന് കിടക്കുന്ന മരചില്ലകളെ വകഞ് മാറ്റി നോക്കിയാല്‍ കരിമ്പാറകള്‍ക്ക് മുകളിലൂടെ കളകളാരവം തീര്‍ത്ത് ഒഴുകി ഇറങ്ങുന്ന വെള്ളച്ചാട്ടം കാണാം.

ദിശതെറ്റി സന്ദര്‍ഷകനെ വാരി ക്കുഴിയില്‍ വീഴ്ത്താനായി ചിതറി കിടക്കുന്ന വഴുക്കല്‍ മൂടിയ പാറകള്‍ക്കിടയിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അഭിമുഖമായി അല്‍പ്പനേരം നിന്ന് കാഴ്ച്ച ആസ്വ ദിച്ചു.വേനല്‍ ചൂടിനെ വാക്കുകളില്‍ മാത്രമാക്കി നാടിനെ തണുപ്പിച്ച്കൊണ്ട് ഒഴുകുന്നു എരപ്പാംച്ചാല്‍ വെള്ളച്ചാട്ടം.വെള്ളം നാട്ടിലെ പ്രഗല്‍ഭരായ കുട്ടികൂട്ടം അടിച്ച് പറത്തുന്നുണ്ട് .കാണുന്നവനെ കുളിക്കാന്‍ പ്രേരിപ്പിക്കുന്ന അതിമനമോഹര കാഴ്ച.കുട്ടികുറുമ്പന്‍മാരുടെ വെള്ളച്ചാട്ടത്തിലെ മലക്കം മറിച്ചിലില്‍ സന്തോഷം അലയടിച്ചുയർന്നു.കാഴ്ചയുടെ ആവേശം  ഒഴുക്കിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രചോദനമായി.

വള്ളി പടര്‍പ്പുകള്‍ക്കിടയിലൂടെ മുകളിലേക്ക് വലിഞ്ഞു  കയറി.ഉറവിടം അനന്ത തയില്‍ ഒളിപ്പിച്ചു;കാട്-വന്യം വശ്യം

ഒരക്കുഴി_വെള്ളച്ചാട്ടം

--------------------

എ.വി.തോംസണിന്റെ റബ്ബര്‍ എസ്റ്റേറ്റ്, പഴക്കം ചെന്ന ലയങ്ങളും കോട്ടേഴ്സ്സ്‌കളും.റോഡുകള്‍പോലും എസ്റ്റേറ്റിനു ഉള്ളിലൂടെ കടന്ന് പോകുന്നു.എരപ്പാംച്ചാല്‍ വെള്ളച്ചാട്ടം കണ്ട അന്താളിപ്പ് മാറാതെ നിന്ന ഞങ്ങളെ നാട്ട്കാർ   പുതിയൊരു പാതയിലേക്ക് നയിച്ചു.അധികം ആര്‍ക്കും പ്രവേശനമില്ലാത്ത റബ്ബര്‍ എസ്റ്റേറ്റിനകത്തുകൂടെ മുന്നോട്ട്‌.

ഓഫ് റോഡ് എന്ന പ്രയോഗം ഇവിടെ അപ്രാപ്യമാണ് തോട്ടത്തിനിടയിലൂടെ ചെറിയ നടവഴി മാത്രം.ജീവനും കയ്യില്‍ പിടിച്ച്  ലക്ഷ്യം മുന്നോട്ട് നയിച്ചു.രണ്ട് കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയതിന്‌ ശേഷം ചെറിയ പാറ കഷണങ്ങളില്‍ അള്ളിപിടിച്ച് വെള്ളചാട്ടത്തിലേക്ക് ഇറങ്ങി.

വെള്ളച്ചട്ടത്തിന്റെ മുകളിലേക്കാണ് നടന്ന് ഇറങ്ങുന്നത്.തട്ട്തട്ടായി പരന്ന് ഒഴുകിയിറങ്ങുന്ന ജലധാര.ഓരോ തട്ടിലും ആസ്യദിച്ച് കുളിക്കാന്‍ തക്കവണ്ണം വിസ്ത്രിത മാണ്.രണ്ട് തട്ടായുള്ള വെള്ളച്ചാട്ടത്തിൽ താഴ തട്ടില്‍ തണുപ്പ് ആസ്യദിച്ച് നീന്തികുളിക്കാം.ഇരപ്പാംചാല്‍ വെള്ളച്ചാട്ടത്തില്‍നിന്നും ചാല് കീറി കിലോമീറ്ററുകള്‍ ഒഴുകിയാണ് ഒരക്കുഴി വെള്ളച്ചാട്ടം രൂപമെടുക്കുന്നത്.

പാറമടക്കിന് കീഴെ അരയോളം മുങ്ങിയ വെള്ളച്ചാട്ടത്തിൽ നിന്ന് മുകളിലേക്ക് നോക്കി.റബ്ബര്‍ മരങ്ങള്‍ ഒന്നും തന്നെയില്ല.പിന്നിലുള്ള പാറമടക്കിലൂടെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ചെറിയ അരുവിയായി രൂപാന്തരപ്പെട്ട് ഒഴുകി അകലുന്നു വെള്ളച്ചാട്ടം.വെളളച്ചാട്ടത്തിലെ ചെറിയ ഗുഹകളില്‍ കയറിയും, മുകളില്‍ നിന്ന് തലകുത്തി മറിഞും, വഴുക്കലിലൂടെ ഒഴുകി വെള്ളച്ചാട്ടത്തിലേക്ക് പതിച്ചും, കിട്ടിയ നിമിഷ ങ്ങൾ  ആസ്വ 

ദിക്കുന്നു കേട്ടറിഞ് വന്ന സഞ്ചാരികള്‍.................

പത്തായകുഴി_വെള്ളച്ചാട്ടം

------------------------------------------

   പാടം ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും അനുമതി വാങ്ങി ഉള്ളിലേക്ക് പോയാൽ വർഷങ്ങൾക്ക് മുമ്പ് പൊതു വഴിയായി ഉപയോഗിച്ചിരുന്ന ഒരു പാത കാണാം.ആ വഴിയേ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞാൽ സ്വകാര്യ വ്യക്തിയുടെ കൃഷി ഇടമാണ്.വള്ളി പകർപ്പുകൾ വകഞ്ഞു മാറ്റി പറമ്പിലൂടെ വലിഞ്ഞു കയറിയാൽ പത്തായ കുഴി വെള്ളച്ചാട്ടമായി. താരതമ്യേന ചെറുത് എന്ന് തോന്നിപ്പിക്കുന്ന ഈ വെള്ളച്ചാട്ടമാണ് നാട്ടിലെ യൂത്തന്മാരുടെ കുളി സ്ഥലവും രഹസ്യ കേന്ദ്രവും .വഴുക്കൻ പാറയുടെ മുകളിലൂടെ വലിഞ്ഞു കയറി മിടുക്കന്മാർ വെള്ള ചാട്ടത്തിന്റെ അരികിലുള്ള പത്തായ കുഴിയിലേക്ക് ഒറ്റ ചാട്ടമാണ്.ചൂട് സമയത്ത് യുവാക്കൾക്കിടയിൽ അതൊരു മത്സര ഇനമാണ്.

വണ്ടണികോട്ടയും_പൂമലകോട്ടയും

------------------------------------------------------

        വണ്ടണികോട്ടയുടെ മുകളില്‍നിന്ന് പാടത്തേക്ക് നോക്കണം... യൂക്കാലിപ്സു  മരങ്ങള്‍ തണലൊരുക്കിയ പാതകള്‍ നിരനിരയായി വളര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍.പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടക്കും മധ്യേ വെയിലേറ്റ് വാടാതെ സുന്ദരമായ പാടം.പാടത്തിന് കോട്ട തീര്‍ത്ത് അവ തല ഉയര്‍ത്തി നില്‍ക്കുന്നു.

രാവിലെ സൂര്യ ഉദയത്തിന് മുമ്പേ  എണീക്കണം കിഴക്ക് മാങ്കോട് ഭഗത്തേക്ക് പോയാല്‍ കണ്ണെത്താ ഉയരത്തില്‍ വണ്ടണികോട്ട.റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ കയറ്റം കയറി മുപ്പത് മിനിറ്റോളം നടന്നാല്‍ വണ്ടണി മല മുകളിലെത്താം.ചെറിയ പാറകള്‍ക്കും കുറ്റിച്ചെടികളും പിന്നിട്ട് ഇവിടെ എത്തുന്നത് വെറുതേ ആവില്ല.രാത്രിയുടെ തണുപ്പിനെ പ്രതിരോധിച്ച് മഞ്ഞുകണങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ ഉദിച്ച് ഉയരുന്നത് ദ്യശ്യമാകും.പാടത്തിന്റെ മറുവശത്തുള്ള കോന്നി ഫോറസ്റ്റ് റേഞ്ചിന് അകത്തൂടെ വേണം പൂമലകോട്ടയിലെത്താന്‍ സൂര്യാ സ്ഥമനവും ഉദയവും പുതുമ നല്‍കുന്ന കാഴ്ചയാണിവിടെ.

കോട്ടയിൽ കോവിലകം , നോർത്ത് പറവൂർ ..

  കോട്ടയിൽ കോവിലകം , നോർത്ത് പറവൂർ ..

==============================================










പോകണം ഒരിക്കലെങ്കിലും ചരിത്രങ്ങൾ ഉറങ്ങുന്ന കോട്ടയിൽ കോവിലകത്തേക്ക് .........,...

കോട്ടയിൽ കോവിലകം , നോർത്ത് പറവൂർ ............

എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ചേന്ദമംഗലം നാലുവഴി ജങ്ക്ഷനിൽ നിന്നും 4 കിലോമീറ്റർ ദൂരെ വടക്ക് കിഴക്ക് ആയിട്ടാണ് ചരിത്രങ്ങൾ ഉറങ്ങുന്ന മനോഹരമായ ഈ പ്രദേശം....

വടക്കൻ പറവൂർ - കരിമ്പാടം - ചേന്ദമംഗലം വഴി ബസ് റൂട്ട് ഉണ്ട് കോട്ടയിൽ കോവിലകത്തേക്ക്.....

മുസിരീസ് പൈതൃക പദ്ധതിയിലൂടെ ശ്രദ്ധാകേന്ദ്രമാവുകയാണു വടക്കന്‍ പറവൂര്. പദ്ധതി പ്രകാരം തുറന്ന നാല് മ്യൂസിയങ്ങള് ഈ നാടിനു കേരളത്തിന്റെ ടൂറിസം മേഖലയില് ഇടം നല്കുന്നു.

അമ്പരപ്പിക്കുന്ന ചരിത്രക്കാഴ്‌ചകളുമായി പാലിയം ചരിത്രമ്യൂസിയം

ഡച്ച്‌ പൈതൃകത്തിന്റെ ശേഷിപ്പായ വര്‍ണം മങ്ങാത്ത ചില്ലുജാലകങ്ങളും ബെല്‍ജിയം തറയോടുകള്‍ പാകിയ അകത്തളങ്ങളും ആനച്ചമയങ്ങളും മിഴാവും ക്ഷേത്രവിളക്കുകളുമൊക്കെ ഇനി നിങ്ങള്‍ക്കു കാണാം..അമ്പരക്കാം..ആസ്വദിക്കാം..

പാലിയം കൊട്ടാരം - ഒന്നര നൂറ്റാണ്ടുകാലം, പഴയ കൊച്ചി മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി പദം വഹിച്ച് നിര്‍ണായക ചരിത്രമുഹൂര്‍ത്തങ്ങള്‍ കുറിച്ചവരാണ് പാലിയത്ത് കോമിയച്ചനും ഗോവിന്ദന്‍ വലിയച്ചനും പിന്‍മുറക്കാരും. 

അവരുടെ വീരഗാഥകളുടെ സ്മൃതികള്‍ ഇപ്പോഴും നിറയുന്നുണ്ട് ചേന്ദമംഗലത്തെ പുരാതനമായ പാലിയം കൊട്ടാരക്കെട്ടുകളില്‍.

ഡച്ചുകാര്‍ ഡച്ച് ശില്പമാതൃകയില്‍ പണിതീര്‍ത്തു നല്‍കിയ കോവിലകം, എട്ട് ഇരുനില മാളികകള്‍, പുരുഷന്മാര്‍ താമസിച്ചിരുന്ന ആറ് മഠങ്ങള്‍, ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഇരുനില മാളികകള്‍, മൂന്ന് ക്ഷേത്രങ്ങള്‍, 16 ഓളം കുളങ്ങള്‍, അത്രയും തന്നെ കിണറുകള്‍. 100 മുറി മാളിക എന്നിവ അടങ്ങുന്നതാണ് പാലിയം സമുച്ചയം.

കോവിലകമായിരുന്നു പാലിയത്തച്ചന്റെ ഭരണസിരാകേന്ദ്രം. 

കരം പിരിവ് മുതല്‍ കരുതല്‍ ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം, ന്യായവിചാരങ്ങള്‍ നടത്തിയിരുന്ന പീഠം, ദേവദാരു തുടങ്ങിയ ഔഷധവീര്യമുള്ള മരങ്ങള്‍കൊണ്ട് നിര്‍മിച്ച സപ്രമഞ്ചകട്ടില്‍ എന്നിവ ഇപ്പോഴുമുണ്ട്. 

ഭരണസിരാ കേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനണ്ടായിരുന്നില്ല.

കൊച്ചിയില്‍ പാതി പാലിയം എന്നൊരു പഴമൊഴി തന്നെ ഉണ്ടായിരുന്നു. 

പാലക്കാട് മുതല്‍ കോട്ടയം വരെ വ്യാപിച്ചു കിടന്നിരുന്ന ഭൂസ്വത്ത്, 41 ക്ഷേത്രങ്ങള്‍, ഏഴാനകള്‍ തുടങ്ങി രാജവംശത്തിന് കിടപിടിക്കുന്ന സ്വത്തായിരുന്നു പാലിയത്തിന്റേത്.

കേരള ചരിത്രത്തിലെ പല നിര്‍ണായക സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പറവൂരിനടുത്ത ചേന്ദമംഗലത്താണ്‌ ചരിത്രമ്യൂസിയം ഒരുങ്ങുന്നത്‌. 

മൂന്നു നൂറ്റാണ്ടോളം കൊച്ചി രാജകുടുംബത്തിന്റെ വിശ്വസ്‌ഥരായി വര്‍ത്തിച്ച പാലിയംകുടുംബത്തിന്റെ നാലു നൂറ്റാണ്ട്‌ പഴക്കമുള്ള കൊട്ടാരത്തിലാണ്‌ (പാലിയം കോവിലകം) മുസിരിസ്‌ പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രണ്ട്‌ മ്യൂസിയങ്ങളുടെ അവസാന മിനുക്കു പണികള്‍ നടന്നു വരുന്നത്‌. 

പുതുതലമുറയ്‌ക്ക്‌ കൊച്ചിയുടെ പഴയ നാളുകള്‍ പരിചയപ്പെടുത്താനും വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ്‌ മ്യൂസിയങ്ങളുടെ നിര്‍മിതി. 

രാജ്യാന്തര നിലവാരത്തില്‍ പാലിയം കൊട്ടാരത്തിലെ പഴയ നാലുകെട്ട്‌ പുനരുദ്ധരിച്ചാണ്‌ നിര്‍മിതി നടക്കുന്നത്‌. 

ഡച്ച്‌ നിര്‍മാണ രീതിയില്‍ പണിതീര്‍ത്ത പാലിയത്തച്ചന്റെ കൊട്ടാരം കൊച്ചിപാലിയം പഴയ നായര്‍ കൂട്ടുകുടുംബ വ്യവസ്‌ഥിതിയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌. 

ഇത്‌ നിലനിര്‍ത്തിയാണ്‌ ജീവിതശൈലി മ്യൂസിയം തയ്യാറാകുന്നത്‌. 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൂട്ടുകുടുംബമായിരുന്നു പാലിയമെന്നാണ്‌ ചരിത്രകാരന്മാര്‍ പറയുന്നത്‌.

ഒറ്റത്തടിയില്‍ തീര്‍ത്ത വലിയ സമ്മേളന മേശ, ബ്രിട്ടീഷ്‌ പടയെ തുരത്തുന്നതിന്‌ നേതൃത്വം കൊടുത്ത പാലിയത്തച്ചന്റെ ഉടവാള്‍, രത്‌നങ്ങളും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന പടിയറ എന്നിവയും കാഴ്‌ചക്കാര്‍ക്കായി മ്യൂസിയത്തില്‍ അണിനിരക്കും. കൊട്ടാരക്കെട്ടിന്റെ നിലാമുറ്റത്തിട്ടിരുന്ന കല്ലുകൊണ്ടുള്ള പീഠത്തിലിരുന്നാണ്‌ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്മാര്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പ്രജകളുടെ പരാതികള്‍ കേട്ടിരുന്നതെന്ന്‌ പാലിയം കുടുംബാംഗവും പാലിയം ട്രസ്റ്റിന്റെ മാനേജരുമായ കൃഷ്‌ണബാലന്‍ പറഞ്ഞു. ഈ പീഠം ഇപ്പോഴും കേടുകൂടാതെയുണ്ട്‌. മുന്നൂറു പേര്‍ക്ക്‌ ഭക്ഷണം ഒരുക്കാന്‍ സൗകര്യമുള്ള അടുക്കള, മൂവായിരത്തോളം പേര്‍ക്ക്‌ ഭക്ഷണം വയ്‌ക്കാവുന്ന വെള്ളോട്ടു വട്ടളം, ആയിരം പേര്‍ക്കു വരെ ഭക്ഷണം തയ്യാറാക്കാനുള്ള വിവിധ വലുപ്പത്തിലുള്ള വട്ടച്ചെമ്പുകള്‍, ഓടിന്റെ ഉരുളികള്‍, മോര്‌ ഒഴിക്കാനുള്ള ഗോമുഖി എന്നിവയും കാഴ്‌ചക്കാര്‍ക്ക്‌ കൗതുകമുണ്ടാക്കും. പാലിയം നാലുകെട്ടില്‍ ഇളയതുകാരായിരുന്നു അടുക്കള കാര്യസ്‌ഥന്മാര്‍.

പൂമുഖം, അകായി, തെക്കിനിത്തറ, പടിത്തറ, ശയനമുറികള്‍, വലിയ അടുക്കള, പരമ്പരാഗത സ്വത്തുക്കളും ആഭരണങ്ങളും സൂക്ഷിക്കുന്നതിനുള്ള അറ എന്നിവ ഉള്‍ക്കൊള്ളുന്ന നാലുകെട്ട്‌ ഡച്ച്‌കേരളീയ വാസ്‌തുശിലപ മാതൃകയ്‌ക്ക്‌ ഉത്തമ ഉദാഹരണമാണ്‌. അറയുടെ താഴേക്കുള്ള മുറി കൊട്ടാരത്തിന്‌ പുറത്തെത്താനുൂള്ള രഹസ്യമാര്‍ഗമായിരുന്നു. കെട്ടിടത്തിന്റെ കിഴക്ക്‌വടക്ക്‌ കാണുന്ന കര്‍ണസൂത്രം ശുദ്ധവായു കടന്നു വരുന്നതിനുള്ള പുരാതന ശാസ്‌ത്രീയമാര്‍ഗവും. പാലിയം കൊട്ടാരത്തിലെ ഭക്ഷണരീതികള്‍, സ്‌ത്രീകള്‍ ആഭരണങ്ങള്‍ അറയില്‍ നിന്ന്‌ എടുത്തുപയോഗിച്ചിരുന്ന രീതി തുടങ്ങി കൂട്ടുകുടുംബ കൂട്ടായ്‌മയുടെ മേന്മയും കരുത്തും ഈ നാലുകെട്ട്‌ മ്യൂസിയത്തിലൂടെ പുതുതലമുറയ്‌ക്ക്‌ അടുത്ത്‌ അറിയാനാകും.

മാറ്റചന്ത

-------------------

നാണയവിനിമയം നിലവിൽ വരുന്നതിനു മുമ്പ് ബാർട്ടർ സംവിധാനം നടപ്പിലിരുന്ന കാലത്ത് ചേന്ദമംഗലത്ത് തുടങ്ങിയതാണ് മാറ്റചന്ത. സാധനങ്ങൾക്കു പകരം സാധനങ്ങൾ കൈമാറ്റം ചെയ്തിരുന്നത്. ഈ കാലഘട്ടത്തെ ഓർമ്മിപ്പിക്കുവാനായി ഈ മാറ്റചന്ത ഇപ്പോഴും നടന്നു വരുന്നു. എന്നാൽ ഇപ്പോൾ സാധനങ്ങൾക്കു പകരമായി വിനിമയത്തിൻ പണം ആണ് ഉപയോഗിക്കുന്നത്

ചരിത്രമുറങ്ങുന്ന പറവൂര്, ചേന്ദമംഗലം സിനഗോഗുകളും, പാലിയം കോവിലകവും ഇന്നു ചരിത്രം പറയുകയാണ്.

എ.ഡി.1663 മുതല്‍ 1809 വരെ പരമ്പരാഗതമായി കൊച്ചി രാജ്യത്തിന്റെ പ്രധാന മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആവാസസ്ഥാനമാണ് ചേന്ദമംഗലം. 

പഴയ കൊച്ചി സംസ്ഥാനത്തിൽ രാജാവ് കഴിഞ്ഞാൽ പിന്നെ പ്രധാനി ചേന്ദമംഗലം, പാലിയത്തച്ചനായിരുന്നു എന്നു പറയപ്പെടുന്നു. 

പാലിയത്തെ മേനോൻമാർക്ക് അച്ചൻ എന്ന സ്ഥാനപ്പേര് രാജാവ് നൽകിയിട്ടുള്ളതാണ്. 

കൊച്ചി സംസ്ഥാനത്തിലെ പ്രധാനമന്ത്രി സ്ഥാനവും, മുഖ്യസൈന്യാധിപസ്ഥാനവും പാലിയത്തച്ചൻമാർക്ക് തന്നെയായിരുന്നു.  

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയെ പാലിയത്തച്ചൻ താനുമായിട്ടുണ്ടായ ഒരു പ്രശ്നത്തിൽ വെട്ടി ക്കൊലപ്പെടുത്തുകയുണ്ടായി. 

പാലിയത്തച്ചന്റെ സ്വാധീനശക്തി അറിയാവുന്ന ഡച്ചുകാർ പാലിയത്തച്ചനോട് എതിരിടാന മുതിർന്നില്ല. അത്രക്കു ഉഗ്രപ്രതാപിയായിരുന്നു പാലിയത്തച്ചന്മാർ. 

അതുപോലെ തങ്ങളുടെ പ്രതാപത്തെ അംഗീകരിക്കാത്ത കീഴാളരെ യാതൊരൂ കൂസലും കൂടാതെ വധിക്കാനും ഈ കുടുംബക്കാർക്ക് മടിയില്ലായിരുന്നു .....

1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന സമരം , പാലിയം സമരം എന്നറിയപ്പെടുന്നു   

97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. 

കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു...

സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി.കേശവൻ നിർവ്വഹിച്ചു. 

കേരളത്തിലെ മറ്റു സമരങ്ങളിലേപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിൽ. 

ചുരുക്കത്തിൽ കീഴാള വർഗ്ഗങ്ങൾ മറ്റുമനുഷ്യരെപ്പോലെ തലയുയർത്തി പൊതുവഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയുള്ള അവകാശത്തിനായാണ് പാലിയം സമരം നടന്നത്.

സംഘകാല കൃതികളിലും ചിലപ്പതികാരത്തിലും ചേന്ദമംഗലത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. 

കോകസന്ദേശ കാവ്യത്തില്‍ ചേന്ദമംഗലത്തെയും ആറങ്കാവുക്ഷേത്രത്തെയും കുറിച്ചു പറയുന്നുണ്ട്. 

ഉദ്ദണ്ഡശാസ്ത്രിയുടെ കോകില സന്ദേശം എന്ന സംസ്കൃത കൃതിയിലെ നായിക ചേന്ദമംഗലത്തെ ‘മാരക്കര’ ഭവനത്തിലേതാണ് എന്ന് പറയപ്പെടുന്നു.

ജയന്തമംഗലം അഥവാ ചൂര്‍ണ്ണമംഗലമാണ് ചേന്ദമഗലം എന്നായതെന്നു കരുതാം.

കേരളത്തിലെ ഏറ്റവും വലിയ സിനഗോഗുകളിലൊന്നാണു

പറവൂരിലുള്ളത്. ജൂതന്മാരുടെ ചരിത്രമാണു പറവൂര് സിനഗോഗിലെങ്കില് അവരുടെ ജീവിതരീതികളാണു ചേന്ദമംഗലം

സിനഗോഗ് കാണിച്ചുതരുന്നത്.

തോമാ ശ്ളീഹാ കേരളത്തില്‍ വരുന്നതിനു മുമ്പ് തന്നെ യഹൂദര്‍ കേരളത്തില്‍ എത്തിയിരുന്നു എന്നു പല ചരിത്രകാരന്‍മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളചരിത്രത്തില് ജൂതന്മാര്ക്കുള്ള പ്രാധാന്യം, അവരുടെ പെരുന്നാളുകള്, ആചാരങ്ങള്, വേഷവിധാനങ്ങള്, ഭക്ഷണം, പെണ്പാട്ടുകള് തുടങ്ങി എല്ലാംതന്നെ വ്യക്തമാക്കിത്തരും ഈ രണ്ടു മ്യൂസിയങ്ങള്. സിനഗോഗുകളിലെ തോറ വായിക്കുന്ന ബേമയും മറ്റും ഇന്നും ഇവിടെ നിലനിര്ത്തിയിട്ടുണ്ട്.

കേരളത്തിന്റെയും ഡച്ചുകരുടെയും വാസ്തുവിദ്യയുടെ താരതമ്യമാണു പാലിയത്തെ സവിശേഷത.

പരമ്പരാഗത വാസ്തു ശില്പവൈദഗ്ധ്യത്താല് പ്രശസ്തമാണു

പാലിയം കോവിലകത്തെ നാലുകെട്ട്. ഡച്ച് ആര്കിടെക്ചറിന്റെ പല ചേരുവകളും പാലിയം കൊട്ടാരത്തില് കാണാം. ചില്ലുകള് ഉപയോഗിച്ചും തൂക്കിയിടുന്നതുമായ ജനാലകളും മറ്റും അവരുടെ സംഭാവനയാണ്.

ഡച്ചുകാരുടെ ഇവിടത്തെ സ്വാധീനമാണു പാലീയം കൊട്ടാരം പറയുന്നത്. കോട്ടപ്പുറം കോട്ട കീഴ്പ്പെടുത്താന്‍ ഡച്ചുകാരെ

സഹായിച്ച അന്നത്തെ പാലിയത്തച്ചനു സമ്മാനമായി നല്കിയതാണ് ഈ കൊട്ടാരം എന്നതു ചരിത്രം.  (ഡച്ചുകാരുടെ സഹായത്തോടെ പാലയത്തച്ഛന്‍ നിര്‍മ്മിച്ച ഡച്ചുമോഡല്‍ കൊട്ടാരമാണ് എന്നും പറയപ്പെടുന്നു .)

വിദേശികളുടെയും പാലിയത്തച്ചന്മാരുടെയും ബന്ധത്തിന്റെ തെളിവാണിത്. പാലിയം കുടുംബം, അവര്ക്കു കേരള ചരിത്രത്തിലുണ്ടായിരുന്ന പ്രാധാന്യം എന്നിവ ഇവിടെനിന്നും അറിയാം.

സിനഗോഗുകളിലും പാലിയത്തും ചരിത്രം പറഞ്ഞുകൊടുക്കുന്ന

ഡിസ്പ്ളേകളും വിഡിയോയും വച്ചിട്ടുണ്ട്. കേരള ചരിത്രത്തില് വളരെ പ്രധാനപ്പെട്ട തലമുറ കടന്നുപോയ മുസിരീസ് വീഥികളിലൂടെ സഞ്ചരിക്കാനുള്ള അവസരമാണു

പുതുസമൂഹത്തിനു പദ്ധതി ഒരുക്കുന്നത്.

പറവൂരില്നിന്നും ഏകദേശം നാലു കിലോമീറ്റര് മാറി

ചേന്ദമംഗലത്താണു പാലിയം കോവിലകം. ഇതേദൂരം തന്നെയാണു കോട്ടയില് കോവിലകത്തെ ചേന്ദമംഗലം സിനഗോഗിലേക്കും.

മ്യൂസിയങ്ങള് തുറന്നെങ്കിലും കുറച്ചു പണികള് കൂടി പൂര്ത്തിയാകാനുണ്ട്.

മനോഹരമായ പുഴയും ആന പാറ എന്ന് വിളിക്കുന്ന പുഴയിൽ ഉയർന്ന് നിൽക്കുന്ന പാറ കൂട്ടവും , പുരാതനമായ മുസ്ലീം പള്ളിയും ,

1790 ൽ ടിപ്പു സുൽത്താനുമായുണ്ടായ ഏറ്റുമുട്ടലിൽ പാലിയത്തച്ചന്റെ കാര്യസ്ഥനായിരുന്ന കോയ മുഹമ്മദ്‌ എന്ന മുസ്‌ലീം യുവാവ് ധീരമായി ടിപ്പുവിന്റെ സൈന്യവുമായി അവസാന ശ്വാസം വരെ പോരാടുകയും ടിപ്പുവിന്റെ സൈന്യത്തിന്റെ വെടിയേറ്റ്‌ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു ,

ആ മഹാന്റെ കബറിടവും കോട്ടയിൽ കോവിലകത്തെ മുസ്ലീം പള്ളിയിൽ സ്ഥിതി ചെയ്യുന്നുണ്ട് ,

പള്ളിയുടെ അതിരിന്ന് അപ്പുറത്ത് ശ്രീ കൃഷ്ണ സ്വാമീ ക്ഷേത്രവും ,

 (ഒരു കുന്നിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിന് താഴെയുള്ള പ്രദേശത്ത് ജൂതമ്മാരുടെ ശവകല്ലറകൾ സ്ഥിതി ചെയ്യുന്നു ...)

ഈ ക്ഷേത്രത്തിന്റെ സൈഡിൽ നിന്നും ക്ഷേത്രത്തിന് താഴെ കൂടി ടിപ്പുസുൽത്താൻ നിർമിച്ച ഒരു തുരങ്കം ഉള്ളതായി കാണുന്നു,

അതിന്റെ അവസാനം കിലോമീറ്റെരുകൾക്ക് അപ്പുറമുള്ള മാഞ്ഞാലിയിലെ ടിപ്പുസുൽത്താന്റെ പഴയ കോട്ടയിലേക്കും അതിടുത്തുള്ള മാഞ്ഞാലി പുഴയിലേക്കുമാണ് തുരങ്കം പോകുന്നതായി പറയപ്പെടുന്നത്‌ ....( പാലിയത്തേക്കാണ് ഗുഹ പോകുന്നതെന്നും കഥകളുണ്ട് )

 മുസ്‌ലീം പള്ളിക്കടുത്ത് തന്നെ പുരാതനമായ ജൂത സിനഗോഗും. അതിന്റെ കുറച്ച് പിറകു വശത്തായി പുരാതന അച്ചടി ശാലയുടെയും , വൈപ്പി കോട്ട സെമിനാരിയുടെയും പഴയ പോലീസ് സ്റ്റേഷന്റെയും അവശിഷ്ട്ടങ്ങൾ പേറുന്ന സ്ഥലവും , പുരാതനമായ കയ്യെഴുതുകൾ ( വട്ടെഴുത്തുകൾ ) സൂക്ഷിച്ചിട്ടുള്ള പഴയ കാല ക്രിസ്ത്യൻ പള്ളിയും ഉണ്ട് ,

കേരളത്തിലെ ആദ്യത്തേതും അവസാനത്തേതുമായ ക്രൈസ്തവ രാജധാനി എന്ന പേരില്‍ പ്രസിദ്ധമായ വില്ലാര്‍വട്ടം രാജാക്കന്മാരുടെ രാജധാനി ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആറങ്കാവ് എന്ന സ്ഥലത്തായിരുന്നു. 

കേരളോല്‍പ്പത്തിയോളം പഴക്കമുള്ള ചേന്ദമംഗലം എന്ന ഗ്രാമം പുരാതന കാവ്യങ്ങളില്‍ കാന്തളൂര്‍, ചാന്തിമദ്വീപ്, ജയന്തമംഗലം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. 

പെരിയാറും ചാലക്കുടിയാറും സന്ധിക്കുന്ന ഇടം ക്രമേണ ഒരു ദ്വീപായി ഉയര്‍ന്നു വന്നു. 

ഈ പ്രദേശം ചാന്തിമദ്വീപ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതായി രാജേന്ദ്രചോളന്റെ തിരുമല ശാസനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചേന്ദമംഗലത്തിന്റെ സംസ്കൃതനാമം ജയന്തമംഗലം എന്നായിരുന്നു. 

'ചേന്ദമംഗലം' എന്ന ഈ സ്ഥലത്തിന്റെ പേരിനെക്കുറിച്ച് ഒരുപാട് കഥകളുണ്ട്. 

'ജയന്തൻ' എന്ന പദം ലോപിച്ചുണ്ടായതാണ് 'ചേന്ദൻ' എന്ന വാക്കെന്നും അതിനാൽ 'ജയന്തമംഗലം' ലോപിച്ച് ചേന്ദമംഗലമായതാണെന്നും പറയപ്പെടുന്നു. 

ജയന്തൻ മഹാവിഷ്ണുവിന്റെ പര്യായനാമമാണ്. 

പേരിനെ അന്വർത്ഥമാക്കും വിധത്തിൽ സ്ഥലത്ത് ഒരു മഹാവിഷ്ണുക്ഷേത്രമുണ്ട്. 

അതല്ല, ജയന്തൻ എന്ന മഹർഷി തപസ്സ് ചെയ്തതുകൊണ്ടാണ് സ്ഥലത്തിന് ആ പേരുകിട്ടിയതെന്നും പറയുന്നുണ്ട്. 

മറ്റൊരു കഥയിൽ 'ചൂർണ്ണമംഗലം' എന്ന പേരാണ് ചേന്ദമംഗലമായതെന്നും പറയുന്നു. 

ചൂർണ്ണി എന്നുമറിയപ്പെടുന്ന പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ടാണ് ആ പേരുകിട്ടിയതെന്നാണ് ആ വാദക്കാർ പറയുന്നു. 

പെരിയാറിന്റെ തീരമായതിനാൽ 'വില്ലാർവട്ടം' എന്നും അറിയപ്പെട്ടിരുന്നുവത്രേ ഈ സ്ഥലം. 

ഒരുകാലത്ത് വില്ലാർവട്ടം രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. 

അവർ ക്ഷത്രിയരായിരുന്നുവെന്നും ഒടുവിലത്തെ വില്ലാർവട്ടം രാജാവ് ക്രിസ്തുമതം സ്വീകരിച്ചതിനാൽ കൊച്ചീരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും ആ സ്ഥാനം പാലിയത്തച്ചന് നൽകുകയും ചെയ്തുവെന്നും വിശ്വസിയ്ക്കപ്പെടുന്നു. 

വില്ലാർവട്ടം സ്വരൂപം കാലാന്തരത്തിൽ അന്യം നിന്നുപോയി.

ചേര സാമ്രാജ്യത്തിന്റെ പ്രധാന രാജധാനിയും കോവിലകവും തിരുവഞ്ചിക്കുളമായിരുന്നു.

മാര്‍സ്ളീവായുടെ നാമത്തിലുള്ള ചേന്ദമംഗലം പള്ളി 1075-ല്‍ സ്ഥാപിച്ചു. 

കേരളത്തിലെ സൂനഹദോസ് നടത്താന്‍ നിശ്ചയിച്ചത് ഈ പള്ളിയില്‍ വച്ച് ഗോവ മെത്രാന്‍ മെനസീസും ഗീവര്‍ഗീസ് ആര്‍ക്കദിയാക്കോനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്. 

ഇന്ന് സി.എല്‍.സി എന്നറിയപ്പെടുന്ന മരിയന്‍ സോഡാലിറ്റി എന്ന ഭക്തി സംഘടനയ്ക്ക് കേരളത്തില്‍ രൂപം കൊടുത്തത് 1644-ല്‍ ഈ പള്ളിയില്‍ വച്ചാണ്. 

ക്രിസ്തുമത പ്രചരണാര്‍ത്ഥം ഇന്ത്യയിലെത്തിയ ജസ്യൂട്ട് പാതിരിമാര്‍ ചേന്ദമംഗലത്തു സ്ഥാപിച്ച സെമിനാരിയാണ് വൈപ്പിന്‍കോട്ട സെമിനാരി. 

1557-ല്‍ ഇന്ത്യയിലെ ആദ്യത്തെ അച്ചടിക്കാവശ്യമായ അക്ഷരങ്ങള്‍ കൊത്തിയുണ്ടാക്കിയത് ജോണ്‍ ധഗാണ്‍ സാല്‍വസു എന്ന പുരോഹിതനാണ്. 

തമിഴ് ഭാഷയിലുള്ള ഡോക്ടറീന ക്രിസ്ന എന്ന പുസ്തകമാണ് ആദ്യമായി അച്ചടിച്ചത്. 

ഏ.ഡി.1662-ല്‍ സുറിയാനി ഭാഷ കൂടി അച്ചടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ മുദ്രാലയം ചേന്ദമംഗലമായിത്തീര്‍ന്നു.

ചേന്ദമംഗലത്തിന്റെ കിഴക്കും, തെക്കും, വടക്കും ഭാഗങ്ങള്‍ പെരിയാറും അതിന്റെ കൈവഴിപ്പുഴകളുമാണ്. 

ഏതാനും വര്‍ഷങ്ങള്‍ക്കു  മുന്‍പുവരെ ഈ പുഴകളില്‍ കൂടി ബോട്ടുഗതാഗതം ഉണ്ടായിരുന്നു.

നൂറ്റാണ്ടുകൾ   പഴക്കമുള്ള കുന്നത്ത്തളി ക്ഷേത്രവും , കൊങ്കിണി ഭാഷക്കാരുടെ ശ്രീകൃഷ്ണ ക്ഷേത്രവും ഉൾക്കൊള്ളുന്ന മനോഹരമായ ഒരു ഗ്രാമപ്രദേശമാണിത് ....

പോകണം ഒരിക്കലെങ്കിലും ചരിത്രങ്ങൾ ഉറങ്ങുന്ന കോട്ടയിൽ കോവിലകത്തേക്ക് ..... 

എന്റെ അറിവുകൾ പരിമിതമാണ് , കൂടുതൽ അറിവുള്ളവർ തെറ്റുകൾ തിരുത്തി തരിക 

വിശദമായ വിവരങ്ങൾ പിന്നീട് കൂട്ടിചേർക്കുന്നതായിരിക്കും......

 അറിയാത്തവർ അറിയട്ടെ നമ്മുടെ നാടിനെയും നാട്ടുകാരെയും  കുറിച്ച്...