2021, ഒക്‌ടോബർ 10, ഞായറാഴ്‌ച

കോട്ടയിൽ കോവിലകം , നോർത്ത് പറവൂർ ..

  കോട്ടയിൽ കോവിലകം , നോർത്ത് പറവൂർ ..

==============================================










പോകണം ഒരിക്കലെങ്കിലും ചരിത്രങ്ങൾ ഉറങ്ങുന്ന കോട്ടയിൽ കോവിലകത്തേക്ക് .........,...

കോട്ടയിൽ കോവിലകം , നോർത്ത് പറവൂർ ............

എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ചേന്ദമംഗലം നാലുവഴി ജങ്ക്ഷനിൽ നിന്നും 4 കിലോമീറ്റർ ദൂരെ വടക്ക് കിഴക്ക് ആയിട്ടാണ് ചരിത്രങ്ങൾ ഉറങ്ങുന്ന മനോഹരമായ ഈ പ്രദേശം....

വടക്കൻ പറവൂർ - കരിമ്പാടം - ചേന്ദമംഗലം വഴി ബസ് റൂട്ട് ഉണ്ട് കോട്ടയിൽ കോവിലകത്തേക്ക്.....

മുസിരീസ് പൈതൃക പദ്ധതിയിലൂടെ ശ്രദ്ധാകേന്ദ്രമാവുകയാണു വടക്കന്‍ പറവൂര്. പദ്ധതി പ്രകാരം തുറന്ന നാല് മ്യൂസിയങ്ങള് ഈ നാടിനു കേരളത്തിന്റെ ടൂറിസം മേഖലയില് ഇടം നല്കുന്നു.

അമ്പരപ്പിക്കുന്ന ചരിത്രക്കാഴ്‌ചകളുമായി പാലിയം ചരിത്രമ്യൂസിയം

ഡച്ച്‌ പൈതൃകത്തിന്റെ ശേഷിപ്പായ വര്‍ണം മങ്ങാത്ത ചില്ലുജാലകങ്ങളും ബെല്‍ജിയം തറയോടുകള്‍ പാകിയ അകത്തളങ്ങളും ആനച്ചമയങ്ങളും മിഴാവും ക്ഷേത്രവിളക്കുകളുമൊക്കെ ഇനി നിങ്ങള്‍ക്കു കാണാം..അമ്പരക്കാം..ആസ്വദിക്കാം..

പാലിയം കൊട്ടാരം - ഒന്നര നൂറ്റാണ്ടുകാലം, പഴയ കൊച്ചി മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി പദം വഹിച്ച് നിര്‍ണായക ചരിത്രമുഹൂര്‍ത്തങ്ങള്‍ കുറിച്ചവരാണ് പാലിയത്ത് കോമിയച്ചനും ഗോവിന്ദന്‍ വലിയച്ചനും പിന്‍മുറക്കാരും. 

അവരുടെ വീരഗാഥകളുടെ സ്മൃതികള്‍ ഇപ്പോഴും നിറയുന്നുണ്ട് ചേന്ദമംഗലത്തെ പുരാതനമായ പാലിയം കൊട്ടാരക്കെട്ടുകളില്‍.

ഡച്ചുകാര്‍ ഡച്ച് ശില്പമാതൃകയില്‍ പണിതീര്‍ത്തു നല്‍കിയ കോവിലകം, എട്ട് ഇരുനില മാളികകള്‍, പുരുഷന്മാര്‍ താമസിച്ചിരുന്ന ആറ് മഠങ്ങള്‍, ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഇരുനില മാളികകള്‍, മൂന്ന് ക്ഷേത്രങ്ങള്‍, 16 ഓളം കുളങ്ങള്‍, അത്രയും തന്നെ കിണറുകള്‍. 100 മുറി മാളിക എന്നിവ അടങ്ങുന്നതാണ് പാലിയം സമുച്ചയം.

കോവിലകമായിരുന്നു പാലിയത്തച്ചന്റെ ഭരണസിരാകേന്ദ്രം. 

കരം പിരിവ് മുതല്‍ കരുതല്‍ ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം, ന്യായവിചാരങ്ങള്‍ നടത്തിയിരുന്ന പീഠം, ദേവദാരു തുടങ്ങിയ ഔഷധവീര്യമുള്ള മരങ്ങള്‍കൊണ്ട് നിര്‍മിച്ച സപ്രമഞ്ചകട്ടില്‍ എന്നിവ ഇപ്പോഴുമുണ്ട്. 

ഭരണസിരാ കേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനണ്ടായിരുന്നില്ല.

കൊച്ചിയില്‍ പാതി പാലിയം എന്നൊരു പഴമൊഴി തന്നെ ഉണ്ടായിരുന്നു. 

പാലക്കാട് മുതല്‍ കോട്ടയം വരെ വ്യാപിച്ചു കിടന്നിരുന്ന ഭൂസ്വത്ത്, 41 ക്ഷേത്രങ്ങള്‍, ഏഴാനകള്‍ തുടങ്ങി രാജവംശത്തിന് കിടപിടിക്കുന്ന സ്വത്തായിരുന്നു പാലിയത്തിന്റേത്.

കേരള ചരിത്രത്തിലെ പല നിര്‍ണായക സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പറവൂരിനടുത്ത ചേന്ദമംഗലത്താണ്‌ ചരിത്രമ്യൂസിയം ഒരുങ്ങുന്നത്‌. 

മൂന്നു നൂറ്റാണ്ടോളം കൊച്ചി രാജകുടുംബത്തിന്റെ വിശ്വസ്‌ഥരായി വര്‍ത്തിച്ച പാലിയംകുടുംബത്തിന്റെ നാലു നൂറ്റാണ്ട്‌ പഴക്കമുള്ള കൊട്ടാരത്തിലാണ്‌ (പാലിയം കോവിലകം) മുസിരിസ്‌ പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രണ്ട്‌ മ്യൂസിയങ്ങളുടെ അവസാന മിനുക്കു പണികള്‍ നടന്നു വരുന്നത്‌. 

പുതുതലമുറയ്‌ക്ക്‌ കൊച്ചിയുടെ പഴയ നാളുകള്‍ പരിചയപ്പെടുത്താനും വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ്‌ മ്യൂസിയങ്ങളുടെ നിര്‍മിതി. 

രാജ്യാന്തര നിലവാരത്തില്‍ പാലിയം കൊട്ടാരത്തിലെ പഴയ നാലുകെട്ട്‌ പുനരുദ്ധരിച്ചാണ്‌ നിര്‍മിതി നടക്കുന്നത്‌. 

ഡച്ച്‌ നിര്‍മാണ രീതിയില്‍ പണിതീര്‍ത്ത പാലിയത്തച്ചന്റെ കൊട്ടാരം കൊച്ചിപാലിയം പഴയ നായര്‍ കൂട്ടുകുടുംബ വ്യവസ്‌ഥിതിയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌. 

ഇത്‌ നിലനിര്‍ത്തിയാണ്‌ ജീവിതശൈലി മ്യൂസിയം തയ്യാറാകുന്നത്‌. 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൂട്ടുകുടുംബമായിരുന്നു പാലിയമെന്നാണ്‌ ചരിത്രകാരന്മാര്‍ പറയുന്നത്‌.

ഒറ്റത്തടിയില്‍ തീര്‍ത്ത വലിയ സമ്മേളന മേശ, ബ്രിട്ടീഷ്‌ പടയെ തുരത്തുന്നതിന്‌ നേതൃത്വം കൊടുത്ത പാലിയത്തച്ചന്റെ ഉടവാള്‍, രത്‌നങ്ങളും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന പടിയറ എന്നിവയും കാഴ്‌ചക്കാര്‍ക്കായി മ്യൂസിയത്തില്‍ അണിനിരക്കും. കൊട്ടാരക്കെട്ടിന്റെ നിലാമുറ്റത്തിട്ടിരുന്ന കല്ലുകൊണ്ടുള്ള പീഠത്തിലിരുന്നാണ്‌ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്മാര്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പ്രജകളുടെ പരാതികള്‍ കേട്ടിരുന്നതെന്ന്‌ പാലിയം കുടുംബാംഗവും പാലിയം ട്രസ്റ്റിന്റെ മാനേജരുമായ കൃഷ്‌ണബാലന്‍ പറഞ്ഞു. ഈ പീഠം ഇപ്പോഴും കേടുകൂടാതെയുണ്ട്‌. മുന്നൂറു പേര്‍ക്ക്‌ ഭക്ഷണം ഒരുക്കാന്‍ സൗകര്യമുള്ള അടുക്കള, മൂവായിരത്തോളം പേര്‍ക്ക്‌ ഭക്ഷണം വയ്‌ക്കാവുന്ന വെള്ളോട്ടു വട്ടളം, ആയിരം പേര്‍ക്കു വരെ ഭക്ഷണം തയ്യാറാക്കാനുള്ള വിവിധ വലുപ്പത്തിലുള്ള വട്ടച്ചെമ്പുകള്‍, ഓടിന്റെ ഉരുളികള്‍, മോര്‌ ഒഴിക്കാനുള്ള ഗോമുഖി എന്നിവയും കാഴ്‌ചക്കാര്‍ക്ക്‌ കൗതുകമുണ്ടാക്കും. പാലിയം നാലുകെട്ടില്‍ ഇളയതുകാരായിരുന്നു അടുക്കള കാര്യസ്‌ഥന്മാര്‍.

പൂമുഖം, അകായി, തെക്കിനിത്തറ, പടിത്തറ, ശയനമുറികള്‍, വലിയ അടുക്കള, പരമ്പരാഗത സ്വത്തുക്കളും ആഭരണങ്ങളും സൂക്ഷിക്കുന്നതിനുള്ള അറ എന്നിവ ഉള്‍ക്കൊള്ളുന്ന നാലുകെട്ട്‌ ഡച്ച്‌കേരളീയ വാസ്‌തുശിലപ മാതൃകയ്‌ക്ക്‌ ഉത്തമ ഉദാഹരണമാണ്‌. അറയുടെ താഴേക്കുള്ള മുറി കൊട്ടാരത്തിന്‌ പുറത്തെത്താനുൂള്ള രഹസ്യമാര്‍ഗമായിരുന്നു. കെട്ടിടത്തിന്റെ കിഴക്ക്‌വടക്ക്‌ കാണുന്ന കര്‍ണസൂത്രം ശുദ്ധവായു കടന്നു വരുന്നതിനുള്ള പുരാതന ശാസ്‌ത്രീയമാര്‍ഗവും. പാലിയം കൊട്ടാരത്തിലെ ഭക്ഷണരീതികള്‍, സ്‌ത്രീകള്‍ ആഭരണങ്ങള്‍ അറയില്‍ നിന്ന്‌ എടുത്തുപയോഗിച്ചിരുന്ന രീതി തുടങ്ങി കൂട്ടുകുടുംബ കൂട്ടായ്‌മയുടെ മേന്മയും കരുത്തും ഈ നാലുകെട്ട്‌ മ്യൂസിയത്തിലൂടെ പുതുതലമുറയ്‌ക്ക്‌ അടുത്ത്‌ അറിയാനാകും.

മാറ്റചന്ത

-------------------

നാണയവിനിമയം നിലവിൽ വരുന്നതിനു മുമ്പ് ബാർട്ടർ സംവിധാനം നടപ്പിലിരുന്ന കാലത്ത് ചേന്ദമംഗലത്ത് തുടങ്ങിയതാണ് മാറ്റചന്ത. സാധനങ്ങൾക്കു പകരം സാധനങ്ങൾ കൈമാറ്റം ചെയ്തിരുന്നത്. ഈ കാലഘട്ടത്തെ ഓർമ്മിപ്പിക്കുവാനായി ഈ മാറ്റചന്ത ഇപ്പോഴും നടന്നു വരുന്നു. എന്നാൽ ഇപ്പോൾ സാധനങ്ങൾക്കു പകരമായി വിനിമയത്തിൻ പണം ആണ് ഉപയോഗിക്കുന്നത്

ചരിത്രമുറങ്ങുന്ന പറവൂര്, ചേന്ദമംഗലം സിനഗോഗുകളും, പാലിയം കോവിലകവും ഇന്നു ചരിത്രം പറയുകയാണ്.

എ.ഡി.1663 മുതല്‍ 1809 വരെ പരമ്പരാഗതമായി കൊച്ചി രാജ്യത്തിന്റെ പ്രധാന മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആവാസസ്ഥാനമാണ് ചേന്ദമംഗലം. 

പഴയ കൊച്ചി സംസ്ഥാനത്തിൽ രാജാവ് കഴിഞ്ഞാൽ പിന്നെ പ്രധാനി ചേന്ദമംഗലം, പാലിയത്തച്ചനായിരുന്നു എന്നു പറയപ്പെടുന്നു. 

പാലിയത്തെ മേനോൻമാർക്ക് അച്ചൻ എന്ന സ്ഥാനപ്പേര് രാജാവ് നൽകിയിട്ടുള്ളതാണ്. 

കൊച്ചി സംസ്ഥാനത്തിലെ പ്രധാനമന്ത്രി സ്ഥാനവും, മുഖ്യസൈന്യാധിപസ്ഥാനവും പാലിയത്തച്ചൻമാർക്ക് തന്നെയായിരുന്നു.  

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയെ പാലിയത്തച്ചൻ താനുമായിട്ടുണ്ടായ ഒരു പ്രശ്നത്തിൽ വെട്ടി ക്കൊലപ്പെടുത്തുകയുണ്ടായി. 

പാലിയത്തച്ചന്റെ സ്വാധീനശക്തി അറിയാവുന്ന ഡച്ചുകാർ പാലിയത്തച്ചനോട് എതിരിടാന മുതിർന്നില്ല. അത്രക്കു ഉഗ്രപ്രതാപിയായിരുന്നു പാലിയത്തച്ചന്മാർ. 

അതുപോലെ തങ്ങളുടെ പ്രതാപത്തെ അംഗീകരിക്കാത്ത കീഴാളരെ യാതൊരൂ കൂസലും കൂടാതെ വധിക്കാനും ഈ കുടുംബക്കാർക്ക് മടിയില്ലായിരുന്നു .....

1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന സമരം , പാലിയം സമരം എന്നറിയപ്പെടുന്നു   

97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. 

കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു...

സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി.കേശവൻ നിർവ്വഹിച്ചു. 

കേരളത്തിലെ മറ്റു സമരങ്ങളിലേപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിൽ. 

ചുരുക്കത്തിൽ കീഴാള വർഗ്ഗങ്ങൾ മറ്റുമനുഷ്യരെപ്പോലെ തലയുയർത്തി പൊതുവഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയുള്ള അവകാശത്തിനായാണ് പാലിയം സമരം നടന്നത്.

സംഘകാല കൃതികളിലും ചിലപ്പതികാരത്തിലും ചേന്ദമംഗലത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. 

കോകസന്ദേശ കാവ്യത്തില്‍ ചേന്ദമംഗലത്തെയും ആറങ്കാവുക്ഷേത്രത്തെയും കുറിച്ചു പറയുന്നുണ്ട്. 

ഉദ്ദണ്ഡശാസ്ത്രിയുടെ കോകില സന്ദേശം എന്ന സംസ്കൃത കൃതിയിലെ നായിക ചേന്ദമംഗലത്തെ ‘മാരക്കര’ ഭവനത്തിലേതാണ് എന്ന് പറയപ്പെടുന്നു.

ജയന്തമംഗലം അഥവാ ചൂര്‍ണ്ണമംഗലമാണ് ചേന്ദമഗലം എന്നായതെന്നു കരുതാം.

കേരളത്തിലെ ഏറ്റവും വലിയ സിനഗോഗുകളിലൊന്നാണു

പറവൂരിലുള്ളത്. ജൂതന്മാരുടെ ചരിത്രമാണു പറവൂര് സിനഗോഗിലെങ്കില് അവരുടെ ജീവിതരീതികളാണു ചേന്ദമംഗലം

സിനഗോഗ് കാണിച്ചുതരുന്നത്.

തോമാ ശ്ളീഹാ കേരളത്തില്‍ വരുന്നതിനു മുമ്പ് തന്നെ യഹൂദര്‍ കേരളത്തില്‍ എത്തിയിരുന്നു എന്നു പല ചരിത്രകാരന്‍മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളചരിത്രത്തില് ജൂതന്മാര്ക്കുള്ള പ്രാധാന്യം, അവരുടെ പെരുന്നാളുകള്, ആചാരങ്ങള്, വേഷവിധാനങ്ങള്, ഭക്ഷണം, പെണ്പാട്ടുകള് തുടങ്ങി എല്ലാംതന്നെ വ്യക്തമാക്കിത്തരും ഈ രണ്ടു മ്യൂസിയങ്ങള്. സിനഗോഗുകളിലെ തോറ വായിക്കുന്ന ബേമയും മറ്റും ഇന്നും ഇവിടെ നിലനിര്ത്തിയിട്ടുണ്ട്.

കേരളത്തിന്റെയും ഡച്ചുകരുടെയും വാസ്തുവിദ്യയുടെ താരതമ്യമാണു പാലിയത്തെ സവിശേഷത.

പരമ്പരാഗത വാസ്തു ശില്പവൈദഗ്ധ്യത്താല് പ്രശസ്തമാണു

പാലിയം കോവിലകത്തെ നാലുകെട്ട്. ഡച്ച് ആര്കിടെക്ചറിന്റെ പല ചേരുവകളും പാലിയം കൊട്ടാരത്തില് കാണാം. ചില്ലുകള് ഉപയോഗിച്ചും തൂക്കിയിടുന്നതുമായ ജനാലകളും മറ്റും അവരുടെ സംഭാവനയാണ്.

ഡച്ചുകാരുടെ ഇവിടത്തെ സ്വാധീനമാണു പാലീയം കൊട്ടാരം പറയുന്നത്. കോട്ടപ്പുറം കോട്ട കീഴ്പ്പെടുത്താന്‍ ഡച്ചുകാരെ

സഹായിച്ച അന്നത്തെ പാലിയത്തച്ചനു സമ്മാനമായി നല്കിയതാണ് ഈ കൊട്ടാരം എന്നതു ചരിത്രം.  (ഡച്ചുകാരുടെ സഹായത്തോടെ പാലയത്തച്ഛന്‍ നിര്‍മ്മിച്ച ഡച്ചുമോഡല്‍ കൊട്ടാരമാണ് എന്നും പറയപ്പെടുന്നു .)

വിദേശികളുടെയും പാലിയത്തച്ചന്മാരുടെയും ബന്ധത്തിന്റെ തെളിവാണിത്. പാലിയം കുടുംബം, അവര്ക്കു കേരള ചരിത്രത്തിലുണ്ടായിരുന്ന പ്രാധാന്യം എന്നിവ ഇവിടെനിന്നും അറിയാം.

സിനഗോഗുകളിലും പാലിയത്തും ചരിത്രം പറഞ്ഞുകൊടുക്കുന്ന

ഡിസ്പ്ളേകളും വിഡിയോയും വച്ചിട്ടുണ്ട്. കേരള ചരിത്രത്തില് വളരെ പ്രധാനപ്പെട്ട തലമുറ കടന്നുപോയ മുസിരീസ് വീഥികളിലൂടെ സഞ്ചരിക്കാനുള്ള അവസരമാണു

പുതുസമൂഹത്തിനു പദ്ധതി ഒരുക്കുന്നത്.

പറവൂരില്നിന്നും ഏകദേശം നാലു കിലോമീറ്റര് മാറി

ചേന്ദമംഗലത്താണു പാലിയം കോവിലകം. ഇതേദൂരം തന്നെയാണു കോട്ടയില് കോവിലകത്തെ ചേന്ദമംഗലം സിനഗോഗിലേക്കും.

മ്യൂസിയങ്ങള് തുറന്നെങ്കിലും കുറച്ചു പണികള് കൂടി പൂര്ത്തിയാകാനുണ്ട്.

മനോഹരമായ പുഴയും ആന പാറ എന്ന് വിളിക്കുന്ന പുഴയിൽ ഉയർന്ന് നിൽക്കുന്ന പാറ കൂട്ടവും , പുരാതനമായ മുസ്ലീം പള്ളിയും ,

1790 ൽ ടിപ്പു സുൽത്താനുമായുണ്ടായ ഏറ്റുമുട്ടലിൽ പാലിയത്തച്ചന്റെ കാര്യസ്ഥനായിരുന്ന കോയ മുഹമ്മദ്‌ എന്ന മുസ്‌ലീം യുവാവ് ധീരമായി ടിപ്പുവിന്റെ സൈന്യവുമായി അവസാന ശ്വാസം വരെ പോരാടുകയും ടിപ്പുവിന്റെ സൈന്യത്തിന്റെ വെടിയേറ്റ്‌ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു ,

ആ മഹാന്റെ കബറിടവും കോട്ടയിൽ കോവിലകത്തെ മുസ്ലീം പള്ളിയിൽ സ്ഥിതി ചെയ്യുന്നുണ്ട് ,

പള്ളിയുടെ അതിരിന്ന് അപ്പുറത്ത് ശ്രീ കൃഷ്ണ സ്വാമീ ക്ഷേത്രവും ,

 (ഒരു കുന്നിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിന് താഴെയുള്ള പ്രദേശത്ത് ജൂതമ്മാരുടെ ശവകല്ലറകൾ സ്ഥിതി ചെയ്യുന്നു ...)

ഈ ക്ഷേത്രത്തിന്റെ സൈഡിൽ നിന്നും ക്ഷേത്രത്തിന് താഴെ കൂടി ടിപ്പുസുൽത്താൻ നിർമിച്ച ഒരു തുരങ്കം ഉള്ളതായി കാണുന്നു,

അതിന്റെ അവസാനം കിലോമീറ്റെരുകൾക്ക് അപ്പുറമുള്ള മാഞ്ഞാലിയിലെ ടിപ്പുസുൽത്താന്റെ പഴയ കോട്ടയിലേക്കും അതിടുത്തുള്ള മാഞ്ഞാലി പുഴയിലേക്കുമാണ് തുരങ്കം പോകുന്നതായി പറയപ്പെടുന്നത്‌ ....( പാലിയത്തേക്കാണ് ഗുഹ പോകുന്നതെന്നും കഥകളുണ്ട് )

 മുസ്‌ലീം പള്ളിക്കടുത്ത് തന്നെ പുരാതനമായ ജൂത സിനഗോഗും. അതിന്റെ കുറച്ച് പിറകു വശത്തായി പുരാതന അച്ചടി ശാലയുടെയും , വൈപ്പി കോട്ട സെമിനാരിയുടെയും പഴയ പോലീസ് സ്റ്റേഷന്റെയും അവശിഷ്ട്ടങ്ങൾ പേറുന്ന സ്ഥലവും , പുരാതനമായ കയ്യെഴുതുകൾ ( വട്ടെഴുത്തുകൾ ) സൂക്ഷിച്ചിട്ടുള്ള പഴയ കാല ക്രിസ്ത്യൻ പള്ളിയും ഉണ്ട് ,

കേരളത്തിലെ ആദ്യത്തേതും അവസാനത്തേതുമായ ക്രൈസ്തവ രാജധാനി എന്ന പേരില്‍ പ്രസിദ്ധമായ വില്ലാര്‍വട്ടം രാജാക്കന്മാരുടെ രാജധാനി ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആറങ്കാവ് എന്ന സ്ഥലത്തായിരുന്നു. 

കേരളോല്‍പ്പത്തിയോളം പഴക്കമുള്ള ചേന്ദമംഗലം എന്ന ഗ്രാമം പുരാതന കാവ്യങ്ങളില്‍ കാന്തളൂര്‍, ചാന്തിമദ്വീപ്, ജയന്തമംഗലം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. 

പെരിയാറും ചാലക്കുടിയാറും സന്ധിക്കുന്ന ഇടം ക്രമേണ ഒരു ദ്വീപായി ഉയര്‍ന്നു വന്നു. 

ഈ പ്രദേശം ചാന്തിമദ്വീപ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതായി രാജേന്ദ്രചോളന്റെ തിരുമല ശാസനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചേന്ദമംഗലത്തിന്റെ സംസ്കൃതനാമം ജയന്തമംഗലം എന്നായിരുന്നു. 

'ചേന്ദമംഗലം' എന്ന ഈ സ്ഥലത്തിന്റെ പേരിനെക്കുറിച്ച് ഒരുപാട് കഥകളുണ്ട്. 

'ജയന്തൻ' എന്ന പദം ലോപിച്ചുണ്ടായതാണ് 'ചേന്ദൻ' എന്ന വാക്കെന്നും അതിനാൽ 'ജയന്തമംഗലം' ലോപിച്ച് ചേന്ദമംഗലമായതാണെന്നും പറയപ്പെടുന്നു. 

ജയന്തൻ മഹാവിഷ്ണുവിന്റെ പര്യായനാമമാണ്. 

പേരിനെ അന്വർത്ഥമാക്കും വിധത്തിൽ സ്ഥലത്ത് ഒരു മഹാവിഷ്ണുക്ഷേത്രമുണ്ട്. 

അതല്ല, ജയന്തൻ എന്ന മഹർഷി തപസ്സ് ചെയ്തതുകൊണ്ടാണ് സ്ഥലത്തിന് ആ പേരുകിട്ടിയതെന്നും പറയുന്നുണ്ട്. 

മറ്റൊരു കഥയിൽ 'ചൂർണ്ണമംഗലം' എന്ന പേരാണ് ചേന്ദമംഗലമായതെന്നും പറയുന്നു. 

ചൂർണ്ണി എന്നുമറിയപ്പെടുന്ന പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ടാണ് ആ പേരുകിട്ടിയതെന്നാണ് ആ വാദക്കാർ പറയുന്നു. 

പെരിയാറിന്റെ തീരമായതിനാൽ 'വില്ലാർവട്ടം' എന്നും അറിയപ്പെട്ടിരുന്നുവത്രേ ഈ സ്ഥലം. 

ഒരുകാലത്ത് വില്ലാർവട്ടം രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. 

അവർ ക്ഷത്രിയരായിരുന്നുവെന്നും ഒടുവിലത്തെ വില്ലാർവട്ടം രാജാവ് ക്രിസ്തുമതം സ്വീകരിച്ചതിനാൽ കൊച്ചീരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും ആ സ്ഥാനം പാലിയത്തച്ചന് നൽകുകയും ചെയ്തുവെന്നും വിശ്വസിയ്ക്കപ്പെടുന്നു. 

വില്ലാർവട്ടം സ്വരൂപം കാലാന്തരത്തിൽ അന്യം നിന്നുപോയി.

ചേര സാമ്രാജ്യത്തിന്റെ പ്രധാന രാജധാനിയും കോവിലകവും തിരുവഞ്ചിക്കുളമായിരുന്നു.

മാര്‍സ്ളീവായുടെ നാമത്തിലുള്ള ചേന്ദമംഗലം പള്ളി 1075-ല്‍ സ്ഥാപിച്ചു. 

കേരളത്തിലെ സൂനഹദോസ് നടത്താന്‍ നിശ്ചയിച്ചത് ഈ പള്ളിയില്‍ വച്ച് ഗോവ മെത്രാന്‍ മെനസീസും ഗീവര്‍ഗീസ് ആര്‍ക്കദിയാക്കോനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്. 

ഇന്ന് സി.എല്‍.സി എന്നറിയപ്പെടുന്ന മരിയന്‍ സോഡാലിറ്റി എന്ന ഭക്തി സംഘടനയ്ക്ക് കേരളത്തില്‍ രൂപം കൊടുത്തത് 1644-ല്‍ ഈ പള്ളിയില്‍ വച്ചാണ്. 

ക്രിസ്തുമത പ്രചരണാര്‍ത്ഥം ഇന്ത്യയിലെത്തിയ ജസ്യൂട്ട് പാതിരിമാര്‍ ചേന്ദമംഗലത്തു സ്ഥാപിച്ച സെമിനാരിയാണ് വൈപ്പിന്‍കോട്ട സെമിനാരി. 

1557-ല്‍ ഇന്ത്യയിലെ ആദ്യത്തെ അച്ചടിക്കാവശ്യമായ അക്ഷരങ്ങള്‍ കൊത്തിയുണ്ടാക്കിയത് ജോണ്‍ ധഗാണ്‍ സാല്‍വസു എന്ന പുരോഹിതനാണ്. 

തമിഴ് ഭാഷയിലുള്ള ഡോക്ടറീന ക്രിസ്ന എന്ന പുസ്തകമാണ് ആദ്യമായി അച്ചടിച്ചത്. 

ഏ.ഡി.1662-ല്‍ സുറിയാനി ഭാഷ കൂടി അച്ചടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ മുദ്രാലയം ചേന്ദമംഗലമായിത്തീര്‍ന്നു.

ചേന്ദമംഗലത്തിന്റെ കിഴക്കും, തെക്കും, വടക്കും ഭാഗങ്ങള്‍ പെരിയാറും അതിന്റെ കൈവഴിപ്പുഴകളുമാണ്. 

ഏതാനും വര്‍ഷങ്ങള്‍ക്കു  മുന്‍പുവരെ ഈ പുഴകളില്‍ കൂടി ബോട്ടുഗതാഗതം ഉണ്ടായിരുന്നു.

നൂറ്റാണ്ടുകൾ   പഴക്കമുള്ള കുന്നത്ത്തളി ക്ഷേത്രവും , കൊങ്കിണി ഭാഷക്കാരുടെ ശ്രീകൃഷ്ണ ക്ഷേത്രവും ഉൾക്കൊള്ളുന്ന മനോഹരമായ ഒരു ഗ്രാമപ്രദേശമാണിത് ....

പോകണം ഒരിക്കലെങ്കിലും ചരിത്രങ്ങൾ ഉറങ്ങുന്ന കോട്ടയിൽ കോവിലകത്തേക്ക് ..... 

എന്റെ അറിവുകൾ പരിമിതമാണ് , കൂടുതൽ അറിവുള്ളവർ തെറ്റുകൾ തിരുത്തി തരിക 

വിശദമായ വിവരങ്ങൾ പിന്നീട് കൂട്ടിചേർക്കുന്നതായിരിക്കും......

 അറിയാത്തവർ അറിയട്ടെ നമ്മുടെ നാടിനെയും നാട്ടുകാരെയും  കുറിച്ച്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ