2020, നവംബർ 30, തിങ്കളാഴ്‌ച

കുതിരാന്റെ കഥ.

 

കുതിരാന്റെ കഥ.

====================================

“ജനിച്ചു വളർന്ന”, “കളിച്ചു വളർന്ന” എന്ന പ്രയോഗം പോലെ, ഞൻ യാത്ര ചെയ്തു വളർന്ന റോഡാണ്‌ തൃശ്ശൂർ-പാലക്കാട്.

ഈ റൂട്ടിലെ ഏറ്റവും മനോഹരമായ ഭാഗമാണ്‌ കുതിരാൻ മലനിരകൾ. പീച്ചി-വാഴാനി വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ ഈ മലകൾക്ക് രസകരമായ ചരിത്രമുണ്ട്.

എന്റെ മുൻതലമുറ പറഞ്ഞു തന്ന ഒരു കഥയാണ്‌..

പഴയ ആ ഡോക്ടറുടെ കഥ ഇവിടെ കേൾക്കാം, Listen to the story here..

എങ്കിലും കുതിരാൻ വഴിയുള്ള യാത്രയുടെ ഭീതി അക്കാലത്ത് ജനങ്ങളുടെ മനസ്സിൽ നിന്നോഴിഞ്ഞിരുന്നില്ല.
ബസ്സുകൾ നന്നേ കുറവ്. 2 പാലക്കാട് വണ്ടികളും 2 പൊള്ളാച്ചി വണ്ടികളും മാത്രമാണ്‌ അന്ന് തൃശ്ശൂർ നിന്ന് കുതിരാൻ വഴി സർവ്വീസ് നടത്തിയിരുന്നത്. ഈ ബസ്സുകൾ കുതിരാൻ ചുരം കയറുന്ന ശബ്ദം അക്കാലത്ത് മണ്ണുത്തി വരെ കേൾക്കാം എന്ന് പഴമക്കാർ പറയും. അതിൽ ഒരല്പം അതിശയോക്തിയുണ്ടെങ്കിലും അന്നത്തെ പഴയ റോഡ് മലയുടെ മുകൾ ഭാഗം വരെ കയറിയിറങ്ങിയിരുന്നതിനാൽ ഈ കയറ്റം കടന്നു കിട്ടാൻ നന്നേ ബുദ്ധിമുട്ടായിരുന്നു. വണ്ടി കേടാവാനുള്ള സാധ്യത വളരെ അധികമായിരുന്നു അക്കാലത്ത്.

ഈ മലയുടെ ഏറ്റവും മുകളിലാണ്‌ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ വഴി പോകുന്നവർ അവിടെ നാണയത്തുട്ടുകൾ എറിയുന്നത് നിങ്ങളിൽ ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. പണ്ടു കാലത്ത് ഈ വഴി സഞ്ചരിച്ചിരുന്ന യാത്രക്കാരും ബസ്സ് ജീവനക്കാരുമൊക്കെ വണ്ടി കേടാവാതിരിക്കാനും കള്ളന്മാരുടെ ശല്യം ഉണ്ടാവാതിരിക്കാനുമൊക്കെ ഇവിടെ കാണിക്കയിടുമായിരുന്നു. കാലങ്ങൾക്കു ശേഷം റോഡ് ഒക്കെ നന്നാവുകയും ഗതാഗതം ഏറെ വർദ്ധിക്കുകയും ചെയ്തെങ്കിലും ഈ ആചാരം ഇന്നും തുടർന്നു പോരുന്നു..

അന്നൊക്കെ തൃശ്ശൂർ നിന്ന് പാലക്കാട്ടേക്കുള്ള യാത്രക്കാർ കഴിവതും ഷൊറണൂർ വഴിയേ പോകൂ.

ഏതാണ്ട് 1975 ഇനോടടുത്താണ്‌ നമ്മൾ ഇന്നു കാണുന്ന കുതിരാൻ ഹൈവേ പണിതീർത്തത്. ഈ റോഡ് നിലവിൽ വന്നതിനു ശേഷം “കുതിരാൻ ഭീതി” പതുക്കെ ഇല്ലാതായി. ഗതാഗതം വർദ്ധിച്ചു. ഒരു പാട് സ്വകാര്യബസ്സുകൾ ഈ റൂട്ടിൽ സർവ്വീസ് നടത്താൻ തുടങ്ങി.

1990 കാലത്ത് കേരളത്തിലെ ഏറ്റവും മികച്ച റോഡായിരുന്നു കുതിരാൻ വഴി കടന്നു പോയിരുന്ന തൃശ്ശൂർ-പാലക്കാട് ദേശീയപാത.

അന്നൊക്കെ രാവിലെ പാലക്കാട്ടേക്കു പോകുമ്പോൾ, പുലർകാലത്തെ വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന കുതിരാൻ കാണാൻ ബസ്സിന്റെ സൈഡ്സീറ്റില്കാത്തിരിക്കാറുണ്ട്. പീച്ചി ഡാം നിറഞ്ഞ സമയമാണെങ്കിൽ ഇരുമ്പുപാലത്തിന്റെയവിടെ നിറയെ വെള്ളവുമുണ്ടാകും.

ഇന്ന് വീണ്ടും കുതിരാൻ യാത്രക്കാരുടെ പേടിസ്വപ്നമായിത്തീർന്നിരിക്കുന്നു... പണി തീരാത്ത രണ്ടു തുരങ്കങ്ങളും ഗതാഗതക്കുരുക്കും ശാപമോക്ഷം കാത്തു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി..

വിഡിയോയിൽ പറയാൻ വിട്ടു പോയത്:-. ഏറ്റവും മികച്ച ടാറിംഗ് ആയിരുന്നു 1994 ഇൽ ചെയ്ത വാണിയമ്പാറ-പാലിയേക്കര റോഡ്. നല്ല കണ്ണാടി പോലത്തെ റോഡ്. മഴ പെയ്താൽ അന്ന് വളരെ പതുക്കെയാണ്‌ വണ്ടികൾ ഈ റോഡിൽ പോകാറ്‌. തെന്നിപ്പോകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.
അന്നൊക്കെ തൃശ്ശൂർ നിന്ന് പാലക്കാട് പോകുമ്പോൾ ജില്ലാ അതിർത്തി കഴിയുന്നത് കൃത്യമായി അറിയാം. സ്മൂത് റോഡ് പെട്ടെന്ന് കുടുക്കമുള്ള റോഡ് ആയി മാറും.

ഇതിൽ തന്നെ തോട്ടപ്പടി മുതൽ പാലിയേക്കര വരെയുള്ള റോഡ് 1994 മുതൽ 2010 വരെ ഒരു കേടുമില്ലാതെ നില നിന്നു. അത്രയ്ക്ക് മികച്ച ക്വാളിറ്റി ആയിരുന്നു ആ ടാറിംഗ്.




എം.ടി.വാസുദേവൻ നായരുടെ ആത്മകഥാപരമായ നോവൽ ആയ “കാലം”. അതിൽ അദ്ദേഹം കോളേജിൽ പഠിച്ചിരുന്ന 1950 ഉകളിൽ “പൊള്ളാച്ചി നിന്ന് തൃശ്ശൂർക്ക് ബസ്സുണ്ട്” എന്ന് പ്രതിപാദിക്കുന്നുണ്ട്.

2020, നവംബർ 23, തിങ്കളാഴ്‌ച

ചൂട്ടാട് ബീച്ച്.







ചൂട്ടാട് ബീച്ച്.

  പയ്യന്നൂരിനും പഴയങ്ങാടിക്കും ഇടയില്‍ ഏഴിമലയുടെ താഴ്വാരത്താണ് പുതിയങ്ങാടി കടലോരത്തെ ചൂട്ടാട് ബീച്ച്.ഇവിടുത്തെ തിങ്ങിനിറഞ്ഞ കാറ്റാടി മരങ്ങള്‍ ധാരാളം പക്ഷികളുടെ സങ്കേതം കൂടിയാണ്. പക്ഷി നിരീക്ഷണ കേന്ദ്രം, സാന്റ് ബെഡ്, കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രധാന അകര്‍ഷണം വശ്യമായ മരങ്ങളും ബോട്ട്‌സവാരിയും ഏറുമാടങ്ങളും ഒക്കെയാണ്
ചൂട്ടാട് പാര്‍ക്ക് പോലെതന്നെ ചെമ്പല്ലികുണ്ട് വയലപ്ര- പരപ്പ് ടൂറിസം പാര്‍ക്കും വളരെ മനോഹരമാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയുടെയും ഏഴിമലയുടെയും താഴ്വരയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പും തുളിശ്ശേരി പക്ഷി സങ്കേതവും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. കുട്ടികളുടെ പാര്‍ക്ക്, റെയിന്‍ ഷെല്‍ട്ടര്‍, പെഡല്‍ ബോട്ട് സര്‍വീസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. രാമപുരം-വയലപ്ര ബീച്ച്-ചെമ്പല്ലിക്കുണ്ട് വരെ 2.50 കോടി രൂപ ചെലവഴിച്ച് തുറമുഖ വകുപ്പ് നിര്‍മ്മിച്ച റോഡും സോളാര്‍ പാനല്‍ സിസ്റ്റവും ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കുന്നു.കുടുംബത്തോടെ അവധി ദിനങ്ങളും സായാഹ്നങ്ങളും ആഘോഷിക്കാൻ ഉചിതമായ സ്ഥലമാണ് ചൂട്ടാട് ബീച്ച്.

അഭിപ്രായങ്ങള്‍