തിരുവാലങ്ങാടു ശാസനം
1012 മുതല്‍ 1044 വരെ ചോളരാജ്യം ഭരിച്ച രാജേന്ദ്ര ചോളന്റെ ഒരു ശാസനം. ഈ ശാസനത്തില്‍ രാജേന്ദ്ര ചോളനെ വളരെയേറെ പ്രകീര്‍ത്തിക്കുന്നുണ്ടെങ്കിലും വിഴിഞ്ഞത്തെ ആക്രമണത്തെക്കുറിച്ചാണ് പ്രധാനമായും പരാമര്‍ശിക്കുന്നത്. കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചോള ശാസനങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് തിരുവാലങ്ങാടു ശാസനം. 'കാന്തളൂര്‍ശാലൈക്കലമറുത്തരുളി'എന്ന് ഈ ശാസനത്തില്‍ കാണുന്നു. കുലശേഖര സാമ്രാജ്യത്തിന്റെ തെക്കേഅറ്റത്തുണ്ടായിരുന്ന പ്രശസ്തമായ വിദ്യാകേന്ദ്രവും സൈനിക പരിശീലന കേന്ദ്രവുമായിരുന്നു കാന്തളൂര്‍ശാല. ചേരന്മാരും ചോളന്മാരും തമ്മിലുണ്ടായിരുന്ന ദീര്‍ഘകാല യുദ്ധത്തില്‍ രാജരാജന്‍ മുതല്‍ കുലോത്തുംഗന്‍ വരെയുള്ള ചോളരാജാക്കന്മാരില്‍ പലരും കാന്തളൂര്‍ കലമറുത്തതായി രേഖകളുണ്ട്. ചോളരാജാക്കന്മാരുടെ വലിയ നേട്ടമായിട്ടാണ് ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്. കലം എന്ന വാക്കിന് കപ്പല്‍, ഉണ്ണാനുള്ള പാത്രം, പ്രത്യേക അളവ് എന്നിങ്ങനെ പല അര്‍ഥങ്ങളുണ്ട്. കപ്പല്‍ എന്ന അര്‍ഥം സ്വീകരിക്കുകയാണെങ്കില്‍ കാന്തളൂരില്‍ സജ്ജീകരിച്ചിരുന്ന കുലശേഖരന്മാരുടെ നാവിക സേനയെ നശിപ്പിച്ചുവെന്നോ സൈനിക പരിശീലന കേന്ദ്രത്തെ തകര്‍ത്തുവെന്നോ മനസ്സിലാക്കാം. കലം എന്നാല്‍ ഊട്ട് എന്നര്‍ഥം കല്പിച്ച് വിദ്യാര്‍ഥികള്‍ക്കും ബ്രാഹ്മണര്‍ക്കും നല്കിയിരുന്ന സൗജന്യ ഭക്ഷണം നിറുത്തലാക്കിയെന്നാണ് ഇതിന്റെ താത്പര്യമെന്ന് ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. കാന്തളൂര്‍ശാലയിലെ നിയമങ്ങള്‍ പുതുക്കി നിശ്ചയിച്ചുവെന്നാണ് 'കാന്തളൂര്‍ശാലൈക്കലമറുത്തരുളി' എന്നതിന്റെ അര്‍ഥമെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദേവദാസികളെ ക്ഷേത്രത്തിലേക്ക് വാങ്ങിയിരുന്നതായി ഈ ശാസനത്തില്‍ നിന്ന് മനസ്സിലാക്കാം.
തൃക്കണാംകുടി ശാസനം
തൃക്കണാംകുടി വിഷ്ണുക്ഷേത്രത്തിലെ മണിയില്‍ കൊത്തിവച്ചി ട്ടുള്ള ശാസനം. തിരുനെല്‍വേലി ജില്ലയിലെ കല്ലടക്കുറിച്ചിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വേണാട് (ദേശിങ്ങനാട്) ഭരിച്ചിരുന്ന കോത ആദിത്യവര്‍മ (1468-84) വഴിപാടായി 1469-ല്‍ കെട്ടിയ വലിയ മണിയില്‍ കൊത്തിവച്ചിട്ടുള്ളതാണ് ഈ ശാസനം. ഇതിന്റെ പൂര്‍ണരൂപം ഇപ്രകാരമാണ്:
'ശ്രീമത് കോളംബവര്‍ഷേ ഭവതി ഗുണമണി ശ്രേണിരാദി
ത്യവര്‍മാ
വഞ്ചീപാലോ വിശാല പ്രഭുരഖില കലാവല്ലഭ:പര്യബനാത്
ദ്വാരാലങ്കാരഘണ്ടാം തിലകിത ജയസിംഹാന്വയ: ശ്രീ കുരങ്ഗ
പ്രോദ്യത്ധാമ്നോ മുരാരേ രധിഗത ചിറവാ മണ്ഡലേന്
ദ്രോനരേന്ദ്രാഃ'
ഇവിടെ ആദിത്യവര്‍മയെ വഞ്ചിപാലനായും ജയസിംഹാന്വിത ജാതനായും (ദേശിങ്ങനാട് തിരുവടികള്‍) ചിറവാ മണ്ഡലേന്ദ്രനായും (ചിറവാ മൂത്തതിരുവടികള്‍) സര്‍വകലാവല്ലഭനായും വിശേഷിപ്പിച്ചിരിക്കുന്നു. കുലശേഖരന്മാരുടെ ആസ്ഥാനം കൊല്ലത്തേക്ക് മാറ്റിയതിനുശേഷം വേണാട്ട് രാജാക്കന്മാര്‍ വഞ്ചിഭൂപാലന്മാര്‍ എന്ന ബിരുദം സ്വീകരിച്ചിരുന്നു. തൃക്കണാംകുടിക്ക് ശ്രീകുരംഗം എന്നും പേരുണ്ട്. തൃക്കണാംകുടിയില്‍ ദേശിങ്ങനാട്ടു രാജാക്കന്മാരുടെ രാജധാനി ഉണ്ടായിരുന്നുവെന്ന് സുഭഗസന്ദേശമെന്ന സംസ്കൃത കൃതിയില്‍നിന്ന് മനസ്സിലാക്കാം. ആദിത്യവര്‍മ അധികകാലവും കല്ലടക്കുറിച്ചിയിലാണ് താമസിച്ചിരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ