2018 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

നാറാണത്തു ഭ്രാന്തന്റെ രായിരനെല്ലൂർ മലയും ദുർഗ്ഗാക്ഷേത്രവും



നാറാണത്തു ഭ്രാന്തന്റെ രായിരനെല്ലൂർ മലയും ദുർഗ്ഗാക്ഷേത്രവും

ചരിത്ര മിത്തുകളിലെ ശക്തനായ കഥാപാത്രമായ വരരുചിയുടെ കേരളം മുഴുവൻ നിറഞ്ഞുനിൽക്കുന്ന വിവിധ രംഗങ്ങളിൽ അദ്വിതീയരായ പത്തു മക്കളിൽ ഒരാളായ നാറാണത്ത് ഭ്രാന്തന്റെ സ്മരണകൾ ഉറങ്ങുന്ന സ്ഥലമാണ് രായിരനെല്ലൂർ.
വർഷത്തിൽ ഒരിക്കൽ തുലാമാസം ഒന്നാംതീയതി വിശ്വാസികൾ മലകയറി ദർശനം നടത്തുന്ന മൂന്നു ക്ഷേത്രങ്ങൾ ഉൾപ്പെട്ട ക്ഷേത്ര സമുച്ചയമായി കരുതാം ഈ രായിരനെല്ലൂർ ഭ്രാന്താചല സങ്കേതം.
നാറാണത്തു ഭ്രാന്തൻ തപസ്സു ചെയ്തു ദേവി ദർശനം നൽകിയ സ്ഥലം, മലകയറ്റം തുടങ്ങുന്ന സ്ഥലത്തുള്ള രായിരനെല്ലൂർ ദുർഗ്ഗാ ക്ഷേത്രം, മല കയറി ചെന്നാൽ ഭഗവതി ക്ഷേത്രം എന്നിങ്ങനെ മൂന്നു സങ്കേതങ്ങൾ ആയിട്ടാണ് രായിരനെല്ലൂർ മലകയറ്റവും ദർശനവും.
തൃശൂർ കോഴിക്കോട് ഹൈവേയിൽ വളാഞ്ചേരിയിൽ നിന്നും പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കുള്ള റൂട്ടിലാണ് ഈ സ്ഥലങ്ങൾ. പാലക്കാട് നിന്ന് പട്ടാമ്പി വഴിയും എത്താം. മെയിൻ റോഡിൽനിന്ന് അല്പം ഉള്ളിലേക്കുപോകണം നാറാണത് ഭ്രാന്തൻ തപസ്സുചെയ്തിരുന്നു എന്ന് കരുതപ്പെടുന്ന സ്ഥലവും ക്ഷേത്രവും കാണുവാൻ.
വലിയൊരു പാറക്കു മുകളിലാണ് നാറാണത്ത് ഭ്രാന്തൻ തപസ്സിനു ഇരുന്നിരുന്ന സ്ഥലം. ദേവി ദർശനം നൽകിയ സ്ഥലത്തു ദേവീക്ഷേത്രവും ഉണ്ട്. എല്ലാം അടുത്തടുത്ത് ഈ പാറക്കു മുകളിൽ തന്നെ. ഏകദേശം 25 അടിയിൽ കൂടുതൽ ഉണ്ടാകും ഉയരം. പാറമുകളിലേക്കു കയറാൻ പടികൾ പാറയിൽ കൊത്തി ഉണ്ടാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രധാന മൂർത്തി ശിവൻ. എങ്കിലും ദേവിക്കാണ് പ്രാധാന്യം എന്ന് കരുതുന്നു. ഉപദേവനായി സുബ്രമണ്യൻ.
ഇവിടെ ഒരു കാഞ്ഞിരമരവും അതിന്റെ ഉള്ളിൽ ചങ്ങലയും കാണാം. നാറാണത്ത് ഭ്രാന്തനെ കെട്ടിയിട്ടതാണെന്നു പറയപ്പെടുന്നു. പാറയുടെ ഒരുവശത്തു തുരന്നുണ്ടാക്കിയ ഗുഹകൾ കാണാം. പാറയുടെ മുകളിൽ നിന്ന് നോക്കിയാൽ അങ്ങകലെ രായിരനെല്ലൂർ കുന്നിൻ മുകളിലെ പച്ചപ്പ് കാണാൻ കഴിയും. ഇതിന് ഭ്രാന്താചലം ക്ഷേത്രം എന്നും പറയും
അല്പം മുന്നോട്ട് പോയാൽ രായിരനെല്ലൂർ മലയുടെ അടിവാരത്തിൽ ദുർഗ്ഗാ ക്ഷേത്രം. ഇത് 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ്. ഉപദേവതകൾ ഗണപതി, വേട്ടക്കൊരുമകൻ, മഹാവിഷ്ണു, അയ്യപ്പൻ, ശിവൻ. നാറാണത്ത് ഭ്രാന്തൻ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് ഇതെന്ന് ഐതിഹ്യം. സന്താന ലബ്ധിക്കുവേണ്ടി നെയ്യ് സമർപ്പണം എന്നൊരു വഴിപാട് ഇവിടെയുണ്ട്. പെൺകുട്ടിക്കുവേണ്ടി ഓടത്തിലും ആൺകുട്ടിക്കുവേണ്ടി കിണ്ടിയിലും ആണത്രേ നെയ്യ് സമർപ്പിക്കുക.
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്തിലാണ് ഈ ക്ഷേത്രങ്ങൾ. ദുർഗ്ഗാ ക്ഷേത്ര ദർശനം കഴിഞ്ഞു അതുവഴി മലകയറ്റം തുടങ്ങാം.
ജീവിതത്തിന്റെ വ്യർത്ഥത മനസ്സിലാക്കിപ്പിക്കുവാൻ നാറാണത്ത് ഭ്രാന്തൻ കല്ല് ഉരുട്ടിക്കയറ്റി താഴേക്ക് തള്ളിയിട്ടു ചിരിച്ചിരുന്ന മലയാണ് ഇതെന്നാണ് കഥ. വളരെ പ്രയാസപ്പെട്ടും അനധികൃത മാർഗ്ഗത്തിലൂടെയും നേടുന്നത് ഒന്നും നിലനിൽക്കുകയില്ലെന്നും ഈ കല്ലുരുട്ടിക്കയറ്റുന്ന പ്രക്രിയ വഴി തത്വ ബോധനം നടത്തിയതാവാം പരമഹംസ അവധൂത അവസ്ഥയിൽ എത്തിയ, ജാതി മത സ്ത്രീ പുരുഷ പണ്ഡിത പാമര ഭേദങ്ങളില്ലാതെ അവസ്ഥാത്രയങ്ങളെ അതിജീവിച്ച ആ മഹാത്മാവ്. ആ കാഴ്ചപ്പാടും അവസ്ഥയും തിരിച്ചറിയാത്ത ഭ്രാന്തന്മാരായ നമ്മൾ അദ്ദേഹത്തെ പക്ഷെ ഭ്രാന്തൻ എന്ന് വിളിച്ചു.
ഏകദേശം 500 അടിയിൽ കൂടുതൽ ഉയരം ഉണ്ടാവും മല. ചിലയിടങ്ങളിൽ പടികളും ചില സ്ഥലത്തു ചവിട്ടിക്കയറാവുന്ന മൺവഴിയുമാണ്. സാധാരണ വർഷത്തിൽ ഒരിക്കൽ തുലാമാസം ഒന്നാം തിയതി രാവിലെയാണ് ഭക്ത ജനങ്ങൾ മല കയറുക. വെയിൽ ചൂടാവുന്നതിനു മുൻപേ കയറുന്നത് ക്ഷീണം കുറയ്ക്കും.
കുത്തനെയുള്ള ഈ മലകയറ്റം അല്പം പ്രയാസം ഏറിയത് തന്നെയാണ്. ഏതെങ്കിലും ശാരീരിക അവശതകളോ രോഗങ്ങളോ ഉള്ളവർക്ക് മലകയറ്റം സുഖകരമാവില്ല. അങ്ങനെയുള്ളവർ ഒഴിവാക്കുകയാവും നല്ലത്. കാരണം ഇടക്ക് വെച്ച് മടങ്ങിപ്പോരണമെങ്കിൽ വാഹന സൗകര്യങ്ങൾ ഒന്നും ഇല്ല.
മലകയറി മുകളിലെത്തിയാൽ തണുത്ത കാറ്റ് നമ്മുടെ വിയർപ്പുകണങ്ങൾ ഒപ്പിയെടുത്തു നമ്മളിൽ നവോന്മേഷം നിറയ്ക്കും. അത് അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. ചുറ്റും കണ്ണോടിക്കുമ്പോൾ പ്രകൃതി നമുക്കുതാഴെ പച്ചപ്പട്ടു വിരിച്ചിരിക്കുന്നത് കാണാം. നാം ലാവണ്യവതിയായ രായിരനെല്ലൂർ കുന്നിന്റെ നിറുകയിൽ നാറാണത്ത് ഭ്രാന്തൻ ദേവിയുടെ കാലടികൾ ദർശിച്ച പുണ്യ സ്ഥലത്തു, ദേവീ ചൈതന്യത്തിന്റെ സ്പർശമേറ്റു ഉൽക്കുളിരോടെ നിൽക്കുകയാവും.
ഇവിടെ ചെറിയൊരു ക്ഷേത്രം ഉണ്ട് . ഒരു ചെറിയ നടുമുറ്റത്തിൻറെ ആകൃതിയാണ്. വിഗ്രഹമില്ല വാൽക്കണ്ണാടിയാണ്.
നാറാണത്ത് ഭ്രാന്തന്റെ ഒരു പടുകൂറ്റൻ ശില്പവും മലമുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
നാറാണത്ത് ഭ്രാന്തൻ വേദം പഠിക്കാൻ തിരുവേഗപ്പുറ എത്തിയെന്നു ഐതിഹ്യം. നാറാണമംഗലം ഭട്ടതിരി കുടുംബമാണ് ഭ്രാന്തനെ വളർത്തിയത്. വേദപഠനത്തിൽനിന്നു തപസ്സിലെത്തിയ ഭ്രാന്തന് മലമുകളിൽ ദേവി പ്രത്യക്ഷയായി. ദേവിയെ കണ്ട ഭ്രാന്തൻ അപ്പോൾ കിട്ടിയ ഇലകളും പൂക്കളും പറിച്ചു പൂജിച്ചുവത്രെ. പിന്നീട് നാറാണമംഗലം ഇല്ലക്കാർ ഇപ്പോഴത്തെ ക്ഷേത്രം ഉണ്ടാക്കി. ഇവിടെ കഴകക്കാർ ഇല്ല. ആഗ്രഹ സിദ്ധിക്ക് മലർ പറ വെക്കുക അതുപോലെ സന്താന ലബ്ധിക്കു ഓടത്തിലും കിണ്ടിയിലും നെയ്യ് നിറച്ചു നടക്കൽ വെക്കുക എന്നീ വഴിപാടുകൾ ഇവിടെയും ഉണ്ട്.
തുലാമാസം ഒന്നാം തീയതി നിരവധി ഭക്ത ജനങ്ങൾ വരുന്നതുകൊണ്ട് തിരക്ക് ഉണ്ടാവും.
ഭഗവതിയുടെ തല മൂക്കുതലയിലും മാറിടം മുലയംപറമ്പത്തും പാദം രായിരനെല്ലൂരും എന്ന് ഒരു പഴമൊഴി കേട്ടിട്ടുണ്ട്. (അതായത് ദുർഗ്ഗ ഭഗവതിയുടെ തലയുടെ ഭാഗം പ്രതിഷ്ഠ മലപ്പുറം ജില്ലയിലെ മൂക്കുതലയിലും മാറിട ഭാഗം പാലക്കാട് ജില്ലയിലെ ചാലിശ്ശേരി എന്ന സ്ഥലത്തുള്ള മുലയം പറമ്പ് ക്ഷേത്രത്തിലും പാദം പ്രതിഷ്ഠ രായിരനെല്ലൂരും എന്ന്. ഇതൊക്കെ 108 ദുർഗ്ഗാലയങ്ങളിൽ പെടുന്ന ക്ഷേത്രങ്ങൾ ആണ്- ഈ ക്ഷേത്രങ്ങളെ കുറിച്ച് പിന്നീട് പ്രദിപാദിക്കുന്നതാണ്)
കേരളത്തിന്റെ തനതു മിത്തായ ജ്ഞാനിയും പരമഹംസനും അവധൂതനുമായ നാറാണത്ത് ഭ്രാന്തന്റെ സ്മരണയിൽ തുലാമാസം ഒന്നാം തീയതി രായിരനെല്ലൂർ ഭ്രാന്താചലം ക്ഷേത്രം, ദുർഗ്ഗാ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി രായിരനെല്ലൂർ മലകയറി മലയിൽ ഭഗവതിയെ ദർശനവും നടത്തി ശരീര മനസ്സുകളെ ഭക്തിയുടെ നിർവൃതിയിൽ ലയിപ്പിച്ചു ഭ്രാന്തന്റെ കഥയിലെ തത്വങ്ങൾ ഓർത്തു മലയിറങ്ങുമ്പോൾ അടുത്ത തുലാം ഒന്നിന് വീണ്ടും വരും എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കാത്തവർ ഏറെ ഉണ്ടാവാൻ ഇടയില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ