വള്ളുവനാടന്റെ പൊള്ളാച്ചി യാത്ര
വള്ളുവനാടന്റെ പൊള്ളാച്ചി യാത്ര - എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം ഏതെന്ന് ചോദിച്ചാൽ ഞാൻ പറയും ഞായറാഴ്ച്ചകളും , അവധി ദിനങ്ങളുമാണെന്ന് . എന്താന്നറിയോ കാരണം അന്നാണ് ഞാൻ എന്റെ യാത്രകൾ നടത്തണ ദിവസം . ഞാൻ ഞാനായി തന്നെ ജീവിക്കുന്ന ദിവസം . ആഴ്ച്ചയിൽ ഒരിക്കൽ എങ്കിലും നമ്മൾ നമ്മളായി ജീവിക്കണ്ടെ. . എനിക്കിഷ്ടം എന്നും പഴമയയോടും തറവാടുകളോടും പ്രകൃതിയോടുമാണല്ലോ .
ഈ അവധി ദിനങ്ങളിലെ യാത്രകളിലൂടെ കേരളത്തിലെ ഏകദേശം 130 ഓളം തറവാടുകളും, ധാരാളം കാവുകളും, എല്ലാം കണ്ടു കഴിഞ്ഞു.ഈ യാത്രകളിലൂടെ ഞാൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കി. അതിലൊന്നാണ് കേരളവും തമിഴ്‌നാടുമായുള്ള ബന്ധം .
ഈ അവധി ദിനങ്ങളിലെ യാത്രകളിലൂടെ കേരളത്തിലെ ഏകദേശം 130 ഓളം തറവാടുകളും, ധാരാളം കാവുകളും, എല്ലാം കണ്ടു കഴിഞ്ഞു.ഈ യാത്രകളിലൂടെ ഞാൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കി. അതിലൊന്നാണ് കേരളവും തമിഴ്‌നാടുമായുള്ള ബന്ധം .
എന്നും എനിക്ക് തമിഴ് ഏറ്റവും ഇഷ്ടപ്പെട്ട ഭാഷയാണ്. ആ സംസ്കാരവും അതെ . ചേരനും പാണ്ഡ്യനും, ചോളനും, പല്ലവനും എല്ലാം കുട്ടിക്കാലം മുതലെ മനസ്സിൽ ഉള്ളവരായിരുന്നു. അത് പോലെ രജനിയും കമലും വിജയകാന്തും പ്രഭുവും ഖുശ്ബും എല്ലാം കൂടി എന്നെ തമിഴും പഠിപ്പിച്ചു. എപ്പോഴോ ഉള്ളിൽ തമിഴ് പെൺകൊടിയെ വിവാഹം കഴിക്കണം എന്നാഗ്രഹം ഉള്ളിൽ കയറിയിരുന്നു . അത് മലേഷ്യൻ ക്ലാരയിലൂടെ അവസാനിച്ചു( കരൂർ തമിഴ് വംശജയായിരുന്നു).എന്തായാലും മീശയ്ക്ക് പിരിച്ച് വളർത്തുന്നുണ്ട്. ഏതേലും തമിഴ് പെൺകൊടിയെ കല്യാണം കഴിക്കാൻ സാധിച്ചാലോ.തമിഴിനെ ഞാൻ ഭാഷയായി അല്ലാ കാണുന്നത് , ഒരു അമ്മയായാണ് ഞാൻ തമിഴിനെ കാണുന്നത്. സംസ്കാരത്തിന്റെ മാതാവ് തമിഴ്. കേരളത്തിലെ യാത്രകൾ കഴിഞ്ഞിട്ട് വേണം തമിഴ് നാട്ടിലേക്ക് കടക്കാൻ എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു ഞാൻ . ആകെ ഒരു ഞായറാഴ്ച്ചയല്ലെ ഉള്ളൂ , എന്താ ചെയ്യാ? അലക്ക് ഒഴിഞ്ഞിട്ട് അലക്കുകാരന് കാശിക്ക് പോകാൻ സമയമില്ലാ എന്ന് പറഞ്ഞ പോലെയായി എന്റെ സ്ഥിതി. പക്ഷെ ഞാൻ ആദ്യമെ ഒരു കാര്യം ചെയ്തു വച്ചിരുന്നു. തമിഴ് നാട്ടിലെ ഏകദേശം ഭാഗങ്ങളിലെ എല്ലാം വല്ലിയ വ്യക്തികളെ പരിചയപ്പെട്ടു വച്ചിരുന്നു. ഈ കൗണ്ടർ ജമീന്ദാർ രാജ വംശങ്ങളിലേക്കെല്ലാം അവരിലൂടെ എനിക്ക് എത്തിപ്പെടാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു.ഒരിക്കൽ ഞാൻ തമിഴ്‌നാട് കാണാൻ പോകുമല്ലോ. . അന്ന് അവരെല്ലാം എന്നെ സഹായിക്കാം എന്നേറ്റിരുന്നു.എവിടെയ്ക്ക് യാത്ര പോകുമ്പോഴും ആ നാട്ടിലെ ആരെലും പരിചയമുള്ളത് നല്ലതാണ് .ഒടുവിൽ ഞാൻ തന്നെ സമയം കണ്ടെത്തി . കഴിഞ്ഞ ഞായറാഴ്ച്ച ഞങ്ങളുടെ അയൽ നാടായ , കൗണ്ടർമ്മാരുടെയും ജമീന്ദാർമ്മാരുടെയും നാടായ പൊള്ളാച്ചിയിലേക്ക് ഒരു യാത്ര.
തമിഴ് നാട്ടിലെ സുന്ദരിയാണ് പൊള്ളാച്ചി . എങ്ങ് നോക്കിയാലും പച്ചപ്പ്. തെങ്ങിൻ തോപ്പുകളും, മറ്റു കൃഷിയിടങ്ങളാലും പൊള്ളാച്ചി സമ്പന്നമാണ് . സിനിമാക്കാരുടെ സ്ഥിരം ഷൂടിംഗ് ലൊക്കേഷൻ ആണ് പൊള്ളാച്ചി. ഏറ്റവും കൂടുതൽ ശർക്കർ നിർമ്മാണ ശാലകൾ ഉള്ള, പച്ചക്കറി കൃഷി ഉള്ള നാട് . മണ്ണിനെ ശപിക്കാതെ , അമ്മയെ പോലെ ആദരിച്ച് മണ്ണിൽ പണിയെടുക്കുന്നവരുടെ സ്വർഗ്ഗ ഭൂമി അതാണ് പൊള്ളാച്ചി. പൊള്ളാച്ചിയെ ഉപമിക്കുകയാണെൻ ഇങ്ങനെ പറയാം . ചിന്നതമ്പിയിലെ ഖുശ്ബു. അതാണ് പൊള്ളാച്ചി . എന്താ ചന്തം , എന്താ ഒരു നിഷ്കളങ്കത ( ചിന്നതമ്പി സിനിമയിലെ ഖുശുബുവും , പൊള്ളാച്ചിയും)
കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കണ്ടത് തമിഴ് സിനിമകളാണ് . ആദ്യം കണ്ട സിനിമ ചിന്ന തമ്പിയാണ് . അന്ന് മുതലാണല്ലോ വലുതാകുമ്പോൾ എനിക്ക് ഖുശ്ബുവിനെ കല്യാണം കഴിക്കണം എന്ന മോഹം വന്നത് . ഖുശ്ബു എന്നെ ചതിച്ചതാ... എന്തായാലും ചിന്നതമ്പിയും, കിഴക്കുവാസലും, റിക്ഷാമാമനും തേവർ മകനും വാനത്തെ പോലെയും( 52 പ്രാവശ്യം) ഖുഷി (44 പ്രാവശ്യം - അച്ഛൻ ഫിലീം റെപ്പ് ആയത് കൊണ്ട് സ്കൂൾ കാലത്തെ അവധി ദിനങ്ങൾ എല്ലാം നാലു ഷോയും ഒരേ സിനിമ കണ്ടു കൊണ്ടായിരുന്നു. എത്ര മനോഹരമായ ആചാരങ്ങൾ അല്ലെ ) എല്ലാ സിനിമകളും, പിന്നെ പാലക്കാടൻ ജീവിതവും എന്നെ തമിഴ് നന്നായി സംസാരിക്കാൻ പഠിച്ചു . തമിഴ് നാട്ടുകാർക്ക് തങ്ങളുടെ ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന ആളുകളെ വല്ല്യ താൽപ്പര്യാണ്.അത് കൊണ്ട് പൊള്ളാച്ചി യാത്രയ്ക്കും, മറ്റു തമിഴ് പ്രദേശങ്ങളിലെ യാത്രയ്ക്കും എനിക്ക് ഭാഷ വിഷയമായിരുന്നില്ലാ
കഴിഞ്ഞ ഞായറാഴ്ച്ച ദിവസം രാവിലെ എന്റെ രഥമായ ടീ വി എസ് എന്റോർക്കിൽ , എന്റെ ടെറിട്ടറിയായ വള്ളുവനാടൻ ഗ്രാമമായ കോങ്ങാട് നിന്ന് ഞാൻ പൊള്ളാച്ചിയിലേക്ക് യാത്ര തിരിച്ചു. കയ്യിൽ ക്യാമറയും എഴുതാനുള്ള പുസ്തകവും കരുതി. യാത്രയ്ക്ക് പോകുമ്പോൾ നല്ല ചൂടുണ്ടാകില്ലെ , അതും സ്കൂട്ടറിൽ അല്ലെ യാത്ര എന്നായി പലരുടെയും ചോദ്യം . എന്റെ അവധി ദിനങ്ങളിലെല്ലാം എന്റെ വേഷം ഖാദി ഫുൾ കുർത്തയും/ കുർത്തയോ ജീൻസും ആകും. അതിനാൽ നോ ചൂട്.രാവിലെ വീട്ടിൽ നിന്ന് ഒൻപത് മണിക്ക് ഇറങ്ങി ഞാൻ . ലക്ഷ്യ സ്ഥാനം പൊള്ളാച്ചിയും, തേവർ മകൻ സിനിമകൾ അടക്കം നൂറിലധികം സിനിമകൾ ഷൂട്ട് ചെയ്ത സിംഗനല്ലൂർ പാലസും ആയിരുന്നു . പാലസിൽ ചെല്ലാൻ ഉള്ള അനുമതി മുന്നെ തന്നെ പാലസിന്റെ ഉടമസ്ഥനിൽ നിന്ന് മേടിച്ചിരുന്നു.വള്ളുവനാടന്റെ പടയോട്ടം പൊള്ളാച്ചിയിലേക്ക് തുടങ്ങി.പാലക്കാട് വഴി പാറ എലപ്പുള്ളി വഴി കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി അതായിരുന്നു എന്റെ റൂട്ട്. പോകുന്ന വഴിയിലെ പ്രകൃതിയെ എല്ലാം സൈറ്റ് അടിച്ച് , ആസ്വദിച്ചുള്ള യാത്ര . എന്റെ വണ്ടിയെ പാസ് ചെയ്ത്, എന്തോ വായുഗുളിക മേടിക്കാൻ പോണ പോലെ , ജാക്കറ്റ് ഒക്കെ ഇട്ട് സഞ്ചാരികൾ ബൈക്കിൽ പറ പറക്കുന്നത് ഞാൻ കണ്ടു.
പാറ എലപ്പുള്ളി പ്രദേശങ്ങൾ കഴിഞ്ഞാൽ തന്നെ ഒരു തമിഴ് നാട് ഛായ തോന്നി തുടങ്ങും . കൊഴിഞ്ഞാമ്പാറ ,
ഗോപാലപുരം ചെക്ക് പോസ്റ്റ് ഒക്കെ കഴിഞ്ഞ് പൊള്ളാച്ചിയിലേക്ക് പ്രവേശിക്കുമ്പോൾ സാക്ഷാൽ തിരുവള്ളുവർ നമ്മെ സ്വീകരിക്കാൻ അതിർത്തിയിൽ കാത്ത് നിൽക്കുന്നുണ്ടാകും . പ്രതിമയാട്ടോ . പാലക്കാട് കഴിഞ്ഞതും പൊള്ളാച്ചി കയറിയ ഉടൻ തണൽ മരങ്ങൾ നിറഞ്ഞ മനോഹരമായ റോഡ് കാണാൻ തുടങ്ങും. ആ തണൽ മരങ്ങൾ എന്നെ താലമെടുത്ത് വരവേൽക്കുന്നത് പോലെ തോന്നി എനിക്ക്. ആ മരങ്ങൾക്കെല്ലാം അരഞ്ഞാണം ഉണ്ടായിരുന്നു . ചൂട് ലവലേശം അറിയാതെ ഉള്ള യാത്ര . കുറച്ച് ദൂരം കഴിഞ്ഞ് നരസിംഗപുരത്ത് നടരാജൻ അണ്ണന്റെ കൊച്ചു ചായക്കടയിൽ വണ്ടി നിർത്തി ഞാൻ . ഒരു ചായ ഓർഡർ ചെയ്തു . വൃത്തിയുള്ള സ്റ്റീൽ ഗ്ലാസിൽ കിടിലൻ ചായ. അഞ്ച് രൂപ് ചായ. ആധുനികത തൊട്ടുതീണ്ടിയില്ലാത്ത ചായക്കടയാണത്. ടിഫിനും ചായയും കിട്ടുമവിടെ. നടരാജൻ അണ്ണനോട് ഞാൻ പാലസിലേക്കുള്ള വഴി ചോദിച്ചു. വളരെ ആദരവോടെ തമ്പി എന്നെന്നെ അഭിസംബോധന ചെയ്ത് അദേഹം എളുപ്പ വഴി തന്നെ പറഞ്ഞു തന്നു .അവിടെ നിന്ന് വീണ്ടും യാത്ര തുടങ്ങി . ക്യാമറ കഴുത്തിൽ തൂക്കിയിട്ടായിരുന്നു അവിടെ നിന്നുള്ള യാത്ര. കാരണം ഫോട്ടോ എടുക്കാൻ പോസ് ചെയ്യുകയായിരുന്നു പൊള്ളാച്ചി എന്ന തമിഴരസി
ഗോപാലപുരം ചെക്ക് പോസ്റ്റ് ഒക്കെ കഴിഞ്ഞ് പൊള്ളാച്ചിയിലേക്ക് പ്രവേശിക്കുമ്പോൾ സാക്ഷാൽ തിരുവള്ളുവർ നമ്മെ സ്വീകരിക്കാൻ അതിർത്തിയിൽ കാത്ത് നിൽക്കുന്നുണ്ടാകും . പ്രതിമയാട്ടോ . പാലക്കാട് കഴിഞ്ഞതും പൊള്ളാച്ചി കയറിയ ഉടൻ തണൽ മരങ്ങൾ നിറഞ്ഞ മനോഹരമായ റോഡ് കാണാൻ തുടങ്ങും. ആ തണൽ മരങ്ങൾ എന്നെ താലമെടുത്ത് വരവേൽക്കുന്നത് പോലെ തോന്നി എനിക്ക്. ആ മരങ്ങൾക്കെല്ലാം അരഞ്ഞാണം ഉണ്ടായിരുന്നു . ചൂട് ലവലേശം അറിയാതെ ഉള്ള യാത്ര . കുറച്ച് ദൂരം കഴിഞ്ഞ് നരസിംഗപുരത്ത് നടരാജൻ അണ്ണന്റെ കൊച്ചു ചായക്കടയിൽ വണ്ടി നിർത്തി ഞാൻ . ഒരു ചായ ഓർഡർ ചെയ്തു . വൃത്തിയുള്ള സ്റ്റീൽ ഗ്ലാസിൽ കിടിലൻ ചായ. അഞ്ച് രൂപ് ചായ. ആധുനികത തൊട്ടുതീണ്ടിയില്ലാത്ത ചായക്കടയാണത്. ടിഫിനും ചായയും കിട്ടുമവിടെ. നടരാജൻ അണ്ണനോട് ഞാൻ പാലസിലേക്കുള്ള വഴി ചോദിച്ചു. വളരെ ആദരവോടെ തമ്പി എന്നെന്നെ അഭിസംബോധന ചെയ്ത് അദേഹം എളുപ്പ വഴി തന്നെ പറഞ്ഞു തന്നു .അവിടെ നിന്ന് വീണ്ടും യാത്ര തുടങ്ങി . ക്യാമറ കഴുത്തിൽ തൂക്കിയിട്ടായിരുന്നു അവിടെ നിന്നുള്ള യാത്ര. കാരണം ഫോട്ടോ എടുക്കാൻ പോസ് ചെയ്യുകയായിരുന്നു പൊള്ളാച്ചി എന്ന തമിഴരസി
പൊള്ളാച്ചിയിൽ നിന്ന് നാലുകിലോമീറ്റർ അകലെ ആണ് സിംഗനല്ലൂർ എന്ന മനോഹരമായ ഗ്രാമം. ആ ഗ്രാമത്തിന്റെ തന്നെ മുഖമുദ്രയാണ് ഈ പാലസ്. പാലസിലേക്ക് പോകുമ്പോൾ തണൽ മരങ്ങൾ നിറഞ്ഞ ലെവൽ ക്രോസും, തെങ്ങിൻ തോപ്പുകളും നമ്മുടെ മനം കവരും. അത് തീർച്ച.തേവർ മകൻ വീടെന്നും, മെത്തവീടെന്നും പേരുണ്ട് ഈ പാലസിന് .കൃത്യം 10.45 ന് തന്നെ ഞാൻ പാലസിൽ എത്തി. അവിടെ എന്നെ സ്വീകരിക്കാൻ മലയാളികളായ കാര്യസ്ഥൻ ഉണ്ടായിരുന്നു . അദേഹം എന്നെ ആ പാലസിന്റെ ഉള്ളിലെല്ലാം കൊണ്ട് പോയി കാണിച്ചു തന്നു . തേവർ മകനിൽ കമലഹാസൻ തേവർ ആയി വരുന്ന പോലെ ഗാംഭീര്യത്തോടെയായിരുന്നു പാലസിലേക്കുള്ള എന്റെ പ്രവേശനം.തേവർ മകനിലെ ഒരുപാട് സീനുകൾ കണ്മുന്നിലൂടെ മാഞ്ഞു മറഞ്ഞു കൊണ്ടെ ഇരുന്നു. അവിടുത്തെ മട്ടുപാവിൽ കയറിയപ്പോൾ മനസ്സിലേക്ക് ഓടി വന്നത് ജയറാം കൗണ്ടമണി കോമ്പോയിൽ വന്ന മുറൈ മാമൻ സിനിമയിലെ കിടിലൻ സീനുകളായിരുന്നു . ഇത്രയും ഷൂടിംഗ് കഴിഞ്ഞിട്ടും ആ പാലസിന് ഒരു കേടും പാടു വരാതെ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്കദ്ഭുതം തോന്നി . 100ഇൽ അധികം പഴക്കമുള്ള കൗണ്ടർ വീടായിരുന്നു ഈ പാലസ്. ഉടമസ്ഥർ ഈ പാലസ് ഒരു ഇറ്റലിക്കാരിക്ക് വിൽക്കുകയും അവരിൽ ഇപ്പോഴത്തെ ഉടമസ്ഥൻ ശ്രീ ശബരി നാഥ്( പൊള്ളാച്ചി ആര്യാസ് ഹോട്ടൽ ഓണർ) ആ പാലസ് വാങ്ങുകയും, ലക്ഷങ്ങൾ മുടക്കി, ഈ പാലസ് നന്നായി പരിപാലിച്ചു പോരുകയും ചെയ്യുന്നു. ഏകദേശം ഒരു മണിക്കൂർ അവിടെ ചിലവഴിച്ച്, ഫോട്ടോകൾ എല്ലാം എടുത്ത് , കാര്യസ്ഥൻ ചേട്ടനോട് യാത്ര പറഞ്ഞ് ഞാൻ അവിടെ നിന്നിറങ്ങി
പാലസിൽ നിന്നിറങ്ങി ഞാൻ പാലസ്സിൽ താമസിച്ചിരുന്ന കൗണ്ടർമ്മാരുടെ ചരിത്രം അറിയാനായി അവിടെയുള്ള ആളുകളെ കാണാനായി ചെന്നു. കാലങ്ങൾക്ക് മുന്നെ പാലസിൽ ഉള്ളവർ അവിടെ നിന്ന് പോയതിനാൽ പലർക്കും കൃത്യമായി ഒന്നും പറയാൻ കഴിഞ്ഞില്ലാ. നിരാശയോടെ തിരിക്കാൻ നിൽക്കുമ്പോഴാണ് അവിടെ ഒരു ഉന്തു വണ്ടിയും അതിന് ചുറ്റും കുറച്ച് ചേട്ടന്മാരെയും കണ്ടത്. വേഗം പ്രതീക്ഷയോടെ അവിടെക്ക് ചെന്നു ഞാൻ. അവിടെ ഉള്ള ചേട്ടന്മാരോട് ഞാൻ കാര്യങ്ങൾ തിരക്കി. പ്രതീക്ഷ തെറ്റിയില്ലാ . വെള്ള ഷർട്ടെല്ലാ ഇട്ട് ഇരിക്കുന്ന ഗണേഷ് ഏട്ടൻ എന്നെ സഹായിക്കാം എന്നേറ്റു. പാലക്കാട്ട് നിന്നാണെന്നും , പൊള്ളാച്ചിയെ കുറിച്ചും, മറ്റും അറിയാൻ വേണ്ടി വന്നതാണെന്നും പറഞ്ഞപ്പോൾ അവർക്ക് വല്ല്യ സന്തോഷായി .അദേഹത്തിന് മലയാളം സംസാരിക്കാനറിയാം . മണ്ണാർക്കാട് ഒക്കെ വന്നിട്ടുണ്ടദ്ദേഹം . കോങ്ങാടും അറിയാം .ആ ഉന്തു വണ്ടി ഒരു മിനി ഹോട്ടലായിരുന്നു. അവരുടെ നാട്ടിലേക്ക് അതിഥിയായി വന്ന എനിക്ക് ഒരു ചായ ഓർഡർ ചെയ്തു അദേഹം . ഒരു ഒന്നൊന്നര ചായ, ചായകുടിച്ച് പണം കൊടുക്കാൻ പോയ എന്നോട് , ഞാൻ കൊടുക്കാം പണം താങ്കൾ ഞങ്ങളുടെ അതിഥി ആണ് , ടിഫിൻ കൂടി കഴിക്കൂ എന്നായി ഗണേഷ് അണ്ണൻ. ഇതാണ് തമിഴന്റെ ആതിഥ്യം മര്യാദ. രാഷ്ട്രീയ നേതാവ് കൂടിയായ ഗണേഷ് ഏട്ടനോട് ഇത്തിരി തമിഴ് രാഷ്ട്രീയം ഒക്കെ പറഞ്ഞു അദേഹത്തെ ഉഷാറാക്കി . പാലസിന്റെ ചരിത്രം അറിയുന്ന അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ടായ കൗണ്ടറുടെ വീട് എനിക്ക് പറഞ്ഞ് തരികയും, അവിടെയുള്ള ജമീന്ദാർ പാലസിലേക്കും, അത് പോലെ തമിഴ് നാട്ടിലെ ഏത് സ്ഥലത്തേക്ക് പോകാനും എന്നെ സഹായിക്കാം എന്നും ഗണേഷ് ഏട്ടൻ പറഞ്ഞു . അവരോടെ നന്ദി പറഞ്ഞ് , മനസ്സ് നിറഞ്ഞ്, അവരുടെ കൂടെ ഫോട്ടോ എടുത്ത് ഞാൻ കൗണ്ടറുടെ വീട്ടിലേക്ക് ചെന്നു .
കൗണ്ടറുടെ വീട്ടിൽ പോയി കാളിംഗ് ബെൽ അടിച്ചതും അദേഹത്തിന്റെ പത്നിയും മക്കളും പുറത്തേക്ക് വന്നു. ഞാൻ എന്റെ ആഗമനോദ്ദേശം പറഞ്ഞു . സിംഗനല്ലൂർ പാലസ് കണ്ടു എന്നും അവിടുത്തെ ചരിത്രം അറിയാൻ വേണ്ടി വന്നതാണെന്നും ഞാൻ പറഞ്ഞു . കൗണ്ടർ പുലർച്ചെ യാത്ര കഴിഞ്ഞു വന്നതെ ഉള്ളൂ , ഇപ്പോൾ ഉറങ്ങുകയാണെന്ന് അവർ പറഞ്ഞു . ആ സമയത്ത് എനിക്ക് കൗണ്ടരെ ഉണർത്താൻ പറയാൻ തോന്നിയില്ലാ. ഞാൻ അദേഹത്തിന്റെ നമ്പർ മേടിച്ച് വൈകുന്നേരം വിളിക്കാം എന്ന് പറഞ്ഞ് ഇറങ്ങി. അപ്പോൾ കൗണ്ടറുടെ പത്നി എന്നോട് ചായ കുടിച്ച് പോകാം എന്നായി. ഞാൻ വേണ്ടാ , ഇപ്പോൾ കുടിച്ചതെ ഉള്ളൂ എന്ന് പറഞ്ഞു . എങ്കിൽ ജൂസ് എടുക്കട്ടെ എന്നായി. നോക്കൂ അവരുടെ ആതിഥ്യ മര്യാദ. അന്യനാട്ടിൽ നിന്ന് വന്ന ഒരാളോട് അവർ കാണിക്കുന്ന മര്യാദ നോക്കൂ. എന്തായാലും സ്നേഹപൂർവ്വം അത് നിരസിച്ച് ഞാൻ സിംഗനല്ലൂർ ഗ്രാമത്തിൽ നിന്നിറങ്ങി.
പൊള്ളാച്ചി പാലക്കാടൻ റോഡിൽ കയറിയതും അതാ പനനൊങ്ക് വിൽക്കുന്ന അണ്ണൻ നിൽക്കുന്നു. അവിടെ വണ്ടി നിർത്തി . ചൂട് പ്രദേശത്ത് ജീവിക്കുന്നവർ ആ ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗവും പ്രകൃതി തന്നിട്ടുണ്ട്. അതാണ് പനനൊങ്കും പന നീരും, ഇളനീരും എല്ലാം . പനയോല കുമ്പിൾ കുത്തിയതിൽ , അതി മധുരമുള്ള പനനീരും, അതിൽ ഭംഗിക്ക് ഇത്തിരി പന നൊങ്കും ഇട്ട് അങ്ങുട് കാച്ചി ഞാൻ . ന്റെ കൃഷ്ണാ, ആ നീർ വയറിലേക്ക് എത്തുമ്പോഴുള്ള തണുപ്പ്. ഒരു എയർ കണ്ടീഷൻ വയറിൽ പിടിപ്പിച്ച അവസ്ഥ. പന നൊങ്കും പന നീരും കുടിച്ച് വയർ നിറച്ചു ഞാൻ . ഉഷാറായി വള്ളുവനാടൻ . പടയപ്പാ ഫീൽ 😜😜😜. നേരെ പൊള്ളാച്ചി ആര്യാസിൽ ചെന്ന് ശബരി അണ്ണനോട് നന്ദി പറഞ്ഞ്,ഞാൻ പാലക്കാട്ടേക്ക് തിരിച്ചു. പാലക്കാട് പൊള്ളാച്ചി റോഡിൽ ഉള്ള മുത്തൂർ ജമീൻ പാലസും , മറ്റു നാടൻ കാഴ്ച്ചകളും ആസ്വദിച്ച്, പനനൊങ്ക് നൽകിയ ലഹരിയും കുളിരും കാരണം ചൂടറിയാതെ 3 മണിക്ക് ഞാൻ പാലക്കാട് എത്തി.
ഇനിയും മൂന്നാലു ഞായറാഴ്ച്ചകൾ പൊള്ളാച്ചിയിൽ പോകേണ്ടതായുണ്ട് , കാണാൻ അനവധി കിടക്കുന്നു. കാണാൻ അനുമതിയും ലഭിച്ചു കഴിഞ്ഞു. അനുമതി മേടിച്ച് പോകുമ്പോൾ സ്വീകരണം എല്ലാവടെയും രാജകീയമായിരിക്കും. നമ്മുടെ പെരുമാറ്റവും കൂടി അങ്ങനെ ആകണം എന്ന് മാത്രം . കാത്തിരിക്കൂ പ്രിയരെ വള്ളുവനാടന്റെ തൂലികയിൽ ഇനിയും വിരിയും പൊള്ളാച്ചിയിലെ അരമനകളുടെ വീര കഥകൾ..







അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ