അണ്ണാമല നാഥർ ക്ഷേത്രം
ഒരു കാരിക്കോട് യാത്ര
കരിങ്കല്ലിൽ തീർത്ത മദ്ധ്യകേരളത്തിലെ ഏക ചോള ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് തൊടുപുഴ കാരിക്കോടുള്ള അണ്ണാമല നാഥർ ക്ഷേത്രം കാണാനായി പുറപ്പെട്ടത്. വടക്കുംകൂർ നാട്ടുരാജ്യത്തിൻ്റെ ചരിത്രവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ ശേഖരിക്കുക എന്നതും ലക്ഷ്യമായിരുന്നു.
തൊടുപുഴ, ഉടുമ്പന്നൂർ, മേലുകാവ്, പൂഞ്ഞാർ, കൂട്ടിക്കൽ, ചോറ്റി, മുണ്ടക്കയം, പെരുവന്താനം എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മലയോര മേഖലയിൽ ഓരോ കാലത്തും മാറിമറിഞ്ഞ ഭരണാധികാരങ്ങളും മേൽക്കോയ്മകളും കോയിയൻമാർ, മലയരയന്മാർ, ബാണന്മാർ എന്നിവരുടെ പൂർവ്വചരിത്രവുമൊക്കെ പഠനവഴിയിൽ പ്രതിസന്ധികൾ സൃഷ്ടിച്ച് വ്യക്തതയില്ലാതെ തുടരുന്നതിനിടയ്ക്കാണ് പഴയ തൊടുപുഴയുടെ ആസ്ഥാനമായ കാരിക്കോട്ടേയ്ക്കുള്ള യാത്ര അർത്ഥവത്താകുന്നത്.
ഇന്നത്തെ തൊടുപുഴ നഗരത്തിൻ്റെ കിഴക്കു ഭാഗമാണ് കാരിക്കോട്. കാരിക്കോട് എത്തുമ്പോൾ കവലയിൽ തന്നെ പടിഞ്ഞാറു ദർശനമായ കാരിക്കോട് ഭഗവതി ക്ഷേത്രം കാണാം. വടക്കുംകൂർ രാജവംശത്തിൻ്റെ ഭരദേവതാ സ്ഥാനം. റോഡിന് ഇടതുവശത്തായി ഉയർന്ന ചെറിയൊരു കുന്നിലേയ്ക്കുള്ള പടികൾ കയറി എത്തിയാൽ അടുത്ത കാലത്തായി ചുറ്റമ്പലം പണിതു പരിഷ്കരിച്ച പുരാതനമായ അണ്ണാമലനാഥർ ക്ഷേത്രം. തെക്കോട്ട് ദർശനമുള്ള അപൂർവ്വ ശിവക്ഷേത്രമാണ്.
കേരളത്തിൽ ചോളാധിപത്യം നിലനിന്ന കാലത്താണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടതെന്ന് കരുതാം. തമിഴ്നാട്ടിലെ ആർക്കോട്ട് ജില്ലയിലെ തിരുവണ്ണാമല ക്ഷേത്രത്തിൻ്റെ ഗർഭഗൃഹത്തോട് വളരെ സാമ്യമുള്ളതാണ് ക്ഷേത്രനിർമ്മിതി. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച ക്ഷേത്രത്തിൻ്റെ തൂണുകളിലും പുറംഭിത്തിയുടെ ചുറ്റുപാടും കൊത്തിയുണ്ടാക്കിയ ശില്പങ്ങൾക്ക് പല്ലവകാലഘട്ടത്തിലെ ശില്പങ്ങളോട് സാമ്യം തോന്നുക സ്വാഭാവികം. ഈ ക്ഷേത്രത്തിൻ്റെ ഉത്ഭവത്തെ കുറിച്ച് ചിന്തിക്കുമ്പോൾ വിദൂരമായ ആ ദേശത്തിൻ്റെ ചരിത്രം കൂടി കടന്നുവരും. തിരുവണ്ണാമല അരുണാചലേശ്വരം ക്ഷേത്രത്തിലെ ശില്പനിർമ്മിതികൾ പല്ലവകാലഘട്ടത്തിലേതാണ്.
ഈ ക്ഷേത്രത്തിൽ പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച അറുപത്തിയെട്ടോളം വിവിധ ദേവീദേവന്മാരുടെ പഞ്ചലോഹ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. വർഷങ്ങളോളം തകർന്ന് കാടുകയറി നശിച്ചു കിടന്ന ക്ഷേത്രത്തിൽ നിന്ന് കുറെയെല്ലാം മോഷ്ടിക്കപ്പെട്ടു. അവയിൽ ചിലത് വിദേശങ്ങളിലെ മ്യൂസിയങ്ങളിൽ എത്തിപ്പെട്ടിട്ടുണ്ട്. ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തിൽ അണ്ണാമലനാഥർ ക്ഷേത്രത്തിലുണ്ടായിരുന്ന നടരാജവിഗ്രഹം ചോളശില്പമാതൃകയായി പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീട് അവശേഷിച്ച 29 പഞ്ചലോഹ വിഗ്രഹങ്ങൾ പുരാവസ്തു വകുപ്പിൻ്റെ സംരക്ഷണത്തിൽ കേരളത്തിലെ വിവിധ മ്യൂസിയങ്ങളിൽ കാഴ്ചവസ്തുക്കളായി മാറി.
മുഖ്യപ്രതിഷ്ഠയായിരുന്ന ശിവലിംഗം ഇതിന് മുമ്പുതന്നെ വെള്ളാളരുടെ ചു മതലയിലുള്ള കാരിക്കോട് മുതലിയാർമഠം ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠ നടത്തിയിരുന്നു. ഏറെക്കാലമായി തകർന്നുകിടന്ന ക്ഷേത്രം ഏതാനും വർഷങ്ങൾക്കു മുമ്പ് വെള്ളാളസമുദായം ഏറ്റെടുത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. ക്ഷേത്രത്തിൻ്റെ പുരാതനത്വം നഷ്ടപ്പെടാതെ ഓരോ കല്ലും അഴിച്ച് കേടുപാടുകൾ വന്നത് പരിഹരിച്ച് വീണ്ടും പഴയ രൂപത്തിൽ സംയോജിപ്പിച്ചു. പുരാതന കാലത്ത് വെട്ടുകല്ലിൽ അടിത്തറ തീർത്ത ചുറ്റമ്പലം ഉണ്ടായിരുന്നതായി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിൽ ബോധ്യപ്പെട്ടതിനാൽ അതേ സ്ഥാനത്ത് ചുറ്റമ്പലം പണിത് പരിഷ്കരിച്ചിട്ടുണ്ട്. പഴയകാല നിർമ്മിതിയോട് ഒട്ടൊക്കെ താദാത്മ്യം പ്രാപിക്കുന്ന തരത്തിലാണ് പുതിയ പരിഷ്കാരം എന്നത് ആശ്വാസകരമാണ്. നാലമ്പലത്തിൻ്റെ തൂണുകളിലുള്ള ശില്പവേലകൾ കോൺ ക്രീറ്റിലാണെങ്കിലും പഴയതിനെ അനുകരിക്കുന്ന തരത്തിലാണ്.
ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഒരേ പീഠത്തിൽ പരമശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെ പഞ്ചലോഹവിഗ്രഹങ്ങളാണ് പ്രതിഷ്ഠ.
പൂർവ്വകാലത്ത് നിരവധി ശൈവസന്യാസികളുടെ സങ്കേതമായിരുന്നു ഈ ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിൻ്റെ മുഖത്തളത്തിൽ കല്ലിൽ നേരിയ കുഴിവുകൾ കാണുന്നത് സിദ്ധവൈദ്യൻമാർ കൂടിയായ ശിവയോഗികൾ മരുന്നരച്ച് നൽകിയതിൻ്റെ തെളിവാണത്രേ. ഓരോ തൂണിലും മനോഹരവും വിചിത്രവുമായ ശില്പങ്ങൾ കൊത്തി വച്ചിരിക്കുന്നു. ഒരു തലയും മൂന്നു ശരീരവുമുള്ള മനുഷ്യരൂപം, അഭിമുഖമായി നിൽക്കുന്ന ഒരു തലയുള്ള കാളയും ആനയും, അരയന്നത്തെ പിടിക്കാൻ പതുങ്ങി വരുന്ന ആൾരൂപം, വളയരൂപത്തിൽ പരസ്പരം ബന്ധിച്ച് ചക്രഗതിയിലുള്ള രണ്ടു മനുഷ്യർ എന്നിവ വിചിത്രമായതും ഗൂഢമായ അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്.
ശിവനും പാർവ്വതിയും, ഗണപതി സുബ്രഹ്മണ്യൻ, മുനിമാർ എന്നി ശില്പങ്ങളും തൂണുകളിൽ കാണാം.
വ്യാഘ്രപാദർ, അഗസ്ത്യർ, തിരുമൂലർ എന്നീ ശൈവസിദ്ധന്മാരുടെ രൂപങ്ങൾ തെക്കും വടക്കും കിഴക്കും ഭാഗത്ത് ചുമരിൻ്റെ മേൽഭാഗത്ത് കാണാവുന്നതാണ്. മേൽഭാഗത്ത് ചുറ്റുമുള്ള അലങ്കാരങ്ങളും കല്ലിൽ കൊത്തി പഴുതുകൾ ഉണ്ടാക്കിയ ജാലകങ്ങളും ശില്പവേലയുടെ സമ്പന്നത വിളിച്ചോതുന്നു. എങ്കിലും വാസ്തുനിർമ്മിതിയിലെ ലാളിത്യം ഇവിടെ പാലിക്കപ്പെട്ടിരിക്കുന്നു.
പണ്ടുണ്ടായിരുന്ന നാലമ്പലത്തിൻ്റെ ഭാഗമായിരുന്ന കരിങ്കൽ കവാടങ്ങളുടെ തകർന്ന ഭാഗങ്ങൾ പുറത്ത് ചിലയിടത്ത് സൂക്ഷിച്ചിട്ടുണ്ട്. ഒരു വശത്ത് മനുഷ്യരൂപവും മറുവശത്ത് തമിഴ് ലിഖിതവും കൊത്തിയ ഒരു തൂണിൻ്റെ തകർന്ന ഭാഗം കാണാനായി. കനകൻ പകവതി അമ്മൈ കണപതിയാർ കാടു...... എന്ന് ആ ലിഖിതം പുരാവസ്തു വിദഗ്ധയായ ഡോ.അമ്പിളി പിന്നീട് വായിച്ചെടുത്തു. ശേഷിക്കുന്ന ശിലാഭാഗം കണ്ടെടുക്കാനായില്ല.
ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് താഴെയായി കല്ലു കെട്ടിയ തീർത്ഥക്കുളവും കുളക്കരയിൽ യോഗീശ്വരൻ്റെ പ്രതിഷ്ഠയുമുണ്ട്. ക്ഷേത്രത്തിൻ്റെ ഭരണച്ചുമതലയിലുള്ള സുധാകരൻ ചേട്ടനും അദ്ദേഹത്തിൻ്റെ അനുജൻ സുധീപും ക്ഷേത്രത്തിൻ്റെ കാര്യങ്ങൾ വിശദീകരിച്ചു തന്നു.
പിന്നീട് കാരിക്കോട് ഭഗവതി ക്ഷേത്രത്തിലേയ്ക്കാണ് പോയത്. കാരിക്കോട് ആസ്ഥാനമാക്കി ഒമ്പതാം നൂറ്റാണ്ടു മുതൽ AD 1600 വരെ കീഴ്മലനാട്ട് രാജാക്കന്മാരുടെയും AD 1600 ലെ ദത്തുകയറൽ വഴി വടക്കുംകൂർ രാജവംശത്തിൻ്റെ ഭാഗമായി മാറിയപ്പോഴും ഭരദേവതാസ്ഥാനം കാരിക്കോട് ഭഗവതിക്ഷേത്രമായിരുന്നു. ഉഗ്രഭാവത്തിലുള്ള ഭദ്രകാളിയാണ് പ്രതിഷ്ഠ. താമസഭാവമുള്ള ശാക്തേയ പൂജകൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. ഉത്സവത്തിന് കൊടി കയറ്റുന്നത് തന്ത്രിയല്ല മറിച്ച് വെളിച്ചപ്പാടാണ്. എല്ലാ ദിവസവും കളമെഴുത്തുംപാട്ടും നടത്തി വരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഭരണത്തിലാണ്. ആധുനിക രീതിയിൽ കോൺക്രീറ്റ് സൗധങ്ങളായി പുനർനിർമ്മിച്ചതോടെ ക്ഷേത്രത്തിൻ്റെ പുരാതനത്വവും പാരമ്പര്യഭംഗിയും എന്നെന്നേയ്ക്കുമായി നഷ്ടമായി എന്നത് ഏറെ നിരാശയുണ്ടാക്കുന്നതാണ്.
നന്ദിയുടെ വളരെ വിശേഷപ്പെട്ട രണ്ടു ശിലാവിഗ്രഹങ്ങളും തമിഴ് ലിഖിതങ്ങളോടു കൂടിയ ഒരു ശിലാഫലകവും മാത്രമാണ് പഴയത് എന്ന നിലയിൽ ക്ഷേത്രസങ്കേതത്തിൽ കാണാനായത്.
ഗരുഡൻ തൂക്കം ആടാനായി നിർമ്മിച്ച സ്റ്റേജിലേക്ക് കയറാനായി പിടിച്ചിട്ടിരിക്കുന്ന രണ്ടു കരിങ്കൽ ഫലകങ്ങളിൽ ഒന്നിലാണ് ക്ഷേത്രചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന പ്രസ്തുത തമിഴ് ലിഖിതം കാണപ്പെടുന്നത്. മുൻകാലത്ത് പുരാവസ്തു വിദഗ്ധന്മാരുടെയും ചരിത്രകാരന്മാരുടെയും ശ്രദ്ധ പതിഞ്ഞിട്ടുള്ള വിശേഷപ്പെട്ട പുരാലിഖിതം സ്റ്റേജിലേക്ക് ചവിട്ടിക്കയറാൻ നടക്കല്ലായി ഉപയോഗിക്കുന്നത് കണ്ടപ്പോൾ വളരെ വിഷമം തോന്നി.
இரமாவன்மராயார் கொயில் காரியகரഗன் மலைநிறா இரഗഗിனகிரி பரமெச்செரரியைத்தெ ண்டநமச்கா....
(ഇരാമവന്മാരായർ കൊയിൽ കാരിയകരഗൻ മലൈനിൻറാ ഇരഗ്ഗിനകിരി പരമെച്ചെരിയൈ ത്തണ്ടനമസ്കാ.......)
ഇത്രയും വായിച്ചെടുക്കാനായി.
രാമവന്മരായർ എന്ന കോയിലധികാരി മലയിൽ വാഴുന്ന രത്നഗിരി പരമേശ്വരിയെ ദണ്ഡനമസ്കാരം ചെയ്യുന്നു എന്നാവാമെന്ന് തോന്നുന്നു.
തമിഴ്‌നാട് ജില്ലയിലെ ആർക്കോട്ടുള്ള രത്നഗിരിയിലെ പരമേശ്വരിയെയാണ് ഭഗവതിയായി കരുതുന്നത് എന്ന് ലിഖിതത്തിൽ നിന്ന് കരുതേണ്ടിയിരിക്കുന്നു. കാരിക്കോട് ഭഗവതി ക്ഷേത്രത്തിൻ്റെ പുനർനിർമ്മിതിയുടെ കാലത്ത് നടക്കല്ലിൻ്റെ ഭാഗമായിരുന്ന ഈ ലിഖിതം എടുത്തു മാറ്റിയതാണത്രേ.
അങ്കാളമ്മൻ സങ്കല്പത്തിലുള്ള കാളിയെ പ്രതിഷ്ഠിച്ച മറ്റൊരു ക്ഷേത്രം അല്പം പടിഞ്ഞാറുമാറി കാണാവുന്നതാണ്. തമിഴ് വിശ്വകർമ്മസമൂഹമാണ് അവിടെ ഭരണച്ചുമതല. കാരിക്കോട് ക്ഷേത്രത്തിൻ്റെ മുന്നിൽ തന്നെ മറ്റൊരു ഗണപതിക്ഷേത്രവുമുണ്ട്. കുറച്ച് കിഴക്കു മാറിയാണ് പ്രശസ്തമായ നൈനാർ പള്ളി മസ്ജിദ്. വടക്കുംകൂർ രാജാവിൻ്റെ സൈന്യാധിപൻ കൂടിയായിരുന്ന പറക്ക വെട്ടി റാവുത്തർക്കും അനുയായികൾക്കുമായി പതിനാറാം നൂറ്റാണ്ടിൽ രാജാവ് പണിതു കൊടുത്തതാണത്രെ ഈ മുസ്ലിം ആരാധനാലയം.
വടക്കുംകൂറിൻ്റെ കോട്ടയിരുന്ന സ്ഥാനത്തേയ്ക്കാണ് പിന്നീട് പോയത്. കാരിക്കോട് ക്ഷേത്രത്തിൻ്റെ മുന്നിൽ നിന്ന് തെക്കോട്ട് ഇടവെട്ടി റോഡിൽ നടക്കുമ്പോൾ ഒരു തോടിന് കുറുകെ പാലം. പാലം കടന്ന് ലേശം കൂടി നടന്നാൽ ഇടതു വശത്ത് ഉയർന്ന ഭാഗത്തായി നടകൾ കയറിയെത്തിയാൽ ഒരു കാവ്. വടക്കുംകൂർ രാജാവ് അറയിൽ വച്ച് ആചരിച്ചിരുന്ന ഭഗവതിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. സർപ്പക്കാവിൽ നാഗദേവതാപ്രതിഷ്ഠയുമുണ്ട്. കോട്ടയ്ക്കുള്ളിലെ അവശേഷിക്കുന്ന അരയേക്കറോളം സ്ഥലമാണിത്. ഏറെക്കുറെ കാടുപിടിച്ച് കിടക്കുന്നു. ബാക്കി രണ്ടര ഏക്കറോളം പുരയിടം പല കാലങ്ങളിലായി പലരും കയ്യേറി അന്യാധീനപ്പെട്ടിരിക്കുന്നു. അവിടെയെല്ലാം വീടുകളാണ്. ആ ഭാഗത്തായിരുന്നു കോവിലകക്കെട്ടുകൾ ഉണ്ടായിരുന്നത്.
കോട്ടവാതിലിൻ്റെ ചുവടുപടിയായി ഉപയോഗിച്ചിരുന്ന ഭീമാകാരമായ കരിങ്കൽ കട്ടിള കയ്യാലയുടെ ഭാഗമായി മാറിയിക്കുന്നത് ശ്രദ്ധയിൽ പെട്ടു. കൂടാതെ മറ്റു രണ്ടു ഭീമൻ ശിലാഖണ്ഡങ്ങളുടെ തുമ്പുകൾ കൂടി ഇതിനടുത്ത് കണ്ടു. കോട്ട കെട്ടിയിരുന്ന കരിങ്കൽ കട്ടകളും കയ്യാലയുടെ ഭാഗമായി കാണാനായി. തൊടുപുഴയാറ്റിലേക്ക് ഒഴുകിച്ചേരുന്ന കോട്ടത്തോട് കിടങ്ങു പോലെ മൂന്നു വശങ്ങളിലും കോട്ടയെ ചുറ്റിയാണ് ഒഴുകുന്നത്.
വടക്കുംകൂറിൻ്റെ ഈ കോട്ടയും കോവിലകവും AD 1752 ൽ തിരുവിതാംകൂറിൻ്റെ ആക്രമണകാലത്ത് രാമയ്യൻ ദളവയും സൈന്യവും തകർക്കുകയും കോവിലകം ചുട്ട് ചാമ്പലാക്കുകയും ചെയ്തു. എന്നാൽ വടക്കുംകൂർ രാജാവ് കോട്ടയ്ക്ക് തീയിട്ട ശേഷം ഓടി രക്ഷപ്പെട്ടു എന്നാണ് പിൽക്കാലത്ത് ഭരണാധികാരികളായ തിരുവിതാംകൂർ പ്രതിനിധികൾ പ്രചരിപ്പിച്ചത്. തൊടുപുഴയിലെ ചിലരെങ്കിലും ഈ വിശ്വാസം വച്ചു പുലർത്തുന്നവരുമാണ്. കോട്ട കത്തിച്ചതിൻ്റെ സ്മരണയുണർത്തുന്ന ഒരു പ്രത്യേക ചടങ്ങ് കാരിക്കോട് ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ നടന്നുവരുന്നു. കോട്ടയുടെ മാതൃക തടിയിലുണ്ടാക്കി വച്ച് പ്രത്യേക ചടങ്ങുകളുടെ അകമ്പടിയോടെ കത്തിക്കുന്ന ചടങ്ങാണിത്.
കിഴ്‌മലൈനാടിൻ്റെയും വടക്കുംകൂറിൻ്റെയും സുവർണകാലത്തിൻ്റെ പ്രൗഡി കാരിക്കോട്ടെ ചരിത്ര പൈതൃകസമ്പന്നതയിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. കീഴ്മലനാടും വടക്കുംകൂറും തെക്കുംകൂറും പഴയ വെമ്പലനാട്ടു രാജവംശക്കാരായ മണികണ്ഠന്മാർ തന്നെയായിരുന്നു. ഭരണസൗകര്യത്തിനായി കീഴ്മലനാട് ഒമ്പതാം നൂറ്റാണ്ടിൽ സ്വയം ഭരണാധികാരം നേടി. കാരിക്കോടിന് കിഴക്ക് കൊതകുത്തിയിലായിരുന്നു കീഴ്മലനാട്ടു രാജാവിൻ്റെ കോവിലകം. AD 1252 കീഴ്മലനാടിൻ്റെ കിഴക്കൻ ഭാഗങ്ങൾ ( ഇന്നത്തെ ഇടുക്കി ജില്ലയുടെ വടക്കൻ ഭാഗങ്ങൾ ) പൂഞ്ഞാർ രാജവംശത്തിലെ മാനവിക്രമന്, കീഴ്മലനാട്ടിലെ കോതവർമ്മ രാജാവ് വിറ്റതാണ്. അങ്ങനെയാണ് കണ്ണൻമലയൊക്കെ പൂഞ്ഞാറിൻ്റെ കൈവശമായത്. ഈ കോതവർമ്മയാണ് കോതമംഗലം എന്ന സ്ഥലനാമത്തിന് കാരണക്കാരനായത്. തൊടുപുഴ കൂടാതെ കോതമംഗലത്ത് തൃക്കാരിയൂരും മൂവാറ്റുപുഴയിലും കീഴ്മലനാടിന് ആസ്ഥാനങ്ങളുണ്ടായിരുന്നു.
കിഴ്മലനാട്ടു രാജാവിൻ്റെ കീഴിൽ ഭരണനിർവഹണത്തിനായി തമിഴ് വംശജരായ കോയിയന്മാരും മലയരയന്മാരും ഉണ്ടായിരുന്നുവത്രേ. ഇവർ ചേർന്ന് രാജാവിനെ അട്ടിമറിക്കുമെന്ന് ബോധ്യപ്പെട്ടപ്പോൾ രാജാവ് ഇക്കൂട്ടരെ മലകളിലേക്ക് ആട്ടിപ്പായിച്ചതെന്ന് ചിലർ കരുതുന്നു. ചോറ്റി കേന്ദ്രീകരിച്ച് ആധിപത്യം തുടർന്ന ഇക്കൂട്ടരെ പതിനഞ്ചാം നൂറ്റാണ്ടിൽ തെക്കുംകൂർ രാജാവ് അമ്പഴത്തുങ്കൽ കർത്താക്കൻമാരുടെ സഹായത്തോടെ തെക്കോട്ട് തുരത്തിയോടിച്ചതായും പമ്പാതീരത്ത് അയിരൂരിൽ ശേഷിച്ചവർ വാസമുറപ്പിച്ചതായും വാമൊഴി ചരിത്രങ്ങൾ.
തുടർന്ന് കീഴ്മലനാട്ട് രാജാവ് തെങ്കാശിയിൽനിന്ന് ശൈവ വെള്ളാളരെ ക്ഷണിച്ചുവരുത്തി ഭരണസ്ഥാനങ്ങളിൽ അവരോധിച്ചുവെന്നും ഇതോടെ തൊടുപുഴയിലെ വ്യാപാരരംഗത്ത് വെള്ളാളർ മേൽക്കൈ നേടിയെന്നും അറിയാൻ കഴിയുന്നു. തമിഴ് പാരമ്പര്യം നിലനിർത്തുന്ന അണ്ണാമലനാഥർ ക്ഷേത്രത്തിൻ്റെ ഭരണച്ചുമതല ഇങ്ങനെയാവാം വെള്ളാളരുടെ കൈകളിലെത്തിച്ചേർന്നത്.
കീഴ്മലനാട്ടു രാജാവിനെ പോർച്ചുഗീസ് രേഖകളിൽ തൊടുബുള രാജാവ് (King of Todubule) എന്നാണ് പരാമർശിച്ചിരിക്കുന്നത്. ഏറെ കുരുമുളക് വിളയുന്നതിനാൽ തൊടുപുഴയങ്ങാടിയിലെ വാണിജ്യത്തിൽ പറങ്കികൾക്ക് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. കൊച്ചിയിൽ നിന്ന് മധുരയിലേക്ക് പോകാനായി പറങ്കികൾ ഉപയോഗിച്ചിരുന്ന പരമ്പരാഗതപാത തൊടുപുഴ കടന്നായിരുന്നു. കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, ഉടുമ്പന്നൂർ, കീഴ്പെരിയാർ, വണ്ടിപ്പെരിയാർ, കമ്പം മേട് കടന്ന് മധുരയിലേയ്ക്കുള്ള പാതയും പെരിഞ്ചാങ്കുട്ടിയും കടന്ന് തേവാരത്തേയ്ക്കുള്ള പാതയും അത്തരത്തിൽ വാണിജ്യ പ്രാധാന്യമുള്ളവയായിരുന്നു.
AD 1578 ലാണ് കാരിക്കോട് ക്ഷേത്രം സ്ഥാപിതമായതെന്നു കരുതപ്പെടുന്നു. AD 1548 മുതൽ 1552 വരെ കൊച്ചിയും വടക്കുംകൂറും തമ്മിലുണ്ടായ പ്രസിദ്ധമായ വടുതല (ചേർത്തല) യുദ്ധത്തിൽ വടക്കുംകൂർ രാജകുടുംബത്തിലെ മുഴുവൻ പുരുഷപ്രജകളും കൊല്ലപ്പെട്ടു. പ്രായമായ ഒരു റാണിയാണ് പിന്നീട് ഭരിച്ചത്. AD1600ൽ കീഴ്മലനാട്ടിലെ രാജാവിനെ വടക്കുംകൂറിലേയ്ക്ക് ദത്തെടുത്തു. അതോടെ വടക്കുംകൂറിൻ്റെ പ്രധാന ആസ്ഥാനം കാരിക്കോടായി മാറി. അക്കാലത്താണ് കാരിക്കോട് കോട്ട നിർമ്മിച്ചത് എന്നു കരുതാവുന്നതാണ്.
മാർത്താണ്ഡവർമ്മയുടെ ആക്രമണകാലത്ത് കോഴിക്കോട്ട് അഭയം നേടിയ വടക്കുംകൂർ രാജവംശത്തിലെ കാരിക്കോട് ശാഖക്കാർ പിൽക്കാലത്ത് കടനാട്ടിലും കടുത്തുരുത്തി ശാഖക്കാർ വൈക്കത്തുമാണ് സ്ഥാനമുറപ്പിച്ചത്. അവിടങ്ങളിൽ ഇപ്പോൾ അവരുടെ പിന്മുറക്കാരുമുണ്ട്.
കാരിക്കോട്ടു നിന്ന് തിരിച്ച് തൃക്കാരിയൂർ ശിവക്ഷേത്രം, കല്ലിൽ ഗുഹാക്ഷേത്രം എന്നിവ കൂടി സന്ദർശിച്ചാണ് മടക്കയാത്ര ഉണ്ടായത്.
മടങ്ങുമ്പോഴും പിടികിട്ടാത്ത ചില സമസ്യകൾ ചിന്തയെ അലട്ടിക്കൊണ്ടിരുന്നു. അതു അണ്ണാമലനാഥർ ക്ഷേത്രത്തിൻ്റെ സ്ഥാപനചരിത്രത്തെ ചുറ്റിപ്പറ്റി തന്നെയായിരുന്നു. വ്യക്തത വരുത്തേണ്ട ഊഹാപോഹങ്ങളാണ് അതിൽ പലതും.
സംഘകാലത്തോളം പഴക്കമുള്ള മലയമാൻ രാജവംശത്തിൻ്റെ അധീനതയിലായിരുന്നു തിരുവണ്ണാമലയുൾപ്പെടുന്ന ആർക്കോട് പ്രദേശം. തിരുക്കോയിലൂർ ആയിരുന്നു മലയമാൻ രാജവംശത്തിൻ്റെ ആസ്ഥാനം. ബാണന്മാർ എന്ന പേരിൽ ആന്ധ്ര മുതൽ കേരളം വരെയും പ്രശസ്തരായത് ഇവരാകാം. കോവലർ, കോവലരയർ, മലയരയർ എന്ന അപരനാമങ്ങളിൽ മലയമാൻ രാജാക്കന്മാരുടെ ശിലാശാസനങ്ങൾ ഏറെയുണ്ട്. പല്ലവൻമാരുടെയും പിൽക്കാലത്ത് ചോളന്മാരുടെ മേൽക്കോയ്മ ഇവരുടെ മേലുണ്ടായി.
കേരളത്തിൽ ചോളന്മാർ മേൽക്കോയ്മ സ്ഥാപിച്ചതോടെ ചോള സാമന്തന്മാരായി ഇവർ ഏലം വിളയുന്ന ഈ മലയോരമേഖലയിൽ നിയോഗിക്കപ്പെട്ടിരിക്കാം. കേരളത്തിലെ തദ്ദേശീയ നാട്ടുരാജവംശങ്ങളോട് ഏറ്റുമുട്ടി നൂറ്റാണ്ടുകളോളം ഇവർ ആധിപത്യം നിലനിർത്തിയിരിക്കാം. വടക്കുംകൂർ-തെക്കുംകൂർ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന കോവിലന്മാർ, കോയി യന്മാർ, കോയിക്കന്മാർ എന്നൊക്കെ പരാമർശിക്കുന്ന കഥാപാത്രങ്ങളുടെ വേരുകൾ ഇവരിലേക്ക് നീളുന്നതാണോ എന്നും പരിശോധിക്കേണ്ടതാണ്. എന്തായാലും അധികാരത്തിൽ നിന്ന് ഏതോ കാലത്ത് നിഷ്കാസിതരായ ഒരു ഭരണവർഗ്ഗത്തിൻ്റെയും അവരുടെ കൂടെയെത്തിയ വലിയൊരു ജനവിഭാഗത്തിൻ്റെയും പിൽക്കാല ചരിത്രം ദുരൂഹതകൾ നിറഞ്ഞതാണ്.
കാഞ്ഞിരപ്പള്ളിയിലെ മധുരമീനാക്ഷി ക്ഷേത്രത്തിൽ കാണുന്ന ശിലാലിഖിതത്തിൽ പരാമർശിക്കുന്ന "സമരകോലാഹലൻ മാവേലിവാണാദിരായർ" മധുര സുൽത്താൻമാർക്കു ശേഷം അധികാരം കൈയ്യടക്കുകയും രാമനാട് മുതൽ കേരളത്തിലെ മലനാട് വരെയും സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്ത ഒരു ബാണരാജാവാണ്. വളരെ ഹൃസ്വകാലത്താണ് ഈ ഭരണം നിലനിന്നത്. അതിനാൽ തന്നെ ദക്ഷിണേന്ത്യയുടെ മുഖ്യധാരാ ചരിത്രകാരന്മാരുടെ ശ്രദ്ധയിൽ പെടാതെ പോയ ഒന്നാണ് ഈ കാലഘട്ടം.
പോർച്ചുഗീസ് നിർമ്മിത ഭൂപടങ്ങളിൽ മലീൻസ് എന്ന് അടയാളപ്പെടുത്തിയ ഭൂപ്രദേശമാണ് ഈ അധിനിവേശ രാജ്യമെന്ന് കരുതേണ്ടിയിരിക്കുന്നു. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഗോത്രജനതയായ മലയരയന്മാർ ആചാരനുഷ്ഠാനങ്ങൾ കൊണ്ടും വംശപരമായ തനിമ കൊണ്ടും പ്രോട്ടോ ആസ്ട്രലോയിഡ് / നെഗ്രിറ്റോയ്ഡ് സ്വഭാവങ്ങളുള്ള മറ്റു ആദിവാസികളിൽ വ്യത്യസ്തരാണ്. ദ്രാവിഡ ഗോത്രസംസ്കാരമാണ് വൈദ്യവും മന്ത്രവാദവുമൊക്കെ പരമ്പരാഗതമായി തുടർന്നുവരുന്ന മലയരയന്മാരുടെ പൈതൃകത്തിന് ആധാരമായിട്ടുള്ളത്. അടുത്ത കാലത്ത് കണ്ടെടുത്ത മലയാളത്തിലെ പ്രാചീന കൃതിയായ "തിരുനിഴൽമാല"യിൽ ആറന്മുള ക്ഷേത്രത്തിൽ ബലിയും മറ്റു ചില അനുഷ്ഠാനങ്ങളും നടത്തുന്നത് മലയന്മാരാണ്. ആ ജനവിഭാഗം അതേ പേരിൽ ഇന്ന് വടക്കേ മലബാറിലാണുള്ളത്. മലയരയന്മാരുടെയും മലയന്മാരുടെയും പൂർവ്വ ചരിത്രം ഒരിടത്തേക്ക് എത്തുന്നുണ്ടോ? കോയിൻമാർ ഇവരിൽ നിന്ന് വേറിട്ട് നിന്ന മറ്റൊരു സമൂഹമാണോ? ഇവർക്കൊക്കെയും ബാണന്മാരുമായി എന്താണ് ബന്ധം?
കോയിയന്മാരും മലയരയന്മാരും ഈ മലമേടുകളിൽ മുൻകാലങ്ങളിൽ ഒന്നിച്ച് അധിവസിച്ചിരുന്നു എന്നതിൽനിന്ന് അധികാരസ്ഥാനങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെട്ട ഇവർ സുരക്ഷിതസ്ഥാനങ്ങളായി മലമടക്കുകൾ തെരഞ്ഞെടുത്ത് നൂറ്റാണ്ടുകളോളം ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. കോയിയന്മാരുടെ പിന്മുറക്കാരിൽ ചിലരെങ്കിലും അയിരൂരിൽ ഉണ്ടാവാം. ഒരു പക്ഷേ അവരിൽ നിന്ന് ചരിത്രത്തിലേയ്ക്കുള്ള കണ്ണി കണ്ടെത്താനാവുമായിരിക്കും.
പള്ളിക്കോണം രാജീവ്





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ