കുട്ടിക്കാനം - പേരിന്റെ ചരിത്രം
ഇടുക്കി ജില്ലയിലെ ഒരു മനോഹരമായ വിനോദസഞ്ചാര കേന്ദ്രം ആണ് കുട്ടിക്കാനം.
എന്നാല് "കുട്ടിക്കാനം" എന്ന പേരിന്റെ അർത്ഥം വളരെ കൗതുകകരമാണ്.
കടലൂർ രാമചന്ദ്ര അയ്യരുടെ മാനുവൽ ഓഫ് മലബാർ ലോ എന്ന ഗ്രന്ഥത്തിൽ പറയുന്നത് പ്രകാരം "കുട്ടിക്കാനം" എന്നാല് പാട്ടക്കാരൻ താൻ പാട്ടം എടുത്തിരിക്കുന്ന വന ഭൂമിയിൽ നിന്ന് മുറിക്കുന്ന ഓരോ മരത്തിനും സ്ഥലം ഉടമയ്ക്ക് - അത് സർക്കാര് ആവാം അല്ലെങ്കിൽ ജന്മി ആകാം - നൽകേണ്ട വിഹിതം ആണ് എന്നാണ്.
പണ്ട് കാലങ്ങളിൽ രാജാക്കന്മാരും ജന്മിമാരുടെ തങ്ങളുടെ കീഴിൽ ഉള്ള നോക്കെത്താ ദൂരത്തോളം ഉള്ള വണ ഭൂമികൾ ബ്രിട്ടീഷ് കമ്പനികൾക്ക് തേയില, കാപ്പി, ഏലം തോട്ടങ്ങൾ നടത്താൻ പാട്ടത്തിന് നൽകുന്ന പതിവ് ഉണ്ടായിരുന്നു. ആ വനഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയാണ് അവർ കൃഷി ഇറക്കുക. ഇങ്ങനെ പാട്ട ക്കാരൻ മരം മുറിച്ച് വിൽക്കുമ്പോൾ മുറിക്കുന്ന ഓരോ മരത്തിനും സ്ഥലം ഉടമയ്ക്ക് കൊടുക്കേണ്ട വിഹിതം ആണ് "കുട്ടിക്കാനം" എന്ന് പറയുന്നത്. 1916 ലേ ലാൻഡ് റവന്യൂ മാനുവലിൽ ഈ പദത്തിന് തത്തുല്യമായ ആംഗലേയ പദമായി ചേർത്തിരിക്കുന്നത് "Seigniorage" എന്നാണ്.
ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു വിലും ഇതേ അർഥം ആണ് കൊടുത്തിരിക്കുന്നത്.
ഇന്നത്തെ കുട്ടിക്കാനം ഉൾപ്പെട്ട പ്രദേശങ്ങൾ തിരുവിതാംകൂർ രാജവംശം ബ്രിട്ടീഷ്കാർക്ക് ഈ വ്യവസ്ഥയിൽ തോട്ടം വ്യവസായത്തിന്റെ വിട്ടു നൽകിയതിനാൽ ആണ് കുട്ടിക്കാനത്തിന് ആ പേര് പതിയാൻ ഇടയായത്. തിരുവിതാംകൂർ ദിവാൻ ആയിരുന്ന കേണൽ മൺറോ ആണ് ഇടുക്കിയിലെ തോട്ടം വ്യവസായത്തിന്റെ ശില്പി. ഇവിടുത്തെ ആദ്യത്തെ എസ്റ്റേറ്റ് ഇന്ന് ബേതെൽ പ്ലാന്റേഷന്‌സ് ആയി മാറിയ പഴയ ഹോപ്പ് പ്ലാന്റേഷൻ ആയിരുന്നു. 1820 കളിൽ ആണ് ഇത് സ്ഥാപിതമായത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ