2020 ഓഗസ്റ്റ് 19, ബുധനാഴ്‌ച

കൊച്ചിരാജ്യചരിത്രം: വില്ലാർവട്ടം രാജവംശം

 

കൊച്ചിരാജ്യചരിത്രം:
(2)വില്ലാർവട്ടം രാജവംശം : കൂടുതൽ തെളിവുകൾ .
കൊച്ചി രാജവംശത്തിന്റെ സാമന്തമായി വില്ലാർവട്ടം എന്നൊരു സ്വരൂപം ഉണ്ടായിരുന്നു എന്നും, അതൊരു ക്രിസ്ത്യൻ രാജവംശ മായിരുന്നു എന്നും കാണിക്കുന്ന വിശ്വസനീയമായ രേഖകളും ശക്തമായ പാരമ്പര്യവുമുണ്ട്. സ്വദേശീയരും വിദേശീയരുമായ പല ചരിത്രകാരന്മാരും ഈ വിഷയം പരാമർശ വിഷയമാക്കുന്നുണ്ട്.
വിദേശ ചരിത്രകാരന്മാരായ അസ്സേമാൻ, ബി.എം. റേ, ഫ്രാൻസിസ് ഡേ, ജോർഡാനൂസ്, ഗുവേയ തുടങ്ങിയവരും കേരളീയ ചരിത്രകാരന്മാരായ കെ.പി .പത്മനാഭ മേനോണ്‍,എം.ശങ്കര മേനോൻ, എൽ.കെ.അനന്തകൃഷ്ണ അയ്യർ, പി. ശങ്കുണ്ണി മേനോൻ, ബർനാർഡു തോമ്മ, പ്ലാസിഡ് പൊടിപാറ, എം .ഒ .ജോസഫ്‌ നെടുങ്കുന്നം, പി. തോമസ്‌ മുതലായവരും, തിരുവിതാംകൂർ, കൊച്ചി എന്നീ സ്റ്റേറ്റ് മാന്വൽ രചിതാക്കളായ മെക്കൻസി, സി. അച്യുത മേനോൻ എന്നിവരും കേരളത്തിലെ ഈ പുരാതന രാജ വംശത്തെപ്പറ്റി, പ്രമാണ സഹിതം, വിവരിക്കുന്നുണ്ട്.
പ്രശസ്തരും ആദ്യകാല കേരളീയ ചരിത്രകാരന്മാരുമായ കെ . പി .പത്മനാഭ മേനോനും സി.അച്യുത മേനോനും, വില്ലാർവട്ടം രാജാവിന്റെ അസ്തിത്വത്തെ പറ്റി അസ്ന്നിഗ്ധമായി സമ്മതിക്കുന്നുണ്ടെങ്കിലും, ആ രാജാവ് ക്രിസ്തു മതാവലംബി അല്ലായിരുന്നു എന്നുള്ള ധ്വനി തങ്ങളുടെ പ്രസ്താവങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ, ആ പുരാതന രാജ വംശം ക്രൈസ്തവമാണെന്നുള്ളതിനു മതിയായ തെളിവുകൾ -- പ്രത്യക്ഷ തെളിവുകളും സാഹചര്യ തെളിവുകളും -- കേരള ചരിത്രത്തിലും നസ്രാണി പാരമ്പര്യത്തിലും കാണാൻ കഴിയും.
1) വാസ്കോ ഡി ഗാമയ്ക്കു കൊടുത്ത നിവേദനം:
പോർച്ചുഗീസ്‌ നാവികനായ വാസ്കോ ഡി ഗാമ, 1502 -ൽ രണ്ടാം പ്രാവശ്യം കൊച്ചിയിൽ വന്നപ്പോൾ, കൊടുങ്ങല്ലൂരിലെ നസ്രാണികൾ, അദേഹത്തെ സന്ദർശിച്ച്, അവരുടെ രാജ്യോൽപ്പത്തി യെയും അധപതനത്തെയും സംബന്ധിച്ചു ചെയ്ത പ്രസ്താവന ഈ സത്യം വെളിപ്പെടുത്തുന്നു.
ഗുണ്ടർട്ടിന്റെ 'കേരളപ്പഴമ'യിലെ വിവരണം ആദ്യം ഉദ്ധരിക്കാം ." ഞങ്ങൾ എല്ലാവരും നിങ്ങളുടെ വരവുകൊണ്ട് വളരെ സന്തോഷിച്ചിരിക്കുന്നു. പണ്ട് ഈ രാജ്യത്തെ ഞങ്ങളുടെ വംശത്തിൽ ഒരു തമ്പുരാൻ ( രാജാവ് ) ഉണ്ടായിരുന്നു.അവനു പുരാണ പെരുമാക്കന്മാർ കൊടുത്ത ചെങ്കോലും രാജ്യ പത്രികയും ഇതാ നിങ്ങൾക്കു തരുന്നു.30,000 പേരോളം ഞങ്ങൾ എല്ലാവരും ഒന്നിച്ചിരിക്കുന്നു.ഇനി പോർത്തുഗൽ രാജാവിന് ഞങ്ങളിൽ മേൽക്കോയ്മ ഉണ്ടായിരിക്കെ, അവന്റെ നാമം ചൊല്ലി അല്ലാതെ ഇനി ഒരു കുറ്റക്കാരനെയും ഞങ്ങൾ വിധിക്കുകയില്ല." എന്നുപറഞ്ഞ് ആധാരവും ആ ദെണ്‍ഡും കൊടുത്തു.അതു ചുവന്നും രണ്ടു വെള്ളിവളകളും, ഒരുവളയിൽ മൂന്നു വെള്ളിമണികളും ഉള്ളതും ആകുന്നു. തോമ്മ ശ്മശാനം ( മൈലാപ്പൂർ ),സിംഹളദ്വീപ്, മുതലായ യാത്രാ സ്ഥലങ്ങളെ കുറിച്ച് വളരെ വിശേഷങ്ങളെ അറിയിച്ചു..... " നിങ്ങളെ സകല ശത്രുക്കളുടെ കയ്യിൽ നിന്നും, വിശേഷാൽ, മുസൽമാൻമാരുടെ കയ്യിൽനിന്നും ഉദ്ധരിക്കേണ്ടതിനു ദൈവം മേലാൽ സംഗതി വരുത്തും ",എന്നരുളി ഗാമ അവർക്കു സമ്മാനങ്ങളെ കൊടുത്തു വിട്ടയയ്ക്കുകയും ചെയ്തു." 23.
ഇംഗ്ലീഷ്ചരിത്രകാരനായ ജെയിംസ്‌ ഹൗഘ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു : " ചെങ്കോലും രാജ പത്രികയും ഞങ്ങളുടെ രാജാവിന് പുരാതന പെരുമാക്കന്മാരാൽ നൽകപ്പെട്ടതാണ്‌ ; ആ രാജാവ് അന്തരിച്ചിട്ട് വളരെ കാലമായിട്ടില്ല.അദ്ദേഹത്തിന്റെ രാജ്യം പെരുമ്പടപ്പ് സ്വരൂപത്തിലേക്ക് ഒതുക്കിയിരിക്കുന്നു........എന്നിങ്ങനെ ഗാമയോട് ഉണർത്തിച്ചു. ഗാമയാകട്ടെ അതുകേട്ടു സന്തോഷിച്ച് , കപ്പലിലെ കൊടികളെല്ലാംഉയർത്തി.പീരങ്കികൾ ധ്വനിപ്പിക്കുകയും കപ്പൽ സന്നാഹത്തിന്റെ അകമ്പടിയോടുകൂടി പോർച്ചുഗൽ രാജാവിന്റെ നാമത്തിൽ അവ സ്വീകരിക്കുകയും ചെയ്തു." 24.പോർച്ചുഗീസ് ഗ്രന്ഥകാരനായ ഗുവേയയും കൊച്ചിരാജ്യത്തിൽ ലയിച്ച ബലിയാർട്ടെ ( വില്ലാർവട്ടം ), എന്ന ക്രിസ്ത്യൻ രാജവംശത്തെപ്പറ്റി, ഏതാണ്ട് ഇതേ തരത്തിലുള്ള വിവരങ്ങലാണ് നല്കുന്നത്.25.
2) ഉദയംപേരൂർ പള്ളിയിലെ ജീവിക്കുന്ന ശിലാ ലിഖിതം
ഈ പരമ്പരയുടെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, വില്ലാർവട്ടം രാജാക്കന്മാർ ക്ഷത്രിയർ ആയിരുന്നെന്നും ഒടുവിലത്തെ രാജാവ് ക്രിസ്തു മതത്തിൽ ചേർന്നതിനാൽ കൊച്ചി രാജാവ് അദ്ദേഹത്തെ സ്ഥാന ഭ്രുഷ്ട്ടനാക്കുകയും, ചേന്നമംഗലത്തെ ഈ രാജാവിന്റെ വകയായിരുന്ന സ്ഥലങ്ങൾ പാലിയത്തുകാർക്ക് ഒതുക്കിയെന്നും, ഭ്റുഷ്ടരാജാവ് ഉദയംപേരൂരിൽ പോയി വില്ലാർവട്ടം പുനസ്ഥാപിച്ചു എന്നും പ്രശസ്ത ചരിത്രകാരന്മാരായ അനന്തകൃഷ്ണ അയ്യർ, പുത്തേഴത്തു രാമ മേനോൻ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്നിവരടക്കമുള്ള പലരും തങ്ങളുടെ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.25.
ഈ ഭാഷ്യങ്ങളോട് കിടപിടിക്കുന്നതാണ് വില്ലാർവട്ടം സ്വരൂപത്തെ കുറിച്ചുള്ള സുറിയാനി ക്രിസ്ത്യാനികളുടെ, തലമുറകളായി കൈമാറുന്ന, വിശ്വാസവും. അതനുസരിച്ച്, ഉദയമ്പേരൂർ (സൂനഹദോസ്) പള്ളി A.D.510 - ൽ വില്ലാർവട്ടം രാജാവ് പണികഴിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ട്ടം ഉദയംപേരൂർ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിനെ ശരിവയ്ക്കുന്ന ഏതാനും ലിഖിതങ്ങൾ ഉദയംപേരൂർ പള്ളിയിലുണ്ട്.
" ചേന്ദോങ്ങലത്തു പാർത്ത വില്ലാർവട്ടം തോമ്മാ രാചാവു നാടു നീങ്ങി 1500 കു ൨ ." എന്നു രേഖപ്പെടുത്തിയിട്ടുള്ള പള്ളിയിലെ സ്മാരക ശില, വില്ലാർവട്ടം തോമ്മാ രാജാവിന്റെതാണെന്നത് സുവിദിതമാണ്. വളരെ ചരിത്ര പ്രാധാന്യമുള്ള ഈ ലിഖിതത്തിലെ വട്ടെഴുത്തു ലിപിക്കും ഭാഷക്കും, ആദ്യകാല രൂപത്തിൽ നിന്നും 17,18, ശതകങ്ങളിൽ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റം സ്പഷ്ട്ടമാണെന്ന് ഡച്ച് ചരിത്രകാരനായ ഗല്ലറ്റീ പ്രസ്താവിക്കുന്നുണ്ട്.26.
3) ക്രൈസ്തവ രാജാവിനെപ്പറ്റി ലോക സഞ്ചാരികളും മറ്റും
ഒമ്പതാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഒരു അറേബ്യൻ ലോക സഞ്ചാരി കൊടുങ്ങല്ലൂരിനടുത്ത് ഒരു ക്രിസ്ത്യൻ രാജാവ് (Christian Emir) ഉള്ളതായി പരാമർശിക്കുന്നുണ്ട്.27.
പാശ്ചാത്യ ലോക സഞ്ചാരികളായ മാർക്കോ പോളോയും ജോർദാനൂസ് എന്ന മെത്രാനും ഈ രാജാവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. 1295 - ൽ മലബാർ സന്ദർശിച്ച മാർക്കോ പോളോ എന്ന വെനീഷ്യൻ സഞ്ചാരി, തന്റെ 'ക്രിസ്ത്യൻ ടോപ്പോഗ്രാഫി' എന്ന ഗ്രന്ഥത്തിൽ ഇവിടത്തെ സിറിയൻ ക്രിസ്ത്യാനികളെയും തോമ്മാ ശ്ലീഹായുടെ ഇന്ത്യയിലെ രക്തസാക്ഷിത്വത്തെ സംബന്ധിച്ച പാരമ്പര്യങ്ങളെ കുറിച്ചും പരാമർശിക്കുന്നുണ്ട്.
"പള്ളികളുടെ ഭരണം നടത്തുന്ന ക്രിസ്ത്യാനികൾക്ക് തങ്ങളുടെ ദൈനംദിന ആവശ്യത്തിനു വേണ്ട വിഭവങ്ങൾ ലഭ്യമാകത്തക്ക വിധം സ്വന്തമായ തോട്ടങ്ങളും വിളകളും ഉണ്ട്. അവയിൽ നിന്നു കിട്ടുന്ന 'അനുഭവങ്ങളിൽ' നിന്ന് പ്രതി മാസവിഹിതം അവരുടെ 'രാജ സഹോദരന്' നികുതിയായി കൊടുക്കുന്നു."28. ഈ പരാമർശങ്ങളിൽ നിന്നും വ്യക്തമാകുന്നത് മാർക്കോ പോളോ ഇന്ത്യയിൽ വന്ന കാലത്ത് ക്രിസ്ത്യാനികൾക്ക് സ്വന്തമായി ഒരു രാജാവുണ്ടായിരുന്നു എന്നും, അദ്ദേഹത്തിന് സമസ്ത ക്രിസ്ത്യാനികളും നികുതി കൊടുത്തിരുന്നു എന്നുമാണ്. രാജ സഹോദരൻ (royal brother) എന്നുപറയുന്നതിന്റെ സാരം, അദ്ദേഹം സ്വന്തം ജാതി യിൽപ്പെട്ട ആളാണെന്നതുമാണ്.

4) പോപ്പിന്റെ സന്ദേശങ്ങൾ :
ഇത്തരത്തിലുള്ള ഒരു രാജവംശം നിലനിൽക്കുന്നു എന്ന ഖ്യാതിയാണ് , പോപ്പ് യുജീൻ നാലാമൻ,1439-ൽ ക്രിസ്ത്യൻ രാജാവിനായി, താഴെപറയുന്ന സന്ദേശം കൊടുത്തയക്കാൻ കാരണമായത്‌ :
" ഭാരതീയരുടെ ചക്രവർത്തിയും മിശിഹായിൽ നമ്മുടെ സ്നിഗ്ദ്ധ പുത്രനുമായ തോമ്മാ രാജാവിന് സ്വസ്തിയും ആശിർവാദവും. നിങ്ങളും നിങ്ങളുടെ രാജ്യത്തെ പ്രജകളും സത്യക്രിസ്ത്യാനികൾ ആണെന്നുള്ള അറിവ് നമ്മുടെ സമക്ഷം എത്തിയിട്ടുണ്ട്” 29.
നസ്രാണി രാജാവിനെ കുറിച്ച് അടുത്ത പരാമർശം നടത്തുന്നത് പറങ്കികൾക്കു മുമ്പ് ഇന്ത്യയിൽവന്ന, ലത്തീൻ (ഡൊമിനിക്കൻ) മിഷനറി ബിഷപ്പായ ജോർഡാനൂസാണ്.പോപ്പ് ജോണ്‍ പന്ത്രണ്ടാമൻ അവിഞ്ഞോണിൽ വച്ച് (അക്കാലത്തു റോമ്മാ സിംഹാസനം, അഭ്യന്തര യുദ്ധം നിമിത്തം, കുറേ വർഷങ്ങൾ, ഫ്രാൻസിലെ അവിഞ്ഞോണിലാണ് പ്രവർത്തിച്ചിരുന്നത്), കൊല്ലത്തെ ലത്തീൻ (കത്തോലിക്ക) രൂപതയുടെ മെത്രാനായി നിയമിച്ച്‌, 1330 - ൽ ഇന്ത്യയിലേക്കയച്ച അദ്ദേഹം, മാർപ്പാപ്പയിൽ നിന്ന് രണ്ടു കത്തുകൾ കൊണ്ടുവന്നിരുന്നു. അവയിലൊന്ന് കൊല്ലത്തെ നസ്രാണി-ക്രിസ്ത്യാനികളുടെ തലവനായ രാജാവിനുള്ളതായിരുന്നു. ആ കത്തിന്റെ ആരംഭം ഇങ്ങനെയാണ്:
"നസ്രാണികളുടെ അധിപതിയായ രാജാവിന്റെയും അദ്ധേഹത്തിന്റെ കീഴിൽ കൊല്ലത്തുള്ള സകല നസ്രാണികളുടെയും സംരക്ഷണത്തിനായി മെത്രാൻ പദവിയിലേക്ക് നമ്മാൽ ഉയരത്തപ്പെട്ടവനും, ഡൊമിനിക്കൻ സന്ന്യാസിയും വന്ദ്യ സഹോദരനും മെത്രാനുമായ ജോർഡാൻ കത്തലാനിയെ നാം ഭരമേൽപ്പിക്കുന്നു." ഇതേപ്പറ്റി പ്രശസ്ത സഭാചരിത്രകാരനായ ബർനാർദ് തോമ്മാ പറയുന്നത് ഇപ്രകാരമാണ് :
പതിനാലാം നൂറ്റാണ്ടിൽ സിംഹാസനാരൂഡനായിരുന്ന ക്രിസ്ത്യൻ രാജാവിനെ ജോർഡാനൂസ് സന്ദർശിക്കുകയും ആ വിവരം പോപ്പ് ജോണ്‍ പന്ത്രണ്ടാമനെ അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു മാർപ്പാപ്പ രാജാവിനു കൈമാറാനായി മേൽപ്പറഞ്ഞ കത്ത് കൊടുത്തയച്ചത്‌. തിരുവെഴുത്തിലെ താൽപ്പര്യ പ്രകാരം രാജാവ് അദ്ദേഹത്തിനു വേണ്ട സഹായം നൽകുകയുണ്ടായി.30.
(ജോർദാനൂസ് കൊല്ലത്തു വരുമ്പോൾ , തോമ്മാ ശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്നതും ബാബിലോണിലെ പൌരസ്ത്യ (കൽദായ സുറിയാനി ) പാത്രിയർക്കേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നതുമായ ക്രിസ്ത്യാനി കളെയാണ് അവിടെ കണ്ടത്. അവർക്ക് റോമൻ സഭയുമായി, നേരിട്ടു ബന്ധമില്ലായിരുന്നു.).
5) സാഹചര്യ തെളിവുകൾ :
രാജവംശം അന്യം നിൽക്കുകയും രാജ്യം പെരുമ്പടപ്പ്‌ സ്വരൂപത്തിൽ ( കൊച്ചി), ഒതുങ്ങുകയും ചെയ്തപ്പോൾ, പെരുമ്പടപ്പു രാജാവ് തന്റെ ശക്തിയിൽ പെട്ടിടത്തോളം അവരുടെ സാമുദായിക - രാജകീയ അവകാശങ്ങളെ ആദരിക്കുകയും അവരെ പരിപാലിക്കുകയും ചെയ്തിരുന്നു.ഇക്കാരണത്താലാണ് അങ്കമാലിയിലെ സുറിയാനി മെത്രാപ്പോലീത്തയായ മാർ അബ്രാഹം, കൊച്ചി രാജാവിനെക്കൊണ്ട്, ഇറ്റാലിയൻ ഭാഷയിൽ, പോപ്പ് ഗ്രിഗരി പതിമൂന്നാമന്, 1576 ജനുവരി- യിൽ താഴെ പറയും വിധം ഒരു കത്തെഴുതിച്ചത്: (കത്തിന്റെ കോപ്പി റോമിലെ ആർക്കൈവ്സിൽ ഉണ്ട്).
ഗോവയിൽ നടക്കുന്ന സിനഡിൽ പങ്കെടുക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള ഗോവാ മെത്രാപ്പോലീത്തായുടെ ക്ഷണക്കത്ത്, മാർത്തോമ്മാ ക്രിസ്ത്യാനികളുടെ തലവനും അങ്കമാലി മെത്രാപ്പോലീത്തായുമായ മാർ അബ്രഹാമിന് ലഭിക്കുകയുണ്ടായി.
ഒരിക്കൽ തനിക്കെതിരെ മോശമായി പെരുമാറുകയും രണ്ടു പ്രാവശ്യം തടവിലാക്കുകയും ചെയ്ത അനുഭവം ഉള്ളതുകൊണ്ട്, ഗോവയിൽ നടക്കുന്ന പ്രസ്തുത സിനഡിൽ പങ്കെടുക്കാനോ, അതിലെ നിശ്ചയങ്ങൾ സ്വീകരിക്കാനോ (മാർ അബ്രഹാമിന്) ബുദ്ധിമുട്ടുണ്ട്. തന്റെ നടപടി തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ളതുകൊണ്ടാണ് അദ്ദേഹം (മാര് അബ്രഹാം) പരിശൂദ്ധപിതാവിനെ ചില കാര്യങ്ങൾ അറിയിക്കാൻ എന്നെ (കൊച്ചി രാജാവിനെ), ചുമതലപ്പെടുത്തിയിരിക്കുന്നത് അദ്ദേഹം എന്നും പരിശുദ്ധ റോമാ സിംഹാസനത്തോട്‌ കൂറുള്ളവാനാണ്. പരിശുദ്ധ പിതാവ് ഇടപെട്ട്, വേണ്ടത്ര സുരക്ഷിതത്വം ഏർപ്പാട്‌ ചെയ്യുന്ന പഷം, സഭയുടെ ഉത്തമ താല്പ്പര്യം പരിഗണിച്ചു, ഗോവയിലെ അധികാരികളുടെ കൂടെ സിനഡിൽ പങ്കെടുക്കാൻ വിരോധമില്ല......ഈ കത്തിന് പരിശുദ്ധ പിതാവിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. (രാജാവിന്റെ ശുപാർശയോടു കൂടിയ ഈ കത്തിന് പോപ്പ്, ഗ്രിഗറി പതിമൂന്നാമാനിൽ നിന്നു അനുകൂല മറുപടി ലഭിക്കുകയുണ്ടായി).
ഉദയമ്പേരൂരിലെ കോലോത്തുംവെളി എന്ന സ്ഥലത്തായിരുന്നു രാജാവിന്റെ കോവിലകം സ്ഥിതി ചെയ്തിരുന്നത്.1012-വരെ കരമൊഴിവായിരുന്ന, ഉദയമ്പേരൂർ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലവും നസ്രാണി രാജാവിന്റെ ദാനമാണത്രെ. പള്ളിനിർമ്മിച്ചതും അദ്ദേഹമാണെന്നാണ് പാരമ്പര്യം.ക്രിസ്തീയ രാജ്യമായ ഉദയമ്പേരൂർ (വില്ലാർ വട്ടം), കൊച്ചി രാജവംശത്തിൽ ലയിക്കുക നിമിത്തമത്രേ, ഗോവ ലത്തീൻ ആർച് ബിഷപ്പ് മെനെസ്സിസ്, താൻ വിളിച്ചുകൂട്ടാനിരിക്കുന്ന സൂനഹദോസ്സിൽ സംബന്ധിക്കുന്നതിനായി സുറിയാനി ക്രിസ്ത്യാനികളെ നിർബന്ധിപ്പിക്കണമെന്ന്, 1599-ൽ കൊച്ചി രാജാവിനെക്കൊണ്ട് ആവശ്യപ്പെട്ടത്.സൂനഹദോസിന്റെ വേദിയായി ഉദയം പേരൂർ തിരഞ്ഞെടുത്തതും ഇക്കാരണം കൊണ്ടു തന്നെ.
ഈ രാജകുടുംബത്തിന്റെ ആദ്യ ആസ്ഥാനം കൊടുങ്ങല്ലൂരിനു തെക്ക് ചേന്ദമംഗലം ആയിരുന്നുവെന്നും, മുസ്ലിങ്ങളുടെ ശല്യം മൂലം ഉദയംപേരൂർക്ക് മാറ്റിയതാണെന്നും സൂചനകളുണ്ട്.ഈ വിഷയത്തെപ്പറ്റിയുള്ള നസ്രാണി പാരമ്പര്യം ഇങ്ങനെയാണ് : ചേര രാജാക്കന്മാരുടെ പതനം വരെ, മാർത്തോമ്മാ ക്രിസ്ത്യാനികൾ ചേര രാജാക്കന്മാരുടെ കീഴിലായിരുന്നു; അതിനു ശേഷം വിവിധ നാട്ടു രാജാക്കളുടെ ഭരണത്തിലും. വില്ലാർ വട്ടം സ്വരൂപം, ഇപ്രകാരം രൂപംകൊണ്ട ഒരു സാമന്ത , സ്വതന്ത്ര രാജവംശം ആയിരുന്നിരിക്കാം. അറബികളുടെ ആക്രമണം മൂലം നസ്രാണികളും ജ്യൂതന്മാരും കൊടുങ്ങല്ലൂർ വിട്ടു മറ്റു പ്രദേശങ്ങളിലേക്ക് മാറി താമസിച്ചു. സ്ത്രീകൾക്കുനേരെ നടന്ന അതിക്രമങ്ങളെ അനുസ്മരിച്, എട്ടുനോമ്പാ ചരണം എന്ന വ്രതം തുടങ്ങിയത് ഇക്കാലത്താണ്. കുടമാളൂർ പള്ളിയിലെ ' മഹാദേവർ പട്ടണം മുത്തൽ' ഈ സംഭവം അടിസ്ഥാന മാക്കിയുള്ള ആചാരമാണത്രേ.31.
സഭാ ചരിത്രകാരനായ ബർണാർഡു തോമ്മ, പറയുന്നത്: " ഒമ്പതാം ശതവൽസരതിൽ യഹൂദന്മാരും മുഹമ്മദീയരും തമ്മിൽ കലഹിക്കുവാൻ സംഗതിയായി.ഈ സന്ദർഭത്തിൽ, ക്രിസ്ത്യാനികൾ യഹൂദരുടെ പക്ഷതുചേർന്നു......യുദ്ധത്തിൽ കൊടുങ്ങല്ലൂരും, ക്രിസ്ത്യാനികളുടെ കേന്ദ്രഭൂമിയായ മഹാദേവർപട്ടണത്തെ വിധ്വംസനം ചെയ്യുകയും ചെയ്തു..... ചിലർ കൊടുങ്ങല്ലൂരിൽത്തന്നെ താമസിച്ചു ...ഭൂരിപക്ഷം ആ സ്ഥലം വിട്ടുപോയി. ആലങ്ങാട്ടു രാജാവിനെ സമാശ്രയിക്കുകയും അങ്കമാലിയിൽ ഒരു പള്ളിയും പട്ടണവും സ്ഥാപിക്കുകയും ചെയ്തു.." 32.
യഹൂദന്മാരുടെ സഹായത്തിനു ചെന്ന ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ വില്ലാർവട്ടം സ്വരൂപത്തിലെ ചില കൊച്ചു തമ്പുരാക്കന്മാരും ഉണ്ടായിരുന്നു.യുദ്ധത്തിൽ അറബികൾ ഇവരിൽ രണ്ടുപേരെ വധിച്ചു. ശവം ദാഹിപ്പിക്കുകയും ചെയ്തു. എന്നുള്ള ഐതിഹ്യത്തിൽ കഴമ്പുന്ടെന്നാണ് പ്രശസ്ത ഗ്രന്ഥ കാരനായ വൈറ്റ് ഹൗസ് , പ്രസ്താവിക്കുന്നത്.33.
ആസ്ഥാനം ഉദയംപേരൂർക്കു മാറ്റിയതു ഈ സാഹചര്യത്തിലാണ്. ഇത്, ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആണെന്നാണ്, ചരിത്രകാരന്മാരുടെ പൊതുവിലുള്ള നിഗമനം.
അടിക്കുറിപ്പുകൾ : Foot Notes :
23. Dr.ഗുണ്ടർട്ട് : കേരളപ്പഴമ ,പു. 28-29.
24. James Hough : History of Christianity in India,p.450.
25. Gouvea : ' Jornada', p.22 -23 .
26. a. L.K.Ananthakrishna Ayyiar : Anthropology of Syrian Christians, p.57.
b. പുത്തേഴത്തു രാമമേനോൻ : ശക്തൻ തമ്പുരാൻ ,പു.662 - 667.
c. കുഞ്ഞിക്കുട്ടൻ തമ്പുരാൻ : 'കോകില സന്ദേശ വ്യാഖ്യാനം : രണ്ടു സന്ദേശ കാവ്യങ്ങൾ' പു. 1087 . ( Qtd. in ' കേരളത്തിലെ സ്ഥല ചരിത്രങ്ങൾ, എറണാകുളം ജില്ല . പു.94.) ( വി.വി.കെ .വലത്ത് ).
27. Gallettee : The Dutch in Malabar, p.174. Qtd. in കേരളത്തിലെ സ്ഥലചരിത്രങ്ങൾ:എറണാകുളംജില്ല.p.110.
28. P.Thomas : Christians & Christianity in India & Pakistan. P.30.
29. Marco Polo : Nestorian Christians in Malabar, qtd. in TSM, II / 144.
30. G.T.Mackenzie : T S M .Vol.II p.147..
31 ബർണാർഡു തോമ്മ : മാർത്തോമ്മാ ക്രിസ്ത്യാനികൾ. p.88.
32. X.Koodapuzha : Tomapedia, p.32.
33. ബർണാർഡു തോമ്മ : മാർത്തോമ്മാ ക്രിസ്ത്യാനികൾ. p.68-69.
34 .Whitehouse : Lingerings of Light in a Dark Land…p.75.
വില്ലാർവട്ടം സ്വരൂപം ഉദയംപേരൂരിൽ :
ചേന്ദമംഗലത്തെ കോട്ടയിൽ കോവിലകം വിട്ട് , വില്ലാർവട്ടം സ്വരൂപം, തൃപ്പൂണിത്തുറക്കടുത്തുള്ള ഉദയംപേരൂരിലേക്ക് ആസ്ഥാനം മാറ്റാനുണ്ടായ സാഹചര്യം കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിക്കുകയുണ്ടായി .എന്നാൽ ഈ സ്ഥാന ചലനത്തെയും പിൽക്കാല ചരിത്രത്തെയും കുറിച്ച് വ്യക്തമായ രേഖകൾ ലഭ്യമല്ല.
ഈ വിഷയത്തെ പരാമർശിക്കുന്ന പ്രശസ്ഥ ചരിത്രകാരനും നരവംശ ശാസ്ത്രജ്ഞനുമായ എൽ.കെ . അനന്തകൃഷ്ണ അയ്യരുടെ വാക്കുകൾ സമകാലീന ശ്രോദസ്സുകളിൽ നിന്നുള്ള വിവരങ്ങളുടെ ആകത്തുകയാണ്.
വില്ലാർവട്ടം സ്വരൂപം, അജ്ഞാത കാരണങ്ങളാൽ ചേന്ദമംഗലം വിട്ടൊഴിഞ്ഞു വാണിജ്യ കേന്ദ്രമായ ഉദയംപേരൂരിൽ വരികയും ആസ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ആ രാജ്യം, പിന്തുടർച്ചാവകാശിയില്ലാതെ, പരമ്പരയിലെ അവസാനത്തെ രാജാവ് നാടുനീങ്ങുന്നതു വരെ നിലനിന്നു.അചിരേണ, രാജ്യം കൊച്ചിരാജ്യത്തിൽ ലയിക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ