2020 മേയ് 26, ചൊവ്വാഴ്ച

പറവൂര്‍-അതിപുരാതനമായൊരു ചരിത്രത്തിനുറവിടം






പറവൂര്‍-അതിപുരാതനമായൊരു ചരിത്രത്തിനുറവിടം
By Sushil Kumar Raveendran

പറൈയൂർ, പറൂർ  എന്നൊക്കെ അറിയപ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ അതിപുരാതനമായൊരു ചരിത്രത്തിന്റെ ഉറവിടമാണ്. കൃത്യമായി  പറഞ്ഞാൽ ബുദ്ധ കാലത്തിന്റെ ശേഷിപ്പുകളിൽ ഒന്നാണ് ഈ സ്ഥലനാമവും ഈ പ്രദേശവും .ബുദ്ധരുടെ ആവാസ കേന്ദ്രങ്ങളെയും  സ്ഥാപനങ്ങളെയും  വിശ്വാസങ്ങളെയുമെല്ലാം അധികരിച്ചാണ് മിക്കവാറും സ്ഥലപ്പേരുകൾ ഉണ്ടായിട്ടുള്ളത്. ഊരുകൾ ശേരികൾ എന്നൊക്കെയുള്ള  വിശേഷണങ്ങളോടെ സ്ഥലനാമങ്ങൾ രൂപപ്പെട്ടത് ബുദ്ധ സംഘ സംഘ ചേര കാലത്താണെന്ന്‌ ചരിത്രകാരന്മാരിൽ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചേര ചക്രവർത്തി ചെങ്കുട്ടുവന്റെ കാലം മുതൽ പറവൂർ എന്നൊരു സ്ഥലമുണ്ടായിരുന്നതായി ചിലപ്പതികാരം രേഖപ്പെടുത്തുന്നു. ദിഗ്ഗ് വിജയം കഴിഞ്ഞു മടങ്ങും വഴി പറവൂരുകാരനായ ചാക്ക്യാരുടെ നൃത്തം കണ്ടുവെന്നാണ് ചിലപ്പതികാരം പറയുന്നത്(പറൈയൂർ കൂത്തിച്ചികൈയ്യൻ ആടലിൽ മകിഴ്ന്തു)പറയരുടെ ഊരാണ്  പറയുന്നവരുടെ ഊരാണ് പറവൂർ എന്നൊക്കെ നിരീക്ഷണങ്ങൾ ഉണ്ടെങ്കിലും പറയെന്ന ബുദ്ധരുടെ സമത്വ ചിന്തയുടെ പ്രതീകത്തിൽ നിന്നുമാണ് സമത്വത്തിന്റെ ഊര് എന്ന പറവൂർ ഉണ്ടാകുന്നത്. പറവൂരിൽ വന്ന് ആട്ടം കണ്ട ചേരൻ ചെങ്കുട്ടുവന്റെ കാലം എ ഡി 241 എന്ന് കണക്കാക്കുമ്പോൾ പറവൂരിന്റെ പഴക്കം രണ്ടായിരം വർഷത്തോടടുക്കുന്നു. കേരളത്തിലേക്ക് അശോക ചക്രവർത്തിയുടെ കാലത്ത് തന്നെ ബുദ്ധ പ്രചാരകരെ അയച്ചിരുന്നുവെന്ന് വിവിധ ശാസനങ്ങൾ വിവരിക്കുമ്പോൾ പറവൂരിന്റെ പഴക്കം ക്രിസ്തുവിനും മുൻപായി മാറുന്നു.

IMG_20190315_173137

ചേര രാജ്യ തലസ്ഥാനമായിരുന്ന വഞ്ചി മഹാ നഗരത്തോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന മുസരീസ് തുറമുഖവുമായി ബന്ധപ്പെട്ട കച്ചവടത്തിന്റെയും കേന്ദ്രമായിരുന്നു പറവൂർ.പറവൂരിന്റെ പല പ്രദേശങ്ങളിൽ നിന്നും കണ്ടുകിട്ടിയ ചേര നാണയങ്ങൾ റോമൻ നാണയങ്ങൾ എന്നിവയൊക്കെ ഇതിന്റെ തെളിവാണ്. പട്ടണം ഉൽഖനനത്തിൽ നിന്നും കണ്ടുകിട്ടിയ പുരാവസ്‌തുക്കൾ ഇക്കര്യത്തിലുള്ള മറ്റൊരു തെളിവാണ്. കിളിമാനൂർ താമ്ര ശാസനത്തിലും കോക സന്ദേശത്തിലുമെല്ലാം പറവൂരിനെക്കുറിച്ചു പരാമർശമുണ്ട്.ചേര സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം രൂപംകൊണ്ട  നിരവധി ചെറു രാജ്യങ്ങളിൽ ഒന്നായി പറവൂരും രേഖപ്പെടുത്തപ്പെടുത്തപ്പെടുന്നുണ്ട്. പിണ്ടിനിവട്ടത്തു സ്വരൂപമെന്നും പറവൂർ അറിയപ്പെട്ടിരുന്നു. ചില പോർച്ചുഗീസ് രേഖകളിൽ പറവൂർ രാജാവിന് കുരുമുളക് കച്ചവടത്തിൽ നിന്നും 1800 പണം ലഭിച്ചിരുന്നതായും പറയുന്നുണ്ട്. ഡച്ചു രേഖകളിൽ പറവൂർ പ്രതിവർഷം 150 കണ്ടി കുരുമുളക് ഉൽപ്പാദിപ്പിച്ചിരുന്നതായി കാണുന്നുണ്ട്. പിന്നീട് കൊച്ചി രാജാവിന്റെ സാമന്തന്മാരായി പറവൂർ അറിയപ്പെട്ടു. ഡച്ചുകാരുമായി ചേർന്നും കൊച്ചിയോട് ചേർന്നും അക്കാലത്തു നടന്ന അധികാര വടംവലികളിൽ പറവൂർ സന്ദർഭാനുസരണം ഇടപെട്ടിട്ടുണ്ട്. ലന്തപ്പട 1691 പറവൂർ കൊള്ളയടിച്ചതായും ചരിത്രം പറയുന്നു. സാമൂതിരി ആക്രമിച്ചപ്പോൾ(1791) പറവൂർ സാമൂതിരിക്കൊപ്പം നിൽക്കുകയും സാമൂതിരി കൊച്ചി കീഴടക്കിയപ്പോൾ(1756) പറവൂരും സാമൂതിരിയുടെ കീഴിലാവുകയും ചെയ്തു. പിന്നീട് കൊച്ചിയും തിരുവിതാംകൂറും സഖ്യത്തിലേർപ്പെടുകയും സാമൂതിരിയെ യുദ്ധത്തിൽ തോൽപ്പിക്കുകയും ചെയ്തു(1761-1764).സാമൂതിരിക്കെതിരായ യുദ്ധത്തിൽ കൊച്ചിയെ സഹായിച്ച തിരുവിതാംകൂറിന് പാരിതോഷികമായി പറവൂരും ആലങ്ങാടും തിരുവിതാംകൂറിന്‌ നൽകിയതോടെ പറവൂർ രാജാവും പറവൂർ രാജ്യവും ഇല്ലാതായി. പൗരാണിക പറവൂരിന്റെ കോട്ടകൊത്തളങ്ങളൊക്കെയും കാലം നിശ്ശേഷം മായ്ചുകളഞ്ഞു.
IMG_20190315_162641
1945 നു ശേഷമാണ് പറവൂർ ആലുവ റോഡ് ഉണ്ടാകുന്നത്.പറവൂരിൽ അതി വിശാലമായൊരു കോട്ട ഉണ്ടായിരുന്നു.ഇപ്പോഴത്തെ കെ എസ്‌ ആർ ടി സി ഡിപ്പോ  വാട്ടർ അതോറിറ്റി ഓഫീസ് ഭാഗങ്ങൾ  മുതൽ പ്രൈവറ്റ് ബസ്റ്റാന്റ് വരെ വിസ്തൃതമായിരുന്ന ഈ കോട്ട ടിപ്പു സുൽത്താൻ  ആക്രമണ കാലത്തു തകർക്കപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. അക്കാലത്തെ തുറന്ന ജയില്‍ കെട്ടിടത്തിലാണ് നിലവില്‍ വില്‍പന നികുതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ദളവ സുബ്ബയ്യൻ ഭരണകാലത്തു പറവൂർ രാജാവിന്റെ നാമമാത്ര അധികാരങ്ങളും ഇല്ലാതാകുകയും രാജകുടുംബം പുത്തൻച്ചിറയിലെക്കു പലായനം ചെയ്തതായും പറയപ്പെടുന്നു.തൃശൂർ ജില്ലയിലെ പുത്തൻചിറ കൊച്ചി രാജാവ് തിരിവിതാംകൂറിനു നൽകിയപ്പോൾ പുത്തൻചിറ പറവൂരിനോട് കൂട്ടിച്ചേർത്തിരുന്നു.ഐക്യ കേരളം രൂപപ്പെടുംവരെ തിരുവിതാംകൂർ രാജ്യത്തിലെ കോട്ടയം ജില്ലയിൽ പറവൂർ ഫർക്കയിൽ പുത്തൻചിറ പ്രവർത്തിയിൽ എന്ന് എഴുതിക്കാണുന്നു.സെറ്റിൽമെന്റ് രേഖകളിലും ഇങ്ങനെ കാണാവുന്നതാണ്.ഇപ്പോഴത്തെ പറവൂർ നഗരരസഭയുടെ ആദ്യരൂപമായ ടൗൺ ഇപ്രൂവ്മെന്റ് കമ്മറ്റി രൂപം കൊള്ളുന്നത് കൊല്ലവർഷം 1088 ലാണ്.പിന്നീട് 1953 വരെ അത് തുടർന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ