2019 ഏപ്രിൽ 28, ഞായറാഴ്‌ച

ചുവര്‍ ചിത്രകലാ മ്യൂസിയം, തൃശ്ശൂര്‍




ചുവര്‍ ചിത്രകലാ മ്യൂസിയം, തൃശ്ശൂര്‍

കൊല്ലങ്കോട് രാജാവിയിരുന്ന വാസുദേവരാജ 1904-ല്‍ പണികഴിപ്പിച്ച കൊല്ലങ്കോട് ഹൗസിലാണ് ചുവര്‍ ചിത്രകലാ മ്യൂസിയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേരളീയ വാസ്തുശില്‍പ്പ ശൈലിയുടെ വടക്കന്‍ മാതൃകയിലുള്ള മനോഹരമായ ഒരു കൊട്ടാരമാണിത്.
1975-ലാണ് ഈ കൊട്ടാരം സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്. പഴയ വെങ്ങുന്നാട് സ്വരൂപമാണ് കൊല്ലങ്കോട് രാജവംശം എന്ന് അറിയപ്പെടുന്നത്. വെങ്ങുന്നാട് നമ്പിടി എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.പാലക്കാടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ തെന്‍മലയുടെ താഴ്‌വരയുള്‍പ്പെട്ട ദേശത്തിന്റെ അധിപന്‍മാരായിരുന്നു നമ്പിടിമാര്‍. മൈസൂര്‍ രാജാവായിരുന്ന ഹൈദരാലിയാണ് ഇവര്‍ക്ക് 'രാജ' സ്ഥാനം കല്‍പ്പിച്ചു നല്‍കിയത്. ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെ നമ്പിടിമാരുടെ അധികാരങ്ങള്‍ നഷ്ടമായി.

പുരാവസ്തു വകുപ്പിന്റെ ചുവര്‍ ചിത്രകലാ വിഭാഗത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ ഈ സ്ഥാപനത്തില്‍ കേരളത്തിലെ അപൂര്‍വ്വമായ ചുവര്‍ ചിത്രങ്ങളുടെ തനതായ പുന:സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. മട്ടാഞ്ചേരി കോവിലകം, പുണ്ഡരീകപുരം ക്ഷേത്രം, കാഞ്ഞൂര്‍ പള്ളി എന്നിവിടങ്ങളിലെ ചുവര്‍ ചിത്രപാളികളില്‍ നിന്നും പകര്‍ത്തിയിട്ടുള്ളതാണ് ഈ അപൂര്‍വ്വ ചിത്രങ്ങളിലധികവും. ബദരീനാഥ്, രാമേശ്വരം, കാശി, കന്യാകുമാരി എന്നീ പുണ്യസ്ഥലങ്ങളുടെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് വരച്ച രേഖാചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഇപ്പോള്‍ ഈ മന്ദിരത്തില്‍ പുരാവസ്തു വകുപ്പിന്റെ ജില്ലാ പൈതൃക മ്യൂസിയവും ആരംഭിച്ചിട്ടുണ്ട്. 
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍  10.00 രൂപ
കുട്ടികള്‍ (5-12 വയസ്സ്)  02.00 രൂപ
ക്യാമറ  50.00 രൂപ
വീഡിയോ ക്യാമറ 250.00 രൂപ

ശക്തന്‍ തമ്പുരാന്‍ കൊട്ടാരം


ശക്തന്‍ തമ്പുരാന്‍ കൊട്ടാരം

തൃശ്ശൂര്‍ജില്ലയിലെ വളരെ പ്രധാനപ്പെട്ട ഒരു ചരിത്രസ്മാരകമാണ് ശക്തന്‍ തമ്പുരാന്‍ കൊട്ടാരം. വടക്കേച്ചിറ കോവിലകമെന്നാണ് ഈ കൊട്ടാരം പണ്ട് അറിയപ്പെട്ടിരുന്നത്. ശക്തന്‍ തമ്പുരാന്‍ എന്ന് കീര്‍ത്തികേട്ട രാമവര്‍മ്മ തമ്പുരാനാണ് ഇന്നത്തെ നിലയില്‍ ഈ കൊട്ടാരം പുതുക്കി പണിതത്. കൊച്ചിരാജ്യത്തില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു അക്കാലത്ത് തൃശ്ശൂര്‍. കൊച്ചിരാജ്യ ചരിത്രത്തിലെ സുവര്‍ണ്ണലിപികളാലെഴുതപ്പെട്ട ഭരണകാലഘട്ടമാണ് ശക്തന്‍ തമ്പുരാന്റേത്. 1790-ലാണ് ശക്തന്‍ തമ്പുരാന്‍ അധികാരമേറ്റത്. 1805 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അധികാരമേറ്റത് 1790-ലാണെങ്കിലും 1769 മുതല്‍ക്കേ രാജ്യകാര്യാന്വേഷണത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നതായി ചരിത്രം പറയുന്നു. ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് എന്നു പേരുകേട്ട ശക്തന്‍ തമ്പുരാന്‍ അനേകം പുതിയ നിരത്തുകള്‍, പാലങ്ങള്‍ എന്നിവ പണിയിക്കുകയും വഴിയമ്പലങ്ങളും തണ്ണീര്‍ പന്തലുകളും കൂടുതലായി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ബ്രാഹ്മണപൗരോഹിത്യത്തിന്റെ അധികാരം തകര്‍ത്ത് ക്ഷേത്രസങ്കേതങ്ങളിലെ അധര്‍മ്മങ്ങളെ അവസാനിപ്പിക്കുകയും തന്റെ പട്ടാളത്തില്‍ ഈഴവ സമുദായത്തെ കൂടി ഉള്‍പ്പെടുത്തി രാജ്യരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തിയതും ശക്തന്‍ തമ്പുരാന്റെ ധീര നടപടികളായിരുന്നു. 1805 - സെപ്റ്റംബര്‍ മാസത്തില്‍ തമ്പുരാന്‍ തൃശ്ശൂരില്‍ നിര്യാതനായി


ശക്തന്‍ തമ്പുരാന്‍ കൊട്ടാരം ഇന്നൊരു ചരിത്രസ്മാരകവും, പുരാവസ്തു വകുപ്പിന്റെ ഒരു മ്യൂസിയവും ആണ്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മിതിയിലെ സവിശേഷത അതു രണ്ടു തരം വാസ്തു ശൈലികളെ പിന്തുടര്‍ന്നിരിക്കുന്നു എന്നതാണ്. ഒന്ന് കേരളീയം, മറ്റൊന്ന് ഡച്ചു മാതൃക. നാലുകെട്ടിന്റെ മാതൃകയില്‍ ഇരുനിലകളിലായി നിര്‍മ്മിച്ചതാണീ സൗധം. കനത്ത ചുമരുകളും ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ നിലവും വിശാലമായ മുറികളും, ഉയര്‍ന്ന മേല്‍ക്കൂരയുമാണ് ഈ കൊട്ടാരത്തിന്റെ പ്രത്യേകതകള്‍. സുഖദമായൊരു അന്തരീക്ഷമാണ് മുറികള്‍ക്കുള്ളില്‍.

കൊട്ടാരത്തോടനുബന്ധിച്ച് ഒരു സര്‍പ്പക്കാവുണ്ട്. തെക്കു ഭാഗത്തെ ആരാമത്തില്‍ അനേകം നാട്ടു ചെടികളും വൃക്ഷങ്ങളും സംരക്ഷിച്ചു നിലനിര്‍ത്തിയിട്ടുണ്ട്. കൊട്ടാരത്തിനുള്ളില്‍ സജ്ജമാക്കിയിട്ടുള്ള മ്യൂസിയം വെങ്കലശില്പങ്ങളുടെയും കരിങ്കല്‍ ശില്പങ്ങളുടെയും ശിലാശാസനങ്ങളുടെയും നിരവധി ഗ്യാലറികളിലായിട്ടാണ് തിരിച്ചിട്ടുള്ളത്. മറ്റു ഭാഗങ്ങളിലാകട്ടെ പുരാതനകാലത്ത് ഉപേയാഗിച്ചിരുന്നതും വെങ്കലം ചെമ്പ് എന്നീ ലോഹങ്ങളാല്‍ നിര്‍മ്മിതവുമായ വീട്ടു സാമാനങ്ങള്‍, പൗരാണികകാലത്തെ നാണയങ്ങളുടെ ശേഖരം എന്നിവ കൊണ്ട് അലംകൃതമാണ്. ഈ കൊട്ടാരത്തിന്റെ സംരക്ഷണവും, മ്യൂസിയത്തിന്റെ  പരിപാലനവും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ചുമതലയിലാണ്.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍  20.00 രൂപ
കുട്ടികള്‍ (5-12 വയസ്സ്)  05.00 രൂപ
ക്യാമറ  50.00 രൂപ
വീഡിയോ ക്യാമറ 250.00 രൂപ

കൊട്ടാരക്കര തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാമ്യൂസിയം





കൊട്ടാരക്കര തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാമ്യൂസിയം

കഥകളിയെന്ന ശാസ്ത്രീയ കലാരൂപത്തിന്റെ പ്രണേതാവായ കൊട്ടാരക്കര തമ്പുരാന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ഥാപിച്ച ഈ മ്യസിയം ക്ലാസ്സിക്കല്‍ കലകളുടെ സംരക്ഷണം കൂടി ലക്ഷ്യമിടുന്നു. മോഹിനിയാട്ടം, കഥകളി എന്നിവയിലെ മുദ്രകള്‍, പ്രയോഗങ്ങള്‍, അടവുകള്‍, നിലകള്‍ എന്നിവയോടൊപ്പം ഈ കലാരംഗത്തെ ആചാര്യന്മാര്‍ ഉപയോഗിച്ചിരുന്ന സ്വകാര്യ ഗ്രന്ഥങ്ങള്‍, ആടയാഭരണങ്ങള്‍ എന്നിവയും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന്റെ ജന്മഗൃഹത്തിലാണ് കൊട്ടാരക്കര തമ്പുരാന്‍ സ്മാരക മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്. വേണാട് രാജവംശത്തിന്റെ ഒരു ശാഖയായ ഇളയിടത്തു സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു കൊട്ടാരക്കര. 350 -ലെറെ വര്‍ഷത്തെ പഴക്കമുള്ളതാണ് ഈ കോവിലകക്കെട്ട്. പ്രസിദ്ധമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോട് ചേര്‍ന്നാണ് കേരളീയ ശൈലിയില്‍ തീര്‍ത്ത കൊട്ടാരം സ്ഥിതിചെയ്യുന്നത്.
1983 ലാണ് കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ ക്ലാസ്സിക്കല്‍ കലാ മ്യൂസിയം ആരംഭിക്കുന്നത് 2010 ഏപ്രില്‍ 15 ന് മ്യൂസിയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കൊട്ടാരത്തിലേക്ക് മാറ്റി. അഞ്ച് ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്. ക്ലാസ്സിക്കല്‍ കലകള്‍ക്ക് പ്രത്യേകിച്ച് കഥകളിക്ക് പ്രാധാന്യം നല്‍കിയാണ് പ്രദര്‍ശന ക്രമീകരണം. നാട്യകരണ മുദ്രകളുടെ ഗ്യാലറി, കഥകളിച്ചമയങ്ങളുടെ (കോപ്പുകള്‍) ഗ്യാലറി, നാണയ ഗ്യാലറി, ശില്‍പ്പ ഗ്യാലറി, മഹാ ശിലായുഗ ഗ്യാലറി എന്നിവയാണിവിടെയുള്ളത്. പഞ്ചമുഖ മിഴാവ് ഉള്‍പ്പെടെ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പ്രദര്‍ശന വസ്തുക്കള്‍ ഇവിടെയുണ്ട്.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ 
പ്രവേശനം സൗജന്യം

വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം, പത്തനംതിട്ട




വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം, പത്തനംതിട്ട

ധീരദേശാഭിമാനിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതി ജീവാര്‍പ്പണം ചെയ്ത പോരാളിയുമായ വേലുത്തമ്പി ദളവയുടെ സ്മരാണാര്‍ത്ഥം സ്ഥാപിച്ച മ്യൂസിയമാണ് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം. വേലുത്തമ്പി ദളവ ആത്മാഹൂതി ചെയ്ത മണ്ണടിയില്‍ 2010 ഫെബ്രുവരി 14 നാണ് മ്യൂസിയം ആരംഭിച്ചത്. തിരുവിതാംകൂറിന്റെ 'ദളവ' (പ്രധാനമന്ത്രി) ആയിരുന്ന വേലുത്തമ്പി ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ വിപ്ലവത്തിന് പ്രേരിപ്പിക്കുകയും സ്വയം കലാപത്തിനിറങ്ങുകയുമായിരുന്നു.

രണ്ടു നിലകളിലായി പണിഞ്ഞിട്ടുള്ള മ്യൂസിയം കെട്ടിടത്തിന്റെ മുന്നില്‍ വേലുത്തമ്പി ദളവയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ താഴെ നില ഓപ്പണ്‍ എയര്‍ ഗ്യാലറിയാണ്. ഇവിടെ മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീ ചിത്തിര തിരുനാള്‍ വരെയുള്ള എല്ലാ തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ശ്രീബുദ്ധന്റെ ശിലാ വിഗ്രഹം, നാഗരൂപങ്ങള്‍, നാഗാരാധനയുടെ കോലങ്ങള്‍, പുരാതന കാര്‍ഷികോപകരണങ്ങള്‍, പഴയകാല യുദ്ധേപകരണങ്ങളായ പീരങ്കികള്‍, പീരങ്കി ഉണ്ടകള്‍, വാള്‍, കുന്തം, കഠാരകള്‍, കായംകുളം വാള്‍ തുടങ്ങിയവയെല്ലാം ഇവിടെ പ്രദര്‍ശനത്തിനുണ്ട്. കൂടാതെ വിപുലമായ ഒരു നാണയ ഗ്യാലറിയും സജ്ജീകരിച്ചിരിക്കുന്നു. വേലുത്തമ്പി ദളവയുടെ ജീവചരിത്രം വ്യക്തമാക്കുന്ന ചിത്രപ്രദര്‍ശനവും ആകര്‍ഷകമാണ്.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശനം സൗജന്യം

ചേന്ദമംഗലം സിനഗോഗ് മ്യൂസിയം എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ ചേന്ദമംഗലം ഗ്രാമത്തിലാണ് സിനഗോഗ് നിലനില്‍ക്കുന്നത്. കോട്ടയില്‍ കോവിലകം, വൈപ്പിന്‍ കോട്ട സെമിനാരി, ജൂതസെമിത്തേരി, എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന ചരിത്ര സ്മാരകമാണ് ചേന്ദമംഗലം ജൂതപ്പള്ളി. കേരളത്തില്‍ എത്തിച്ചേര്‍ന്ന ജൂത സമൂഹത്തില്‍ അവരുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ കറുത്ത ജൂതന്മാരെന്നും, വെളുത്ത ജൂതന്മാരെന്നും രണ്ട് തരം ആളുകളുണ്ടായിരുന്നു. ഇതില്‍ കറുത്ത ജൂതന്മാരുടെ ആരാധനാ കേന്ദ്രമായിരുന്നു ഈ സിനഗോഗ്. കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയം കുടുംബമാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ചേന്ദമംഗലത്ത് സിനഗോഗിനുള്ള സ്ഥലം അനുവദിച്ചത്. 1614-ല്‍ ആണ് ഇവിടെ ആദ്യമായി പള്ളി പണിതത്. ഈ പള്ളി അഗ്നിബാധയില്‍ നശിച്ചു. പിന്നീട് പണിഞ്ഞ പള്ളിയും അഗ്നിക്കിരയായി. തുടര്‍ന്ന് 1830-ല്‍ നിര്‍മ്മിച്ച സിനഗോഗാണ് ഇന്നിവിടെ കാണുന്നത്. ഒരു പൗരാണിക സ്മാരകമെന്ന നിലയിലും ജൂതസങ്കേതമെന്ന നിലയിലും വിദേശരാജ്യങ്ങളില്‍പ്പോലും അറിയപ്പെടുന്ന ഒന്നായി ഈ സിനഗോഗിനെ മാറ്റുന്നതിന് പുരാവസ്തു വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ജൂതസംസ്കാരവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഹീബ്രു ലിഖിതം ഈ സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്നു. 1269 ആണ് ഈ ലിഖിതത്തിന്റെ കാലഘട്ടം. പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ പ്രവേശന നിരക്കുകള്‍ മുതിര്‍ന്നവര്‍ 02.00 രൂപ കുട്ടികള്‍ (5-12 വയസ്സ്) 01.00 രൂപ ക്യാമറ 10.00 രൂപ വീഡിയോ ക്യാമറ 50.00 രൂപ




ചേന്ദമംഗലം സിനഗോഗ് മ്യൂസിയം

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ ചേന്ദമംഗലം ഗ്രാമത്തിലാണ് സിനഗോഗ് നിലനില്‍ക്കുന്നത്. കോട്ടയില്‍ കോവിലകം, വൈപ്പിന്‍ കോട്ട സെമിനാരി, ജൂതസെമിത്തേരി, എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന ചരിത്ര സ്മാരകമാണ് ചേന്ദമംഗലം ജൂതപ്പള്ളി.

കേരളത്തില്‍ എത്തിച്ചേര്‍ന്ന ജൂത സമൂഹത്തില്‍ അവരുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ കറുത്ത ജൂതന്മാരെന്നും, വെളുത്ത ജൂതന്മാരെന്നും രണ്ട് തരം ആളുകളുണ്ടായിരുന്നു. ഇതില്‍ കറുത്ത ജൂതന്മാരുടെ ആരാധനാ കേന്ദ്രമായിരുന്നു ഈ സിനഗോഗ്.

കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയം കുടുംബമാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ചേന്ദമംഗലത്ത് സിനഗോഗിനുള്ള സ്ഥലം അനുവദിച്ചത്. 1614-ല്‍ ആണ് ഇവിടെ ആദ്യമായി പള്ളി പണിതത്. ഈ പള്ളി അഗ്നിബാധയില്‍ നശിച്ചു. പിന്നീട് പണിഞ്ഞ പള്ളിയും അഗ്നിക്കിരയായി. തുടര്‍ന്ന് 1830-ല്‍ നിര്‍മ്മിച്ച സിനഗോഗാണ് ഇന്നിവിടെ കാണുന്നത്.

ഒരു പൗരാണിക സ്മാരകമെന്ന നിലയിലും ജൂതസങ്കേതമെന്ന നിലയിലും വിദേശരാജ്യങ്ങളില്‍പ്പോലും അറിയപ്പെടുന്ന ഒന്നായി ഈ സിനഗോഗിനെ മാറ്റുന്നതിന് പുരാവസ്തു വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ജൂതസംസ്കാരവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഹീബ്രു ലിഖിതം ഈ സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്നു. 1269 ആണ് ഈ ലിഖിതത്തിന്റെ കാലഘട്ടം.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍  02.00 രൂപ
കുട്ടികള്‍ (5-12 വയസ്സ്)  01.00 രൂപ
ക്യാമറ  10.00 രൂപ
വീഡിയോ ക്യാമറ 50.00 രൂപ

മേത്തന്‍ മണിയുടെ ചരിത്രം തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനു കിഴക്ക്



മേത്തന്‍ മണിയുടെ ചരിത്രം
സുഹൃത്തുക്കളെ നിങ്ങള്‍ക്ക് മേത്തന്‍ മണിയെ പ്രവര്‍ത്തിപ്പിക്കാന്‍ അവസാനം കൊടുത്തിരിക്കുന്ന ലിക്കില്‍ ക്ലിക്ക് ചെയ്തു
(സുഹൃത്തുക്കളെ മേത്തന്‍ മണിയുടെ ചരിത്രം വായിക്കുക ദയവായി ഷെയര്‍ ചെയ്യുക..അറിയാത്തവര്‍ അറിയട്ടെ......)
മേത്തന്‍ മണിയുടെ ചരിത്രം
**************************
തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനു കിഴക്ക് വശത്തുള്ള പുത്തൻമാളിക (കരുവേലപ്പുരമാളിക) കൊട്ടാര സമുച്ചയത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള നാഴികമണിയാണ് അനന്തപുരിയുടെ അഭിമാനമായാ മേത്തൻമണി.
1840ൽ അന്നത്തെ രാജാവായിരുന്ന സ്വാതി തിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ ആയിരുന്ന ജോൺ കാൽഡിക്കോട്ട് മദിരാശിയിലെ ചിന്നപട്ടണത്തു നിന്നും രണ്ടു വലിയ നാഴിക മണികൾ വാങ്ങി അതിലൊന്ന് അന്നത്തെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിലും (തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്തു) മറ്റൊന്ന് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിലും സ്ഥാപിച്ചു. പദ്മതീർത്ഥത്തിന് തെക്ക് ഭാഗത്തെ നെടുനീളത്തിലുള്ള ഇരുനില മാളികയാണ് കരുവേലപ്പുര എന്ന പഴയ സെക്രട്ടറിയേറ്റ്. അതിലാണ് മേത്തൻമണി സ്ഥാപിച്ചത്
പത്മതീര്‍ത്ഥകുളത്തിന്നുമഭിമുഖമായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു ഈ ചരിത്രസ്മാരകം. ധര്‍മ്മരാജയുടെ ഭരണകാലത്ത് ടിപ്പുവിന്റെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചതിന്റെ ഓര്‍മ്മയായിട്ടാണ് ഈ മണിയെ കരുതി പോരുന്നത്.
മേത്തന്‍ മണിയുടെ പ്രവര്‍ത്തനം
****************************
പ്രത്യേക തരം ചെമ്പുതകിടില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മേത്തന്‍ മണിയില്‍ ഡയലിന്റെ തൊട്ടു മുകളിലായി മഹാഗണിത്തടിയില്‍ പണിക്കഴിപ്പിച്ച, ഓരോ മണിക്കൂറിലും വായ്‌ തുറക്കുന്ന താടിക്കാരന്‍ മേത്തന്റെ രൂപവും അയാളുടെ മുഖത്തേക്ക് ഇരു വശത്തു നിന്നും ആഞ്ഞിടിക്കുന്ന രണ്ടു മുട്ടനാടുകളുമാണ് ഈ മണിയെ കൗതുകപൂര്‍ണ്ണമാക്കുന്നത്. ഇത് വഞ്ചിയൂര്‍ നിന്നും വന്ന കുളത്തൂക്കാരന്‍ എന്ന് പേരുള്ള ആശാരി പിന്നീട് പണിത് ചേര്‍ത്തതാണ് എന്ന് പറയപ്പെടുന്നു. അദ്ദേഹത്തെ ഈ നിര്‍മ്മിതിയുടെ പേരില്‍ ആദരസൂചകമായി 'സൂത്രം ആശാരി' എന്ന് വിളിച്ചിരുന്നതായും തദ്ദേശവാസികള്‍ പറയുന്നു. ആബാലവൃദ്ധം ജനങ്ങള്‍ ഈ അത്ഭുതകാഴ്ച കാണാന്‍ അന്നൊക്കെ ക്ഷേത്രമുറ്റത്ത് തടിച്ചു കൂടിയിരുന്നതായി അറിയുന്നു.
പഴയ ചാട് സമ്പ്രദായമാണ് ഈ സൂത്രത്തിന്റെ പ്രവര്‍ത്തനത്തിന്നാധാരം. നാഴികമണിയുടെ സൂചികളില്‍ രണ്ടു ഭാരക്കട്ടികള്‍ തൂക്കിയിട്ടുണ്ട്. അതിനെ ക്ലോക്കിന്റെ പുറകില്‍ ഒരു ദണ്ഡുമായി ഘടിപ്പിച്ചു വച്ചിട്ടുണ്ട്. സൂചികള്‍ ഒരു വട്ടം ചുറ്റി വരുമ്പോള്‍ ഇതിലെ ഈ പ്രത്യേക ലിവര്‍ സംവിധാനം അനുസരിച്ച് ദണ്ഡ് ചലിക്കും, ഭാരമയയും. തല്‍ഫലമായി രണ്ടു മുട്ടനാടുകളും അടുത്തു വന്നു താടിരൂപത്തില്‍ ഇടിക്കും. ആദ്യകാലത്ത്, ഘടികാരത്തിന്റെ പ്രവര്‍ത്തനത്തിനുസൃതമായി ഓരോ മണിക്കൂര്‍ ഇടവിട്ട്‌ സമയക്ലിപ്തയോടെ മണിയടിക്കാന്‍ പ്രത്യേകം സേവകരെ ചട്ടം കെട്ടിയിരുന്നു. മണിഗോപുരത്തിന്റെ താഴെ നിലയില്‍ നിലയുറപ്പിച്ചിരുന്ന കൂറ്റന്‍ ലോഹമണിയില്‍ മുട്ടിയാണ് അന്ന് ലോകരെയവര്‍ സമയമറിയിച്ചിരുന്നത്.
മേത്തന്‍ അഥവാ മ്ലേച്ചന്‍ എന്നാ വാക്കില്‍ നിന്നാവണം മേത്തന്‍മണിയെന്ന പേരിന്റെ ഉത്ഭവം. സംസ്കൃതത്തില്‍ ഈ വാക്കിന് ആര്യനല്ലാത്തവന്‍, സാമ്പ്രദായിക ഹിന്ദു ആചാരങ്ങള്‍ പാലിക്കാത്തവന്‍, മത്സ്യമാംസാദികള്‍ ഭുജിക്കുന്നവന്‍ എന്നൊക്കെ വിവക്ഷ കാണുന്നുണ്ട്. ടിപ്പുവിനെ മേത്തനായി കണക്കാക്കിയിരുന്നതു കൊണ്ടാവണം ടിപ്പുവിന്മേലുള്ള വിജയത്തെ അനുസ്മരിപ്പിക്കുന്ന ഈ നാഴികമണിയെ മേത്തന്‍ മണി എന്ന പേരില്‍ വിളിച്ചു പോന്നത്.
വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും വാര്‍ദ്ധക്യത്തിന്റെ ബാലാരിഷ്ടതകളില്ലാതെ ഇന്നും ചുറുചുറുക്കോടെ ഓടിക്കൊണ്ടിരിക്കുന്നു; ഈ നാഴിക മണി. നഗരം വളര്‍ന്നു വലുതായിട്ടും ഇന്നും മേത്തന്‍ മണിയുടെ നാഴികമുട്ട് ഓരോ മണിക്കൂറിലും ഇടവിട്ട്‌ കേള്‍ക്കാന്‍ അനന്തപുരിയിലെ പഴമക്കാര്‍ കാതോര്‍ക്കാറുണ്ട്. അതെ, ആ ലോഹനാദം അവരുടെ ശീലത്തിന്റെ ഭാഗമായിരിക്കുന്നു.
സുഹൃത്തുക്കളെ നിങ്ങള്‍ ഒന്നു മേത്തന്‍ മണിയെ പ്രവര്‍ത്തിപ്പിക്കു ????
മേത്തന്‍ മണിയുടെ പ്രവര്‍ത്തനം കാണാനായി താഴെയുള്ള ലിക്കില്‍ ക്ലിക്ക് ചെയ്തു എന്നിട്ട് അതിലെ ക്ലോക്ക് ഡയലിനു മുകളിലെ താടിക്കാരന്റെ മുഖത്ത് ക്ലിക്ക് ചെയ്തു നോക്കൂ.

AD 1949 മുതല്‍ AD 2014 വരെ

AD 1949 മുതല്‍ AD 2014 വരെ

( 1949 മുതല്‍ 2014 വരെ തുടര്‍ന്ന് )
# 1949 - തിരു - കൊച്ചി സംയോജനം.
# 1954 - തിരുവിതാംകൂറിലും കൊച്ചിയിലും പൊതുതെരഞ്ഞെടുപ്പ്. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ പി.എസ്.പി.
മന്ത്രിസഭ അധികാരത്തില്‍ വന്നു.
# 1956 - ഭൂരുപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പനമ്പള്ളി മന്ത്രിസഭ രാജിവച്ചു. കേരള സംസ്ഥാനം രൂപീകൃതമായി. ഡോ.ബി രാമകൃഷ്ണറാവു കേരള ഗവര്‍ണ്ണറായി.
# 1957 - ഏപ്രില്‍ 5- ബാലറ്റു പേപ്പറിലൂടെ ഏഷ്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി.
# 1957 - എറണാകുളം - കൊല്ലം റെയില്‍വെ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാലയായി വികസിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി ആവിഷ്കരിച്ച വിദ്യാഭ്യാസ ബില്‍ നിയമസഭ പാസ്സാക്കി.
# 1958 - ഏപ്രില്‍ 1 - എറണാകുളം ആസ്ഥാനമായി പുതിയ ജില്ല നിലവില്‍ വന്നു.
# 1959 - ജൂണ്‍ 15 - വിമോചന സമരം ആരംഭിച്ചു. അങ്കമാലിയില്‍ വെടിവയ്പ്പ് നടന്നു.
# 1959 - ജൂലൈ 31 - വിമോചന സമരത്തെത്തുടര്‍ന്ന് കേരള മന്ത്രിസഭയെ ഇന്ത്യന്‍ പ്രസിഡന്റ് പിരിച്ചുവിട്ടു. പ്രസിഡന്റ് ഭരണം നടപ്പിലാക്കി.
# 1960 - ഫെബ്രുവരി 1 - കേരള നിയമസഭയിലേക്ക് രണ്ടാം പൊതുതെരെഞ്ഞെടുപ്പ്.
# 1960 - ഫെബ്രുവരി 22 - കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി (കോണ്‍ഗ്രസ്, പി.എസ്.പി) സര്‍ക്കാര്‍ അധികാരത്തിലെത്തി. പട്ടം താണുപിള്ള കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
# 1960 - ജനുവരി 18 - കേരളത്തില പഞ്ചായത്ത് രാജ് സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
# 1961 - ജൂലൈ 1 - കേരള പോസ്റല്‍ സര്‍ക്കിള്‍ നിലവില്‍ വന്നു.
# 1962 - ഓഗസ്റ് 20 - സംസ്ഥാനത്തെ ആദ്യത്തെ തുറന്ന ജയില്‍ തിരുവനന്തപുരം പരുത്തിപ്പള്ളി റിസര്‍വ് വനത്തില്‍ നെട്ടുകാല്‍ത്തേരിയില്‍ ഉദ്ഘാടനം ചെയ്തു.
# 1962 - സെപ്തംബര്‍ 26 - ആര്‍. ശങ്കര്‍ (കോണ്‍ഗ്രസ്) കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1963 - കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്.
# 1963 - നവംബര്‍ 21 - തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ്ങ് സ്റേഷനില്‍ നിന്നു ആദ്യ റോക്കറ്റായ നൈക്ക് അപ്പാച്ചി വിക്ഷേപിച്ചു.
# 1963 - കേരള ഭൂപരിഷ്കരണ നിയമം പാസ്സാക്കി.
# 1964 - സെപ്തംബര്‍ 8 - അവിശ്വാസ പ്രമേയം വഴി ആര്‍.ശങ്കര്‍ മന്ത്രി സഭയെ പുറത്താക്കി. അവിശ്വാസ പ്രമേയം വഴി പുറത്താകുന്ന കേരളത്തിലെ ഏക സര്‍ക്കാരാണ്.
# 1964 - ഒക്ടോബര്‍ 9 - കേരളത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. കേരള കോണ്‍ഗ്രസ് പിറന്നു.
# 1964 - ഒക്ടോബര്‍ 31 - കമ്മ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നു. സി.പി.എം. ഔദ്യോഗികമായി നിലവില്‍ വന്നു.
# 1965 - മാര്‍ച്ച് 4 - കേരള നിയമസഭയിലേക്ക് മൂന്നാം തെരെഞ്ഞെടുപ്പ്.
# 1965 - മാര്‍ച്ച് 24 - നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ നിയമസഭ പിരിച്ചുവിട്ടു.
# 1965 - ഏപ്രില്‍ 1 - കെ.എസ്.ആര്‍.ടി.സി നിലവില്‍ വന്നു.
# 1965 - നവംബര്‍ 1 - കേരളത്തില്‍ ഔദ്യേഗികഭാഷ മലയാളമാക്കി കൊണ്ടുള്ള ആദ്യ നടപടികള്‍ ആരംഭിച്ചു.
# 1966 - മേയ് 5 - മലയാള ചലച്ചിത്രം ചെമ്മീന്‍ (സംവിധാനം രാമുകാര്യാട്ട്) രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിന് അര്‍ഹമായി. ദക്ഷിണേന്ത്യയ്ക്കു ലഭിക്കുന്ന ആദ്യ സ്വര്‍ണ മെഡലാണ്.
# 1967 - ഫെബ്രിവരി 20 - കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സപ്തമുന്നണി മന്ത്രിസഭ.
# 1968 - കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി ആരംഭിച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി തുടങ്ങുന്നത്.
# 1968 - നവംബര്‍ 22 - നക്സലൈറ്റ് സംഘം സലശ്ശേരി പോലീസ് സ്റേഷന്‍ ആക്രമിച്ചു.
# 1968 - നവംബര്‍ 24 - നക്സലൈറ്റ് സംഘം പുല്‍പ്പള്ളി വയര്‍ലസ് സ്റേഷന്‍ ആക്രമിച്ചു.
# 1968 - തുമ്പ റോക്കറ്റു വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്രസംഘടനയ്ക്ക് സമര്‍പ്പിച്ചു.
# 1969 - ജനുവരി 22 - നക്സലൈറ്റ് സംഘം കോട്ടയം ജില്ലയിലെ മോനിപ്പള്ളി ടെലഫോണ്‍ എക്സ്ചേഞ്ച് തീ വെച്ചു.
# 1969 - ജൂണ്‍ 16 - മലപ്പുറം ജില്ല നിലവില്‍ വന്നു.
# 1969 - ഒക്ടോബര്‍ 24 - രണ്ടാം ഇ.എം.എസ് മന്ത്രിസഭ (സപ്തമുന്നണി) രാജിവച്ചു.
# 1969 - നവംബര്‍ 1 - സി. അച്യുതമേനോന്‍ (സി.പി.എം) മന്ത്രിസഭ അധികാരമേറ്റു.
# 1969 - ഡിസംബര്‍ 17 - നക്സലൈറ്റ് സംഘം കുറ്റ്യാടിപോലീസ് സ്റേഷന്‍ ആക്രമിച്ചു.
# 1970 - ജനുവരി 1 - കേരള ഭൂപരിഷ്കരണ ഭോദഗതി നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ എല്ലാ തരത്തിലുള്ള ജന്മികുടിയാന്‍ ബന്ധങ്ങളും സംസ്ഥാനത്ത് അവസാനിച്ചു.
# 1970 - ഫെബ്രുവരി 9 - വയനാട്ടിലെ തിരുനെല്ലി തൃശിലേരി പ്രദേശങ്ങളില്‍ എം.വര്‍ഗീസിന്റെ നേതൃത്വത്തില്‍ നക്സലൈറ്റ് ആക്രമണം. ജന്മിയായ വാസുദേവ അഡഗയേയും ചേക്കുവിനേയും കൊലപ്പെടുത്തി.
# 1970 - ഓഗസ്റ് 1 - കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ്.
# 1970 - സെപ്റ്റംബര്‍ 24 - സി.അച്യുതമേനോന്‍ മന്ത്രിസഭ അധികാരമേറ്റു.
# 1972 - ജനുവരി 25 - ഇടുക്കി ജില്ല നിലവില്‍ വന്നു
# 1972 - മേയ് 14 - കേരളത്തില്‍ ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കുള്ള ലക്ഷം വീട് പദ്ധതി ആരംഭിച്ചു.
# 1974 - മേയ് 29 - ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ചു ഡാമായ ഇടുക്കി ഡാമിന്റെ പണി പൂര്‍ത്തിയായി
# 1975 - ഫെബ്രുവരി 13 - വേമ്പനാട് കായലിനെ തണ്ണിമുക്കം മണ്‍ചിറയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
# 1976 - ഫെബ്രുവരി 12 -കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയെ ഇടുക്കിയില്‍ നിന്നും വിദ്യുച്ഛക്തി ഉത്പാദനം ആരംഭിച്ചു.
# 1977 മാര്‍ച്ച് 19 - അഞ്ചാം കേരള നിയമസഭാ തെരഞ്ഞെടുപ്പ്.
# 1977 മാര്‍ച്ച് 25 - കെ കരുണാകന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1977 ഏപ്രില്‍ 25 - രാജന്‍ കേസിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് മുഖ്യമന്ത്രി കെ. കരുണാകരന്‍ രാജി വച്ചു.
# 1977 ഏപ്രില്‍ 27 - എ കെ ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1978 ഒക്ടോബര്‍ 27 - ചിക്മംഗ്ചൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കു പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി എ കെ ആന്റണി രാജി വച്ചു.
# ഒക്ടോബര്‍ 29 - കേരള മുഖ്യമന്ത്രിയായി പി കെ വാസുദേവന്‍ നായര്‍ സ്ഥാനമേറ്റു.
# 1979 ജൂലൈ 5 - കെ എം മാണിയുടെയും പി ജെ ജോസഫിന്റെയും നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു.
# 1979 സെപ്റ്റംബര്‍ 15 - കേരളത്തില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്.
# 1979 ഒക്ടോബര്‍ 7 - ഇഷ്ടദാന ബില്ല് തര്‍ക്കത്തെ തുടര്‍ന്ന് പി കെ വാസുദേവന്‍ നായര്‍ മന്ത്രിസഭ രാജിവച്ചു.
# 1979 ഒക്ടോബര്‍ 9 - സി എച്ച് മുഹമ്മദ് കോയ (മുസ്ളീം ലീഗ്) മന്ത്രി സഭ സ്ഥാനമേറ്റു.
# 1980 ജനുവരി 21 - ആറാം കേരള നിയമസഭാ തെരഞ്ഞെടുപ്പ്
# 1980 ജനുവരി 25 - ഇ കെ നായനാര്‍ (സി പി എം) കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1980 ജനുവരി 28 - കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച ആദ്യകപ്പല്‍ റാണി പത്മിനി കടലിലിറക്കി.
# 1980 നവംബര്‍ 1 - വയനാട് ജില്ല രൂപീകൃതമായി.
1981 ഒക്ടോബര്‍ 20 - കേരളകോണ്‍ഗ്രസ് പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതിനാല്‍ ഇ.കെ നയനാരുടെ നേതൃത്വത്തിലുള്ള ഇടതു മന്ത്രി സഭ രാജി വച്ചു.
# 1981 ഡിസംബര്‍ 28 - കെ.കരുണാകരന്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1982 മാര്‍ച്ച് 17 - കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ രാജിവച്ചു.
# 1982 മേയ് 19 - ഏഴാം കേരള നിയമസഭാതെരഞ്ഞെടുപ്പ് പറവൂര്‍ നിയോജക മണ്ഡലത്തിലെ 50 ബൂത്തുകളില്‍ ഇന്ത്യയില്‍ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി.
# 1982 മേയ് 24 കെ.കുരണാകരന്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1983 ഒക്ടോബര്‍ 26 - കേരളത്തിലെ നാലാമത്തെ സര്‍വ്വകലാശാല കോട്ടയത്ത് നിലവില്‍ വന്നു.
# 1983 നവംബര്‍ 5 - സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു.
# 1984 മേയ് 24 - കേരളത്തിലെ അവസാന ജില്ലയായ കാസര്‍കോഡ് രൂപീകൃതമായി.
# 1985 ജനുവരി 1 - ദൂരദര്‍ശന്‍ മലയാള പരിപാടികള്‍ സംപ്രേക്ഷണം ആരംഭിച്ചു.
# 1986 - പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിച്ചു.
# 1987 മാര്‍ച്ച് 26 - ഇ.കെ.നയനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. മന്ത്രിസഭ അധികാരമേറ്റു.
# 1988 - കോഴിക്കോട്(കരിപ്പൂര്‍) വിമാനത്താവളത്തില്‍ ആദ്യത്തെ വിമാനമിറങ്ങി.
# 1988 - ക്രിസ്ത്യന്‍ വനിതകള്‍ക്ക് പിതൃസ്വത്തില്‍ തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു.
# 1988 ജൂലൈ 8 - പെരുമണ്‍ ദുരന്തം. കൊല്ലം ജില്ലയിലെ പെരുമണില്‍ വച്ച് ബാംഗ്ളൂര്‍ - തിരുവനന്തപുരം ഐലന്റ് എക്സ്പ്രസ് തീവണ്ടി അഷ്ടമുടി കായലിലേക്ക് മറിഞ്ഞ് 107 പേര്‍ മരിച്ചു.
# 1989 ജനുവരി 16 - പ്രശസ്ത ചലച്ചിത്ര നടന്‍ പ്രേംനസീര്‍ അന്തരിച്ചു.
# 1989 മാര്‍ച്ച് 11 - കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരള ത്തിലെ ആദ്യത്തെ പദ്ധതി പാലക്കാട് കോട്ടമലയില്‍ ഉദ്ഘാടനം ചെയ്തു.
# 1989 ജൂണ്‍ 25 - കോട്ടയം ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത നേടുന്ന ആദ്യത്തെ പട്ടണമായി.
# 1989 ഒക്ടോബര്‍ 5 - ഇന്ത്യയില്‍ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാജഡ്ജിയായി മലയാളിയായ എം.ഫാത്തിമബീവി നിയമിതയായി.
# 1990 ഫെബ്രുവരി 4 - ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി എറണാകുളം മാറി.
# 1990 ഫെബ്രുവരി 9 - കേരളത്തിലെ ജില്ലകളുടേയും താലൂക്കുകളുടേയും പേരില്‍ നിന്ന് ഇംഗ്ളീഷ് ഉച്ചാരണ രീതി മാറ്റി പൂര്‍ണ്ണ മലയാള പേരുകള്‍ സ്വീകരിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
# 1990 മാര്‍ച്ച് 29 - കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായി കണിക്കൊന്നയെ പ്രഖ്യാപിച്ചു.
# 1990 ഒക്ടോബര്‍ 31 - കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറിയായി പത്മാ രാമചന്ദ്രന്‍ നിയമിതയായി.
# 1991 ജനുവരി 1 - തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു.
# 1991 ജനുവരി 29 - കേരളത്തില്‍ ആദ്യമായി ജില്ലാ കൌണ്‍സില്‍ തെരെഞ്ഞെടുപ്പ് നടന്നു.
# 1991 ഏപ്രില്‍ 18 - ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി.
# 1991 ജൂണ്‍ 12 - കേരളത്തില്‍ നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പ്.
# 1991 മേയ് 24 - കേരളത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റു.
# 1991 ജൂലൈ 19 - അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ.ചിത്തിര തിരുനാള്‍ ബാലരാമവര്‍മ നാടുനീങ്ങി.
# 1991 ജനുവരി 29 - കേരളത്തില്‍ ആദ്യമായി ജില്ലാ കൌണ്‍സില്‍ തെരെഞ്ഞെടുപ്പ് നടന്നു.
# 1991 ഏപ്രില്‍ 18 - ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി.
# 1991 ജൂണ്‍ 12 - കേരളത്തില്‍ നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പ്.
# 1991 മേയ് 24 - കേരളത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റു.
# 1991 ജൂലൈ 19 - അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ.ചിത്തിര തിരുനാള്‍ ബാലരാമവര്‍മ നാടുനീങ്ങി.
# 1991 ഓഗസ്റ് 16 - മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ അന്തരിച്ചു.
# 1992 ഏപ്രില്‍ 3 - പ്രശസ്ത ഗായകന്‍ കെ.ജെ.യേശുദാസിനെ സംസ്ഥാനത്തിന്റെ ആജീവ ആസ്ഥാന ഗായകനായി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
# 1992 ഏപ്രില്‍ 15 - മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ പരീക്ഷണ സംപ്രേക്ഷണം ഉദ്ഘാടനം ചെയ്തു.
# 1992 ജൂലൈ 20 - പൂന്തുറ കലാപം, 5 മരണം.
# 1992 ഓഗസ്റ് 19 - കെ.ആര്‍.നാരായണനെ ഉപരാഷ്ട്രപതിയായി തെരെഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളി.
# 1993 ഓഗസ്റ് 4 - ചിന്മയാ മിഷന്‍ സ്ഥാപകന്‍ സ്വാമി ചിന്മയാനന്ദന്‍ അന്തരിച്ചു.
# 1994 ജൂലൈ 5 - വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചു.
# 1995 മാര്‍ച്ച് 16 - ഐ.എസ്.ആര്‍.ഒ ചാരക്കേസ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കെ.കരുണാകരന്‍ രാജിവച്ചു.
# 1995 മാര്‍ച്ച് 22 - എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റു.
# 1996 മാര്‍ച്ച് 15 - സംസ്ഥാന വനിതാ കമ്മീഷന്‍ രൂപീകരിച്ചു.
# 1996 ഏപ്രില്‍ 22 - പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പ്.
# 1996 മേയ് 20 - ഇ.കെ.നായനാര്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1997 ജനുവരി 23 - കേരളത്തിലെ ആദ്യത്തെ ടെസ്റ്യൂബ് ശിശുക്കള്‍ കൊച്ചിയിലെ വിജയ ക്ളിനിക്കില്‍ പിറന്നു.
# 1997 ഒക്ടോബര്‍ 15 - മലയാളിയായ ഇംഗ്ളീഷ് എഴുത്തുകാരി അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന പുസ്തകത്തിന് ബുക്കര്‍ പുരസ്കാരം ലഭിച്ചു.
# 1997 - കെ.ആര്‍.നാരായണന്‍ രാഷ്ട്രപതിയായി.
# 1998 - ഇ.എം.എസ് അന്തരിച്ചു.
# 1999 ജനുവരി 14 - ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 51 തീര്‍ത്ഥാടകര്‍ മരിച്ചു.
# 1999 ജനുവരി 17 - കായംകുളം താപനിലയം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
# 1999 മേയ് 25 - നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
# 2000 ഡിസംബര്‍ 12 - ഇരുപത് വര്‍ഷത്തിനിടയില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കി ജില്ലയിലെ പൈനാവ് കേന്ദ്രീകരിച്ചുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തി.
# 2001 മേയ് 10 - പതിനൊന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്.
# 2001 മേയ് 17 - എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റു.
# 2001 ജൂണ്‍ 22 - മംഗലാപുരം- ചെന്നൈ മെയില്‍ ട്രെയിന്‍ കടലുണ്ടിപുഴയിലേക്ക് മറിഞ്ഞ് 57 പേര്‍ മരിച്ചു.
# 2001 - കൂടിയാട്ടത്തിന് യുനസ്കോയുടെ അംഗീകാരം.
# 2002 ജനുവരി 3 - കോഴിക്കോട് മാറാട് ബീച്ചില്‍ വര്‍ഗീയ സംഘര്‍ഷം. അഞ്ചുപേര്‍ മരിച്ചു.
# 2002 ജൂലൈ 27 - കുമരകത്ത് ബോട്ടുമുങ്ങി 29 പേര്‍ മരിച്ചു.
# 2003 ജനുവരി 18 - സംസ്ഥാന സര്‍ക്കാരിന്റെ ആഗോള നിക്ഷേപ സംഗമം (ജിം) കൊച്ചിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
# 2003 ഫെബ്രുവരി 19 - മുത്തങ്ങ സംഭവം. മുത്തങ്ങയില്‍ വനം കൈയ്യേറിയ ആദിവാസികളെ ഒഴിപ്പിക്കാനായി പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ ഒരു പോലീസുകാരനും ഒരു ആദിവാസിയും മരിച്ചു.
# 2003 മേയ് 13 - കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു.
# 2004 ഓഗസ്റ് 31 - കേരള മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു.
# 2004 നവംബര്‍ 8 - കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറായി ഡോ.ജാന്‍സി ജെയിംസ് നിയമിതയായി.
# 2005 ഫെബ്രുവരി 16 - വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
# 2006 ഏപ്രില്‍ 22 - പന്ത്രണ്ടാം കേരള നിയമസഭാ തെരെഞ്ഞെടുപ്പ്.
# 2006 മെയ് 18 - സി.പി.എം നേതാവ് വി.എസ്.അച്യുതാനാന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി.
# 2011മേയ് 18, കേരള മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു.