2018 ജൂൺ 25, തിങ്കളാഴ്‌ച

എപ്പോഴും നാം വിചാരിക്കുന്നതും ചെയ്യുന്നതും ശരിയാവണമെന്നില്ല







ഒരിടത്ത് ഒരു കുറുക്കനും കഴുതയും ഉണ്ടായിരുന്നു. വലിയ കൂട്ടുകാരായിരുന്നു അവര്‍. അങ്ങനെയിരിക്കെ ചൂടുകാലം വന്നു. വല്ലാത്ത ചൂടും ദാഹവും. കഴുതയ്ക്ക് ഒരു തണ്ണിമത്തങ്ങ തിന്നുവാന്‍ കൊതിയായി. അടുത്ത് ഒരിടത്ത് ഒരു വലിയ തണ്ണിമത്തന്‍ തോട്ടം ഉണ്ടെന്നു അവന്അറിയാമായിരുന്നു. കഴുതയും കുറുക്കനും കൂടി അവിടേക്ക് പോയി.

തോട്ടത്തിലെത്തിയപ്പോഴല്ലേ പ്രശ്നം. ചുറ്റും വേലികെട്ടിയിരിക്കുന്നു. അകത്താണെങ്കിലോ നല്ല വിളഞ്ഞുപഴുത്ത, അകമൊക്കെ നല്ല ചൊമചൊമാന്നു ചുവന്ന തണ്ണിമത്തങ്ങകളും. കഴുതയ്ക്കും കുറുക്കനും കൊതിയടക്കാനായില്ല. ആരും കാണാതെ കഴുത പതിയ വേലിയുടെ ഒരു ഭാഗം കടിച്ചും ചവിട്ടിയും പൊളിക്കാനാരംഭിച്ചു. കുറുക്കനും സഹായിച്ചു. അവസാനം ഒരു ചെറിയ വിടവ് ആ വേലിയില്‍ ഉണ്ടാക്കിയിട്ട് കഴുതയും കുറുക്കനും കൂടി തോട്ടത്തിനകത്തു കയറി!

താമസിയാതെ അവര്‍ തണ്ണിമത്തനുകള്‍ പൊട്ടിച്ച് തിന്നാന്‍ തുടങ്ങി. “ഹാ‍വൂ... എന്തു രുചി....” കഴുതയും കുറുക്കനും വയറുനിറയെ തിന്നു. അല്‍പ്പം കഴിഞ്ഞ് വയറുനിറഞ്ഞു എന്നായപ്പോള്‍ കഴുത ഉറക്കെ “ങീഹോ...ങീഹോ... “ എന്ന് അമറാന്‍ തുടങ്ങി. അതുകേട്ട് കുറുക്കന്‍ ചോദിച്ചു, “നീയെന്താ ഇങ്ങനെ അമറുന്നത്.....മിണ്ടാതിരിക്കെടാ കഴുതേ.. തോട്ടത്തിന്റെ കാവല്‍കാരെങ്ങാനും കേട്ടാല്‍ അവര്‍ വന്ന് നിന്നെ അടിച്ച് ശരിയാക്കും.”

കഴുത പറഞ്ഞു “ഞാന്‍ അമറിയതല്ല കുറുക്കാ, ഞാന്‍ പാട്ടുപാടുകയാണെന്ന് കേട്ടാലറിയില്ലേ. എനിക്കേ, വയറുനിറയെ ശാപ്പാട് കഴിച്ചാല്‍ പിന്നെ ഉറക്കെയൊന്നു പാടണം, ഇതെന്റെ പണ്ടേയുള്ള ശീലമാ.....”

കുറുക്കന്‍ വീണ്ടും കഴുതയെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷേ കഴുത അത് കേട്ടില്ല എന്നുമാത്രവുമല്ല, ഉറക്കെ തന്റെ പാട്ട് തുടര്‍ന്നു. ഇനി ഇവിടെ നിന്നാല്‍ തനിക്കും തല്ലുകൊള്ളും എന്നു മനസ്സിലാക്കിയ കുറുക്കന്‍ ഓടീപ്പോയി ഒരു കാടിനുള്ളില്‍ മറഞ്ഞിരുന്നു.

തോട്ടത്തില്‍നിന്നും കഴുതയുടെ കരച്ചില്‍കേട്ട കാവല്‍ക്കാര്‍ വടിയുമായി ഓടിവന്നു. വേലിപൊളിച്ച് അകത്തുകടന്ന് തണ്ണിമത്തന്‍ തിന്ന കഴുതയെ അവര്‍ അടിച്ചു. അടീകൊണ്ട് കഴുത ഓടാന്‍ തുടങ്ങി. കഷ്ടമേ, വേലി പൊളിച്ചഭാഗവും കാണുന്നില്ലല്ലോ. അവസാനം അടികൊണ്ട് അവശനായ കഴുത ഒരു വിധത്തില്‍ തോട്ടത്തിനു വെളീയില്‍ കടന്നു.
കാവല്‍ക്കാര്‍ പോയെന്നുറപ്പായപ്പോള്‍ കുറുക്കന്‍ അവന്റെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു, “ചങ്ങാതീ, നിന്നോട് ഞാനപ്പോഴേ പറഞ്ഞതല്ലേ, പാടരുത്, കാവല്‍ക്കാര്‍ വരും എന്ന്. എന്നിട്ട് നീയത് കേട്ടീല്ല. ഇനി കിട്ടിയത് അനുഭവിച്ചോ“.
കഴുത ഒന്നും മിണ്ടാതെ തലയും താഴ്ത്തി കുറുക്കനോടൊപ്പം നടന്നു.
ഈ കഥയില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠം പഠിച്ചു?
അറിവുള്ളവര്‍ പറയുന്നത് അനുസരിക്കണം, എപ്പോഴും നാം വിചാരിക്കുന്നതും ചെയ്യുന്നതും ശരിയാവണമെന്നില്ല
============================================================

നല്ല കൂട്ടുകെട്ടില്ലെങ്കിൽ നമ്മളും നല്ലവരല്ലെന്നു കണക്കാക്കും






ചങ്ങാതിയെ അറിഞ്ഞാൽ ആളെയറിയാം


നിരവധി കഴുതകളുടെ ഉടമയായിരുന്ന ഒരു കച്ചവടക്കാരൻ ഒരു കഴുതയെക്കൂടി വാങ്ങുവാൻ തീരുമാനിച്ചു. കമ്പോളത്തിൽ പോയി അയാൾ ഒരു കഴുതയെ തിരഞ്ഞെടുത്തു. വില്പ്പനക്കാരനോട് അയാൾ പറഞ്ഞു.
"ഞാൻ ഇവനെ വീട്ടിലേക്ക് കൊണ്ടുപോയി നോക്കട്ടെ. മൂന്നാലു ദിവസം കഴിഞ്ഞു കച്ചവടം ഉറപ്പിക്കാം."
അയാൾ കഴുതയെ ആലയത്തിൽ മറ്റ് കഴുതകൾക്കൊപ്പം ആക്കി. പുതിയ കഴുത ഉടൻ തന്നെ ഒരു ചങ്ങാതിയെ തിരഞ്ഞെടുത്തു. കൂട്ടത്തിൽ ഏറ്റവും അധികം ഭക്ഷണം കഴിക്കുകയും, ഏറ്റവും കുറച്ചു ജോലിചെയ്യുകയും ചെയ്യുന്ന കഴുതയെയാണ്‌ നവാഗത കഴുത തിരഞ്ഞെടുത്തത്. ഇത് കണ്ട കച്ചവടക്കാരൻ അടുത്ത ദിവസം തന്നെ അങ്ങാടിയിൽ പോയി അവനെ തിരികെ ഏല്പ്പിച്ചുകൊണ്ടു പറഞ്ഞു:
"ഇവന്റെ ഗുണമറിയാൻ ഒരു ദിവസം പോലും വേണ്ടിവന്നില്ല. ഇവൻ തിരഞ്ഞെടുത്ത ചങ്ങാതിയെകണ്ടാലറിയാം ഇവന്റെ സ്വഭാവഗുണം."
ഗുണപാഠം: നല്ല കൂട്ടുകെട്ടില്ലെങ്കിൽ നമ്മളും നല്ലവരല്ലെന്നു കണക്കാക്കും

ശത്രു സഹായം തേടുന്നവനു ഖേദം ഭവിയ്ക്കും





 ആമയും പരുന്തും

ആമയ്കൊരു പൂതി തോന്നി. ഒന്നു മാറി താമസിക്കണം എന്ന്. പുതിയ ഒരു സ്ഥലത്തേക്ക് മാറാൻ ആമ പരുന്തിനോട് സഹായം തേടി. പുതിയ സ്ഥലത്ത് കൊണ്ടെത്തിക്കാൻ നല്ല പ്രതിഫലവും വാഗ്ദാനം ചെയ്തു. പരുന്ത് സമ്മതിച്ചു. പരുന്തിന്റെ നഖത്തിലേറി ആമ ആകാശാരോഹിതനായി. വഴിയ്ക്കുവെച്ച് അവർ ഒരു കാക്കയെ കണ്ടു.
കാക്ക പരുന്തിനോടായി പറഞ്ഞു, "ആമയിറച്ചി നല്ല സ്വാദുള്ളതാണ്"
പരുന്ത് പ്രതിവചിച്ചതിങ്ങനെയാണ് "ശരിയായിരിക്കാം എന്നാൽ ആമത്തോടിനു ഭയങ്കര കട്ടിയാണല്ലോ. പൊളിയ്ക്കാൻ പറ്റുമെന്നു തോന്നുന്നില്ല"
"പാറപ്പുറത്തിട്ടാൽ മതി" കാക്ക ഉപദേശിച്ചു. കാക്കയുടെ ബുദ്ധി പരുന്തിനു ബോധിച്ചു. ആമയെ ഉയരത്തിൽ നിന്നും ഒരു പാറപ്പുറത്തേയ്ക്കിട്ടു. കാക്കയും പരുന്തും ആമയിറച്ചി ആസ്വദിച്ചു കഴിച്ചു.
ഗുണപാഠം: ശത്രു സഹായം തേടുന്നവനു ഖേദം ഭവിയ്ക്കും

ബുദ്ധിപരമായ വാക്കുകൾ എതിർക്കുന്നതിനേക്കാൾ നല്ലതാണ്.




സിംഹവും കുറുക്കനും 

കഴുതയുടെ തലച്ചോറ്

വനരാജാവായ സിംഹവും ഒരു കുറുക്കനും കൂടി നായാട്ടിനിറങ്ങി. അവർ ഒരു കഴുതയെക്കാണാനിടയായി. കുറുക്കന്റെ ഉപദേശപ്രകാരം സിംഹം കഴുതയ്ക്ക് ഒരു സന്ദേശം കൊടുത്തയച്ചു. കഴുതയുടെ കൂട്ടരുമായി ഒരു സഖ്യം ഉണ്ടാക്കാൻ സിംഹം ആഗ്രഹിക്കുന്നു എന്നതായിരുന്നു സന്ദേശം. രാജകീയ സഖ്യം എന്നുകേട്ട് സന്തോഷംകൊണ്ട് മതിമറന്നു കഴുത അഭിമുഖത്തിനെത്തി. സിംഹമാകട്ടെ കഴുതയുടെമേൽ ചാടിവീണു അതിന്റെ കഥ കഴിച്ചു. എന്നിട്ട് കുറുക്കനോടായി കൽപ്പിച്ചു.
"ഞാൻ ഒന്നു പോയി മയങ്ങിയിട്ടു വരാം. നീ ഈ ഭക്ഷണം കാത്തുകൊള്ളണം. ഒരു ക്ഷണപോലും തൊട്ടേയ്ക്കരുത്. നിന്റെ കഥയും ഞാൻ കഴിയ്ക്കും."
സിംഹം വിശ്രമിക്കാൻ പോയി. സിംഹത്തിന്റെ വരവും കാത്തിരുന്ന കുറുക്കൻ കുറെ കഴിഞ്ഞ് ക്ഷമ നശിച്ച് കഴുതയുടെ തലച്ചോറ് അപ്പാടെ ശാപ്പിട്ടു. സിംഹം തിരിച്ചെത്തിയപ്പോൾ അലറി "എവിടെ ഇവന്റെ തലച്ചോറ്?"
കുറുക്കൻ ഉടൻ തന്നെ മറുപടി നൽകി. "മഹാരാജൻ, കഴുതയ്ക്ക് തലച്ചോറ് ഉണ്ടായിരുന്നെങ്കിൽ അങ്ങ് ഒരുക്കിയ കെണിയിൽ അവൻ വീഴുമായിരുന്നോ?"
ഗുണപാഠം: ബുദ്ധിപരമായ വാക്കുകൾ എതിർക്കുന്നതിനേക്കാൾ നല്ലതാണ്.

കൊച്ചുകൂട്ടുകര്‍ക്കും പിന്നെ കഥ പറഞ്ഞു കൊടുക്കാന്‍ ആഗ്രഹിക്കുന്ന അമ്മ

കഥകള്‍ ഇഷ്ടപെടുന്ന കൊച്ചുകൂട്ടുകര്‍ക്കും പിന്നെ കഥ പറഞ്ഞു കൊടുക്കാന്‍ ആഗ്രഹിക്കുന്ന അമ്മ മാര്‍ക്കും വേണ്ടി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു

അമ്മു മുയലിന്റെ പഠിത്തം

ഒരിക്കല്‍ ഒരിടത്ത് കൃഷ്ണപുരം എന്നൊരു രാജ്യം ഉണ്ടായിരുന്നു . കൃഷ്ണപുരത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കൂടെ രാധാ നദി ഒഴുകിയിരുന്നു ,നദീതീരത്ത് ഇഷ്ടം പോലെ ഇളം പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്നു ,നദീ തീരത്തുള്ള കാട്ടില്‍ ഒരുപാടു മൃഗങ്ങള്‍ ഉണ്ടായിരുന്നു ,മാന്‍ ,മുയല്‍ ,കടുവ,സിംഹം അങ്ങനെ ഒരുപാടു മൃഗങ്ങള്‍ ഉണ്ടായിരുന്നു .
ഈ കാട്ടിലാണ് സുന്ദരിയായ അമ്മു മുയല്‍ അവളുടെ അമ്മയുടെ കൂടെ കഴിഞ്ഞിരുന്നത് . അവള്‍ക്കു ആ കാട്ടില്‍ ഒരുപാടു കൂട്ടുകാരും ഉണ്ടായിരുന്നു . മറ്റു മുയല്‍ കുഞ്ഞുങ്ങള്‍ എല്ലാം പൊത്തിലോളിച്ചു കളിക്കുമ്പോ അമ്മു മുയല്‍ കാട്ടിലൂടെ കറങ്ങി നടന്നു .അപ്പോള്‍ അവളൊരു മാനേ കണ്ടു ,എന്ത് വേഗത്തിലാണെന്നോ മാന്‍ ഓടുന്നത് ,അമ്മു മുയല്‍ മാനിന്റെ അടുത്ത് ചെന്ന് പറഞ്ഞു “നമസ്കാരം ചേട്ടാ ,ചേട്ടന്‍ എന്ത് വേഗത്തിലനോടുന്നത് ഇത്രയും വേഗത്തിലോടാന്‍ വേറെ ആര്‍ക്കും കഴിയില്ല ” മറ്റുള്ളവരുടെ കഴിവുകളെ അഭിനന്ദിക്കണമെന്നു അമ്മു വിന്റെ അമ്മ അവള്‍ക്കു പറഞ്ഞു കൊടുത്തിരുന്നു . ആദ്യമായിട്ടാണു ആരെങ്കിലും മാനെ അഭിനന്ദിക്കുന്നതു ,മാനിനു സന്തോഷമായി ,അവര്‍ രണ്ടു പേരും കൂട്ടുകാരായി ,അമ്മു ചോദിച്ചു “ചേട്ടാ ചേട്ടാ എന്നെയും ഇങ്ങനെ ഓടാന്‍ പഠിപ്പിക്കാമോ ” മാന്‍ പറഞ്ഞു “അതിനെന്താ പഠിപ്പിക്കാമല്ലോ ” മാന്‍ അമ്മുവിനെ വേഗത്തില്‍ ഓടാന്‍ പഠിപ്പിച്ചു . മാനിനോട് യാത്ര പറഞ്ഞു അമ്മു മുയല്‍ സ്വന്തം മാളത്തിലെത്തി യപ്പോള്‍ കൂട്ടുകാര്‍ ചോദിച്ചു “നീ എവിടെ പോയതാ ” നടന്നതെല്ലാം അമ്മു പറഞ്ഞു ,അപ്പോള്‍ കൂട്ടുകാര്‍ അവളെ കളിയാക്കി . അമ്മു പറഞ്ഞു “എല്ലാവരില്‍ നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട് ” കൂട്ടുകാര്‍ വീണ്ടും കളിയാക്കി .
അതൊന്നും കാര്യമാക്കാതെ അമ്മു മുയല്‍ അടുത്ത ദിവസവും യാത്രയായി . ഇത്തവണ കണ്ടു മുട്ടിയതൊരു തവളയെ ആയിരുന്നു ,താവള കുളത്തില്‍ ചാടി ചാടി പൊയ് കൊണ്ടിരുന്നു : അമ്മു മുയല്‍ വിളിച്ചു പറഞ്ഞു ” ഏയ് ചങ്ങാതി ” തവള കേട്ട ഭാവം പോലും കാണിച്ചില്ല . അമ്മു വീണ്ടും പറഞ്ഞു ” നിങ്ങളെ പോലെ ഇത്രയും നല്ല ഒരു അഭ്യാസിയെ ഞാന്‍ വേറെ കണ്ടിട്ടില്ല ” .ഇത് കേട്ടപ്പോള്‍ തവളയ്ക്ക് സന്തോഷമായി ,രണ്ടു വലിയ ചാട്ടം ചാടി തവള മുയളിനടുത്തെത്തി . തവള തന്റെ വീര കഥകള്‍ അമ്മു വിനോട് പറഞ്ഞു ,പാമ്പുകളെ പറ്റിച്ചു രക്ഷപെട്ട കഥ ,മുങ്ങാം കുഴിയിട്ട് പോയതു ,അങ്ങനെ ഒരു പാടൊരുപാട് ,അമ്മു എല്ലാം കേട്ടിരുന്നു ,അവസാനം അമ്മു ചോദിച്ചു എന്നെയും പഠിപ്പിക്കാമോ ഇതല്ലാം ,തവള സന്തോഷത്തോടെ സമ്മതിച്ചു . മാളത്തിലേക്ക് പോകും മുന്‍പേ അമ്മു നല്ലൊരു ചാട്ടക്കാരി ആയിമാറി .
അങ്ങനെ ഓരോ ദിവസവും അമ്മു ഓരോ കാര്യങ്ങള്‍ പഠിച്ചു . അങ്ങനെ ഇരിക്കെ ഒരുദിവസം ഒരു വേടന്‍ ആ കാട്ടിലെത്തി ,ഒരു പാട് മൃഗങ്ങള്‍ വേടന്റെ കയ്യില്‍ പെട്ടു . ഒടുവില്‍ അയാള്‍ അമ്മുവും കൂട്ടരും താമസിക്കുന്ന മാളത്തിനടുത്തും എത്തി . മുയലുകള്‍ പരക്കം പാഞ്ഞോടി .
അമ്മു മുയലിനൊരു ഉപായം തോന്നി ,അമ്മു മുയല്‍ വേടന്റെ മുന്‍പില്‍ ഞൊണ്ടി ഞൊണ്ടി നടന്നു ,വേടന്‍ വിചാരിച്ചു ഓടാന്‍ വയ്യാത്ത ഒരു മുയല്‍ ഇതിനെ വേഗം പിടിക്കാം ,വേടന്‍ അടുത്തെ ത്തിയതും അമ്മു കുതിച്ചു പാഞ്ഞു ,വേടനും വാശി യായി ,അയ്യാള്‍ പുറകെ ഓടി ,പക്ഷെ മാനിനെ പോലെ ഓടുന്ന അമ്മു വിനെ പിടിക്കാനുണ്ടോ വേടന് പറ്റുന്നു ,ഒടുവില്‍ ഓടി ഓടി ഒരു വലിയ കുളത്തിന്റെ തീരത്തെത്തി .
വേടന് സന്തോഷമായി ,ഇനി മുയല്‍ ഓടില്ലല്ലോ ,അമ്മുവിന്റെ മേലേക്ക് അയ്യാള്‍ ചാടി വീണു ,അമ്മുവാകട്ടെ കുളത്തിലെക്കെടുത്തു ചാടി ,ആമ്പലിന്റെ മുകളില്‍ പോയിരുന്നു ,വേടനും പുറകെ ചാടി ,അമ്മു ആമ്പല്‍ ഇലകളില്‍ മേല്‍ ചാടി ചാടി കരയില്‍ പൊയ് ഇരുന്നു ,വേടന്‍ കുളത്തിലെ വെള്ളത്തില്‍ വീണു . അമ്മുവിന്റെ കൂട്ടുകാരനായ തവളയും ആ കുളത്തിലെ മീനുകളും ചേര്‍ന്ന് വേടനെ കടിച്ചു ശരിപ്പെടുത്തി ,വേടന്‍ ജീവനും കൊണ്ടോടി ,പിന്നീടൊരിക്കലും ആ വഴിക്ക് വന്നിട്ടില്ല .
എല്ലാരേയും രക്ഷിച്ച അമ്മു മുയലിനെ മുയലുകളുടെ നേതാവാക്കി ,അമ്മു മുയല്‍ വീണ്ടും ഓരോന്ന് പഠിച്ചും മറ്റുള്ളവര്‍ക്ക് തനിക്കരിയവുന്നത് പറഞ്ഞു കൊടുത്തും കാട്ടില്‍ ചുറ്റി നടന്നു ,എല്ലാ മൃഗങ്ങളെയും കൂട്ടുകാരാക്കി . കൂട്ടുകാരെ അമ്മു വിനെ പോലെ നമുക്കും മറ്റുള്ളവരില്‍ നിന്നും എന്തൊക്കെ പഠിക്കാന്‍ ഇരിക്കുന്നു ,ജീവിതത്തില്‍ എന്നെന്കിലും അതെല്ലാം ഉപകാരപ്പെടും തീര്‍ച്ച ,ഇന്ന് തന്നെ തുടങ്ങുക .


കാക്ക പെണ്ണും കൃഷ്ണ സര്‍പ്പവും

ഒരിടത്ത് ഒരു വലിയ പേരാലിന്‍ മേല്‍ ഒരു ആണ്‍ കാക്കയും പെണ്‍ കാക്കയും സ്നേഹത്തോടെയും സന്തോഷിച്ചും ജീവിച്ചിരുന്നു
അങ്ങനെ ഒരു ദിവസം പെണ്‍ കാക്ക ഒരു മുട്ടയിട്ടു ,രണ്ടു കാക്കകളും ഒരു പാട് സന്തോഷിച്ചു , പക്ഷെ മുട്ട വിരിഞ്ഞു പുറത്തുവന്ന അവരുടെ ഓമനയായ കാക്ക കുഞ്ഞിനെ മരപോത്തില്‍ താമസ്സിക്കുന്ന കൃഷ്ണ സര്‍പ്പം വന്നു തിന്നു കളഞ്ഞു .
കുഞ്ഞിനെ  നഷ്ടപെട്ട ദുഃഖത്തില്‍ പേരാലിനു ചുറ്റും ക്രാ ക്രാ എന്ന് കരഞ്ഞു പറന്നു .
പാവം കാക്കകള്‍ അല്ലെ ,പെണ്‍ കാക്ക പിന്നെയും മുട്ടകളിട്ടു,പക്ഷെ കൃഷ്ണ സര്‍പ്പം വന്നവയെ തിന്നു കളഞ്ഞു .
കാക്കകള്‍ അവരുടെ ഉറ്റ ചങ്ങാതിയായ കുറുക്കനെ കാട്ടില്‍ പോയി കണ്ടു .കുറുക്കന്‍ പറഞ്ഞു ,”കൂട്ടുകാരെ ഭീകരനായ കൃഷ്ണ സര്‍പ്പത്തെ കൊല്ലാന്‍ നമ്മളെ കൊണ്ടാവില്ല ,ഞാന്‍ ഒരു ഉപായം പറയാം ,നിങ്ങള്‍ രാജാവിന്റെ കൊട്ടാരത്തിനടുത്തു പോയി രാജാവിന്റെ മാലയോ മറ്റോ കൊത്തി കൊണ്ട് വന്നു കൃഷ്ണസര്‍പ്പത്തിന്റെ മാളത്തില്‍ കൊണ്ടിടണം,രാജ ഭടന്മാര്‍ മാല എടുക്കാന്‍ വരുമ്പോള്‍ കൃഷ്ണ സര്‍പ്പത്തെ കൊന്നുകൊള്ളും .
കാക്കകള്‍ നേരെ കൊട്ടാരത്തിലേക്ക് പറന്നു ,കുളിക്കടവില്‍ രാജ്ഞി അഴിച്ചു വച്ചിരുന്ന വജ്ര മാലയും കൊത്തി ആണ്‍ കാക്ക പറന്നു ,പുറകെ രാജ ഭടന്മാരും ഓടി ,അവസാനം രാജ ഭടന്മാര്‍ കാണ്കെ ആ മാല കൃഷ്ണ സര്‍പ്പത്തിന്റെ മാളത്തില്‍ കൊണ്ടിട്ടു .
മരത്തില്‍ കയറി മാളത്തില്‍ നിന്ന് മലയെടുക്കാന്‍ ശ്രമിച്ച ഭടനെ കൃഷ്ണ സര്‍പ്പം കൊത്തി,ഉടനെ രാജ ഭടന്മാര്‍ കൃഷ്ണ സര്‍പ്പത്തെ പുകച്ചു പുറത്തു ചാടിച്ചു ,വാളിന് വെട്ടിയും കുന്തത്തിനു കുത്തിയും അവര്‍ സര്‍പ്പത്തെ കൊന്നു . അങ്ങനെ ദുഷ്ടനായ സര്‍പ്പത്തിന്റെ കഥ കഴിഞ്ഞു .
പെണ്‍ കാക്ക പിന്നെയും ഒരു പാട് മുട്ടകളിട്ടു ,വിരിഞ്ഞു പുറത്തു വന്ന കുഞ്ഞുങ്ങളും കാക്കകളും സുഘമായി കഴിഞ്ഞു .
ശക്തിയെ ബുദ്ധി കൊണ്ട് ജയിക്കാമെന്ന് മനസ്സിലായില്ലെ കൂട്ടുകാരെ

കുരങ്ങന്‍റെ വാല്‍

ഒരിടത്തൊരിടത്തൊരു കുരങ്ങന്‍ ഉണ്ടായിരുന്നു ,മഹാ വികൃതി ആയിരുന്നു ആ കുരങ്ങന്‍ ,മുതിര്‍ന്ന കുരങ്ങന്മാര്‍ പറയുന്നതൊന്നും അവന്‍ കേട്ടിരുന്നില്ല ,എന്ത് കണ്ടാലും അതിലൊക്കെ എന്തെങ്കിലും ചെയ്യാതെ അവനു സമാധാനം ആവുകയില്ല .
ഒരിക്കല്‍ കാടിനടുത്തു കുറെ മരം വെട്ടുകാര്‍ വന്നു ,അവര്‍ മരം വെട്ടി താഴെ വീഴ്ത്തി എന്നിട്ട് മരം പാതി പിളര്‍ന്നു വച്ചിട്ട് അതിനിടയില്‍ ഒരു മരക്കഷണം തിരുകിയിട്ടു ഊണ് കഴിക്കാന്‍ പോയി .ഈ തക്കം നോക്കി കുരങ്ങന്‍ ആ തടിയില്‍ കേറി ഇരുന്നു ,എന്നിട്ട് പിളര്‍പ്പിനിടയില്‍ വച്ചിരുന്ന മരക്കഷണം ഊരി എടുക്കാന്‍ നോക്കി ,ടപ്പേ എന്നാ ശബ്ദ ത്തോടെ പിളര്‍ന്നു വച്ചിരുന്ന മരം ചേര്‍ ന്നടഞ്ഞു ,കൈയില്‍ മരക്കഷണവും പിടിച്ചു കുരങ്ങന്‍ നിലവിളിച്ചു പോയി ,എന്താണെന്നോ പിളര്‍പ്പിനിടയില്‍ പെട്ട് കുരന്ങച്ചന്റെ വാല് മുറിഞ്ഞു പോയി ,
മുറിഞ്ഞ വാലുമായി കുരങ്ങച്ചന്‍ കാട്ടിലെക്കോടി ,പിന്നീടൊരിക്കലും ആവശ്യമില്ല ത്തിടത്തു തലയിടാന്‍ പോയിട്ടില്ല ,പക്ഷെ വാല് പോയത് പോയത് തന്നെ അല്ലെ .
കാട്ടിലെ മറ്റു കുസൃതി കുരങ്ങന്‍ മാര്‍ക്കും അമ്മമാര്‍ ഈ കുരങ്ങന്‍റെ മുറിഞ്ഞ വാല് കാണിച്ചു കൊടുക്കാറുണ്ട് .
ആവശ്യ മില്ലാത്തിടത്ത് പോകാനോ,ആവശ്യ മില്ലത്തത് ചെയ്യാനോ പാടില്ല ,അല്ലെ കൂട്ടുകാരെ .
അറിയാനുള്ള ആഗ്രഹം നല്ലത് തന്നെ ,പക്ഷെ മുതിര്‍ന്നവരോട് അനുവാദം വാങ്ങിയിട്ട് വേണം ചെയ്യാന്‍ ,അല്ലെങ്കില്‍ അപകടം ഉണ്ടാകും .
കൂട്ടുകാരില്‍ ചിലെരെങ്കിലും വൈദൃതി ഉപകരണങ്ങളില്‍ കളിക്കാറില്ലേ ,അപ്പോള്‍ ഈ കഥ ഓര്‍ക്കുക ..

പഞ്ചതന്ത്ര കഥകള്‍

പഞ്ചതന്ത്ര കഥകള്‍ എന്ന് കേട്ടിട്ടില്ലേ കൂട്ടുകാരെ , ലോകത്തിലെ എല്ലാ ശാസ്ത്രങ്ങളും ഉള്‍കൊള്ളിച്ചു വിഷ്ണു ശര്‍മന്‍ എന്ന പണ്ഡിതന്‍ മണ്ടന്മാരായ രാജകുമാരന്‍ മാരെ പഠിപ്പിക്കാന്‍ രചിച്ച അഞ്ചു പുസ്തകങ്ങളാണ് പഞ്ചതന്ത്ര കഥകള്‍ , ഈ ലോകത്തില്‍ ജീവിക്കാനാവശ്യമായ അറിവുകളെല്ലാം കഥകളുടെ രൂപത്തിലാണ് പഞ്ചതന്ത്ര കഥകളില്‍ പറഞ്ഞിരിക്കുന്നത് .
പഞ്ചതന്ത്ര കഥകള്‍ നമുക്കും ഉപകാരപെടും തീര്‍ച്ച . ഒരു കഥയില്‍ നിന്നും അടുത്തതിലേക്ക് പോകുന്ന രീതിയിലാണ്‌ പഞ്ചതന്ത്ര കഥകള്‍ .
ആദ്യത്തെ കഥ ഇതാ …

കുരങ്ങന്‍റെ വാല്‍


ബുദ്ധിമാനായ കൃഷിക്കാരന്‍

ഒരിടത്തൊരിടത്ത് രണ്ടു കര്‍ഷകര്‍ ഉണ്ടായിരുന്നു രാമുവും ദാമുവും ,അവര്‍ രണ്ടു പേരും ദരിദ്രര്‍ ആയിരുന്നു ,ഒരുനേരത്തെ ആഹാരത്തിനു പോലും അവര്‍ കഷ്ട പെട്ടിരുന്നു ,കുട്ടികള്‍ വിശന്നു കരയുന്നത് നോക്കി നില്‍ക്കാനെ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ .
അവര്‍ രാജാവിനെ കണ്ടു സങ്കടം പറഞ്ഞു . പ്രജകളുടെ ക്ഷേമത്തില്‍ തല്പരനായ ആ നല്ല രാജാവ്‌ അവര്‍ക്ക് പത്തു  ചാക്ക് നെല്ല് വീതം നല്‍കി . രാമുവും ദാമുവും സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തി .
രാമു കൂട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു വിരുന്നു നല്‍കി .വിരുന്നിനു വന്നവരെല്ലാം രാമുവിനെ പുകഴ്ത്തുകയും വിരുന്നു നല്‍കാത്ത ദാമുവിനെ കളിയാക്കുകയും ചെയ്തു .ഇതെല്ലം കണ്ടു പോങ്ങച്ചകാരനായ രാമു സന്തോഷിച്ചു .
ദാമുവാകട്ടെ ,ആ നെല്ലില്‍ കുറച്ചെടുത്തു കൃഷി ചെയ്യാന്‍ തീരുമാനിച്ചു .കുറച്ചു നെല്ല് നല്‍കി ഒരു കാളയെ വാടകക്കെടുത്തു കൃഷി നിലം ഉഴുതു മറിച്ചു , നെല്ല് പാകി .
ദാമുവിന്റെ കൃഷി നന്നായി വന്നു , പിന്നെയും പിന്നെയും കൃഷി ചെയ്തു ദാമു ആ നാട്ടിലെ പണക്കാരനായി മാറി .
ദാമു നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിരുന്നു നല്‍കി ,എല്ലാവരും ദാമുവിനെ പുകഴ്ത്തി ,പക്ഷെ ദാമു എല്ലാത്തിനും ദൈവത്തിനും സഹായിച്ച രാജാവിനും ,വിരുന്നിനെത്തിയ എല്ലാവര്ക്കും നന്ദി പറഞ്ഞു ,എല്ലാവര്ക്കും ദാമുവിനെ ഒരുപാടിഷ്ടമായി ,ദരിദ്രനായ രാമുവിനെ ആരും കണ്ട ഭാവം പോലും കാണിച്ചില്ല .
തന്നെ സഹായിച്ച രാജാവിനെ ചെന്ന് കണ്ടു വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാനും ദാമു മറന്നില്ല .ബുദ്ധി മാനായ ദാമുവിനെ രാജാവ്‌ ഗ്രാമ തലവനായി വാഴിച്ചു .
പഴയ കൂട്ടുകാരനായ രാമുവിന് കൃഷിചെയ്യാനുള്ള സഹായവും ദാമു നല്‍കി ,ഒപ്പം ഒരു ഉപദേശവും ,വിത്തെടുത്തു ഉണ്നരുത് .
കഥ ഇഷ്ടമായോ കൂട്ടുകാരെ , നമ്മുടെ സമയവും ,പണവും നമ്മള്‍ ദാമുവിനെ പോലെ ആണോ ചിലവാക്കുന്നത് ,ആലോചിച്ചു നോക്കു .
വലിയ നേട്ടങ്ങള്‍ നേടാന്‍ ചെറിയ സഹനങ്ങളും ബുദ്ധിമുട്ടുകളും സഹിക്കാന്‍ മനസ്സുണ്ടാവണം .