2018 ജൂൺ 25, തിങ്കളാഴ്‌ച

എപ്പോഴും നാം വിചാരിക്കുന്നതും ചെയ്യുന്നതും ശരിയാവണമെന്നില്ല







ഒരിടത്ത് ഒരു കുറുക്കനും കഴുതയും ഉണ്ടായിരുന്നു. വലിയ കൂട്ടുകാരായിരുന്നു അവര്‍. അങ്ങനെയിരിക്കെ ചൂടുകാലം വന്നു. വല്ലാത്ത ചൂടും ദാഹവും. കഴുതയ്ക്ക് ഒരു തണ്ണിമത്തങ്ങ തിന്നുവാന്‍ കൊതിയായി. അടുത്ത് ഒരിടത്ത് ഒരു വലിയ തണ്ണിമത്തന്‍ തോട്ടം ഉണ്ടെന്നു അവന്അറിയാമായിരുന്നു. കഴുതയും കുറുക്കനും കൂടി അവിടേക്ക് പോയി.

തോട്ടത്തിലെത്തിയപ്പോഴല്ലേ പ്രശ്നം. ചുറ്റും വേലികെട്ടിയിരിക്കുന്നു. അകത്താണെങ്കിലോ നല്ല വിളഞ്ഞുപഴുത്ത, അകമൊക്കെ നല്ല ചൊമചൊമാന്നു ചുവന്ന തണ്ണിമത്തങ്ങകളും. കഴുതയ്ക്കും കുറുക്കനും കൊതിയടക്കാനായില്ല. ആരും കാണാതെ കഴുത പതിയ വേലിയുടെ ഒരു ഭാഗം കടിച്ചും ചവിട്ടിയും പൊളിക്കാനാരംഭിച്ചു. കുറുക്കനും സഹായിച്ചു. അവസാനം ഒരു ചെറിയ വിടവ് ആ വേലിയില്‍ ഉണ്ടാക്കിയിട്ട് കഴുതയും കുറുക്കനും കൂടി തോട്ടത്തിനകത്തു കയറി!

താമസിയാതെ അവര്‍ തണ്ണിമത്തനുകള്‍ പൊട്ടിച്ച് തിന്നാന്‍ തുടങ്ങി. “ഹാ‍വൂ... എന്തു രുചി....” കഴുതയും കുറുക്കനും വയറുനിറയെ തിന്നു. അല്‍പ്പം കഴിഞ്ഞ് വയറുനിറഞ്ഞു എന്നായപ്പോള്‍ കഴുത ഉറക്കെ “ങീഹോ...ങീഹോ... “ എന്ന് അമറാന്‍ തുടങ്ങി. അതുകേട്ട് കുറുക്കന്‍ ചോദിച്ചു, “നീയെന്താ ഇങ്ങനെ അമറുന്നത്.....മിണ്ടാതിരിക്കെടാ കഴുതേ.. തോട്ടത്തിന്റെ കാവല്‍കാരെങ്ങാനും കേട്ടാല്‍ അവര്‍ വന്ന് നിന്നെ അടിച്ച് ശരിയാക്കും.”

കഴുത പറഞ്ഞു “ഞാന്‍ അമറിയതല്ല കുറുക്കാ, ഞാന്‍ പാട്ടുപാടുകയാണെന്ന് കേട്ടാലറിയില്ലേ. എനിക്കേ, വയറുനിറയെ ശാപ്പാട് കഴിച്ചാല്‍ പിന്നെ ഉറക്കെയൊന്നു പാടണം, ഇതെന്റെ പണ്ടേയുള്ള ശീലമാ.....”

കുറുക്കന്‍ വീണ്ടും കഴുതയെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷേ കഴുത അത് കേട്ടില്ല എന്നുമാത്രവുമല്ല, ഉറക്കെ തന്റെ പാട്ട് തുടര്‍ന്നു. ഇനി ഇവിടെ നിന്നാല്‍ തനിക്കും തല്ലുകൊള്ളും എന്നു മനസ്സിലാക്കിയ കുറുക്കന്‍ ഓടീപ്പോയി ഒരു കാടിനുള്ളില്‍ മറഞ്ഞിരുന്നു.

തോട്ടത്തില്‍നിന്നും കഴുതയുടെ കരച്ചില്‍കേട്ട കാവല്‍ക്കാര്‍ വടിയുമായി ഓടിവന്നു. വേലിപൊളിച്ച് അകത്തുകടന്ന് തണ്ണിമത്തന്‍ തിന്ന കഴുതയെ അവര്‍ അടിച്ചു. അടീകൊണ്ട് കഴുത ഓടാന്‍ തുടങ്ങി. കഷ്ടമേ, വേലി പൊളിച്ചഭാഗവും കാണുന്നില്ലല്ലോ. അവസാനം അടികൊണ്ട് അവശനായ കഴുത ഒരു വിധത്തില്‍ തോട്ടത്തിനു വെളീയില്‍ കടന്നു.
കാവല്‍ക്കാര്‍ പോയെന്നുറപ്പായപ്പോള്‍ കുറുക്കന്‍ അവന്റെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു, “ചങ്ങാതീ, നിന്നോട് ഞാനപ്പോഴേ പറഞ്ഞതല്ലേ, പാടരുത്, കാവല്‍ക്കാര്‍ വരും എന്ന്. എന്നിട്ട് നീയത് കേട്ടീല്ല. ഇനി കിട്ടിയത് അനുഭവിച്ചോ“.
കഴുത ഒന്നും മിണ്ടാതെ തലയും താഴ്ത്തി കുറുക്കനോടൊപ്പം നടന്നു.
ഈ കഥയില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠം പഠിച്ചു?
അറിവുള്ളവര്‍ പറയുന്നത് അനുസരിക്കണം, എപ്പോഴും നാം വിചാരിക്കുന്നതും ചെയ്യുന്നതും ശരിയാവണമെന്നില്ല
============================================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ