2019 ജൂൺ 20, വ്യാഴാഴ്‌ച

കൊടികുത്തും കാരുണികനായ ശൈഖ്‌ ഫരീദുദ്ദീന്റെ ജീവചരിത്രവും.



കൊടികുത്തും കാരുണികനായ ശൈഖ്‌ ഫരീദുദ്ദീന്റെ ജീവചരിത്രവും.


വൈക്കം മുഹമ്മദ്‌ ബഷീര്‍ തന്റെ ഒരു കഥയില്‍ (ഹര! ഹര! ശിങ്കിടിമുങ്കന്‍ ! ) പേരു പരാമര്‍ശി ക്കുന്ന കാഞ്ഞിരമറ്റം ശൈഖ്‌ ഫരീദുദ്ദീന്‍ (റ) ന്റെ മഖ്‌ബറയില്‍ ആണ്ടുതോറും ജനു : 14 നാണ്‌ കൊടികുത്ത്‌ ചന്ദനക്കുടം നേര്‍ച്ച ഉറൂസ്‌ നടക്കുന്നത്‌. ഇവിടെ നിന്നും ഏതാനും കി. മീ. അകലെ വൈക്കം താലൂക്കിലെ തലയോല പ്പറമ്പിലാണ്‌ ബഷീര്‍ ജനിച്ചത്‌. ചന്ദനക്കുടം നേര്‍ച്ച ഉറൂസ്‌ ജനു : 14 ന്‌ ആചരിക്കുവാന്‍ പ്രത്യകിച്ച്‌ കാരണമുണ്ട്‌. ശബരിമലക്ക്‌ പുറത്ത്‌ വാവര്‍ക്ക്‌ ഒരു പള്ളിയുള്ളത്‌ ഇവിടെയാണ്‌. കിഴക്കേ ദിക്കിലേക്ക്‌ അഭിമുഖമായ മഖ്‌ബറ ഒരു കുന്നിന്‍ ചരിവിലാണ്‌ സ്ഥാപിക്കപ്പെട്ടത്‌. ആ കുന്നിനു മുകളില്‍ കിഴക്കേ ദിക്കിലേക്കു തന്നെ അഭിമുഖ മായി വാവരുപള്ളി സ്ഥിതി ചെയ്യുന്നു. ഇത്‌ മലേപ്പള്ളി എന്നും അറിയപ്പെടുന്നു. പടിഞ്ഞാറുഭാഗം കടലിറങ്ങി രൂപപ്പെട്ട കരിനിലങ്ങളാണ്‌. 

അന്ന്‌, അരയന്മാരുടെ ആവാസകേന്ദ്രമായ പൂണിത്തുറ ( കൊച്ചി രാജാക്കന്മാര്‍ കൊട്ടാരത്തില്‍ വെള്ളം കയറുകയാലാണ്‌ പൂണിത്തുറയില്‍ വന്നത്‌. അതോടെ ഇവിടം 'തിരു' പൂണിത്തു റയായി. പിന്നീട്‌ തൃപ്പൂണിത്തുറയായി. കടല്‍ത്തീരത്തിന്റെ - 'തുറ'യുടെ - ഒര്‍മ്മകളും പേറി ചമ്പക്കര ഇന്നും മത്സ്യവിപണന കേന്ദ്രമായി നിലനില്‍ക്കുന്നു ) കടുത്തുരുത്തി യും (കടല്‍ത്തുരുത്ത്‌ ) കടല്‍ത്തീരത്തായിരുന്നു. ഇതിന്‌ ഇടയില്‍ പെട്ടതാണ്‌ കാഞ്ഞിരമറ്റം മലയും. മറ്റൊരു കഥകൂടി ഐതിഹ്യ വിദുക്കള്‍ പറയുന്നുണ്ട്‌. പടിഞ്ഞാറ്‌ കടലില്‍ വെച്ച്‌ ഒരു കപ്പല്‍ മുങ്ങാന്‍ തുടങ്ങുമ്പോള്‍ ഉടമ നേര്‍ന്നതാണ്‌ പള്ളിയിലെ 40 അടി നീളമുള്ള കൊടി എന്ന്‌. അത്‌ കപ്പലിന്റെ നീളം തന്നെയാണ്‌. ആനപ്പുറത്ത്‌ നിന്നാണ്‌ ഉയരത്തിലുള്ള കൊടിമരത്തലപ്പിലേക്ക്‌ ഇത്‌ വലിച്ചു പൊക്കുന്നത്‌. കൊടിയുടെ നീളത്തെക്കുറിച്ചുള്ള അന്വേഷണ മാകാം ഇത്തരം ഒരു ഐതിഹ്യത്തെ രൂപപ്പെടുത്തിയത്‌. ഇത്രക്ക്‌ നീളം വരുന്ന കൊടി മറ്റെങ്ങും കാണാനുമില്ല. കപ്പലും കടലുമായി അത്‌ ബന്ധപ്പെട്ടിരിക്കു ന്നതിനാല്‍ കാഞ്ഞിരമറ്റം കടല്‍ത്തീരത്താ യിരുന്നു എന്ന നേര്‌ വിളിച്ചോതുന്നുന്നുണ്ട്‌. ഭൂമിശാസ്‌ത്രപരമായ തെളിവുകളും ഇതിന്‌ അനുകൂലമാണ്‌. പ്രചാരകനായ ഫരീദുദ്ദീന്‍ കടല്‍ മാര്‍ഗമാണ്‌ കാഞ്ഞിരമറ്റത്ത്‌ എത്തുന്നതും.

ശൈഖ്‌ ഫരീദുദ്ദീന്‍ ആരായിരുന്നുവെന്ന കാര്യത്തില്‍ കുറച്ചുകാലം മുമ്പുവരെ അന്വേഷണങ്ങള്‍ ഒന്നും നടന്നിരുന്നില്ല. സമീപവാസിയും അധ്യാപകനും ഗ്രന്ഥകാരനുമായ ടി എ ഹസന്‍കുട്ടി ഫരീദുദ്ദീന്റെ ജീവചരിത്രഗ്രന്ഥം എഴുതുന്നതുവരെ. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അല്‍ - ഹിന്ദ്‌ പബ്ലിഷേഴ്‌സാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. ഫരീദുദ്ദീനെ കുറിച്ച്‌ ആധികാരികമായ അറിവുതരുന്ന പുസ്‌തകം ഇതൊന്നു മാത്രമാണ്‌. ദീര്‍ഘനാളത്തെ പഠന - പാരായണ യാത്രയുടെ കഠിനമായ ശ്രമത്തിനൊടുവിലാണ്‌ ഹസന്‍കുട്ടി മാഷ്‌ ചരിത്രപുരുഷനെ വീണ്ടെടുക്കുന്നത്‌.

ഫരീദുദ്ദീന്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും മതപ്രചരണാര്‍ത്ഥം സഞ്ചരിച്ചാണ്‌ കാഞ്ഞിരമറ്റത്ത്‌ എത്തിച്ചേരുന്നത്‌. ഇവിടെ എത്തിയശേഷം മറ്റെങ്ങോ ട്ടെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ എന്നറിയാന്‍ മാര്‍ഗങ്ങളില്ല. എന്നാല്‍ കാഞ്ഞിരമറ്റത്ത്‌ ആരാധനാലയമല്ല സ്ഥാപിച്ചത്‌. കാരുണിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു നിലയം എന്ന നിലക്ക്‌ തന്റെ വാസസ്ഥാനമാണ്‌ സ്ഥാപിച്ചത്‌. വാവരുപള്ളി ഫരീദുദ്ദീന്‍ സ്ഥാപിച്ചതാണോ എന്നും കൃത്യമായി പറയാനാവില്ല. എന്തായാലും അതും ഒരു ആരാധനാലയമല്ല. സ്‌മാരകം മാത്രമാണ്‌ ഇന്നും. പടിഞ്ഞാറ്‌ കടലിറങ്ങി രൂപപ്പെട്ട തുരുത്തുകളായ കാട്ടിക്കുന്നിലും ചെമ്പിലും വ്യത്യസ്‌ത മഖ്‌ബറകള്‍ ഉണ്ട്‌. മറ്റാരുടെയെങ്കിലും മഖ്‌ബറ വാവരുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണോ എന്നും പറയാനാവില്ല. പ്രാഥാന്യമില്ലാത്തവരെയും സാധാരണക്കാ രെയും മഖ്‌ബറക്ക്‌ ചുറ്റുമുള്ള പറമ്പില്‍ എവിടെയെങ്കി ലുമൊക്കെ ഖബറടക്കി യിരുന്നു. അന്ന്‌ പ്രത്യേകം സെമിത്തേരി ഉണ്ടായിരുന്നില്ല. ഫരീദുദ്ദീനെ ഖബറടക്കിയത്‌ വലിയ കുടീരമായി ഉയര്‍ത്തി പടുത്തു. ആര്‍ക്കും സന്ദര്‍ശിക്കാവുന്ന രീതിയില്‍ ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. 1982ല്‍ ഈ മഖ്‌ബറ പുതുക്കിപ്പണിയുന്നതുവരെ അതിനംകം പോര്‍ട്ടുഗലില്‍ നിന്നും കൊണ്ടുവന്ന തറയോടുകള്‍ വിരിച്ചതും സ്‌ഫടികത്തില്‍ തീര്‍ത്ത നിരവഥി അലങ്കാരവിളക്കുകള്‍ തൂങ്ങുന്ന മച്ചുകളുമുള്ള, മരം കൊണ്ടു തീര്‍ത്ത ഒരു മാളിക തന്നെയായിരുന്നു. അന്നത്തെ വാസ്‌തുവിദ്യ അനുസരിച്ച്‌ ആവുന്ന തരത്തില്‍ താഴികക്കുടം പോലെ, ഓടുമേഞ്ഞതാണ്‌ ഖബറിടത്തിന്റെ മേല്‍ക്കൂര. അതിപ്പോഴും പഴയപടിതന്നെ നിലനിര്‍ത്തിയിട്ടുണ്ട്‌.

ഫരീദുദ്ദീന്‍ ആരെയും നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനത്തിന്‌ പിരേരിപ്പിച്ചില്ല എന്നതിന്‌ തെളിവാണ്‌ ഈ സ്ഥലം ഇന്നും ഒരു മുസ്ലീം ഭീരിപക്ഷപ്രദേശമല്ല എന്നുള്ളത്‌. മഖ്‌ബറക്ക്‌ സമീപമുള്ള വീടുകള്‍ പരിശേധിച്ചാലും അന്യമതസ്ഥരാണ്‌ കൂടുതല്‍ എന്നതും ഈ നിരീക്ഷണ ത്തിന്‌ ബലം നല്‍കുന്നു. എന്നാല്‍ പ്രചരിപ്പിക്കപ്പെട്ടതുപോലെ വെട്ടിപ്പിടിക്കാന്‍ വേണ്ടി അതിക്രമിച്ചെത്തിയവരല്ല, ഫരീദുദ്ദീനെ പോലെയുള്ള പ്രചാരകര്‍, തങ്ങളുടെ നിലപാടുകളോട്‌ യോജിപ്പുള്ളവരെ തഴഞ്ഞില്ല എന്നു മാത്രം. കൂടുതലായ വിവരങ്ങള്‍ ജീവചരിത്രത്തില്‍ വായിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ