2019 മേയ് 5, ഞായറാഴ്‌ച

ശംഭു നടനം




ശംഭു നടനം



പതഞ്‌ജലിയും വ്യാഘ്രപാദരുംആദ്യമായി ആനന്ദ താണ്ഡവം ദർശിച്ച സ്ഥലമമാണ് ചിദംബരം. പഞ്ചഭൂത ലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമാണ്പതഞ്‌ജലി നിർമ്മിച്ച ഈ ചിദംബരക്ഷേത്രം.
 പ്രപഞ്ചം ആകെ നിറഞ്ഞു നിന്ന ആ നടനത്തിനു നാല് സാക്ഷികളത്രേ. സന്തത സഹചാരികൾ ആയ നന്ദിയും ഭൃംഗിയും നൃത്ത വേളയിൽ എത്തിച്ചേർന്ന പതഞ്‌ജലിയും വ്യാഘ്രപാദരും. രണ്ടു കൊമ്പും നാലു കാലുമുള്ള നന്ദിയും മൂന്നു കാലുകൾ ഉള്ള ഭൃംഗിയും മനുഷ്യ ശിരസ്സും പേര് പോലെ വ്യാഘ്രത്തിൻറെ പാദങ്ങളും ചേർന്ന വ്യാഘ്രപാദരും കൊമ്പും കാലും ഇല്ലാത്ത പതഞ്ജലിയെ അതിൻറെ പേരിൽ പരിഹസിക്കുമായിരുന്നു. മനുഷ്യൻറെ ശിരസ്സും പാമ്പിൻറെ ഉടലുമായി ആണ് പതഞ്‌ജലിയെ അവതരിപ്പിക്കുന്നത്. എന്നാൽ കണ്ണും കാതും ഇല്ലാത്ത ചക്ഷു:ശ്രവണൻ ആയ തനിക്കാണ് ശൈവ താണ്ഡവം പൂർണമായും ആസ്വദിക്കാൻ ആകുക എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. പതഞ്‌ജലിയുടെ ശിവ താണ്ഡവ വർണനയാണ്‌ ശംഭു നടനം. തനിക്കില്ലാത്ത കൊമ്പുകളും കാലുകളും അദ്ദേഹം ഈ സ്തോത്രത്തിൽ ഉപേക്ഷിച്ചിരിക്കുന്നു (സംസ്കൃതത്തിലെ ദീർഘങ്ങൾ - ഈ ഏ)

കർണാടക സംഗീതത്തിലെ അതിപ്രഗത്ഭരായ ഗണേഷ് കുമരേഷ് രാഗമാലികയിൽ തീർത്ത ശംഭു നടനം കാണാം കേൾക്കാം.





വെറും വാച്യ അർത്ഥത്തിൽ എടുക്കേണ്ടുന്ന ഒരു കഥയല്ല ഇത്. The Tao of Physics by Fritjof Capra ശിവ താണ്ഡവത്തെ ആധുനിക ശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നുണ്ട്.



ചിലർ ഏഴെന്നും ചിലർ പതിനാറെന്നും താണ്ഡവത്തെ വിഭജിക്കുന്നു. നാട്യശാസ്ത്രത്തിൽ ഏറെ പ്രാധാന്യം ഉള്ളതാണ് ശിവ താണ്ഡവം. ലാസ്യം ആണ് ആനന്ദ താണ്ഡവത്തിൻറെ ഭാവം. താണ്ഡവ ലാസ്യ സംയോഗത്തിൽ നിന്നും താളം രൂപം കൊള്ളുന്നു. പുരുഷന് താണ്ഡവം സ്ത്രീക്ക് ലാസ്യം. രണ്ടും ശിവനിൽ തന്നെ. അങ്ങനെ ശിവൻ അർദ്ധ നാരീശ്വരൻ ആകുന്നു.



ആനന്ദ കൂമാരസ്വാമി നടനത്തിന്റെയും മെറ്റാ ഫിസിക്സിന്റെയും കണ്ണുകളിലൂടെ ശിവ താണ്ഡവം വിശദീകരിക്കുന്നുണ്ട്.



എല്ലാ സന്ധ്യയ്ക്കും ശിവൻ താണ്ഡവം ആടുന്നു. അതാണ് സന്ധ്യാ താണ്ഡവം. പ്രപഞ്ച ഉത്പത്തിയെ പറ്റിയുള്ള അതി സങ്കീർണമായ പരീക്ഷണങ്ങൾ നടത്തുന്ന സ്വിറ്റ്സ്ർലണ്ടിലെ ജനീവയിലുള്ള CERN ലാബിൻറെ മുന്നിൽ ഉള്ള നടരാജ വിഗ്രഹം.




ശാന്തനായി ആനന്ദ താണ്ഡവമാടുന്ന ശിവൻ മാത്രമല്ല പ്രപഞ്ചം ആകെ നാശത്തിൻറെ വക്കിൽ എത്തിയ സംഹാര താണ്ഡവത്തിനും ഭാരത ഭൂമി സാക്ഷ്യം വഹിച്ചു. ഹിമവാന്റെ മടിത്തട്ടിൽ ഹരിദ്വാരിനടുത്തുള്ള, നീൽ ധാര നദിക്കരയിലെ കൻഖൽ ആണ് സ്ഥലം.



                                                കൻഖൽ ദക്ഷ പ്രജാപതി ക്ഷേത്രം  


താൻ ഏറെ വെറുത്ത രുദ്രനെയും തന്നെ ധിക്കരിച്ച് അവനെ വേട്ട പുത്രിയേയും ക്ഷണിക്കാതെ ദക്ഷ പ്രജാപതി യാഗം നടത്തിയ കൻഖൽ. ശിവൻറെ വാക്ക് കൂട്ടാക്കാതെ പിതാവ് നടത്തുന്ന മഹായാഗം കാണാൻ ഒറ്റയ്ക്ക് എത്തിയ മകളേയും ജാമാതവിനെയും ദക്ഷൻ കണക്കറ്റ് ഭർത്സിച്ചു. ദുഖവും കോപവും അപമാനവും സഹിക്ക വയ്യാതെ സതി ഹോമാഗ്നിയിൽ ജീവനൊടുക്കി. നാരദർ വഴി വിവരം അറിഞ്ഞ ശിവൻ വിഷം ചീറ്റുന്ന നാഗഭൂഷണൻ ആയി ഭൂതങ്ങളും ഭിക്ഷക്കാരും പ്രാകൃതരും അഘോരികളും കാപാലികരും ചേർന്ന തൻറെ കിങ്കര വ്യൂഹമൊത്ത് യാഗ സ്ഥലത്ത് പാഞ്ഞെത്തി. ചേതനയറ്റ പ്രിയതമയുടെ ശരീരം കണ്ട ശിവൻറെ തൃക്കണ്ണിൽ നിന്നും ചുടു നിശ്വാസ വായുവിൽ നിന്നും ഉടലെടുത്ത കോപാകുലരായ ഭീകര പോരാളികൾ കണ്ണിൽ കണ്ടതെല്ലാം തകർത്ത് തരിപ്പണമാക്കി. പ്രകൃതിയും പഞ്ച ഭൂതങ്ങളും പ്രക്ഷുബ്ധമായി. കത്തിക്കരിഞ്ഞ സതിയുടെ മൃതദേഹവും കയ്യിലേന്തി സകല രൗദ്ര ഭാവങ്ങളും പൂണ്ട് ശിവൻ ഈരേഴു പതിനാലു ലോകത്തും താണ്ഡവം ആടി. ശവത്തിൽ നിന്നും ഓരോ ഭാഗങ്ങളായി അടർന്നു വീണു കൊണ്ടേയിരുന്നു. എല്ലാം അറ്റു വീഴും വരെ രുദ്രൻ സംഹാര താണ്ഡവം ആടി.


ഏറ്റവും പ്രാചീനനായ ദേവനാണ് ശിവൻ. വേദങ്ങൾക്ക് മുൻപും നില നിന്നിരുന്ന പ്രകൃതി പുരുഷ സങ്കല്പമാണ് ശിവൻ. നാഗങ്ങളെയും രുദ്രാക്ഷവും ആഭരണങ്ങൾ ആക്കി ആനത്തോലും പുലിത്തോലും വസ്ത്രം ആക്കി ദിക്കുകൾ ധരിക്കുമ്പോൾ ദിഗംബരൻ ആയി കാളയെ വാഹനമാക്കി മൃഗങ്ങളുടെ അകമ്പടിയോടെ പശുപതിയായി മുടിക്കെട്ടിൽ ചന്ദ്രനെ ധരിച്ചു ചന്ദ്രശേഖരനും കലാധരനുമായി ഗംഗയെ ശിരസ്സിൽ വഹിച്ചു ഗംഗാധരൻ ആയി കാടുകളെ ജട ആക്കി ശിവൻ പ്രകൃതിയും പ്രപഞ്ചവും ആയി മാറുന്നു.


                                               Lord of Animals: Mohanjedaro 3000BCE

ആഗമങ്ങളിൽ ആണ് ശിവ സങ്കൽപം പൂർണ രൂപം കൈവരിക്കുന്നത്. വേദങ്ങളിലെ രൌദ്രനായ മഹാദേവൻ  ഇവിടെ ശിവൻ ആയി മാറുന്നു. ഋഗ്വേദം രുദ്രനെ പ്രപഞ്ചത്തിന്റെ പിതാവെന്നും വാഴ്ത്തുന്നു.

പഞ്ചഭൂത ലിംഗ ക്ഷേത്രങ്ങളിൽ നാലും തമിഴ്നാട്ടിലാണ്. തിരുമൂലരുടെ അൻപേ ശിവ സിദ്ധാന്തം ശിവൻ സ്നേഹം ആണെന്ന് പഠിപ്പിക്കുന്നു. GOD IS LOVE എന്നത് ഭാരതീയർക്ക് പുതുമയുള്ള കാര്യമല്ല. 63 നായനാർമാരിലൂടെ ശൈവ ഭക്തി പ്രസ്ഥാനം അവിടെ വേരുറച്ചു.അവരിൽ ഒരേയൊരു കീഴ് ജാതിക്കാരനായ (പുലയൻ) നന്തനാർ നടരാജനെ കാണാൻ കൊതിക്കുന്നത് ഗോപാലകൃഷ്ണഭാരതിയുടെ വരുകലാമോ അയ്യാ എന്ന മാഞ്ചി രാഗ കൃതിയിൽ കാണാം.


ദേവനെ കാണാൻ കൊതിക്കുന്ന ഭക്തൻറെ വികാരവായ്പാണ് ദണ്ഡപാണി ദേശികരുടെ ആലാപനത്തിൽ നിറഞ്ഞു നിൽക്കുന്നത്. ചിദംബര ക്ഷേത്ര പ്രതിഷ്ഠ ശൂന്യമാണ്. പഞ്ചഭൂതങ്ങളിൽ ആകാശം. പ്രപഞ്ചത്തിന്റെ പൊരുൾ തേടുന്ന സത്യാന്വേഷിയായ മനുഷ്യൻറെ വ്യാകുലതകൾ, നാദത്തിൽ ശൂന്യത അഥവാ നിശബ്ദത  കലർത്തി തൻറെ ഭാവഗംഭീര ശാരീരത്തിൽ, തേടുന്നമഹാഗായകൻ MD രാമനാഥനെ കേൾക്കാം. ഒന്ന് ഭക്തി മാർഗം ഇത് ജ്ഞാന മാർഗം.



നടനത്തിന്റെ മാത്രമല്ല നാദത്തിന്റെയും  ഉറവിടം ശിവൻ തന്നെ. ശ്രീരാമഭക്തിയിൽ ഉന്മാദത്തിന്റെ വക്കോളം എത്തിയ ത്യാഗരാജ സ്വാമികളുടെ വരികളിൽ "നാദ തനു മനിഷം ശങ്കരം". ശിവൻറെ പഞ്ച മുഖങ്ങളിൽ നിന്നും സ്വരങ്ങൾ ജനിക്കുന്നു.




ആനന്ദ നടനത്തിനൊടുവിൽ ശിവൻ 14 തവണ തുടി കൊട്ടുന്നു. ആ നാദം ആണ് ശിവ സൂത്ര സമൂഹം എന്ന 14 സൂത്രങ്ങളുടെ സൃഷ്ടിക്ക് ഹേതുവാകുന്നത്. പാണിനിയുടെ വ്യാകരണത്തിൻറെ ഉത്ഭവം ഇതിൽ നിന്നത്രേ.

നീലകണ്ഠൻ മഹാകാലൻ കാലഭൈരവൻ തുടങ്ങി അനേകം നാമങ്ങൾ ശിവനുണ്ട്. ശിവപുരാണത്തിൽ 1008 നാമങ്ങൾ ആണ് ശിവന്. തിബത്തിലെ താന്ത്രികരുടെ മഹാദേവൻ ശ്വേതവർണനും മേരു പർവതത്തിൽ വസിക്കുന്നവനുമാണ്.ശിവ, ശംഭു എന്നീ വാക്കുകൾ ദ്രാവിഡ പദങ്ങൾ ആണ് ചുവന്നത് കോപാകുലം എന്നൊക്കെ അർത്ഥം പറയാം. ചെമ്പുവിൽ നിന്നും ശെംബു ശംഭു. എല്ലാ പ്രാചീന സംസ്കാരങ്ങളിലും ശിവനു സദൃശ്യമായ ദേവന്മാരെ കാണാം.


ലിംഗാരാധകരെ വേദങ്ങളിൽ എതിർക്കുന്നുവെങ്കിലും പിന്നീട് അതിൻറെ താത്ത്വിക തലങ്ങൾ വൈദികർ അംഗീകരിക്കുന്നതായി കാണാം.

പഞ്ച മുഖമാണ് ശിവലിംഗം. പഞ്ചഭൂത സങ്കൽപം. പശ്ചിമ മുഖം സദ്യോജാത് പഞ്ചാക്ഷര മന്ത്രത്തിലെ 'ന', ഉത്തര മുഖം വാമദേവ - 'മ', ദക്ഷിണം അഘോരം -'ശി', പൂർവ്വം തത്പുരുഷ - 'വാ', ആകാശത്തേക്ക് ഈശാന അക്ഷരം യ. അഞ്ചു മുഖങ്ങൾക്ക് അഞ്ച് വർണങ്ങൾ ആണ്. അങ്ങനെ നമശിവായ പൂർണമാകുന്നു. ഈ പൂർണമായ പഞ്ചഭൂതലിംഗമാണ് സദാശിവലിംഗം. ഇതിൽ  പരാശക്തി ചേരുമ്പോൾ ജീവ സൃഷ്ടി ഉണ്ടാകുന്നു. അതുകൊണ്ടാണ് ലളിതാസഹ്രസ നാമത്തിലെ 727ആം നാമം ശിവജ്ഞാനപ്രദായനീ എന്നായത്. ശക്തിയില്ലെങ്കിൽ ബ്രഹ്മത്തിന്റെ ഈ അഞ്ചു ഭൂതങ്ങളും പ്രേതങ്ങൾ അഥവാ മൃതം ആകുന്നു. അങ്ങനെ 249ആം നാമം പഞ്ചപ്രേതാസനസേനയെന്നും 250 പഞ്ചബ്രഹ്മസ്വരൂപിണി എന്നും ആയി.


എല്ലാ ആർഷ ഭാരത ചിന്താധാരകളിലും ഇത് ഉൾക്കൊള്ളിക്കാൻ ഋഷിവര്യരായ ചിന്തകർ ശ്രദ്ധിച്ചിട്ടുണ്ട് ശാക്തേയത്തിൽ ഈ അഞ്ച് തത്ത്വങ്ങൾ ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവ എന്നാണെങ്കിൽ വൈഷ്ണവത്തിൽ വാസുദേവ സംകർഷണ പ്രദ്യുമ്ന അനിരുദ്ധ നാരായണ എന്നാണ്.




ഇവയ്ക്ക് പുറമേ ആറാമതൊരു മുഖവും ഉണ്ട്. അധോമുഖം ആയതിനാൽ ദൃഷ്ടിക്ക് ഗോചരം അല്ലെങ്കിലും. ഇത് ഓംകാരം എന്ന പ്രണവം. പ്രണവ സ്വരൂപനായ വിനായകൻ ആണ് മൂലാധാരം. പ്രപഞ്ചത്തിന്റെ സ്പന്ദനം ആണ് ഓംകാരം.  ആരും നായകൻ അല്ലാത്തവൻ വിനായകൻ എന്ന് വാമന പുരാണം. അങ്ങനെ ഓം നമശിവായ പൂർണം ആകുന്നു. അതാണ് സത് ചിത് ആനന്ദം അഥവാ സച്ചിതാനന്ദം അത് തന്നെ സത്യം ശിവം സുന്ദരം.




അങ്ങനെ ആറു മുഖങ്ങളും ചേരുമ്പോൾ ഷണ്മുഖൻ ആയി. അതാണ് ജ്ഞാനം അല്ലെങ്കിൽ പ്രജ്ഞ. പ്രജ്ഞാനാം ബ്രഹ്മ, അഹം ബ്രഹ്മാസ്മി, തത്ത്വമസി, അയം ആത്മാ ബ്രഹ്മാ എന്നീ നാലു മഹത് വാക്യങ്ങളിൽ കൂടി വെളിവാകുന്ന വേദ സാരം അങ്ങനെ ശൈവ സിദ്ധാന്തത്തിലൂടെ പൂർണമാകുന്നു. ആറു മുഖങ്ങളും ശക്തിയും  ചേർന്ന ചൈതന്യമായി പ്രപഞ്ചം. ജ്ഞാനം ആകുന്ന പഴം നീ തന്നെ ആയി പഴനിയപ്പൻ ആയ കാർത്തികേയൻ അങ്ങനെ ആരാധ്യനായി.



അങ്ങനെ ഭാരതത്തിൽ ഉടനീളം ഉള്ള ദേവതാ സങ്കൽപങ്ങളിൽ എല്ലാം തന്നെ ഈ വേദസാരം ലയിപ്പിക്കാൻ പുരാണങ്ങളിലൂടെ ബോധ പൂർവമായ ഒരു ശ്രമം നമുക്ക് കാണാം. സാഹിത്യത്തിലും സംഗീതത്തിലും ശില്പകലയിലും ചിത്ര രചനയിലും അടക്കം എല്ലാ കലകളിലും അനുഷ്ഠാനങ്ങളിലും ഇതിൻറെ പ്രതിഫലനം കാണാൻ ആകും. ബൌദ്ധിക തലത്തിൽ ആണെന്നു മാത്രം. 

അങ്ങനെ മനസ്സിലാക്കിയില്ലെങ്കിൽ അധോമുഖനായി മൂലധാരമായി നിലകൊള്ളുന്ന ഗജമുഖനു പകരം ഗജപൃഷ്ഠഭൂമിക്കായി പുരയിടത്തിന്റെ നിമ്നോന്നതങ്ങൾ അളന്നു നടക്കുന്ന വാസ്തുക്കാരും ജ്യോതിഷികളും നമ്മുടെ ജീവിതത്തിൽ കേറി നിരങ്ങും.



ശില്പ കലയിലെ അത്ഭുതമായ ചിദംബര ക്ഷേത്രത്തിൽ രണ്ടു വർഷം മുൻപ് പോകാൻ കഴിഞ്ഞു. 35 ഏക്കറിൽ പരന്നു കിടക്കുന്ന ശിൽപ വിസ്മയം.   രണ്ടു ഭാഗങ്ങൾ ഉണ്ട് ക്ഷേത്രത്തിന്. പഴയതിന് 3500 വർഷം വരെ പഴക്കം പറയുന്നുണ്ട്. 



പതഞ്‌ജലി ആണ് ശില്പകാരൻ. യോഗ സൂത്രകാരൻ ആയ അദ്ദേഹം ഭക്തൻ അല്ലായിരുന്നു. അതീന്ദ്ര ജ്ഞാനിയായ ശാസ്ത്രജ്ഞൻ. ക്ഷേത്രത്തിൻറെ നിർമ്മിതിയിൽ പ്രപഞ്ച രഹസ്യങ്ങൾ സമന്വയിപ്പിച്ചിരിക്കുന്നു. ചിദംബര രഹസ്യം എന്ന പേരിൽ ഇതറിയപ്പെടുന്നു. പഞ്ചഭൂത ലിംഗ ക്ഷേത്രങ്ങളിലെ കലഹസ്തി (വായു), കാഞ്ചി (ഭൂമി), ചിദംബര (ആകാശ) ക്ഷേത്രങ്ങൾ ഒരേ   രേഖാംശം (79 ഡിഗ്രി 41 മിനിറ്റ് കിഴക്ക്) എന്ന നേർ രേഖയിൽ എന്ത് കൊണ്ട്? ധാരാളം ചർച്ചകൾ നെറ്റിൽ പരതിയാൽ കാണാം. 







 അതി സമ്പന്നമായിരുന്ന ക്ഷേത്രമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ സ്വത്തും ഭൂമിയും നഷ്ടമായി. ക്ഷേത്ര ഉടമകൾക്ക് ഈ ഭീമാകാരമായ ക്ഷേത്രം നടത്തിക്കൊണ്ടു പോകാൻ തന്നെ ബുദ്ധിമുട്ടാണ്. ചിത്രങ്ങൾ അടർന്നു വീണു കൊണ്ടിരിക്കുന്നു. കോണ്ക്രീറ്റും പോസ്റ്റുകളും ഈ മഹാസൌധത്തെ വികൃതമാക്കുന്നു.



275 പാതൽ പെറ്റ്ര ക്ഷേത്രങ്ങളിൽ ഒന്നാമത്തതാണ് തില്ലൈ ചിദംബരം. ശൈവരെ സംബന്ധിച്ചിടത്തോളം കോവിൽ എന്ന് മാത്രം പറഞ്ഞാൽ അത് ചിദംബരം നടരാജ ക്ഷേത്രമാണ്.ക്ഷേത്ര നിർമ്മിതിയുടെ ഐതിഹ്യങ്ങളിൽ പെരുംതച്ചന്റെ പേരും കേൾക്കാം. പരാന്തക ചോളൻ ആണ് സ്വർണ വർണ മേലോടുകൾ പണികഴിപ്പിച്ചത്. ക്ഷേത്ര നിർമ്മാണത്തെ പറ്റി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്.



പള്ളി പൊളിച്ചാൽ കിട്ടുന്ന വോട്ടുകൾ മഹാക്ഷേത്രങ്ങൾ പുനരുദ്ധരിച്ചാൽ കിട്ടുമോ ? 2007ൽ കാഞ്ചിയിലെ എകാംബര ക്ഷേത്രം സന്ദർശിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. 1000 ക്ഷേത്രങ്ങളുടെ നഗരിയായ കാഞ്ചിയിൽ ഈ ക്ഷേത്രം ശ്രദ്ധ നേടാൻ കടുത്ത മത്സരം നേരിടുന്നു. പ്രത്യേകിച്ചും വൈഷ്ണവരുടെ ദേവരാജ പെരുമാൾ, ശാക്തേയരുടെ കാമാക്ഷി അമ്മൻ എന്നീ ക്ഷേത്രങ്ങളിൽ നിന്ന്. എങ്കിലും ചിദംബര ക്ഷേത്രത്തെക്കാളും ഭേദപ്പെട്ട നിലയിൽ നില നിർത്തി പോരുന്നുണ്ട് എന്നു പറയാം.



എൻറെ ദേശത്തിൻറെ തേവരും ശിവനാണ്. ഉത്സവത്തിൻറെ എട്ടാം ദിവസം എഴരപ്പൊന്നാന പുറത്തെഴുന്നള്ളുന്നു. കേരളത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിൽ ഒന്ന്.




അതോടൊപ്പം ഉള്ള വലിയ കാണിക്ക ദേവസ്വം ബോർഡിന് വളരെ പ്രാധാന്യമുള്ള ഒരു ചടങ്ങാണ്. മനോഹരമായ ചുവർ ചിത്രങ്ങൾ ഭക്തരുടെ കയ്യെത്തും ദൂരത്തല്ലാത്തതിനാൽ ചന്ദനവും കരിയും ഏശാതെ ഇന്നും നില നിൽക്കുന്നു.  മുന്നിലെ മൈതാനം ടാർ ചെയ്തിട്ടുണ്ട്. അതോടെ ചുറ്റുവട്ടത്തുള്ള വീട്ടുകാരുടെ കിണറുകളും വറ്റി.





മതിൽക്കെട്ടിനുള്ളിൽ  ധാരാളം ട്രസ്സ് വർക്ക് ഉണ്ട്. അർദ്ധ ചന്ദ്രാകൃതിയിൽ പെരുംതച്ചൻ തീർത്ത കുളത്തിന്റെ കടവത്തു പൂർണമായും തടിയിൽ തീർത്ത ഒരു കുളപ്പുര മാളികയുണ്ടായിരുന്നു. സാമൂഹ്യ വിരുദ്ധർ ഒളിഞ്ഞു നോക്കുന്നു എന്ന കാരണത്താൽ അതു പൊളിച്ചു കളഞ്ഞ് എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പ്രപഞ്ച മഹാതത്ത്വം നടപ്പിലാക്കിയതിനും ക്ഷേത്രം സാക്ഷിയായി. ക്ഷേത്രത്തിനു മുൻപ് ഒരു കല്യാണമണ്ഡപം പണി കഴിപ്പിച്ചിട്ടുണ്ട്. അതിനുള്ളിൽ എവിടെ നിന്നാലും മഴയിൽ നിന്നോ വെയിലിൽ നിന്നോ രക്ഷ കിട്ടില്ല. നാസ ഈ ശില്പ വൈദഗ്ധ്യത്തെ പറ്റി പഠനങ്ങൾ നടത്തുന്നുണ്ടത്രേ.



ഇതൊക്കെയായാലും ദക്ഷിണമുഖനായ അഘോരമൂർത്തി നില കൊള്ളുന്ന ക്ഷേത്രം ഇന്നും കാഴ്ചക്ക് കുളിരേകുന്നു.



വിരാട്പുരുഷൻറെ ലിംഗമായ ധ്വജത്തിൽ കൊടിക്കൂറ കയറിക്കഴിഞ്ഞു. പള്ളിവേട്ട ദിവസം മട്ടന്നൂരും ആറാട്ടിന് മല്ലാടി സഹോദരരും എത്തുന്നു. തേവരെ കാണാൻ ഞാനും പോകയായ് കേരളത്തിലെ ആദിമ 32 നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്നായ, 108 ശിവക്ഷേത്രങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്ന ഏറ്റുമാനൂരേക്ക്. പോകാതെ പറ്റുമോ? ശിവൻ അല്ലാത്ത എന്തെങ്കിലും ഉണ്ടോ പ്രപഞ്ചത്തിൽ ?


ശംഭോ മഹാദേവ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ