2018 സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഗ്രാന്റ് അണക്കെട്ട്: 2000 കൊല്ലം പഴക്കമുള്ള എന്‍ജിനീയറിങ് വിസ്മയം



ഗ്രാന്റ് അണക്കെട്ട്: 2000 കൊല്ലം പഴക്കമുള്ള എന്‍ജിനീയറിങ് വിസ്മയം

നിലവില്‍ ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് ഗ്രാന്റ് അണക്കെട്ട് (Grand anicut) എന്നറിയപ്പെടുന്ന കല്ലണ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ കാവേരി നദിക്കു കുറുകെയാണ് കല്ലണ നിര്‍മ്മിച്ചിരിക്കുന്നത്. സി ഇ രണ്ടാം നൂറ്റാണ്ടില്‍ ചോളരാജാവായിരുന്ന കരികാലചോളന്റെ ഭരണകാലത്താണ് ഇത് നിര്‍മ്മിച്ചത്. തിരുച്ചിറപ്പള്ളിക്കടുത്ത് ഉഴൈയൂര്‍ ആയിരുന്നു കരികാലന്റെ രാജധാനി.
കാവേരിയുടെ അഴിപ്രദേശങ്ങളിലെ കൃഷിയിടങ്ങളുടെ ജലസേചനത്തിനും വെള്ളപൊക്ക നിയന്ത്രണത്തിനും വേണ്ടിയാണ് കല്ലണ പണിതുയര്‍ത്തിയത്. സെക്കന്റിൽ രണ്ടുലക്ഷം ഘനയടി വെള്ളം കുതിച്ചൊഴുകുന്ന കാവേരി നദിയിൽ 2000 കൊല്ലം മുമ്പു തീർത്ത കല്ലണയുടെ നിർമാണവൈദഗ്ധ്യം നമ്മെ വിസ്മയിപ്പിക്കുന്നു. ശക്തമായ അടിത്തറയും രൂപഘടനയുമുള്ള കല്ലണ നൂറ്റാണ്ടുകള്‍ക്കു ശേഷവും ഭദ്രമായ അവസ്ഥയിലാണ്. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ജലസേചന പദ്ധതികളില്‍ ഒന്നായി ഇന്നുമിത് തുടരുന്നു.
ഡാമിന്റെ നിര്‍മാണത്തിനായി കൂടുതലായും ‘കല്ല്’ ഉപയോഗിച്ചിരിക്കുന്നതിനാലാണ് കല്ലണ എന്ന പേര് ലഭിച്ചത്. 329 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള കല്ലണക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒന്ന് ശ്രീരംഗം ദ്വീപിന് സമീപത്ത് കൂടി കടന്നുപോകുമ്പോള്‍ വടക്കുവശത്തേക്കുള്ള കൊല്ലിടം എന്നറിയപ്പെടുന്ന ഭാഗം പൂംപുഹാര്‍ വഴി ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുന്നു.
കാവേരി നദിക്കു കുറുകെ കരിങ്കല്‍ പാളികള്‍കൊണ്ട് 329 മീറ്റര്‍ (1079 അടി) നീളവും 20 മീറ്റര്‍ (69 അടി) വീതിയും 5.4 മീറ്റര്‍ (18 അടി) പൊക്കവും ഉള്ള കണ്ണറകളായാണ് അണക്കെട്ട് പണിതിരിക്കുന്നത്. കല്ലണ കാവേരിനദിയെ നാലു കൈവഴികളായി തിരിക്കുന്നു: കൊള്ളിടം ആറ്, വെണ്ണാറ്, പുതു ആറ്, കാവേരി. പ്രാചീനകാലത്ത് ഏകദേശം 69,000 ഏക്കര്‍ (28,000 ഹെക്ടര്‍) വിസ്തൃതിയുള്ള പ്രദേശം നനയ്ക്കാന്‍ ഡാം ഉപകരിച്ചിരുന്നു. 20 നൂറ്റാണ്ട് ആദ്യത്തോടെ ഇത് ഏകദേശം ഒരു ദശലക്ഷം ഏക്കറായി (400,000 ഹെക്ടര്‍) വര്‍ദ്ധിച്ചു.
19-ആം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി. 1804ല്‍ മിലിട്ടറി എന്‍ ജിനീയര്‍ ക്യാപ്റ്റന്‍ കാഡ്വെല്ലിനെ കാവേരി അഴീമുഖത്തെ ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പഠനത്തിനഅയി ചുമതലപ്പെടുത്തി. പഠനത്തില്‍ നല്ലൊരു ഭാഗം ജലം കൊള്ളിടം ആറ് വഴി നഷ്ടപ്പെടുന്നതായി കണ്ടെത്തി. കാഡ്വെല്ലിന്റെ നിര്‍ദേശപ്രകാരം അണക്കെട്ടിന്റെ ഉയരം 27 ഇഞ്ച് (69 സെന്റിമീറ്റര്‍) ഉയര്‍ത്തി അതിന്റെ സംഭരണശേഷി കൂട്ടി. പിന്നീട് മേജര്‍ സിം നദിക്കു കുറുകെ പ്രണാളികള്‍ പണിത് കൊള്ളിഡാം ആറ്റിലേക്ക് ഒഴുക്കു കൂട്ടി എക്കലടിയുന്ന പ്രശ്നം പരിഹരിച്ചു. സര്‍ ആര്‍തര്‍ കോട്ടണ്‍ രൂപകല്പന ചെയ്ത് 1902ല്‍ പൂര്‍ത്തീകരിച്ച കൊള്ളിഡാം ആറിനു കുറുകെയുള്ള ലോവര്‍ അണക്കെട്ട് (അണക്കര ഡാം) കല്ലണയുടെ തനിപ്പകര്‍പ്പാണ്. ചോളഭരണകാലത്തെ എന്‍ജിനീയറിങ് വൈദഗ്ദ്യത്തിന്റെ ഉല്‍ക്കൃഷ്ട ഉദാഹരണമായ കല്ലണ പിന്‍തലമുറകള്‍ക്ക് പ്രചോദകമായി നിലകൊള്ളുന്നു.
എങ്ങനെ അവിടെ എത്തും? തിരുച്ചിറപ്പള്ളി ആണ് അടുത്തുള്ള വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് ഡാം പരിസരത്തേക്ക് 13 കിലോമീറ്റര്‍ ദൂരമുണ്ട്. ലാല്‍ഗുഡി റയില്‍വേ ജംങ്ഷന്‍ ആണ് സമീപത്തുള്ള റയില്‍വേ സ്റ്റേഷന്‍. അവിടെ നിന്ന് 4 കിലോമീറ്റര്‍ ദൂരമുണ്ട്.

ഫുക്കറ്റ് – ആൻഡമാൻ കടലോരത്തെ അത്ഭുതദ്വീപ്




ഫുക്കറ്റ് – ആൻഡമാൻ കടലോരത്തെ അത്ഭുതദ്വീപ്..!!

Thailand യാത്ര പ്ലാൻ ചെയ്യുമ്പോൾ ഇങ്ങനൊരു സ്ഥലം ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലായിരുന്നു. എങ്കിലും ഒരു മാസത്തിനു ശേഷം ഫെബ്രുവരിയിൽ വിളിക്കാത്ത അതിഥിപോലെ മനസ്സിൽ കയറി കൂടിയതാണ് ഈ സ്വപ്നതീരത്തേക്കൊരു deviation. പാക്കേജ് എടുക്കാതെ പോകുന്നതുകൊണ്ടു തന്നെ ഞങ്ങൾ തന്നെയാണ് എല്ലാത്തിനും അവസാന വാക്ക്, പ്ലാനിൽ എന്ത് ചേഞ്ച് ഉം എങ്ങനെയും വരുത്താനുള്ള ഫ്രീഡം സ്വന്തമായി ട്രിപ്പ് organize ചെയുമ്പോൾ ഉണ്ടല്ലോ.
ഗൂഗിളിൽ Thailand കാഴ്ചകൾ അരിച്ചു പെറുക്കുമ്പോളാണ് ഈ ദ്വീപും അവിടുത്തെ അവിശ്വസനീയമാം വിധമുള്ള ഫോട്ടോസും മനസ്സിലുടക്കിയത്. പിന്നെ അധികം സമയം പാഴാക്കാതെ പട്ടായ(Pattaya) സ്റ്റേ രണ്ടിൽ നിന്നും ഒന്നാക്കി വെട്ടി ചുരുക്കി phuket ഫ്ലൈറ്റ് & സ്റ്റേ ബുക്ക് ചെയ്തു. ആ തീരുമാനത്തെ അന്വര്ഥമാക്കുന്നതായിരുന്നു അവിടെനിന്നും മനസ്സിൽ ചേക്കേറിയ എന്നെന്നും മായാത്ത കുറെ കാഴ്ചകൾ.
സൺ‌ഡേ നൈറ്റ് ariasia ഫ്ലൈറ്റ് ആണ് പട്ടായ നിന്ന് ഫുകേടിലേക് എടുത്തത്. അവിടെയെത്തിയപ്പോൾ സമയം അർത്ഥ രാത്രി. ആ സമയം എയർപോർട്ട് നിന്ന് ബസ് സർവീസ് ഒന്നുമില്ല, പിന്നെ ഞങ്ങൾ പെൺകുട്ടികൾ മാത്രമായതിനാൽ ടാക്സി മിനി വാൻ ആയിരിക്കും സേഫ്. കൂടാതെ പൈസയും കുറവാണു. Per head taxi റേറ്റ് പറഞ്ഞുറപ്പിച്ച ഹോട്ടൽ ലൊക്കേഷനും പറഞ്ഞു കൊടുത്തു വാനിൽ കയറിയിരുന്നു. അൽപ സമയത്തെ പോസ്റ്റ് കിട്ടി. പത്തു പതിനഞ്ചു മിനിറ്റിൽ വേറെ ഒരു ഓസ്‌ട്രേലിയൻ ഫാമിലിയും ഒരു ആഫ്രിക്ക ചേച്ചിയും സാഹയാത്രികരായി എത്തി. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇറങ്ങിയ പുള്ളിക്കാരിയെ ലേശം അസൂയയോടെയാണ് നോക്കിയത്. ഫുൾ മെടഞ്ഞു പിന്നിക്കെട്ടി റിബ്ബൺ ഇട്ടു കെട്ടിയ മുടി, ഗൗരവമോ തന്റേടമോ കലർന്ന മുഖഭാവം. എന്തോ അവരോടു ഒരു പ്രേത്യേക റെസ്‌പെക്ട് തോന്നി.
ഞങ്ങൾ വാനിൽ കയറിയ വഴി കലപില തുടങ്ങി, അല്ലേലും നമ്മൾ മലയാളികൾ അങ്ങനെയാണാലോ. കൂട്ടത്തിൽ ആർക്കും നമ്മുടെ ഭാഷ മനസിലാകാത്തത്കൊണ്ട് ഒരു പ്രെത്യെക രസം. പരിചയമില്ലാത്ത സ്ഥലവും പാതിരാത്രിയും ആയതിനാൽ ഉറക്കമകറ്റി നിർത്താൻ ഈ സൊറപറച്ചിൽ ആണ് ഏക രക്ഷ. രാത്രി ആയതിനാൽ ടൌൺ വിട്ടപ്പോൾ തന്നെ വഴിയോര കാഴ്ചകൾക്കും വിരാമമായി.
അങ്ങനെ ഒരു മണിക്കൂറും ചില്ലറയുമെടുത്തു ഞങ്ങളുടെ ഹോട്ടലിൽ എത്തിച്ചേരാൻ. അതിനിടയിൽ നേരത്തെ പറഞ്ഞ ആ ലേഡിയുമായി സംസാരിക്കാനിടവന്നു. കാണുമ്പോ തോന്നുന്ന ഇമേജിന് നേരെ വിപരീതമായി പതിഞ്ഞ സംസാരവും ഹൃദ്യമായ ചിരിയും. അവരും ഞങ്ങൾ താമസിക്കുന്നതിന് അടുത്തയാണ് റൂം എടുത്തിരിക്കുന്നത്. അങ്ങനെ കത്തി വെക്കാൻ ഒരാൾ കൂടെയായി.
ഫ്യൂക്കെട് ദ്വീപിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ആകർഷണമായ പതോങ്(patong)ബീച്ചിന്റെ ഓപ്പോസിറ്റായാണ് ഞങ്ങൾ താമസം ബുക്ക് ചെയ്തത്. അവിടുത്തെ റൂഫ്‌ടോപ് പൂളിൽ നിന്നാൽ കാണുന്ന ബീച്ചും കാഴ്ചകളും വിവരണാതീതമാണ്. രാത്രിയുടെ നിലാവെട്ടത്തിൽ കഴുത്തുവെരെ വെള്ളത്തിൽനിന്നു പൂളിന്റെ ഗ്ലാസ് മറയിലൂടെ കാണുന്ന ബീച്ചും വഴിയോര വിളക്കുകളും…മറക്കാനാകാത്ത ഒരു രാത്രി കാഴ്ച.
പിറ്റേന്ന് നേരത്തേയെണീറ്റു സൺസ്‌ക്രീനോകെ വാരിത്തേച്ചു കുളിച്ചു കുട്ടപ്പിമാരായി നിന്നപോലെ ഞങ്ങളെ പിക്ക് ചെയ്യാൻ ബുക്ക് ചെയ്ത സ്പീഡ്ബോട് പാക്കേജിന്റെ ഡ്രൈവർ എത്തി. തടിച്ച ഉരുണ്ട ഒരു തായ്ക്കാരൻ. അവിടെ തടിച്ച മനുഷ്യരേ നന്നേ കുറവാണു. മായമില്ലാതെ വിളയിക്കുന്ന നല്ലയിനം പച്ചക്കറികൾ ചേർത്ത ഭക്ഷണവും അതിൽ എല്ലാത്തിലും വാരി ഇടുന്ന വിവിധയിനം ഇലവർഗ്ഗങ്ങക്കുമൊക്കെയാണ് fat അധികമില്ലാത്ത അവരുടെ ആരോഗ്യ രഹസ്യം. നാട്ടിൽ പലരും പുഴുവിനെയും പാമ്പിനെയുമൊക്കെ തിന്നുന്ന അവരെ പുച്ഛത്തോടെ കാണുമെങ്കിലും എന്റെ അഭിപ്രായത്തിൽ അനാരോഗ്യ ഭക്ഷണ പ്രക്ര്തരായ നമുക്ക് ശെരിക്കും മാത്രകയാണ് അവരുടെ പല ഭക്ഷണ ശീലങ്ങളും.
അപ്പോ പറഞ്ഞു നിർത്തിത് എവിടർന്? യെസ്, ആ തടിച്ച തായ് ചേട്ടൻ. അവനാണ് വില്ലൻ. ഒരു ഇത്തിരി ലേറ്റ് ആയെന്നും പറഞ്ഞു വാരി വലിച്ചു തായ് ഭാഷയിൽ എന്തൊക്കെയോ ഞങ്ങളെ പറയുന്നുണ്ടായിരുന്നു അയാൾ. ഒന്നും പിടികിട്ടിയിലായെങ്കിലും ഞങ്ങളെ സരസ്വതി പാടുകയാണെന്നു മാത്രം പിടികിട്ടി. ഹാ തിരിച്ചൊന്നും പറയാൻ വോയിസ് ഇല്ലാത്തതിനാൽ നാവടക്കി ഞങ്ങൾ പോസ്റ്റ് കൊടുത്ത സായിപ്പിനു മദാമ്മക്കും നിഷ്കളങ്കതയിൽ ചാലിച്ച ഒരു ‘ഇഇഇ’ കൈമാറി മിനി വാനിൽ കയറി ഇരുന്നു. 7.45 പറഞ്ഞിട് ഞങ്ങൾ ചെന്നപ്പോൾ 8 ആകാറായി. ഹോട്ടലിൽ നിന്നും ഒരുമണിക്കൂർ ദൂരെയാണ് സ്പീഡ് ബോട്ട് പുറപ്പെടുന്നിടം(Bang Yai). ഇത്ര ദൂരെനിന്നും പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഉള്ള വൺ ഡേ സ്പീഡ് ബോട്ട് പാക്കേജ് klook വഴി ബുക്ക് ചെയ്യാൻ സജെസ്റ് ചെയ്തത് തായ്‌ലൻഡിൽ ഉള്ള ഒരു സഞ്ചാരി സുഹ്രത്താണ്. എന്തായാലും സംഭവം ഉപകാരപ്രദമായി തോന്നി.
ഞങ്ങൾ എടുത്ത പാക്കേജ് പ്രകാരം അന്ന് ഫുൾ മായാ ബേ – phi phi ഐലന്റുകൾ ചുറ്റികാണിക്കും. ഭക്ഷണം, snorkeling ഇതോക്കെ ഉൾപ്പെടുത്തിയാണ് നിരക്ക്. ഒൻപതരയോടെ ഒരു ചെറിയ ട്രെയിനിങ് സെഷന് ശേഷം ബോട്ട് എടുത്തു. ഗൈഡ് ബോബി തായ്‌ലാന്റുകാരൻ ആണെങ്കിലും നല്ല അസ്സലായി ഇംഗ്ലീഷ് സംസാരിക്കും. അവിടെ എത്തിയതിൽ പിന്നെ മൂന്നു ദിവസം പിന്നിട്ടിട്ടും ആദ്യമായാണ് ഒരു തായ്‌ലാന്റുകാരൻ തെറ്റുകൂടാതെ ഇംഗ്ലീഷ് സംസാരിക്കുന്നതുകേൾക്കുന്നത്. എയർപോർട്ട് സ്റ്റാഫ് പോലും മുറി ഇംഗ്ലീഷിൽ ആയിരുന്നു.
ബോബിയെ എല്ലാവര്ക്കും നന്നേ ബോധിച്ചു എന്നത് ആ ബോട്ടിലുണ്ടായിരുന്ന മുപ്പതോളംപേരുടെയും മുഖഭാവത്തിൽനിന്നു വ്യക്തമാണു, വളരെ തമാശ രൂപേണ നിർദ്ദേശങ്ങൾ കൈമാറാനും കാര്യങ്ങൾ വിശദീകരിക്കാനുമുള്ള അയാളുടെ പാടവം, അയാളുടെ ദിനംദിന ജോലിയുടെ ഭാഗമാണ് ഇതെങ്കിലും അയാൾക്കുണ്ടായേക്കാവുന്ന ആവർത്തന വിരസത നമ്മെ തെല്ലും അറിയിക്കാതെ, വളരെ എനെർജിറ്റിക് ആയ സംസാരം…
അപ്പോ നമുക് ഒന്നിച് യാത്ര തുടങാലെ….ആദ്യം എത്തിച്ചേർന്നത് khai nok ഐലൻഡ്. അവിടെനിന്നായിരുന്നു ഞങ്ങള്ക് പ്രാതൽ. സ്‌നോർക്കലിംഗിനും അവിടെ സൗകര്യമുണ്ട്. അവിടെയെത്തി ഫോട്ടോ എടുപ്പും ഫുഡിങ്ങുമായി നടന്ന ഞങ്ങൾ സ്‌നോർകെല്ലിങ് മായാ ബേ യിൽ മതിയെന്നുവെച്ചു.
പന്ത്രണ്ടരയോടെ സ്‌നോർക്കലിംഗിനായി Piley Lagoon എത്തി. കടൽ അടിത്തട്ടുവരെ ബോട്ടിന്ന്നിന് കാണാം, അത്രക് തെളിഞ്ഞ- ഓളങ്ങൾ കുറഞ്ഞ ജലനിരപ്പ്. സ്‌നോർക്കലിംഗ് ഗിയർ ലൈഫ് ജാക്കറ്റും ഒക്കെഇട്ടു നേരെ വെള്ളത്തിലേക്കു. പവിഴപുറ്റുകളും വർണ മത്സ്യങ്ങളും നിറഞ്ഞു ആകെ ഒരു alice in wonderland ഫീൽ എഗൈൻ. ഒരു വര്ഷം മുന്നേ നടത്തിയ ആൻഡമാൻ യാത്രയിലും സ്‌നോർക്കലിംഗ് ചെയ്തിരുന്നു. അത് 800 രൂപയ്ക്കു diver കൂടെ ഉള്ളതായിരുന്നു. നമ്മൾ തുഴഞ്ഞു മെനക്കെടണ്ട, വെറുതെ ഗിയർ വെച്ച ശ്വസിച്ചു കാഴ്ച കണ്ടു അങ്ങ് പോയ മതി. അന്ന് ആൻഡമാൻ വെച്ച് ചെയ്ത സീ വോക്കിങ്, സ്കൂബ ഡൈവിംഗ്, സ്‌നോർക്കലിംഗ് ഒക്കെ എന്നും മനസ്സിൽ മായാത്ത ഓർമകളായി നിൽക്കുന്നുണ്ടെങ്കിലും ഇതും അതിനോട് കിടപിടിക്കുന്ന അനുഭവമായിരുന്നു. മുറി നീന്തൽ മാത്രം വശമുള്ള ഞങ്ങളും ലൈഫ് ജാക്കറ്റിന്റെ ബലത്തിൽ അങ്ങ് നീന്തി. എന്തായാലും സംഭവം കിടുക്കി. ആദ്യം ചാടിയപ്പോൾ അത്ര ആഴം തോന്നിയില്ലെങ്കിലും കമിഴ്ന്നു നീന്തിയപ്പോളാണ് ശെരിക്ക് കണ്ടത്, 50 അടിയിൽ കുറയാതെയുണ്ട്. അങ്ങ് താഴെ കത്തുന്ന വെയിലിൽ തെളിഞ്ഞുകാണുന്ന കടലിന്റെ അടിത്തട്ടും നമ്മളെ തൊട്ടുരുമ്മി കടന്നു പോകുന്ന വർണ മൽസ്യ കൂട്ടങ്ങളും….
Straits of malacca യിൽപെട്ട khai nok ഐലൻഡ്, സ്‌നോർക്കലിംഗ് ഇവയൊക്കെ കഴിഞ്ഞു സമയം ഉച്ചയോടടുത്തു. അടുത്തതായി പോയത് phi phi le ഐലണ്ടിലേക്കു. പേരൊക്കെ വേറെ ആണെങ്കിലും സംഭവം നമ്മുടെ ആൻഡമാൻ ബീച്ചുതന്നെയാണുകേട്ടോ. എന്നാലും അവിടെ മറ്റു ഹിഡൻ ദ്വീപുകളിലേതുപോലെയല്ല, ധാരാളം റെസ്ടാഉറന്റുകളും റിസോർട്ടുകളും മദ്യവില്പന ശാലകളുമുണ്ട്. തായ്‌ലൻഡിലെ പേരുകേട്ട മസ്സാജിങ് ഹോട് സ്റ്റോൺ-മസ്സാജിങ് ഉം അവിടെയുണ്ട്. മറ്റുള്ളവയെക്കാൾ അള്ത്താമസവും വിസ്ത്രതിയുമുള്ള ഇവിടെയുള്ള ഒരു റിസോർട്ടിൽ അയിരുന്നു വിഭവ സാമ്രദമായ ഞങ്ങളുടെ ബൊഫെ ലഞ്ച്. ലഞ്ചിന്‌ ശേഷം കുറച്ച വിശ്രമം. കടൽ കാറ്റേറ്റ് ബീച്ചിലെ വെളുത്ത പൂഴിമണലിൽ ഇരുന്നു. വെയിൽ ആറിത്തുടങ്ങി. രാവിലെ തേച്ച spf 50+ ഉള്ള സൺസ്‌ക്രീനിനുപോലും ഒന്നും ചെയ്യാൻ സാധിക്കാത്തത്ര വെയിലത്തു എല്ലാവരും ആകെ വാടികരിഞ്ഞിരുന്നു. ഹാ പോട്ടെ, ഒന്നും അല്ലെങ്കിലും തായ്‌ലൻഡിൽ വന്നിട്ടാണ് tanned ആയെന്നു പറയാലോ. അതിലും ഇല്ലേ ഒരു ഗമയൊക്കെ. അല്ലെങ്കിലും ഞങ്ങൾ പെൺകുട്ടികൾ അങ്ങനെയാണ്, വെയിലത്തു കരിഞ്ഞു പോയെൻറെ വിഷമം മനസ്സിൽ ഉണ്ടായാലും പുറമെ കാണിക്കുല. #sunkissed hair skin എന്നീ ഹാഷ്ടാഗുകൾ ഇട്ടു നിറച്ച ഫോട്ടോസിൽ ആശ്വാസം കണ്ടെത്തുന്നവരാണ് ഭൂരിഭാഗവും, ഞാനുൾപ്പെടെ. lol..
മങ്കി ഐലൻഡ് ആയിരുന്നു അടുത്ത ഡെസ്റ്റിനേഷൻ. പേരുപോലെതന്നെ വാനരന്മാരുടെ വിഹാരകേന്ദ്രമാണ്. അവരുടെ ടെറിട്ടറിയിൽ അതിക്രമിച്ചു കിടക്കുന്നവർ നമ്മളായതുകൊണ്ടു തന്നെ ദൂരെ നിന്ന് ഫോട്ടോ എടുക്കുന്നതല്ലാതെ അവരെ പോയി ഭക്ഷണം കൊടുത്തോ തോളത് എടുത്തോ പൂർവിക സ്നേഹപ്രകടനത്തിനു നിന്നാൽ കടിയും മാന്തും ഉറപ്പാണെന്ന ബോബിയുടെ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ ആരും ആ സാഹസത്തിനു നിന്നില്ല. പോരാത്തതിന് തൊട്ടു തലേന്ന് അവിടെ വന്ന ഒരു ടൂറിസ്റ്റ് വനിതയെ കുരങ്ങന്മാർ കടിച്ചു ഹോസ്പിറ്റൽ കൊണ്ട് പോയതിന്റെ ഒരു കഥയും ബോബി പറഞ്ഞു. സത്യമാണോ എന്തോ? അതോ ഇനി വരുന്നവരോടൊക്കെ പുള്ളി ഈ കഥ തന്നാണോ ഡെയിലി അടിച്ച ഇറക്കുന്നേ? സംശയമുണ്ട്, കാരണം ഈ വരുന്ന വിദേശീയരോകെ ഇനി അടുത്തിടെയൊന്നും ആ വഴി വരുന്നില്ലലോ, അതുകൊണ്ട്തന്നെ അവരോട് എന്തും തള്ളാം. എന്തായാലും എല്ലാവരും സേഫ് ആയി തിരിച്ചുകയറി.
അതുവരെ ഞങ്ങളുടെ കൂട്ടായ അഭിപ്രയമായ ആൻഡമാനിൽ കണ്ട അത്രക്കും തന്നെ ഒള്ളു phuket അല്ലെങ്കിൽ ആൻഡമാൻ ആണ് ഒരുപടി മുൻപിൽ എന്ന അനുമാനത്തെ പാടെ മാറ്റിമറിക്കുന്നതായിരുന്നു മായാ ബേ ഐലൻഡ് ഞങ്ങൾക്കായി കാത്തുവെച്ചിരുന്നത്. അവിസ്മരണീയമായ കാഴ്ച. മലയിടുക്കുകളും അവക്കിടയിലൂടെ ഒഴുകുന്ന 3 നിറതിലായി കാണുന്ന കടലും. wow എന്ന് ആരെകൊണ്ടും പറയിക്കുന്ന കാഴ്ച. അധികം ശക്തിയിലല്ലാതെ അടിക്കുന്ന തിരകളോടൊത് തുള്ളിക്കളിച്ചു ഒരു മണിക്കൂറോളം കടലിൽ നീരാട്ട്. നമ്മുടെ സ്വന്തം ടൈറ്റാനിക് നായകന്റെ മറ്റൊരു സിൽമ ‘The Beach’ അവിടെയാണത്രെ ഷൂട്ട് ചെയ്തത്. ജെയിംസ് ബോണ്ട് ഷൂട്ട് ചെയ്ത ‘JamesBond Island’ ഞങ്ങളുടെ പാക്കേജ്ഇൽ ഇല്ലായിരുന്നതിനാൽ തെല്ലു നിരാശയുണ്ട്. എങ്കിലുമെന്താ എത്രയും കണ്ടലോ ഒരു ദിവസത്തിൽ…. ജീവൻ ഉള്ളിടത്തോളം നമ്മെ വിട്ടു പോകാത്ത കുറെ ഓർമ്മകൾ. അതാണ് ഓരോ യാത്രകൊണ്ടും നമുക്ക് കിട്ടുന്നത്. എല്ലാം ചിലപ്പോൾ നമുക് ഫോട്ടോ എടുത്തു വെക്കാനോ ബ്ലോഗ് എഴുതി പ്രതിഭലിപ്പിക്കാനോ കഴിഞ്ഞെന്നു വരില്ല. ചിലത് മനസിന്റെ ആ ‘വടക്കു കിഴക്കേ’ അറ്റത് ആർക്കും പിടികൊടുക്കാതെ നമ്മൾ സൂക്ഷിക്കും. നമുക്ക് മാത്രം താലോലിക്കാനായി.
ക്രാബി പ്രവിശ്യയിൽ തന്നെ പെട്ട മറ്റൊരു ചെറു തുരുത്തിലേക്കായിരുന്നു അടുത്ത യാത്ര. പ്രക്രതിയെന്ന മഹത് ശില്പി തനതു ചാരുതയിൽ അണിയിച്ചൊരുക്കിയ ഒരു മായാ പ്രപഞ്ചം. കണ്ടൽക്കാടുകൾ തിങ്ങിനിറഞ്ഞ വലിയ മലയിടുക്കുകളും അവക്കിടയിൽ അങ്ങിങ്ങായി മഞ്ഞു ശകലങ്ങൾ പോലെ തൂങ്ങി നിൽക്കുന്ന കൂർത്ത ശല്ക്കങ്ങളും. ചിലയിടത്തു ഇളം പച്ചയും ചിലയിടത്തും ആകാശനീലയും നിരത്തിലായുള്ള തെളിഞ്ഞ കടൽ തന്നെ കണ്ണിമ ചിമ്മാതെ നമ്മളെ നോക്കിയിരുത്തിക്കും. മലയിടുക്കുകളോട് അടുക്കുംതോറും സ്പീഡ് ബോട്ട് വേഗത കുറച്ചു കടലിനെ അലോസരപ്പെടുത്താതെ പയ്യെ ഒഴുകി നീങ്ങും. ബോട്ടിലെ എല്ലാവരും എണീറ്റ് ഇരുവശവുംനിന്നു ചറപറാ ഫോട്ടോസ് എടുത്തുകൂട്ടി. ഞാനും വിട്ടില്ല, ഫോട്ടോഗ്രാഫി വെല്യ പിടി ഇല്ലെങ്കിലും കുറെ ക്ലിക്കി ഞാനും.
കുറച്ചു സമയം അവിടെ നിർത്തിയിട്ടതിനു ശേഷം ഫുക്കറ്റിലെ കാഴ്ചകൾക്ക് വിരാമമിട്ടു സ്പീഡ് ബോട്ട് കുതിച്ചു. എങ്കിലും മനസ് ആ വേഗതയിൽ കൂടെ പോരാത്ത പോലെ. അവിടെവിടെയോ തട്ടി തടഞ്ഞു താങ്ങി നിൽക്കുന്നൂന്നൊരു ഫീൽ. അതിപ്പോ എനിക്കുമാത്രം ആകണമെന്നില്ല, കൂടെയുള്ള എല്ലാവരും പിന്നിട്ട കാഴ്ച കൺമറയുവോളം നോക്കി ഇരുന്നു. ആ ദിവസം അവസാനിക്കാതിരുന്നെങ്കിൽ എന്നൊരു തോന്നൽ ഇടക്കിടെ കൊള്ളിയാൻ പോലെ കടന്നുപോയി.
തിരിച്ച അഞ്ചരയോടെ അതെ പഴയ ഡ്രൈവർ ചേട്ടൻ ഞങ്ങളെ തിരിച്ച പതോങ് ബീച്ചിൽ എത്തിച്ചു, ഹോട്ടൽ വരെ ഡ്രോപ്പ് ചെയ്യുമെങ്കിലും ഞങ്ങൾക്ക് പാരാസെയ്‌ലിംഗ്നായി patong ബീച്ചിൽ പോകണമെന്നതിനാൽ അവിടെയിറക്കിയ മതിയെന്ന് ഇംഗ്ലീഷ് അറിയാത്ത പുള്ളിയെ ഒരുവിധത്തിൽ പറഞ്ഞു മനസിലാക്കി. ആള് പഴേത്തൊക്കെ മറന്നു, എപ്പോൾ ഭയങ്കര ചിരിയും സ്നേഹത്തോടെയുള്ള പെരുമാറ്റവും. എന്തരോ എന്തോ.
അവിടെ തൊണ്ണൂറു ശതമാനവും ഞങ്ങൾ കണ്ടതെല്ലാം ലോകത്തിന്റെ പലകോണുകളിൽനിന്നായി ഹണിമൂൺ യാത്രക്കായി തിരിച്ച പ്രണയജോഡികളെയായിരുന്നു. പെൺകുട്ടികൾ ഒറ്റക്കുള്ള ഒരു gang phuket -ൽ ഒരിടത്തും കണ്ടില്ല എന്നതിൽ ഞങ്ങൾക്ക് തെല്ലു അഭിമാനം തോന്നാതിരുന്നില്ല. പല പെണ്കുട്ടികൾക്കുമുള്ള മോഹമാകും അവരുടെ girls ഗ്യാങ്ങിനൊപ്പമുള്ള ഒരു വിദേശ യാത്ര. അത് ഞങ്ങള്ക് സാധിച്ചതിൽ യാത്രയിലുടനീളം ഞങ്ങള്ക് വല്ലാത്ത സന്തോഷം തോന്നി. അവസാന ദിവസമായപ്പോളേക്കും ഇനിയെന്നാണ് ഇങ്ങനൊക്കെ എന്നോർത്തു ആരും കാണാതെ കണ്ണൊന്നു നനഞ്ഞുവോ…അറിയില്ല…. എങ്കിലും സെന്റിയടിച്ചിരിക്കാൻ ഞങ്ങളില്ല, അടുത്ത ട്രിപ്പിനായുള്ള മുന്നൊരുക്കങ്ങൾ അണിയറയിൽ അരങ്ങേറ്റം തുടങ്ങി കഴിഞ്ഞു. പിന്നല്ല…

വയനാട്ടിലെ ആർക്കുമറിയാത്ത പൊന്മുടിക്കോട്ടയിലേക്ക്..




വയനാട്ടിലെ ആർക്കുമറിയാത്ത പൊന്മുടിക്കോട്ടയിലേക്ക്..

“ഈ കാത്തിരിപ്പിന്റെ സുഖം അതനുഭവിച്ചറിയുക തന്നെ വേണം…” അങ്ങനെ ഒരു നീണ്ട കാത്തിരിപ്പായിരുന്നു പൊന്മുടികോട്ടയിലെ മഞ്ഞും മഴയും നനയാനുള്ള ഈ യാത്രയുടെ കാത്തിരുപ്പും….ഇതിനു മുൻപ് രണ്ട് തവണ ശ്രമിച്ചെങ്കിലും പ്രകൃതി ദേവി കനിഞ്ഞില്ലയിരുന്നു…അതിന് പുള്ളിക്കാരിക്കു കൂടി തോന്നണോലോ….ആഗ്രഹങ്ങൾ സത്യമുള്ളതാണെങ്കിൽ അതെന്നെങ്കിലും നടക്കുമെന്ന് ആരോ പറഞ്ഞപോലെ എനിക്കുറപ്പായിരുന്നു…എന്നെങ്കിലും ഒരു ദിവസം മഞ്ഞ് മൂടിയ ഈ മാമലയെ പുണരുമെന്ന്….
ഇനി കഥ പറയാം, ഞായറാഴ്ചകളിൽ പെട്ടന്ന് തീരുമാനിച്ച് പോകുന്ന കുഞ്ഞ് യാത്രകളിൽ ഒന്നായിരുന്നു ഇതും…മൂന്ന് പേര്, ഒരു ബുള്ളെറ്റ്, മഴ, ഓഫ്‌റോഡ് ഇത്രയും മതിയല്ലോ യാത്ര ത്രില്ലിംഗ് ആവാൻ… ഉച്ചയപ്പോഴാണ് ഇറങ്ങിയത്..മഴക്കാലത്ത് എന്ത് ഉച്ച, എന്ത് രാവിലെ..എല്ലാം കണക്കാണല്ലോ…ടാറിട്ട റോഡിലൂടെ തുടങ്ങിയ യാത്ര പിന്നെ കല്ലായി, ചെളിയായി…മഴ പെയ്ത് വഴി നല്ല കണ്ടിഷൻ ആയിരുന്നു, അതുകൊണ്ട് വണ്ടി പയ്യെ സൈഡ് ആക്കി…ബാക്കി നടന്നു കേറാം എന്നുവെച്ചു, അതാണല്ലോ അതിന്റെയൊരു സുഖം… അങ്ങനെ കുന്നും മലയും കയറി പൊന്മുടികോട്ടയുടെ താഴെയെത്തി…
ട്രെക്കിങ്ങ് തുടങ്ങുന്നിടത് തന്നെ ഹനുമാന്റെ ഒരു പ്രതിമയും, ഒരു കുഞ്ഞ് കുരിശും കാണാം….ഇവിടെയാണ് 1st വ്യൂ പോയിന്റ്…ഇത് തന്നെ നല്ലൊരു ഉയരത്തിൽ നിന്നുള്ള കാഴ്ച്ച ആണ്….അങ്ങകലെ പച്ച പുതച്ച ഭൂമിയിലേക്കു മഴ പെയ്തിറങ്ങുന്ന കാഴ്ച്ച കാണാം. അവിടെ ഒരുപാട് നേരം കളയാതെ മല കയറ്റം തുടങ്ങി… പോകുന്ന വഴിക്കാണ് പൊന്മുടികോട്ട ക്ഷേത്രം, അത്യാവശ്യം വലിയ അമ്പലമാണിത്….. മലമുകളിലെ, പച്ചപ്പിനുള്ളിലെ സുന്ദരമായൊരു കാഴ്ച്ച. ഇതിന്റെ താഴെയുള്ള വീട്ടുകാരെല്ലാം മലകയറി ഇവിടെ വന്നാണ് തൊഴാർ….അമ്പലം കൊള്ളാം, എന്നാ ഒരു ഫീലായിരിക്കും ഇവിടുന്നൊക്കെ പ്രാർത്ഥിക്കാൻ….!!!
അമ്പലവും കണ്ട് മഞ്ഞ് മൂടിയ വഴിയിലൂടെ കയറ്റം തുടങ്ങി… അട്ട കേറും എന്ന് ഉറപ്പുള്ളതുകൊണ്ട് അത് വല്യ കാര്യമാക്കിലാ, പിന്നെ അതിനുള്ള പൊടിക്കൈയൊക്കെ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു….. പോണ വഴിക്ക് ഒന്ന് രണ്ട് ബൈക്കുകൾ ഇരിക്കണെ കണ്ടപ്പോഴാണ് വേണേൽ ഇവിടെ വരെ വണ്ടി വരുമായിരുന്നു എന്ന് തോന്നിയത്.
ചീവിടുകളുടെ ഒച്ചപ്പാടും..മഴയുടെ കളകളാരവവും, കൂടെ ചെറിയൊരു കാടും ആയപ്പോൾ സംഭവം സെറ്റ് ആയി….
കാട് കയറി എത്തുന്നത് ഒരു പാറയുടെ മുകളിലാണ്, ഇനി അങ്ങോട്ട് പറകളോടുള്ള മൽപിടുത്തമാണ്…നാല് പാറകൾ കേറി ഇറങ്ങി വേണം അഞ്ചാമനായ ഏറ്റവും ഉയരങ്ങളിൽ മഞ്ഞുമൂടി കിടക്കുന്ന അവന്റെ നെറുകയിൽ ചുംബിക്കാൻ….
ഓരോ പാറയും ഓരോ വ്യൂ പോയിന്റുകളാണ്. രണ്ട് എണ്ണം കേറി ഇറങ്ങിയപ്പോഴേക്കും ചുറ്റും മഞ്ഞ് വന്ന് മൂടികഴിഞ്ഞിരുന്നു….. മഞ്ഞ് വന്നാപിന്നെ പറയണ്ടല്ലോ മനസ്സ് നിറഞ്ഞ് രണ്ട് കൂവൽ കൂവി…ഹാപ്പിനെസ്സ്…
കുറെ നാളായി, എന്നും കാണുന്ന മഞ്ഞു മൂടിയ ഈ മലയെ നോക്കി കൊതിവിടാൻ തുടങ്ങിയിട്ട്….കട്ട മഞ്ഞാണ്. “ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല സാറെന്ന് പറഞ്ഞ അവസ്ഥയായി…” ഇനിയിപ്പോ എങ്ങോട്ടാണെന്ന വെച്ചിട്ടാ പോകുവാ ദൂരെയുള്ള പാറയൊന്നും കാണാൻ പോലുമില്ല….അങ്ങനെ പോയ് പോയ്, അവസാനത്തേത് ആണെന്ന് കരുതി വളരെ സാഹസികമായിട് വലിഞ്ഞ് കയറി ഒരെണ്ണത്തിന്റെ മുകളിൽ എത്തി… ദൈവമേ “ഇതതല്ല” പെട്ടു…!!!
ഇറങ്ങാൻ തുടങ്ങിയപ്പോ മലയിറങ്ങി വരുന്ന ചേട്ടന്മാര് അതിലെ ഇറങ്ങാൻ പറ്റില്ലാന്ന്….താഴേക്ക് പിടിക്കാൻ ഒന്നുമില്ലെന്ന്….
പിന്നെ ആ പാറയെ ചുറ്റി വേണം ഇറങ്ങാൻ…അതിറങ്ങി വീണ്ടും കുറെ നടന്ന് വലിയ പാറയുടെ ചോട്ടിലെത്തി….
കണ്ടപ്പോ തന്നെ മനസ്സ് പറഞ്ഞു ഇത് കുറച്ച് ഭീകരമാണെന്ന്, കുത്തനെയാണ് കേറേണ്ടത്, മറ്റു പറകളെ അപേക്ഷിച്ച് ഇത് വേഗം പൊടിയുന്ന, മണലിന്റെ അംശം കൂടിയ പാറയാണ്, കാല് നല്ലോണം സ്ലിപ്പാവും, എങ്ങാനും തെന്നിയാൽ…ദൈവമേ..!!!! പിന്നെ ഒരുപാടൊന്നും ആലോചിച്ചില്ല അങ്ങട് കേറി… പകുതിവരെയെത്തി, കൈ വിട്ടാൽ താഴെ എന്നുറപ്പാണ്. മഴയും, കാറ്റും, മഞ്ഞും നല്ല പണി തരുന്നുണ്ട്…കൂടെ വിറയും തുടങ്ങി. പാറയെ അള്ളിപിടിച് വലിഞ്ഞു കേറി എങ്ങനെക്കൊയോ മുകളിലെത്തി ഒറ്റ കിടത്തം…എന്റമ്മോ!!!!!… അവിടെയിരുന്ന് ഞങ്ങൾ മൂന്നുപേർക്കും പിന്നെ ചിന്ത ഇതെങ്ങനെ ഇറങ്ങും എന്നായിരുന്നു…!!!
പിന്നെ ആ ചിന്ത ഇവിടുന്ന് ഇനി ഇറങ്ങാണോ എന്നാവാൻ ഒരുപാട് സമായമൊന്നും വേണ്ടി വന്നില്ല…!!! കാരണം ഇപ്പൊ നിൽക്കുന്നത് ഒരുപാട് നാളുകളായുള്ള കാത്തിരിപ്പിന്റെ ആ നിർവൃതിയിൽ ആണ്….മഞ്ഞ് പാറിനടക്കുന്ന പൊന്മുടികോട്ടയുടെ ഉയരങ്ങളെ ചുംമ്പിച്ച്… ചുറ്റും മനം നിറക്കുന്ന കാഴ്‌ചകളാണ്, പച്ച പുതച്ച വയലുകളും, കാടുകളും, മലകളും, ഡാമുകളും…ദൂരെ പെയ്തിറങ്ങുന്ന മഴയും. വയനാടിന്റെ 360° വ്യൂ ഇതിലും നന്നായി എവിടെനിന്നും കിട്ടില്ല….വയനാടിന്റെ ഒത്ത നടുക്കാണി മലയുള്ളത്… ദൂരെ ഒരു കടലും കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയ്.!!!
മഴയും മഞ്ഞും മാറി മാറി വന്നുകൊണ്ടിരുന്നു, മതിയാകുവോളം മഴ നനഞ്ഞു, കുറെ കാഴ്ചകൾ കണ്ടു, ഫോട്ടോസ് എടുത്തു. ഇനി നിന്നാൽ ഇരുട്ടാകും എന്ന തിരിച്ചറിവിൽ, മനസ്സില്ലാ മനസ്സോടെ ഇറങ്ങാൻ തുടങ്ങി, പിന്നെ എന്തോ മഴയും മഞ്ഞും കുറച്ചു നേരം കൂടെ ഞങ്ങളെ അവിടെ പിടിച്ചു നിർത്തി….മനം നിറഞ്ഞണ് ഈ മലയിറക്കം….ഇനിയിവിടെ ഒരു സൺസെറ്റും, സൺറൈസും കൂടി കാണാൻ വരണം എന്നൊരു ആഗ്രഹം കൂടെ ബാക്കി വെച്ച് സാഹസികമായ മലയിറങ്ങലും…. അടുത്തായൊണ്ട് എപ്പോ വേണേലും വരാം എന്നുള്ളൊരാശ്വാസം ഉള്ളിൽ ഉണ്ടായിരുന്നു…. കൈയെത്തും ദൂരത്ത് ഇത്രയും മനോഹര കാഴ്ചകൾ ഉള്ളതൊന്നും ഒരുപാട് പേര് അറിയാതെയും കാണാതെയും പോകുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ….!!!!
നനഞ്ഞ് കുളിച്ച് ചായകടേൽ കേറിപ്പോ എല്ലാരും അടിമുടി നോക്കുന്നുണ്ടായിരുന്നു…നൈസ് ആയിട്ട് ഒരു ചായേം കുടിച് മഴയാത്രയുടെ നല്ല ഓർമകളുമായി ഞങ്ങൾ വീട്ടിലേക്ക്….. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയതും ഭംഗിയുള്ളതുമായ പാറക്കൂട്ടങ്ങൾ ആണ് പൊന്മുടികോട്ടയിലേത്. ഇതറിയപ്പെടുന്നത് മറ്റു പല പേരുകളിൽ ആണെങ്കിലും, ഇപ്പോൾ ഇതിനു പറ്റിയ പേരിതാണ്*…..ഏകദേശം 4km ട്രെക്കിങ്ങ് ഉണ്ട്, കുറച്ച് Difficulty ഉള്ള ട്രെക്കിങ്ങ് ആണ്. മഴക്കാലമായാൽ സദാസമയം മഞ്ഞ് മൂടി കിടക്കുന്ന വയനാട്ടിലെ ഏക പാറക്കൂട്ടം ഇതാണ് …വയനാട്ടിലെ മഴയും മഞ്ഞും ആവോളം മനസ്സു നിറയെ ആസ്വദിക്കാൻ പറ്റിയൊരിടമാണ് പൊന്മുടികോട്ട. മഴക്കാലമാണ് പോകാൻ പറ്റിയ സമയം. ചില സ്ഥലങ്ങളുടെ ഡീറ്റൈൽസ് പറയാൻ പറ്റില്ലാത്തൊരു അവസ്ഥയുണ്ട് അങ്ങനൊരു സ്ഥലമാണിതും..അതുകൊണ്ടാണ് ….

സാഹസികരെ മാത്രം കാത്തിരിക്കുന്ന ഹരിഹർ കോട്ടയെക്കുറിച്ചറിയാം…




സാഹസികരെ മാത്രം കാത്തിരിക്കുന്ന ഹരിഹർ കോട്ടയെക്കുറിച്ചറിയാം…

ജൻജിറയിൽ കയറാനാകാത്തതിന്റെ വിഷമത്തിൽ അടുത്ത യാത്രയിലേക്കു കടന്നപ്പോളാണ് വിധി കാലാവസ്ഥയുടെ രൂപത്തിൽ വീണ്ടും പണി തരുന്നത്… മുരുട് ജൻജിറയിൽ നിന്നും ഹരിഹരിലേക്കായിരുന്നു പിന്നീടുള്ള പ്രയാണം…
ദൂരെ നിന്നും കാണാം..ആകാശത്തെ തൊട്ട് മേഘങ്ങളെ തലോടി നില്‍ക്കുന്ന ഒരു കുന്നിനെ. കുറച്ചു കൂടി അടുത്തെത്തിയാല്‍ മനസ്സിലാകും കുന്ന് മാത്രമല്ല അവിടെയുള്ളത്, .ഒരു കോട്ട കൂടിയുണ്ടെന്ന്.. ആഹാ…എന്നാല്‍ ആ കോട്ടയില്‍ ഒന്നു കയറാം എന്നു തോന്നുന്നുണ്ടോ.. ഇത്തിരി പാടുപെടും..അങ്ങനെ ആര്‍ക്കും അത്രപെട്ടന്നൊന്നും കയറാന്‍ പറ്റിയ ഒരിടമേ അല്ല ഈ കോട്ട.
സാഹസികരെ മാത്രം കാത്തിരിക്കുന്ന ഈ കോട്ടയെക്കുറിച്ചറിയാം…
മഹാരാഷ്ട്രയിലെ നാസിക്കിനു സമീപമുള്ള തൃമ്പകേശ്വറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഭീകരനായ കോട്ടയാണ് ഹരിഹര്‍ ഫോര്‍ട്ട്. കുത്തനെയുള്ള കല്‍പ്പടവുകള്‍ കയറി എത്തുന്ന ഈ കോട്ട സഞ്ചാരികളുടെ ആകര്‍ഷണമാണ്.. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.ഹരിഹര്‍ കോട്ടയുടെ നിര്‍മ്മാണത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. യാദവ വംശത്തിന്റെ കാലത്താണ് ഇത് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നു. 1636 ല്‍ ഷാഹാരി രാജ ഭാസാലെ ഈ കോട്ട കീഴടക്കി എന്നു പറയപ്പെടുന്നു.ചെങ്കുത്തായ ഭീമന്‍ പാറക്കെട്ട്..
മുന്‍പ് പറഞ്ഞതുപോലെ സാഹസികര്‍ക്കും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്കും വേണ്ടി മാത്രമുള്ളതാണ്ഹരിഹര്‍ ഫോര്‍ട്ട്. ഉയരത്തെ ഭയക്കുന്നവരും നല്ല കായികശേഷി ഇല്ലാത്തവരും ഈ കോട്ടയും യാത്രയും സ്വപ്നത്തില്‍ പോലും കാണേണ്ടതില്ല.അല്പം ദുര്‍ഘടം പിടിച്ചതാണ് കോട്ടയിലേക്കുള്ള യാത്ര. യാത്ര തുടങ്ങുമ്പോള്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല. പുല്ലുകള്‍ വകഞ്ഞുമാറ്റി വഴിയുണ്ടാക്കി വേണം പോകാന്‍… പടികള്‍ കാണുന്നതുവരെയുള്ള യാത്ര വളരെ എളുപ്പമാണ്..
കല്ലില്‍ കൊത്തിയ പടികള്‍ ആദ്യ കാഴ്ചയില്‍ തന്നെ ഒന്നു പേടിപ്പിക്കും. ഇത് കയറി ജീവനോടെ മുകളില്‍ എത്തുമോ എന്ന സംശയം ഉറപ്പായും ഉണ്ടാകും..കുത്തനെയാണ് പടികളാണുള്ളത്. ഇരുന്നും കിടന്നും നടന്നുമെല്ലാം പടികള്‍ കയറേണ്ടി വരും.. ആദ്യസെറ്റ് പടികള്‍ കയറിയാല്‍ പിന്നെ ഒരു കവാടം കാണാം..കവാടം കടന്നാല്‍ ഇതുവരെ നടന്നതിലും കുറച്ചു കൂടി ഭീകരമായ പടികളാണുള്ളത്. അതുംകൂടി കടന്നാല്‍ മുകളിലെത്താം..  അവിടെ സാഹസികരെ കാത്തിരിക്കുന്നത് വിശാലമായ ഒരു കുന്നിന്‍പുറവും പാറയില്‍ കൊത്തിയ കുളങ്ങളുമാണ്.
360 ഡിഗ്രി വ്യൂവിലാണ് കാഴ്ചകള്‍. അങ്ങകലെ മുംബൈ നഗരത്തിന്റെയും വനങ്ങളുടെയുമെല്ലാം കാഴ്ച മനസ്സിനെ കുളിര്‍പ്പിക്കും…117 പടികള്‍ കയറിയാണ് ഇവിടെയത്തുന്നത്. കല്ലില്‍ കൊത്തിയും തുരന്നും നിര്‍മ്മിച്ചിരിക്കുന്ന ഈ പടികള്‍ അപകടകാരികളാണ്. പ്രത്യേകിച്ചും മഴക്കാലങ്ങളില്‍. കുന്നിന്റെ മുകളില്‍ നിന്നുള്ള വെള്ളം താഴേക്ക് പടികള്‍ വഴി ഒലിച്ചിറങ്ങുന്നതിവാല്‍ മിക്കപ്പോവും ഇവിടെ വഴുക്കലാണ്. അതിനാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ കയറാവൂ..
ഈ കോട്ട ആര് നിർമിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ ഒരറിവും ഇത് വരെ ലഭിച്ചിട്ടില്ല…. സാഹസികരായ അതിഥികളെ സ്വീകരിച്ചുകൊണ്ട് ഹരിഹർ കോട്ട ഇന്നും ഒരു ചുരുളഴിയക്കോട്ടയായി തലയുയർത്തി നിൽക്കുന്നു…
എന്തൊക്കെയായാലും ജൻജിറ കോട്ട ചതിച്ചപോലെ ഹരിഹറും ചതിച്ചു…. കനത്ത മഴ ഹരിഹർ കയറാനുള്ള ഞങ്ങളുടെ മോഹത്തിന് താൽക്കാലികമായി തടയിട്ടു… മഴയത്തു തലയുയർത്തി നിന്ന ഹരിഹർ കോട്ടയ്ക്കു നേരെ ഞാൻ തിരിച്ചു വരും… നിന്നെ കീഴടക്കാൻ…. കാത്തിരിക്കു എന്ന് സവാൽ വിട്ടിട്ടു പോന്നപ്പോൾ നഷ്ടമായത് ഒരു സാഹസികമായ യാത്ര തന്നെ ആയിരുന്നു എന്നറിയാമായിരുന്നു…
അന്നത്തെ ആ നഷ്ടം പഴകിയ വീഞ്ഞിനു വീര്യം കൂടുമെന്നു പറയുന്ന പോലെ യാത്രകളോടുള്ള പ്രണയവും ഞങ്ങളിൽ കൂടിക്കൊണ്ടിരിക്കുന്നു… ഒരിക്കൽ കൂടി ഹരിഹറും ജൻജിറയും കീഴടക്കണം… കീഴടക്കും…
കടപ്പാട് :യാത്രക്കും വാക്കുകൾക്കും കടം നൽകി സഹായിച്ച ചങ്ക് ഷൈജുവിന്, ചിത്രങ്ങളേകിയ ഗൂഗിളമ്മച്ചിക്കും(മഴയും മൂടൽ മഞ്ഞും ഹരിഹർ കോട്ടയുടെ ചിത്രങ്ങളെ ഞങ്ങളുടെ ക്യാമറക്കണ്ണിൽ നിന്നും ഒളിപ്പിച്ചു കളഞ്ഞിരുന്നു )

യൂറോപ്പിലെ സ്വർഗ്ഗതുല്യമായ ഒരു ഗ്രാമത്തിലേക്ക് ഒരു യാത്ര പോയാലോ?




യൂറോപ്പിലെ സ്വർഗ്ഗതുല്യമായ ഒരു ഗ്രാമത്തിലേക്ക് ഒരു യാത്ര പോയാലോ?

നമുക്കൊരുമിച്ചൊരു യാത്ര പോയാലോ ?.അതും സ്വർഗ്ഗ തുല്യമായ ഒരു ഗ്രാമ ഭംഗിയിലേക്ക് ?. യൂറോപ്പിലെ അതിമനോഹരമായ Hallstatt എന്ന ഒരു കൊച്ചു ഗ്രാമത്തിലേക്കാണീ യാത്ര.
യാത്രയവിവരണവും ചിത്രങ്ങളും –  അബ്ദുൽ റഷീദ്.
യൂറോപ്പ് സന്ദർശിക്കുന്ന അധിക സഞ്ചാരികളും അവിടത്തെ പ്രധാന നഗരങ്ങളെല്ലാം കണ്ടു തിരിച്ചു വരാറാണ് പതിവ്. യൂറോപ്പിലെ ഗ്രാമ ഭംഗി ആസ്വദിക്കാൻ പലരും എന്തുകൊണ്ടോ മുതിരാറില്ല. ഗ്രാമങ്ങളോടുള്ള എന്റെ മുഹബ്ബത്ത് കൊണ്ട് അവിടെയുള്ള നല്ല ഗ്രാമങ്ങൾ കാണണം എന്ന ആഗ്രഹമാണ് Hallstatt എന്ന ഗ്രാമത്തെ പറ്റി അറിയാനും അവിടെയെത്താനും എന്നെ സഹായിച്ചത്. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട Austria യിലാണ് ഈ കൊച്ചു ഗ്രാമം. ജർമനിയിലെ മ്യുണിക്ക് എയർപോർട്ടിനടുത്തുള്ള Salzburg എന്ന romantic നഗരത്തിൽ നിന്നും 70km അകലെയാണ് Hallstatt. റോഡ്, ട്രെയിൻ മാർഗ്ഗം വഴി ഇവിടെയെത്താം . ഓസ്ട്രിയയിലെ Salzburg, Vienna നഗരങ്ങളിൽ നിന്നും ഇവിടേക്ക് പല കമ്പനികളും ഡേ ട്രിപ്പ്‌ നടത്താറുണ്ട്. ഈ കൊച്ചു ഗ്രാമത്തിലെ താമസം അല്പം ചിലവേറിയതായതിനാൽ അധിക സഞ്ചാരികളും ഇത്തരം ഡേ ട്രിപ്പുകളിലാണ് ഇവിടെയെത്താറ്.
റൊമാന്റിക് നഗരമായ Salzburg നിന്നുമാണ് ഞാൻ യാത്ര തുടങ്ങിയത്. Salzkammergut പ്രദേശത്തെ തടാക തീരത്തുകൂടെ Hallstatt ലേക്കുള്ളയാത്ര 2 മണിക്കൂർ നീണ്ട യാത്ര വളരെ മനോഹരമാണ്. എവിടെ നോക്കിയാലും ഒരു ചിത്രകാരൻ തന്റെ ക്യാൻവാസിൽ വരച്ച ചിത്രങ്ങൾ പോലെ സുന്ദരമായ ഗ്രാമങ്ങൾ. ചിലയിടങ്ങളിൽ കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പരന്ന പുൽമേടുകൾ. ഇവിടെയെല്ലാം തണുപ്പ് കാലത്ത് സ്കീയിങ് മേഖലയാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് അതിനായി എല്ലാ വർഷവും ഇവിടേക്ക് ഒഴുകിയെത്തുന്നത്.
മലകൾക്കും തടാകത്തിനുമിടയിലെ ഒരു കൊച്ചു ഗ്രാമാണ് Hallstatt. ജനസംഖ്യ ആയിരത്തിനു താഴെ. 7000 വർഷങ്ങൾക്കു മുൻപ് മുതലേ ഇവിടെ ജനവാസമുണ്ടായിരുന്നത്രെ. ഉപ്പ് ശേഖരം കൊണ്ട് സമ്പന്നമാണീ പ്രദേശം. വലിയൊരു salt mine ഇവിടെയുണ്ട്. നമ്മൾ ഒരു വിലയും കൽപ്പിക്കാത്ത ഉപ്പ് വിറ്റ് സമ്പന്നമായ രാജ്യമാണ് Austria. അവർ ഉപ്പിനെ white gold എന്നാണ് വിശേഷിപ്പിക്കാറ്. അവിടത്തെ salt mine കണ്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. സെറ്റപ്പും സൗകര്യങ്ങളും ഒരു gold mine നെ വെല്ലുന്നവ. ഉപ്പ് ബിസിനസ് ഇത്രയും ലാഭകരമാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇതെല്ലാം കണ്ടപ്പോൾ എനിക്ക് എന്റെ വല്യാപ്പ പറയാറുള്ള ഒരു പഴംചൊല്ലാണ് ഓർമ്മ വന്നത്. പതിനായിരം രൂപയുടെ ബിരിയാണി ഉണ്ടാക്കിയാലും അതിൽ പത്തു രൂപയുടെ ഉപ്പ് ചേർത്തില്ലെങ്കിൽ ഒന്നിനും കൊള്ളില്ല. അത്രക്കും വലിയ സ്ഥാനമാണ് ഉപ്പിനുള്ളതെങ്കിലും നമ്മളതിനൊരു വിലയും കല്പിക്കാറില്ല. പണ്ട് നാട്ടിലെ കടകളെല്ലാം അടച്ചു പൂട്ടിയാലും ഒരു കള്ളനും വേണ്ടാത്ത ഉപ്പ് പെട്ടിയുടെ സ്ഥാനം കടക്കു പുറത്തായിരുന്നു. പക്ഷെ ഇവിടെ വന്നപ്പോൾ കഥയാകെ മാറി. ഇവിടെ ഉപ്പിന് രാജകീയ സ്ഥാനമാണ്. അവരുടെ സമ്പന്നതയിലേക്കുള്ള തുറുപ്പു ചീട്ടും.
Salt mine കണ്ട് പിന്നീട് പോയത് skywalk എന്നറിയപ്പെടുന്ന വ്യൂ പോയിന്റ് കാണാനാണ്. 350 മീറ്റർ ഉഴരത്തിലുള്ള ഇവിടേക്ക് കേബിൾ കാർ കയറി വേണം എത്തിപ്പെടാൻ. മുകളിൽ സഞ്ചാരികൾക്ക് കാഴ്ചകൾ കാണാൻ ഉരുക്കിൽ തീർത്ത V ഷെയ്പ്പിലുള്ള വലിയൊരു പ്ലാറ്റ്ഫോം ഉണ്ട്. നടക്കുമ്പോൾ കുലുങ്ങുന്നത് കൊണ്ട് അതിന്റെ അറ്റത്തോളം പോവാൻ കുറച്ചു ധൈര്യം വേണം. പക്ഷെ അവിടെയെത്തിയാൽ ശൂന്യതയിൽ നിൽക്കുന്ന പ്രതീതിയാണ്. പിന്നെ ചുറ്റും വാക്കുകൾക്കതീതമായ പ്രകൃതി ഭംഗിയും. ശരിക്കുമൊരു സ്വർഗ്ഗം തന്നെ. ഈയൊരനുഭവം മാത്രം മതി കിലോമീറ്ററുകൾ അകലെയുള്ള സഞ്ചാരികളെ വീണ്ടും വീണ്ടും ഈ ഗ്രാമത്തിലേക്ക് ആകർഷിക്കാൻ.
ഇവിടുത്തെ വീടുകൾക്ക് മതിലുകളില്ല. വീടുകൾ ആരും പൂട്ടാറില്ലത്രേ. വാഹനങ്ങൾ ലോക്ക് ചെയ്യുന്നത് മറ്റുള്ളവരെ അപമാനിക്കുന്നതിന് തുല്യം. അത്കൊണ്ട് വാഹനങ്ങളൊന്നും ആരും ലോക്ക് ചെയ്യാറില്ലത്രെ. നമുക്കിതെല്ലാം കെട്ടുകഥകളാണ്. ഞാൻ രാത്രിയിൽ കള്ളനെ പേടിച്ച് ഉറങ്ങാതിരുന്ന കഥകളെല്ലാം ഇവരറിഞ്ഞാലുള്ള reaction ഓർത്ത് ഒരുനിമിഷം അറിയാതെ ചിരിച്ചു പോയി. പിന്നെ ഇത്രയും നല്ല മനുഷ്യർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന ആശ്ചര്യവും.
പൂക്കളുടെ ഗ്രാമമാണ് Hallstatt. തടിയിൽതീർത്ത വീടുകളെല്ലാം പൂക്കൾ കൊണ്ടലങ്കരിച്ചിരിക്കുന്നു. പൂക്കൾ അന്യമാകുന്ന നമ്മൾ കേരളീയർക്ക് അതൊരു നൊസ്റ്റാൾജിക് കാഴ്ച തന്നെ. അവിടത്തെ ഗ്രാമ വഴികൾ എനിക്ക് സമ്മാനിച്ചത് എന്റെ കുട്ടിക്കാലത്തെ ഓർമ്മകളാണ്. പൂക്കളും ശലഭങ്ങളും പാടങ്ങളും അരുവികളും നിറഞ്ഞ ആ നല്ല നാടിന്റെ ഓർമ്മകൾ. ഇന്ന് നമ്മുടെ നാട്ടിൽ എവിടെ നോക്കിയാലും കോൺക്രീറ്റ് കെട്ടിടങ്ങളാണ്. മലകളും മണ്ണും പാറയുമെല്ലാം നമുക്കിന്ന് ഉപജീവനത്തിനുള്ള ഉപാധികൾ മാത്രം. എന്തിനെയും പണത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന നാം വരാനുള്ള നമ്മുടെ തലമുറകളെ പറ്റിയോ അവരോടു നമുക്കുള്ള കടപ്പാടുകളെ കുറിച്ചോ ഓർക്കാതെ പോകുന്നു.

ഗ്രാമ വഴികളിലൂടെ നടന്നു നടന്ന് എത്തിയത് ഒരു വേറിട്ട കാഴ്ചയിലേക്കാണ്. അവിടത്തെ ചർച്ചും അതിനകത്തെ bone ഹൌസും. ചർച്ചിന് പുറത്ത് സുന്ദരമായൊരു സെമിത്തേരിയുണ്ട്. അവിടത്തെ സ്ഥല പരിമിതിയാണ് bone ഹൗസിന് കാരണം. വർഷങ്ങൾക്കു മുൻപ് മരിച്ച ആളുകളുടെ ശവക്കല്ലറകൾ തുറന്നു അവരുടെ തലയോട്ടിയും എല്ലുകളും പെറുക്കിയെടുത്തു bone ഹൌസിൽ ചിട്ടയോടെ അടക്കി വെച്ചിരിക്കുന്നു. ഇങ്ങനെ ആയിരക്കണക്കിന് തലയോട്ടികളാണ് bone ഹൗസിലുള്ളത്. ഇതിലെല്ലാം അവരവരുടെ പേരും മരണ വർഷവും രേഖപ്പെടുത്തി ഓരോ കുടുംബങ്ങളായി sort ചെയ്ത് വച്ചിട്ടുള്ള കാഴ്ച അതിശയകരവും കൂടെ ഭയപ്പെടുത്തുന്നതുമാണ്. മെഴുകുതിരി കത്തിച്ചും പ്രാർത്ഥനകളിൽ മുഴുകിയും ഗ്രാമ വാസികൾ തങ്ങളുടെ മുന്ഗാമികളോട് ആദരാഞ്ജലികൾ അർപ്പിക്കുന്നത് bone ഹൗസിലെ കരളലിയിപ്പിക്കുന്ന കാഴ്ചയാണ്, കൂടെ നമ്മെ ചിന്തിപ്പിക്കുന്നതും. ഇത്തരം ഒരു bone house വേറെയെവിടെയെങ്കിലും ഉള്ളതായി എനിക്കറിവില്ല.
വൈകിട്ട് തിരിച്ചു പോകാനൊരുങ്ങുമ്പോൾ ഈ ഗ്രാമത്തിൽ ജനിച്ചവരോടും ജീവിക്കുന്നവരോടും വല്ലാത്ത അസൂയ തോന്നിപ്പോയി. ഈ മനോഹര ഗ്രാമത്തിൽ ഒരു ജന്മമെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന പ്രാർത്ഥനയിൽ അവിടെനിന്നും മടങ്ങുമ്പോൾ മനസ്സിൽ കുറിച്ചിട്ടു ഇനിയും ഈ ഗ്രാമത്തിൽ വരണം. ഇവിടെ രാപ്പാർക്കണം. ജന്മം കൊണ്ട് പുണ്യം കിട്ടിയ ഇവിടത്തെ ഭാഗ്യവാന്മാരുടെ കൂടെ കുറേ സമയം ചെലവഴിക്കണം. ജന്മം കൊണ്ട് കിട്ടാതെ പോയ പുണ്യം യാത്രയിലൂടെ നേടണം

മണിമഹേഷ്.. ഹിമാലയത്തിലെ അഞ്ചു കൈലാസങ്ങളിൽ ഒന്ന്


മണിമഹേഷ്.. ഹിമാലയത്തിലെ അഞ്ചു കൈലാസങ്ങളിൽ ഒന്ന്



ഒരുളുപ്പും ഇല്ലാതെ കൈനിറയെ കാശു കടം വാങ്ങി ഒരു യാത്ര.. തിരിച്ചുകിട്ടുമെന്ന യാതൊരുവിധ ഉറപ്പുമില്ലാതെ കാശു തന്നു സഹായിച്ച എല്ലാവരോടും നന്ദി. നാട്ടിൽനിന്നും കെട്ടും കെട്ടി വന്നു ഒരാഴ്ച കഴിഞ്ഞപ്പോ സങ്കടം.. സങ്കടം മാറാൻ യാത്ര.. അത് നിർബന്ധാ..  (ഓരോരോ കാരണങ്ങളെ..). ഒരു ചെറിയ കുപ്പി വാങ്ങി അടിക്കുമ്പോ ആണ് ചങ്ക് അജയ് യോട് കാര്യം അവതരിപ്പിക്കുന്നത്.. നേരെ പെട്ടിയും കെടക്കേം ഒന്നും എടുക്കാതെ അവന്റെ വീട്ടിലോട്ടു പോരാൻ പറഞ്ഞു.. അങ്ങ് ഹിമാചലിൽ ഖഞ്ഞിയാൻ എന്നൊരു ഗ്രാമം ആണ്.. നേരെ കേറി വിട്ടു.. പോവാൻ നേരം കുറെ കാശ് കയ്യിൽ വെച്ച് തന്നു എന്റെ ഒരു ആശാൻ.. കണ്ണ് നിറഞ്ഞുപോയി.. ഇത്രേം കാശുമായി ഒരു യാത്ര ആദ്യമാണ് സാധാരണ വല്ല 600 ഓ 700 ഓ ഒക്കെ ഉണ്ടാവാറുള്ളൂ.. ഇതിപ്പോ മൊത്തം 5000 ചൊള കയ്യിൽ..
രാത്രി മുഴുവൻ വണ്ടിയിൽ ആശാന്റെ നാട്ടിലെത്തി ഉറങ്ങിക്കിടന്ന അവനെ കുത്തിപ്പൊക്കി.. മച്ചാൻറെ അപ്പൻ പണ്ട് ആർമിയിൽ ആയിരുന്നു.. എനിക്കൊരു ഷേക്ക് ഹാൻഡ് തന്നപ്പോ അറിയാതെ പറഞ്ഞു.. ആപ്പ് ബഹുത് സ്ട്രോങ്ങ് ഹോ.. വീട്ടിലെ ഷെൽഫ് കണ്ടപ്പോ പകച്ചു പോയി ഞാൻ… 90കളിൽ മിഷ്ടർ ഹിമാചൽ ആയെന്റെ ഒരു ട്രോഫി. കാലുതൊട്ടു അനുഗ്രഹം വാങ്ങണം.. മനസിലുറപ്പിച്ചു.
പകൽ തോട്ടത്തിലൊക്കെ ഒന്ന് കറങ്ങി നാട്ടുകാരെ ഒക്കെ അങ്ങ് കണ്ടേച്ചു..അജയ് യുടെ വീട്ടിലും നാട്ടിലും കിട്ടുന്ന ഒരു പരിഗണന ഒന്നും ഒരു വർഷം കൂടി വീട്ടിൽ പോയാലും കിട്ടില്ല.. എടുത്തിട്ടു ട്രീറ്റ്.. നല്ല കാട്ടുമുയൽ കറി വെച്ചതും ചപ്പാത്തിയും ചോറും ഒക്കെ കൂട്ടി രാത്രിയിൽ ഒരു അഡാർ ഡിന്നർ.. നേരം വെളുത്തുവന്നപ്പോഴേ ഫുൾ ഫോമിൽ നുമ്മ റെഡി.. വീട്ടുകാരുടെ അനുഗ്രഹം വാങ്ങി നല്ല ഒരു ഗ്ലാസ് പാലും കുടിച്ചു യാത്രയിലേക്ക്…
പോവുന്നിടത്തും കേറുന്ന വണ്ടിയിലും എല്ലായിടത്തും മച്ചാന്റെ പരിചയക്കാർ മാത്രം.. ദൂരെ ഒരു വീട് ചൂണ്ടിക്കാണിച് ആശാൻ ഒരു അതിമനോഹരമായ ലവ് സ്റ്റോറി തുടങ്ങി.. ആരെയും കരയിപ്പിക്കുന്ന ഒരു പരാജയപ്പെട്ട കഥ.. ആ വീട്ടിലാണ് അവളെ കെട്ടിച്ചു വിട്ടിരിക്കുന്നത്…  വണ്ടി ഓടി ഓടി ഓടി ഓടി വഴി മാരകമായിതുടങ്ങി.. പല തവണ പല സ്ഥലങ്ങളിലൂടെ പോയിട്ടുണ്ടെങ്കിലും ഈ വഴി ആദ്യമാണ്.. റോഡിൽ ടാർ എന്നൊന്നില്ല.. എപ്പോ വേണമെങ്കിലും താഴോട്ടു വീഴാൻ സിഗ്നൽ കാത്തുകിടക്കുന്ന വൻ പാറക്കൂട്ടങ്ങൾ.. ഭർമോർ പോയി ഒരു ദിവസം താമസിച്ച്‌ പിറ്റേദിവസം ട്രെക്ക് തുടങ്ങാൻ ആണ് പ്ലാൻ.. സമയത്തെക്കുറിച് ഒരു അറിവും ഇല്ല.. രാത്രി ആയോ ഇല്ലയോ അറിയില്ല.. ഇരു വശവും വൻ മലകൾ രവി നദിയുടെ കരയിലൂടെ ആണ് യാത്ര.. ഭീകരത തീരെ തോന്നില്ല, കാരണം മിക്കവാറും ബോധം പോവും.. അല്പം ഭീകരത തോന്നിയത് അങ്ങ് ദൂരെ ദൂരെ ഒരു ട്രെക്ക് നദിയിൽ കടലാസ് പന്ത് പോലെ കിടക്കുന്നത് കണ്ടപ്പോഴാണ്… തൃപ്തിയായി!!. 
ഭർമൗർ ഇറങ്ങിയപാടെ ഭായ്ജാൻ എന്നും വിളിച്ചു ആശാന്റെ സുഹൃത്ത് വന്നു കെട്ടിപ്പിടിച്ചു. 5 പേരുടെ ടീം, അവരും അങ്ങോട്ടുതന്നെ രാത്രി റൂമിൽ കിടക്കാമെന്നും പറഞ്ഞു കൂട്ടിക്കൊണ്ടു പോയി വയറുനിറച്ചു ഫുഡും കള്ളും സ്നേഹവും.. സത്യം പറയാല്ലോ കടം വാങ്ങിയ കാശു ചിലവാക്കാൻ എനിക്കോരു അവസരം പോലും കിട്ടിയില്ല.  പോകുന്ന വഴി മുഴുവൻ ലങ്കർ, ഫ്രീ ഫുഡ്, വെള്ളം, ബസിൽ വരെ കയറി ആളുകൾ ജ്യൂസ് കൊണ്ടു തന്നു.. ഹിമചലികളുടെ സ്നേഹം ഇത്ര അനുഭവിച്ച ഒരു ട്രിപ്പ് മുൻപ് ഉണ്ടായിട്ടില്ല. (കള്ളുകുടി യാത്രയിൽ പാടില്ലാത്തതാണ് പക്ഷെ പറഞ്ഞിട്ടിട്ടൊന്നും ഒരു കാര്യം ഇല്ല.. മച്ചന്മാർ അങ്ങാനാണ്, ബട്ട് റെസ്പോൺസിൽ ഡ്രിങ്കിങ് ഒൺലി).
ഭർമൗർ ഇൽ നിന്നും ജീപ്പുപിടിച്ചു കുറച്ചുദൂരം പോയ ശേഷമാണ് ട്രെക്ക് തുടങ്ങുന്നത്.. ഇതൊരു പുണ്യ യാത്രയായി വിശ്വസിക്കുന്നതിനാൽ നല്ല തിരക്കാണ്.. തുടക്കം മുതൽ ഒടുക്കം വരെയും സൗജന്യ ഭക്ഷണം.. ഒരിടത്തും കുമ്മാനടിക്കേണ്ട കാര്യമില്ല വിളിച്ചു തരും. വെള്ളം എല്ലായിടത്തുമുണ്ട്..( ഇതൊക്കെ ജൂലൈ ഒക്ടോബർ വരെയുള്ള സമയത്തു മാത്രം. ഓഫ് സീസൺ ആരും ഉണ്ടാവില്ല.. മൊത്തം ഗ്ലാസിയർ ആണ് അപ്പൊ മഞ്ഞിൽ മൂടി ശാന്ത സ്വഭാവം കാണിച്ചാലും അനേകം ആളുകൾ ജീവൻ വെടിഞ്ഞിട്ടുള്ള സ്ഥലമാണ്.. അതിനാൽ നല്ല ശ്രദ്ധ വേണം.. മണ്ണും കല്ലും ഒക്കെ ഇടിഞ്ഞു തലയിൽ വീഴാൻ സാധ്യത ഉണ്ട്. എന്റെ മുന്നിൽ നടന്നതാണ് ഈ യാത്രയിൽ. )
നല്ല രണ്ടു ഫോട്ടോ എടുത്തു ട്രെക്ക് തുടങ്ങി.. മൊത്തം 14KM ഉണ്ട്.. പരിചയക്കുറവും ബാഗ് ക്യാമറ ഉള്ളതിനാലും അല്പം പതിയെ ആണ് കയറ്റം.. അജയ് മുൻപിൽ ഞാൻ വളരെ പിറകിൽ.. ഒരു 1 മണിക്കുറിന് ശേഷം ഞാനാ സത്യം മനസിലാക്കി അവനെ കാണാനില്ലാ… (എന്നെ കാണാതെപോയി എന്ന് അവൻ പറയും.. കാര്യമാക്കേണ്ട. ) ആശാൻ ഒരു വഴി ഞാൻ വേറെ ഒരു വഴി, മൊത്തം 3 വഴികൾ ഉണ്ട്. പരസ്പരം സഹായിച്ചും മിണ്ടിയും പറഞ്ഞും പല സംഗങ്ങളോട് കൂട്ടുകൂടി ഞാൻ നടന്നു.. വഴുതിവീണാൽ ജീവൻ പോവുന്ന ആഗാധങ്ങളിലേക്കു ആണ്ടു പോകുന്ന പലതും കടന്ന് പൊയ്‌ക്കൊണ്ടിരുന്നു.. നൂറ്റാണ്ടുകളായി Glacier movements കൊണ്ടും മലയിടിച്ചിൽ കൊണ്ടും തകർന്നു തരിപ്പണമായിക്കിടക്കുന്ന പാറക്കൂട്ടങ്ങൾ.. ഒട്ടും പേടി തോന്നേണ്ട എന്ന് തോന്നി, കാരണം ഇവിടെ കിടന്നു മരിച്ചാലും അതിൽ ഒരു ദുഃഖിക്കേണ്ട ഒന്നുമില്ല മറിച്ചു ലോകം കണ്ട് ഒരു പുഞ്ചിരിയോടെ പ്രകൃതിയിലേക്ക് മടങ്ങാം.
7 മണിക്കുർ എടുത്തു മുകളിലെത്താൻ.. കാഴ്ചകൾ വർണനാതീതം ജീവൻ പോവും എന്ന് തോന്നിയ നിമിഷങ്ങൾ.. ചെറിയ തോതിൽ AMS ഉണ്ടായിരുന്നു.. നന്നായി വിശ്രമിച്ചതിനാൽ പ്രശ്നം ഒന്നും ഉണ്ടായില്ല. ഭർമൗർ ഇൽ വെച് എനിക്ക് ഹെലിപാഡ് കാണണം എന്ന് പറഞ്ഞതിനാൽ അജയ് അവിടെ എത്തുമെന്ന പ്രതീക്ഷയിൽ ഒരു മണിക്കൂറോളം അവിടെ കിടന്നു.
കൈലാസവും കണ്ടു മണിമഹേഷ് ലേക് ഇൽ ഒരു കുളിയും നടത്തി നേരെ പോലീസ് ക്യാമ്പ് ഇൽ പോയി അജയ് എന്ന പയ്യനെ കാൺമാനില്ല എന്നൊരു അന്നൗൻസ്‌മെന്റ അങ്ങ് കൊടുപ്പിച്ചു..  ഉള്ളത് പറഞ്ഞാ എനിക്ക് വല്ലാത്ത ചിരി ആണ് വന്നത്.. പോലീസുകാരു പറഞ്ഞപോലെ മച്ചാനെ നോക്കി ആ എൻട്രൻസ് ഇൽ കുത്തിയിരിപ്പ്… കട്ട വെയ്റ്റിംഗ് മാത്രമല്ലാതെ ഒന്നും നടക്കില്ല എന്നു മനസിലായി.. എന്നെപ്പോലെ തുല്യ ദുഃഖിതർ വേറെയും ഉണ്ടായിരുന്നു.. കാശ്മീരിൽ നിന്നും വന്ന ഒരു അപ്പാപ്പനും പോയി കഴിഞ്ഞപ്പോ സമയം പോയി കാലാവസ്ഥയും പെട്ടന്നാണ് മാറിയത്. കാറ്റും മൊത്തം മൂടൽ മഞ്ഞും. ജാക്കറ് പോലുള്ള ഒരു ആഡംബരവും കയ്യിലില്ല.. എന്റെ കാമറ ബാഗ് അജയ് യുടെ കയ്യിൽ.. അവന്റെ ബാഗ്, പൈസ, മൊബൈൽ മൊത്തം എന്റെ കയ്യിലും, റേഞ്ച് ഇല്ല എന്ന് പ്രത്യേകം പറയണ്ടല്ലോ… ഒരു ചായക്കടയിൽ മുടിഞ്ഞ തണുപ്പത്തു അവരു തന്ന കമ്പിളിയുമായി ഞാൻ നേരം വെളുപ്പിച്ചു.
സൂര്യോദയവും കണ്ടു ചറ പറ ഫോട്ടോയും എടുത്തു ഞാൻ തിരിച്ചു. മഞ്ഞു മൂടി കിടക്കുന്ന മണിമഹേഷ് അടുത്ത ലക്ഷ്യമാണ്. ട്രെക്കിങ്ങിന് പോയാ ഈ തിരിച്ചു ജീവൻ കയ്യിൽപിടിച്ചു ഓടി ഇറങ്ങണ ഒരു സുഖം ഉണ്ടല്ലോ.. ആ ത്രിൽ തലയ്ക്കു പിടിച്ചാൽ പിന്നെ വേറെ അഡ്‌വെന്റ്‌റെസ് ആക്ടിവിറ്റീസ് ഒന്നും വേണ്ട. 7 മണിക്കുറെടുത്തു കയറിയ14KM, 2.5hrs ഇൽ ഓടി ഇറങ്ങി.. ഭർമൗർ എത്തി ബസ് കാത്തു നിൽക്കുമ്പോൾ അവന്റെ ഫോണിൽ ഒരു കാൾ.. ആശാൻ എതോ പോലീസ് ഔട്പോസ്റ്റിൽ നിന്നും വിളിച്ചതാ.. മുകളിൽ നിന്നും താഴെ എത്താൻ മച്ചാൻ 2 മണിക്കുർ എടുത്തുള്ളൂ.. അങ്ങനെ 2 പേരു പോയ ട്രിപ്പ് 2 സോളോ ട്രിപ്പായി ഭവിച്ചു.
മൊത്തം ചെലവ് എന്ന് പറയാൻ ഒന്നും ആയില്ല.. വണ്ടിക്ക് ചില സ്ഥലത്തു കൊടുത്ത ടിക്കറ്റ് കാശ് മാത്രം. രാത്രി തിരിച്ചു ചമ്പയിലെത്തി ഓരോ ഐസ്ക്രീം കഴിച്ചു ചമ്പയുടെ പാതിരാ സൗന്ദര്യവുമാസ്വതിച്ചു നേരെ വണ്ടി ചണ്ഡീഗഡ്…ഒരുളുപ്പും ഇല്ലാതെ കൈനിറയെ കാശു കടം വാങ്ങി ഒരു യാത്ര.. തിരിച്ചുകിട്ടുമെന്ന യാതൊരുവിധ ഉറപ്പുമില്ലാതെ കാശു തന്നു സഹായിച്ച എല്ലാവരോടും നന്ദി. നാട്ടിൽനിന്നും കെട്ടും കെട്ടി വന്നു ഒരാഴ്ച കഴിഞ്ഞപ്പോ സങ്കടം.. സങ്കടം മാറാൻ യാത്ര.. അത് നിർബന്ധാ..  (ഓരോരോ കാരണങ്ങളെ..). ഒരു ചെറിയ കുപ്പി വാങ്ങി അടിക്കുമ്പോ ആണ് ചങ്ക് അജയ് യോട് കാര്യം അവതരിപ്പിക്കുന്നത്.. നേരെ പെട്ടിയും കെടക്കേം ഒന്നും എടുക്കാതെ അവന്റെ വീട്ടിലോട്ടു പോരാൻ പറഞ്ഞു.. അങ്ങ് ഹിമാചലിൽ ഖഞ്ഞിയാൻ എന്നൊരു ഗ്രാമം ആണ്.. നേരെ കേറി വിട്ടു.. പോവാൻ നേരം കുറെ കാശ് കയ്യിൽ വെച്ച് തന്നു എന്റെ ഒരു ആശാൻ.. കണ്ണ് നിറഞ്ഞുപോയി.. ഇത്രേം കാശുമായി ഒരു യാത്ര ആദ്യമാണ് സാധാരണ വല്ല 600 ഓ 700 ഓ ഒക്കെ ഉണ്ടാവാറുള്ളൂ.. ഇതിപ്പോ മൊത്തം 5000 ചൊള കയ്യിൽ..

130 ഹെയര്‍പിന്‍ വളവുകൾ, 1400 കി.മീ, മൂന്ന് ദിവസം; ഒരു കിടിലന്‍ യാത്ര




130 ഹെയര്‍പിന്‍ വളവുകൾ, 1400 കി.മീ, മൂന്ന് ദിവസം; ഒരു കിടിലന്‍ യാത്ര…!!

ഒരു യാത്രയിൽ പരമാവധി ഹെയർപിൻ കയറി ഉള്ള റൈഡ് അത് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു… ദൂരമോ, ദിവസമോ ഒന്നിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല…
“Mountain of Death” എന്ന് വിളിപ്പേരുള്ള സേലത്തു നിന്ന് 60 km ദൂരെയുള്ള kolli hills ൽ ആണതവസാനിച്ചത്.. വാല്പാറ ചുരം ആയിരുന്നു തുടക്കം, അതിരപ്പള്ളി വാൽപ്പാറ വനപാതയിൽ മഴ തകർത്തു പെയ്യുന്നുണ്ട് അതുകൊണ്ടാവും തിരക്കും വളരെ കുറവ്… വാൽപ്പാറ ടൗൺ കഴിഞ്ഞതും കോട വഴിപോലും കാണാൻ പറ്റാത്ത വിധം കാഴ്ച്ച മറച്ചു തുടങ്ങി… ചുരം അടുക്കും തോറും മഴ മാറി… സായാന ശോഭയിൽ കുളിച്ചു നിൽക്കുന്ന അലിയാർ ഡാം വ്യൂ… ആലിയാർ ഡാമിൽ ആനകളുടെ ഒരുകൂട്ടം അങ്ങകലെയായി നിലയുറച്ചിരുന്നു ക്യാമറ കണ്ണിൽ കണ്ടെത്താൻ പറ്റാത്ത ദൂരത്തായിരുന്നത്, കുറച്ചു നേരം കണ്ടുനിന്നത്.
പാലക്കാട് നിന്ന് രാവിലെ ഇറങ്ങി പുറകിലിരിക്കാൻ ഒരു മടിയുമില്ലാത്ത ജെയ്‌സനെ കൂടെക്കൂട്ടി കോയമ്പത്തൂർ വഴി സേലം പോകുന്ന ആറുവരിപ്പാതയുടെ നടുവിൽ എണ്ണിയാൽ തീരാത്ത പോലെ AIADMK പാർട്ടി ഫ്ലെക്സുകളും കൊടി തോരണങ്ങളും… മുഖ്യമന്ത്രി സേലം വരുന്നതിന്റെ മുന്നൊരുക്കമായിരുന്നത്.
യേർക്കാട് ചുരത്തിൽ എത്തിയപ്പോൾ മഴയില്ലെങ്കിലും തണുപ്പിനൊരു കുറവുമില്ല, സകല ക്ഷീണവും ആ തണുപ്പിലലിഞ്ഞില്ലാതായി… മൂന്നാറിനെ ഓർമിപ്പിക്കുന്ന ടൗൺ… ഒരു പാർക്ക് ഉണ്ട് ടൗണിൽത്തന്നെ മയിലും മാനും തന്നെ പ്രെധാനാകർഷണം, മയിൽ കാണികൾക്കു മുൻപിൽ ആരോ പറഞ്ഞുപഠിപ്പിച്ച പോലെ പീലിവിടർത്തി നിൽക്കുന്നു.

ബോട്ടിങ്ങിനു ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരെ കണ്ടപ്പോൾ നമ്മുടെ ബീവറേജ് ആണോർമ്മ വന്നത് അത്ര തിരക്കായിരുന്നു… പ്രധാന വ്യൂ പോയിന്റിൽ ഒരു ചെറിയ ടവർ ഉണ്ട് ഞങ്ങളും കേറി തിരക്ക് കാരണം അത് കഴിയട്ടെ എന്ന് കരുതി ഒരു സൈഡിൽ നിൽപാരംഭിച്ചു.
അപ്പോളാണൊരു യുവമിഥുനങ്ങളെ കണ്ണിൽ പെട്ടത് തന്റെ ഫോട്ടോ എത്ര തവണയെടുത്തിട്ടും തൃപ്തി വരാതെ നിൽക്കുന്ന ഒരു ഫ്രീക്കൻ, കൂടെയുള്ള പെൺകുട്ടി പല രീതിയിലും പലതവണ എടുത്തു നോക്കിട്ടും ആൾക്കിഷ്ടപെടുന്നില്ല, ഓരോ തവണയും ഒരോ കുറ്റങ്ങൾ… ഇതിപ്പം ഇവർ പോയിട്ടൊരു ചിത്രമെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല… അടുത്ത ചിത്രത്തിനു കുറ്റം പറഞ്ഞു തുടങ്ങിയപ്പോൾ ഞങ്ങൾ രണ്ടുപേരും ഉറക്കെയൊന്ന് ചിരിച്ചു… മച്ചാന് കാര്യം മനസ്സിലായി… മനസ്സില്ലാമനസ്സോടെ രംഗമൊഴിഞ്ഞു തന്നു…
യേർക്കാട് നിന്ന് കൊല്ലിമല അതായിരുന്നു അടുത്ത റൂട്ട്… 70 ഹെയർപിൻ അതുമാത്രമായിരുന്നു മനസ്സിൽ, വാൽപ്പാറ പലതവണ പോയിട്ടുണ്ടെങ്കിലും 70 ഹെയർപിൻ എന്ന് കേട്ടാൽ മറക്കാൻ പറ്റുമോ ? എന്നെ കൊല്ലി മലയിലെത്തിച്ചത് അതായിരുന്നു… വളവുകളിൽ Center Stand റോഡിനെ ചുംബിക്കുന്ന സൗണ്ട്‌ കേട്ടില്ലെങ്കിൽ വല്ലാത്തൊരു നഷ്ടബോധമാണെനിക്ക് അത്രക്കും Adventure റൈഡുകളെ ഇഷ്ടപ്പെടുന്നുണ്ട്. അതുതന്നെയാ ഇങ്ങനൊരു റൂട്ട് തിരഞ്ഞെടുത്തതും, കൊല്ലി മലയുടെ മുകളിലെത്തിയപ്പോൾ മനസ്സിലായി കൃഷിക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ഒരു ഗ്രാമം… താമസത്തിനു 2,3 ഹോട്ടലുകൾ മാത്രം.

ബസ് ഉണ്ട് നാമക്കൽ നിന്ന്, കൂടുതലാളുകൾ എത്തിച്ചേരാത്ത ഒരു ഹിൽ ടോപ്പ് ആണ്‌ എന്നുകരുതുന്നു അത്ര സൗകര്യങ്ങളെ അവിടൊള്ളു കുരുമുളക്‌ കൃഷി കാണണ്ടത് തന്നെയാണ്… ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ചെടികളാൽ നിറഞ്ഞു നിൽക്കുന്ന തോട്ടങ്ങൾ… വയനാട്ടിലും ഇടുക്കിയിലും പേരിനുമാത്രമായ കുരുമുളക്‌ കൃഷി ഇവിടെ ഇന്നും വ്യാപകമായി ഉണ്ട്, ഒപ്പം കാപ്പിയും…
അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവ് തന്നെ കാർഷികവിളകൾക്ക് മാത്രമായി ഒരു കൊച്ചു മാർക്കറ്റും ചെമ്മേട് എന്ന ഈ കൊച്ചു ടൗണിലുണ്ട് ഒന്നു രണ്ട്‌ വെള്ളച്ചാട്ടങ്ങളും ചെറിയ വ്യൂ പോയിന്റുകളുമാണ് കൊല്ലിമലയുടെ ആകർഷണം…

തിരിച്ചിറങ്ങവേ ആദ്യമായി ചുരം കയറാൻ വന്ന കാറുകാരൻ എതിർ സൈഡിൽ വന്ന ബസ്സുമായി ഏതു സൈഡിലൂടെയാ വണ്ടി ഓടിക്കണ്ടത് എന്ന തർക്കം തകൃതിയായി നടത്തുന്നു… കണ്ടുനിന്നവരുടെ ക്ഷമ നശിച്ചപ്പോൾ ആരൊക്കെയോ ഇടപെട്ട് രംഗം ശാന്തമാക്കി… ഒരു കേരള രജിസ്‌ട്രേഷൻ വണ്ടിക്കാരൻ കയ്യൊക്കെ പൊക്കിക്കാണിച്ചു കടന്നുപോയി ആരാണാവോ?
സേലം കോയമ്പത്തൂർ റോഡിലെത്തിയപ്പോൾ നടുനിവർത്തി… ഇല്ലെങ്കിൽ ബെൽറ്റിടണ്ടി വന്നാലോ എന്ന് ഭയന്ന് ലോറിക്കാരുടെ താവളത്തിൽ കേറി ചായക്ക് പറഞ്ഞിട്ട് മുൻപിൽ കണ്ട ബെഞ്ചിൽ കേറി കിടന്നു, തിരിച്ചു പാലക്കാട് എത്തണമെന്ന പ്ലാനിലായതിനാൽ വണ്ടി എടുത്തു.
ചില സന്ധ്യകളിൽ വളരെ ഉയരത്തിലൂടെ ഏതോ കൂട്ടിൽ ചേക്കേറാനായിട്ട് പറന്നു പോകുന്ന പറവകളെ കണ്ടിട്ടുണ്ടാവും നമ്മൾ… അതും ഒരു പ്രെചോദനം ആയിരുന്നെനിക്ക് മടുപ്പുകൾ മാറ്റി യാത്ര തുടരാൻ… അസ്തമയ സൂര്യൻ ചുവന്നു തുടുത്തു നിൽക്കുന്നു ഇത്രയും നല്ല അസ്തമയ കാഴ്ച്ച ഈയടുത്തെങ്ങും കണ്ടിട്ടില്ല, അത്ര മനോഹരമായിരുന്നത് അതും നോക്കിയങ്ങനിരുന്നു വണ്ടിയിൽ… പാലക്കാടെന്ന ബോർഡും തപ്പി.
NB:- കൂടുതൽ നല്ല ചിത്രങ്ങൾ പകർത്താൻ പറ്റിയിട്ടില്ല ക്ഷമിക്കുക. സഞ്ചാരമെന്നാൽ സാഹസം തന്നെയാണെനിക്ക്… ബൈക്ക് റൈഡുകളെ കുറിച്ച് പല അഭിപ്രായമുള്ളവരും പല രീതിയിൽ ഉപയോഗിക്കുന്നവരുമുണ്ടാവും… വളവുകളുടെയും Center സ്റ്റാൻഡിന്റെയും കാര്യം പറഞ്ഞത് പൾസർ 220 ഉപയോഗിക്കുന്നവർക്ക് മനസ്സിലായിക്കാണും… അറിയാത്തവർ ദയവായി ഉപദേശവുമായി വരല്ലേ എന്നപേക്ഷിക്കുന്നു.

വാൽപ്പാറ – 40, യേർക്കാട് – 20, കൊല്ലിമല – 70, ഇതായിരുന്നു കയറി ഇറങ്ങിയ ഹയർപിന്നുകൾ. വാല്പാറയിലെ 40 ന് മുകളിലല്ല കൊല്ലിമലയിലെ 70 എന്നും കൂടി കുറിക്കുന്നു… റൂട്ട് :- പാലാ – ഏഴാറ്റുമുഖം – അതിരപ്പള്ളി- മലക്കപ്പാറ – ഷോളയാർ – വാൽപ്പാറ – ആനമല – പാലക്കാട് – മലമ്പുഴ – കോയമ്പത്തൂർ – സേലം – യേർക്കാട് – സേലം – റാസിപുരം – കൊല്ലിമല – കോയമ്പത്തൂർ – പാലക്കാട് – പാലാ.