2019 മേയ് 5, ഞായറാഴ്‌ച

നായരുടെ പരിണാമം



നായരുടെ പരിണാമം

മാർത്താണ്ഡവർമ്മയുടെ സ്‌ഥാനാരോഹണം നായർസമുദായത്തിൻറെ സ്വാധീനത്തിന് ചെറിയ ഇളക്കം വരാൻ കാരണമായി എന്നെഴുതിയിരുന്നല്ലോ. അതെങ്ങനെ എന്നു പരിശോധിക്കാം.



                                                            മാർത്താണ്ഡവർമ്മ

1729 ൽ മാർത്താണ്ഡവർമ്മ അധികാരത്തിൽ വരുന്നത് തിരുവിതാംകൂറിലെ തറക്കൂട്ടങ്ങളിലെ നിർണായകശക്തിയായിരുന്ന എട്ടുവീട്ടിൽപ്പിള്ളമാരെ വകവരുത്തിക്കൊണ്ടായിരുന്നു. എട്ടുവീടരുടെ തറവാട് കുളംതോണ്ടിയും അവരുടെ സ്ത്രീകളെ മുക്കുവർക്ക് പിടിച്ചു കൊടുത്തും കൊണ്ടുള്ള, കേരളക്കര അതുവരെ കാണാത്ത, ശിക്ഷാനടപടികൾ നായർസമുദായത്തെ ഞെട്ടിച്ചു. കൂട്ടത്തിൽ ചില ബ്രാഹ്മണരും ശിക്ഷിക്കപ്പെട്ടു. കുടിപ്പകയുടെ ഭാഗമായി പരസ്പരമുള്ള കൊല്ലും കൊലയും ധാരാളം ഉണ്ടായിരുന്നെങ്കിലും തറവാട് വേരോടെ പിഴുതെറിഞ്ഞ നടപടി സമുദായത്തെ വൃണപ്പെടുത്തി. എട്ടുവീടരുടെ ചെയ്തികളായി പറയപ്പെടുന്ന പല രാജ്യദ്രോഹകുറ്റങ്ങളും ചരിത്രകാരമാർ നിരാകരിച്ചിട്ടുണ്ട്. രാജാവായിരുന്ന ആദിത്യവർമ്മയെ വിഷംകൊടുത്തും ഉമയമ്മറാണിയുടെ ആറുമക്കളിൽ അഞ്ച്പേരെ വെള്ളത്തിൽ മുക്കിയും കൊന്നതായാണ് പരമ്പരാഗതവിശ്വാസം. എന്നാൽ ആദിത്യവർമ്മ പ്രായാധിക്യത്താൽ മരിച്ചതായും ഉമയമ്മ റാണിക്ക് കുട്ടികളേ ഉണ്ടായിട്ടില്ല എന്നും തെളിയിക്കുന്ന മതിലകം രേഖകൾ ലഭിച്ചിട്ടുണ്ട്. എന്തായാലും എട്ടുവീട്ടിൽ പിള്ളമാരെ അടക്കിയ ചങ്ങനാശ്ശേരിയിൽ തിരുവതാംകൂർ രാജാക്കന്മാർ അടുത്തിടെവരെ കാലുകുത്തില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. സത്യമോ എന്നറിയില്ല. രാജാവിന് രാജ്യദ്രോഹികളെ വധിക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ലല്ലോ. പിന്നെന്തിന് ഭയം?



                                                             ഉമയമ്മറാണി

മാർത്താണ്ഡവർമ്മ അനേകം യുദ്ധങ്ങൾ നടത്തി, ചെറിയൊരു നാടുവാഴി രാജ്യത്തിൻറെ വിസ്തൃതിയുണ്ടായിരുന്ന വേണാടിനെ തെക്കേയറ്റം മുതൽ കൊച്ചി വരെ പരന്ന തിരുവതാംകൂർ ആക്കി മാറ്റി. ഭാരതം സ്വതന്ത്രമായി തിരുവതാംകൂർ ഇല്ലാതാകുന്നത് വരെ അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാൻ പിന്നീട് ഒരു രാജാവിനും സാധ്യമായില്ല. ഇന്ത്യയിൽ ഡച്ച് ഭരണം അവസാനിപ്പിച്ചത് മാർത്താണ്ഡവർമ്മ അവരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധത്തോടെയാണ്. പരാജയപ്പെടുത്തിയ ഡച്ച് സൈന്യാധിപനായിരുന്ന ഡിലനായി സർവസൈന്യാധിപനും(1741) രാമയ്യൻ എന്ന പരദേശബ്രാഹ്മണൻ ദളവയും(1737) ആയത് നായരെ വീണ്ടും ക്ഷീണിപ്പിച്ചു. സിവിൽഭരണവും സൈനികവൃത്തിയും ആയിരുന്നല്ലോ നായരുടെ പ്രധാന വിഹാരരംഗം. രണ്ടിടത്തുമുള്ള വിദേശമേലധികാരികൾ അവരുടെ സ്വാതന്ത്ര്യം കുറയാൻ കാരണമായി.




  യുദ്ധങ്ങളിലെ ക്രൂരതകൾ ആകാം മാർത്താണ്ഡവർമ്മയെ രാജ്യം തൃപ്പടിദാനം (Jan 3 1750) ചെയ്യാൻ പ്രേരിപ്പിച്ചത്. ചീട്ട്കളിച്ചുകിട്ടുന്ന കാശ് പള്ളിയിൽ നേർച്ചയിടുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. നേരായ മാർഗത്തിലൂടെ അല്ല നേടിയത് എന്നൊരു കുറ്റബോധമാകാം കാരണം. ആറുവർഷം കൂടുമ്പോൾ മുറജപവും ബ്രാഹ്മണർക്ക് ഭക്ഷണവും ദക്ഷിണയും മഹാദാനങ്ങളും ചേർന്ന ധാരാളം പ്രായശ്ചിത്ത നടപടികളുമായി മഹാരാജാവ് പാപമോചനം തേടി. തൃപ്പടിദാനവും നായർക്ക് ക്ഷീണം ചെയ്തു, എന്തെന്നാൽ ക്ഷേത്രത്തിലെ പൂജകളും മേൽപ്പറഞ്ഞ ചടങ്ങുകളും രാജ്യത്തിൻറെ ഔദ്യോഗികകാര്യങ്ങളായി മാറിയപ്പോൾ ശൂദ്രരായ നായർക്ക് ക്ഷേത്രത്തിൽ സ്വതന്ത്രമായി ഇടപെടുന്നതിലുള്ള തടസ്സങ്ങൾ ന്യായമായി പറഞ്ഞുകൊണ്ട് രാമയ്യൻദളവ താക്കോൽ സ്‌ഥാനങ്ങളിൽ എല്ലാം തമിഴ്ബ്രാഹ്മണരെ നിയമിച്ചു.




എങ്കിലും അപ്പോഴും, മാർത്താണ്ഡവർമ്മയ്ക്കു ശേഷം നാല്പതു വർഷം രാജ്യം ഭരിച്ച ധർമ്മരാജവിന്റെ കാലത്തും(1758-1798) നായർസമുദായത്തിൻറെ സ്വാധീനത്തിനു കാര്യമായ കുറവൊന്നും ഉണ്ടായില്ല.  ദിവാനായിരുന്ന രാജാകേശവദാസിൻറെ നേതൃത്വത്തിൽ തിരുവതാംകൂർ നായർപ്പട, മലബാറും കൊച്ചിയും കീഴടക്കി മുന്നേറിയ  മതഭ്രാന്തനായിരുന്ന, ടിപ്പുവിന്റെ പടയോട്ടത്തെ ആലുവയിൽ  തടഞ്ഞുനിർത്തി (1789). ടിപ്പു കഷ്ടിച്ചു ജീവനോടെ രക്ഷപെട്ടു. കോഴിക്കോടിനെ ഇസ്ലാമാബാദ് ആക്കിയും ആക്രമിച്ച സ്‌ഥലങ്ങളിലെ ക്ഷേത്രങ്ങൾ തകർത്തും ബലമായി മതപരിവർത്തനവും നടത്തിവന്ന ടിപ്പു വിജയിച്ചിരുന്നെങ്കിൽ കേരളം ഇന്ന് കാണുന്നതാവില്ലായിരുന്നു. അടുത്തകാലംവരെ കേരളത്തിൽ ടിപ്പു എന്നത് പട്ടിക്കിടുന്ന നാമങ്ങളിൽ ഏറ്റവും ജനകീയമായിരുന്നു.




സമൂഹത്തിൽ സമ്പത്തുകൊണ്ടും സ്‌ഥാനംകൊണ്ടും ഉയർന്നനിലയിൽ ആയിരുന്നിട്ടും ഭരണത്തിൽ കാര്യമായ പ്രാതിനിധ്യം സുറിയാനിക്രിസ്ത്യാനികൾക്ക് ലഭിച്ചിരുന്നില്ല. യൂറോപ്യൻ കൊളോണിസ്റ്റുകളുടെ വരവോടെയാണ് അതിന് ഒരു സാധ്യത തെളിഞ്ഞത്. ധർമ്മരാജാവിനു ശേഷംവന്ന അവിട്ടംതിരുനാൾ ബാലരാമവർമ്മയുടെ കാലം(1798-1810) സംഘർഷങ്ങളുടെയായിരുന്നു. പതിനാറുവയസു മാത്രം പ്രായമായിരുന്ന രാജാവ്‌  ജയന്തൻനമ്പൂതിരിയുടെ സ്വാധീനത്തിലായി.  രാജാകേശവദാസിനെ വിഷം കൊടുത്തു കൊന്ന് ദിവാൻ ആയ നമ്പൂതിരി തൻറെ ഇടംവലം കൈകളായിരുന്ന ശങ്കരനാരായണൻപിള്ള, തച്ചിൽമാത്തൂതരകൻ എന്ന സുറിയാനി ക്രിസ്ത്യാനി എന്നിവരോടൊത്ത് ഭരിച്ച് ഖജനാവ് കാലിയാക്കി. വേലുത്തമ്പി ഒരു വിമതസംഘം ഉണ്ടാക്കി  മൂവരെയും നിഷ്കാസനം ചെയ്‌തെങ്കിലും പാലിയത്തച്ചനുമായി ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ നീക്കം പരാജയപ്പെട്ട് ആത്മഹത്യ ചെയ്തു. കൊച്ചിയും തിരുവിതാംകൂറും ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കപ്പം കൊടുക്കുന്ന നാട്ടുരാജ്യങ്ങളായി. സൈന്യശക്തി ഗണ്യമായി കുറഞ്ഞു.  ടിപ്പുവിൻറെയും  പഴശ്ശിരാജയുടെയും പതനത്തോടെ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. നായർപട്ടാളം മദ്രാസ് റെജിമെന്റിൽ ലയിച്ചു.




കുളച്ചലിൽ ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തിയതും(1741) ടിപ്പുവിനെ നെടുങ്കോട്ടയിൽ പരാജയപ്പെടുത്തിയതും(1789) നായർപട്ടാളത്തിൻറെ തിളക്കമാർന്ന നേട്ടങ്ങളാണ്. ഒരു സമുദായം എന്ന നിലയിൽ കേരളത്തിൽ ഏറ്റവും ജീവൻ ബലികൊടുത്തത് മരണഭയമില്ലാതിരുന്ന നായർ പോരാളികളായിരുന്നു. ബ്രാഹ്മണർക്ക്‌ ജാത്യാചാരം നിലനിർത്തുന്നതിനും, അനേകം നാടുവാഴികൾക്ക് പരസ്പരം പക പോക്കുന്നതിനായും, രാജ്യത്തിനു വേണ്ടിയും  എന്നു വേണ്ട കേരള ചരിത്രത്തിലെ എല്ലാ യുദ്ധങ്ങളിലും നായർരക്തം ഒഴുകി. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പിയും പാലിയത്തച്ചനും നയിച്ച യുദ്ധങ്ങൾ പരാജയപ്പെടാൻ പ്രധാനകാരണം കൂട്ടത്തിൽ ഉള്ള മറ്റു നായർ പ്രമാണിമാരുടെയും രാജാവിൻറെയും ചതി ആയിരുന്നല്ലോ. 1961ൽ ഇന്ത്യയിൽ നിന്ന് പോർട്ടുഗീസുകാരെ നാലരനൂറ്റാണ്ടിനു ശേഷം പുറത്താക്കിയ ഗോവവിമോചനത്തിന്റെ സൈനികനീക്കമായ ഓപ്പറേഷൻ വിജയ് നയിച്ചത് ലെഫ്റ്റനന്റ് ജനറൽ കുഞ്ഞിരാമൻ പാലാട്ട് കാണ്ടത് എന്ന ഒറ്റപ്പാലംകാരൻ നായർ ആയിരുന്നു എന്നതും ഒരു ചരിത്രകൗതുകമാണ്.



                                                             Lt. Gen K.P. Candeth

മെക്കാളെയുടെയും മണ്റോയുടെയും കാലത്ത് സുറിയാനിക്രിസ്ത്യാനികൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ലഭിച്ചുതുടങ്ങി. എന്നാൽ റാണിയായിരുന്ന ഗൗരിലക്ഷ്മിബായിയെ തുടക്കത്തിൽ കുറച്ചുകാലം സഹായിക്കുക എന്നതിനുപരി റെസിഡൻറ് എന്ന പ്രാഥമികകർത്തവ്യം മൺറോയെ ഏറെക്കാലം ദിവാൻ ആയിരിക്കാൻ അനുവദിക്കുമായിരുന്നില്ല. ഉദയംപേരൂർ സുന്നഹദോസിന് ശേഷം ചെറുതായും കൂനൻകുരിശുസത്യത്തിനു ശേഷം സാമാന്യം നന്നായും പരസ്പരം പോരടിച്ചുകൊണ്ടിരുന്ന സുറിയാനികൾ കിട്ടിയ അവസരം മുതലെടുക്കാവുന്ന സാഹചര്യത്തിലായിരുന്നില്ല. അതിനാൽ സർക്കാർ ഉദ്യോഗങ്ങളിൽ നായരുടെ പ്രതിയോഗി പരദേശബ്രാഹ്മണർ മാത്രമായിരുന്നു.



1820 മുതൽ തന്നെ ആംഗ്ലിക്കൻ മിഷനറിമാർ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിച്ചുതുടങ്ങി. 1835 ലെ അടിമത്തനിരോധനത്തോടുകൂടി എല്ലാ ജാതിക്കാർക്കും അവരുടെ സ്കൂളുകളിൽ പഠിക്കാമെന്നായി. 1858ൽ പ്രഗത്ഭനായ മാധവറാവു തിരുവതാംകൂർ ദിവാനായി ചാർജെടുത്തു.  ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്റ്റാച്യു ഏതെന്ന് ചോദിച്ചാൽ അത് തിരുവനന്തപുരം സ്റ്റാച്യു ജംക്ഷനിൽ നിലകൊള്ളുന്ന ദിവാൻ മാധവറാവുവിന്റെ സ്റ്റാച്യു ആണെന്ന് ഏതു കാക്കയോടു ചോദിച്ചാലും പറയും. അദ്ദേഹത്തിൻറെ വരവോടു കൂടി സർക്കാരും സ്കൂളുകൾ തുടങ്ങിയെങ്കിലും മേല്ജാതിക്കാർക്ക് മാത്രമേ 1870 വരെയെങ്കിലും പ്രവേശനം ഉണ്ടായിരുന്നുള്ളൂ. മാധവറാവു സർക്കാർജോലികൾക്ക് വിദ്യാഭ്യാസയോഗ്യതകൾ നിഷ്കർഷിച്ചെങ്കിലും പഠിച്ചിറങ്ങുന്ന കീഴ്ജാതിക്കാർക്ക്  സർക്കാർജോലികളിൽ പ്രാതിനിധ്യം ഇല്ലായിരുന്നു. പഠിച്ചിറങ്ങുന്ന മാർഗംകൂടിയ കീഴ്ജാതിക്കാർക്ക് സിലോണിലും മറ്റ് ബ്രിട്ടീഷ് ഇന്ത്യൻ ഭാഗങ്ങളിലും മിഷനറിമാരുടെ സഹായത്താൽ ഗുമസ്തപ്പണികൾ ലഭിച്ചു തുടങ്ങി. ജനസംഖ്യയിൽ 20 ശതമാനം ഉണ്ടായിരുന്ന നായർസമുദായത്തിനായിരുന്നു സർക്കാർജോലികളിൽ 60 ശതമാനവും. എന്നാൽ ഒരു ശതമാനത്തിൽ താഴെയുള്ള പരദേശബ്രാഹ്മണർ ബാക്കി 40 ശതമാനം ജോലികൾ, പ്രത്യേകിച്ചും ഉയർന്ന ശമ്പളവും പദവിയുമുള്ളവ, കൈയ്യടക്കിവച്ചിരുന്നു എന്നത് നായരിൽ ഈർഷ്യയുണ്ടാക്കി. 1891ലെ  മലയാളിമെമ്മോറിയൽ അടിസ്‌ഥാനപരമായി ഒരു നായർ മെമ്മോറിയൽ തന്നെയായിരുന്നു. 1911 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം സർക്കാർ ഉദ്യോഗങ്ങളിൽ 41 % നായന്മാരും, 19% ബ്രാഹ്മണരും,  29 % ക്രിസ്ത്യാനികളും, ബാക്കി 11 %  മറ്റ് ജാതിക്കാരും,  ഈഴവർ പൂജ്യവുമാണ്.



പരദേശ ബ്രാഹ്മണരോട് അവകാശങ്ങൾക്കായി പൊരുതിയ നായരോട് ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും അതേ അവകാശങ്ങൾക്കായി പൊരുതി. റിപ്പൺ പ്രഭു നടപ്പിലാക്കിയ ആംഗ്ലോസാക്സൺ മാതൃകയിലുള്ള ജനപങ്കാളിത്തവും നായർ ബ്രാഹ്മണ കുത്തകയായിരുന്നു.   രാജഭരണത്തിൻറെ അവസാനത്തോടെ നായർസമുദായം ഉദ്യോഗങ്ങളിൽ തങ്ങളുടെ മേധാവിത്വം തിരിച്ചുപിടിക്കുകയും അത് ഏകദേശം ഇരുപതാംനൂറ്റാണ്ടിൻറെ ഒടുക്കംവരെ നിലനിർത്തുകയും ചെയ്തു എന്നു കാണാം. അതുവരെയുള്ള  കേരളത്തിലെ വകുപ്പ് സെക്രെട്ടറിമാരുടെ ലിസ്റ്റ് പരിശോധിച്ചാൽ അത് ബോധ്യപ്പെടും. നായരല്ലെങ്കിൽ ചീഫ് സെക്രെട്ടറിയാകാൻ സാധിക്കില്ലെന്ന ഡി ബാബുപോൾ ഐ എ എസിൻറെ പരാമർശവും ചിന്തനീയമാണ്.




കണ്ണൂരിലെ പാട്യത്ത് ജനിച്ച വാഗ്ഭടാനന്ദനും ചിറ്റൂർ തത്തമംഗലത്തു ജനിച്ച സദാനന്ദസ്വാമികളും ഒക്കെയുണ്ടായിരുന്നെങ്കിലും നവോത്ഥാനവും മറ്റു ജനാധിപത്യപ്രക്രിയകളും തിരുകൊച്ചി കേന്ദ്രീകൃതമായിരുന്നു എന്നു കാണാം.  ഒന്നുകിൽ തൊലി അല്ലെങ്കിൽ തല എന്ന സമാധാനസന്ദേശവുമായി വന്ന ടിപ്പുവിന്റെ കാലശേഷം ബ്രിട്ടീഷ് ഭരണത്തിൻകീഴിലായിരുന്ന മലബാർ ദേശീയ സ്വാതന്ത്ര്യപ്രസ്‌ഥാനത്തിന് സമാന്തരമായിയാണ് ചലിച്ചുകൊണ്ടിരുന്നത്. വൻകിടഭൂവുടമകൾ തിരുവിതാംകൂറിൽ ഇരുപതാംനൂറ്റാണ്ടിനു മുൻപേ അപ്രത്യക്ഷ്യമായിരുന്നെങ്കിലും മലബാറിൽ സ്‌ഥിതി വേറിട്ടായിരുന്നു. ഗുരുവായൂർ സത്യാഗ്രഹത്തിലും അയിത്തോച്ചാടനത്തിലും സാമൂതിരി എടുത്ത നിലപാടുകൾ വളരെ പിന്തിരിപ്പനായിരുന്നു എന്നുകാണാം. മാപ്പിളലഹളയുമൊക്കെ ഉൾപ്പെടുന്ന മലബാർചരിത്രം വിശദമായ എഴുത്തർഹിക്കുന്നതിനാൽ അതിലേക്ക് കടക്കുന്നില്ല.




ബ്രിട്ടീഷുകാരുടെ വരവോടുകൂടി ആംഗ്ലിക്കൻ മിഷനറിമാരും തിരുവതാംകൂറിലേക്ക് ഒഴുകിത്തുടങ്ങി. മൃഗസമാനരായി കഴിഞ്ഞു പോന്നിരുന്ന കീഴാളർ നല്ലൊരു കസ്റ്റമർഗ്രൂപ് ആണെന്ന് മിഷനറിമാർ തിരിച്ചറിഞ്ഞു.




ജാതിശ്രേണിയിൽ നായർക്കൊപ്പമുള്ള ഒരു സ്‌ഥാനമാണ് സുറിയാനികൾക്ക് ഉണ്ടായിരുന്നത്. അവർണർ തൊട്ടശുദ്ധമാക്കിയ വസ്തുക്കളെ ശുദ്ധീകരിക്കാൻ ക്രിസ്ത്യാനികളെ ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ പുരാതനക്രൈസ്തവരെ സവർണക്രിസ്ത്യാനികൾ എന്ന് തെറ്റായാണെങ്കിലും വിളിച്ചുപോന്നു. ശാസ്ത്രപ്രകാരം ആസ്തികർ അഥവാ വേദങ്ങളെ അംഗീകരിക്കുന്ന ഹൈന്ദവരിൽ മാത്രമാണ് വർണവ്യവസ്‌ഥ. വർണം ഉള്ളവൻ സവർണ്ണൻ. അവർണ്ണൻ എന്നാൽ അഹിന്ദു അല്ലെങ്കിൽ നാസ്തികൻ. ഏതായാലും ഈ നമ്പൂതിരിഫലിതം ആപ്തവാക്യമാക്കിയ സുറിയാനികൾ കീഴാളരിൽ നിന്ന് മതംമാറി വരുന്നവരെ തങ്ങളുടെ കൂടെക്കൂട്ടി നികൃഷ്ടരാകാൻ ഒരുക്കമായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിൽ സെയിന്റ് ക്രിമിനൽ ഫ്രാൻസിസ് സേവ്യർ പരിവർത്തനം ചെയ്ത ലത്തീൻകത്തോലിക്കരേയും അതിനാൽ സുറിയാനികൾ അടുപ്പിച്ചിരുന്നില്ല. ബൈബിൾ പ്രകാരം എല്ലാ മനുഷ്യരും ഒരേ പോലെ ദൈവസൃഷ്ടിയല്ലേ എന്നൊക്കെ ചില കുഞ്ഞാടുകൾക്ക് സംശയം തോന്നിയിരുന്നെങ്കിലും അത് നിലവിൽ പള്ളിയിൽ ഉള്ളവർക്ക് മാത്രമെന്ന് വിശദീകരിച്ച് സമുദായനേതാക്കൾ മാതൃകയായി. അങ്ങനെ താത്ത്വികമായി ശരിയെന്നു തോന്നാമെങ്കിലും പ്രായോഗികമായി നടപ്പിലാക്കാൻ സാധ്യമല്ലാത്ത വാദങ്ങൾക്കുള്ള മറുപടിയായി "അതങ്ങു പള്ളിയിൽപ്പോയി പറഞ്ഞാൽ മതി" എന്ന പ്രയോഗം ഖ്യാതി നേടി.


                                                        Pulayas of Travancore

ആംഗ്ലിക്കൻ മിഷനറിമാർ സ്‌ഥാപിച്ച സി എം എസ്, എൽ എം എസ് സഭകളുടെ പ്രവർത്തനഫലമായി ധാരാളം ഈഴവ ചാന്നാർ ദളിത് സമുദായാംഗങ്ങൾ ക്രൈസ്തവരായി. വഴി നടക്കാനോ, ഇഷ്ടമുള്ളത് ധരിക്കാനോ ഒന്നും കഴിയാതിരുന്ന കീഴ്ജാതിക്കാർക്ക് മതപരിവത്തനം മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള പാസ്സ്പോർട് ആയിരുന്നു.  മുജ്ജന്മപാപത്തിൻറെ ഫലമായി ഈ ജന്മത്തിൽ നരകജീവിതം എന്ന് പറയുന്ന വൈദികമതവും പാടത്തു പണി പരലോകത്തു കൂലി എന്നു പഠിപ്പിക്കുന്ന സെമിറ്റിക് മതങ്ങളും തമ്മിൽ താത്ത്വികമായി വ്യത്യാസം ഒന്നും ഇല്ലായിരുന്നു എങ്കിലും ബ്രഹ്മാവിൻറെ പാദത്തിൽ നിന്നും ശൂദ്രർ ഉണ്ടായെന്നു പറയുന്നതിലും മെച്ചപ്പെട്ട ഒരു അസ്തിത്വം മനുഷ്യരെല്ലാം ആദം ഹവ്വ എന്നീ രണ്ടുപേരിൽ നിന്നും ഉത്ഭവിച്ചു എന്നു കേൾക്കുന്നതിലൂടെ കീഴാളർക്കുണ്ടായിക്കാണണം. പക്ഷേ ഈ ഒഴുക്ക് അധികകാലം തുടർന്നില്ല. സമൂഹത്തിൽ നായകരായി വിഹരിക്കുന്ന നായരും ശൂദ്രർ തന്നെയാണല്ലോ. മതം മാറിയാലും ജാതി മാറുന്നില്ല എന്ന വസ്തുത അവരെ നോക്കി പല്ലിളിച്ചു. കൂടുതൽ അറിവിനായി പൊയ്കയിൽഅപ്പച്ചൻറെ  ജീവിതകഥ പഠിക്കാം.




അടിമത്തനിരോധനം, മാറ് മറയ്ക്കാൻ അവകാശം തുടങ്ങിയ നേട്ടങ്ങളുടെ പിതൃത്വം തീർച്ചയായും മിഷനറിമാർക്ക് അവകാശപ്പെട്ടതാണ്. വിദ്യാഭ്യാസരംഗത്ത് അവരുടെ സംഭാവനകളും വിലമതിക്കാനാവാത്തത് തന്നെ. എങ്കിലും എൻറെതന്നെ ഒരു മുൻപോസ്റ്റിൽ നിന്നും ഉദ്ധരിക്കാം.

കൊളോണിയലിസത്തിന്റെ സാംസ്കാരികവകുപ്പ് കൈകാര്യം ചെയ്തിരുന്നത് മിഷനറിമാർ ആയിരുന്നു എന്നുകാണാം. ഇവർ ഒരിക്കലും സാമൂഹ്യപരിഷ്കർത്താക്കളോ മനുഷ്യസ്നേഹികളോ ആയിരുന്നില്ല. മുഖ്യലക്ഷ്യം മതപരിവർത്തനം തന്നെയായിരുന്നു. ഡോ കെ എൻ ഗണേഷ് എഴുതുന്നു "അവരുടെ പാശ്ചാത്യവൽക്കരണ ക്രിസ്തീയവൽക്കരണ പ്രവർത്തനങ്ങൾക്ക് സാമൂഹികാചാരങ്ങൾ വിലങ്ങുതടിയായി വരുമ്പോൾ മാത്രം അവർ അതിനെ എതിർത്തിരുന്നു. 1859 ലെ മാറുമറയ്ക്കൽ സമരത്തിൽ മിഷനറിമാരുടെ നിലപാട് ഉദാഹരണമാണ്."
(കേരളത്തിന്റെ ഇന്നലെകൾ P 248)



കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ജാതിചിന്ത വെടിഞ്ഞ്, ക്രിസ്തുമതം സ്വീകരിച്ച കീഴ്ജാതിക്കാരെ തങ്ങൾക്ക് സമരായി കരുതിയിരുന്നെങ്കിൽ ഇന്ന് കേരള ജനസംഖ്യയുടെ 70 ശതമാനവും ക്രൈസ്തവർ ആയേനെ. മാണിക്ക് മുഖ്യമന്ത്രിപദം വിധിച്ചിട്ടില്ല എന്നല്ലാതെ എന്താ പറയുക!  



                                                      സദാനന്ദ സ്വാമികൾ

സെയിൽസ്മെൻ എപ്പോഴും തങ്ങളുടെ ഉത്പന്നത്തെ പുകഴ്ത്തിയും എതിരാളിയുടേതിനെ ഇകഴ്ത്തിയും അവതരിപ്പിക്കും. മിഷനറിമാരും വ്യത്യസ്തരല്ലായിരുന്നു. മതപ്രചരണത്തിൻറെ ഭാഗമായി ഹിന്ദുസമുദായങ്ങൾക്കെതിരെ അവർ ധാരാളം ആക്ഷേപങ്ങൾ ഉന്നയിച്ചു. നിലവിലുള്ള വ്യവസ്‌ഥയുടെ അടിവേര് ഇളകിത്തുടങ്ങിയെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലായിത്തുടങ്ങി. വൈകുണ്ഠസ്വാമികൾ, അയ്യാസ്വാമികൾ, ചട്ടമ്പിസ്വാമികൾ,  ശ്രീനാരായണഗുരു, സദാനന്ദസ്വാമികൾ, തീർത്ഥപാദസ്വാമികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ എല്ലാ ജാതിക്കാരിലും അറിവിൻറെ വെളിച്ചം എത്തിത്തുടങ്ങി. കേരളത്തിൽ ഹിന്ദുമതം എന്ന പേരിൽ നടക്കുന്നത് നട്ടപ്രാന്താണെന്ന് അവർ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. 1892ൽ കേരളം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ അതു സർട്ടിഫൈ ചെയ്തു കേരള സാമൂഹ്യവ്യവസ്‌ഥിതിയെ ഭാരതത്തിനുമുന്നിൽ തുറന്നുകാട്ടി. 



വിഷയം നായർ സമുദായം ആയതിനാൽ അതിലേക്ക് തിരിച്ചുവരാം. ചട്ടമ്പി സ്വാമികൾ ക്രിസ്തുമതച്ഛേദനം എന്ന ഗ്രന്ഥത്തിലൂടെ മിഷനറിമാർക്കെതിരെ ആഞ്ഞടിച്ചെങ്കിലും സമുദായത്തിൽ സാരമായ പരിഷ്കരണങ്ങൾ ആവശ്യമെന്ന് നേതാക്കന്മാർക്കെങ്കിലും ബോധ്യമായി. മിക്ക നായന്മാർക്കും ചൂണ്ടിക്കാണിക്കാൻ ഒരു അച്ഛൻ ഇല്ല എന്നത് ചെറുപ്പക്കാരെ അസ്വസ്‌ഥരാക്കി. നായന്മാർക്ക് വിവാഹബന്ധമില്ലെന്നും, അവരുടെ അച്ഛൻ ആരാണെന്നു നിശ്ചയമില്ലെന്നും, അവർ വേശ്യാപുത്രന്മാരാണെന്നും, അവരുടെ സന്തതികൾക്ക് അച്ഛനിൽ നിന്ന് സംരക്ഷണാവകാശം ആഗ്രഹിക്കാൻതന്നെ അവകാശമില്ലെന്നും ഹൈക്കോടതിയിലെ ബ്രാഹ്മണജഡ്ജിമാരിൽ ചിലർ വിധിയെഴുതിയത് നായർ സമുദായത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.




വിവാഹസാധുത്വം, കാരണവന്മാരുടെ കുടുംബഭരണത്തിനുള്ള നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടുത്തി മരുമക്കത്തായത്തിന് നിയമപരമായ ഒരു ഘടനയ്ക്കായി ശബ്ദമുയർന്നു. 1890ൽ സി ശങ്കരൻ നായർ മദ്രാസ് നിയമനിർമ്മാണസഭയിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടക്കുന്ന നായർ സംബന്ധങ്ങൾ വിവാഹമായി രജിസ്റ്റർ ചെയ്യാൻ ഉതകുന്ന ഒരു ബിൽ അവതരിപ്പിച്ചു. 1896ൽ അത് നിയമമായെങ്കിലും സംബന്ധങ്ങൾ രജിസ്റ്റർ ചെയ്തവരുടെ എണ്ണം വളരെ കുറവായിരുന്നു. 1897 ഒരു ബിൽ ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീ പി താണുപിള്ള തിരുവിതാംകൂറിൽ അവതരിപ്പിച്ചെങ്കിലും പാരമ്പര്യവാദികളുടെ എതിർപ്പുകാരണം അതും തള്ളപ്പെട്ടു.



                                                           Sir C Shankaran Nair

1907ൽ വിഷയം വീണ്ടും ചൂടുപിടിക്കുകയും ഗവണ്മെന്റ്, കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മരുമക്കായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അടുത്തവർഷംതന്നെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മരുമക്കത്തായക്കാരായ മറ്റു സമുദായക്കാർ ഇതിനോട് വലിയ താല്പര്യം കാണിച്ചില്ല. തന്മൂലം അത് നായർ വിഷയം മാത്രമായി. സർക്കാർ ഊട്ടുപുരകൾ നിർത്തലാക്കിയ ഉല്പതിഷ്ണുവായ ദിവാൻ പി രാജഗോപാലാചാരി പരമാവധി ശ്രമിച്ചെങ്കിലും അന്ന് നിയമനിർമ്മാണസഭയിൽ അംഗങ്ങളായിരുന്ന നായർസമുദായാംഗംങ്ങൾ തായ്‌വഴി ഭാഗക്രമത്തെ കഠിനമായി എതിർത്തു. ഭേദഗതികൾ അംഗീകരിക്കുക വഴി വെള്ളംചേർക്കപ്പെട്ട ബില്ലിന് അംഗീകാരം നൽകിക്കൊണ്ട് ഒരു പരദേശബ്രാഹ്മണനായ രാജഗോപാലാചാരി നടത്തിയ പ്രസംഗത്തിൽ  സഭയിലെ നായർപ്രമാണികൾ ചെയ്യുന്ന സമുദായദ്രോഹത്തെപ്പറ്റി വളരെ ഹൃദയസ്പർശിയായി പരാമർശിച്ചു. സ്വന്തം സമുദായത്തിന് പാരവെയ്ക്കാൻ എന്നും മുന്നിൽനിന്ന നായർസമുദായം അക്കാര്യത്തിലും വേറിട്ടനിലപാട് സ്വീകരിച്ചില്ല.




ഇതേ അസ്സംബ്ലിയിൽ സവർണജാഥയ്ക്ക് ശേഷം  എല്ലാ കീഴ്ജാതിക്കാർക്കും സഞ്ചാരസ്വാതന്ത്ര്യത്തിനായിയുള്ള ബിൽ അവതരിപ്പിച്ചപ്പോൾ അതിനെ എതിർത്ത് വോട്ട് ചെയ്ത് തോൽപ്പിച്ചത് ഈഴവപ്രമാണികളായിരുന്നു എന്നതും ചിന്തനീയമാണ്. മറ്റെല്ലാ സമുദായങ്ങളിലുംപെട്ടവർ രണ്ടുഭാഗത്തും വോട്ട് ചെയ്‌തെങ്കിലും നായർ സമുദായഅംഗങ്ങൾ എല്ലാവരും തന്നെ സഞ്ചാരസ്വാതന്ത്ര്യത്തിനനുകൂലമായി വോട്ടുചെയ്തു.

മറ്റു സമുദായങ്ങളിൽ താലികെട്ടിയാൽ ഭർത്താവിനെ ലഭിക്കുമ്പോൾ നായർസ്ത്രീകളുടെ താലികെട്ടുകല്യാണം വളരെ പരിഹാസ്യം ആയ ഒന്നായിരുന്നു. കുടുംബത്തിൻറെ പ്രൗഢിക്കനുസരിച്ച് നമ്പൂതിരി, നാടുവാഴി, നാട്ടുപ്രമാണി ഇനി ഇവരൊന്നും ഒത്തില്ലെങ്കിൽ മുറച്ചെറുക്കനെക്കൊണ്ട് പെൺകുട്ടിയെ ഋതുമതിയാകുന്നതിനു മുൻപേ താലികെട്ടിച്ച് നാലുദിവസം ആഘോഷിക്കുന്ന ചടങ്ങായിരുന്നു താലികെട്ട് കല്യാണം. ആഘോഷം കഴിഞ്ഞ് വരൻ വധുവിന് സലാം പറഞ്ഞു പിരിയും. പിന്നെ അവർ തമ്മിൽ ഒരു ബന്ധവും ഇല്ല. പെൺകുട്ടിയുടെ പേരിൽ 'അമ്മ' എന്ന വാൽ ചേർക്കപ്പെടുന്നു. തിരണ്ടുകുളി, പുളികുടി, താലികെട്ട്, ചാവടിയന്തിരം എന്നീ അർത്ഥശൂന്യമായ ദുർവ്യയങ്ങൾ നടത്തി നായർ തറവാടുകൾ മുടിഞ്ഞു.

1860 കളിൽ മാധവറാവു നടപ്പിലാക്കിയ ഭൂപരിഷ്കരണങ്ങൾ കുടിയാന്മാരെ ഭൂമിയിൽ സ്വതന്ത്രാവകാശമുള്ള ഭൂവുടമകളാക്കി. നായർ ക്രിസ്ത്യൻ ഈഴവ ജാതിക്കാർക്കാണ് ഈ പരിഷ്‌കാരം ഏറെ ഗുണം ചെയ്തതെങ്കിലും മേൽപറഞ്ഞ ധൂർത്തുകൾ പോരാഞ്ഞ് പടയണി, കുതിരകെട്ട്, ഗരുഡൻ തുടങ്ങിയ ഉത്സവപേക്കൂത്തുകൾക്കും പണം കണ്ടെത്തേണ്ടിവന്നത് നായർഭൂമികൾ അന്യാധീനപ്പെടുന്നതിനു കാരണമായി. വിദ്യാഭ്യാസത്തിനായും കേസുകൾക്കായും പണം വേണ്ടിവന്നു. വസ്തു വിൽക്കലായി ഏറ്റവും എളുപ്പവഴി. കേസുകെട്ട്, താലികെട്ട്, വെടിക്കെട്ട്, കുതിരകെട്ട് എന്നീ നാലുകെട്ടുകൾ കാരണം നായരുടെ ഭവനമായ നാലുകെട്ടുകൾ തകർന്നുവീഴുന്നു എന്ന് മന്നത്തു പത്മനാഭൻ ആ കാലഘട്ടത്തെപ്പറ്റി എഴുതി. നായർസമുദായത്തിൽനിന്ന് ഈഴവരിലേക്കും ക്രിസ്ത്യാനികളിലേക്കും വൻതോതിൽ കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ കണക്കുകൾ മരുമക്കത്തായകമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 




                                              ചങ്ങനാശ്ശേരി പരമേശ്വരപിള്ള

"ഓരോ നായർഭവനവും കൃഷ്ണപക്ഷചന്ദ്രിക പോലെ ദിവസംതോറും ക്ഷയിച്ചുകൊണ്ടിരുന്നു. അന്ധവിശ്വാസവും അനാചാരവും ആഡംബരഭ്രമവും അടിയന്തിരബഹുലതയും കാലത്തിനു പറ്റാത്ത മരുമക്കത്തായവും കൊണ്ട് പ്രഭാവമുള്ള മിക്ക തറവാടുകളും 'നാഥനും നമ്പിയു' മില്ലാതെ അധഃപതനത്തിന്റെ അടിത്തട്ടിലേക്ക് അതിവേഗം പ്രയാണം ചെയ്യുന്ന വസ്തുത, അധികമാരും ഗ്രഹിച്ചുതന്നെയില്ല." - മന്നത്തു പത്മനാഭൻ - എൻറെ ജീവിതസ്മരണകൾ




അദ്ദേഹം തുടർന്നെഴുതുന്നു "കല്യാണം എന്നു കേട്ടാൽ സ്ത്രീപുരുഷന്മാരെ ഭാര്യാഭർത്താക്കന്മാരാക്കുന്ന ഒരടിയന്തിരമെന്നാണല്ലോ സാധാരണ മനസ്സിലാക്കുന്നത്... ഒരു നമ്പൂതിരി ഒരു അന്തർജ്ജനത്തെയോ ഒരു പുലയൻ പുലയിയെയോ കല്യാണം കഴിച്ചു എന്നു കേട്ടാൽ പുരുഷന് ഒരു ഭാര്യയും സ്ത്രീക്ക് ഒരു ഭർത്താവുമുണ്ടായി എന്നാണ് നാം മനസ്സിലാക്കുന്നത്. ക്രിസ്ത്യാനിക്കും, മുസൽമാനും, യൂറോപ്യനും, അമേരിക്കനും ഇതിൽ മാറ്റമില്ല. എന്നാൽ നായരുടെ വീട്ടിൽ ഒരു കല്യാണം നടന്നു എന്നു കേട്ടാൽ സ്ത്രീക്ക് ഒരു ഭർത്താവും പുരുഷന് ഒരു ഭാര്യയും ഉണ്ടായില്ലെന്നാണ് നാം ധരിക്കേണ്ടത്...... ഈ അവമാനകരമായ നില പരസ്യപ്പെടുത്തുന്നതിനുവേണ്ടി ഓരോ കുടുംബവും ചിലവാക്കുന്ന സംഖ്യക്ക് കണക്കില്ല. നെടുംപുരയും വിതാനവും കൊട്ടും കുഴലും ഘോഷയാത്രയും നാലു ദിവസത്തെ സദ്യയും തുള്ളലും ആട്ടവും ഉൾപ്പെടെയുള്ള ആ മഹാ 'മേള' കഴിയുമ്പോൾ തറവാടിനു താങ്ങാൻ വയ്യാത്ത ഒരു ഋണഭാരം അതിൻറെ കഴുത്തിൽ തൂങ്ങുന്നതായി കാണാം. തെരണ്ടുകുളിയെപ്പറ്റി എഴുതാൻ എനിക്ക് ലജ്ജ തോന്നുന്നു. അതു പുരുഷന്മാർ അറിയേണ്ടതോ പരസ്യപ്പെടുത്തേണ്ടതോ ആയ ഒരു കാര്യമല്ല. യൗവ്വനയുക്തയായ സ്ത്രീയെ 'ഋതുശാന്തി' യുടെ പേരിൽ കൊട്ടും കുഴലുമായി ഘോഷയാത്ര നടത്തുന്ന ഏർപ്പാടും നമ്മുടെ തറവാടുകളെ കുറെയൊക്കെ ശോഷിപ്പിച്ചിട്ടുണ്ട്. ഋതുവാകുന്നതിനുമുൻപ് താലികെട്ടുകല്യാണം നടത്തിയില്ലെങ്കിൽ പോരായ്മയും പാപവുമാണെന്നുള്ള വിശ്വാസവും സമുദായത്തിനുണ്ടായിരുന്നു. ഈ വിശ്വാസാചാരാദികളെ മാറ്റി താലികെട്ട് മുതലായ അടിയന്തിരങ്ങളെ നിറുത്തൽ ചെയ്ത്, സ്ത്രീക്ക് പ്രായമാകുമ്പോൾ ദാമ്പത്യബന്ധച്ചടങ്ങായി നടത്താറുള്ള സംബന്ധം മാത്രം മതിയെന്ന് സമുദായത്തെക്കൊണ്ടു വിശ്വസിപ്പിക്കാനും നടപ്പിൽ വരുത്താനും വളരെ പണിപ്പെടേണ്ടിവന്നിട്ടുണ്ട്."

                                                               സി കൃഷ്ണപിള്ള

സി കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കേരളീയ നായർ സമാജം സ്‌ഥാപിക്കപ്പെടുകയും സി വി രാമൻപിള്ള, മള്ളൂർ ഗോവിന്ദപ്പിള്ള തുടങ്ങിയ നേതാക്കൾ പരിഷ്കരണവാദികളായി രംഗത്തുവന്നു. അവരുടെ ശ്രമഫലമായി പരദേശബ്രാഹ്മണർ ചാർത്തിക്കൊടുത്ത മലയാളശൂദ്രൻ എന്ന പേര് മാറി നായർ എന്ന പദം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. കൈനിക്കര ഗോപാലപിള്ള 'നായർ' എന്ന പേരിൽ ഒരു മാസികയും സുഭാഷിണി എന്ന പത്രവും തുടങ്ങി. കൊച്ചിയിലും നായർ സംഘടനയുണ്ടായെങ്കിലും മന്നത്തുപത്മനാഭൻറെ നേതൃത്വത്തിൽ സ്‌ഥാപിതമായ നായർ സർവീസ് സൊസൈറ്റി ആണ് നായർ സമുദായത്തിൻറെ പുനരുദ്ധാരണത്തിന് ഹേതുവായത് എന്നു കാണാം. കർമ്മയോഗിയായിരുന്ന മന്നം ജനറൽസെക്രട്ടറി ആയും കേരളഗാന്ധി കെ കേളപ്പൻ പ്രസിഡന്റും ആയി 14 പേർ ചേർന്ന് പെരുന്നയിൽ സ്‌ഥാപിച്ച നായർ ഭൃത്യജനസംഘം ക്രൈസ്തവസഭകളുടെ ഇടവക മാതൃകയിൽ കരയോഗ യൂണിറ്റുകൾ കേരളക്കാരെയാകെ സ്‌ഥാപിച്ച്‌ നായർ സമുദായത്തെ ഒരു പരിധി വരെ സംഘടിതരാക്കി. മാർത്താണ്ഡവർമ്മക്കു ശേഷം തിരുവതാംകൂർ എന്ന പോലെ മന്നത്തിനു ശേഷം എൻ എസ് എസ്സും വളർച്ച മതിയാക്കി. ഭരത്ചന്ദ്രൻ ഐ പി എസ് അലങ്കോലമാക്കാൻ ശ്രമിച്ച എൻ എസ് എസ് ബജറ്റ് സമ്മേളനം 100 കോടി രൂപയുടെ കാര്യമായിരുന്നെങ്കിൽ ഇരുപതിന്‌ മേൽ ഇടവകകൾ ഉള്ള സി എസ് ഐ ചർച്ചിന്റെ ഒരിടവകയായ ദക്ഷിണമഹായിടവക 186 കോടിയുടെ ബജറ്റാണ് ഭരത്ചന്ദ്രൻ ഷോയ്ക്കു കഷ്ടിച്ച് ഒരു വർഷം മുൻപ് (2015 August)  പാസ്സാക്കിയത്.



                                                      മള്ളൂർ ഗോവിന്ദപ്പിള്ള


എണ്ണത്തിൽ വളരെ കുറവായിരുന്ന നമ്പൂതിരിമാർ ഉള്ളവരെ തന്നെ പലപല തട്ടിലാക്കി പരസ്പരവിലക്കുകൾ ഉണ്ടാക്കിയതെങ്ങനെ എന്ന് എൻറെ മുൻ പോസ്റ്റ് ആയ "നമ്പൂരിച്ചന്റെ ക്രൂരകൃത്യങ്ങളി"ൽ വിവരിച്ചിട്ടുണ്ട്. എന്തിനും ഏതിനും നമ്പൂതിരിയെ മാതൃകയാക്കാൻ ശ്രമിച്ചിരുന്ന നായരും അതുതന്നെ ചെയ്തു. പതിനാറോളം അവാന്തരവിഭാഗങ്ങൾ ആയി തിരിഞ്ഞ് നായന്മാർ പരസ്പരം പോരടിച്ചു പോന്നു. വലിയ പണ്ഡിതന്മാരും സാംസ്കാരികനായകന്മാരും ഒക്കെ തന്നെ മാമൂലുകളിലേക്ക് വരുമ്പോൾ തനി യാഥാസ്‌ഥിതികരായി തന്നെ വർത്തിച്ചു.


                                                       സി വി രാമൻപിള്ള

1913ൽ കേരളീയ നായർസമാജത്തിൻറെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത സഭാംഗങ്ങൾക്കായി അടുത്തുള്ള ശുദ്ധഹൃദയനായ മാരാൻ വളരെ പണം ചെലവുചെയ്ത് ചതുർവിധവിഭവങ്ങളോടുകൂടിയ ഒരു സദ്യയൊരുക്കി. ഒരൊറ്റ പ്രതിനിധിയെങ്കിലും മാരാൻറെ ക്ഷണം സ്വീകരിച്ച് വിരുന്നിൽ പങ്കുകൊള്ളുകയുണ്ടായില്ല.




കുട്ടിക്കൃഷ്ണമാരാർ വള്ളത്തോളിൻറെ വീട്ടിൽ നിന്ന് തൊട്ടുണ്ണില്ല. അത് അശുദ്ധിയാണ്. അദ്ദേഹം ഭക്ഷണത്തിന് മുല്ലമംഗലം മനയിലെത്തും. അവിടെ ഇല്ലത്തുള്ളവരുടെ ഭക്ഷണം കഴിഞ്ഞ് പുറത്തു വിളമ്പുന്ന ഭക്ഷണം കഴിക്കാൻ ഒരു വല്ലായ്മയും ഉണ്ടാവില്ല. ഇരിക്കാൻ പത്രക്കടലാസ് മാത്രമേ ഉണ്ടാവൂ. മാരാർക്ക് നമ്പൂതിരി ആവണപ്പലക കൊടുക്കില്ല. (പി ഭാസ്കരനുണ്ണി- പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം)


കൊച്ചിയിൽ തരക്കേടില്ലാത്ത ഒരു നായർസമാജം ഉണ്ടായിരുന്നത് എൻ എസ് എസിൽ ലയിച്ചു. ശങ്കുണ്ണിമേനോൻറെ സഹായം അവർക്കു ലഭിച്ചിരുന്നു. നഗരമധ്യത്തിലെ തോട്ടയ്ക്കാട്ട് ദിവാൻ മെമ്മോറിയൽ ഹാൾ അഥവാ ടി ഡി എം ഹാൾ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നു.  സി ശങ്കരൻനായരുടെ കുടുംബത്തുനിന്നും കയ്യയച്ചു സംഭാവന ലഭിച്ചുവെങ്കിലും പൊതുവെ മലബാറുകാർ സമുദായപ്രവർത്തങ്ങളിൽ വിമുഖരായിരുന്നു. ചങ്ങനാശ്ശേരിപരമേശ്വരൻപിള്ള പ്രസിഡന്റ് ആയിരിക്കെ എൻ എസ് എസിൻറെ ശ്രമഫലമായി 1925 നായർ റെഗുലേഷൻ നായർ സമുദായം ഇന്ന് മിക്കവാറും പിന്തുടർന്നു പോരുന്ന സമ്പ്രദായങ്ങൾക്കനുസൃതമായി നിലവിൽ വന്നു.



അയിത്തോച്ചാടനം, എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം, വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങൾ തുടങ്ങിയവയിൽ എടുത്ത പുരോഗമനനിലപാടുകളും കീഴാളരുടെ അവകാശങ്ങൾക്കായി നടത്തിയ സവർണജാഥയും ഒക്കെ എൻ എസ് എസ്സിനെ എസ് എൻ ഡി പിയുമായി അടുപ്പിച്ചെങ്കിലും ടി കെ മാധവൻറെ മരണത്തോടെ ആ ബന്ധം അവസാനിച്ചു.  സി വി കുഞ്ഞിരാമൻ, സി കേശവൻ തുടങ്ങിയ ഈഴവനേതാക്കൾ ഒരു ഈഴവ മുസ്ലിം ക്രിസ്ത്യൻ കൂട്ടായ്‌മ ഉണ്ടാക്കുകയും ഭരണത്തിൽ ന്യായമായ പ്രതിനിധ്യത്തിനു വേണ്ടി നിവർത്തനപ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു.




1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കേരളത്തിലെ രാഷ്ട്രീയ, ഉദ്യോഗ, കലാസാഹിത്യസാംസ്കാരിക രംഗങ്ങളിൽ  മേധാവിത്വം പുലർത്തിയിരുന്നത് നായർ സമുദായം തന്നെയായിരുന്നു. എന്നാൽ കേളപ്പനും ചങ്ങനാശ്ശേരിക്കും മന്നത്തിനും ശേഷം മേൽപറഞ്ഞ മണ്ഡലങ്ങളിൽ നിന്ന് പ്രശസ്തരും കഴിവുള്ളവരും ആയവർ ആരുംതന്നെ സമുദായസേവനത്തിലേക്ക് വന്നില്ല. അതിൽ തന്നെ കേളപ്പനും എം പി മന്മഥനും വളരെ കുറച്ചുകാലം മാത്രമേ എൻ എസ് എസിൽ പ്രവർത്തിച്ചുള്ളൂ. എസ് എൻ ഡി പി യിലും സ്‌ഥിതി വ്യത്യസ്തമായിരുന്നില്ല. ആർ ശങ്കറിന് ശേഷം രാഷ്ട്രീയം സമുദായം എന്നീ രണ്ടു വള്ളങ്ങളിൽ ഒരേസമയം കാലുവയ്ക്കാൻ ആരും തയ്യാറായില്ല.  കോൺഗ്രസിന്റെ ഒരേയൊരു മലയാളി പ്രസിഡന്റ് സർ സി ശങ്കരൻനായർ ആയിരുന്നല്ലോ. കേരളമാർക്സ് കെ ദാമോദരൻ, കേരളചെഗുവേര പി കൃഷ്ണപിള്ള, എൻ സി ശേഖർ എന്നീ മൂന്ന് നായന്മാരും ഇ.എം.എസ് നമ്പൂതിരിപ്പാടും ചേർന്ന് സ്‌ഥാപിച്ച കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ മിക്കവരും നായർ സമുദായാംഗങ്ങൾ ആയിരുന്നു. വലതു ഭാഗത്തും പട്ടം താണുപിള്ള, പറവൂർ നാരായണപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ തുടങ്ങി ധാരാളം നേതാക്കൾ ഉണ്ടായിരുന്നു. 1995ൽ കരുണാകരൻ രാജിവെക്കുന്നതു വരെ രാഷ്ട്രീയരംഗത്ത് നായർ സ്വാധീനം തുടർന്നു.


സാഹിത്യരംഗം 80കൾ വരെയെങ്കിലും നായന്മാർ മൃഗീയഭൂരിപക്ഷം പുലർത്തിയ ഒരു മേഖലയായിരുന്നു. അഞ്ച് മലയാളി ജ്ഞാനപീഠ ജേതാക്കളിൽ നാലു പേരെങ്കിലും നായന്മാർ ആണ് . എസ് കെ പൊറ്റെക്കാടിൻറെ പേരിൽ ജാതിവാൽ ഇല്ലാത്തതിനാൽ അദ്ദേഹത്തെയാണ് ഒഴിവാക്കിയത്. നായർ എന്ന വാലില്ലെങ്കിൽ കേരളസാഹിത്യരംഗത്ത് പിടിച്ചു നിൽക്കാൻ പാടാണെന്ന് പുനത്തിൽ ഒരിക്കൽ പറഞ്ഞിരുന്നു. ആദ്യകാല ആകാശവാണിയിൽ ഗോപിനാഥൻ നായർ, നാഗവള്ളി ആർ എസ് കുറുപ്പ്, വീരരാഘവൻ നായർ തുടങ്ങിയവരുടെ നായരിസത്തെപ്പറ്റി പകുതി കളിയായും പകുതി കാര്യമായും ജഗതി എൻ കെ ആചാരി എഴുതിയിട്ടുണ്ട്. സിനിമയിലെ നായകന്മാർ  ന്യൂ ജനറേഷൻ വരുന്നത് വരെ ഭൂരിപക്ഷവും ജനസംഖ്യയിൽ 20 ശതമാനത്തിൽ താഴെയുള്ള നായന്മാരായിരുന്നു. സിനിമയിലെ ജാതിയെപ്പറ്റി ധാരാളം ചർച്ചകൾ നടന്നതിനാൽ അതിലേക്ക് കടക്കുന്നില്ല.




എന്നാൽ 1860 മുതൽ ഒരു സാമ്പത്തികശക്തി എന്ന നിലയിൽ നായർസമുദായം താഴോട്ടുള്ള പ്രയാണം ആരംഭിച്ചു. 1930കൾ വരെ തറവാടിൻറെ ഡംഭ് കാണിക്കാനുള്ള  ധൂർത്തുകളും ഭാഗത്തിനായുള്ള കേസുകളുമായിരുന്നെങ്കിൽ അതിനുശേഷമുള്ള കാലങ്ങളിൽ സമൂഹത്തിൽ വന്ന വ്യാവസായികമാറ്റങ്ങളിൽ ഫലപ്രദമായി ഇടപെടാതിരുന്നതാണ് അതിന് കാരണം. ബ്രിട്ടീഷുകാർ സ്‌ഥാപിച്ച എസ്റ്റേറ്റുകളും പ്ലാന്റേഷനുകളും ഫാക്ടറികളുടെയും പ്രയോജനം പ്രധാനമായും ക്രൈസ്തവർക്കാണുണ്ടായത്. അതിൻറെ മാതൃകയിൽ കഠിനാധ്വാനികളായ ക്രൈസ്തവർ ധാരാളം സർക്കാർഭൂമി കൃഷിയോഗ്യമാക്കി ധനികരായി. കയറുല്പന്നങ്ങൾക്കുള്ള ആവശ്യം വർധിച്ചത് ഈഴവർക്കും പ്രയോജനം ചെയ്തു. നായരാകട്ടെ ഉണ്ടായിരുന്ന നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളിലും പുലയരെ പണിയെടുപ്പിച്ച് അലസജീവിതം നയിച്ചു. ബ്രാഹ്മണ്യം നിലംപൊത്തിയപ്പോൾ കീഴാളരുടെ പ്രധാനചൂഷകർ ക്രൈസ്തവരായി മാറി. അയ്യൻ‌കാളി പോരടിച്ചുനേടിയ കൃഷിഭൂമികൾ നല്ലൊരുപങ്കും ക്രൈസ്തവർ ഉദ്യോഗസ്ഥ പിന്തുണയോടെ കൈക്കലാക്കി. കേരളകോൺഗ്രസ് എന്ന പേരിൽ അറിയപ്പെട്ട കാട്ടുകള്ളന്മാരുടെ കൂട്ടായ്മവഴി രാഷ്ട്രീയമായും അവർ ശക്തിപ്രാപിച്ചു.



                                                                     Ayyankali

സാമ്പത്തികമായി ഇന്ന് കേരളത്തിൽ സുറിയാനിക്രിസ്ത്യാനിക്കും സി എസ് ഐ ക്രിസ്ത്യാനിക്കും മുസ്ലീമിനും ഒരു പക്ഷേ ഈഴവനും താഴെയാണ് നായർ. ജനാധിപത്യത്തിൽ വോട്ടുബാങ്കിനും പണത്തിനുമാണ് പ്രാധാന്യം. രണ്ടിലും നായർസമുദായം ബഹുദൂരം പിന്നിലാണ്. സമുദായത്തെ മുന്നോട്ട് നയിക്കാൻ പ്രാപ്തരായ പ്രബുദ്ധർ ആരുംതന്നെ സമുദായത്തിൻറെ സങ്കുചിതവലയത്തിൽ നിൽക്കാൻ താത്പര്യപ്പെടുന്നില്ല.

ക്രൈസ്തവർ മലമ്പ്രദേശങ്ങളിൽ കുടിയേറി എസ്റ്റേറ്റുകളും പ്ലാന്റേഷനുകളും ഉണ്ടാക്കിയും, വ്യാപാരവ്യവസായ സ്‌ഥാപനങ്ങൾ നടത്തിയും, വിദേശരാജ്യങ്ങളിൽ കുടിയേറിയും സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടു. വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ ആരോഗ്യരംഗത്ത് വിദേശരാജ്യങ്ങളിൽ പണിയെടുത്ത് കുടുംബങ്ങളെ കരകയറ്റിയപ്പോൾ അതിനെ സാരിവിസയെന്നും പട്ടിവിസയെന്നുമൊക്ക പരിഹസിച്ചിരുന്ന നായർപ്രധാനികളായ ഹിന്ദു സമൂഹം ഇന്ന് കമ്മ്യുണിസ്റ്റുകാരെ പോലെ ചരിത്രപരമായ വിഡ്ഢിത്തം തിരിച്ചറിഞ്ഞ് അതേ സാരിവിസകൾക്കായി ഓടുന്ന കാഴ്ച്ച കാണാം. ഒരു 25 കൊല്ലം വൈകിയെന്നു മാത്രം. പ്രധാന ഇനമായ ബാർ വ്യവസായത്തിന് ആദർശ ചേകവർ സുധീരൻജി പാരവെച്ചെങ്കിലും വ്യവസായവാണിജ്യ രംഗങ്ങളിൽ ഈഴവസമുദായം ശക്തിപ്രാപിച്ചുവരുന്നു. ഗൾഫ് പണത്തിൽ ദാസ് ക്യാപിറ്റൽ കണ്ടെത്തി മുസ്‌ലിംസമുദായം ശക്തമായി മാറി.





ഈഴവൻറെയും മുസ്ലീമിന്റെയും ഉയർച്ച ഏറെ ഈർഷ്യയുണ്ടാക്കുന്നത് തച്ചിൽ മാത്തുതരകൻ സ്വപ്നംകണ്ട് ഇന്ന് മനോരമ നെഞ്ചിലേറ്റുന്ന സുറിയാനി ക്രൈസ്തവ കൂട്ടായ്മയ്ക്കാണ് (ഒരു 12 അടി അകലെയായി സി എസ് ഐയും 24 അടിയിൽ ലത്തീനും കൂടെക്കൂടാം) . അതിനായി പഴയ ചാവേർ വേഷം ഏറ്റെടുക്കാൻ നായർ സദാസന്നദ്ധരുമാണ്. എൻ എസ് എസിന്റെ തുടക്കത്തിൽ വിദ്യാഭ്യാസസ്‌ഥാപനങ്ങൾ തുടങ്ങാനും എസ്റ്റേറ്റുകൾ ആരംഭിക്കാനും ഒക്കെയുള്ള ശ്രമങ്ങൾക്ക് ഏറ്റവും തടസ്സമുണ്ടാക്കിയത് മധ്യതിരുവിതാംകൂറിലെ ക്രൈസ്തവസഭകൾ ആയിരുന്നു എന്ന് മന്നത്തിന്റെ ആത്മകഥയിൽ കാണാം. എങ്കിലും സുകുമാരൻനായർക്ക് മാണിയും കുര്യനുമാണ് പ്രിയമിത്രങ്ങൾ.

Two kinds of justice for Mani, Babu: P J Kurien



1962 മുതൽ മൂന്ന് തവണ ലീഗിൻറെ സിറ്റിംഗ് സീറ്റായിരുന്നു കോഴിക്കോട് ലോക്‌സഭാ മണ്ഡലം. 89ൽ അവർക്ക് സീറ്റിൽ ന്യായമായ ഒരു അവകാശവാദം ഉണ്ടായിരുന്നു. കോൺഗ്രസ് സ്‌ഥാനാർത്ഥിയായി കരുണാകരന്റെ പുത്രനാണെന്നറിഞ്ഞ് അവർ പിൻവാങ്ങുകയും മുരളി വൻഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ ലീഗിൻറെ അഞ്ചാംമന്ത്രിസ്‌ഥാന വിവാദമുണ്ടായപ്പോൾ ഇതേ മുരളി ആക്രമണത്തിന് നേതൃത്വം നൽകി ആർക്കോ വേണ്ടി വാളെടുക്കുക എന്ന നായർ പാരമ്പര്യം കാത്തുസൂക്ഷിച്ചു. മുന്നണിയിൽ മൂന്നാമനാകുന്ന മലയോര കോൺഗ്രസിന്റെ ചാവേറായി കേരളരാഷ്ട്രീയത്തിലെ ഭീഷ്മരുടെ പുത്രൻ അരങ്ങു തകർത്തു. സ്വന്തം അച്ഛനെ വീഴ്ത്തിയത് മുന്നണിയിലെ ക്രൈസ്തവകൂട്ടായ്മയാണെന്ന് അറിയാത്ത ആശാന് ഇന്ന് നിയമസഭ കാണണമെങ്കിൽ നായർ ഭൂരിപക്ഷമണ്ഡലമായ വട്ടിയൂർക്കാവിൽ നിൽക്കണം. അല്ലെങ്കിൽ സഭയുടെ കുഞ്ഞാടുകൾക്കിടയിൽ നിന്നു മത്സരിച്ച സഹോദരിയുടെ ഗതിയാകും. 2011ലെ സംസ്‌ഥാന അസംബ്ലി ഇലക്ഷന് മുന്നേ സഖാവ് വി എസ് പറഞ്ഞു തങ്ങൾക്കെതിരെ ഉമ്മൻ-മാണി-കുഞ്ഞാലി കൂട്ടുകെട്ടാണെന്ന്. തികച്ചും വർഗീയമായ പ്രസ്താവനയെന്ന് ആക്രോശിച്ചു കൊണ്ട് ചാവേറായി തിരുവഞ്ചൂർ രംഗത്തെത്തി. മനോരമ പൂട്ടിക്കുകയും കമ്മ്യുണിസ്റ് പാർട്ടിയെ നിരോധിക്കുകയും, ക്ഷേത്രപ്രവേശനവിളംബരം വഴി മതപരിവർത്തനവ്യവസായത്തിന്റെ നട്ടെല്ലൊടിക്കുകയും ചെയ്ത തമിഴ് ബ്രാഹ്മണനായിരുന്ന സി പി രാമസ്വാമിഅയ്യരെ വെട്ടിയോടിച്ചത് കെ  സി എസ്  മണിഅയ്യർ ആണെന്നതോർക്കുമ്പോൾ മേല്പറഞ്ഞതിൽ ലജ്ജ തോന്നേണ്ട കാര്യമില്ല. തങ്ങളിൽ പൊട്ടന്മാരില്ലെന്ന് ഊറ്റം കൊള്ളുന്ന പട്ടരെ പൊട്ടനാക്കാമെങ്കിൽ പിന്നെ നായർക്കെന്തിന് നാണക്കേട്?


                                                              CP Ramaswamy Iyer

നവഗ്രഹങ്ങളുടെ തടവറയിലാണ് ബഹുഭൂരിപക്ഷം നായർ കുടുംബങ്ങളും. ISRO ക്ക് മൂന്ന് മലയാളി ചെയർമാൻമാർ ഉണ്ടായിട്ടുണ്ട് മൂവരും നായന്മാർ തന്നെ. മംഗൾയാൻ ചെന്ന് ചർച്ചകൾ നടത്തിയിട്ടും നായർ കുടുംബങ്ങളിലെ വിവാഹം മുടക്കുന്നതിൽ നിന്ന് ചൊവ്വ പിൻവാങ്ങുന്ന ലക്ഷണം കാണുന്നില്ല. മന്നത്തു പത്മനാഭന്റെ കാലത്ത് എസ്റ്റേറ്റുകളും, വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഒക്കെ ആയിരുന്നു സമുദായത്തിന് താത്പര്യമെങ്കിൽ ഇന്ന് ദേവസ്വം ബോർഡിലേക്ക് സ്വർണ തുലാഭാരം നടത്തിയും വിലപിടിച്ച കാണിക്ക  സമർപ്പിച്ചും പൂരംനടത്തിയും കോടികൾ എല്ലാ വർഷവും പാഴാക്കുന്നു. എല്ലാം ദേശരക്ഷയ്കാണെന്നോർക്കുമ്പോളാണ് ഒരു ആശ്വാസം.

ആന എഴുന്നള്ളിപ്പ്, ധ്വജ പ്രതിഷ്ഠ, പുനരുദ്ധാരണം, വാസ്തു, ദേവപ്രശ്നം, കലശം, സപ്താഹം, ഗീതാ പ്രഭാഷണം, പടയണി, കുതിര, ഗരുഡൻ, തെയ്യം, പൊങ്കാല, വെടിക്കെട്ട്, സ്വർണം പൂശൽ, ഹോമം, യാഗം തുടങ്ങിയവയാണ് നായന്മാരുടെ ഇഷ്ടവിനോദങ്ങൾ.

ഏതാനും വർഷങ്ങൾക്ക് മുൻപ് ലതാമങ്കേഷ്കറിൻറെ ജന്മനാടായ മങ്കേഷിയിലെ ക്ഷേത്രത്തിൽ പോയപ്പോൾ പോർട്ടുഗീസ് ആക്രമകാരികളെ പേടിച്ച് വിഗ്രഹവും ആയി പൂജാരികളും ഭക്തരും രക്ഷപെട്ട കഥ കേട്ടിരുന്നു. ഇത്തരം കഥകൾ ഇന്ത്യയിൽ ധാരാളം ക്ഷേത്രങ്ങളിൽ കേൾക്കാം. ധനികരായ ഭക്തർ ഫെറാരി, ലംബോർഗിനി തുടങ്ങിയ സ്പോർട്സ് കാറുകൾ ക്ഷേത്രനടയ്ക്ക് വെച്ചിരുന്നെങ്കിൽ ഭാവിയിൽ ഉണ്ടാകാവുന്ന അത്തരം പാലായനങ്ങൾക്ക് ഉപകാരപ്രദമായേനെ.





ജാതിയെന്നത് തുടച്ചു മാറ്റാനാകാത്ത ഒരു മുദ്രയാണ്. എന്നാൽ ജാതിയുടെ ബാനറിൽ ഒരു സ്‌ഥാപനം നടത്തുമ്പോൾ സർക്കാർ അതിനെ ഒരു ഹിന്ദു അഥവാ ഭൂരിപക്ഷ സമുദായസ്‌ഥാപനമായി കണക്കാക്കി ന്യൂനപക്ഷസ്‌ഥാപനങ്ങൾക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്നു. എന്നാൽ ഹിന്ദു ഐക്യം സംസാരിച്ചാലോ ഇടതരും ഇസ്ലാമിസ്റ്റുകളും ആദ്യം പറയുന്നത് ജാതി ആയിരിക്കും. ഇങ്ങനെയുള്ള ഒരു ഇരുതല വാളാണ് സെമിറ്റിക് മതലോബിയും അവരുടെ അജണ്ട അറിഞ്ഞോ അറിയാതെയോ നടപ്പിലാക്കുന്ന ഇടതരും പ്രയോഗിച്ചുപോരുന്നത്. നൂറ്റാണ്ടുകളോളം ബ്രാഹ്മണ്യം പഠിപ്പിച്ച ഭോഷ്ക് വിശ്വസിച്ച് തങ്ങൾ പീഢിപ്പിച്ച പുലയ പറയ ആദിയായ പഴയ അടിമവിഭാഗക്കാരെ സമൂഹത്തിലെ മേൽത്തട്ടിലേക്ക് ഉയർത്തേണ്ട ധാർമിക ചുമതല നായർ സമുദായത്തിനുണ്ട്. അൻപേ ശിവം എന്നാണ് ദ്രാവിഡ സംസ്കാരം പഠിപ്പിക്കുന്നത്. പരമ്പരാഗതമായി കോൺഗ്രസ് പക്ഷത്തു നിന്നുപോന്ന നായർ ഇന്ന് ഹിന്ദു ഐക്യം എന്ന മന്ത്രവുമായി ബി ജെ പിയിൽ അഭയം തേടിയിരിക്കുകയാണ്. നൂറ്റാണ്ടുകളോളം സർക്കാർജോലികളിലും ഭൂവുടമസ്‌ഥതയിലും നൂറു ശതമാനം സംവരണം ഉണ്ടായിരുന്ന സവർണർ, മൃഗങ്ങളേക്കാൾ കഷ്ടമായി ജീവിച്ചുപോന്ന അടിമകളായിരുന്ന ഒരു വിഭാഗത്തിന് ഏതാനും പതിറ്റാണ്ടുകളായി കിട്ടിപ്പോരുന്ന സംവരണത്തോട് കാണിക്കുന്ന അസഹിഷ്ണുതയിൽ നിന്നും ഈ ഐക്യത്തിൻറെ ഭാവി ഏറെക്കുറെ അനുമാനിക്കാവുന്നതേ ഉള്ളൂ. നായാടി മുതൽ നമ്പൂതിരി വരെയെന്ന മുദ്രാവാക്യവും ആയി നടേശൻ മുതലാളി കയ്യാലപ്പുറത്തെ തേങ്ങപോലെ നിലകൊള്ളുന്നു.

ഇനിയുമൊരു മേധാവിത്വത്തിനായുള്ള നായരുടെ മോഹം പൂവണിയുമോ ?
നായാടി മുതൽ നമ്പൂതിരി വരെ ഒരു കുടക്കീഴിൽ അണിനിരക്കുമോ?
അതോ മലയോര കോൺഗ്രസ്സ് എൻ ഡി എയിലെത്തി കുഞ്ഞുമാണി ഒരു കേന്ദ്രമന്ത്രി ആകുമോ?
ബാറുകൾ തുറന്നു കിട്ടിയാൽ നടേശൻ മുതലാളി മറുകണ്ടം ചാടുമോ?

കാത്തിരുന്നു കാണുക അടുത്ത എപ്പിഡോസ് ...

നമ്പൂരിച്ചൻറെ ക്രൂരകൃത്യങ്ങൾ



നമ്പൂരിച്ചൻറെ ക്രൂരകൃത്യങ്ങൾ



കേരളത്തിൻറെ ചരിത്രസംബന്ധിയായ ഒരു പോസ്ററ് ആയതിനാൽ ഇതിനു മുൻപ് എഴുതിയ 'ഒരു ഭ്രാന്താലയവും കുറെ മുലകളും', 'കേരളം ചില ചരിത്രസത്യങ്ങൾ' എന്നിവയുടെ തുടർച്ചയായി ഇതു വായിച്ചാലേ പി ജെ ജോസഫ് പറഞ്ഞതു പോലെയുള്ളൊരു ഫ്ലോ കിട്ടുകയുള്ളൂ എന്നാണ് എൻറെ ഒരിത്.



ഇത് ആരേയും വേദനിപ്പിക്കുവാനോ അപമാനിക്കുവാനോ ഉള്ള ഒരു ബ്ലോഗ് അല്ല. നമ്മുടെ പൂർവികർ ചെയ്ത പാപങ്ങളുടെ ഫലങ്ങൾ ഒരു സമൂഹമായും രാഷ്ട്രമായും ചിലപ്പോൾ വ്യക്തിപരമായും നമുക്ക് ചിലപ്പോൾ അനുഭവിക്കേണ്ടി വരാറുണ്ട്. എന്നാൽ അവരുടെ ചെയ്തികൾക്ക് നമ്മൾ ഉത്തരവാദികൾ ആകുന്നില്ല അതുകൊണ്ടു തന്നെ അതിൻറെ പേരിൽ കുറ്റബോധവും ആവശ്യമില്ല. അവരുടെ സത്കർമ്മങ്ങളിൽ അഭിമാനം കൊള്ളാം പക്ഷേ അതും പറഞ്ഞുകൊണ്ടു ദുരഭിമാനം കൊള്ളാനോ മറ്റൊരുത്തനെ അപമാനിക്കാനോ നമുക്കവകാശമില്ല.



രണ്ടാം ലോകയുദ്ധത്തിനു ശേഷം ഹിറ്റ്ലർ കുടുംബത്തിലെ പലരും അപമാനഭാരത്താൽ അവരുടെ പേര് മാറ്റിയതായി വായിച്ചിട്ടുണ്ട്. മധ്യകാല ഇന്ത്യയിലും പേർഷ്യൻ അറേബ്യൻ മേഖലകളിലും ഇസ്ലാം നടത്തിയ ക്രൂരതകൾ, അമേരിക്കകളിൽ ക്രൈസ്തവമത പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വംശഹത്യയും എല്ലാം നമ്മെ പഠിപ്പിക്കുന്നത് എല്ലാം കണക്കാണ് എന്ന ചാക്കോ മാഷീയൻ തത്വം തന്നെയാണ്. ബൗദ്ധജൈനമതങ്ങളെ ചുട്ടെരിച്ചു തന്നെയാണ് ശങ്കരാചാര്യർക്കു ശേഷം ഇന്ത്യയിൽ ബ്രാഹ്മണമതം പുനഃപ്രതിഷ്ഠിക്കപ്പെട്ടത്.


കേരളത്തിൽ ഇരുപതാംനൂറ്റാണ്ടിൻറെ തുടക്കത്തോളം നീണ്ടുനിന്ന ജാതിവ്യവസ്‌ഥ ലോകചരിത്രത്തിൽ തന്നെ ഏറ്റവും നികൃഷ്ടവും നിഷ്ഠൂരവുമായ ഒരു വിവേചന വ്യവസ്‌ഥിതി ആയിരുന്നു. ഇന്ന് ക്രൈസ്തവ ഇസ്ലാമിക വർഗീയത കൊടികുത്തി വാഴുന്ന കേരളത്തിൽ എന്തുകൊണ്ട് ഒരു ഹിന്ദു ഐക്യം സാധ്യമാകുന്നില്ല എന്ന് ഒരു ശരാശരി സവർണഹിന്ദുവിന് അത്ഭുതം തോന്നാം. അത് മനസ്സിലാക്കണമെങ്കിൽ കേവലം എൺപത് വർഷം മുൻപ് വരെ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ അന്തരീക്ഷം മനസ്സിലാക്കിയേ തീരൂ.


മിക്ക ചരിത്രകാരന്മാരും അല്പമെങ്കിലും ധാർമികരോഷത്തോടെയാണ് നമ്പൂതിരി ചരിത്രം വിവരിക്കുന്നത് എന്നു കാണാം.  പക്ഷേ, നമ്പൂതിരിമാരുടെ സമുദായസ്‌ഥിതിയും ജീവിതരീതിയും സ്വഭാവഘടനയും രാഷ്ട്രത്തിലും സമൂഹത്തിലും അവർക്കുണ്ടായിരുന്ന പദവിയും സൂക്ഷ്മമായി പഠിച്ചാൽ മാത്രമാണ് കേരളസമൂഹത്തിൻറെ പരിണാമചരിത്രം നമുക്കിന്നു ഗ്രഹിക്കാൻ കഴിയുക എന്നു ശ്രീ പി കെ ബാലകൃഷ്ണൻ എഴുതിയിരിക്കുന്നതു കാണാം.




 ഇന്ന് ഒരു സമുദായം എന്നനിലയിൽ ഏറ്റവും ദരിദ്രരും അസംഘടിതരും ആയിത്തീർന്നിരിക്കുന്ന, ജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെനിൽക്കുന്ന നമ്പൂതിരിമാർക്കായിരുന്നു പതിനെട്ടാംനൂറ്റാണ്ടു വരെ കേരളത്തിലെ മിക്കവാറും എല്ലാ ഭൂമിയുടെയും ഉടമസ്‌ഥാവകാശം എന്നു വിശ്വസിക്കാൻ പ്രയാസം തോന്നും.



                                               ഒളപ്പമണ്ണ മന

"ഉദ്ഭവകാലം മുതലേ മലയാളക്കരയിലെ മുഴുവൻ ഭൂമിയുടെയും ഉടമസ്‌ഥത തങ്ങൾക്കായിരുന്നു എന്നാണ് നമ്പൂതിരിമാരുടെ ഭാവം. ഹൈദരാലിയുടെ ആധിപത്യ കാലത്തിനു മുൻപ് മതപരമായ ചില ആഘോഷങ്ങളുടെ ചെലവിലേക്കായി നീക്കി വെച്ചിട്ടുള്ള ദേവസ്‌ഥാന ഭൂമികളും, രാജകുടുംബങ്ങളുടെ കഴിച്ചിലിനു നീക്കിവെച്ചിട്ടുള്ള ചേരിക്കൽ ഭൂമികളും കഴിച്ചാൽ ശേഷിക്കുന്ന ഭൂമിയുടെ മുഴുവൻ നിരുപാധിക ഉടമസ്‌ഥത അവർക്കായിരുന്നു. ആകെയുള്ള ഭൂമിയുടെ ബഹുഭൂരിഭാഗവും നമ്പൂതിരി ബ്രാഹ്മണരുടെ ജന്മസ്വത്തായിരുന്നു". ഫ്രാൻസിസ് ബുക്കാനൻ (1800)




കേരളത്തിൽ രണ്ടു ഘട്ടങ്ങളായാണ് ബ്രാഹ്മണ കുടിയേറ്റം ഉണ്ടായതെന്ന് ചരിത്രകാരന്മാർ പറയുന്നു. ആദ്യത്തേതിന്റെ കാലം കൃത്യമായി പറയാൻ കഴിയുന്നില്ല. ബി സി ആയിരാമാണ്ടു മുതൽ തന്നെ ഡെക്കാനിലേക്ക് വൈദികരുടെ കുടിയേറ്റം ഉണ്ടാകുന്നുണ്ടെങ്കിലും കേരളത്തിലേക്ക് മുൻപ് ബ്രാഹ്മണർ വന്നിരുന്നില്ലെന്ന് ലോഗൻ അഭിപ്രായപ്പെടുന്നു എങ്കിലും ആദി സംഘസാഹിത്യപ്രകാരം ബ്രാഹ്മണസാന്നിദ്ധ്യം ഉണ്ടായിരുന്നതായി കണക്കാക്കാം. എന്നാൽ ഇവർക്ക് സമൂഹത്തിൽ കാര്യമായ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചില്ല. യാഗങ്ങളും യജ്ഞങ്ങളും വഴി സ്വർഗലോകം എന്ന പ്രചാരണത്തിലൂടെ ദ്രാവിഡരാജാക്കന്മാരെ അതു ചെയ്യിക്കാൻ യത്നിക്കുന്ന കൂട്ടരായാണ് ബ്രാഹ്മണർ പ്രത്യക്ഷപ്പെടുന്നത്.




എന്നാൽ എട്ടാം നൂറ്റാണ്ടിൽ ഉണ്ടായ രണ്ടാം കുടിയേറ്റം കേരളസമൂഹത്തെ ആകമാനം ഉടച്ചുവാർക്കാൻ ഇടയായി എന്നുകാണാം. അതിനു ഹേതുവായ സാമൂഹിക അന്തരീക്ഷം എന്താണ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. രാജാക്കന്മാരെയും നാടുവാഴികളേയും ക്ഷത്രിയരാക്കി അവരോധിച്ചതായിരിക്കാം ആദ്യത്തെ ചുവട്. രണ്ടാം ചേരവംശരാജാക്കന്മാരെ സൂര്യവംശവുമായി ബന്ധപ്പെടുത്തിയത് ഉദാഹരണം. ഒരു കാലത്തു മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരിടം ലോകം കണ്ട ഏറ്റവും രൂക്ഷമായ പാർശ്വവത്കരണത്തിന്റെ വേദിയായി മാറി. അതിൻറെ അലകൾ ഇന്നും വലിയതോതിൽ കേരളസമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. തൊഴിലുകൾക്ക് തുല്യമാന്യത കല്പിക്കാത്ത ബ്രാഹ്മണമതം, ബുദ്ധജൈന മതക്കാർ വികസിപ്പിച്ച കേരളവൈദ്യശാസ്ത്രത്തിന്റെ വളർച്ച മുരടിപ്പിച്ചു. ആതുരസേവനത്തോടും ശസ്ത്രക്രിയയോടും വൈദികർക്ക് പൊതുവേയുണ്ടായിരുന്ന വൈമുഖ്യം, തൊട്ടു കൂടായ്മ എന്നിവ അതിന് ഹേതുവായി ഭവിച്ചു. യാത്രകൾക്കും വാണിജ്യത്തിനുമൊക്കെ പലതരം വിലക്കുകൾ നിലവിൽ വന്നത് തദ്ദേശീയരെ പ്രതികൂലമായി ബാധിക്കുകയും വിദേശികൾക്ക് പ്രയോജനം ചെയ്യുകയും ചെയ്തു. ദേവപ്രീതികൊണ്ട് സ്വർഗ്ഗ മോക്ഷപ്രാപ്‌തി എന്ന വിശ്വാസത്തിൽ ഊന്നിയ വൈദികർ സമൂഹത്തിൻറെ വിജ്ഞാനബോധത്തെയും സന്മാർഗചിന്തയേയും തളർത്തി.




ഡോക്ടർ എൻ എം നമ്പൂതിരി, ഡോക്ടർ  കേശവൻ വെളുത്താട്ട് എന്നിവർ നമ്പൂതിരി ഗ്രാമഘടനയെപ്പറ്റി ആഴത്തിൽ പഠിച്ചവരാണ്.

മുൻപേ സൂചിപ്പിച്ചതു പോലെ നമ്പൂതിരിമാർ എങ്ങനെ കേരള സമൂഹത്തിലെ ദിവ്യന്മാരായി എന്നതിനെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല. നിസ്തർക്കമായി അറിയാവുന്നത് കഴിഞ്ഞ നൂറ്റാണ്ടു വരെ നിലനിന്നു പോന്ന ജാതിവ്യവസ്‌ഥയുടെ രീതികളാണ്. അതു കൊണ്ട് അവയിലേക്ക് കടക്കാം.

 "സ്വന്തമായ ശരീരാദ്ധ്വാനം കൊണ്ടു ഉപജീവിക്കുക എന്ന നടപടി അവർക്കു ബാധകമല്ല. രാജാവ്  തുടങ്ങി ഇങ്ങേയറ്റത്തെ കൃഷിക്കാരൻ വരെ അവരുടെ ധൂർത്തിനു വകനൽകാൻ സ്വന്തം നിത്യാവശ്യങ്ങൾകൂടി  വർജ്ജിക്കുമാറ്, അത്ര വിശേഷമായ ആദരവാണ് ഒരു വർഗ്ഗമെന്ന നിലയിൽ അവർക്കു നൽകുന്നത്. 'ഒരിക്കലും മറ്റൊരാളെ സേവിക്കരുത്' എന്ന മനുവിന്റെ ശാസനം കൃത്യമായി അനുവർത്തിക്കുന്ന ഇന്ത്യയിലെ ഏക ബ്രാഹ്മണ വിഭാഗം നമ്പൂതിരിമാരാണ്." - കെ പി പത്മനാഭമേനോൻ (1910)

1891ലെ സെൻസസ് റിപ്പോർട്ടിൽ നാഗം അയ്യ  എഴുതിയത് ഇങ്ങനെ "നമ്പൂതിരിമാർ മറ്റു ജാതിക്കാർക്ക് രാജകീയ പ്രതിപുരുഷനും അന്നദാതാവും പരമാധികാരിയായ യജമാനനും കുടുംബപരദേവതയും ചുരുക്കത്തിൽ ഈ ഭൂമിയിൽ അവരുടെ ദൈവവുമാണ്... അവരുടെ ശരീരം ദിവ്യമാണ്, അവരുടെ ചലനം ഓരോന്നും ഘോഷയാത്രയാണ്. അവർ ഭക്ഷിക്കുന്നതെന്തും അമൃതാണ്."



ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സമാന്തരഭരണവ്യവസ്‌ഥ പതിനാറാംനൂറ്റാണ്ടു വരെയെങ്കിലും നമ്പൂതിരിമാരുടെ കാർമ്മികത്വത്തിൽ നടന്നു പോന്നിരുന്നു. എല്ലാ പ്രധാന ക്ഷേത്രങ്ങളിലും പുരോഹിതന്മാരായ ഊരായ്മക്കാരുടെ ഒരു യോഗം ഉണ്ടായിരുന്നു. നാട്ടിൽ പ്രമാണികളും പ്രഭുക്കളും ആയവരെ ക്ഷണിച്ചു വരുത്തി ഈ യോഗത്തിൽ ചേർത്തു തങ്ങളുടെ മേലാധികാരത്തിന് കീഴിൽ ഈ ദേവസ്വങ്ങളുടെ രക്ഷാകർത്തൃത്വം അയാളെ ഏൽപ്പിച്ചു കൊടുത്തു. അങ്ങനെയാണ് ഈ ധനികക്ഷേത്രങ്ങൾ ഉദ്ഭവിച്ചത്. അങ്ങനെയാണ് മലയാളക്കരയിലെ രാജ്യാധിപത്യങ്ങളും ഉദ്ഭവിച്ചത് എന്ന് വിശാഖം തിരുനാൾ മഹാരാജാവ് എഴുതിയിട്ടുണ്ട്.




പ്രധാനക്ഷേത്രങ്ങൾക്ക് പ്രത്യേക സങ്കേതങ്ങൾ ഉണ്ട്. ഈ ക്ഷേത്രസങ്കേത അതിരുകൾക്കുള്ളിലെ സകല അധികാരവും ഈ യോഗക്കാർക്കായിരുന്നു. ഏതു രാജാവിൻറെ രാജ്യപരിധിയിൽ വരും എന്നുള്ളത് പ്രശ്നമല്ല. അതുപോലെതന്നെ ഏതു രാജാവിനെ രക്ഷകനായി വെക്കണം എന്ന് യോഗത്തിനു തീരുമാനിക്കാം.  ആ രാജാവിൻറെ ഉത്തരവാദിത്തം ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു. ഈ രാജാക്കന്മാരെ കോയിലധികാരികൾ എന്നു പറഞ്ഞു പോന്നു. കേരളത്തിലെ പുരാതനരാജാക്കന്മാർ മിക്കവരും ഈ വിധത്തിൽ അധികാരം സിദ്ധിച്ചവരത്രേ.


                                         
                                                   ആഴ്വാഞ്ചേരി തമ്പ്രാക്കൾ

ബ്രാഹ്മണസങ്കേതങ്ങൾക്ക് രാജാക്കന്മാരെ ശിക്ഷിക്കാൻ അധികാരം ഉണ്ടായിരുന്നു. അങ്ങനെ പിഴ ചുമത്തിയതിൻറെ അനേകം രേഖകൾ കാണാം. മൺറോ ദിവാനായി എത്തിയപ്പോഴാണ് അത് നിർത്തലാക്കിയത്.

കുറ്റം എത്ര കടുത്തതായാലും, രാജാവിന് എതിരെ ആയാൽ പോലും, നിസ്സാരമായ ശിക്ഷകളേ നമ്പൂതിരിമാർക്ക് ലഭിച്ചിരുന്നുള്ളു. സ്മൃതി നിയമങ്ങൾ അടിസ്‌ഥാനപ്പെടുത്തിയായി രാജ്യങ്ങളുടെ പീനൽ കോഡുകൾ. തിരുവതാംകൂർ കൊച്ചി രാജ്യങ്ങളിലെ നിയമ പുസ്തകമായിരുന്ന വ്യവഹാരമാല ഉദാഹരണം. രാജ്യദ്രോഹക്കുറ്റത്തിന് എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നപ്പോൾ കൂടെ കുറ്റവാളികളായിരുന്ന നാല് ബ്രാഹ്മണരെ നാടുകടത്തുകയാണുണ്ടായത്. കീഴ്ജാതിക്കാർക്ക് കഴുവേറ്റ് അഥവാ ചിത്രവധം, ആനയെക്കൊണ്ട് ചവിട്ടികൊല്ലിക്കൽ  തുടങ്ങിയ പ്രാകൃതമായ ശിക്ഷാരീതികൾ തേങ്ങാമോഷണം പോലെയുള്ള നിസാര കുറ്റങ്ങൾക്ക് ശിക്ഷയായി നിലവിലിരുന്നപ്പോളാണ് ബ്രാഹ്മണർക്ക് ഇങ്ങനെയൊരു വ്യവസ്‌ഥിതി നിലനിന്നിരുന്നത്.

           
              ചങ്ങനാശ്ശേരിയിലുള്ള എട്ടുവീട്ടിൽപിള്ളമാരുടെ   ശവകുടീരം
ഒരു ശൂദ്രൻ മറ്റൊരു ശൂദ്രനെ കൊന്നാൽ പിഴയായി ബ്രാഹ്മണന് പത്തു പശുക്കളെ ദാനം ചെയ്യണം. ഇതു പോലെയുള്ള പിഴകളും പ്രായശ്ചിത്തങ്ങളും ബ്രാഹ്മണരുടെ ഒരു പ്രധാന വരുമാനമായിരുന്നു. മുറജപം എന്ന പേരിൽ നടന്നിരുന്ന പേക്കൂത്തിനായി ഭീമമായ തുകയാണ് ഖജനാവിൽ നിന്നും ചിലവാക്കിയിരുന്നത്. ശൂദ്രരായ തിരുവതാംകൂർ രാജാക്കന്മാരെ ക്ഷത്രിയരാക്കുന്ന ചടങ്ങുകളായിരുന്നു തുലാപുരുഷദാനവും ഹിരണ്യഗർഭവും. വലിയൊരു സ്വർണപാത്രത്തിൽ പഞ്ചഗവ്യം നിറച്ച ശേഷം അതിൽ രാജാവ് മുങ്ങി പൊങ്ങുന്ന ചടങ്ങാണ്  ഹിരണ്യഗർഭം. പാത്രം പിന്നീട് കഷ്ണങ്ങളാക്കി ബ്രാഹ്മണർക്കു വീതിക്കും. 16000 പവൻ സ്വർണ്ണമാണ് ഈ ചടങ്ങിനായി ചെലവഴിച്ചിരുന്നത്. 1954 ൽ നടന്ന മുപ്പത്തിഅഞ്ചാം മുറജപത്തിൽ നിന്നും പല ശ്രേഷ്‌ഠബ്രാഹ്മണരും വിട്ടുനിന്നു. 1936 ലെ ക്ഷേത്രപ്രവേശവിളംബരം ആയിരുന്നു പരിഭവഹേതു. ബ്രാഹ്മണരെ തീറ്റിപ്പോറ്റാൻ ധാരാളം ഊട്ട് പുരകൾ സർക്കാർ ചിലവിൽ സ്‌ഥാപിച്ചിരുന്നു.



ഭാരതത്തിലെ ഡച് അധിനിവേശം അവസാനിച്ചത് മാർത്താണ്ഡവർമ്മ മഹാരാജാവ് അവരെ കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെടുത്തിയതിനാലാണ്. ഈ രാജവംശത്തിലെ രാജാക്കന്മാരെ ക്ഷത്രിയരാക്കാൻ വേണ്ടിയാണ് രാജ്യത്തിന് ഇത്രയും വലിയ വില ബ്രാഹ്മണ്യത്തിന് നൽകേണ്ടി വന്നത്. വർണം ജന്മം കൊണ്ടല്ല കർമം കൊണ്ടാണെന്നൊക്ക അലക്കുന്ന വ്യാഖ്യാനന്ദന്മാരോട് ഒരു ചോദ്യം. പുരാണ ഇതിഹാസ കർത്താക്കളുടെ ഭാവനക്കസർത്തുകളിൽ  അല്ലാതെ ഭാരതചരിത്രത്തിൽ എന്നെങ്കിലും ആരെങ്കിലും കർമം കൊണ്ട് ക്ഷത്രിയനോ ബ്രാഹ്മണനോ ആയിട്ടുണ്ടോ?




1909ൽ  പത്മനാഭക്ഷേത്രത്തിലൊഴികെയുള്ള എല്ലാ ഊട്ടുപുരകളും ദിവാൻ രാജഗോപാലാചാരി നിർത്തലാക്കി.ദിവാൻ രാജാവായിരുന്ന ശ്രീ മൂലം തിരുനാളിനോട് ചോദിച്ചു 'രണ്ടു നേരത്തെ സുഭിക്ഷ ഭക്ഷണം മോഹിച്ചു ഊട്ടുപുരകൾക്കു സമീപം വന്നു പാർക്കുന്ന ബ്രാഹ്മണസ്ത്രീകൾ ഒടുവിൽ നടപടിദൂഷ്യത്തിൽ ചെന്നുപെടുകയും വ്യഭിചാരിണികളായിത്തീരുകയും ചെയ്യുന്നു. വർണസങ്കരത്തിലും കവിഞ്ഞ പാപമാണോ ഊട്ടു നിർത്തലാക്കൽ.'

അർജുനവിഷാദത്തിന്റെയും മൂലഹേതു ഇതു തന്നെയല്ലേ?

അധര്‍മ്മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണസങ്കരഃ

വൃഷ്ണിവംശജനായ കൃഷ്ണാ, അധ‍ര്‍മ്മം ബാധിക്കുമ്പോള്‍ കുലസ്ത്രീകള്‍ ദുഷിക്കുന്നു.
സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ വ‍ര്‍ണ്ണസങ്കരം സംഭവിക്കുന്നു.

ഭഗവദ് ഗീത സിലബസിൻറെ ഭാഗമാക്കണം എന്നൊക്കെ ചില പണ്ഡിതർ വാദിക്കുന്നത് കേൾക്കാം. മുറിവുകളിൽ ഉപ്പു തേക്കരുത് എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.




കേരളത്തിലെ ജാതിഭീകരതയ്ക്ക് പൂർണമായും നമ്പൂതിരിമാരെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും നിലവിലുണ്ടായിരുന്ന ഗോത്രവ്യവസ്‌ഥയിലെ വിവേചനങ്ങളിൽ സമർത്ഥമായി ഇടപെട്ട് തങ്ങൾക്ക് അനുയോജ്യമായി രൂപപ്പെടുത്തുകയും ആണ് അവർ ചെയ്തതെന്ന് ഡോക്ടർ കെ എൻ ഗണേഷ് നിരീക്ഷിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ലംബമാനമായ ഒരു ശ്രേണിയുടെ ഏറ്റവും മുകളിൽ നിൽക്കുന്നവർ ആയതു കൊണ്ടു മറ്റാരേയുംകാൾ പഴി അവർക്കു തന്നെ കിട്ടുമെന്നുള്ളത് ഉറപ്പാണ്. ഭാരതത്തിലുടനീളം ബ്രാഹ്മണരുടെ ഇത്തരം ഇടപെടലുകൾ ചരിത്രത്തിൻറെ ഭാഗമാണ്. മറ്റു വിഭാഗങ്ങളുടെ ദൈവങ്ങളും ആചാരങ്ങളും അനുഷ്‌ഠാനങ്ങളുമൊക്കെ കൂട്ടിച്ചേർത്താണ് ഹിന്ദു മതം ഇന്നത്തെ രൂപത്തിലെത്തിയത് എന്നു കാണുമ്പോൾ മേൽപറഞ്ഞ നിരീക്ഷണം യുക്തിസഹമാണ് എന്നുകാണാം. ക്ഷേത്രകേന്ദ്രീകൃതമായ ഈ ഭരണവ്യവസ്‌ഥ സമൂഹത്തെ, അധ്വാനിക്കുന്ന ഒരു വിഭാഗവും ക്ഷേത്രവും ആയി ചുറ്റിപ്പറ്റി ഉപജീവനം കഴിച്ചു പോരുന്ന ഒരു വിഭാഗവും എന്നിങ്ങനെ, രണ്ടായി തരം തിരിച്ചു. ഒരു സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഒരു ന്യൂനപക്ഷത്തിൻറെ അന്ധവിശ്വാസങ്ങൾക്കും ആരാധനാലയവും ആയി ബന്ധപ്പെട്ടുള്ള അടിയന്തിരങ്ങൾക്കും ആയി ജീവിതം പാഴാക്കിയ ആ ഇരുണ്ട കാലഘട്ടത്തെയാണ് ശ്രീ KPC അനുജൻ ഭട്ടതിരിപ്പാടിനെ പോലുള്ളവർ സുവർണ കാലഘട്ടം എന്നു വിളിക്കുന്നത്. അതുകൊണ്ടാണ് ഇത്തരക്കാർ സാംസ്കാരിക നേതൃത്വം നൽകുന്ന ഒരു ഹിന്ദു ഐക്യത്തെ ഭൂരിപക്ഷമായ കീഴ്ജാതിക്കാർ സംശയത്തോടെ വീക്ഷിക്കുന്നതും, ഈ സംശയത്തെ ഇടതർ ഫലപ്രദമായി ഉപയോഗിക്കുന്നതും.





മറ്റ് ബ്രാഹ്മണരെ തങ്ങളേക്കാൾ താഴ്ന്നവരായി ആണ് നമ്പൂതിരിമാർ കണക്കാക്കിയിരുന്നത്. തമിഴ്ബ്രാഹ്മണരായ പട്ടന്മാരും തുളുബ്രാഹ്മണരായ എമ്പ്രാന്മാരും നമ്പൂതിരിഫലിതങ്ങളിലെ പരിഹാസ്യപാത്രങ്ങളായിരുന്നു.  ശൈവർ പൂർവികരായിരുന്ന നമ്പൂതിരിമാർ വൈഷ്ണവബ്രാഹ്മണരെ ബ്രാഹ്മണരായി പോലും അംഗീകരിച്ചിരുന്നില്ല. വിഷ്ണുക്ഷേത്രമായ ശ്രീപത്മനാഭക്ഷേത്രത്തിൽ പോലും നമ്പൂതിരിമാർ പോറ്റിമാർക്കൊപ്പം ഭക്ഷണം കഴിക്കാറില്ലായിരുന്നു. വൈഷ്ണവർക്ക് ജൈനമതവും ആയുള്ള ബന്ധം ആണ് അവരെ രണ്ടാംകിടക്കാരായി കാണാൻ കാരണം എന്ന് കെ ശിവശങ്കരൻനായർ അഭിപ്രായപ്പെടുന്നു. (Ref: പ്രാചീന കേരളത്തിൻറെ രാഷ്ട്രീയ ചരിത്രം)




 ബ്രാഹ്മണരിൽ തന്നെ അധമരായ സാങ്കേതികബ്രാഹ്മണരായിരുന്നു പൂജാരികൾ. വൈദികാചാരങ്ങൾ നടത്തിപ്പോന്ന അഗ്നിഹോത്രി സോമയാജി എന്നിവർ ഉന്നതരും പട്ടത്താനമുള്ള ഭട്ടന്മാരും ആയുധവിദ്യപോലെ പല ശാസ്ത്രങ്ങളും പഠിച്ച ശാസ്ത്രബ്രാഹ്മണർ താഴേക്കിടയിലും ആയിരുന്നു. ബ്രാഹ്മണഗ്രന്ഥങ്ങളനുസരിച്ചു ബ്രാഹ്മണരും അബ്രാഹ്മണരും തമ്മിലുള്ള ബന്ധത്തിൽ ജനിച്ചവരും പലതരത്തിലുള്ള കുറ്റങ്ങൾ ചെയ്തതിൽ നിന്ന് ബ്രാഹ്മണരിൽ നിന്നും പുറത്താക്കപ്പെട്ടവരുമാണ് അമ്പലവാസികൾ. (Ref: ഡോക്ടർ കെ എൻ ഗണേഷ് - കേരളത്തിൻറെ ഇന്നലെകൾ)




"നമ്പൂതിരിമാരെ ഓത്തുള്ളവരെന്നും ഇല്ലാത്തവരെന്നും എന്നു പൊതുവെ രണ്ടായി തിരിക്കാം. സ്വത്തും ബ്രാഹ്മണ്യവും ചേർന്ന് ആഢൃന്‍ ആസ്യൻ എന്നിങ്ങനെ ഒരു വിഭജനവും ഉണ്ടാക്കി.... മൂത്തത് ഇളയത് എന്ന വിഭജനം ഏതാണ്ട് രണ്ട് വ്യത്യസ്‌ത ജാതികളെന്ന നിലയിൽ എത്തുകയുണ്ടായി... നമ്പൂതിരിമാർക്കിടയിൽ ബ്രാഹ്മണ്യത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചുണ്ടായ ഇത്തരം വേർതിരിവുകൾ കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തോർ എന്നു പറഞ്ഞമാതിരി ഒരുപാട് വിലക്കുകളും അരുതായ്മകളും സൃഷ്ടിച്ചു. അത് കൂടിക്കൂടിവരുകയും ചെയ്തു. 'ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ച് കുന്തിച്ച് ബ്രഹ്മാവും തനിക്ക് കിടയല്ലെന്നു' നടിക്കുന്നവരെച്ചൊല്ലി പൂന്താനം ലജ്ജ കൊള്ളുകയുണ്ടായല്ലോ."  (രാഘവവാര്യർ /  രാജൻ ഗുരുക്കൾ - കേരളചരിത്രം- രണ്ടാം ഭാഗം)






എന്നാൽ നമ്പൂതിരി കുടുംബത്തിലെ എല്ലാവരും സന്തോഷപൂർവം കഴിയുകയായിരുന്നു എന്നർത്ഥമില്ല. കുടുംബത്തിലെ മൂത്ത പുരുഷപ്രജയ്ക്കു മാത്രമാണ് വിവാഹം അല്ലെങ്കിൽ വേളി സാധ്യമായിരുന്നത്. ബഹുഭാര്യത്വം സർവ സാധാരണമായിരുന്നു. മറ്റ് ആണുങ്ങൾ നാട്ടിലെ മറ്റ് സവർണ കുടുംബങ്ങളിൽ തല ഉയർത്തിപ്പിടിച്ചും അവർണ കുടുംബങ്ങളിൽ തലയിൽ മുണ്ടിട്ടും വിത്തുകാളകളെ പോലെ മേഞ്ഞു നടന്നിരുന്നു. എല്ലാ നമ്പൂതിരി ഇല്ലങ്ങളിലും അവിവാഹിതരായ ധാരാളം സ്ത്രീകൾ ജീവിതം ഹോമിച്ചു തീർത്തു. പ്രതികരിക്കുന്ന സ്ത്രീകളെ അടിച്ചമർത്താൻ പുലപ്പേടി മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങൾ അനുഷ്ഠിച്ചു പോന്നു. വിവാഹേതരബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് സ്മാർത്ത വിചാരം എന്ന പ്രാകൃതമായ വിചാരണ നേരിടേണ്ടി വന്നിരുന്നു. എത്ര പരിഹാസ്യമായ ഒരു സമ്പ്രദായം ആയിരുന്നു എന്നറിയണമെന്നുള്ളവർക്ക് മാടമ്പിന്റെ ഭ്രഷ്‌ട്, ലളിതാംബിക അന്തർജനത്തിന്റെ പുസ്തകങ്ങൾ, വി ടി യുടെ കൃതികൾ, കാണിപ്പയ്യൂർ സ്മരണകൾ, പുതൂർ ഉണ്ണികൃഷ്ണന്റെ അമൃതമഥനം, ലോഗൻറെ മലബാർ മാന്വൽ തുടങ്ങിയവ വായിക്കാം. എം ടി - ഹരിഹരൻ ടീമിൻറെ പരിണയം എന്ന ചിത്രം താത്രിക്കുട്ടിയുടെയും കഥകളി ഇതിഹാസമായിരുന്ന കാവുങ്ങൽ ശങ്കരപ്പണിക്കരുടെയും ബന്ധത്തെ ഓർമിപ്പിക്കുന്നു. മധ്യകേരളത്തെ പിടിച്ചുകുലുക്കിയ താത്രിയുടെ സ്മാർത്തവിചാരം വെളിപ്പെടുത്തിയ ഒരു ഭീകരസത്യം 65 പേരുമായി ശയിച്ച താത്രിക്കുട്ടിയുടെ ആദ്യ പുരുഷൻ അവരുടെ അച്ഛൻ നമ്പൂതിരിയായിരുന്നു എന്നത് അന്നത്തെ നമ്പൂതിരികുടുംബങ്ങളുടെ സദാചാരമനസ്‌ഥിതിയിലേക്ക് വെളിച്ചം വീശുന്നു.

"വിവാഹിതരായ സ്ത്രീകൾ സപത്നീ മത്സരങ്ങളും അസംതൃപ്‌തികാമചോദനകളുമായി 'അകായി'ലെ ഇരുട്ടിൽ മൃഗസമാനരായി പോരടിച്ചു കഴിഞ്ഞു. അവിവാഹിതരായിക്കഴിയാൻ വിധിവന്ന ഭൂരിപക്ഷം സ്ത്രീകളാവട്ടെ, സ്വപ്നങ്ങളും മോഹങ്ങളും ഉൾവലിച്ച്, വൃദ്ധകന്യകമാരായി, മൂത്തു നരച്ച് ഒടുങ്ങി. ഇങ്ങനെ വൃദ്ധകന്യകമാരായി മരിച്ചു പോവാൻ വിധിക്കപ്പെടുന്ന സ്ത്രീകൾ കുലത്തിനു വരുത്തിവെച്ചേക്കാവുന്ന ശാപം ഒഴിവാക്കാനായി ചിതയിലെടുക്കുംമുൻപ് അവരുടെ ജഡവുമായി ശരീരസംയോഗത്തിലേർപ്പെടാൻ ആളെ നിയോഗിച്ചിരുന്ന ക്രൗര്യങ്ങൾവരെയുണ് ഈ കാലത്തിൻറെ കേട്ടുകേഴ്വികളിൽ. (ഈ പ്രവൃത്തിയെ 'നീചകർമ' മെന്നും ഇതിനു നിയോഗിക്കപ്പെടുന്ന ഹീന ജാതിക്കാരനെ 'നീച'നെന്നുമാണത്രെ വിളിച്ചിരുന്നത്.)" - താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം - ആലങ്കോട് ലീലാകൃഷ്ണൻ P 11



ക്ഷത്രിയൻ 12, നായർ 24, കമ്മാളൻ 36, ഈഴവൻ 48, പറയൻ 60 അടി എന്നിങ്ങനെയായിരുന്നു തീണ്ടാപ്പാട്. തീണ്ടാപ്പാട് ലംഘിക്കുന്നവന് വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. പുലയനോ പറയനോ നായരെ തീണ്ടിയാൽ നായർ അവനെ കൊന്നില്ലെങ്കിൽ രാജാവ് ആ നായരെ കൊല്ലും. 'ഒരു പുലയൻറെ നിശ്വാസം എത്തത്തക്കനിലയിൽ അയാൾ ഒരു നായരോട് അടുക്കുകയാണെങ്കിൽ താൻ അശുദ്ധനായിപ്പോയെന്ന് നായർ കരുതുന്നു. അപ്പോൾ ആ പുലയനെ കൊല്ലാൻ നായർ നിര്ബന്ധിതനാകുന്നു' (പി ഭാസ്കരനുണ്ണി - പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം)

ദൂരം മാത്രം പോരാ, നമ്പൂതിരിയോട് സംസാരിക്കുന്നതും സൂക്ഷിച്ചു വേണം. ഞാൻ എന്ന വാക്ക് പാടില്ല, അടിയൻ എന്നു വേണം സ്വയം വിശേഷിപ്പിക്കാൻ.  കുടി ഇല്ല മോന്തുകയാണ്, തിന്നുന്നത് അരിയല്ല കല്ലരിയാണ്, ഉടുക്കുന്നത് തുണിയല്ല പഴംതുണിയാണ്, കിടക്കാറില്ല നടുനിവർത്തുകയെ ഉള്ളൂ, എന്തിന് ചിന്തിക്കുന്നത് പോലും മനസ്സു കൊണ്ടല്ല പഴമനസ്സുകൊണ്ടാണ് അതു പോലെ നൂറു കണക്കിന് പ്രയോഗങ്ങൾ. എന്നാൽ നമ്പൂതിരിയോ - 'മനയ്ക്കലെ കുളത്തിൽ നീരാടി അമൃതേത്തും കഴിഞ്ഞ് പള്ളിക്കുറുപ്പുകൊള്ളുന്ന തിരുമനസ്സാണ്'.  ജാതിശ്രേണിയുടെ താഴ്ച അനുസ്സരിച്ച് പദങ്ങളുടെ നിലവാരവും താഴോട്ടു പോന്നിരുന്നു.  (Ref J.H. Hutton - Caste in India)

പൊതുവഴികൾ ഉപയോഗിക്കാനും ചന്തയിൽ പോയി നിത്യോപയോഗത്തിനുള്ള സാധനങ്ങൾ വാങ്ങിക്കാനുമൊക്കെ കീഴ്ജാതിക്കാർ ഏറെ കഷ്ടത സഹിച്ചിരുന്നു. ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളത്തുകൾ പൊതുവഴിയിൽ ഇറങ്ങുമ്പോൾ വഴിയരികിലുള്ള തങ്ങളുടെ കൂരകളിൽ നിന്നും അവരെ അകറ്റി നിർത്തിയിരുന്നു. (സി കേശവൻ - ജീവിതസമരം)

ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്നുള്ള മുൻ മുഖ്യമന്ത്രി സി കേശവൻറെ വാക്കുകൾ ഇന്ന് പല ഹിന്ദുക്കളേയും രോഷം കൊള്ളിക്കുന്നുണ്ട്. കേശവൻ വൈകാരികമായി പ്രതികരിച്ചതാണെങ്കിലും അദ്ദേഹം 1936ന് മുന്നേ അങ്ങനെ ഒരു ആഹ്വാനം ചെയ്തിരുന്നെങ്കിൽ കീഴാളർ കേരളത്തിലെ സകല ക്ഷേത്രങ്ങളും ചുട്ടുകരിച്ചേനെ.




കൃഷി സ്‌ഥലങ്ങളിൽ പുലയരെയും ഈഴവരേയും ചാന്നാർമാരെയും കൊണ്ടു പണിയെടുപ്പിച്ചു കിട്ടുന്ന വിളവിൽ ഭൂരിഭാഗവും ജന്മിയായ നമ്പൂതിരിക്ക് നൽകി മിച്ചം കൊണ്ടു കഴിയുന്നവരായിരുന്നു കാരാണ്മ ജാതിക്കാർ. അവരിൽ പ്രധാനി നായർ സമുദായമായിരുന്നു. കൃഷിപ്പണിക്കാരായ കീഴ്ജാതിക്കാരുടെമേൽ ജന്മിക്ക് ഉടമസ്‌ഥാവകാശം ഉണ്ടായിരുന്നതിനാൽ അവർ പൂർണമായും അടിമകളായിരുന്നു. ബ്രിട്ടീഷ് കാലത്തു മിഷനറിമാരുടെ സമ്മർദ്ദത്താൽ അടിമവ്യവസ്‌ഥ നിരോധിക്കപ്പെടുന്നതു വരെ ഇതു തുടർന്നു പോന്നു.




കേരളത്തിൽ ക്ഷത്രിയരില്ല എന്നായിരുന്നു സങ്കല്പം. എല്ലാവരേയും പരശുരാമൻ കൊന്നതാണല്ലോ. പിന്നെ വന്നത് മുഴുവൻ നമ്പൂതിരിമാർ റിക്രൂട് ചെയ്തവരാണ്. അതിനായി അവർക്ക് വലിയ വില കൊടുക്കേണ്ടി വന്നു. പൊന്നും പണവും പെണ്ണുമെന്നു വേണ്ട നമ്പൂതിരി ഇച്ഛിച്ചതെല്ലാം. മിക്കവാറും എല്ലാ റാണിമാരുടെയും ഭർത്താക്കന്മാർ ബ്രാഹ്മണർ ആയിരുന്നു. എന്നാൽ രാജാവിൻറെ ഭാര്യമാരോ, നായർ തുടങ്ങിയ മറ്റ് മേല്ജാതിക്കാരും. രണ്ടു കൂട്ടരുടെയും മക്കൾക്ക് അച്ഛൻറെ സ്നേഹമോ സ്പർശമോ നിഷേധിച്ച ഒരു തന്തയില്ലാ വ്യവസ്‌ഥയായ മരുമക്കത്തായം നമ്പൂതിരിയുടെ കാമസമ്പൂർത്തിക്കായി സൃഷ്ടിക്കപ്പെട്ടു. ഇന്ന് നമ്പൂതിരി കേരളത്തിൽ ന്യൂനപക്ഷമായെങ്കിലും കേരളത്തിലെ ധാരാളം നായർ അമ്പലവാസി സിരകളിൽ ഓടുന്നത് നമ്പൂതിരി രക്തം ആണ്. എന്തിന് എൻ എസ് എസ് സ്‌ഥാപകനായ മന്നത്തുപത്മനാഭൻറെ പിതാവും ഒരു സംബന്ധക്കാരൻ നമ്പൂതിരി ആയിരുന്നു. നായർ തറവാടിൻറെ പടി കടന്ന് ഉള്ളിലെത്തിയാൽ ജലപാനം പാടില്ലാത്തവനും മിക്കവാറും എല്ലാ ജാതിക്കാരെയും തീണ്ടാപ്പാടകലെ നിർത്തുന്ന നമ്പൂതിരിക്ക് രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന ഏറ്റവും ഇഴുകിച്ചേര്‍ന്ന പ്രക്രിയയായ ശാരീരികവേഴ്ചക്ക് ശൂദ്രക്ഷത്രിയ സ്ത്രീകളെ ഉപയോഗിക്കുന്നതിനു പ്രശ്നമില്ലായിരുന്നു. മന്നത്തെ പോലെ പല പ്രധാന നായർ സാമൂഹികപരിഷ്കർത്താക്കളും ഈ പിതൃശൂന്യതയുടെ തിക്തഫലം നേരിട്ടനുഭവിച്ചവർ ആയിരുന്നു. വൈദിക സ്മൃതി സാഹിത്യത്തിൻറെ മാനവികവിരുദ്ധ ഏടുകൾ സൃഷ്ടിച്ച ജാതിശൃംഖലയിലെ ഒരു മാന്യസ്‌ഥാനപ്രാപ്തി എന്ന നായരുടെ മോഹമൗഢ്യം സൃഷ്ടിച്ച ഗതികേടായിരുന്നു ഈ ചൂഷണം. അല്ലാതെ പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞാൻ ഉണ്ണും എന്ന മന്ത്രവും ആയിനടന്ന ദേഹാധ്വാനം വശമില്ലാത്ത നമ്പൂതിരിമാരെ നായർ ക്ഷത്രിയ സ്ത്രീകൾ കാമിച്ചിരുന്നു എന്നു കരുതാൻ തരമില്ലല്ലോ.




മേല്ജാതിക്കാർക്കു മുന്നിൽ കീഴാളർക്ക് നാണവും മാനവും പാടില്ല. അല്പ വസ്ത്രമേ വിധിച്ചിട്ടുള്ളൂ. കേരള സ്ത്രീകൾ തുണിയുടുക്കാൻ തുടങ്ങിയതിന്റെ ചരിത്രം മുൻ പോസ്റ്റിൽ വായിക്കാം. വെട്ടിമന നാടുവാഴിയുടെ ശാസനം ഇങ്ങനെ "നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയർന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാർഗഹീനകളായ സ്ത്രീകൾ ഉണ്ടെങ്കിൽ അവരെ ഉടൻ വധിക്കേണ്ടതാകുന്നു". (കേരള ചരിതത്തിലെ ഇരുളടഞ്ഞ ഏടുകൾ - ഇളംകുളം കുഞ്ഞൻപിള്ള)

ഈഴവർ മാത്രമാണ് നമ്പൂതിരിക്ക് വഴങ്ങാതെ മാറി നിന്നത്. ബ്രാഹ്മണാധിപത്യത്തോട് ചരിത്രപരമായ കാരണങ്ങളാൽത്തന്നെ അവർ പൊരുതാൻ ധൈര്യം പ്രകടിപ്പിച്ചു. നമ്പൂതിരിമാർ ഇവിടെ വരുമ്പോൾ സാമൂഹ്യരംഗത്ത് മേൽക്കോയ്മ ഈഴവർക്കായിരുന്നു. ഈഴവരല്ലാത്ത മറ്റു സമുദായക്കാർ നമ്പൂതിരിക്ക് അടിയറവു പറഞ്ഞു. അങ്ങനെ ബ്രാഹ്മണാധീശത്വം സ്‌ഥാപിക്കാൻ തുടങ്ങിയതോടെ ഈഴവരുടെ മേധാവിത്വം നശിച്ചു തുടങ്ങി. നൂറ്റാണ്ടുകളോളം അവർ ഒറ്റയ്ക്കുനിന്ന് വിദേശീയരായ ബ്രാഹ്മണരുടെ മേധാവിത്വത്തോട് പൊരുതി. ഈഴവ സമുദായത്തിൻറെ മഹത്തായ പാരമ്പര്യമാണത്. അവർ വൈദികമേധാവിത്വത്തോട് സമരം ചെയ്തെങ്കിലും പരാജയപ്പെട്ടു - (വി ടി ഭട്ടതിരിപ്പാട് - വി ടി യുടെ സമ്പൂർണ കൃതികൾ)




ഇങ്ങനെ സമൂഹത്തിൻറെ എല്ലാ മണ്ഡലങ്ങളിലും വിജയിച്ച് അതിശക്തരായി നിലകൊണ്ടിരുന്ന ഒരു സമുദായം എങ്ങനെ ഒരു അര നൂറ്റാണ്ടിനിടയിൽ നിശ്ശേഷം തകർന്നു എന്നു പരിശോധിക്കാം.

ലോഗൻ 1887ൽ എഴുതി "മലയാള ജാതികളിൽ ഏറ്റവും വ്യതിരിക്തരായി മാറി നിൽക്കുന്നവരും ഏറ്റവും വലിയ യാഥാസ്‌ഥിതികരും യൂറോപ്യൻ കാഴ്‌ചപ്പാടിൽ ഉദ്ബുദ്ധത ഏറ്റവും കുറഞ്ഞവരും നമ്പൂതിരി എന്നു വിളിക്കുന്ന മലയാള ബ്രാഹ്മണരാണ്."


                                                                   ലോഗൻ

1901ലെ സെൻസസ് റിപ്പോർട്ടിൽ എൻ സുബ്രഹ്മണ്യഅയ്യർ എഴുതി "ഭാഗ്യവശാൽ മലബാർരാജാക്കന്മാർ തുടർന്നു നിലനിർത്തിപ്പോരുന്ന പരമ്പരാഗതമായ ആതിഥ്യമര്യാദകൾ മാത്രമാണ് ശരാശരി നമ്പൂതിരിമാർക്ക് കഴിച്ചിലിനുള്ള ഏകമാർഗ്ഗം എന്നതാണ് ഇപ്പോഴത്തെ അവസ്‌ഥ."

1900 - 1910 കാലഘട്ടത്തിൽ നമ്പൂതിരി സമുദായത്തെപ്പറ്റി പഠിച്ച അനന്തകൃഷ്ണയ്യർ അദ്ദേഹത്തിൻറെ പഠനങ്ങൾ ഇങ്ങനെ ഉപസംഹരിക്കുന്നു "ഭാഗ്യവശാൽ കേരളരാജാക്കന്മാർ ഉപേക്ഷ കൂടാതെ ഇന്നും കാണിക്കുന്ന ഔദാര്യവും ആതിഥ്യവുംകൊണ്ടു മാത്രമാണ് സാധാരണ നമ്പൂതിരിമാർ കഴിഞ്ഞു കൂടുന്നത്... ഇന്ന് അവർ അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. അവർ ഉണരുകയും ആധുനിക സാഹചര്യങ്ങൾക്കൊത്തുയരുകയും ചെയ്യുന്നില്ലെങ്കിൽ അവർക്കിന്നുള്ള പദവി നഷ്ടപ്പെടുകയും അവർ വിസ്മൃതകോടിയിൽ തള്ളപ്പെടുകയും ചെയ്യും."

നമ്പൂതിരി സമുദായം പക്ഷേ ചുവരെഴുത്തു വായിച്ചപ്പോഴേക്കും ഏറെ വൈകി പോയെന്നു കാണാം.




ടിപ്പുവിന്റെ പതനത്തോടെ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. ബ്രിട്ടീഷ് മേൽക്കോയ്‌മ അംഗീകരിച്ച തിരുവതാംകൂർ കൊച്ചി രാജ്യങ്ങളിൽ റെസിഡന്റുമാർ ഭരണകാര്യങ്ങളിൽ ശ്രദ്ധിച്ചു. മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങി. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ പരദേശബ്രാഹ്മണർ ഭരണത്തിലെ താക്കോൽ സ്‌ഥാനങ്ങളിൽ എത്തിയപ്പോൾ നമ്പൂതിരി സമുദായം വിദ്യാഭ്യാസത്തിൽ താത്പര്യം കാട്ടിയില്ല. ഭാരതത്തിലുടനീളം ധനികരായ  ബ്രാഹ്മണർ ഇംഗ്ലണ്ടിലും മറ്റും ഉന്നത വിദ്യാഭ്യാസത്തിനായി പോയപ്പോൾ കടൽ പോയിട്ട് കോരപ്പുഴ പോലും കടക്കാൻ പലതരം വിലക്കുകളും ആയി നമ്പൂതിരി യുവത വട്ടംകറങ്ങി. രാജാവിനെതിരെയുള്ള ആദ്യകാല  പ്രക്ഷോഭങ്ങൾ ഭരണത്തിൽ നായർക്ക് പ്രാതിനിധ്യം ലഭിക്കാത്തതിനെ ചൊല്ലിയായിരുന്നല്ലോ. പിന്നീടുണ്ടായ ഈഴവ മെമ്മോറിയൽ, നിവർത്തന പ്രക്ഷോഭം എന്നിവയിലൊന്നും തന്നെ നമ്പൂതിരി സമുദായം ഇടപെട്ടില്ല.




നമ്പൂതിരി ഇല്ലങ്ങൾ അശുദ്ധി ഉണ്ടാകാതിരിക്കാൻ റോഡുകളിൽ നിന്ന് വളരെ അകലെയാണ് നിർമിച്ചിരുന്നത്. അവരുടെ സ്‌ഥലങ്ങൾ അടിമകളും കുടിയാന്മാരും കൃഷി ചെയ്തു പോന്നു. നായന്മാരും പരദേശബ്രാഹ്മണർക്കുമായിരുന്നു മേൽനോട്ടം.അപൂർവമായേ അവർ ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. മതാചാരങ്ങൾ അനുഷ്ഠിച്ചും അവരുടെ നായർ സ്ത്രീകളെ സന്ദർശിച്ചും കാലംകഴിച്ചു. വിവാഹ സമ്പ്രദായവും ദായക്രമവും അവരുടെ ജനസംഖ്യ ഏതാണ്ട് നിശ്ചലമായി നിൽക്കുവാൻ കാരണമാക്കി. 1863 വരെ ഒരു നമ്പൂതിരിയും തിരുവിതാംകൂറിലെ സ്‌കൂളിൽ ഇംഗ്ലീഷ് പഠിക്കുവാൻ പ്രവേശിച്ചിരുന്നില്ല. - (റോബിൻ ജെഫ്‌റി - നായർ മേധാവിത്വത്തിൻറെ പതനം P 39)



അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളും നായർ സമുദായവും നവോത്ഥാനത്തിന്റെ വെളിച്ചം കണ്ടപ്പോഴും ഇരുളിന്റെ ഇടനാഴികളിൽ തപ്പി തടയാനായിരുന്നു നമ്പൂതിരി സമുദായത്തിൻറെ വിധി. എണ്ണത്തിൽ വളരെ കുറവായിതീർന്ന അവർ അതിൽതന്നെ ധാരാളം തരംതിരിവുകൾ സൃഷ്ടിച്ചു പരസ്പരവിദ്വേഷികളായി മാറിയെന്ന് നാം കണ്ടുകഴിഞ്ഞു. ഏറ്റവും കഷ്ടം നമ്പൂതിരി സ്ത്രീകളുടെയായിരുന്നു. പല നമ്പൂതിരി  സാമൂഹ്യപരിഷ്കർത്താക്കളും സമുദായത്തെ പൂർണമായും കുഴിച്ചുമൂടണമെന്ന മനഃ സ്‌ഥിതിയിൽ എത്തിയിരുന്നു. സമുദായത്തിലെ വിദ്യാസമ്പന്നർ കമ്മ്യുണിസത്തിലേക്കും മറ്റ് വിപ്ലവ പ്രസ്‌ഥാനങ്ങളിലേക്കും തിരിഞ്ഞു.  പരിഷ്കരണത്തിന്റെ സാധ്യതകൾക്കും താഴേക്ക് അഴുകി ഇടിഞ്ഞു വീണ ഒരു സമൂഹമായി നമ്പൂതിരി കുടുംബങ്ങൾ അധഃപതിച്ചിരുന്നു.



1957 ൽ തുടങ്ങിയ ഭൂപരിഷ്കരണ ബില്ലുകൾ സമുദായത്തിൻറെ ശവപ്പെട്ടിയിലെ ആണികളായി മാറി. 1970 ൽ നിയമം അതിൻെറ പൂർണതയിൽ എത്തിയപ്പോഴേക്കും നമ്പൂതിരി സമുദായം സാമ്പത്തികമായി ഏറെക്കുറെ നിലംപൊത്തിയെന്നു പറയാം.



എങ്കിലും ആയിരം വർഷത്തോളം നീണ്ടു നിന്ന വ്യവസ്‌ഥ കേരള സമൂഹത്തിൽ തിരുത്തൽ അസാധ്യമെന്നു തന്നെ പറയാവുന്ന പല മാറ്റങ്ങളും ഉണ്ടാക്കി. എല്ലാ ജനങ്ങളുടെയും സ്വത്വം ജാതി ആയി മാറി. ക്രൈസ്തവർ പോലും സ്വന്തം ജാതിയുടെ ഉറവിടങ്ങൾ തേടി അലഞ്ഞു. പ്രത്യേകിച്ചു ഒരു വ്യത്യാസവും ഇല്ലാതെ കഴിഞ്ഞിരുന്ന ഒരു ജനത പല തട്ടുകളിൽ ആയി പോരടിച്ചു. കെട്ടുകഥകളുടെ അടിസ്‌ഥാനത്തിൽ നായരും നമ്പൂതിരിയുമൊക്ക ഈഴവനും പുലയനും മേലെയായി.




വൈദിക സാഹിത്യത്തിലെ അമാനവികമായ കൂട്ടിച്ചേർക്കലുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഈ വ്യവസ്‌ഥ വളരെ കൗതുകകരമാണെന്ന് കാണാം. കാരണം മറ്റ് ദേശങ്ങളിലെ ബ്രാഹ്മണരുമായി വളരെ വ്യത്യസ്തരാണ് നമ്പൂതിരിമാർ. കേരളത്തിലെ തദ്ദേശീയരായ എല്ലാ ജാതിക്കാരിൽ നിന്നും നമ്പൂതിരിമാരായി മാറിയിട്ടുണ്ട്. അവരുടെ ദ്രാവിഡിയൻ ലക്ഷണങ്ങൾ അതിൻറെ തെളിവാണ്. പരശുരാമൻ മുക്കുവരെ നമ്പൂതിരിമാരാക്കിയ ഒരു കഥയുണ്ട്. നമ്പൂതിരി വിവാഹത്തിലെ ഒരു ചടങ്ങായ മാനത്തുകണ്ണി എന്ന മീനിനെ പിടിക്കൽ അതിൻറെ ഓർമ പുതുക്കൽ ആകാം. ബൗദ്ധവിഹാരങ്ങളിലെ പൂജാരിമാരെ പൂണൂലിട്ട് നമ്പൂതിരിമാരാക്കിയെന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ പറഞ്ഞിട്ടുണ്ടല്ലോ. വൈദ്യശാസ്ത്രപണ്ഡിതന്മാരായിരുന്ന ബൗദ്ധരാണ് അഷ്ടവൈദ്യന്മാരായത്. (പി കെ ഗോപാലകൃഷ്ണൻ - കേരളത്തിൻറെ സാംസ്‌കാരിക ചരിത്രം).  രണ്ടും ഈഴവർ തന്നെ.



                                                   കുഞ്ഞിക്കുട്ടൻ തമ്പുരാൻ

മറ്റു ബ്രാഹ്മണർ പിൻകുടുമക്കാരായപ്പോൾ നമ്പൂതിരിക്ക് മുന്നിലാണ് കുടുമ. പൂണൂലിന് മറ്റുള്ളവർക്ക് രണ്ടിഴയെങ്കിൽ നമ്പൂതിരിക്ക് ഒരിഴയെ പാടുള്ളൂ. എന്തെങ്കിലും വസ്ത്രം ധരിച്ചേ മറ്റുള്ളവർക്ക് കുളി പാടുള്ളൂ കുളിക്കുമ്പോൾ മന്ത്രം ജപിക്കയും വേണം നമ്പൂതിരിക്കോ തുണിയില്ലാതെ യാതൊരു ദേവതാസങ്കല്പവും ധ്യാനവും കൂടാതെ വേണം കുളി. ഇതു പോലെ ധാരാളം വ്യത്യാസങ്ങൾ കാണാം. (Ref: Castes and Tribes of Cochin, Vol II - Ananthakrishna Aiyer)



കേരളത്തിലെ ക്ഷേത്രാചാരങ്ങളുടെ സ്‌ഥിതിയും വ്യത്യസ്തമല്ല. ഇവയൊന്നും തന്നെ മഹത്തായ ഭാരതീയ ചിന്താധാരയ്ക്ക് നിരക്കുന്നതല്ല. അതിനു കാരണം കൊളാറ്ററൽ ഡാമേജ് ഇല്ലാതെ താന്ത്രിക ബൗദ്ധരുടെയും ആദിമ ദ്രാവിഡരെയും ശ്രമണരുടെയും ആചാരങ്ങളെ സ്വാംശീകരിച്ച്, അവരുടെ ആരാധനാലയങ്ങൾ സ്വന്തമാക്കി, അവരുടെ ദേവതകളെ വൈദിക ദേവന്മാരുമായി ബന്ധപ്പെടുത്തി ഐതിഹ്യങ്ങളും പുരാണങ്ങളും ഉണ്ടാക്കി എടുത്ത അന്യാദൃശമായ ഒരു അധിനിവേശ പ്രക്രിയയാണ്. ഇത് ഭാരതത്തിലുടനീളം നടന്നു പോന്ന ഒരു പ്രക്രിയയാണ്. ജൈനരുടെ ഭരതതീർത്ഥങ്കരൻ ഭാരതത്തിൽ വേറെങ്ങും ആരാധിക്കപ്പെടാത്ത ശ്രീരാമഭ്രാതാവായ ഭാരതനായി മാറിയ ഇരിഞ്ഞാലക്കുട കൂടൽ മാണിക്യം ക്ഷേത്രം ഒരുദാഹരണമാണ്. ദസ്യുക്കളുടെ ദൈവങ്ങളായ കൃഷ്ണനും മറ്റും അവതാരങ്ങളായി ഹിന്ദുദൈവങ്ങളായി മാറിയതെങ്ങനെ എന്നു മുൻ പോസ്റ്റുകളിൽ വിശദീകരിച്ചിട്ടുണ്ട്.

 ആർ എസ് എസ് ആന എഴുന്നള്ളത്ത്, വെടിക്കെട്ട്, ശബരിമല സ്ത്രീ പ്രവേശം തുടങ്ങിയ വിഷയങ്ങളിൽ എടുക്കുന്ന നിലപാടിന് കാരണം അവർക്ക് ഭാരതത്തിലെ മറ്റ് ക്ഷേത്രങ്ങൾ എങ്ങനെ നടക്കുന്നു എന്നു വ്യക്തമായി അറിയാവുന്നതു കൊണ്ടാണ്.

ഇതിൽ നിന്നും മനസ്സിലാക്കാവുന്നത് കേരളബ്രാഹ്മണർ,
വൈദിക സംസ്കാരത്തെ പറ്റി അറിവില്ലായിരുന്ന അഹിന്ദുക്കളായ ഒരു ജനതയെ സ്വന്തം മേൽക്കോയ്മക്കായി വിഡ്ഢികളാക്കി, അതാണ് മോക്ഷപ്രാപ്തിക്കുള്ള മാർഗം എന്ന് വിശ്വസിപ്പിച്ച്, അടിമകളാക്കി മാറ്റി എന്നതാണ്. ഇതിന് ആസ്പദമായ തെളിവുകൾ, ഭൂരിപക്ഷവും ബ്രാഹ്മണരും സവർണരും ആയ, ചരിത്രപണ്ഡിതന്മാർ നിരത്തിയത് നാം കണ്ടു കഴിഞ്ഞു.




പതിനൊന്നാം നൂറ്റാണ്ടിൻറെ ഒടുക്കത്തോടെയാണ് ജാതിവ്യവസ്‌ഥ അതിൻറെ പൂർണഭീകരത കൈവരിച്ചതെന്ന് ശ്രീ ഇളംകുളം പറയുന്നു. കഴിഞ്ഞ 1200 വർഷത്തിനിപ്പുറമുള്ള ചരിത്ര സംഭവങ്ങളേ ക്ഷേത്രരേഖകളിൽ കാണാനുള്ളൂ. ഐതിഹ്യങ്ങൾ അടിസ്‌ഥാനപ്പെടുത്തിപ്പറഞ്ഞാൽ വിഷ്ണുവിൻറെ രണ്ടവതാരങ്ങൾ ആണ് കേരളസമൂഹത്തിൻറെ നാശത്തിനു ഹേതു എന്നു കാണാം. മാനുഷരെയെല്ലാം ഒന്നു പോലെ കണ്ടു ഭരിച്ച മഹാബലിയെ നിഷ്കാസനം ചെയ്ത വാമനനും നമ്പൂതിരിമാരെയും കൊണ്ട് കേരളക്കരയിലേക്കെത്തിയ പരശുരാമനും ആണ് അവർ.




ലോകത്തിന് മുന്നിൽ കേരളത്തിൻറെ ഏറ്റവും വലിയ അഭിമാനം എന്നു പറയാവുന്ന ശങ്കരാചാര്യർ എന്ന അസാമാന്യ ധിഷണാശാലിയുടെ കഥ എന്താണ് ? വളരെ ചെറുപ്പത്തിൽ നാടു വിട്ട അദ്ദേഹം ഇന്നത്തെ അഫ്ഘാൻ മുതൽ ആസ്സാം വരെയും ഹിമാലയം മുതൽ കന്യാകുമാരി വരെയും അദ്വൈതവേദാന്തം അവതരിപ്പിച്ച അത്ഭുതപ്രതിഭയായിരുന്നു. അമ്മയുടെ മരണത്തിനാണ് പിന്നീട് അദ്ദേഹം കേരളത്തിൽ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തെ ബന്ധപ്പെടുത്തി എത്രയോ മണ്ടൻ കഥകളാണ് കേരളത്തിലെ ക്ഷേത്ര ഐതിഹ്യങ്ങളിൽ ഉള്ളത്. ശങ്കരസ്മൃതി എന്നപേരിൽ ഒരു അനാചാര പുസ്തകവും അദ്ദേഹത്തിൻറെ തലയിൽ വെച്ചു കൊടുത്തു. അതുകൊണ്ടു തന്നെ ഇന്ന് അദ്ദേഹത്തിൻറെ ജന്മസ്‌ഥലത്തുള്ള ഒരു എയർപോർട്ടിന് അദ്ദേഹത്തിൻറെ നാമം നൽകാൻ നമുക്കാകുന്നില്ല. നമ്പൂതിരിമാർ ചാർത്തിക്കൊടുത്ത കേരളത്തിലെ ജാതിവ്യവസ്‌ഥയുടെ പിതൃത്വം ആ മഹാനുഭാവനെ ഇന്ന് ദളിത്ചിന്തകരുടെ ശത്രുവാക്കിയിരിക്കുന്നു.  അവധൂതനായിരുന്ന നാറാണത്തു ഭ്രാന്തനെപ്പോലും വെറുതെ വിട്ടിട്ടില്ല. ഒരു പരശുരാമൻറെ കഥ കൊണ്ടു കേരളത്തിന്റെ മുഴുവൻ പട്ടയവും കരസ്‌ഥമാക്കാവുന്നവർക്ക് ഇതൊക്ക എന്ത്?





'മനുഷ്യജൻമം കിട്ടാൻ പ്രയാസമാണ്. അതിലും പ്രയാസമാണ് ബ്രാഹ്മണജന്മം കിട്ടാൻ. അതിൽത്തന്നെ ഏറ്റവും പ്രയാസമാണ് പുരുഷനായി ജനിക്കാൻ.'- പരമാത്മാവും ജീവാത്മാവും ഒന്നെന്ന് ലോകത്തെ പഠിപ്പിച്ച അദ്വൈത വേദാന്തിയുടെ പേരിൽ പ്രചരിച്ച ഒരു വാക്യമാണിത്.

കേരളത്തിൽ ഹിന്ദു കൂട്ടായ്മയ്ക്കായ് ശ്രമിക്കുന്നവർ ഈ ഭൂതകാലത്തെ പറ്റി മിണ്ടാറില്ല എന്നു മാത്രമല്ല അതിനെ വെള്ളപൂശാനും ശ്രമിക്കുന്നു. ഇപ്പറഞ്ഞ ചരിത്രമെല്ലാം മിഷനറിമാരും കമ്മ്യുണിസ്റ് ചരിത്രകാരന്മാരും ഉണ്ടാക്കിയതാണെന്ന് ധ്വനിപ്പിക്കുന്നു. ആ കാലഘട്ടത്തിൻറെ കൊടും ഭീകരതകൾ അനുഭവിച്ചിട്ടുള്ളവർ ദിനംപ്രതി കുറയുന്നതും കാര്യങ്ങൾ എളുപ്പമാക്കുന്നു.

1997 ൽ ഇറങ്ങി വൻവിജയം കൊയ്ത ആറാം തമ്പുരാൻ എന്ന ചിത്രം ചിന്തോദ്ദീപകമാണ്. മുടങ്ങിക്കിടക്കുന്ന ഉത്സവവും ബ്രാഹ്മണ്യവും ജ്യോതിഷവും തുടങ്ങി ഒരു ജനതയെ ആയിരം കൊല്ലത്തോളം ഇരുട്ടിലാഴ്ത്തിയ അന്ധവിശ്വാസങ്ങളെയും മാമൂലുകളെയും മഹത്വവത്കരിക്കുന്ന ചിത്രം നേടിയ വൻവിജയം കേരള ജനതയുടെ ഞെട്ടിക്കുന്ന ചരിത്രാന്ധതെയാണ് വെളിപ്പെടുത്തുന്നത്. ജാതിമതചിന്തകൾ മറന്ന് ജനതായൊട്ടാകെ ബ്രഹ്മണ്യത്തിനു കീഴിൽ വീണ്ടും സംഘടിക്കണമെന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.





കേരള മനസ്സിൽ കുടിയേറിയ ജാതി ചിന്ത നിഷ്കാസനം ചെയ്യുക എന്ന ഹിമാലയൻ ടാസ്കിലൂടെ മാത്രമേ ഹിന്ദു ഐക്യം സാധിക്കൂ. കേരളത്തിൽ നിലനിൽക്കുന്ന ജാതി ഹയർആർക്കി വെറും വിഡ്ഢിത്തമാണ് എന്നു മനസ്സിലാക്കിയാൽ മാത്രമേ അതു സാധ്യമാവൂ. അത് ഉടനെയെങ്ങും നടക്കുന്ന കാര്യമല്ല. ഒരു നായരെ സംബന്ധിച്ചിടത്തോളം അവൻറെ കുടുംബത്തിലെ ഒരു പെൺകുട്ടി ഒരു ക്രിസ്ത്യാനിയെയോ മുസ്ലീമിനേയോ കെട്ടുന്നതിലും അപമാനകരമാണ് ഒരു പുലയനെയോ പറയനെയോ കെട്ടുന്നത്. കീഴാളർ അശുദ്ധമാക്കിയ വസ്തുക്കൾ ശുദ്ധീകരിക്കാൻ ക്രിസ്ത്യാനികളെ ബഫർ ആയി ഉപയോഗിച്ചിരുന്നത് ചരിത്രത്തിലുണ്ടല്ലോ. ക്രിസ്ത്യൻ നായർ കൂട്ടായ്മയിലൂടെയാണ് കേരള കോൺഗ്രസ് രൂപീകൃതമായത്. സുകുമാരൻ നായർ പി ജെ കുര്യൻ, കെ എം മാണി വിഷയങ്ങളിൽ എടുത്ത നിലപാടുകളുടെ ചരിത്രപശ്ചാത്തലം ഇതാണ്.




ചരിത്രത്തിൻറെ നിരാസമല്ല അതിൻറെ സൂക്ഷ്മമായ പഠനവും അതിൽ നിന്ന് ഉൾക്കൊള്ളുന്ന പാഠങ്ങളും ആണ് ഒരു ജനതയെ മുന്നോട്ട് നയിക്കുക. ആദ്യം സൂചിപ്പിച്ചതുപോലെ ദുരഭിമാനമോ കുറ്റബോധമോ പ്രതികാരമോ ഒരു പ്രബുദ്ധ ജനതയുടെ ലക്ഷണങ്ങളല്ല. മാലോകരെല്ലാം ഒന്നു പോലെയാകുന്ന ഒരു കാലത്തേക്ക് കേരളം എത്തിച്ചേരുമോ?



അതോ ചെരിഞ്ഞ തോളും, ആമവാതം പിടിച്ചവൻറെ ചലനങ്ങളും, അടഞ്ഞ ശബ്ദവും (പാടുമ്പോൾ യേശുദാസാകും) ആയി ഒരു തമ്പുരാൻ നാടുവിട്ട നമ്പൂതിരിമാർ സാധാരണ കുടിയേറുന്ന ബോംബെ അധോലോകത്തു നിന്നും നമ്മെ രക്ഷിക്കാനായി എത്തുമോ ? കാത്തിരുന്നു കാണാം.